Translate
Friday, July 19, 2013
ലളിതജീവിതം ആദ്ധ്യാത്മികതയിലൂടെ
ശ്രീ മറ്റപ്പള്ളിയും സാക്കും ധ്യാനത്തിന്റെ ആവശ്യകതയെപ്പറ്റി അല്മായശബ്ദത്തിൽ പലപ്പോഴും എഴുതാറുണ്ട്. വിശ്വതത്ത്വചിന്തകരും ഇങ്ങനെ തന്നെയായിരുന്നു പറഞ്ഞിരുന്നത്. പതിനെട്ടാംനൂറ്റാണ്ടിലെ തത്ത്വചിന്തകനായ തോറോ, ബൈബിളിലെ മാർത്തായുടെയും മേരിയുടെയും കഥയെ സംഗ്രഹിച്ചിരിക്കുന്നതും മഹത്തായ ഈ ആശയത്തെ കേന്ദ്രീകരിച്ചാണ്. യേശു ഈ സഹോദരികളുടെ ഭവനത്തിൽ വന്നപ്പോൾ മാർത്താ അവനായി ഭക്ഷണം പാകം ചെയ്യുകയും വീട്ടുജോലികൾ ചെയ്യുകയുമായിരുന്നു. ഒന്നും സഹായിക്കാതെ, ജോലി ഒന്നും ചെയ്യാതെ നടക്കുന്ന അവളുടെ സഹോദരി മേരിയിൽ മാർത്താ അതൃപ്തയായിരുന്നു. എന്നാൽ മേരി അഥിതിയായി വന്നിരിക്കുന്ന യേശുവിനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. മാർത്താക്ക് പിന്നീട് സ്വയം നിയന്ത്രിക്കാൻ സാധിച്ചില്ല. മേരിയിൽ അമർഷം പൂണ്ട് വികാരങ്ങൾ അമർത്തിപ്പിടിച്ചുകൊണ്ട് വിരുന്നിനായി വന്ന യേശുവിനോട് അവൾ ഇങ്ങനെ പരാതിപ്പെട്ടു. "നാഥാ അവൾ ഒരു ജോലിയും ഇവിടെ ചെയ്തില്ല. ക്ഷണിക്കപ്പെട്ട വിരുന്നുകാരനായ അങ്ങയെ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യേശുവിന്റെ മറുപടി മാർത്തായെ അതിശയിപ്പിച്ചു. മാർത്തായുടെ വാദഗതികൾക്കൊന്നും യേശു വിലകൽപ്പിച്ചില്ല. യേശു പറഞ്ഞു, " മാർത്താ മാർത്താ നൂറായിരം കാര്യങ്ങളുമായി നിന്റെ മനസ് പതറിയിരിക്കുന്നു. നിനക്ക് ആവശ്യമായത് ഒന്നു മാത്രം. മേരി നന്മയുടെ ഭാഗം തെരഞ്ഞെടുത്തു. എനിക്ക് അവളിൽനിന്ന് അത് എടുക്കപ്പെടാൻ സാധിക്കുകയില്ല."
ഇവിടെ മാർത്തായെ കർമ്മനിരതയായും മേരിയെ ധ്യാനിക്കുന്നവളായും കാണുന്നു. യേശു അന്ന് മാർത്തായോട് പറഞ്ഞത് അധ്യാത്മിക ധ്യാനത്തെപ്പറ്റിയായിരുന്നു. തത്ത്വചിന്തകനായ തോറോ മേരിയുടെ നന്മയെ എതിർക്കുന്നില്ല. അതെസമയം കർമ്മത്തിൽ വിശ്വസിച്ചിരുന്ന മാർത്തായുടെ നന്മകളെയും കണ്ടെത്തുന്നുണ്ട്. ഇവിടെ കർമ്മവും ധ്യാനവും എന്നീ തത്ത്വചിന്തകളിൽ ചിന്താകുഴപ്പം ഉണ്ടാക്കുന്നുണ്ട്. ബൌദ്ധികതലങ്ങളിൽ ഉയരാനും ആത്മാവിനെ സമ്പുഷ്ടമാക്കുവാനും ധ്യാനം ഊർജം നൽകുമെന്ന് യേശു പഠിപ്പിച്ചെന്നും അനുമാനിക്കണം.
ലളിതജീവിതമെന്ന് പറയുന്നത് കിഴക്കിന്റെ തത്വമാണ്. ഇതൊന്നും പടിഞ്ഞാറുള്ളവർക്ക് മനസിലാവുകയില്ല. യോഗായും ചെറിയ മുറിയിൽ ഒതുങ്ങി താമസിക്കലും ദീപം അണച്ച് ഏകാന്തമായ ധ്യാനവും പ്രാർഥനയും ലളിതമായ ഭക്ഷണവും നല്ല സംസാരവും ഭാരതസംസ്ക്കാരത്തിൽനിന്ന് ഉടലെടുത്തതാണ്. ഊർജം ലാഭിക്കാൻ ചൂടുവെള്ളത്തിനുപകരം തണുപ്പുവെള്ളത്തിൽ കുളിക്കുക, ലളിതമായ വസ്ത്രധാരണം, വാഹനങ്ങൾക്ക് പകരം കാൽനട യാത്രകൾ എന്നീ ജീവിതരീതികൾ തീർച്ചയായും പിന്നീട് ദരിദ്രനായി മറ്റുള്ളവരോട് ഇരക്കുന്നതിലും ഭേദമാണ്. വെള്ളം ഇല്ല, ഇലക്ട്രിസിറ്റിയില്ലായെന്ന് പിന്നീട് പരാതിയും വരുകയില്ല. ഒരുവന്റെ കടക്കാരനായാൽ നാം അവൻറെ അടിമയാവുകയാണ്. ഇന്നത്തെ തലമുറക്ക് ലോകമഹായുദ്ധങ്ങളിൽ നമ്മുടെ പൂർവികർ അനുഭവിച്ച ദുരിതങ്ങളെപ്പറ്റിയും കെടുതികളെപ്പറ്റിയും വിവരിച്ചാൽ മനസിലാവുകയില്ല.
അഴിമതി നിറഞ്ഞ രാഷ്ട്രീയക്കാരെ നോക്കൂ? ഭൂരിഭാഗവും ബുദ്ധിഹീനരാണ്. ഇന്ന് ഏറ്റവും സുഖസൗകര്യങ്ങളോടെയും ആർഭാടങ്ങളോടെയും ജീവിക്കുന്നത് ഇവരും അഭിഷിക്ത ലോകവുമാണ്. ധനികന് ലളിതമായോ ആഡംബരമായോ ഇഷ്ടമുള്ളത് തെരഞ്ഞെടുത്തു ജീവിക്കാൻ സാധിക്കും. എന്നാൽ ദരിദ്രന് ലളിതജീവിതം മാത്രമേ സാധിക്കുകയുള്ളൂ. ധനികന് രണ്ടും സാധിക്കുമെങ്കിലും നന്മ അവിടെ ഉണ്ടായിരിക്കണമെന്നില്ല. പിശുക്കനായ ഒരു ധനികൻ ആർക്കും ഒന്നും കൊടുക്കാതെ സ്വത്തുക്കൾ മരവിപ്പിച്ചെങ്കിൽ അവിടെ എന്ത് നന്മ?
ആഡബരത്തോടെ ജീവിക്കുന്ന ഒരു ധനികനെ എങ്ങനെ പിന്തിരിപ്പിക്കും? കുടിലിൽ ഭക്ഷണം ഉണ്ടാക്കുന്ന ദരിദ്രരിൽ പലരും ധനികരേക്കാളും സന്തോഷമായി കഴിയുന്നത് കാണാം. ഒരുവന്റെ മനസാണ് നന്മയോ തിന്മയോ എന്ന് തീരുമാനിക്കുന്നത്. ലളിതമായ ജീവിതം, നല്ല കുടുംബം, വൃത്തിയായ ഒരു വീട്, ജീവിക്കാൻ ജോലി, പെൻഷൻ പറ്റുമ്പോൾ സേവിംഗ്, ഇതൊക്കെ സാമാന്യജനത്തിന് ഇന്നാവശ്യമാണ്. കാട്ടിലെ മുനിയെപ്പോലെ ലളിതമായി കൗപീനം ധരിച്ച് ഇന്നു നടന്നാൽ കുടുംബത്തിലുള്ള മറ്റ് അംഗങ്ങൾ ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നും തീർച്ചയാണ്. ടെൻഷൻ ഇല്ലാത്ത, പ്രശ്നങ്ങളില്ലാത്ത സാധാരണജീവിതം ഒരുവൻ നയിക്കുന്നുവെങ്കിൽ അവൻ ഭാഗ്യവാൻ.
ആഡംബരത്തിലും ലളിതജീവിതത്തിലും അതിനിടക്കുള്ള ജീവിതത്തിലും നന്മ ചെയ്യുന്നവന്റെ ജീവിതം ഉത്തമം തന്നെയാണ്. ലോകത്തിലെ ധനികനായ ബിൽഗേറ്റ്സ് ഇന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കോടി കണക്കിന് ഡോളർ ചിലവാക്കുന്നു. അയാളുടെ സ്വർഗത്തിലേക്കുള്ള വഴികൾ ഇടുങ്ങിയതെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ സ്രഷ്ടാവിനെ സൃഷ്ടിച്ചവന് തെറ്റുപറ്റിയെന്ന് ഞാൻ പറയും. ധനികന്റെയും ദരിദ്രന്റെയും സുഖദുഃഖങ്ങൾ ഭൌതികസ്വത്തുക്കളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ദരിദ്രന്റെ കുടിലിലെ പിച്ചക്കാശിൽ ധനികന്റെ കൂമ്പാരംപോലുള്ള സ്വത്തിനെക്കാൾ സന്തോഷം ചിലപ്പോൾ കാണും. യേശു പറഞ്ഞ വിധവയുടെ കൊച്ചുകാശിന്റെ ഉപമയും അതുതന്നെയായിരുന്നു.
ഗാന്ധിജി നയിച്ചത് ഒരു സന്യാസജീവിതമായിരുന്നു. ആത്മം തേടി സന്യസ്തം സ്വീകരിക്കുന്ന ഒരുവൻ ആദ്യം ആഡംബരത്തെ ത്യജിക്കണം. സന്യസ്തനായവന് അവിടെ സന്തോഷം ലഭിക്കുന്നു. ലളിതമായ ജീവിതം ഒരുവനെ നിർബന്ധിച്ച് ചെയ്യിപ്പിക്കുവാനുള്ളതല്ല. ലളിതജീവിതം ഒരുവൻ സ്വയം തെരഞ്ഞെടുത്തില്ലെങ്കിൽ അവൻ സന്തോഷത്തെ കണ്ടെത്തുകയില്ല. പകരം ദു:ഖം നല്കും. സ്വയം എളിമയുടെ വഴികൾ തെളിയിച്ച ഗാന്ധിജിക്ക് ആ മാർഗം തുടരാൻ മറ്റുള്ളവരെ നിർബന്ധിച്ചത് അദ്ദേഹത്തിന് പറ്റിയ തെറ്റായിരുന്നു.
ഗാന്ധിജി തന്റെ തെറ്റുകൾ സമ്മതിച്ചുകൊണ്ട് കസ്തൂർബായോട് താൻ നീതി പുലർത്തിയില്ലായെന്നും ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ഗാന്ധിജി കസ്തൂർബായെ വിപ്ലവാശയങ്ങൾ എന്നും അടിച്ചേൽപ്പിക്കുകയായിരുന്നു. "ബ്രഹ്മചര്യം, ലളിതമായ ജീവിതം, സാമൂഹിക വിരുദ്ധമായ തീണ്ടലും തൊടീലും ഇല്ലാതാക്കുക എന്നീ വിപ്ലാശയങ്ങളെ കസ്തൂർബായിൽ പ്രായോഗികമാക്കിയ ക്രൂരനായ ഒരു ഭർത്താവായിരുന്നു താനെന്ന്" ഗാന്ധിജി ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. "ഞാൻ അവളുടെ ഗുരുവായിരുന്നു. അന്ധമായ എന്റെ സ്നേഹം മൂലം ഞാൻ അവളെ പീഡിപ്പിച്ചിട്ടുണ്ട്. അവൾക്ക് ലഭിച്ച സമ്മാനങ്ങളും ആഭരണങ്ങളും ബലമായി വാങ്ങി കഴുത്തിൽ ഒന്നും അണിയിക്കാതെ അവളെ നടത്തി. എനിക്കുവേണ്ടി ത്യജിച്ച ആഭരണങ്ങളെല്ലാം അവളുടെ പ്രിയപ്പെട്ട മാതാപിതാക്കൾ അവൾക്ക് സമ്മാനിച്ചതായിരുന്നു. "
"എന്റെയൊപ്പം സഞ്ചരിച്ചിരുന്ന മറ്റു ശിക്ഷ്യരെയും ബ്രഹ്മചര്യം കല്പ്പിക്കുകയും അവരുടെ ഭാര്യമാരുടെ ആഭരണങ്ങൾ ഉപേക്ഷിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. "ആരോ ഒരിക്കൽ കസ്തൂർബാക്ക് ഒരു നെക്കലസ് സമ്മാനിച്ചപ്പോൾ ഗാന്ധിജി ചോദിച്ചു "നിനക്ക് ലഭിച്ച ഈ സമ്മാനം എന്റെ സേവനത്തിനോ നിന്റെ സേവനത്തിനോ?" കസ്തൂർബാ പരിശുദ്ധിയുടെ ഭാഷയിൽതന്നെ മറുപടി പറഞ്ഞു. "അങ്ങ് പറഞ്ഞത് ഞാൻ സമ്മതിക്കുന്നു. എന്നാൽ അങ്ങ് എനിക്കായി ചെയ്ത സേവനങ്ങളെപ്പോലെ തുല്യമായി ഞാനും അങ്ങേക്ക് ചെയ്തിട്ടുണ്ട്. രാത്രിയും പകലുമില്ലാതെ എന്റെ വിയർപ്പുകളും ഇവിടെ ഒഴുക്കിയിട്ടുണ്ട്. അതൊന്നും സേവനമല്ലയോ? അങ്ങ് എന്നെ ബലമായി എന്റെ മനസ് കാണാതെ ഇഷ്ടപ്പെടാത്ത ജോലികളൊക്കെ ചെയ്യിപ്പിച്ചു. എന്റെ കണ്ണുനീരിന് ഒട്ടും വില കൽപ്പിച്ചില്ല. തീണ്ടലും തൊടീലും ഉള്ളവരെ സേവിച്ച് ഞാൻ അവർക്കും അടിമയായി. അങ്ങയുടെ ആജ്ഞ അനുസരിച്ച് ഉത്തമഭാര്യയായി തന്നെ ഞാൻ ജീവിച്ചു." കസ്തൂർബായുടെ ഭാര്യാധർമ്മത്തിന്റെ ഈ വാക്കുകൾ ഭാരതസ്ത്രീയെന്ന നിലയിൽ ചരിത്രത്തിന്റെ സുവർണ്ണലിപികളിൽ ചേർത്തു കഴിഞ്ഞു.
പാശ്ചാത്യരാജ്യങ്ങളിലും അമേരിക്കയിലും ചെറുപ്പക്കാർ ആവശ്യമില്ലാതെ തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ അങ്ങനെ എല്ലാം വാരിക്കൂട്ടി മേടിക്കും. ഇങ്ങനെ ഉപഭോക്താക്കളുടെ ആവശ്യമില്ലാത്ത ഉപഭോഗവസ്തുക്കൾ (Materialistic consumption of want and buy) രാജ്യത്തിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ഉല്പ്പന്നങ്ങളുടെ വില കുറയ്ക്കുകയും ചെയ്യും. സാധാരണക്കാരന് തന്മൂലം വിലകൂടിയ വസ്തുക്കൾ വിലകുറച്ച് മാർക്കറ്റിൽനിന്ന് വാങ്ങുവാനും സാധിക്കും. എങ്കിലും ഒരു വ്യക്തിയെ ഇത് സ്വയം നാശത്തിലേക്ക് നയിക്കും. സ്റ്റീരിയോ, ടെലിവിഷൻ, കമ്പ്യൂട്ടർ അങ്ങനെ കിട്ടാവുന്നത് മുഴുവൻ വാങ്ങിക്കൂട്ടി ക്രെഡിറ്റ് കാർഡുകൾ നിറക്കും. താങ്ങാനാവാത്ത വലിയ വീടുകളും ആർഭാടമേറിയ കാറുകളും മേടിച്ച് നിസ്വാൻ ആകേണ്ട എല്ലാ വഴികളും തുറന്നിടും. ഒരു സുപ്രഭാതത്തിൽ ജോലി നഷ്ടപ്പെടും. പിന്നീട് മിതമായ തൊഴിലില്ലാ വേതനംകൊണ്ട് ജീവിക്കണം. പണമില്ലാതെ വരുമ്പോൾ കുടുംബത്തെ പോറ്റാൻ നിവൃത്തിയില്ലാതെ അസമാധാനമായി, പിന്നീട് വിവാഹമോചനമായി. കടം എടുത്ത പണം തിരികെ കൊടുക്കാൻ ആവാതെ പാപ്പരായി (Bankruptcy) പ്രഖ്യാപിക്കുകയും അങ്ങനെ മാനസികമായി തകരുകയും ചെയ്യും. ഓരോ ബില്ലുകൾ വരുമ്പോഴും സ്വയം തലമുടി പറിച്ച് അലറാൻ തുടങ്ങും. തൊഴിലില്ലാതെ വന്നാലും ഇലക്ട്രിസിറ്റി, വെള്ളം, മോർട്ട്ഗേജ് എന്നീ തുകകൾ അടച്ചേ മതിയാവൂ.
ചുരുക്കത്തിൽ, ലളിത ജീവിതമെന്തെന്നാൽ ആർഭാടമായ ഉപഭോഗവസ്തുക്കളിൽനിന്നും സ്വതന്ത്രമാവുകയെന്നതാണ്. ലളിതജീവിതത്തിൽ സത്യത്തിൽ അടിയുറച്ച് വിശ്വസിക്കണം. ഭൂമിയേയും ഭൂമിയിലുള്ള ജീവജാലങ്ങളെയും സ്നേഹിക്കുക, ആദ്ധ്യാത്മികമായി മനസിനെ പവിത്രീകരിക്കുക, സദാചാര തത്ത്വങ്ങളിൽ ഉറച്ചു വിശ്വസീക്കുക എന്നിവകളും ലളിതജീവിതത്തിന്റെ അനുഷ്ഠാന ഘടകങ്ങളാണ്. ബാഹ്യമായ ജീവിതം ലളിതമായിരിക്കുന്നതുപൊലെ മനസും ധന്യമായിരിക്കണം. പരീസ്ഥിതിയെപ്പറ്റി പരിപൂർണ്ണമായി ബോധവാന്മാരായിരിക്കണം. ജീവിതം മനുഷ്യത്വത്തിന്റെ അളവുകോലുകൾകൊണ്ട് അളക്കണം. ഫ്രാൻസീസ് അസ്സീസിയുടെയും ഗാന്ധിജിയുടെയും തോറോയുടെയും സന്ദേശങ്ങൾ ലളിതജീവിതത്തിന് വഴി തെളിയിക്കും. താത്ത്വികമായ ലളിതജീവിതത്തിൽ ലോകത്തിലെ വിഭവങ്ങൾ തുല്യമായി പങ്കുവെക്കാനും സാധിക്കും. ഉപഭോഗവസ്തുക്കളുടെ ദുർവിനിയോഗം പ്രകൃതിയേയും നശിപ്പിക്കും. ഈ ഭൂമി നമ്മുടെ കുഞ്ഞുങ്ങൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ളതാണ്. ലളിതജീവിതം നടപ്പിലാക്കണമെങ്കിൽ ഉല്പ്പാദനമേഖലകളിലും സമൂലമായ മാറ്റം വരണം. മനുഷ്യന്റെ ആവശ്യങ്ങൾ മാത്രം നിറവേറ്റുന്ന ഒരു സാമ്പത്തികവിപ്ലവം വന്നാലെ ലളിത ജീവിതമെന്ന ധനതത്ത്വശാസ്ത്രം സഫലമാവുകയുള്ളൂ.
Subscribe to:
Post Comments (Atom)
ധ്യാനത്തെപ്പറ്റി, പ്രാർത്ഥനയെപ്പറ്റി, ലാളിത്യത്തെയും കാപട്യ മില്ലായ്മയുടെ ആവശ്യത്തെയും പറ്റിയൊക്കെ നമ്മൾ എഴുതുന്നു, ചര്ച്ച ചെയ്യുന്നു. അതൊക്കെ ശ്രദ്ധിക്കുന്നവരും അതിൽ പങ്കുചരുന്നവരും എത്രയുണ്ട് എന്നു ചോദിച്ചാൽ നിരാശതയാണ് തോന്നുക. ഇവയൊക്കെ വായിക്കുന്ന ആദ്ധ്യാത്മശുശ്രൂഷകരും ധ്യാനത്തിൽ സ്പെഷലൈസ് ചെയ്ത കാവിവസ്ത്രക്കാരും ധവളളോഹക്കാരുമൊക്കെയുണ്ട്. എന്നാൽ ഇവരിൽ എത്ര പേരുണ്ട് മുന്നോട്ടു വന്ന്, "ശരിയാണ്, ഏറ്റുപിടിക്കേണ്ട ഒരു വിഷയമാണിത്, നമുക്കും അതിൽ പങ്കുചേരാം" എന്ന് ധൈര്യത്തോടെ പറയാൻ? ഈ പറഞ്ഞതൊക്കെ വിശ്വാസജീവിതത്തിന്റെ ഭാഗമാക്കാതെ, അസ്സാദ്ധ്യകാര്യങ്ങൾ സംഭവിപ്പിക്കുന്നതാണ് വിശ്വാസം, പുണ്യം എന്ന അസത്യം പരത്താനാണ് വൈദികർക്കും താത്പര്യം. അത്തരക്കാർ മൂലം സഭയുടെ മുഖശ്രീ തന്നെ തകർന്നുപോയി, അതിനെ പുനരുദ്ധരിക്കാൻ ശ്രമിക്കുന്ന ഒരു പോപ് വന്നിരിക്കുന്നു എന്നത് പോലും മേല്പ്പറഞ്ഞവരെ ആഹ്ളാദിപ്പിക്കുന്നില്ല, നേരെ മറിച്ച്, അവര്ക്കൊക്കെ ഇന്ന് ഒരു പക്ഷേ, വന്നുഭവിച്ചേക്കാവുന്ന മാറ്റങ്ങളെപ്പറ്റി ഭയമാണ്.
ReplyDeleteഏതാനും വർഷംമുമ്പ് സെന്റ് പീറ്റർ ബസ്ലീക്കായിലെ പിയെത്ത (Pieta) എന്ന കലാരൂപത്തിന്റെ മൂക്ക് ഒരു ഭാന്തൻ ഇടിച്ചുടച്ചു കളഞ്ഞു. ഒരു പ്രതിമ തകർക്കപ്പെട്ടു എന്നല്ല, മറിച്ച്, സമഷ്ടിബോധത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ഒരു മൂല്യത്തെ (യേശുവും മറിയവും തമ്മിലുള്ള ബന്ധം എന്നതുപോലെ മാതൃത്വവും സഹനവും തമ്മിലുള്ള ലയവും) നശിപ്പിച്ചു എന്ന വേദനയാണ് അന്ന് ലോകമെങ്ങുമുള്ള നല്ല മനുഷ്യർക്കുണ്ടായത്.
സഭയെ രൂപപ്പെടുത്തിയത് യേശുവോ പൌലോസോ പത്രോസോ ആരെങ്കിലുമാകട്ടെ, അതിന്റെ കാതലായി എന്നും തിരിച്ചരിഞ്ഞിരുന്നത് യേശുവിന്റെ മനുഷ്യസ്നേഹവും കാരുണ്യവും ലാളിത്യവും ആയിരുന്നു. അതാണ് ആഡംഭരപ്രിയരായ ക്ളെർജി നൂറ്റാണ്ടുകളായി ചവുട്ടിമെതിച്ചത്. ആ മൂല്യച്യുതി തിരുത്തണമെങ്കിൽ, തെറ്റായ ദൈവവിശ്വാസങ്ങളിലും ജീവിതസങ്കല്പ്പങ്ങളിലും ഉറച്ചുപോയ പുരോഹിതസമൂഹത്തെ മൊത്തത്തിൽ ഇല്ലായ്മ ചെയ്ത്, ജ്ഞാനികളായ നേതാക്കളുനേതാക്കളുടെ മേൽനോട്ടത്തിൽ വിശ്വാസികൾ നേരിട്ട് കാര്യങ്ങൾ ഏറ്റെടുക്കണം. പിയെത്തായുടെ മൂക്ക് റിപെയർ ചെയ്തെടുക്കാൻ സാധിച്ചു. അതുപോലെ എളുപ്പമല്ല സഭയെ അതിന്റെ വിശുദ്ധിയിലേയ്ക്ക് തിരികെ കൊണ്ടുവരിക എന്നത്.
Continued from previous comment
ReplyDelete"യൂറോപ്പിലും അമേരിക്കയിലും ചെറുപ്പക്കാർക്ക് തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ കളിക്കോപ്പുകൾ തുടങ്ങിയവ മേടിക്കുന്നതിൽ യാതൊരു പക്വതയും ഔചിത്യവുമില്ല. വ്യക്തിയെ നാശത്തിലേക്ക് നയിക്കുക മാത്രമല്ല, വ്യക്തി, കുടുംബബന്ധങ്ങളെ തകർക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണ് ഇതെന്ന് അവർ അറിയുന്നില്ല. സ്റ്റീരിയോസെറ്റുകൾ, ഹോം സ്ക്രീൻ ടെലിവിഷൻ, കമ്പ്യൂട്ടർ അക്സെസറികൾ എന്നിങ്ങനെ കംപോളത്തിൽ കാണുന്നതൊക്കെ വാങ്ങിക്കൂട്ടിയും താങ്ങാനാവാത്ത വലിയ വീടുകളും ആർഭാട കാറുകളും മേടിച്ചും സ്വയം തുലക്കും." ജോസഫ് മാത്യുവിന്റെ വാക്കുകൾ, അറിയാതെ വന്ന ചില തെറ്റുകൾ തിരുത്തിയ ശേഷം, കുറിച്ചതാണിത്. വേറൊരാൾ എഴുതിയതായതുകൊണ്ട് മുൻപറഞ്ഞ രാജ്യങ്ങളിൽ ഇരുന്ന് ഇത് വായിക്കുന്നവരുടെ അരിശം എന്നോട് നേരിട്ട് ആയിരിക്കില്ല എന്ന ആശ്വാസത്തിനാണ് വാക്കുകൾ കടമെടുത്തത്. ഈ പറഞ്ഞിടത്തൊക്കെ ഞാനറിയുന്നവർ ഉണ്ട്. ഇത്തരം അനുഭവങ്ങൾ അവരിൽ പലർക്കും ഉണ്ടെന്ന് എനിക്കറിയുകയും ചെയ്യാം. അതുകൊണ്ട് ഒരാളെയും എടുത്തുപറഞ്ഞല്ല ഈ വരികൾ എന്നൊർമ്മിപ്പിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് ഇവിടങ്ങളിൽ ചെല്ലുമ്പോൾ ഞാനും നേരിട്ട് കാണുന്ന കാര്യങ്ങളാണെങ്കിലും, എനിക്ക് ചുമ്മാ അങ്ങ് എഴുതാൻ മേല. ആരെയാണോ ഉദ്ദേശിക്കുന്നത്, ആ ചെറുപ്പക്കാരാരും ഇത് വായിക്കില്ല. കാരണം, അവര്ക്ക് മലയാളം അറിയില്ല. എന്നാൽ വായിക്കുന്ന ചില തന്തതള്ളമാർ ഉണ്ട്. എല്ലാം സത്യമാണെങ്കിലും, വായിക്കുന്നതിന്റെ അടുത്ത നിമിഷം അവർ ഫോണെടുത്തു മക്കളെ അല്ലെങ്കിൽ മരുമക്കളെ വിളിക്കും. നാട്ടിലിരുന്നു വായിച്ചിട്ട് വിദേശത്തേയ്ക്ക് വിളിക്കുന്നവരും ഉണ്ട്. കാരണം, കൂട്ടിക്കൊളുത്തി രസിക്കുക ചിലർക്ക് ഭയങ്കര ഹരമാണ്. ആണ്ടെടാ, ആണ്ടെടീ, അതിയാൻ വീണ്ടും നിനക്കിട്ട് പാരവയ്ക്കുന്നു എന്നങ്ങു കാച്ചും. എന്നിട്ട് കുറെ പൊലിപ്പിച്ചുങ്ങ് പറഞ്ഞു കേൾപ്പിക്കും, എഴുതിയതും എഴുതാത്തതും. ഞാനെഴുതിയത് വായിച്ചിട്ട് ഉള്ളിൽ എന്നെ തെറി വിളിക്കുകയോ സ്വന്തക്കാരെയോ ബന്ധുക്കാരെയോ ഫോണ്‍ വിളിച്ച് സ്വയം ആശ്വസിക്കുകയോ ചെയ്യുന്ന തന്തതള്ളമാർക്ക് ഇത് വരണം. കാരണം, ആണായാലും പെണ്ണായാലും, മക്കളെ വളർത്തുമ്പോൾ ചില മാന്യതയൊക്കെ വേണ്ടിയിരുന്നു. സ്കൂൾ കഴിഞ്ഞ് ഉപരിപഠനത്തിനു അല്ലെങ്കിൽ തൊഴിൽ പഠിക്കാൻ ട്രെയ്നും ബസും കയറി പോകേണ്ടിടത്തും മക്കൾക്ക് കാറ് വാങ്ങിക്കൊടുത്തുവിടും. കാറ് കിട്ടാൻ, ബസ് അങ്ങുവരെപോകില്ല, ഒത്തിരി നടക്കണം എന്നൊക്കെ കള്ളം പറഞ്ഞു വിശ്വസിപ്പിക്കും. ചെറുക്കന്മാർ, പഠിക്കേണ്ട സമയത്ത്, ഡയ്റ്റിങ്ങിനു പെണ്ണുങ്ങളെ അന്വേഷിച്ച് നടക്കും, പഠിപ്പ്മുടക്കും. കാശ് മുടക്കുന്ന തന്തതള്ളമാർ ഇരുന്നു കരയും. ഹോസ്റ്റലിൽ കൊണ്ടുപോയി വിടുന്ന പെണ്ണുങ്ങൾ ചെറുക്കന്മാരുടെ കൂടെയാവും വാസം. പഠിക്കാൻ തലയില്ലാത്ത പെണ്ണുങ്ങൾ മിടുക്കരായ ഏതെങ്കിലും ചെറുക്കന്റെ തോളിൽ തൂങ്ങാൻ തക്കം നോക്കും. അറിഞ്ഞോ അറിയാതെയോ അവളുമാരുടെ അപ്പനും അമ്മയും പുറകിൽ നിന്ന് മൂച്ച് കേറ്റും. അവൻ മിടുക്കനാടീ, എങ്ങനെയെങ്കിലും വളച്ചെടുത്തോ എന്നുന്തിയും വിടും. പഠിക്കാൻ മൂളയില്ലെങ്കിലും ഇത്തരം പണികൾക്ക് അവളുമാർക്ക് നല്ല വിരുതു കാണും. ചെലവെല്ലാം പിന്നെ ചെറുക്കൻ ഏറ്റെടുക്കുമല്ലോ. അവനത് അഭിമാനപ്രശനമാണ്. നല്ല പഠിപ്പും ജോലിയുമുള്ള ഒരുത്തന്റെ കൈയിൽ കോർത്തുകിട്ടിയാൽ പിന്നെ പണിചെയ്യാതെ, വേണമെങ്കിൽ ഒന്നോ രണ്ടോ പെറ്റുകിടന്ന്, ജീവിതം അടിപൊളിയാക്കാം. ഇതൊക്കെയാണ് ഇവിടങ്ങളിൽ നടക്കുന്നത്. എത്ര വേണം ഉദാഹരണങ്ങൾ. ആരും മെച്ചപ്പെടുമെന്നുള്ള വിചാരമല്ല ഇതൊക്കെ എന്നെക്കൊണ്ട് എഴുതിക്കുന്നത്. നാട്ടിലും ഇപ്പോൾ സെൽഫോണും ചെറുപ്പക്കാര്ക്ക് വണ്ടികളുമൊക്കെയായപ്പോൾ ഇതൊക്കെ തന്നെയാണ് വരാൻ പോകുന്നത് എന്നൊരു താക്കീതു മാത്രം. നാട്ടിലായാലും വെളിയിലായാലും ഇത്തരം സമൂഹത്തിൽ ലാളിത്യത്തിനും ആദ്ധ്യാത്മികതക്കും ഒരു സ്ഥാനവുമില്ല.
"ലളിതജീവിതം ആദ്ധ്യാത്മികതയിലൂടെ" ഒക്കാത്തപോട്ടിൽ ഒരുകൊട്ടയാപ്പു ! നടപ്പില്ല ജോസഫ് മാത്യുസാറേ, നടപ്പില്ല . കാരണം നമ്മൾ (ആടുകൾ) തന്നെയാണു . മെത്രാൻ ,കത്തനാർ, കർദ്ദിനാൾ , സർവന്റെം കൈമുത്തിലൂടെ "പുണ്യം" നേടാൻ പള്ളിക്കുചുറ്റും കറങ്ങാൻ പെണ്ണാടുകളെ അഴിച്ചുവിടുന്ന, ഇവറ്റകളെ കണ്ടാൽ ഓച്ഛാനിച്ചു നിൽക്കാൻ നടുവുനിവരാത്ത നമ്മൾ, അല്മായർ ! ഈ പുങ്കൻമാരെ വിനയം, ലളിത ജീവിതം ഒക്കെ ആരിനിയും പഠിപ്പിക്കാൻ ?കർത്താവിന്റെ ഭാവനയിലുള്ള അവദൂതന്മാരായ സുവിശേഷകരെ കാണണമെങ്കിൽ ഹിമാലയസാനുക്കളിൽ നാം പോകേണ്ടിവരും . റോമിലും മലങ്കരയിലും കണികാണാൻ കിട്ടില്ല അക്കൂട്ടരെ . സമൂഹമനസിനെ ആത്മീയതയിലേക്ക് കൈപിടിച്ച്ചുയർത്തെണ്ടാവർക്ക് ആത്മീകതയുടെ ബാലപാഠം പോലും അറിയില്ല എന്നതാണു ഇന്നിന്റെ ദുരവസ്ഥ! ..ലളിതജീവിതം വിനയം കരുണ ഇവയൊക്കെ അതിലേക്കുള്ള ആദ്യത്തെ ചവിട്ടുപടികളാണ്..പൌരോഹിത്യം ഒരു ഈസീജൊബ് ആയതിനാൽ മെയ്യനങ്ങി പണിയെടുക്കാൻ മനസില്ലാത്ത സർവകോടാലികളും ഇത് ഒരു ചെത്ത് ഉപജീവനമാക്കി . ഒരു പാസ്പോർട്ട് കിട്ടാൻപോലും ഒരു വെരിഫിക്കേഷൻ വേണം .പക്ഷെ പാതിരിയാകാൻ തൊലിക്കട്ടി മാത്രം മതി എന്നായി ! അധർമ്മികളുടെ ഒളിത്താവളമാണ് രാഷ്ട്രീയവും മതവും ! ഇവർ കൾച്ചർ ചെയ്യുന്ന സമൂഹം എന്നും കുത്തഴിഞ്ഞ പുസ്തകമായി രിക്കും.....ദീപസ്തംബം മഹാശ്ചര്യം ,നമുക്കും കിട്ടണം "പുണ്യം" എന്നു ദിവാസ്വപം കാണുന്ന പകലുറക്കക്കാർ അച്ചായന്മാരും ! പോരെ സമൂഹത്തിന്റെ നല്ല മാതൃക ക്രിസ്തിയാനി ആകാൻ ?
ReplyDeleteസാക്ക് ആര്ഭാടത്തെപ്പറ്റിയും ജൊസഫ് മാത്യു ലാളിത്യത്തെപ്പറ്റിയും എഴുതി. രണ്ടും ഒന്ന് തന്നെ; എങ്കിലും രണ്ടും കൂടി ചേര്‍ന്നപ്പോള്‍ ആശയം കുറേക്കൂടി സ്പഷ്ടമായി. മാര്‍ത്തായെയും മേരിയേയും പറ്റി എഴുതിയത് ഉചിതമായി. മനസ്സ് നിറയെ ആകുലതകളുമായി കര്‍മ്മം എന്തെന്നറിയാതെ ഉഴലുന്ന മാര്‍ത്താ ഇന്നത്തെ മനുഷ്യരുടെ പ്രതിനിധിയാണ്. ആയിരിക്കുന്ന നിമിഷത്തിന്‍റെ ആവശ്യമറിഞ്ഞ് ജീവിതം ആഘോഷമാക്കിയ മേരി ധ്യാനത്തിലായിരുന്നോ അതോ ധ്യാനത്തിന്‍റെ ഫലത്തിലായിരുന്നോയെന്നേ എനിക്ക് നിശ്ചയമില്ലാതുള്ളൂ.
ReplyDeleteശ്രി ജൊസഫ് മാത്യുവിന്‍റെ ആധുനികതയോടുള്ള കാഴ്ചപ്പാടിനോട് ഞാന്‍ യോജിക്കുന്നില്ല. ശാസ്ത്രത്തിനു ശരിയായ ദിശയില്‍ മനുഷ്യനെകൊണ്ടുപോകാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല, ഇനി കഴിയുമെന്നും തോന്നുന്നില്ല. ഇന്നത്തെക്കാളും വളരെ ഉയര്‍ന്ന നിരവധി സംസ്കാരങ്ങള്‍ ഇവിടെ ജനിക്കുകയും വളരുകയും നശിച്ചു നാമാവശേഷമാവുകയും ചെയ്തിട്ടുണ്ട്. ഈജിപ്തുകാര്‍ പണിതതുപോലൊരു പിരമിട് തീര്‍ക്കാന്‍ നമ്മെ കൊണ്ട് സാധിക്കില്ല. കായിക ശേഷി മാത്രമല്ല അവര്‍ അവിടെ ഉപയോഗിച്ചത്. വളര്‍ന്നു വളര്‍ന്ന് അവര്‍ പ്രകൃതിയുടെ കഴുത്തിനു പിടിച്ചതാണ് അവരുടെ നാശത്തിനു കാരണം. കടലില്‍ താണ് പോയ അറ്റ്‌ലാന്റിസിനും ഇത് തന്നെയാണ് സംഭവിച്ചത്. ലോകത്തിന്‍റെ നെറുകയില്‍ എത്തിയ മായന്‍ - ആന്‍ഡിയന്‍ സംസ്കാരങ്ങള്‍ക്കു എന്താണ് സംഭവിച്ചതെന്ന് നമുക്ക് ചില സൂചനകളൊക്കെയുണ്ട്. സഹാറാ ഒരുകാലത്ത് ഫലഭൂയിഷ്ടമായിരുന്നുവെന്നതിനു ചില സൂചനകള്‍ നമുക്കുണ്ട്. അവിടെ ഒരു ലെക്സസ് സാമ്രാജ്യം ഉണ്ടായിരുന്നുവെന്നും ചിലര്‍ സാദ്ധ്യതകള്‍ നിരത്തി വാദിക്കുന്നു. ടിബറ്റന്‍ ഗുഹകള്‍ക്കുള്ളില്‍ ഇപ്പോഴും അവശേഷിക്കുന്ന രേഖകളില്‍, മൂ, ഗൊബീ സംസ്കാരങ്ങളെപ്പറ്റി സൂചനകളുണ്ട്. നാമും അവരെപ്പോലെ വളര്‍ച്ചയിലേക്ക് അതിവേഗം പോകുന്നു. പോക്ക് നാശത്തിലെക്കാണെന്നു പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല.
കറണ്ട്, ഫോണ്‍, ടിവി, ഇന്‍റര്‍നെറ്റ്, വണ്ടി, പൈപ്പ് വാട്ടര്‍, ഗ്യാസ് തുടങ്ങിയ അനേകം സൌകര്യങ്ങള്‍ മനുഷ്യനിന്നുണ്ട്. അവന്‍ അതിന്‍റെയെല്ലാം അടിമകളുമാണ്. ഇതിലേതെങ്കിലും ഒന്നില്ലാതെ പോയാല്‍ അവനു ഭ്രാന്തു പിടിക്കും. വെള്ളം മുടങ്ങിയതിന്‍റെ പേരില്‍ മുംബെ നഗരം അനേകം കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടല്ലോ. അതാണ് സ്ഥിതി. ഇതൊന്നുമില്ലാതെ, തരുന്നതെന്തോ അത് സംതൃപ്തിയോടെ സ്വീകരിച്ച് പ്രകൃതിയുമായി ഇണങ്ങിചേര്‍ന്ന് പോകുന്നവനെ ആര്‍ക്കു ഭീഷണിപ്പെടുത്താന്‍ കഴിയും? ഈ സൌകര്യങ്ങളും കുമിഞ്ഞു കൂടുന്ന സമ്പത്തും സന്തോഷവും സംതൃപ്തിയും തരുമെന്ന് ആരാണ് പറയുന്നത്. ചാക്കുകട്ടിലില്‍ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന ദാരിദ്രനെയാണ് വാട്ടര്‍ ബെഡ്ഡില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കുന്ന സമ്പന്നനേക്കാള്‍ പ്രകൃതി സന്തോഷം കൊണ്ട് വാരിപ്പൊതിയുന്നത്.
സാക് പറഞ്ഞതുപോലെ മക്കള്‍ക്ക് ആവശ്യമില്ലാത്തതും ഉള്ളതുമെല്ലാം ഒരു വേര്‍തിരിവുമില്ലാതെ വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കന്മാരാണ് എല്ലാവരും തന്നെ. പണ്ടൊരിക്കല്‍ വിദേശത്തു പഠിക്കാന്‍ പോയ ഒരു വിദ്യാര്‍ഥി നാട്ടിലുള്ള വ്യവസായിയായ അപ്പന് എഴുതി, അവന്‍റെ കൂട്ടുകാര്‍ ട്രെയിനിലാണ് വരുന്നതെന്ന്. അപ്പന്‍ മറുപടിയായി എഴുതിയത്, നീയും കുറയ്ക്കെണ്ട, നല്ല ഒരു ട്രെയിന്‍ നോക്കി വെച്ചോ ഞാന്‍ പണം അവിടെ ഉടന്‍ എത്തിച്ചോളാമെന്നാണ്. ലാളിത്യത്തിലെക്കുള്ള മടക്കം സ്വരക്ഷക്കു മാത്രമല്ല ലോകത്തിന്റെ നിലനില്‍പ്പിനും ആവശ്യമാണ്. ഒരുവന് ആവശ്യമായതില്‍ കവിഞ്ഞ് ഒന്നും എടുക്കരുതെന്നാണ് ഭാരതം പറഞ്ഞത്. ആസ്തേയ എന്ന സംസ്കൃത പദത്തിനെ മോഷ്ടിക്കാതിരിക്കല്‍ എന്നും വ്യാഖ്യാനിക്കാം. ഇത് സന്യാസികളുടെ പ്രതിജ്ഞകളില്‍ ഒന്നായിരുന്നുവെന്നും ഓര്‍ക്കുക.
http://www.youtube.com/watch?v=QYcudSkxHQA
ReplyDeleteEvery day meditation for all bishops and wealthy Christians. All bishops should turn on this uploading and meditate on it to evaluate their life in Bishop's "Palace and Aramanas" and all religious priests and nuns.
(ഈജിപ്തു പിരമിഡ് വളര്‍ന്ന് അവര്‍ പ്രകൃതിയുടെ കഴുത്തിനു പിടിച്ചതാണ് അവരുടെ നാശത്തിനു കാരണം.- മറ്റപ്പള്ളി)
ReplyDeleteശ്രീ മറ്റപ്പള്ളിയുടെ ഈ വാക്കുകൾ അർഥമുള്ളതാണ്. ബാബിലോണിയായിലെ ഗോപുരം തകർന്നതും ഇതുതന്നെയായിരിക്കാം കാരണം. ഏത് പടുകൂറ്റൻ സൌധങ്ങളുടെയും സംസ്ക്കാരങ്ങളുടെയും പിന്നിൽ ദുഖകരമായ അനേക കഥകളും ഉണ്ട്. താജ്മഹൽ പണുത ശിൽപ്പിയുടെ കൈകൾ മുറിച്ച ഷാജഹാന്റെ അന്ത്യവും ജയിൽ അറകളായിരുന്നു. ജനങ്ങളെ ഞെക്കി പിഴിഞ്ഞ് പ്രകൃതിയെ ചൂഷണം ചെയ്ത് താജ്മഹൽപോലെ വീണ്ടും അനേക സൌധങ്ങൾ പണിയാനായിരുന്നു ഷാജഹാൻ ചക്രവർത്തിയുടെ മോഹം. ഇതിൽ കുപിതനായ മകൻ ഔറംഗസീബ് തന്റെ അപ്പന്റെ അപകടം നിറഞ്ഞ രാജ്യഭരണ രീതികളെ അനുകൂലിച്ചില്ല. ബ്രിട്ടീഷ്കാർ ഔറംഗ സീബിന്റെ ബലഹീനതകൾമാത്രം കാണിച്ച് അദ്ദേഹത്തെ ചരിത്രത്തിലെ ക്രൂരനാക്കി.
ചൂഷകർ എപ്പോഴും ചൂഷകർക്ക് അനുകൂലമായേ ചരിത്രം എഴുതുകയുള്ളൂ. സത്യത്തിൽ ചൂഷണം ചെയ്തുകൊണ്ടിരുന്ന ഷാജഹാനിൽ നിന്നും മകൻ പ്രകൃതിയെയും ജനത്തെയും രക്ഷിക്കുകയായിരുന്നു. ഔറംഗസീബ് ഇസ്ലാമിന്റെ ആത്മീയപാതയും ലളിതജീവിതവും തെരഞ്ഞെടുത്തുവെന്നാണ് ഇസ്ലാമികപണ്ഡിതർ അഭിപ്രായപ്പെട്ടിരിക്കുന്നത്.
അനേക സംസ്ക്കാരങ്ങൾ ഈ ഭൂമുഖത്ത് വന്നും പോയികൊണ്ടും ഇരുന്നു. സംസ്ക്കാരങ്ങളുടെ വേലിയേറ്റത്തിൽ ഈജിപ്റ്റ് സംസ്ക്കാരവും മുമ്പിൽത്തന്നെയുണ്ട്. അദൃശ്യമായ പ്രകാശമാണ് ഭൂമിയുടെ നിലനിൽപ്പെന്ന് അവർ വിശ്വസിച്ചു. അദ്ധ്യാത്മികതയിൽ പിരമിഡുകളിൽക്കൂടി അവർ ദർശിച്ചത് സൃഷ്ടാവിനെ തേടിയുള്ള ഒരു അന്വേഷണമായിരുന്നു . 2500 ബീ സി യിൽ പിരമിഡുകൾ നിർമ്മിച്ച ഒരു കൂഫുചക്രവർത്തിയേയും ചരിത്രം ക്രൂരമായി ചിത്രീകരിക്കുന്നത് കാണാം. അയാളും ജനങ്ങളെ തളർത്തി പ്രകൃതിയുടെ വിഭവങ്ങൾ ചൂഷണം ചെയ്യുകയായിരുന്നു. സ്വന്തം കുടുംബങ്ങളെയും പീഡിപ്പിച്ചിരുന്ന അയാളുടെ ഡയിനാസ്റ്റിയെ ഇന്ന് ഈജിപ്റ്റുകാർ ബഹുമാനിക്കുന്നില്ല. ആഡംബരപ്രിയരായ അന്നത്തെ ഫറോൻ രാജജനതയ്ക്ക് ഇങ്ങനെയുള്ള സ്തൂപങ്ങൾ പണിയുന്നതിലായിരുന്നു അന്ന് താല്പര്യം.
ഭൌതിക സംസ്ക്കാരത്തെ വകവെക്കാതെ ആത്മീയസംസ്ക്കാരത്തിന്റെ പടവുകളിൽക്കൂടി പുറകോട്ടു യാത്രചെയ്ത് മനസാക്ഷിയെ ചികഞ്ഞ് ലാളിത്യത്തിന്റെ മാർഗം കണ്ടെത്തുകയായിരിക്കണം നമ്മുടെ ലക്‌ഷ്യം. "ആധുനികമായാലും പൗരാണികമായാലും ലാളിത്യമില്ലാത്ത ഒരു സംസ്ക്കാരവും പരിപൂർണ്ണമല്ലാ"യെന്ന് ചൈനയിലെ തത്ത്വചിന്തകനായ ലിൻ യൂറ്റാന്ഗ്(Lin Yutang) പറഞ്ഞിട്ടുണ്ട്.
പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഒരു സംസ്ക്കാരം തന്നെയാണ് ആധുനികതയിലും നാം കാണുന്നത്. ലളിതമായ ഒരു സംസ്ക്കാരത്തിന് മനസിനെയും ചിന്തകളെയും പാകപ്പെടുത്തേണ്ടതായുണ്ട്. മനസിനെ അലട്ടുന്ന പ്രശ്നങ്ങളെയും അസ്വസ്ഥതകളെയും ഇല്ലാതാക്കുകയെന്നതാണ് ലളിത ജീവിതത്തിന്റെ കാതലായ തത്ത്വം.
പഴമയുടെ സംസ്ക്കാരത്തിലേക്ക് മനുഷ്യൻ ചിന്തിക്കുന്നതും എത്തിനോക്കുന്നതും പ്രകൃതിയെ സ്നേഹിച്ചു തുടങ്ങുമ്പോഴാണ്. ചലിക്കുന്ന ലോകം, മുറിക്കപ്പെട്ട ബന്ധങ്ങൾ, ഏകാന്തത, രാഷ്ട്രീയകളികൾ, കുതികാൽവെട്ട്, സാങ്കേതികവളർച്ച എന്നിവകളെല്ലാം ലാളിത്യത്തിന് വിലങ്ങുതടികളാണ്. സമൂഹം ഒന്നാകെ ഇന്നത്തെ ചിന്താഗതിയെ മാറ്റിയെടുക്കണം. ലളിതജീവിതത്തിന്റെ ആദ്ധ്യാത്മിക ദർശനത്തിലേക്കുള്ള കൈചൂണ്ടൽ നാം കാണുന്നത് അവിടെയാണ്.