സ്ത്രീ വിവേചനത്തെപ്പറ്റി KCRM-ന്റെ
ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സെമിനാറില്‍ നമ്മുടെ സമൂഹത്തില്‍ ഇന്നുള്ള രണ്ടു
പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. ഒന്ന്: വേണ്ടതിലേറെ
സ്വത്തുണ്ടായിട്ടും മക്കളില്ലാത്ത വൃദ്ധദമ്പതികള്‍ വാര്‍ധക്യത്തില്‍
അനുഭവിക്കേണ്ടിവരുന്ന അനാഥാവസ്ഥയും അതിനെ ചൂഷണം ചെയ്ത് സ്വത്തു കൈക്കലാക്കാന്‍
ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതശ്രമങ്ങളും. രണ്ട്: വീട്ടിലെ
സാമ്പത്തികബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി മഠങ്ങളിലെത്തിയിട്ടുള്ളവര്‍ക്ക് എത്ര
ആഗ്രഹമുണ്ടെങ്കിലും അവിടെനിന്നു പുറത്തുവരാന്‍ അനുവദിക്കാത്ത നമ്മുടെ മനോഭാവം. ഈ
പ്രശ്‌നങ്ങള്‍ക്കുള്ള മൂലകാരണമെന്തെന്നും ക്രിസ്തീയപരിഹാരമെന്തെന്നും മനസ്സിലാക്കി
സൃഷ്ടിപരമായ ഒരു കര്‍മ്മപരിപാടി അടിയന്തിരമായി ആവിഷ്‌കരിക്കേണ്ടതുണ്ട് എന്നാണ്
എന്റെ അഭിപ്രായം.
ഇത്തരുണത്തില്‍ രണ്ടു
ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. എന്താണ് ക്രിസ്തീയത? ഈ പ്രശ്‌നങ്ങള്‍ക്കുള്ള ക്രിസ്തീയപരിഹാരം
എന്താണ്?
അസഹിഷ്ണുവും പ്രതികാരദാഹിയുമായ
യാഹ്‌വേയുടെ സ്ഥാനത്ത് ദുഷ്ടര്‍ക്കും ശിഷ്ടര്‍ക്കും ഒരുപോലെ മഴനല്കുന്ന, മനുഷ്യര്‍
അജ്ഞതമൂലം ചെയ്യുന്ന, തെറ്റുകളെല്ലാം നിരുപാധികം
പൊറുക്കുന്ന, പിതാവായ ദൈവത്തെ പ്രതിഷ്ഠിക്കുകയായിരുന്നു യേശു
ചെയ്തത്. ഒപ്പം ജാതിമതഭേദമെന്യേ എല്ലാ മനുഷ്യര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന
രണ്ടു പ്രമാണങ്ങളില്‍ പത്തു പ്രമാണങ്ങളെ സംഗ്രഹിക്കുകയും ചെയ്തു. ദൈവപരിപാലനയില്‍
വിശ്വാസമര്‍പ്പിക്കുക എന്നും തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക
എന്നുമുള്ള യേശുവിന്റെ അടിസ്ഥാന വിശ്വാസപ്രമാണത്തിന് അദ്ദേഹത്തിന്റെ പേരില്‍ ഉള്ള
സഭകളൊന്നുംതന്നെ ഊന്നല്‍ കൊടുക്കുന്നതായി നാം കാണുന്നില്ല. നാം മറക്കരുതാത്തത് ഇതു
മാത്രമാണ്: മുകളില്‍ പറഞ്ഞതുള്‍പ്പെടെ ലോകത്തിലുള്ള സകല പ്രശ്‌നങ്ങളുടെയും
മൂലകാരണം ഈ യഥാര്‍ഥ ക്രിസ്തീയതയുടെ അഭാവമാണ്. ഈ ക്രിസ്തീയത ഉള്‍ക്കൊള്ളാനായാല്‍
എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ക്രിസ്തീയപരിഹാരം അനായാസം കണ്ടെത്താനാവും.
(വര്‍ഷങ്ങള്‍ക്കുമുമ്പ് കേരള
ശാസ്ത്രസാഹിത്യ പരിഷത്ത് നടപ്പിലാക്കിയിരുന്ന ബാലോല്‍സവങ്ങളിലെ സഹവാസ ക്യാമ്പുകള്‍
ഓര്‍മ്മവരുന്നു. ഒരു ഗ്രാമത്തിലെ കുറെ കുട്ടികള്‍ മറ്റൊരു ഗ്രാമത്തിലെ കുറെ
കുട്ടികളെ സ്വന്തം വീടുകളില്‍ അതിഥികളായി സ്വീകരിച്ചുകൊണ്ടു നടത്തിയിരുന്ന ആ
പരിശീലന പരിപാടികള്‍ ഉളവാക്കിയ സാംസ്‌കാരികോദ്ഗ്രഥനംഅതില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കാര്‍ക്കും
വിസ്മരിക്കാനാവുമെന്നു തോന്നുന്നില്ല. അതിനു സമാനമായ അനുഭവമായിരിക്കും താഴെപ്പറയുന്നതുപോലെ
ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കുണ്ടാവുക.)
ആദ്യം പറഞ്ഞ രണ്ടു പ്രശ്‌നങ്ങളും
നമുക്കൊന്നു കൂട്ടിവായിച്ചു നോക്കാം. മക്കളുടെ ശുശ്രൂഷയും പരിചരണവും തീവ്രമായി
ആഗ്രഹിക്കുന്ന മക്കളില്ലാത്ത വൃദ്ധദമ്പതികള്‍ക്ക് മഠം വിടാനാഗ്രഹിക്കുന്ന
കന്യാസ്ത്രീകളെ ദത്തെടുത്തുകൂടേ? മാതാപിതാക്കളൊന്നും കൂടെയില്ലാതെ വലിയ വീടുകളില്‍
താമസിക്കുന്ന യുവാക്കളോ മധ്യവയ്‌സ്‌കരോ ആയ ദമ്പതികള്‍ക്ക് സ്വന്തം വീടുകളിലേക്ക് അനാഥാവസ്ഥയിലുള്ള
വൃദ്ധദമ്പതികളെ ദത്തെടുത്തുകൂടേ? വൃദ്ധരുമായുള്ള സഹവാസം
വഴി അവരുടെ മക്കള്‍ക്ക് എന്തെന്തു സാംസ്‌കാരികപൈതൃകങ്ങളാണ് ലഭ്യമാകാനിടയുള്ളത്?
ഇങ്ങനെയൊന്നും ചിന്തിക്കാന്‍ നമുക്ക് എന്തുകൊണ്ടാണ് കഴിയാത്തത്?
യഥാര്‍ഥമായ ക്രിസ്തീയത പ്രചരിപ്പിക്കാന്‍ ഇങ്ങനെയുള്ള
കൂട്ടായ്മകള്‍ക്കു സാധിക്കുന്നതുപോലെ മറ്റൊന്നിനും സാധിക്കുകയില്ല എന്നതല്ലേ
വസ്തുത?
"ഇങ്ങനെയൊന്നും ചിന്തിക്കാന്‍ നമുക്ക് എന്തുകൊണ്ടാണ് കഴിയാത്തത്?"
ReplyDeleteചിന്തിക്കാന്‍ കഴിയും, എന്നാല്‍ അതിനനുസരണം പ്രവര്‍ത്തിക്കാനാണ് കഴിയാത്തത്. നമ്മുടെ നാട്ടില്‍ എന്തെങ്കിലും നടക്കണമെങ്കില്‍ ഒരു ദുരന്തം അനിവാര്യമാണെന്ന ശൈലിക്ക് ഒരു മാറ്റം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഒരു ഫലിതസാമ്രാട്ട് കൊടുത്ത ഉത്തരം ഇങ്ങനെ: പ്രതീക്ഷിക്കാം. നടക്കുന്നതെല്ലാം ദുരന്തം മാത്രമാകാം. നമ്മുടെ നാട്ടില്‍ എന്നിടത്തു കത്തോലിക്കാ സഭ എന്ന് മാറ്റിപ്പറഞ്ഞാലും അതില്‍ കാര്യമുണ്ട് എന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. വന്നു വന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടത്തുന്നത് അധികാരശ്രേണിയുടെ തലപ്പത്തുള്ളവരാണെന്നതുപോലെ തന്നെയല്ലേ സഭയിലെ ഇപ്പോഴത്തെ സ്ഥിതിയും?
എന്നുവച്ച്, ഒന്നും സാദ്ധ്യമല്ലെന്നാണോ? ഒരിക്കലുമല്ല. ആരോരുമില്ലാത്ത വൃദ്ധരെ പരിപാലിക്കാന്‍ മഠം വിട്ടുപോരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ സജ്ജമാക്കുന്ന ഒരു പദ്ധതി ചിന്തനീയമാണ്. അതിനായി സ്ഥലവും പണവും നല്‍കാന്‍ ആളുണ്ടാവുകയും പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ സജീവമാകുകയും ചെയ്യുമെങ്കില്‍ വളരെയധികം ആളുകളുടെ ജീവിതം സുരക്ഷിതവും അര്‍ത്ഥവത്തുമാക്കാന്‍ കെ.സി.ആര്‍.എം. പോലുള്ള ഒരു ചെറിയ പ്രസ്ഥാനത്തിനു പോലും ഒരു തുടക്കം കുറിക്കാം. ഈ ശുഭപ്രതീക്ഷ കെട്ടണഞ്ഞു പോകാതിരിക്കട്ടെ.
പൂച്ചക്കാര് മണികെട്ടും
ReplyDeleteശ്രീ.ജോസാന്റണിയുടെ ചിന്തകളെ ക്രിയാത്മകം എന്നുതന്നെ വിശേഷിപ്പിക്കാന്‍ സന്തോഷമുണ്ട്. 'ചൊല്ലിക്കൊട്,തല്ലിക്കൊട്,തള്ളിക്കള' എന്ന പ്രമാണം അനുസരിച്ച് കുറച്ചുകാലമായി അത്മായശബ്ദത്തിലൂടെ, ഇന്ന് നടമാടുന്ന നിരവധി അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. വളരെപ്പേര്‍ അവ മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്തു. അധികമായാല്‍ അമൃത് പോലും വിഷമായി ഭവിക്കും എന്നാണല്ലോ. അതുകൊണ്ട് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള ഒരാഹ്വാനം പോലെ ജോസാന്റണിയുടെ ചിന്തകളെ കാണണം.
'തല്ലിക്കൊട് 'എന്നാല്‍ ക്രിയാത്മക മാതൃക എന്ന് മനസ്സിലാക്കിയാല്‍ ഈ നൂതന ചിന്തകള്‍ നമ്മുടെ തലയിലും കൂടുകൂട്ടും. വെറുതെയിരുന്ന് കുറ്റം പറയുന്നതുപോലെ എളുപ്പമല്ല ഇത്തരം കാര്യങ്ങല്‍ നടപ്പാക്കുന്നത്.
സമൂഹത്തില്‍ ദൂരവ്യാപകമായ അനുരണനങ്ങള്‍ സൃഷ്ടിക്കാവുന്ന ഇത്തരം സംരംഭങ്ങളുടെ പ്രയോക്താക്കളായി മാറാന്‍ KCRM ന് കഴിയട്ടെ
In my panchaayath, I'm ready to give the needed land for a building for this purpose,when the auspicious time arrives. Until then I'd prefer to remain anonymous.
ReplyDeleteഎനിക്കു മനസ്സിലായിടത്തോളം ജോസാന്റണിയുടെ കുറിപ്പ് നല്ല ക്രിസ്ത്യാനികള്‍ക്ക് വ്യക്തിതലത്തില്‍ ഏറ്റെടുത്തു ചെയ്യാവുന്ന ചില കാര്യങ്ങളെപ്പറ്റിയായിരുന്നു. അതിനെ സംഘടനാതലത്തില്‍ ഏറ്റെടുത്തു നടപ്പിലാക്കേണ്ട പ്രശ്‌നപരിഹാരമായി കണ്ടു നടത്തിയ കമന്റുകള്‍ തെറ്റിദ്ധാരണാജനകമല്ലേ? കരിസ്മാറ്റിക് ധ്യാനങ്ങളുടെ സ്വാധീനത്തില്‍ വ്യക്തിപരമായി ദരിദ്രരും അവഗണിതരുമായ മാറാരോഗികളെയോ മനോരോഗികളെയോ സ്വന്തം വീട്ടില്‍ പാര്‍പ്പിച്ചുകൊണ്ട് അനേകം അല്മായര്‍ ശുശ്രൂഷാമനോഭാവത്തോടെ തുടങ്ങിയ നിരവധി സംരംഭങ്ങള്‍ കേരളത്തിലിന്നുണ്ട്. പാലായിലെ മരിയസദന്‍ ഒരു ഉത്തമോദാഹരണമാണ്. അതിനെക്കാള്‍ പരസ്പരസഹായ സ്വഭാവമുള്ളതും സഹാനുഭൂതിയും നീതിബോധവും ഉള്ള ആര്‍ക്കും അനായാസം നടപ്പിലാക്കാവുന്നതുമായ ഒരു സംരംഭമാണ് ജോസാന്റണി വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇന്ന് എത്രയോ വീടുകള്‍ മക്കള്‍ വിദേശത്തായതിനാല്‍ അടച്ചു പൂട്ടപ്പെട്ടും തങ്ങളര്‍ഹിക്കുന്ന ശുശ്രൂഷ കിട്ടാതെ കഴിയുന്ന വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന നിലയിലുമുണ്ടെന്ന് കണ്ണു തുറന്നു നോക്കിയാല്‍ ആര്‍ക്കും കാണാനാവും. പല വീടുകളിലെയും വൃദ്ധമാതാപിതാക്കള്‍ നിവൃത്തികേടിന്റെ പേരില്‍ മാത്രം വിദേശങ്ങളില്‍, അവിടുത്തെ കാലാവസ്ഥയും സാംസ്‌കാരികപശ്ചാത്തലവും ഒന്നും ഉള്‍ക്കൊള്ളാനാവാതെയാണ് കഴിയുന്നത്. ഇതെല്ലാം വലിയ ഗവേഷണമൊന്നും നടത്താതെതന്നെ നമുക്കു മനസ്സിലാക്കാന്‍ കഴിയും. ഇതിന്റെയെല്ലാം കാരണം യേശു സംഗ്രഹിച്ചു പറഞ്ഞ രണ്ടു കല്പനകള്‍ ഗ്രഹിക്കാന്‍ ഇവിടുത്തെ ക്രിസ്തീയനാമധാരികള്‍ക്കൊന്നും കഴിയാത്തതാണെന്ന് എത്ര വ്യക്തമായാണ് ജോസാന്റണി എഴുതിയിരിക്കുന്നത്. ഇതൊക്കെ കണ്ടിട്ടും കാണാതെയും കേട്ടിട്ടും കേള്‍ക്കാതെയും പോകുന്നതിനെയും അക്രൈസ്തവത്വം എന്നല്ലേ വിളിക്കേണ്ടത്?
ReplyDelete