Translate

Wednesday, July 22, 2015

ഫ്രാന്‍സീസ് മാര്‍പ്പാപ്പാ - ഭൂമിയെന്ന പൊതുഭവനത്തിലെ രാജര്‍ഷി II

സത്യജ്വാല ജൂലൈ ലക്കത്തിലെ എഡിറ്റോറിയല്‍
(തുടര്‍ച്ച)

മൂന്നാമധ്യായം, ഇന്നത്തെ പരിസ്ഥിതിപ്രശ്‌നങ്ങളെല്ലാം മനുഷ്യസൃഷ്ടമാണെന്നു സ്ഥാപിക്കുന്നു. ശാസ്ത്രസാങ്കേതികവളര്‍ച്ചയെ മാനുഷികമായ ഉത്തരവാദിത്വത്തോടെ ഉപയോഗപ്പെടുത്തുന്നപക്ഷം അതു ഗുണകരമാണെന്നും, എന്നാല്‍ മനുഷ്യന്റെ ശാസ്ത്ര-സാങ്കേതിക വളര്‍ച്ചയ്ക്കനുസൃതമായി ഈ ഉത്തരവാദിത്വബോധം വികസിതമായിക്കാണുന്നില്ലെന്നും, തന്മൂലം അബോധത്തിന്റെ അന്ധമായ ശക്തികള്‍ക്കും നൈമിഷിക ആവശ്യബോധങ്ങള്‍ക്കും സ്വകാര്യമാത്രതാല്പര്യങ്ങള്‍ക്കും അതുല്പാദിപ്പിക്കുന്ന അക്രമവാസനകള്‍ക്കും മനുഷ്യന്‍ സ്വയം വിട്ടുകൊടുക്കാനിടയാകുന്നുവെന്നും, മനുഷ്യസ്വാതന്ത്ര്യം അപ്രത്യക്ഷമാകാന്‍ അതുകാരണമാകുമെന്നും യുക്തിഭദ്രമായി വിശദീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഇന്നത്തെ വികസനസങ്കല്പത്തിന്റെയും ആഗോള വ്യാവസായിക-കമ്പോളവ്യവസ്ഥിതിയുടെയും മനുഷ്യനും പ്രകൃതിക്കും വിരുദ്ധമായ ഉള്ളടക്കം തുറന്നുകാട്ടുന്നു....

നാലാമദ്ധ്യായം മുന്നോട്ടുവയ്ക്കുന്നത്, പാരിസ്ഥിതിക- സാമ്പ ത്തിക-സാമൂഹികതലങ്ങളെ സമഗ്രമായി കൂട്ടിയോജിപ്പിച്ചുള്ള ഒരു പരിസ്ഥിതിസൗഹൃദ ജീവിതദര്‍ശനമാണ്....അതിന്റെ അടിസ്ഥാന ത്തിലുള്ള നയസമീപനവും പ്രവര്‍ത്തനമാര്‍ ഗ്ഗരേഖയും വിശദമായി അവതരിപ്പിക്കുന്നു, അഞ്ചാം അദ്ധ്യായത്തില്‍.... 

ആറാം അദ്ധ്യായ ത്തില്‍, പരിസ്ഥിതിവിദ്യാഭ്യാസവും ആത്മീയപരിശീലനവും തമ്മിലുള്ള അഭേദ്യബന്ധം വിശദീകരിക്കുകയും ഒരു പാരിസ്ഥിതികമാന സാന്തരത്തിലേക്കും അതാവശ്യപ്പെടുന്ന ഒരു പാരസ്പര്യ-ബന്ധുത്വജീവിതശൈലിയിലേക്കും മനുഷ്യന്‍ തിരിയേണ്ടതിന്റെ അനിവാര്യത സമര്‍ ത്ഥിക്കുകയും ചെയ്യുന്നു. അദ്ദേഹം പറയുന്നു: ''പല കാര്യങ്ങളിലും ദിശാമാറ്റം ഉണ്ടാകേണ്ടതുണ്ട്; എന്നാല്‍, അതിലെല്ലാമുപരിയായി, മനുഷ്യരായ നാമാണു മാറേണ്ടത്. നമ്മുടെ പൊതു ആവിര്‍ഭാവത്തെക്കുറിച്ചും പരസ്പര ബന്ധുത്വത്തെക്കുറിച്ചും എല്ലാവരുമായി പങ്കുവയ്‌ക്കേണ്ട ഭാവിഭാഗധേയത്തെക്കുറിച്ചുമുള്ള നമ്മുടെ അവബോധം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഈ അടിസ്ഥാനഅവബോധമുണര്‍ത്തി, അതിനനുസൃതമായ പുതിയ ജീവിതകാഴ്ചപ്പാടുകള്‍ക്കും മനോഭാവങ്ങള്‍ക്കും ജീവിതശൈലിക്കും രൂപംകൊടുക്കാന്‍ മനുഷ്യനു കഴിയും. സാംസ്‌കാരികവും ആദ്ധ്യാത്മികവും വിദ്യാഭ്യാസപരവുമായ ഒരു മഹത്തായ വെല്ലുവിളിയാണ് നമുക്കുമുമ്പിലുള്ളത്. നവീകരണത്തിന്റെ ഒരു ദീര്‍ഘപാത വെട്ടിയൊരുക്കുവാന്‍ അതു നമ്മോടാവശ്യപ്പെടുന്നു'' (202-ാം ഖണ്ഡിക). മനുഷ്യരെ മാടിവിളിച്ച്, നവമായ ഒരു ആത്മീയതയിലേക്ക് അദ്ദേഹമവരെ പിച്ച നടത്തുന്നതെങ്ങനെയെന്നു നോക്കുക: ''പ്രപഞ്ചത്തെ പരിപൂരിതമാക്കുന്ന ദൈവത്തിലാണ് പ്രപഞ്ചം അനാവൃതമാകുന്നത്. അതുകൊണ്ട്, ഒരു ഇലയില്‍, ഒരു പര്‍വ്വതനിരയില്‍, ഒരു തുഷാരബിന്ദുവില്‍, ദരിദ്രനായ ഒരു മനുഷ്യന്റെ മുഖകമലത്തില്‍ ഒക്കെ ദിവ്യതയുടേതായ ഒരു രഹസ്യാത്മക അര്‍ത്ഥം കണ്ടെത്തേണ്ടതുണ്ട്. ആത്മാവിലുള്ള ദൈവികപ്രവര്‍ത്തനത്തെ കണ്ടെത്താന്‍ ഒരുവന്‍ ബഹിര്‍മുഖതയില്‍നിന്ന് തന്റെ ആന്തരികതയിലേക്കു കടന്നാല്‍ മാത്രം പോരാ; മറിച്ച്, എല്ലാ വസ്തുക്കളിലും ദൈവത്തെ കണ്ടെത്തേണ്ടതുണ്ട്'' (233-ാം ഖണ്ഡികയില്‍നിന്ന്).

എത്ര എഴുതിയാലും പറഞ്ഞാലും തീരാത്തത്ര ഉള്‍ക്കാഴ്ച പ്രദാനംചെയ്യുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ഈ ചാക്രികലേഖനത്തെ ഈ കാലഘട്ടത്തിന്റെ പ്രകാശധോരണി (beacon light) എന്നു വിശേഷിപ്പിക്കാം. സാര്‍വ്വലൗകികമായിത്തന്നെ അംഗീകാരയോഗ്യമായിരിക്കുന്ന അദ്ദേഹത്തിന്റെ നവ ആത്മീയദര്‍ശനം ഇതിലെ ഓരോ വരിയിലും വരികള്‍ക്കിടയിലും പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്നു. ആമുഖമുള്‍പ്പെടെയുള്ള 7 അദ്ധ്യായങ്ങളില്‍ 246 ഖണ്ഡികകളിലായി, ആഴ്ന്നും പരന്നും കിടക്കുന്ന ഈ ചാക്രികലേഖനത്തെ, ഈ കാലഘട്ടത്തിനുമേല്‍ ഇരുണ്ടുമൂടിക്കിടക്കുന്ന കാര്‍മേഘപടലങ്ങളില്‍ തെളിഞ്ഞുവന്ന മാരിവില്ലായി കാണാം. അതത്രയും മനോഹരവും ഹൃദയാവര്‍ജകവും, ഒരു പാരിസ്ഥിതികമാനസാന്തരത്തിലേക്കു കടക്കാന്‍ ലോകത്തെയാകെ നിര്‍ബന്ധിക്കാന്‍ പോരുന്നതുമാണ്. എന്നാല്‍, മനുഷ്യന്റെ ലിപികളിലാക്കി അദ്ദേഹമെഴുതിയിരിക്കുന്ന കാലത്തിന്റെ ഈ ചുവരെഴുത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാനും അതനുസ്സരിച്ച് സ്വയം മാറാനും ഓരോ മനുഷ്യനും മനുഷ്യരാശിയും തയ്യാറാകുന്നില്ലെങ്കില്‍, മൂടിനില്‍ക്കുന്ന ഈ കാര്‍മേഘപാളികളില്‍ കൊള്ളിയാന്‍ ഗര്‍ജ്ജനമിരമ്പുകയും ദുരന്തപ്പെരുമഴ പ്രളയമായി വന്ന് നമ്മെ മൂടുകയും ചെയ്യുമെന്നു നാമോര്‍ ക്കേണ്ടതുണ്ട്.പക്ഷേ, അങ്ങനെ സംഭവിക്കുകയില്ലെന്ന പ്രത്യാശ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ മനുഷ്യകുല
ത്തിനു നല്‍കുന്നു: ''മാറ്റം സാധ്യമാണ്. സ്രഷ്ടാവ് നമ്മെ കൈവിട്ടിട്ടില്ല; അവിടുന്നൊരിക്കലും തന്റെ സ്‌നേഹപദ്ധതി വേണ്ടെന്നുവയ്ക്കുകയോ മനുഷ്യനെ സൃഷ്ടിച്ചതില്‍ പരിതപിക്കുകയോ ഇല്ല. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ പൊതുഭവനം സംരക്ഷിച്ചു നിലനിര്‍ത്താനുള്ള മനുഷ്യരാശിയുടെ ശേഷി ഇന്നും നിലനില്‍ക്കുന്നു'' (13-ാം ഖണ്ഡികയില്‍നിന്ന്) എന്നാണദ്ദേഹം പ്രത്യാശിക്കുന്നത്.
ഈ ശുഭാപ്തിവിശ്വാസം ഉറപ്പിക്കാന്‍ സഹായിക്കുന്ന രണ്ടു പ്രാര്‍ത്ഥനാഗീതങ്ങളോടെ യാണ് അദ്ദേഹം ചാക്രികലേഖനം അവസാനി പ്പിച്ചിരിക്കുന്നത്. അതില്‍, ഫ്രാന്‍സീസ് അസ്സീസി യുടെ ഭാവാത്മകശൈലിയെ അനുസ്മരിപ്പിക്കുന്ന, 'ഭൂമിക്കുവേണ്ടി ഒരു പ്രാര്‍ത്ഥന' എന്ന ഭാവഗീതം (കാണുക, പേജ്: 5) ചാക്രികലേ ഖനത്തിനു മകുടം ചാര്‍ത്തിനില്‍ക്കുന്നു.
ഒരു മഹാഗുരുവിന്റെ പാദാന്തികത്തില്‍ ബുദ്ധിയും ഹൃദയവും തുറന്ന് അദ്ദേഹത്തെ  ശ്രവിക്കുന്ന ശിഷ്യരുടെ മനോഭാവത്തോടെ, ഇതിലെ ഓരോ വാക്യവും ഉള്‍ക്കൊള്ളുകയും മനനത്തിനും ധ്യാനത്തിനും വിധേയമാക്കുകയും ചെയ്യേണ്ട ആധുനിക ഉപനിഷത്താണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ഈ ചാക്രികലേഖനം എന്നു പറയട്ടെ.                        - എഡിറ്റര്‍

No comments:

Post a Comment