Translate

Friday, July 24, 2015

ആയുധവ്യാപാരികളെ ക്രിസ്ത്യാനികളായി കാണാനാവില്ലെന്നു മാര്‍പാപ്പാ


(ജൂലൈ ലക്കം സത്യജ്വാലയില്‍നിന്ന്)

ടൂറിന്‍: ലോകശക്തികള്‍ക്കും ആയുധവ്യാപാരികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ആയുധവ്യാപാരത്തിലേര്‍പ്പെടുകയോ ആയുധവ്യവസായത്തില്‍ മുതല്‍മുടക്കുകയോ ചെയ്യുന്നവര്‍ തങ്ങള്‍ ക്രിസ്ത്യാനികളാണെന്നു കരുതുന്നുണ്ടെങ്കില്‍ അതു കാപട്യമാണെന്നു മാര്‍പാപ്പ പറഞ്ഞു. ടൂറിനില്‍ യുവാക്കളുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദരും ക്രിസ്ത്യാനികളും ജിപ്‌സികളും പീഡനത്തിനിരയാകുന്നതു തടയാന്‍ വന്‍ശക്തികള്‍ക്കു കഴിഞ്ഞില്ല. സ്റ്റാലിന്‍ ഭരണകൂടത്തിനു കീഴില്‍ റഷ്യയില്‍ ക്രിസ്ത്യാനികള്‍ പീഡനത്തിനിരയായി. പീഡനകേന്ദ്രങ്ങളിലേക്കുള്ള റെയില്‍ പാതയുടെ ചിത്രം പോലും പാശ്ചാത്യരാജ്യങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നു. എന്നാല്‍ ദുരിതം അനുഭവിക്കുന്നവരെ രക്ഷിക്കാന്‍ നടപടി ഉണ്ടായില്ല. പകരം, കേക്കുപോലെ യൂറോപ്പിനെ വിഭജിക്കുന്നതിനാണ് വന്‍ശക്തികള്‍ ശ്രമിച്ചത്. ചെറുരാജ്യങ്ങളെ ചൂഷണം ചെയ്യുന്നത് തുടരുകയാണെന്നും മാര്‍പാപ്പ പറഞ്ഞു. മനുഷ്യരില്‍മാത്രം വിശ്വസിക്കുന്നവര്‍ എല്ലാം നഷ്ടപ്പെടുത്തുകയാണെന്നും യുവജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി.
(2015 ജൂണ്‍ 23-ലെ മംഗളം പത്രത്തില്‍നിന്ന്)
- ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ഈ കൂരമ്പു പായുന്നത്, ക്രൈസ്തവമുഖംമൂടി ധരിച്ച്, മിഷണറിപ്രവര്‍ത്തനത്തിലൂടെയും കച്ചവടതന്ത്രങ്ങളിലൂടെയും ആയുധശക്തിയിലൂടെയും ശക്തിരാഷ്ട്രീയത്തിലൂടെയും ലോകമെമ്പാടും അധിനിവേശം നടത്തി, ജനതകളെയും പ്രകൃതിവിഭവങ്ങളെയും കൊള്ളയടിച്ച് ഭൂമിയെത്തന്നെ ദരിദ്രമാക്കി സ്വയം സമ്പന്നരാകുകയും അതേ നയംതന്നെ ഇന്നും തുടരുകയും ചെയ്യുന്ന യൂറോ-അമേരിക്കന്‍ വന്‍ശക്തികളുടെ തിരുനെറ്റിയി ലേക്കാണ്. ആയുധവ്യവസായത്തിന്റെയും പ്രകൃതിചൂഷണത്തിന്റെയും ആര്‍ത്തിയുടെയുമായ ഇന്നത്തെ ബാബിലോണ്‍ഗോപുര വികസനസങ്കല്പത്തിന്റെ ഉപജ്ഞാതാക്കളും 'സുവിശേഷ' പ്രഘോഷകരും മറ്റാരുമല്ലല്ലോ.
'ക്രൈസ്തവ'മേല്‍വിലാസമുള്ള വന്‍ശക്തികളെ മാത്രമല്ല, മുന്‍ വത്തിക്കാന്‍ സംവിധാനത്തെവരെ പരോക്ഷമായി മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്, ഈ പ്രസ്താവനയിലൂടെ മാര്‍പ്പാപ്പാ. യഹൂദവംശഹത്യയ്ക്ക് ഹിറ്റ്‌ലര്‍ക്കു പച്ചക്കൊടി കാട്ടിയ 12-ാം പീയൂസ് മാര്‍പ്പാപ്പായെയും, ആയുധവ്യവസായത്തില്‍ മുതല്‍മുടക്കിയിരുന്ന മുന്‍ വത്തിക്കാന്‍ ബാങ്ക് അധികൃതരെയും, അതിനെതിരെ നീങ്ങാനിരുന്ന ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായെ വധിച്ചു എന്നു കരുതപ്പെടുന്ന വത്തിക്കാനിലെ ഗൂഢകര്‍ദ്ദിനാള്‍സംഘത്തെയുമെല്ലാം അക്രൈസ്തവമുദ്ര ചാര്‍ത്തി യഥാര്‍ത്ഥ ക്രൈസ്തവസഭയില്‍നിന്നു മഹറോന്‍ ചൊല്ലുകയാണു മാര്‍പ്പാപ്പാ, ഈ പ്രഖ്യാപനത്തിലൂടെ.

No comments:

Post a Comment