Translate

Tuesday, July 21, 2015

ഫ്രാന്‍സീസ് മാര്‍പ്പാപ്പാ - ഭൂമിയെന്ന പൊതുഭവനത്തിലെ രാജര്‍ഷി

സത്യജ്വാല ജൂലൈ ലക്കത്തിലെ എഡിറ്റോറിയല്‍

ഭാരതത്തിന്റെ ഋഷിപാരമ്പര്യത്തില്‍ രാജാക്കന്മാരും ഋഷിമാരായിരുന്ന, രാജര്‍ഷിമാരായിരുന്ന, ചരിത്രമുണ്ട്. ഋഷിമാര്‍ ആത്മജ്ഞാനവും ബ്രഹ്മജ്ഞാനവും നേടിയ ആദ്ധ്യാത്മികാചാര്യന്മാരും പ്രബോധകരുമായിരുന്നെങ്കില്‍, രാജര്‍ഷിമാര്‍ ഈ ജ്ഞാനത്തിനുപുറമേ, വിജ്ഞാനവും, ജനങ്ങളെ നയിക്കുവാനും സംരക്ഷിക്കുവാനും ആവശ്യമായ പ്രായോഗികഭരണപാടവവും നയതന്ത്രജ്ഞതയുംകൂടി നേടിയവരായിരുന്നു. ജ്ഞാനി ആയതിനാല്‍ അഹന്ത തീണ്ടാതെയും തന്‍കാര്യതല്പരത കൂടാതെയും സത്യത്തിലും നീതിയിലും ചരിക്കാനും, വിജ്ഞാനി ആയതിനാല്‍ ലോകകാര്യങ്ങളുടെയും മനുഷ്യമനസ്സുകളുടെയും ഗതിവിഗതികളറിഞ്ഞു ജാഗ്രത്താകുവാനും, കര്‍മ്മനിപുണനായതിനാല്‍ ആ ജാഗ്രതയോടെ ആകമാന ഐശ്വര്യം ലക്ഷ്യമാക്കി സമൂഹ
ജീവിതത്തിന്റെ തേരുതെളിക്കാനും അവര്‍ക്കു കഴിഞ്ഞിരുന്നു. മഹാതേജസ്വികളായ അവരെപ്പോഴും സന്തോഷചിത്തരും പ്രസന്നവദനരും സ്ഥിതപ്രജ്ഞരും പ്രതിസന്ധിയുടെ ഏതു കടല്‍ത്തിരമാലകള്‍ക്കു മുകളിലൂടെയും യേശുവിനെപ്പോലെ, ശുഭാപ്തിവിശ്വാസത്തിന്റെ അടിപതറാത്ത കാല്‍വയ്പുകളുമായി നടന്നുനീങ്ങാന്‍ പ്രാപ്തരുമാണ്.

ചരിത്രത്തിന്റെ ഹൈവേകളിലെ വഴിവിളക്കുകള്‍ പ്രതിന്ധിക്കൊടുങ്കാറ്റുകളില്‍ അണഞ്ഞുപോകുമ്പോഴാണ്, എല്ലാവരും ഇരുട്ടില്‍ത്തപ്പി കൂട്ടിയിടിച്ച് വീണുതുടങ്ങുമ്പോഴാണ്, സൂര്യോദയംപോലെ ഇത്തരം മഹാതേജസ്വികള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടാറുള്ളത് എന്നു തോന്നുന്നു. ഇപ്പോഴിതാ, വ്യാജ ആദ്ധ്യാത്മികതയും മതഭീകരതയും മാമോന്‍ഭരണസംവിധാനങ്ങളും പ്രകൃതിചൂഷണവും പരിസ്ഥിതിനാശവുമെല്ലാം ചേര്‍ന്നുള്ള ദുരവസ്ഥകളുടെയും ആസ ന്നമായ മഹാദുരന്തങ്ങളുടെയും അഗ്നിപര്‍വ്വതശിഖരങ്ങളിലെത്തിനില്‍ ക്കുന്ന ഇന്നത്തെ ഇരുള്‍മൂടിയ ലോകത്തേക്ക് പ്രത്യാശയുടെ ഉദയസൂര്യനെപ്പോലെ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ എന്ന മഹാതേജസ്വി ഒരു ധാര്‍മ്മികശക്തിസ്രോതസ്സായി ശക്തര്‍ക്കു താക്കീതും അശരണര്‍ക്ക് ആലംബവും സകലര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി, കടന്നുവന്നിരിക്കുന്നു. നാലാംനൂറ്റാണ്ടു മുതല്‍, യേശുവിന്റെപേരില്‍ ഒരു ഭൗതികസാമ്രാജ്യം കെട്ടിപ്പടുക്കാന്‍ കരുവാക്കിയ റോമിലെ അതേ  'പരിശുദ്ധ'സിംഹാസനത്തില്‍ ആരൂഢമുറപ്പിച്ചാണ് ലോകകത്തോലിക്കരുടെ ഇപ്പോഴത്തെ രാജാവുകൂടിയായ അദ്ദേഹം ഈ നൂറ്റാണ്ടിന്റെ രാജര്‍ഷിയായിത്തീര്‍ന്നിരിക്കുന്നത്. 

'സ്തുതിയായിരിക്കട്ടെ' (Laudato Si) എന്ന പേരില്‍, 'നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണ'ത്തെക്കുറിച്ച് അദ്ദേഹം ഈയിടെ എഴു തിയതും ലോകമാകെ ഇപ്പോള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യാനാരംഭിച്ചിരി ക്കുന്നതുമായ ചാക്രിക ലേഖനം മാര്‍പ്പാപ്പായുടെ ഈ അത്യുന്നതസ്ഥാനം സ്ഥിരീകരിക്കാന്‍പോന്നതാണ്.
താന്‍ മാതൃകാപുരുഷനായി സ്വീകരിച്ചിട്ടുള്ള ഫ്രാന്‍സീസ് അസ്സീസിയുടെ ''ഞങ്ങളെ നിലനിര്‍ത്തുകയും ഭരിക്കുകയും ഞങ്ങള്‍ക്കായി വിവിധയിനം ഫലങ്ങള്‍ വര്‍ണ്ണഭംഗിയാര്‍ന്ന പൂക്കളോടും സസ്യങ്ങ ളോടുമൊപ്പം നല്‍കുകയും ചെയ്യുന്ന, ഞങ്ങളുടെ സഹോദരിയായ ഭൂമീമാതാ വിലൂടെ, കര്‍ത്താവേ അങ്ങേക്കു സ്തുതി'' എന്ന കീര്‍ത്തനത്തില്‍ ആരംഭിക്കുന്ന ബൃഹത്തായ (180 പേജുകള്‍) ചാക്രികലേഖനം, ഉല്പത്തി 2:7-ലെ, ''കര്‍ത്താവായ ദൈവം ഭൂമിയിലെ പൊടികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തി'' എന്ന ബൈബിള്‍ വാക്യം ഓര്‍മ്മപ്പെടുത്തി, 'നാം ഈ ഭൂമിയിലെ മണ്ണാണ് എന്ന വസ്തുത നമ്മള്‍ മറക്കുന്നു' എന്നു പ്രസ്താവിച്ചും, ജോണ്‍ 23-ാമന്‍ മാര്‍പ്പാപ്പായുടെ യുദ്ധവിരുദ്ധതയെയും സമാധാനകാംക്ഷയെയും അനുസ്മരിച്ചും, ജോണ്‍ പോള്‍ 2-ാമന്‍ മാര്‍പ്പാപ്പാ, ബെനഡിക്ട് 16-ാമന്‍ മാര്‍പ്പാപ്പാ, കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ എന്നിവരുടെ പരിസ്ഥിതിസംബന്ധമായ ഉദ്ധരണികള്‍ നിരത്തിയുമാണ് മുന്നോട്ടുനീങ്ങിത്തുടങ്ങുന്നത്. 

തുടര്‍ന്ന്, മനുഷ്യനെന്ന ഒരേയൊരു ജീവിവര്‍ഗ്ഗത്തിന്റെ ചെയ്തികളാല്‍ വികലവും വിരൂപവുമാക്കപ്പെട്ട, സര്‍വ്വജീവിവര്‍ഗ്ഗങ്ങളുടെയും പൊതുഭവനമായ ഭൂമിയുടെ നാശോന്മുഖമായ ഇന്നത്തെ അവസ്ഥയെ സൂക്ഷ്മത്തിലും സ്ഥൂലത്തിലും നോക്കിക്കാണുകയാണദ്ദേഹം. അതൊരു വെറും നോക്കിക്കാണലല്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം. മനുഷ്യന്റെ ആദ്ധ്യാത്മികവും സാംസ്‌കാരികവും രാഷ്ട്രീയവും സാമ്പത്തികവും നൈതികവുമായ എല്ലാ തലങ്ങളെയും സംയോജിപ്പിച്ചു സമഗ്രമാക്കിയ ഒരു വീക്ഷണകോണിലൂടെയുള്ള അത്യപൂര്‍വ്വമായ ഒരു നോക്കിക്കാണലാണത് എന്നു പറഞ്ഞേതീരൂ. ആത്മീയജ്ഞാനത്തെയും ഭൗതികവിജ്ഞാനങ്ങളെയും സംശ്ലേഷിപ്പിച്ച്, ഹൃദയത്തിലൂടെ കാര്യങ്ങള്‍ പറയുകയാണദ്ദേഹം, ആര്‍ക്കും മനസ്സിലാകുന്നത്ര ലളിതഭാഷയില്‍.
അദ്ദേഹത്തിന്റെ ഹൃദയപൂര്‍വ്വകവും ആശയസംവേദനക്ഷമവുമായ രചനാശൈലിയിലേക്കും, അദ്ദേഹം പങ്കുവയ്ക്കുന്ന ജീവത്തായ പാരിസ്ഥിതിക കാഴ്ചപ്പാടുകളിലേക്കുമുള്ള ഒരു എത്തിനോട്ടത്തിനായി, ഇതില്‍നിന്നുള്ള ഏതാനും ഉദ്ധരണികളിതാ: 
'ഞങ്ങളുടെ സഹോദരിയായ ഭൂമീമാതാവ്' എന്നു ഫ്രാന്‍സീസ് അസ്സീസി വിളിക്കുന്ന നമ്മുടെ ഈ ഭൂമിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നതു കാണുക: ''ദൈവം അവള്‍ക്ക് അവകാശമായി നല്‍കിയിരിക്കുന്ന വസ്തുക്കളെയെല്ലാം ഉത്തരവാദിത്തരഹിതമായി ഉപയോഗിച്ചും ദുരുപയോഗിച്ചും നമ്മള്‍ അവളുടെമേല്‍ ഏല്പിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളെപ്രതി ആ സഹോദരി ഇന്നു വാവിട്ടു നിലവിളിക്കുകയാണ്'' (2-ാം ഖണ്ഡികയില്‍നിന്ന്).
പ്രകൃതിസ്‌നേഹികളുടെ വിശുദ്ധന്‍ എന്നദ്ദേഹം വിളിക്കുന്ന ഫ്രാന്‍സീസ് അസ്സീസിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്തെന്ന് അദ്ദേഹം ഇങ്ങനെ പറയുന്നു: ''പ്രകൃതിയോടുള്ള കരുതലും ദരിദ്രരോടുള്ള നീതിനിഷ്ഠയും സമൂഹത്തോടുള്ള അര്‍പ്പണമനോഭാവവും മനുഷ്യന്റെ ആന്തരികശാന്തിയും തമ്മില്‍ വേര്‍
തിരിക്കാനാവാത്ത ബന്ധമാണുള്ളതെന്ന് അദ്ദേഹം നമുക്കു കാട്ടിത്തരുന്നു'' (10-ാം ഖണ്ഡികയില്‍നിന്ന്).
''...വിഭവസമൃദ്ധിയും സാമ്പത്തികമോ രാഷ്ട്രീയമോ ആയ ശക്തിയും കൂടുതലായി കൈക്കലാക്കിയിട്ടുള്ള കൂട്ടര്‍, കാലാവസ്ഥാവ്യതിയാനത്തിന്റെ ഏതാനും ചില ദൂഷ്യഫലങ്ങള്‍ കുറച്ചുകൊണ്ടുവരുവാനുള്ള പരിശ്രമങ്ങള്‍ നടത്തിക്കൊണ്ട് പ്രശ്‌നത്തെ പൊതിഞ്ഞുവയ്ക്കുന്ന (masking)തിലോ, അല്ലെങ്കില്‍ അതുളവാക്കുന്ന രോഗലക്ഷണങ്ങളെ ഒളിപ്പിച്ചുവയ്ക്കുന്നതിലോ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നു തോന്നിപ്പോകുന്നു'' (26-ാം ഖണ്ഡികയില്‍നിന്ന്).
അദ്ദേഹം പറയുന്നു: ''പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള നമ്മുടെ സമീപനത്തില്‍ ആദരവു കലര്‍ന്ന ഭയ(മംല)വും അത്ഭുതഭാവവും ഇല്ലാതായാല്‍, ഈ ലോകവുമായുള്ള ബന്ധപ്പെടലുകളില്‍ നാം സാഹോദര്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഭാഷ സംസാരിക്കാതായാല്‍, സ്വന്തം ആവശ്യങ്ങള്‍ക്കു പരിധിക
ല്പിക്കാനറിയാത്ത ഒരു യജമാനന്റെയും ഉപഭോക്താവിന്റെയും ദയാരഹിതനായ ചൂഷകന്റെയും ആയിത്തീരും, നമ്മുടെ മനോഭാവം. നേരേമറിച്ച്, നിലവിലുള്ളതായിക്കാണുന്ന സര്‍വ്വതുമായും ഏകീഭാവവും ഉറ്റബന്ധവും അനുഭവപ്പെടുന്നുവെങ്കില്‍, അപ്പോള്‍ത്തന്നെ, നമ്മളില്‍ മിതത്വവും പരസ്പരകരുതലും നൈസര്‍ഗികമായിത്തന്നെ ഉറവപൊട്ടിനിറയുന്നു'' (11-ാം ഖണ്ഡികയില്‍നിന്ന്).
''...യുവജനം മാറ്റം ആവശ്യപ്പെടുന്നു. പാരിസ്ഥിതികപ്രശ്‌നങ്ങളെക്കുറിച്ചും ജീവിതത്തിന്റെ മുഖ്യധാരയില്‍നിന്നു പുറന്തള്ളപ്പെട്ടവരെക്കുറിച്ചും ചിന്തിക്കാതെ ഒരു മെച്ചപ്പെട്ട ലോകം ഉണ്ടാക്കാമെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ അതെങ്ങനെ ശരിയാകും എന്നവര്‍ അത്ഭുതപ്പെടുന്നു...'' (13-ാം ഖണ്ഡികയില്‍നിന്ന്).
''...ഇന്നത്തെ പരിസ്ഥിതിപ്രതിസന്ധിക്കു പരിഹാരംതേടിയുള്ള അനവധി ഉദ്യമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, നിര്‍ഭാഗ്യമെന്നു പറയട്ടെ, അതൊന്നും ഫലവത്തായിട്ടില്ല. ശക്തമായ എതിര്‍പ്പുകളുണ്ടെന്നതു മാത്രമല്ല ഇതിനു കാരണം; പൊതുവായി നിലനില്‍ക്കുന്ന ഒരു താല്പര്യക്കുറവുകൂടി കാരണമാണ്. വിശ്വാ
സികളിലുള്‍പ്പെടെ തടസ്സവാദമനോഭാവങ്ങള്‍ നിലനില്‍ക്കുന്നു. അത് പരിസ്ഥിതിപ്രശ്‌നത്തിന്റെതന്നെ നിഷേധംമുതല്‍ പ്രശ്‌നത്തിലുള്ള നിസ്സംഗതവരെയും, അനാസ്ഥയോടെയുള്ള കണ്ണടയ്ക്കല്‍മുതല്‍ സാങ്കേതികപരിഹാരങ്ങളിലുള്ള അന്ധമായ വിശ്വാസംവരെയും നീളുന്നു. നമുക്കു പുതിയതും സര്‍വ്വവ്യാപ്തവുമായ ഒരു ഐക്യദാര്‍ഢ്യം ആവശ്യമായിരിക്കുന്നു'' (14-ാം ഖണ്ഡികയില്‍നിന്ന്).
ഇങ്ങനെപോയാല്‍ ഇതില്‍നിന്നുള്ള നൂറുകണക്കിന് ഉദ്ധരണികള്‍ ഇവിടെ തര്‍ജ്ജമ ചെയ്തുചേര്‍ക്കേണ്ടിവരും.
ആമുഖ അദ്ധ്യായത്തെത്തുടര്‍ന്നുള്ള 'നമ്മുടെ പൊതുഭവനത്തിന് എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്?' എന്ന ഒന്നാം അദ്ധ്യായത്തില്‍, ഭൂമി ഇന്നു നേരിടുന്നതും മനുഷ്യന്റെ നിലനില്പിനെ അപകടപ്പെടുത്തുന്നതുമായ കൂടിവരുന്ന മാലിന്യക്കൂമ്പാരങ്ങളെയും കാലാവസ്ഥാവ്യതിയാനത്തെയും 'എറിഞ്ഞുകളയല്‍ സംസ്‌കാര' (throw-away culture) ത്തെയും ആഗോളതാപനത്തെയും ജലദൗര്‍ലഭ്യത്തെയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജൈവവൈവിദ്ധ്യത്തെയും ആഗോളതലത്തിലുള്ള അസമത്വത്തെയും ഇതെല്ലാമുള്‍ക്കൊണ്ടിരിക്കുന്ന വിപല്‍സന്ധികളെയും ഒക്കെപ്പറ്റി, ഒരു പരിസ്ഥിതിശാസ്ത്രജ്ഞന്റെയും സാമൂഹികശാസ്ത്രജ്ഞന്റെയും രാഷ്ട്രമീമാംസകന്റെയും അതാതു മേഖലകളിലുള്ള അഗാധമായ അറിവോടും ഉള്‍ക്കാഴ്ചയോടുംകൂടി വിശദീകരിക്കുകയും വിശകലനംചെയ്യുകയും, ഇന്നു നിലനില്‍ക്കുന്ന ശാസ്ത്ര-സാങ്കേതികസമീപനരീതികളിലൂടെയെങ്ങും ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാവില്ലെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു, അദ്ദേഹം. ഒപ്പം, ഒരു ആദ്ധ്യാത്മിക ആചാര്യന്റെ ജ്ഞാനത്തോടും വിവേകത്തോടുംകൂടി പ്രശ്‌നങ്ങളുടെ മര്‍മ്മത്തിലേക്കു കടന്നുചെന്ന് എന്താണു ചെയ്യേണ്ടതെന്ന് സുദൃഢമായ വാക്കുകളില്‍ ഉല്‍ബോധിപ്പിക്കുകയും ചെയ്യുന്നു.... തുടര്‍ന്നുള്ള അദ്ധ്യായത്തില്‍, സൃഷ്ടിയുടെ സുവിശേഷം, പ്രപഞ്ചത്തിന്റെ രഹസ്യാത്മകത, സൃഷ്ടികള്‍ തമ്മിലുള്ള താളലയം, ആഗോളമാനവസമൂഹം, സൃഷ്ടവസ്തുക്കളുടെ പൊതുലക്ഷ്യം, യേശുവിന്റെ കാഴ്ചപ്പാട് എന്നിങ്ങനെ സുവിശേഷാടിത്തറയിലുള്ള ജീവിത-പ്രപഞ്ചവ്യാഖ്യാനമാണ്...
(തുടരും)

No comments:

Post a Comment