| ||
ഷിക്കാഗോ: ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്ത്തില്‍ ഒരു മുഴുദിന സമ്മേളനവും സെമിനാറും ഓഗസ്റ്റ് 3 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്നതാണ്. ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്ന പ്രസ്തുത സമ്മേളനത്തില്‍ ആഗോള കാത്തോലിക്കാ സഭയ്‌ക്കൊപ്പം സീറോ മലബാര്‍ സഭയും, ക്‌നാനായ സമുദായവും അഭിമുഖീകരിയ്ക്കുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നുമെത്തുന്ന സംഘടനയുടെ പ്രതിനിധികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമൊപ്പം സീറോ മലബാര്‍ സഭയുടെ അദ്ധ്യാത്മിക നേതൃത്വത്തിലും ആത്മായ നേതൃത്വത്തിലും ഉള്‍പ്പെടുന്ന നിരവധി പ്രമുഖ വ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.രാവിലെ 9.30ന് വിശ്വാസവും പാരമ്പര്യവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന സെമിനാറുകൂടി സമ്മേളനം ആരംഭിയ്ക്കും. പ്രമുഖ സഭാ ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ചാക്കോ കളരിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്യും. പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനും, ജേര്‍ണലിസ്റ്റുമായ ഡോ.ജെയിംസ് കോട്ടൂര്‍ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കും.ലഞ്ചിന് ശേഷം നടത്തപ്പെടുന്ന തുറന്ന ചര്‍ച്ചയില്‍ അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് മിഷനുകളിലെ അംഗത്വത്തെ ചൊല്ലി തുടരുന്ന തര്‍ക്കത്തെക്കുറിച്ചും, ഈ വിഷയത്തില്‍ വത്തിക്കാന്‍ അധികൃതരും, സെന്റ് തോമസ് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും സ്വീകരിച്ചിട്ടുള്ള ഉറച്ച തത്വാധിഷ്ഠിത നിലപാട് നടപ്പില്‍ വരുത്തുവാന്‍ വേണ്ടിയ ക്രിയാത്മക മാര്‍ഗ്ഗങ്ങളെക്കുറിച്ചും പ്രതിനിധികള്‍ ഗൗരവകരമായി ചര്‍ച്ച ചെയ്യും. കത്തോലിക്കാ സഭ നിലകൊള്ളുന്ന അടിസ്ഥാന തത്വങ്ങളായ സത്യം, സ്‌നേഹം, നീതി, സമത്വം, സാഹോദര്യം എന്നിവയുടെ സാക്ഷാത്ക്കാരത്തിനായി കാനാ എക്കാലവും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോള സഭയിലും, പൊതുസമൂഹത്തിലും, ക്‌നാനായ സമുദായത്തിലും വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയുടെയും അംഗീകാരത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. ദേശീയ തലത്തിലേയ്ക്ക് വ്യാപിപ്പിയ്ക്കപ്പെടുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തരായ പുതിയ നേതൃത്വത്തേയും ഈ സമ്മേളനത്തില്‍ തിരഞ്ഞെടുക്കും. 'സഭയുടെ നവീകരണം കാലഘട്ടത്തിന്റെ ആവശ്യം' എന്നു പ്രഖ്യാപിച്ച ഫ്രാന്‍സീസ് പാപ്പായുടെ ആഹ്വാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിയ്ക്കാനും സഭയും സമുദായവും തമ്മിലുള്ള അനന്തരം മനസ്സിലാക്കി വിശ്വാസ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയിലേയ്ക്ക് നയിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി ഈ സെമിനാറും സമ്മേളനവും വന്‍വിജയമാക്കി തീര്‍ക്കുവാന്‍ വടക്കെ അമേരിക്കയിലും കാനാഡായിലുമുള്ള എല്ലാ ക്‌നാനായ സഹോദരങ്ങളേയും ക്രിസ്തുമത വിശ്വാസികളേയും, അഭ്യുദയകാംക്ഷികളേയും സാദരം ക്ഷണിച്ചു കൊള്ളുന്നതായും കാനാ പ്രസിഡന്റ് സാലു കാലായില്‍ അറിയിച്ചു. |
Translate
Tuesday, July 16, 2013
കാനാ, സമ്മേളനവും സെമിനാറും ഷിക്കാഗോയില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment