Translate

Tuesday, July 16, 2013

ആര്‍ഭാടം

ഈശ്വരപ്രസാദം എല്ലായിടത്തുമുണ്ട്. തുറന്ന അസ്തിത്വമാണ് നമ്മുടേതെങ്കിൽ, ആത്മസുഖത്തോടെ ജീവിക്കാൻ അതുമതി. അതിനായി പ്രത്യേക കര്മ്മങ്ങളോ അനുഷ്ടാനങ്ങളോ അനുവര്‍ത്തിക്കേണ്ടതില്ല; സഹായത്തിന് ആരെയും ബുദ്ധിമുട്ടിക്കേണ്ടതില്ല; അരൂപികളെ ഉണർത്തേണ്ടതില്ല. വെറുതേ സൂര്യപ്രകാശവും വായുവും കൊണ്ട് മാത്രം ജീവിച്ചുപോകുന്ന ജൈവാസ്തിത്വങ്ങൾ ധാരാളമുണ്ട്. സ്ഥൂലോര്‍ജ്ജത്തില്‍ നിന്ന് സൂക്ഷ്മോര്‍ജ്ജം വേര്‍തിരിച്ചെടുക്കാനും സൂക്ഷ്മോര്‍ജ്ജത്തെ സ്ഥൂലോര്‍ജ്ജമാക്കി ആവശ്യാനുസരണം മാറ്റാനും കെല്‍പ്പുള്ള സൂക്ഷ്മ ചക്രാകള്‍ ഓരോ മനുഷ്യരിലുമുണ്ട്. യോഗയില്‍ ഇതിനായുള്ള പ്രത്യേക മുറകളുമുണ്ട്. യാതൊരു ഖരഭക്ഷണവും കൂടാതെ അനേകം വര്‍ഷങ്ങള്‍ ജീവിച്ച മനുഷ്യരെപ്പറ്റി കേട്ടിട്ടുണ്ട്. (കാണുക: Autobiography of a Yogi – Sri Yogananda Paramahansa). നമുക്ക് ചുറ്റുമുള്ള ഐശ്വരീയമായ ഊർജ്ജത്തെ സ്വീകരിക്കാന്‍ കഴിഞ്ഞാല്‍, ആർക്കും ആരോഗ്യത്തോടെ തുടരാനാവും. മനസ്സിന്റെ സഹായത്തോടെ ഒരു പാറക്കഷണത്തില്‍ നിന്നോ ഒരു പുൽ നാളത്തില്‍നിന്നോ പോലും നമ്മിലേയ്ക്ക് ഊര്ജ്ജത്തെ ആവാഹിക്കാന്‍ കഴിയും. നാം ഇപ്പോള്‍ കഴിക്കുന്നത്‌ തന്നെ ആവശ്യമായതിന്റെ ഏതാണ്ട് മൂന്നിരട്ടിയാണ്. 

'ഉന്നതങ്ങളിലേയ്ക്കു മിഴികളെ ഉയര്ത്തുക', ആരാധനക്രമത്തിൽ ആവർത്തിച്ചുകേള്ക്കുന്ന ഒരാഹ്വാനമാണ്. നിന്നെ ഉയര്ത്തുക എന്നല്ല, നീ താഴെത്തന്നെ നിന്നിട്ട്, നിന്റെ മിഴികളെ ഉയർത്തുക എന്നാണ് - അതായത്, നമ്മുടെ കാലുകൾ  നിലത്തുറച്ചിരിക്കണം, എന്നാൽ കാഴ്ച മുകളിലേയ്ക്ക് ആയിരിക്കണം. ജീവതൃഷ്ണയെന്നാൽ ഉള്ളിൽ നിന്ന് വളരാനുള്ള അവേശമാണെന്നുള്ള ഉൾക്കാഴ്ച ആദ്യം കണ്ടെത്തിയത് ചാർൾസ് ഡാർവിൻ ആണ്. ഏകകോശജീവി സ്വയം വിഭജിച്ച്‌ വിഭജിച്ചാണ് ബഹുകോശ ജീവികൾ ഉണ്ടായതെന്നും ആ പരിണാമത്തിന്റെ ഇങ്ങേയറ്റത്താണ് മനുഷ്യന്‍ എന്നും തെളിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പരിണാമ ചങ്ങലയിലെ ഒരു കണ്ണിയായി മനുഷ്യന്‍ ഇപ്പോഴും വളര്ന്നുകൊണ്ടേയിരിക്കുന്നു, . ആ വളര്ച്ച മുരടിക്കുന്നിടത്താണ് ആർഭാടത്തിന്റെ തുടക്കം എന്ന് ഞാന്‍ കരുതുന്നു.


ആവശ്യത്തെയും അത്യാവശ്യത്തെയും അനാവശ്യത്തെയും വേര്‍തിരിക്കാനുള്ള ശേഷി നഷ്ടപ്പെടുമ്പോൾ ആണ് ആര്‍ഭാടം നിത്യജീവിത്തില്‍ സ്ഥാനം പിടിക്കുന്നത്. നിലനില്‍പ്പിന് അത്യാവശ്യമില്ലാത്ത സാഹചര്യങ്ങളുടെയും വസ്തുക്കളുടെയും സമാഹരണമാണ് ആര്‍ഭാടം എന്ന് പറയുന്നതില്‍ തെറ്റില്ല. ഇത് വിശദീകരണം ആവശ്യമില്ലാത്ത നിത്യാനുഭവമാണ്. മാനസ്സികമായി വാസ്തവത്തിൽ, ഏച്ചുവച്ച് പിടിപ്പിക്കുന്നവയുടെ അടിയിലാണ് കഴിയുന്നതെങ്കിലും, എല്ലാറ്റിനും മുകളിലാണെന്ന് താനെന്ന് അന്യരെക്കൊണ്ട് വിശ്വസിപ്പിക്കാൻ താത്പര്യമുള്ളവരല്ലേ അധികവും? ഈഗോ സാക്ഷാത്ക്കാരം പോലെ തന്നെ പോസിറ്റിവ് തിങ്കിംഗ് എന്ന സവിശേഷത ദുര്‍വ്യാഖ്യാനം ചെയ്താലും ആര്‍ഭാടത്തില്‍ ചെന്നെത്തും. വിഖ്യാതരായ പല ഇന്ത്യൻ യോഗികളും ഇന്ന് ആ വഴിയിലാണ്.

ജീവിതത്തെപ്പറ്റി നമ്മൾ എപ്പോഴും മറന്നുപോകുന്ന ഒരു സത്യമുണ്ട്. അതായത്, അതിന്റെ തൊണ്ണൂറു ശതമാനവും വിചാരങ്ങളും വികാരങ്ങളും മാത്രമാണെന്നത്. ചുറ്റുപാടുകളെപ്പറ്റിയും മനുഷ്യരെപ്പറ്റിയുമുള്ള നമ്മുടെ വിചാരണകളിലും അവയോടു തോന്നുന്ന വികാരങ്ങളിലും മുഴുകിപ്പോകുന്ന നമ്മൾ, ജീവിതത്തിന്റെ ശരിക്കുമുള്ള കാതലിനെ മറന്നുപോകുന്നു. ആ കാതലാകട്ടെ, ജീവിതത്തിന്റെ ഈ നിമിഷത്തിൽ ഉള്ളിൽ സൌഖ്യം അനുഭവിക്കുക എന്നതാണ്. ആ സൌഖ്യം കിട്ടാത്തവരാണ് ആഡംഭരവസ്തുക്കൾ സ്വന്തമാക്കുന്നതിലൂടെ അവനവന് പുറത്തുള്ള സന്തോഷത്തെ കണ്ടെത്താനും അത് കഴിവതും നീട്ടികൊണ്ടുപോകാനും ശ്രമിക്കുന്നത്. വാസ്തവത്തില്‍, വസ്തുക്കളായാലും പണമായാലും അനുഭൂതികളായാലും, ആവശ്യമില്ലാത്തവ സ്വസ്വത്തായി ശേഖരിക്കുന്നതിലൂടെ, അവ അപരനും കൂടി അവകാശപ്പെട്ടതാണെന്ന അടിസ്ഥാന പ്രപഞ്ച സത്യം ആര്‍ഭാടത്തില്‍ മുഴുകുന്നവര്‍ മറക്കുന്നു. ഈ സത്യം പങ്കുവെയ്ക്കാനാണ്, തന്റെ മെതിയടികൾ കഴുകുവാൻ ഗംഗയില്‍ നിന്നും ഒരു കപ്പു വെള്ളം മാത്രം ഗാന്ധിജി എടുത്തത്. നാം കരുതുന്നതുപോലെ ആര്‍ഭാടം തരുന്ന സന്തോഷം സ്ഥിരമല്ലാത്തതിനാൽ പുതിയ സന്തോഷത്തിനായി വീണ്ടും പുതിയവയെ തേടേണ്ടിവരുന്നു. ഈ പ്രവണതയെ പറ്റുന്നിടത്തോളം ചൂഷണം ചെയ്യുകയാണ് വ്യവസായത്തിന്റെയും കമ്പോളത്തിന്റെയും പണി. പണം കടമെടുത്തും കബളിപ്പിച്ചെടുത്തും ആക്രമിച്ച്‌ കൈവശപ്പെടുത്തിയും ആഡംഭരവസ്തുക്കൾ സ്വന്തമാക്കാനുള്ള തന്ത്രങ്ങൾ മെനയുന്നവരുടെ കഥകൾ മാത്രമേ ഇന്ന് ഭാരതത്തിൽ കേൾക്കാനുള്ളൂ. അക്കൂടെ പാറയട്ടെ, വിശ്വാസികൾ ദാനധർമ്മങ്ങളായി കൊടുക്കുന്നവ സ്വന്തയാവശ്യങ്ങൾക്കായി മാറ്റി വെയ്ക്കുന്ന പാതിരിമാരും മെത്രാന്മാരും, മനുഷ്യനെ സംരക്ഷിക്കാനുള്ള ദൈവത്തിന്‍റെ ശേഷിയെ സംശയിക്കുക മാത്രമല്ല എല്ലാ അര്‍ത്ഥത്തിലും അധർമ്മം ചെയ്യുകയുമാണ്. സര്‍ക്കാരിന് കൊടുക്കേണ്ട നികുതി വെട്ടിക്കുന്നത് ഉള്‍പ്പെടെ അന്യായ മാര്‍ഗ്ഗങ്ങളിലൂടെ പണം സമ്പാദിച്ച് ആര്‍ഭാടങ്ങള്‍ക്കു വേണ്ടി ആരു ചിലവാക്കിയാലും അതിന്റെ ഏതു ഘട്ടത്തിലാണെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുന്നവരും ഇതില്‍ പങ്കാളികളാവുന്നു.

തന്നിൽ കാതലായിട്ടുള്ളതെന്തെന്നും കാതലല്ലാത്തതെന്തൊക്കെയെന്നും തിരിച്ചറിയുകയാണ് ധ്യാനം. കാതലല്ലാത്തത് കാതലാണെന്ന മിഥ്യാധാരണയാണ് എല്ലാ രോഗത്തിന്റെയും പിന്നിലുള്ളത്. രോഗമിലലാത്ത അവസ്ഥയാണ് യോഗം - ജീവിതത്തിന്റെ സമരസം മുറിയാതെ നില്ക്കുന്ന അവസ്ഥ. സുഖകരമായ ലയമാണ് യോഗം എന്ന് പറയാം. ശ്രുതിലയം, രസലയം, താളലയം എന്നിങ്ങനെ പോകുന്നു ലയങ്ങൾ. ശുദ്ധവായു നിരന്തരമായി ലഭിക്കുന്നിടത്ത് ധ്യാനനിഷ്ഠനാകുമ്പോൾ മനസ്സിനുണ്ടാകുന്ന ശാന്തിക്ക് നിർവാസനാലയം എന്ന് പറയും. അങ്ങനെയൊന്ന് എത്രപേർക്കറിയാം? സ്വജീവിതത്തിൽ എല്ലാ വിഷയത്തിലും സുവ്യക്തമായ കാഴ്ചപ്പാട് പുലര്ത്തുന്ന വ്യക്തിയെയാണ് ഭാരതീയ ദർശനങ്ങൾ ആരോഗ്യവാനായി കണക്കാക്കുന്നത്. അത് സാദ്ധ്യമാകുന്നത് തന്റെ വിചാരങ്ങളെയും വികാരങ്ങളെയും അവയുടെ ഉത്ഭവസ്ഥാനത്ത് വച്ചുതന്നെ അരിച്ചുപെറുക്കി സംശുദ്ധമാക്കാൻ ശ്രദ്ധിക്കുന്നവന് മാത്രമാണ്. പ്രശാന്തചിത്തതയാണ് അത്തരക്കാരുടെ ലക്ഷണം.  അവരാണ് ശരീരത്തിൽ ദൃഢതയും (യോഗം) മനസ്സിൽ സ്വസ്ഥതയും അനുഭവിക്കുന്നവർ. സ്വന്തം ശരീരകൂറിനിണങ്ങുന്നവ മാത്രം കഴിച്ചും പ്രകൃതിയോടിണങ്ങി പണിയെടുത്തും ഉത്സാഹത്തോടെ ജീവിക്കുന്നവര്ക്ക് ആർഭാടക്കാര്യങ്ങളിൽ രോഗസദൃശമായ അഭിവാഞ്ചയുണ്ടാവുക സാദ്ധ്യമല്ല.

ആർഭാടഭ്രാന്തുള്ളവർക്ക് അതേപ്പറ്റി കേട്ടാൽ കലികയറും. ഒരു കല്യാണാർഭാടത്തിന്റെ കാര്യം സൂചിപ്പിച്ചെഴുതിയതിന് എന്നെ തല്ലാൻ വന്നവരുണ്ട്. തല്ലു കഴിഞ്ഞും ആർഭാടം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല എന്നത് ഒരു തമാശയായി തുടരുന്നു. ഏറ്റവും വട്ടുപിടിച്ച ആർഭാടക്കാർ നാട്ടിൽ മാളികകൾ പണിയുന്ന മലയാളികളാണ് - നാടനും പ്രവാസിയും. രണ്ടാമത്തെ കൂട്ടർ, ഒരിക്കലും സ്ഥിരതാമസത്തിന് ഉപയോഗിക്കില്ല എന്നറിഞ്ഞുകൊണ്ടുതന്നെ, പടച്ചുവയ്ക്കുന്ന സൌധങ്ങൾ കണ്ടാൽ ഒരു ഗെയ്റ്റ് പുതുക്കിപ്പണിയാൻ പതിനെട്ടു ലക്ഷം എറിഞ്ഞുകളഞ്ഞ കമ്യൂണിസ്റ്റ് മന്ത്രി തോറ്റുപോകും. ഈ നിര്‍മ്മാണ ഭ്രമം കേരളീയരില്‍ ഏറെക്കൂടുതലാണെന്നു പറയാതെ വയ്യ. മകളുടെ കല്യാണസാരിക്ക് അമ്പതിനായിരം കൊടുത്തു എന്ന് പതുക്കെ പറഞ്ഞ് കോൾമയിർ കൊള്ളുന്ന തറവാടിത്തള്ളമാരുടെയെണ്ണം കൂടിവരുന്നു. കോടികളുടെ വജ്രവും സ്വർണവും ശരീരത്തിൽ തൂക്കി ഒരു ബൊമ്മപൊലെ ഇത്തരക്കാരുടെ പെണ്മക്കൾ അൾത്താരക്ക് മുന്നിൽ നിൽക്കുമ്പോൾ ആശീർവദിക്കാൻ നില്ക്കുന്ന മെത്രാനും രോമാഞ്ചം ഉണ്ടാവുമായിരിക്കും. അല്ലെങ്കിൽ പിന്നെ, ഇവിടുത്തെ ആഡംബരം മറു ലോകത്ത് പാരയായിരിക്കുമെന്ന സത്യം പറഞ്ഞുകൊടുക്കാന്‍ ഇവർ മടിക്കുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല.

ആഡംഭരം ഭ്രാന്തിന്റെ ലക്ഷണമാണെന്നും സഭാമക്കൾ അതിനുവേണ്ട ചികിത്സ ചെയ്യണമെന്നും പറയാൻ പോപ്‌ ഫ്രാൻസിസ് ധൈര്യം കാണിക്കുന്നുണ്ട്. സഭക്ക് യേശുവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അതിന്റെ എല്ലാ പ്രകടനങ്ങളിലും ആഡംഭരം സഭയിൽ നിന്ന് അപ്രത്യക്ഷമായേ ഒക്കൂ. സ്വന്തം തനിമ മറച്ചുവെച്ച് വേറെന്തോ ആയിത്തിരാന്‍, അല്ലെങ്കില്‍ മറ്റാരെയോ അനുകരിക്കാന്‍, വിഫലശ്രമം നടത്തുന്നവര്‍ക്ക് ജീവിതം നാടകമാണ്. യാഥാർഥ്യത്തെ അഭിമുഖീകരിക്കാന്‍ അത്തരം ഭീരുക്കൾക്ക് എങ്ങനെ കഴിയും?

6 comments:

  1. ആര്‍ഭാടത്തിനെ വാങ്ങിക്കൂട്ടുന്ന വസ്തുക്കളുടെയോ കാണിച്ചു കൂട്ടുന്ന കൊപ്രായങ്ങളുടെയോ മാത്രം കോളത്തില്‍ ഒതുക്കുന്നത്‌ ശരിയല്ല. നാം നമ്മുടെ പെരുമാറ്റത്തിലും ആര്‍ഭാടം അഭിനയിക്കുന്നുണ്ട്. നമ്മുടെ ചിന്തകളിലും ഉണ്ട് ആര്‍ഭാടം. ആര്‍ഭാടം അത് എത്ര ചെറുതാണെങ്കിലും കുറ്റകരമാണ്. അന്യായമായി പണമോ ഊര്‍ജ്ജമോ ചിലവിടുന്നത്‌ വഴി അന്യനു കൂടി അവകാശപ്പെട്ടത് അപഹരിക്കുകയാണെന്ന് നമ്മുടെ ജ്ഞാനികള്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞിട്ടുണ്ട്. ആര്‍ഭാടം ദൈവത്തിനും ആത്മാവിനും എതിരായ അധര്‍മ്മമാണെന്ന് നിസ്സംശയം പറയാം.
    നമ്മിലെ തനിമയെ ആര്ഭാടത്തിലൂടെ നാം മറയ്ക്കുകയാണ്.

    ReplyDelete
  2. "രാജാക്കന്മാരുടെ രാജാവേ "എന്നൊക്കെ മാലോകർ പുകഴ്ത്തിയാലും , എളിമയോടെ കാലിത്തൊഴുത്തിൽ പിറന്നവന്റെ ഉള്ളം നമ്മുടെയീ പോപ്പിന് അറിയാവുന്നതുകൊണ്ടായിരിക്കും ,ഒരു പോപ്പാദ്യമായി പുരോഹിതചൂഷകരോട് "ആർഭാടം വെടിയുവാൻ" കല്പിച്ചതു! അല്ലിയോ സക്കരിയാച്ചായ? "ശരി കണ്ടെത്തിയവനെ കൊല്ലുക" നമ്മുടെ രീതിയാകയാൽ ഈ പോപ്പിനെ കർദിനാൾവ്രിന്ദം വച്ചുവാഴിക്കുമോ ആവോ! അല്ലെങ്കിൽ "നാടോടുമ്പോൾ നടുവെ" എന്നാകണം പോപ്പ് കാലക്രമത്തിൽ . മശിഹായിക്കു നാണം മറയ്ക്കാൻ നാലുമീറ്റെർ തുണിമതിയെങ്കിൽ പ്രതിപുരുഷൻ ചമയുവാൻ കുറഞ്ഞതു നാൽപ്പതു മീറ്റെർ തുണി വേണം "ളോഹ മേലെ ളോഹ അതിന് മുകളിൽ ളോഹ" തുന്നണമെങ്കിൽ ! നൂറായിരം ടൈപ്പ് തൊപ്പി!.... വെറും കാട്ടുകമ്പു ഊന്നു വടിയാക്കിയ മോശയെ ഊശായാക്കാൻ സ്വർണംപൂശിയ വടിയുംപേറി നിൽക്കുന്ന ഇവറ്റകളെ കാണുമ്പോൾ സത്യത്തിൽ ചിരിയാണ് മനസിലുയരുക! ഭക്തിക്കു പകരം ഹാസ്യം ഉണർത്തുന്ന ഇവരുടെ ഈ "കോമാളിവേഷം" ആര്ഭാടം ആർക്കു നിർത്താനാകും; ക്രിസ്തുവിനാകുമോ? ഇല്ല ! ...വിശന്നു വലഞ്ഞു അത്തിയോപ്പോലും ശപിച്ച യേശുവിനു ഈ ആർഭാടക്കാരെ, അരമനവാസികളെ എങ്ങിനെ ഉൾകൊള്ളാനാകും? ശരിയാവില്ലിവർ ശരിയാവില്ലവൻ വീണ്ടുംവരുംവരെയും !

    ReplyDelete


  3. സാക്ക് പറഞ്ഞതുപോലെ അമേരിക്കക്കാർ ആവശ്യമില്ലാത്തതൊക്കെ വാങ്ങികൂട്ടി മേടിക്കുമെന്നത് ശരിതന്നെ. അതവരുടെ ജീവിതരീതിയാണ്. അത് മലയാളി ഒന്നാംതലമുറകളെ സംബന്ധിച്ച് ശരിയെന്ന് തോന്നുന്നില്ല. അവർ നാടിനും സ്വന്തം കുടുംബങ്ങൾക്കും അവരുടെ ഉപകുടുംബങ്ങൾക്കും നല്കിയ സേവനം അതുല്യമാണ്. കേരളത്തിലെ ഇടത്തരം കുടുംബങ്ങൾ അനേകർ രക്ഷപ്പെട്ടത് ഇവരിൽക്കൂടിയായിരുന്നു. രണ്ടാം തലമുറകൾ പ്രവാസികളല്ല. അവർ ഗവർണ്ണർ ബോബി ജിണ്ടാളിനെപ്പോലെയോ ഒബാമയെപ്പോലെ അമേരിക്കൻസംസ്ക്കാരത്തിൽ വളർന്ന അമേരിക്കക്കാരാണ്. നാടിനെപ്പറ്റിയോ സംസ്ക്കാരത്തെപ്പറ്റിയോ അവർക്കൊന്നും അറിയത്തില്ല.


    രണ്ടും . മൂന്നും ഷിഫ്റ്റ് ജോലി ചെയ്തിരുന്ന സ്ത്രീകൾക്ക് കുടുംബത്ത് ഭക്ഷണം പാകം ചെയ്യുവാൻ സമയം കാണുകയില്ല. ഒരാഴ്ചത്തെയോ രണ്ടാഴ്ച്ചത്തെയോ ഭക്ഷണം ഫ്രിഡ്ജിൽ വെച്ച് മിക്ക വീടുകളും അർദ്ധപട്ടിണിക്കാരായ സമ്പന്നരായിരുന്നു. വെള്ളവും ഇലക്ട്രിസിറ്റീയും നല്ലവണ്ണം പിശുക്കിയ കഥകൾ ഒരോ മലയാളിക്കും ഉണ്ട്. വെള്ളം ലാഭിക്കുവാൻ കുളിക്കാതെ നടക്കുന്നവരും ഉണ്ട്. ഒരോ പ്രവാസികുടുംബംമൂലം ഡസൻകണക്കിന് അവരുടെ ബന്ധുക്കളായ പുതിയ കുടുംബങ്ങൾ ഈ രാജ്യത്ത് കുടിയേറി രക്ഷപ്പെട്ടു. പിന്നീട് കുടുംബവഴക്കുകളും ആരംഭിച്ചു. കർത്താവ് പറഞ്ഞതുപോലെ പ്രധാനശത്രുക്കൾ കുടുംബക്കാരുമായി.


    സ്ത്രീകൾക്ക് ആകെ കിട്ടിയിരുന്ന സന്തോഷം ഷോപ്പിംഗ്‌നു ആഴ്ചയിൽ ഒരിക്കൽ പോവുകയെന്നതാണ്. മാതാപിതാക്കൾക്ക് ചെറുപ്പകാലങ്ങളിൽ ലഭിക്കാത്തതെല്ലാം മക്കൾക്ക്‌ മേടിച്ചു കൊടുത്ത് മക്കൾവഴി അവർ സന്തോഷിക്കും. തുണികളും കളിപ്പാട്ടങ്ങളും മേടിച്ചുകൊടുത്ത് അവരുടെ ജോലി ഭാരത്തിലെ ടെൻഷനിൽ ആശ്വാസവും കണ്ടെത്തും. മക്കളെ ശരിയായി നോക്കാൻ സാധിക്കാത്ത കുറ്റബോധവും അവരിൽ ഉണ്ട്. അവിടെ കിഴക്കിന്റെ തത്ത്വമായ ലളിത ജീവിതമൊന്നും വിലപ്പോവുകയില്ല.

    ആദ്യത്തെ തലമുറയുടെ പിശുക്കിസമ്പാദിച്ച ബാങ്ക്ബാലൻസ് രണ്ടാം തലമുറ മക്കൾമൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തിന്നുകുടിച്ചു മദിച്ചുല്ലസ്സിച്ച് ജീവിക്കുകയെന്നതാണ് പുതിയ തലമുറകളുടെ ജീവിതോദേശവും. നാളേക്ക് അവർ ചിന്തിക്കാറില്ല. അങ്ങനെയും കർത്താവ് പറഞ്ഞിട്ടുണ്ടെന്നും തോന്നുന്നു.

    ആദ്യകാലത്ത് ഞാനും ഓർക്കുന്നു. അന്ന് എന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ബന്ധുക്കളും കുടുംബക്കാരുമായി നൂറുകണക്കിന് ജനം വരുമായിരുന്നു. അനുവദിച്ചിരിക്കുന്ന പെട്ടികളിലുള്ള സമ്മാനങ്ങളും ബന്ധുക്കൾക്ക് വിതറും. പലർക്കും പല ആവശ്യങ്ങൾ. പെണ്ണിനെ കെട്ടിക്കൽ, വിദ്യാഭ്യാസം അങ്ങനെ പോവുന്നു. ആരെയെങ്കിലും ചിരിച്ചു കാണിച്ചാൽ കടവും ചോദിക്കും. പള്ളിയിൽ കുർബാന കാണാൻ ചെന്നാൽ വികാരിയച്ചന് പാരീഷ്ഹാൾ പണിയുവാൻ സംഭാവനയും വേണം. പലരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രവാസി ഒരാൾ മാത്രം. പിന്നെ പരിഭവങ്ങളും പഴിചാരലും കേൾക്കണം. നീണ്ടയാത്രകളും കഴിഞ്ഞുവരുന്ന പ്രവാസി കുടുംബങ്ങളെ ബോംബയിലെ കസ്റ്റംസ് ചങ്ങാതികൾ കഷ്ടപ്പെടുത്തിയ കഥകളും ഭീക്ഷണികളും ഇന്നും ഭീകരദിനങ്ങളായി അനുഭവപ്പെടുന്നുണ്ട്.


    ഇന്നാകെ ഞാനും മാറി. ഇന്ന് ഞാൻ കൊച്ചിയിൽ വന്നാൽ സ്വീകരിക്കാൻ അവിടെ പോർട്ടമാരും വാടകവണ്ടികളും ഉണ്ട്. സഞ്ചരിക്കാൻ പൊതുവാഹനങ്ങളും ഉണ്ട്. താമസിക്കാൻ മൂന്നാംതരം ഹോട്ടലുകളും തപ്പിയെടുക്കും. ഒരിക്കൽ എന്നെ സ്വീകരിച്ചവർക്കെല്ലം കാറുകൾ ഉണ്ടെങ്കിലും വന്നുകാണുവാനും സമയക്കുറവാണ്. എനിക്കും ലാഭം. കാരണം അന്ന് ഒരാൾക്ക്‌ കൊടുക്കേണ്ട സ്ഥാനത്ത് സമ്മാനങ്ങൾ മക്കളും മക്കൾക്കുമായി അനേകർക്ക്‌ കൊടുത്താലും മടങ്ങി കഴിഞ്ഞാൽ കുറ്റംപറിച്ചിലും മിച്ചം.


    പ്രവാസികൾ സമ്പാദിച്ചതുമുഴുവൻ മക്കളുടെ കല്ല്യാണം കഴിയുമ്പോഴേ മിക്കവാറും തീർന്നുകഴിഞ്ഞിരിക്കും. ഈ നാട്ടിലെ കല്യാണവും ആർഭാടം നിറഞ്ഞതാണ്‌. ഒരു കല്യാണം നടത്തണമെങ്കിൽ ലക്ഷകണക്കിന് ഡോളർ പൊടിക്കണം. പിന്നെ അവരുടെ വിവാഹ മോചനത്തിനും ചെലവുകളുണ്ട്. ഒരു വശത്തുനിന്ന് കേസിനായുള്ള വക്കീൽ, പണം ചോർന്നുകൊണ്ടുപോകും. പുരോഹിതർ പള്ളി പണിക്കെന്ന് പറഞ്ഞ് അവരുടെ വീതവും വഹിക്കും. ഇല്ലാത്ത അസുഖം ഉണ്ടെന്ന് പറഞ്ഞ് സമ്പാദിച്ചതിൽ വലിയപങ്ക് ഡോക്ടർമാരും കൊണ്ടുപോകും. ആരോഗ്യപ്രീമിയം, മരുന്നുകളായി വീതങ്ങൾ വേറെയും വെക്കണം. വീട് പഴയതാകുമ്പോൾ പണം എറിഞ്ഞാൽ മഴ ചോരാതെ താമസിക്കാം. നന്നാക്കി കൊണ്ടിരുന്നാൽ തണുപ്പുകാലത്ത് ചൂടും ഊര്ജവും വെള്ളവും ലഭിക്കും.


    വാർദ്ധക്യകാലത്ത് മക്കൾ നേഴ്സിംഗ്ഹോമിൽ കൊണ്ടുപോയി തട്ടും.അന്ന് സ്വന്തമായി സമ്പാദ്യം ഇല്ലെങ്കിൽ, വരുമാനമില്ലാതെ പാപ്പരായാൽ ഭാഗ്യം. എങ്കിൽ ചെലവുകൾ സർക്കാർ വഹിച്ചുകൊള്ളും. ശവം അടക്കാനും പള്ളിയിൽ കുഴലൂത്ത് നടത്താനും നല്ല ചെലവുണ്ട്. ആരോഗ്യമുള്ളപ്പോൾ പ്രവാസിയെ നാട്ടുകാർക്കും കുടുംബക്കാർക്കും ഇഷ്ടമാണ്. ഒടുവിൽ അവരുടെ ചങ്ങാതികൾ നേഴ്സിംഗ് ഹോമിലെ കൊതുകുകളും ചില സഹായി നെഴ്സുകളും ആയിരിക്കും.

    ReplyDelete
    Replies
    1. എന്തു പറയാനാ! ജോസെഫ് മാത്യു എഴുതിയ രസമുള്ള വസ്തുതകൾ വായിച്ചപ്പോൾ എന്റെ അറിവിൽപെട്ട കുറെ പൊങ്ങച്ചങ്ങളുടെ കഥകൾ ഞാനും കുറിച്ചു. ആണ്ടെ, എവിടെയോ തൊട്ടപ്പോൾ എല്ലാം മാഞ്ഞുപോയി. ഇനി ആദ്യം മുതൽ വീണ്ടും എഴുതാൻമാത്രം ക്ഷമയില്ല. എന്നാലും നേരിട്ടറിയാവുന്ന നമ്മുടെ സ്വന്തം നാട്ടുകാരുടെ ചില തകർപ്പൻ പരിപാടികൾ ഓർമ്മയിൽ നിന്ന് പകർത്തുകയാണ്. നാട്ടിൽ കഴിയുന്നവരെ വിട്ടുകളയുന്നത് അവർ മോശക്കാരായിട്ടല്ല.

      പുതിയതുതൊട്ടു തുടങ്ങാം. ഈയിടെയാണ് നാട്ടിലെത്തി, ഒരു വലിയ സദസ്സിൽവച്ച് ഒരു പ്രവാസിമലയാളി ഏറ്റവും മുന്തിയ ഓഡികാറിന്റെ താക്കോൽ 18 തികഞ്ഞ ദിവസം മകന് സമ്മാനിച്ച്‌ സദസ്യരെ വിസ്മയിപ്പിച്ചത്.

      എണ്‍പതുകളിൽ യൂറോപ്പിൽ വന്ന് മൂന്നിടത്ത് ഒരുമിച്ചു ജോലി ചെയ്തും പിശുക്കിയും രണ്ട് ആണ്മക്കളെ വളർത്തി, സ്വിറ്റ്സർലന്റിൽ സ്ഥിരതാമസമാക്കിയ, കുട്ടനാട്ടുകാർ മക്കളുടെ പേരിൽ ഓരോ കോടിയുടെ ഫ്ളാറ്റുകൾ കൊതുകു മെട്രപ്പോളിറ്റൻ സിറ്റിയായ എറണാകുളത്ത്‌ വാങ്ങിയെന്നു പറഞ്ഞഭിമാനിച്ചു. കെട്ടിവലിച്ചാൽ നാട്ടിൽ പോകാൻ മടിക്കുന്നവരാണ് മക്കൾ എന്നത് വേറെ കാര്യം.

      ഏതു രാജ്യമെന്ന് പറയുന്നില്ല, അധികം പഠിത്തമില്ലാത്ത ഒരു നസ്രാണി പ്രവാസി ചെറുക്കൻ ഇന്റർനെറ്റ് വഴി ഒരുത്തിയെ (MBBS) കണ്ടുപിടിച്ച് കുറെനാൾ മനസ്സിൽ കൊണ്ടുനടന്നു. ഫോട്ടോ അയച്ചുകൊടുത്ത്‌, മാതാപിതാക്കളുടെ വീട് കാണിച്ച്, അതും ചുറ്റുമുള്ള ഒരേക്കറോളം ഭൂമിയും തന്റെതാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. കെട്ടും നടന്നു. ഒന്നും അവന് എഴുതിക്കൊടുത്തതല്ലെന്നും ഏതു സമയത്തും ഇറക്കിവിടാമെന്ന സാദ്ധ്യത ആ നാട്ടിലുണ്ടെന്നും മനസ്സിലായപ്പോൾ പെണ്ണ് പിണങ്ങി സ്ഥലംവിട്ടു.

      തെണ്ടിത്തിരിഞ്ഞു നാട്ടില്കൂടി നടന്ന ഒരു കൊല്ലച്ചെറുക്കന് ഒരു നേര്സിനെ കെട്ടി കാനഡയിലെത്താനുള്ള ഭാഗ്യം തെളിഞ്ഞു. കെട്ട്യോളുടെ പുത്രവാത്സല്യം ഭർത്താവിനു സഹിക്കാവുന്നതിൽ കൂടുതലായിരുന്നു. കടകളിൽ ചെന്നാൽ അവർ തൊടുന്നതൊക്കെ വാങ്ങിക്കൊടുക്കും. കുപ്പിയിൽ കിട്ടുന്ന ഭക്ഷണം കെട്ടുംപടി വാങ്ങും. ഒന്നോ രണ്ടോ ഉപയോഗിച്ചാൽ ബാക്കി, പഴകിപ്പോയെന്നും പറഞ്ഞ്, എടുത്തു ദൂരെക്കളയും. ആവശ്യത്തിന്റെ നാലിരട്ടി ഭക്ഷണം ഉണ്ടാക്കി, ഒരു ശങ്കയുമില്ലാതെ വെയ്സ്റ്റിൽ ഏറിയുക സ്ഥിരം പരിപാടി. എത്ര പറഞ്ഞിട്ടും ഇത്തരം ശീലങ്ങളിൽ മാറ്റമില്ല. മക്കളും ധാരാളികളായി. വീട്ടില് നിന്ന് കാശ് കട്ടെടുത്ത് ധൂർത്തായി. മൂത്തവൻ ഒരു മുസ്ലിം പെണ്ണിന്റെകൂടെ പോയി. ഇളയവൻ ഡ്രഗ്സിന് അടിമയായി. ഒരു കൊല്ലത്തിയെ കെട്ടി നാട്ടിൽ കഴിഞ്ഞിരുന്നെങ്കിൽ എനിക്കിതു വരില്ലായിരുന്നു എന്നാണിപ്പോൾ തന്തയുടെ വിലാപം.

      തൃശൂരിൽ രണ്ടു കോടിയുടെ ബംഗ്ളാവുള്ള മറുനാടൻ മലയാളി ആറു വർഷമായിട്ട് ആകെ നാലാഴ്ചയാണ് അതിൽ വസിചിട്ടുള്ളത്. ബാക്കി സമയത്ത് ഒരു ഗൂർക്കയെ കാവൽ നിറുത്തിയിരിക്കുകയാണ്. തങ്ങളോ മക്കളോ ഇനി തിരിച്ച് നാട്ടിൽ ചെന്ന് പൊറുക്കുകയില്ലെന്നറിയാവുന്ന പലരെയുമറിയാം, എന്നാലും വേണ്ടില്ല, നാട്ടിൽ ഒരു വീടുവേണം എന്ന സ്വപ്നത്തിൽ ഉറച്ചു നിൽക്കുന്നവർ. പേരിനൊരു വീടല്ല, ചുരുങ്ങിയത് 4000 sq.ft ന്റെ ഒരെണ്ണം! മലയാളികൾക്ക് ഇതെന്തിന്റെ അസുഖമാണ്?

      Delete
  4. This comment has been removed by the author.

    ReplyDelete
  5. My Dear Zach,

    My heartfelt thanks for the beautiful things you wrote on exhibition of luxurious living. Reading through it even forced out drops of tears from my eyes, honestly. It was so touching and true to facts even as I have been observing everywhere for long

    I don't understand much of the scientific explanation you give about Darvin's theory. But on all the rest I wanted to rest and ponder over for hours and have been reflecting as you do especially in these days when Pope Francis was saying over and over again to flee from the deamon of consumerist culture and what is worse culture of waste -- yes the culture of waste staring in my face daily here is US constantly and also in Kerala, which is equivalent to stealing from the poor who are missing their daily necessities of life.

    Just think of his recent adivise to priests and sisters not to go for top model cars and fashionable mobiles. Still if they are compelled to do so to remember the marginalised who don't have a roof over over their head, enough clothes to cover their nakedness and not even quarter of a plate of food to quench their hunger. How to open their eyes, I am wondering, rather than blaming them.

    Dear Zach I wish many read the piece you wrote and draw abundant nourishment from it. As for me I wish to dwell on each one your sentences and get lost in meditation. May the lord reward you and help you to do more. Affectionately, james

    ReplyDelete