Translate

Monday, July 13, 2015

സിസ്റ്റര്‍ ടീന - മറ്റൊരു ജോവാന്‍ ഓഫ് ആര്‍ക്ക്



കെ.ജോര്‍ജ് ജോസഫ്
(ജൂണ്‍ ലക്കം സത്യജ്വാലയിൽനിന്ന്)

 
ജോവാന്‍ ഓഫ് ആര്‍ക്ക് - ദുര്‍മന്ത്രവാദിനിയെന്നു മുദ്രകുത്തി കത്തോലിക്കാസഭ ചുട്ടുകൊല്ലുകയും പിന്നീട് അതേ സഭതന്നെ സി. അല്‍ഫോന്‍സയെപ്പോലെ വിശുദ്ധയാക്കുകയും ചെയ്ത ഫ്രാന്‍സിലെ ധീരവനിത! സാഹചര്യം വ്യത്യസ്തമാണെങ്കിലും തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഏതാണ്ട് അതേ നിലവാരത്തില്‍ അനീതിക്കും അക്രമത്തിനുമെതിരെ പോരാടുകയും മാറ്റൊരു അഭയയാകാതെ അത്ഭുതകരമായി രക്ഷപെടുകയും ചെയ്ത സന്ന്യാസിനിയാണ് സിസ്റ്റര്‍ ടീന സി.എം.സി. അവരും ഞാറയ്ക്കല്‍ പ്രശ്‌നവുമായുള്ള ബന്ധം വ്യക്തമാക്കുന്നതിനുമുന്‍പ് അവരെ ഒന്നു പരിചയപ്പെടുത്താം.

ചേടത്തിയും അനിയത്തിയും മഠത്തില്‍ ചേരാന്‍ വാശിപിടിച്ച്, ആദ്യം അനിയത്തിയും പിന്നീട് ചേടത്തിയും ഒരേ സന്ന്യാസസഭയില്‍ അംഗമായതില്‍ അനിയത്തിയാണ് സിസ്റ്റര്‍ ടീന. ജ്യേഷ്ഠസഹോദരിയാണ് സിസ്റ്റര്‍ ആനി ജെയ്‌സ്. സന്ന്യാസിനിയായശേഷം കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സും പരിശീലനവും നല്‍കുന്ന സെന്റ് മേരീസ് വൊക്കേഷണല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലയായിരുന്നു സി. ടീനയ്ക്ക്, 1988 മുതല്‍. പിന്നീട് അതിന്റെ കീഴില്‍ത്തന്നെയുള്ള സെന്റ് മേരീസ് പ്രസിന്റെ ചുമതലകൂടി കിട്ടി. കൂടാതെ, സെന്റ് അഗസ്റ്റിന്‍സ് അനാഥാലയത്തിന്റെ ചാര്‍ജും; ഒപ്പം അതിന്റെതന്നെ കീഴിലുള്ള എസ്റ്റേറ്റിന്റെ ചുമതലയും. ചേച്ചിയാകട്ടെ, അവിടെത്തന്നെയുള്ള സെന്റ് മേരീസ് ഹൈസ്‌കൂളിലെ അധ്യാപിക. ഈ സ്‌കൂളിന്റെ ഭാഗംതന്നെയാണ് വൊക്കേഷണല്‍ ട്രെയിനിങ് ഇന്‍സ്റ്റിസ്റ്റ്യൂട്ട്...

അങ്ങനെയിരിക്കെ 1992-ല്‍  ഒരു സംഭവമുണ്ടായി.  17 വയസുകാരിയായ ഒരു ഹിന്ദുപെണ്‍കുട്ടി വീട്ടില്‍നിന്ന് ഒളിച്ചോടി എറണാകുളത്തെത്തി. അവിടെവെച്ച് ഒരു മുസ്ലീം യുവാവുമായി പരിചയപ്പെടുകയും അവനും കൂട്ടുകാരനുംകൂടി തേവര കോളെജിലെ അധ്യാപകനായ ഫാ. പൂണോലി സി.എം.ഐ. വഴി ടി കുട്ടിയെ സെന്റ് അഗസ്റ്റിന്‍സ് അനാഥാലയത്തില്‍ എത്തിക്കുകയും ചെയ്തു. ദിവസങ്ങള്‍ കടന്നു പോകവേ, പെണ്‍കുട്ടിക്ക് അസ്വസ്ഥത. ചുമതലക്കാരിയായ സിസ്റ്റര്‍ ടീന കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംശയം നിശ്ചയമായി  - കുട്ടി ഗര്‍ഭിണിയാണ്. ഉത്തരവാദി  മുസ്ലീം യുവാവാണ്. കൂട്ടുകാരനെ കണ്ടെത്തി ഉത്തരവാദിയായ മുസ്ലീം യുവാവിനെ പിടികൂടി. അവനോട് ലോഹ്യത്തില്‍ പറഞ്ഞുനോക്കി. പയ്യന്‍ വഴങ്ങുന്നില്ല. പെണ്‍കുട്ടിയും കഴിഞ്ഞതൊക്കെ ഓര്‍മ്മിപ്പിച്ചു. പയ്യന്‍ അടുക്കുന്നില്ല. ശബ്ദമുയര്‍ന്നു. നാട്ടുകാരറിഞ്ഞു. ആളുകൂടി. പോലീസെത്തി.സ്റ്റേഷനിലെത്തി. പോലീസ് പെണ്‍കുട്ടിയുടെ അമ്മയെ  വിളിച്ചുവരുത്തി. കാര്യം സാധിക്കാന്‍ മതം തടസ്സമായില്ലെങ്കിലും അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ പയ്യന്‍   തയ്യാറായില്ലത്രെ! ഒടുവില്‍  അമ്മയുടെകൂടെ പെണ്‍കുട്ടിയെ പോലീസ് പറഞ്ഞുവിട്ടു! മുന്‍പരിചയത്താല്‍ അമ്മ വഴിതെറ്റാതെ ആശുപത്രിയിലെത്തി പ്രശ്‌നപരിഹാരം നടത്തി.

പിന്നീടാണു കഥയുടെ സസ്‌പെന്‍സ്... പെണ്‍കുട്ടിക്ക് സിസ്റ്ററ്. ടീനയെ മതി! പോലീസിതാ, പെണ്‍കുട്ടിയുമായി വീണ്ടും അനാഥാലയത്തില്‍! അല്ലെങ്കില്‍ അവള്‍ വണ്ടിയില്‍

നിന്നു ചാടി ചാവുമത്രെ! പക്ഷേ അവളെ അനാഥാലയത്തിലെടുക്കാന്‍ മറ്റു സിസ്റ്റേഴ്‌സ് സമ്മതിക്കുന്നില്ല. ഗത്യന്തരമില്ലാതെ ടീന അവളെ മദര്‍ തെരേസാ കോണ്‍വെന്റില്‍ ഏല്‍

പ്പിച്ചു. പിന്നീട് കോടതിയില്‍നിന്നു കടലാസെത്തുകയും പെണ്‍കുട്ടിയെ കോടതിയിലെത്തിക്കേണ്ട ചുമതല വന്നുകൂടുകയും ചെയ്തപ്പോഴാണു താനൊരു ഊരാക്കുടുക്കിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് സിസ്റ്റര്‍ ടീന തിരിച്ചറിഞ്ഞത്. പോലീസിന്റെ പക്ഷപാതവും നിരുത്തരവാദിത്വവും കേസിന്റെ നൂലാമാലയും സി. ടീനയെ ഒരു തീരുമാനത്തിലെത്തിച്ചു - നിയമം പഠിക്കണം. അങ്ങനെ 1998-ല്‍ 47-ാമത്തെ വയസില്‍ സിസ്റ്റര്‍ ടീന നിയമപഠനത്തിനു ചേര്‍ന്നു. 2002-ല്‍ പാസായി പുറത്തു വന്നപ്പോഴാണ് അടുത്ത പാര! തിങ്കളാഴ്ച സന്നതെടുക്കുന്നതിനായി ഫീസടച്ച് ഒരുങ്ങിയിരുന്ന സിസ്റ്റര്‍ ടീനയെ ശനിയാഴ്ച  വൈകിട്ട് നാലുമണിക്ക് അതില്‍നിന്നു   വിലക്കിക്കൊണ്ട് ബാര്‍ കൗ ണ്‍സില്‍ അറിയിപ്പുനല്‍കി. കാരണം, സന്ന്യാസം ഒരു തൊഴിലാണ്. ഒരു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വക്കീല്‍ പ്രാക്ടീസ് ചെയ്യാന്‍ പാടില്ല. കേസായി.... ടീന കേസ് ജയിക്കുകതന്നെ ചെയ്തു.

(ഈ വിധിവഴി 6 പുരോഹിതര്‍കൂടി രക്ഷപെട്ടു. ഈ കേസിന്റെ ക്രെഡിറ്റ് അതിലെ തോമസ് പുതുശ്ശേരി എന്ന മിടുക്കന്‍ പുരോഹിതന്‍ തട്ടി യെടുത്തു എന്നതു വിധിവൈ

പരീത്യം) 2006 മെയ് 26-നു പ്രാ ക്റ്റീസാരംഭിച്ചു. അതേ വര്‍ഷമാണല്ലോ, ഞാറയ്ക്കലില്‍ സഭയുടെ വിമോചകന്‍ ഫാ. ആന്റണി ചിറപ്പണത്തിന്റെ രണ്ടാം വരവും സംഘര്‍ഷങ്ങളും; ഒടുവില്‍ ചിറപ്പണത്തെ ഇടവകക്കാര്‍ ഓടിക്കുന്നതും!

ഇതിനിടയില്‍ ചേച്ചി സിസ്റ്റര്‍ ആനി ജെയ്‌സ് റിട്ടയര്‍ ചെയ്തു. അവരെ ഞാറയ്ക്കല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിന്‍സിപ്പലായി സി.എം.സി. സഭ നിയമിച്ചു. തുടര്‍ന്ന് അവതീര്‍ണനായ ഫാ. കരിയാറ്റിയാണല്ലോ, സംഘര്‍ഷം മഠത്തിനുള്ളിലെത്തിച്ചത്.

2009 ആഗസ്റ്റ് 25-ലെ കോണ്‍വെന്റ് ആക്രമണത്തില്‍ സിസ്റ്റര്‍ റെയ്‌സിക്ക് ഗുരുതരമായി പരിക്കേറ്റ വിവരമറിഞ്ഞ് എറണാകുളം പ്രോവിന്‍സിന്റെ എഡ്യുക്കേഷന്‍ കൗണ്‍സിലറായ സിസ്റ്റര്‍ ലീനാപോള്‍ ആവശ്യപ്പെട്ടതനുസരിച്ച് സിസ്റ്റര്‍ ടീന എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തി സി.റെയ്‌സിയോട് വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി. തന്റെ നിയമപരിജ്ഞാനം ഉപയോഗപ്പെടുത്തി, സ്വന്തം സഹോദരിമാര്‍ക്കുവേണ്ടി പൊരുതാന്‍ ടീന നിശ്ചയിച്ചു. പക്ഷേ, അതൊരു വലിയ തെറ്റാണെന്നും തന്റെ ജീവിതവും ജീവനുംവരെ വിലയായി നല്‍കേണ്ടിവരുമെന്നും അവര്‍ വഴിയേ അനുഭവിച്ചറിഞ്ഞു. കേസില്‍നിന്നു പിന്മാറണം എന്നാവശ്യപ്പെട്ട് മദര്‍ ജനറല്‍മുതല്‍ മെത്രാന്‍വരെ വെറുതെ പറയുക മാത്രമല്ല, ഭീഷണിപ്പെടുത്തുകതന്നെ ചെയ്തു..

അതേക്കുറിച്ച് ടീന പറയുന്നു: 'രാപകല്‍ സമ്മര്‍ദ്ദവും ഭീഷണിയും... മദര്‍ ജനറല്‍ സിസ്റ്റര്‍ എഡ്വേര്‍ഡുമായി ഒരു ദിവസം വൈകിട്ട് ആറര മണിക്കു തുടങ്ങിയ ചര്‍ച്ച അര്‍ദ്ധരാത്രിയും കഴിഞ്ഞ് വെളുപ്പിനു 3 മണിയായതോടെ എനിക്കു തലചുറ്റല്‍ വരുന്നു... ഛര്‍ദ്ദിക്കാന്‍ വരുന്നു... ഞാന്‍ ജനറാളമ്മയോടു പറഞ്ഞു, എന്റെയമ്മേ, എനിക്കു വയ്യ, ഞാന്‍ ഒരിത്തിരിനേരം കിടക്കട്ടെ... ദിവസങ്ങളോളം ഞാന്‍ ഉറക്കമില്ലാതെ കിടന്നിട്ടുണ്ട്... സഭാധികൃതര്‍ക്ക് ഒന്നേ പറയാനുള്ളു- ഞാറക്കല്‍ സിസ്റ്റേഴ്‌സിനോട് കേസില്‍നിന്നു പിന്മാറാന്‍ പറയൂ.... സ്‌കൂള്‍ നമുക്കു വേണ്ട. അതു വിട്ടുകൊടുക്കാന്‍ പറയൂ. ടീന പറഞ്ഞാലേ അവര്‍ കേള്‍ക്കൂ... ടീനയ്ക്ക് വേണ്ടതെന്താന്നുവെച്ചാല്‍ ചോദിച്ചോ... മോള്‍ക്കു ഞങ്ങള്‍ തരാം... ഡിസ്പന്‍സേഷന്‍ ഞാന്‍ പിന്‍വലിക്കാം....' എന്നാല്‍, സ്വന്തം സഹോദരങ്ങളെ വഞ്ചിക്കാന്‍ ടീന തയാറായില്ല - മനുഷ്യത്വം മരവിക്കുന്ന തുടര്‍സംഭവങ്ങള്‍ പിന്നാലെ .....                                ഫോണ്‍: 9496313963

No comments:

Post a Comment