‘ഒത്തിരി സന്തോഷമുണ്ട്, ഇപ്പോഴത്തെ അത്മായശബ്ദം കാണാന്‍, അറിയിക്കാനും അറിയാനും ധാരാളം’. പലരും വിളിച്ചും എഴുതിയും നേരിട്ടും ഇതിന്‍റെ
പ്രവര്‍ത്തകരെ അറിയിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്. വായനക്കാരുടെ എണ്ണത്തില്‍
കുറഞ്ഞോരു കാലംകൊണ്ട് വന്ന വലിയ തോതിലുള്ള വര്‍ദ്ധന ഇത് സത്യമാണെന്ന്
തെളിയിക്കുകയും ചെയ്യുന്നു. സഭയുടെ ഉള്ളില്‍ വിശ്വാസികളുടെ നേരേ നടക്കുന്ന
അതിക്രമങ്ങൾക്കെതിരെ KCRM പ്രവര്‍ത്തകര്‍ പരിച ഉയര്‍ത്തിയപ്പോള്‍ ഇതുപോലൊരു
പിന്തുണ ഇതിന്‍റെ. പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചില്ലായെന്നാണ് അവരുടെ വാക്കുകള്‍
സൂചിപ്പിക്കുന്നത്. ഒരു ബ്ലോഗ് അതിവേഗം സത്യജ്വാലയായി മാറിയതിന്‍റെ കാരണം
മറ്റൊന്നല്ല. സഭ എന്നാൽ വെറുമൊരു മരാമത്ത്പ്രസ്ഥാനമല്ല അത് പരിശുദ്ധാത്മാവിന്‍റെ
ബലത്തിലാണ് നിലനില്‍ക്കുന്നതെന്ന
ചിന്തയോടെ വേണം എല്ലാവരും പ്രവര്‍ത്തിക്കാനെന്നും, വിവിധ
ആവശ്യങ്ങള്‍ക്ക് വേണ്ടി അരികിലെത്തുന്ന വിശ്വാസികളെ ആരും പ്രോട്ടോക്കോള്‍
പഠിപ്പിക്കേണ്ടെന്നും, വിശ്വാസികളുടെ സ്ഥാനം ചപ്പിന്റേതല്ലെന്നും, എട്ടാമത് ഒരു കൂദാശ ഉണ്ടാക്കാന്‍
പരിശുദ്ധാത്മാവിനെ നിര്‍ബന്ധിക്കരുതെന്നുമൊക്കെ മറകൂടാതെ ആവശ്യപ്പെട്ട മഹാനായാ
ഫ്രാന്‍സിസ് മാര്‍പ്പാപ്പാ തലപ്പത്തുള്ളപ്പോള്‍ നാം ആരെയും ഭയപ്പെടെണ്ടതുമില്ല.
നമ്മുടെ ആവശ്യങ്ങളും അത് തന്നെയാണ്.
ഇന്ന് ലോകമാകെ സീറോ മലബാര്‍ അത്മായര്‍
അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നു. അവര്‍ക്കെല്ലാം താങ്ങാവാന്‍
നിശ്ചയിച്ചുറച്ചു വേദിയിലെത്തിയിരിക്കുന്ന KCRM പ്രവര്‍ത്തകര്‍, സഭയിലെ
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്കൊപ്പം
ഉണ്ടാവുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. അത്മായ സംഘടനകളുടെ ഈ വളര്‍ച്ചക്ക് ഗതിവേഗം
കൂട്ടാന്‍ നമ്മുടെ ബ്ലോഗ് കുറേക്കൂടി അണിഞ്ഞൊരുങ്ങേണ്ടതുണ്ടെന്നുള്ള അഭിപ്രായവും
ശക്തമാണ്. നിലവാരമുള്ള ലേഖനങ്ങള്‍ എഴുതാന്‍ ശേഷിയുള്ള എഴുത്തുകാര്‍
ഒപ്പമുണ്ടെന്നുള്ളതാണ് വായനക്കാരില്‍ ഈ ആത്മവിശ്വാസം ഉണ്ടാകാന്‍ കാരണം.
അനോനിമസുകളെ പൂര്‍ണ്ണമായി ഒഴിവാക്കിയത് നല്ലൊരു തുടക്കം ആയിരുന്നുവെന്ന് നിസ്സംശയം
പറയാം.
അല്മായാ
ശബ്ദത്തിലെ പോസ്ടുകളെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് ഞാന്‍
ചില നിര്‍ദ്ദേശങ്ങള്‍ വെയ്ക്കുന്നു. ലേഖനങ്ങളുടെ
നിലവാരം ഇനിയും വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു ബഹിരാകാശ വാഹനത്തിന്‍റെ
സ്ക്രൂ ഉറപ്പിക്കുന്ന ഗൌരവത്തോടെ ഓരോ വാക്കും പ്രയോഗിക്കണം എന്ന് തന്നെയാണ്
ഉദ്ദേശിക്കുന്നത്. അലക്ഷ്യമായി എഴുതിക്കൂട്ടേണ്ടതല്ല പോസ്റ്റുകളും കമെന്റുകളും.
നമ്മുടെ മുമ്പിലുള്ളത് വ്യക്തികളല്ല, ഗര്‍വ്വുബാധിച്ച, സുബോധം നശിച്ച ഒരു വര്‍ഗ്ഗം തന്നെയാണ്. അവര്‍ ഒരു
ശതമാനത്തില്‍ താഴെയേ വരൂവെന്നതുകൊണ്ട് നാം ലാഘവബുദ്ധിയോടെ കാര്യങ്ങള്‍ എടുക്കരുത്.
വസ്തുതകളെ മുന്‍വിധിയില്ലാതെ വിലയിരുത്താനും അതിന്റെ എല്ലാ വശങ്ങളും പഠിക്കാനും ഈ
ബ്ലോഗിലെ എഴുത്തുകാര്‍ക്ക് കഴിയണം. സമയാസമയങ്ങളില്‍ വേണ്ട
തീരുമാനം മുഖം നോക്കാതെ എടുക്കാന്‍ ഇതിന്‍റെ അഡ്മിനും കഴിയണം.
എഴുതുന്ന ഓരോരുത്തരും ഉത്തരവാദിത്വത്തോടെ ഈ
ദൌത്യം ഏറ്റെടുത്താലേ നമ്മോടൊപ്പം നില്‍ക്കുന്ന, എന്നാല്‍
പരസ്യമായി രംഗത്ത് വരാന്‍ കഴിയില്ലാത്ത അഭിഷിക്തര്‍ക്കും ഈ യുദ്ധത്തില്‍
നമ്മോടൊപ്പം പങ്കുചേരാനാവൂ. എന്‍റെ എളിയ അഭിപ്രായത്തിൽ, താഴെപ്പറയുന്ന കാര്യങ്ങളിൽ ഓരോ എഴുത്തുകാരനും/
എഴുത്തുകാരിയും നിർബന്ധബുദ്ധ്യാ നിഷ്ഠപാലിക്കണം. നമ്മുടെ മുമ്പില്‍ വ്യക്തി
താത്പര്യങ്ങള്‍ ഉണ്ടാവാനേ പാടില്ല. എഴുതാന്‍ അറിയുന്നവര്‍ എഴുതുക, അല്ലാത്തവര്‍
അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ അഡ്മിനിസ്ട്രെടരെ അറിയിക്കുക.
1. വിഷയം – പോസ്റ്റായി അവതരിപ്പിക്കുന്ന വിഷയം ഗൌരവമുള്ളതായിരിക്കണം.
നോര്‍മൽ സൈസില്‍, കറുത്ത
അക്ഷരങ്ങളില്‍, ഖണ്ഡികകള്‍ തിരിച്ച്, തെളിവുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ യുക്തിപൂര്‍വ്വം അവതരിപ്പിക്കപ്പെടുന്ന പോസ്റ്റുകളാണ് കൂടുതലും
വായിക്കപ്പെടുന്നതെന്ന് ഓർക്കുക. കമെന്റുകളില്‍ ഉണ്ടാവുന്ന അക്ഷര/വ്യാകരണ പിശകുകള്‍
പോസ്റ്റുകളില്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടണം. കമെന്റുകളും ഒരു ധൃതിക്ക് അങ്ങിടാതെ, നന്നായി എഡിറ്റു ചെയ്തുവേണം പ്രസിദ്ധീകരിക്കാൻ.
ഇവയൊക്കെ മറ്റു നിരവധി ആഗോളലിങ്കുകളിലേക്ക്
പോവുന്നതുകൊണ്ടും കൂടിയാണ് ഈ ശ്രദ്ധ വേണമെന്ന് പറയുന്നത്.
2.
സ്റ്റൈൽ - ഇത് ഓരോ എഴുത്തുകാരനും സ്വന്തമായിട്ടുള്ളതാണ്, ഇവിടെ അതിലൊരു വ്യതിയാനം നിര്‍ദ്ദേശിക്കാനാവില്ല.
പക്ഷേ, എഴുതുന്ന കാര്യങ്ങള്‍ ലളിതമായിരിക്കണം, വായനക്കാര്‍ക്ക് മനസ്സിലാക്കാവുന്നതുമായിരിക്കണം. അതുപോലെ തന്നെ പ്രധാനമാണ് ശ്രദ്ധേയമായ വസ്തുതകള്‍ അതില്‍ കാണണം
എന്നതും. ഏകതാനവും വിരസവുമായ
എഴുത്തുരീതികൾ നല്ല വിഷയങ്ങളിൽ നിന്നുപോലും വായനക്കാരെ അകറ്റുന്നു എന്നത് ഒരു
സത്യമാണ്.
3.
ഭാഷ - ഉപയോഗിക്കുന്ന ഭാഷയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ
വേണമെന്നാണ് എന്‍റെ അഭിപ്രായം. ഒഴിവാക്കാന്‍ പറ്റാത്ത അവസരങ്ങളിൽ മാത്രമേ
വ്യക്തികള്‍ പരാമര്ശിക്കപ്പെടാവൂ എന്നത് മാത്രമല്ല, ഒരാരോപണവും
കേട്ടറിവിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കുകയുമരുത്. ഉപയോഗിക്കുന്ന വാക്കുകള്‍
സഭ്യവും മാന്യവുമായിരിക്കണം. വാദഗതികളുടെ മൂര്‍ച്ച കുറക്കണമെന്നോ കൂട്ടണമെന്നോ
അല്ല ഉദ്ദേശിക്കുന്നത്.
4.
സന്ദർഭം – വളരെയേറെ പോസ്റ്റുകള്‍ അത്മായശബ്ദത്തില്‍
വരുന്നുണ്ട്. അവ ഒന്നിന് പിന്നാലെ ഒന്നായി അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നാല്‍
ഒന്നും ഏറെ ശ്രദ്ധിക്കപ്പെടാന്‍ ഇടയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ എഴുത്തുകാര്‍
ആത്മസംയമനം പാലിക്കുക. അതുപോലെ സന്ദര്‍ഭത്തിനനുസരിച്ചുള്ള വിഷയങ്ങള്‍ മാത്രം പോസ്റ്റ്
ചെയ്യപ്പെടുവാനും വഴിയൊരുക്കുക. പഴകിയതും അത്ര പ്രസക്തിയില്ലാത്തതുമായ പോസ്റ്റുകള്‍
ആവശ്യം കഴിയുമ്പോൾ ബ്ലോഗിന്‍റെ ഹോം പേജില്‍നിന്ന് എഴുതിയ ആൾതന്നെ
ഡിലീറ്റ് ചെയ്യുകയോ അതിനായി അട്മിനിസ്ട്രെറ്ററുടെ ഉപദേശം തേടുകയോ ചെയ്യാം.
ആവശ്യാനുസരണം അട്മിനിസ്ട്രെറ്റർ തന്നെ ഈ
കടമ നിർവഹിക്കേണ്ടതായും വരും. KCRM നിര്‍ദ്ദേശിക്കുന്ന
മാനദണ്ഡങ്ങള്‍ക്ക് ചേരാത്ത ഏതു പോസ്റ്റും അപ്പോള്‍ തന്നെ അഡ്മിന്‍ ഡിലിറ്റ്
ചെയ്തിരിക്കണം. അത് തീരുമാനിക്കാനുള്ള അവകാശം എഴുത്തുകാര്‍ ഇതിന്‍റെ ഭാരവാഹികള്‍ക്ക്
നല്‍കുകയും വേണം.
5.
അപരനാമങ്ങളിലും
അജ്ഞാതപരിവേഷത്തിലും ആരും എഴുതേണ്ടതില്ല,
അത് അഡ്മിന്‍ പ്രോല്സാഹിപ്പിക്കയുമാരുത്. അങ്ങിനെയുളള പേരുകള്‍ ഉടന്‍ തന്നെ
ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യുക. എഴുതുന്നവരുടെ ഇ മെയില്‍ വിലാസം പോസ്ടിനോടും,
കമെന്റിനോടും ചേര്‍ത്തു കൊടുക്കാനും ശ്രദ്ധിക്കുക. കമ്പ്യൂട്ടറിൽ എഴുതാൻ സൌകര്യമോ സമയമോ പരിചയമോ ഇല്ലാത്തവർ
കൈയെഴുത്ത് അയച്ചുകൊടുത്തും സഹകരിക്കുക.
വ്യത്യസ്ഥ
ചിന്താഗതിയുള്ളവർ പങ്കുവയ്ക്കുന്ന ആശയങ്ങളാണ് ഈ ബ്ലോഗിനെ
സമ്പന്നമാക്കുന്നത് എന്ന കാര്യം വായനക്കാരും എഴുത്തുകാരും മറക്കരുത്. വീണു കിട്ടുന്ന
നുറുങ്ങു സമയം പോലും അല്മായാ ശബ്ദത്തിന് വേണ്ടി പല എഴുത്തുകാരും മാറ്റി
വെയ്ക്കുന്നുവെന്നും ആരും മറക്കരുത്. ആവേശം പ്രകടിപ്പിക്കാനുള്ള വേദിയായി
എടുക്കാതെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരവസരമായി എല്ലാവരും ഇതിനെ എടുക്കുക. അല്‍മായരുടെ
മുന്നേറ്റത്തിനു പൊതു ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ആവേശകരമായ പിന്തുണ അധികാരികളെ
വിരളി പിടിപ്പിക്കുന്നുവെന്നു സ്പഷ്ടം. അജപാലന രംഗത്ത് വന്നിരിക്കുന്ന പാളിച്ചകള്‍
ബോധവത്കരണത്തിലൂടെ പരിഹരിക്കുകയെന്ന നിര്‍ദ്ദേശം മെത്രാന്‍ സിനഡില്‍ വന്നതിന്‍റെ പശ്ചാത്തലത്തിലാണ്
ലോകമെങ്ങുമുള്ള സീറോ മലബാര്‍ ഇടവകകളില്‍ മാതാപിതാക്കന്മാര്‍ക്ക് പ്രത്യേക പരിശീലനം
ഇപ്പോള്‍ കൊടുക്കുന്നത്. ക്യാന്‍സറിനെ പ്ലാസ്ടര്‍ കൊണ്ട് നേരിടുന്നതുപോലെയെ
ഇതുള്ളൂവെന്നു അധികാരികള്‍ താമസിയാതെ അറിയും. ഇയ്യിടെ ഒരു മെത്രാന്‍റെ നേതൃത്വത്തില്‍
തയ്യാറാക്കി സിനഡില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലും അടുത്ത കാലങ്ങളിലായി
വിശ്വാസികളിലുണ്ടായിട്ടുള്ള വ്യാപകമായ മരവിപ്പ് പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. ആചരിച്ചത് വിശ്വാസ വര്ഷം, പക്ഷേ വളര്‍ന്നത് അവിശ്വാസികളുടെ എണ്ണം! വിരോധാഭാസങ്ങളുടെ പരമ്പര തുടങ്ങിയിട്ടേയുള്ളൂ. ഇതൊന്നും
സാരമില്ലായെന്നു ചിന്തിക്കുന്നത് മെത്രാന്മാര്‍ മാത്രമാണ്. പള്ളി തങ്ങള്‍ക്കും
കൂടി അവകാശപ്പെട്ടതാണെന്ന ചിന്തതന്നെ വിശ്വാസികളില്‍ നിന്ന് മറഞ്ഞു
കഴിഞ്ഞിരിക്കുന്നു. വിദേശ ഫണ്ട് സമാഹരണത്തിലും ശ്രദ്ധെയമായ മങ്ങല്‍ അനുഭവപ്പെട്ടുവെന്ന് തെണ്ടല്‍ വൃത്തങ്ങളും സമ്മതിക്കുന്നു. സഭയുടെ വളര്‍ച്ച നേരായ ദിശയില്‍ ആകുവാന്‍ ഇനിയും ഏറെ മൈലുകള്‍ നാം
പോവേണ്ടതുണ്ട്. അത് പരമമായ ലക്ഷ്യമായി എടുക്കുമ്പോള്‍ അലിഞ്ഞു പോവാനുള്ളതല്ലെയുള്ളൂ
കൊച്ചു കൊച്ചു വ്യക്തിഗത പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും. നമുക്ക് ഗുരുവിനോടൊപ്പം മുന്നേറാം പരമമായ സത്യത്തിലേക്കും സ്വാതന്ത്ര്യത്തിലെക്കും. നമ്മുടെ മാര്‍ഗ്ഗം നേരും നെറിയും നിറഞ്ഞതുമായിരിക്കട്ടെ!
jmattappally@gmail.com