Translate

Saturday, July 11, 2015

അവനെ വിടരുത്!

ഞാൻ ഗൾഫിൽ കാലുകുത്തിയിട്ട് പത്തു പതിനഞ്ചു വർഷങ്ങളായെന്നു പറയാം. ഇതു പറയാൻ ഒരു കാര്യമുണ്ട്. ആദ്യം ഞാൻ ജോലി ചെയ്തിരുന്ന റിയാദിൽ (സൗദി) കത്തോലിക്കാ വിശ്വാസം നിഷിദ്ധമായിരുന്നു (ഇപ്പോഴും വ്യത്യാസമില്ല). ബൈബിൾ താളുകൾ ചുളുക്കിക്കൂട്ടിയും, പേജുകൾ കീറിയും, കുരിശു പോലും പാർട്ടുകൾ ആയും, കൊന്ത വളകളായും ഒക്കെയാണവിടുത്തെ കത്തോലിക്കർ സൗദിയിലേക്കു വന്നുകൊണ്ടിരുന്നത്. പേടിച്ചാണെങ്കിലും, എല്ലാ വെള്ളിയാഴ്ചകളിലും കത്തോലിക്കർ രഹസ്യമായി ഒരുമിച്ചു കൂടുമായിരുന്നു - പ്രാർത്ഥിക്കാൻ. സംശയം തോന്നാതിരിക്കാൻ, ഇതിനു വരുന്നവർ ഫർലോങ്ങുകൾ അകലമിട്ടേ കാറുകൾ പാർക്ക് ചെയ്യുമായിരുന്നുള്ളൂ. ഞാനവിടെവെച്ചു പരിചയപ്പെട്ട ഒരു പാലാക്കാരനുണ്ട്. ഞങ്ങളുടെ കല്യാണങ്ങൾ തലേന്നും പിറ്റേന്നും ആയിരുന്നു. ഇഷ്ടൻ സൗദിയിൽ തന്നെ ഉണ്ടായിരുന്ന ഒരു നേഴ്സിനെ കെട്ടി, ഞാൻ കാഞ്ഞിരപ്പള്ളിയിൽ നിന്നും അദ്ധ്യാപികയായ ഒരൊറ്റപുത്രിയേയും കെട്ടി. കൂട്ടുകാരൻ പക്ഷെ, അധികം താമസിയാതെ അമേരിക്കയിലേക്കു കുടുംബസഹിതം പോയി. ഒക്കൽഹോമായെന്നു പറഞ്ഞു കേട്ടിട്ടെയുള്ളൂ; പോയതിൽ പിന്നെ ഞങ്ങൾ ബന്ധപ്പെട്ടിട്ടില്ലെന്നു പറയുന്നതാണു ശരി. ഇപ്പോളദ്ദേഹം എവിടെയെന്നും അറിയില്ല. അയാൾ പോയി ആറുമാസത്തിനകം ഇവിടെനിന്നു തന്നെ ഒരാളേക്കൂടി അവൻ അങ്ങോട്ട് കൊണ്ടുപോയിരുന്നു. അയാളന്ന് ഒക്കൽഹോമയേപ്പറ്റി പറഞ്ഞ വാക്കുകളിന്നും ഞാനോർക്കുന്നു. അവിടെ വെറും മുപ്പത് മലയാളി കുടുംബങ്ങൾക്കു മാത്രമായി മലയാളം കുർബ്ബാന നടക്കുന്നുണ്ടെന്നവൻ പറഞ്ഞിരുന്നു. അങ്ങോട്ടു പോയ രണ്ടാം കക്ഷി പറഞ്ഞത് അങ്ങോട്ടു വിസാ ശരിയാക്കി തരുന്നതിൽ അവിടുത്തെ കത്തോലിക്കാ സമൂഹത്തിനും കൈയ്യുണ്ടെന്നായിരുന്നു, ആ വഴി ഇരുപതോളം പേരെ അവർ ഒക്കൽഹോമയിലേക്ക് തന്നെ കൊണ്ടുപോയിട്ടുണ്ടെന്നും അവൻ പറഞ്ഞിരുന്നു. അങ്ങോട്ടു പത്തു നേഴ്സുമാരെ വരുത്തിയാൽ അവിടെ സ്വന്തമായി ഒരു പള്ളിയുണ്ടാക്കാമെന്ന് അച്ചന്മാർ കണ്ടു; അതിന്റെ ഭാഗമായിരുന്ന വിസാ ഒപ്പിക്കലിലാണ് ഗൾഫിൽ നിന്നു കുറേപ്പേർ അമേരിക്കക്കു കടന്നതെങ്കിൽ ഒരു വലിയ ചോദ്യം അവശേഷിക്കും. എന്തുകൊണ്ടാണവിടുത്തെ കൂട്ടായ്മ, ഗൾഫിൽ നിന്നാളിനെ വരുത്തിയത്? അവിടെയാണ് സീറൊ മലബാർ നയതന്ത്രം. 

സ്വന്തം വിശ്വാസം രക്ഷിക്കാൻ എത്രമേൽ ബുദ്ധിമുട്ട് ഗൾഫുകാർക്ക് അനുഭവപ്പെട്ടോ അത്രമേൽ ഗൾഫ് കത്തോലിക്കർ സഭയുമായി അഭിരക്തരായിരുന്നു. അവരുടെ ആ ദൗർബ്ബല്യമാണ് ഒക്കൽഹോമായിൽ സഭ ചൂഷണം ചെയ്തത്; മറ്റു പള്ളികളെ സംബന്ധിച്ചും ഇതു ശരിയാണ്. നാട്ടിൽ നിന്നു വരുന്ന നേഴ്സുമാർക്ക് ആ ചൂട് കാണണമെന്നില്ലെന്നു സഭക്കറിയാം. ഒക്കൽഹോമയിൽ 2008ൽ സ്വന്തം പള്ളി വാങ്ങിച്ചത് ഈ പുത്തൻ കുടിയേറ്റക്കാരുടെ ബലത്തിൽ ആയിരുന്നിരിക്കാനേ വഴിയുള്ളൂ. എവിടെ വിശ്വാസം ചോദ്യം ചെയ്യപ്പെട്ടോ അവിടെല്ലാം സഭ വളർന്നിട്ടുള്ളതേയുള്ളൂ, വിശ്വാസികളും സ്ഥിരപ്പെട്ടിട്ടുള്ളതേയുള്ളൂ. എവിടെ സഭ അധികാരത്തിലും സുഖ സൗകര്യങ്ങളിലും അവകാശങ്ങളിലും മുങ്ങിയോ അന്നെല്ലാം സഭ ചീഞ്ഞ ചെളിയിൽ കുളിച്ചിട്ടുമുണ്ട്. അതാണ്, ഇപ്പോൾ കേരളത്തിലും ലോകമെമ്പാടും സീറോ സഭയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കോട്ടയം ഭാഗത്തു നിന്നു വളരെയേറേപ്പേർ വിദേശത്തുണ്ട്, അവരുടെ സമ്പാദ്യം വാരിക്കോരി വാങ്ങി പള്ളികൾ വാങ്ങുന്നുമുണ്ട്, മിച്ചമുള്ളത് ധ്യാനം, മെത്രാൻ വരവ് മുതൽ ചടങ്ങുകളിലൂടെയും വാങ്ങിക്കുന്നുണ്ട്. ഇവർ ശ്രദ്ധിക്കാത്ത ഒരു കണക്കു ഞാൻ പറയാം, കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങൾ! അവിടെ വിദേശത്തുള്ള മക്കളെയോർത്തു കണ്ണീരൊഴുക്കി കാത്തിരിക്കുന്നത് അയ്യായിരത്തോളം പേരാണ്; അതിൽ ബഹു ഭൂരിപക്ഷവും ക്രിസ്ത്യാനികളുമാണ്. ഇവിടെ വേറൊരു കണക്കും കൂടിയുണ്ട്, അതു വൃദ്ധസദനത്തിലെത്തിയില്ലെങ്കിലും അവഗണിക്കപ്പെട്ടവരുടേതാണ്; ഇതും വരും പതിനായിരങ്ങൾ. വിദേശത്തുള്ള മക്കളുടെയും അവരുടെ ശമ്പളത്തിന്റെയും വിശദാംശങ്ങൾ പള്ളികൾ ശേഖരിച്ചിട്ടുണ്ട്; പക്ഷേ അവരുടെ മാതാപിതാക്കന്മാരുടെ അവസ്ഥ എഴുതാനുള്ള കോളം ആ ഫോമിൽ ഇല്ലായിരുന്നു; ഞാൻ പറഞ്ഞതു കൊണ്ട് അങ്ങോട്ടാരും തിരിയണ്ടാ. കാഞ്ഞിരപ്പള്ളിയിൽ മോനിക്കായെ രൂപത നോക്കിയ കഥ അറിയാത്തവർ കേരളത്തിൽ ആരുണ്ട്? കർഷകനെ ഇൻഫാം നോക്കിയതും പരസ്യം. 

എല്ലായിടത്തു നിന്നും ഒരേ പോലുള്ള സ്വരം കേൾക്കുന്നു, യുവാക്കളെ പള്ളിയിലേക്കു കാണാനില്ല. ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നതു നിർബന്ധമല്ലായെന്നു കരുതുന്ന ഒരു തലമുറ പിറകേ വരുന്നു; പരമാവധി അത്രയും ദൂരം കൂടിയേ കേരളസഭയും ഈ പ്രൗഢിയിൽ ഓടാനിടയുള്ളൂ. വിദേശങ്ങളിൽ കടുത്ത നിലപാടു സ്വീകരിച്ചിട്ടും കത്തോലിക്കാ പെൺകുട്ടികൾ മറ്റു മതസ്ഥരുടെ പിന്നാലെ പോവുന്നു. ഈ പ്രതിഭാസം കാഞ്ഞിരപ്പള്ളിയിൽ മാത്രമല്ല, ഇടുക്കിയിലും, തൃശ്ശൂരും എല്ലാ വിദേശ രാജ്യങ്ങളിലും വ്യാപകം; കടുത്ത ക്നാനായാ മക്കൾ വെളുത്തരക്തം എവിടെക്കണ്ടാലും ചൂടാവുന്നു. എല്ലാ മെത്രാന്മാരും ഇക്കാര്യം പറഞ്ഞു കരയുന്നു. ഒരു ദിവസം രണ്ട് പെൺകുട്ടികൾ വെച്ചു കത്തോലിക്കാ സഭ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നു (ഇതു ചോർത്തി കിട്ടിയ ഒരു കണക്കാണ്). തമാശ എന്താണെന്നു ചോദിച്ചാൽ, ഒരു ഷാൾ മാറുന്നത്ര ലാഘവത്തോടെയാണു കുട്ടികൾ ഇതു ചെയ്യുന്നതെന്നതാണ്. അതു സൂചിപ്പിക്കുന്നത്, ഇത്രക്കാഴത്തിലേ അവരിൽ വിശ്വാസം ഉണ്ടായിരുന്നുള്ളൂവെന്നല്ലേ? ഈ ഫോർമുലാ വേറൊരു രീതിയിൽ ഇട്ടാൽ, സർവ്വ കൂദാശകൾക്കും തല വെച്ചു തരുന്ന യുവാക്കളുടെ ഉള്ളിലും വിശ്വാസം വെറും ഒരു സാംസ്കാരിക രേഖ മാത്രമെന്ന് കാണാം. യുവാക്കൾ പള്ളിയിൽ വരാത്തതിന്റെ കാരണം മനസ്സിലാകാത്ത ഏതെങ്കിലും അച്ചന്മാർ ഇനിയുമുണ്ടോ? 

സർവ്വ ധ്യാനഗുരുക്കന്മാരും തുറന്നു സമ്മതിക്കുന്നു, സഭയിൽ ചില പോരായ്കകൾ ഉണ്ട്. എങ്കിൽ പിന്നെ അവർ നിൽക്കുന്ന പള്ളിയിലെങ്കിലും അതു പരിഹരിച്ചിട്ടു വരാൻ ഇവരോടാരു പറയും? സഭാധികാരികൾ ആളുകളെ പേടിപ്പിക്കാൻ ഒരു കാലത്തു തലയോട്ടി വരെ പള്ളിക്കുള്ളിൽ കൊണ്ടുവരുമായിരുന്നു. നരകത്തിലെ/ശുദ്ധീകരണസ്ഥലത്തെ ചൂടിന്റെ തീവ്രതയോർത്തു പള്ളിയിൽ വിശ്വാസികൾ വന്നുകൊണ്ടിരുന്ന അക്കാലം പോയി. പിന്നെ,  കുർബ്ബാന ക്രമം മലയാളത്തിലായി, അച്ചന്മാർ ആർഭാടപ്രിയരായ മലയാളികളുമായി. എങ്കിലും, അരിശം വന്നാൽ എന്തും ചെയ്തേക്കാവുന്ന ദൈവത്തെ ഭയന്നു ജനങ്ങൾ പിന്നെയും അഭിഷിക്തരെ പിന്തുടർന്നു. അതു മങ്ങിയപ്പോൾ, എന്റെ അഭിഷിക്തനെ തൊട്ടാൽ അവനെ ദൈവം തട്ടും എന്നായി. അച്ചന്മാരുടെയും മെത്രാന്മാരുടെയും അഴിമതിക്കെതിരെ പ്രതികരിച്ച അനേകർ ഇപ്പോഴും വിശ്വാസികളേക്കാൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കുന്നുവെന്നതും, മിണ്ടാതിരിക്കേണ്ട വൃത്തികേടല്ല ചില വൈദികരും മേലദ്ധ്യക്ഷന്മാരും കാണിക്കുന്നതെന്നും, സഭാധികാരികൾക്കു പോലും ബോദ്ധ്യമായപ്പോൾ അത്തരം വിരട്ടു നിന്നു. ഈ തട്ട് നിങ്ങളാണ് വാങ്ങിക്കാൻ പോവുന്നതെന്നു മാർപ്പാപ്പാ പറഞ്ഞതും കാരണമായി എന്നു വെച്ചോ.  ഒരു ചെറിയ കുറ്റത്തിനു സഭയെ മുഴുവൻ ആക്ഷേപിക്കരുതെന്നായി അപ്പോൾ. കുറ്റക്കരുടെ എണ്ണം കൂടിയപ്പോൾ ഇതു ബഹുവചനത്തിലായി. അതും ക്ലിക്കു ചെയ്യാതെ വന്നപ്പോൾ പുതിയ അടവുമായി വരുന്നു, 'എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും വിശ്വാസത്തിൽ ആഴപ്പെടുക'. അതിന്റെ അർഥം, സഭ മുഴുവനായോ, കഷണങ്ങളായോ നെറികേടിൽ മുങ്ങിയെന്നിരിക്കാം, പക്ഷേ നിങ്ങൾ അവരെ വിശ്വസിക്കാതിരിക്കരുത് എന്നാണ്. ഈ ഭാഗം നമ്മുടെ ബൈബിളുമായി ഒത്തു പോകുന്നുവെന്ന കാര്യം പറയാതിരിക്കാനും വയ്യ. അവരുടെ വാക്കുകൾ കേട്ടാൽ മതി, അവരെ അനുഗമിക്കരുതെന്നല്ലേ അതിലുള്ളത്? 

ഇവിടെനിന്നും, അച്ചന്മാരെ ജനങ്ങൾ താമസിയാതെ ഓടിക്കും; കാരണം, വിശ്വാസം എന്താണെന്നും അവർക്കറിയില്ല, പറയുന്ന വാക്കുകൾക്കും യുക്തിയില്ല; അത്ര തന്നെ. കടലിന്റെ അപ്പുറത്തു കരയുണ്ടെന്നു വിശ്വസിച്ചതുകൊണ്ടോ, യേശു ദൈവമാണെന്നു തന്നെ വിശ്വസിച്ചതുകൊണ്ടോ ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനം എന്നെങ്കിലും ഉണ്ടാകുമോ? ദൈവം ഉണ്ടെന്നു തന്നെ വിശ്വസിച്ചതുകൊണ്ടും ആർക്കും ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. പക്ഷെ, ദൈവത്തെ അനുഭവിക്കാനും, ദൈവത്തെ അറിയാനും ആർക്കിടവന്നാലും സംഗതി മാറും. അത്തരം ഒരു 'അറിവിന്റെ' (മനസ്സിലാക്കലിന്റെ) കാര്യമാണ്  തോമ്മാശ്ലീഹാ പറഞ്ഞത്. തോമ്മാശ്ലീഹായെ ഏറ്റവും വലിയ അവിശ്വാസിയായി എല്ലാവരും കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും; വിശ്വാസം എന്താണെന്ന് കാണിച്ചുതന്നത് അദ്ദേഹമല്ലേ? അദ്ദേഹം കാണിച്ചു തന്ന ഈ സാധനം എന്താണന്നാണ് അച്ചന്മാരും പഠിക്കേണ്ടത്. തോമ്മാ സംശയിച്ചു, തിരുമുറിവിൽ സ്പർശിക്കണം എന്നു വാശിയും പിടിച്ചു. പക്ഷേ, യേശു പ്രത്യക്ഷപ്പെട്ട് നിന്റെ കൈ നീട്ടൂവെന്നാവശ്യപ്പെട്ടപ്പോൾ തോമ്മാ കൈനീട്ടുകയോ, മുറിവിൽ സ്പർശിക്കുകയോ ചെയ്തില്ല, പകരം 'എന്റെ കർത്താവേ എന്റെ ദൈവമേ' യെന്നു പറഞ്ഞു വിതുമ്പുക മാത്രമാണു ചെയ്തത്. അതായത്, വിശ്വാസം എന്നു പറയുന്നതു കൊണ്ട് തോമ്മാ സ്ലീഹാ ഉദ്ദേശിച്ചത് സത്യം അറിയുക എന്നതാണ്. അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങളേക്കുറിച്ച് എന്തു വിചാരമാണു സാദ്ധ്യമാവുക? ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നല്ല പറയേണ്ടത്; പകരം, ദൈവത്തെ ഞാൻ അറിയുന്നു എന്നു തന്നെയാണ്. ഇവിടെ യേശു തോമ്മായോട് പറഞ്ഞതും ശ്രദ്ധിക്കണം. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ എന്നാണ്. ഇതിന്റെയർത്ഥം, 'പി ഓ സി പറയുന്നതു വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ' എന്നു തർജ്ജമ ചെയ്ത കൊഞ്ഞാണന്മാരെപ്പറ്റി ഞാനെന്തു പറയാൻ? കർത്താവ് ഉദ്ദേശിച്ചത്, തോമ്മാ നേരിട്ട് ഭൗതിക കണ്ണുകൾ കൊണ്ട് കണ്ടപ്പോൾ ഉണ്ടായ അതേ അനുഭവത്തിൽ, ആന്തരിക തിരിച്ചറിവിലൂടെ എത്തിയവൻ ഭാഗ്യവാന്മാർ എന്നാണ്. ഈ തത്ത്വമാണ് ധ്യാനത്തിന്റെ ലക്ഷ്യമായി ഭാരതീയ ആചാര്യന്മാർ ഉദ്ദേശിക്കുന്നതും. 

മലയാളത്തിൽ ഇത്തരം മനസ്സിലാക്കൽ ചിന്തകൾക്കെല്ലാം കൂടി ഒരൊറ്റ വാക്കേയുള്ളൂ - വിശ്വാസം. അവിടെ കിടന്നാണു സീറോ മലബാറിന്റെ സർക്കസ്. യേശു, മുഖ്യനെന്നു വിശേഷിപ്പിച്ച ശിക്ഷ്യൻ നേരിട്ട് പറഞ്ഞിട്ടും, കേട്ടതു ശരിയാണെന്നു ബോദ്ധ്യപ്പെടാതെ, അല്ലെങ്കിൽ അതു സ്വയം തിരിച്ചറിയാതെ, ആ വഴി ചാടാൻ പോകാതിരുന്ന ഒരേയൊരു ശിക്ഷ്യന്റെ പിൻഗാമികളാണ്, 'ഞങ്ങൾ പറയുന്നിടത്തു' നിന്ന് എന്തെല്ലാം പ്രലോഭനങ്ങൾ ഉണ്ടായാലും മാറരുതെന്നും, ആ നിൽപ്പാണു വിശ്വാസമെന്നും, അതിൽ ആഴപ്പെടണമെന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രിയ തോമ്മാ ഭക്തരെ, കാര്യങ്ങൾ അറിയാനുള്ള അവസരം ആവശ്യപ്പെടാനും നിങ്ങൾക്കവകാശമുണ്ട്, തെറ്റാണെന്നറിഞ്ഞ ഒരു മാർഗ്ഗത്തിൽ നിന്നു മാറി നിൽക്കാനും നിങ്ങൾക്കവകാശമുണ്ട്. അതാവശ്യപ്പെടുന്നവനേ അതിനുള്ള അവസരവും കിട്ടാനിടയുള്ളൂ താനും; അങ്ങിനെ തെളിവ് ആവശ്യപ്പെടുന്നതു പാപമാണെന്നു കർത്താവ് പറഞ്ഞിട്ടുമില്ല. കേട്ടിട്ടില്ലാത്തവർക്കു വേണ്ടി ഒരു കാര്യം കൂടി പറയാം. ആദ്യകാല ബൈബിളിന്റെ അവസാന വാചകമായിരുന്നു, 'എന്റെ കർത്താവെ എന്റെ ദൈവമേ' യെന്നുള്ള തോമ്മാ സ്ലീഹായുടെ നിലവിളി. തുടർന്നുള്ള അദ്ധ്യായം, പിന്നിട് എഴുതി ചേർത്തതാണെന്ന കാര്യത്തിൽ ഏതാണ്ട് എല്ലാവരും യോജിക്കുന്നുണ്ട്. അതായത്, ഇങ്ങിനെയൊരു തിരിച്ചറിവ് ഉണ്ടായാൽ പിന്നെ വചനങ്ങളുടെ ആവശ്യമുണ്ടെന്ന് ആദ്യകാല സഭാധിപന്മാർക്കു തോന്നിയില്ല. അങ്ങിനെ യാതൊന്നും ആവശ്യമില്ലാത്ത ഒരവസ്ഥയിൽ ജനങ്ങളെ എത്തിച്ചാൽ സഭ എങ്ങിനെ നിലനിൽക്കും? അതാണ് നമ്മുടെ സഭയുടെ ഇപ്പോഴത്തെ പ്രശ്നം! 

ഇപ്പോൾ ഒരു മെത്രാനും സംതൃപ്തനല്ല, അവർക്കറിയാം അരമനക്കു പുറത്തവർ ബഹുമാനിക്കപ്പെടുന്നില്ലെന്ന്; ചക്കക്കുരുവിന്റെ കാര്യം പറഞ്ഞതുപോലെയായിട്ടുണ്ട്. അകത്തിരുന്നാൽ, ഒരു പോറലുപോലും ഏൽപ്പിക്കാതെ നോക്കാൻ ചുളയുണ്ട്, ചകിണിയുണ്ട് അതും പോരാഞ്ഞിട്ട് കട്ടിക്കൊരു മുള്ളൻ പാക്കിംഗും പുറത്തുണ്ട്, പ്രത്യേകിച്ചൊരു പണിയുമില്ല. പക്ഷേ, ഈ കുരുവിനെ മനുഷ്യന്റെ കൈയ്യിൽ കിട്ടിയാലോ? മിക്കവാറും ഒരൊറ്റയേറു കാണാം. അതിനെ ചുട്ടോ തോരൻ വെച്ചോ കഴിച്ചാൽ, അപ്പോൾ തുടങ്ങും ഉള്ളിൽ വിപ്ലവം. ഇതിനെ തെങ്ങിഞ്ചോട്ടിൽ കളഞ്ഞാലും ഒരെണ്ണം പൊലും കിളിർക്കാതെയും പോകില്ല. വരിക്ക കിളിർത്താൽ ഉണ്ടാകുന്നത് കൂഴയായിരിക്കും താനും. അച്ചന്മാരുടെ ഗതി അതിലും വിചിത്രം, വഴിയിൽ വെച്ചു കണ്ടാൽ ഇടവക ജനം കണ്ടില്ലാപ്പട്ടു മുഖം തിരിക്കുന്നു. ഒരു ബസ്സിൽ കയറിയാൽ ആരും ഏറ്റു തരുമെന്ന വിചാരമേ വേണ്ട. ഒരു പൊതു പരിപാടിക്കും ഇവരെയാരെയും ആരും ക്ഷണിക്കാറുമില്ല. അടുത്ത തിരഞ്ഞെടുപ്പാകുമ്പോൾ വോട്ട് ചോദിച്ച് ആരും അരമനയിലേക്കു വരാനും ഇടയില്ല. 

കസ്തൂരി രംഗൻ റിപ്പോർട്ടിൽ സർക്കാർ തീരുമാനം ഓഗസ്റ്റിൽ വരുന്നതോടെ കേരളത്തിൽ രണ്ടു മെത്രാന്മാർക്കു വീണ്ടും പണിയാവും - ഒരാൾക്കു ചോദിച്ചതു കിട്ടി; ഒരാൾക്കു കുറേക്കൂടി കിട്ടാനുണ്ട്. അയർലന്റിലെ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ എല്ലാരും ഓർത്തിരിക്കുന്നത് കത്തോലിക്കരെല്ലാം സ്വവർഗ്ഗാനുരാഗികളാണെന്നായിരിക്കാം. എന്റെ അഭിപ്രായം, സഭക്കെതിരെ പരസ്യമായി വോട്ട് രേഖപ്പെടുത്താൻ കിട്ടിയ ഒരവസരം വിശ്വാസികൾ വിനിയോഗിച്ചു എന്നേയുള്ളൂവെന്നാണ്. അതായത്, വല്യമ്മയെ കൊച്ചുമകൻ കെട്ടുന്നത് അനുകൂലിക്കണോ എന്നു കേരളാ സർക്കാർ ചോദിച്ചാൽ, 90% കത്തോലിക്കരും കുഴപ്പമില്ലായെന്നു പറഞ്ഞെന്നിരിക്കും. എങ്ങിനെ സർവ്വേ നടത്തിയാലും നൂറു ശതമാനം വിശ്വാസികളും ഒരേ അഭിപ്രായം പറയാൻ സാദ്ധ്യതയുള്ള ഒരു ചോദ്യവുമുണ്ട്. ആ ചോദ്യം ഇതാണ് -  ഒറ്റക്കൊരു മെത്രാനെ കൈയ്യിൽ കിട്ടിയാൽ നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ ഉറങ്ങുകയാണോ എന്നു ചോദിച്ചാൽ, അതേയെന്നുത്തരം പറയാൻ ആർക്കും പറ്റില്ലല്ലൊ! അതു പോലൊരു കെണി ഈ ചോദ്യത്തിനുമുണ്ട് - ഉണർന്നിരിക്കുന്നവർക്കു മുഴുവൻ ഒരൊറ്റ ഉത്തരമേ കാണൂ.

1 comment:

  1. "അയർലന്റിലെ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ എല്ലാരും ഓർത്തിരിക്കുന്നത് കത്തോലിക്കരെല്ലാം സ്വവർഗ്ഗാനുരാഗികളാണെന്നായിരിക്കാം. എന്റെ അഭിപ്രായം, സഭക്കെതിരെ പരസ്യമായി വോട്ട് രേഖപ്പെടുത്താൻ കിട്ടിയ ഒരവസരം വിശ്വാസികൾ വിനിയോഗിച്ചു എന്നേയുള്ളൂവെന്നാണ്." എന്ന രോഷന്മോന്റെ അഭിപ്രായത്തോട് എനിക്ക് നല്ല വിയോജിപ്പുണ്ട് ! കാരണം , പണ്ടേ "ദൈവം ഞങ്ങള്‍ക്ക് പുല്ലാണ് "എന്നമാതിരി, ഉല്‍പ്പത്തിയിലെ സോദോമ്യരെ//ഗോമേരായരെ തോല്പ്പിക്കുമാറു സ്വവര്‍ഗരതിയില്‍ സ്വര്‍ഗം കണ്ടെത്തിയ വി.കത്തോലിക്കാപുരോഹിതരും, വി.കന്യാവസ്ത്രത്തില്‍ വീര്‍പ്പുമുട്ടിയ കര്‍ത്താവിന്റെ മണവാട്ടിമാരുടെ 'പശുക്കള്‍ അമറുന്ന കറുത്തവാവ് രാവുകളിലെ' നെടുവീര്‍പ്പുകള്‍ സ്വയം രുചിച്ഛറിഞ്ഞ 'ലിസ്ബിയനിസവും' ലോകമാകെ പരക്കുമ്പോള്‍, ഇന്നല്ലെങ്കില്‍ നാളെ അവരിത് കേരളത്തിലും ജീവിതരീതിയാക്കും എന്നതില്‍ എനിക്ക് തെല്ലും സംശയമില്ല ! വി.പുരോഹിതന്റെ വി.കുര്‍ബാന കൂടുതല്‍ വിശുദ്ധമാക്കാനായി അല്ത്താരാബോയ്സിനെത്തന്നെ ഈ അതിനീച്ചകര്‍മ്മത്തിനു കൂട്ട് പ്രതികളാക്കിയത്തില്‍ വി.സഭയും വി.അജഗണവും ആനന്ദിക്കട്ടെ!! കര്‍ത്താവിന്റെ പ്രതിപുരുഷനും മണവാട്ടിയും ഏര്‍പ്പെട്ടിരിക്കുന്ന സ്വവര്‍ഗരതിയില്‍ അശ്ലീലമായി ഒന്നുമില്ലെന്ന് ഓരോ കത്തോലിക്കനും ലോകമെന്പാടും അറിയാവുന്ന സത്യവുമാണ് ! കേരളവും അല്ല ഭാരതവും ഈ ശിക്ഷണത്തില്‍ മുങ്ങാതെ നോക്കാന്‍ ഇവിടുത്തെ ഹിന്ദുമൈത്രി എന്നാണാവോ ഇനിയും ഉണരുക?!

    ReplyDelete