Translate

Friday, July 17, 2015

എന്റെ കർക്കിടക മാസ ചിന്തകൾ !

ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിൽ ഒരു രണ്ടു വയസ്സുകാരി കുഞ്ഞുവാവയുടെ ജീവൻ പൊലിഞ്ഞു. അനേകം പേർ ലോകത്തനുദിനം മരിക്കുന്നു; പിന്നെന്താ നോട്ടിംഗ്ഹാമിൽ ഒരു കുട്ടി മരിച്ചതിനിത്ര ഹാലിളകാൻ എന്നു ചോദിക്കരുത്. കഴിഞ്ഞ ശനിയാഴ്ച ഫെയിസ്ബുക്കിൽ ലോകം മുഴുവൻ കറങ്ങിയ വാർത്തകളിൽ ഒന്നിതായിരുന്നു. ഈ മരണത്തിന്റെ പ്രത്യേകതയെന്നു പറഞ്ഞാൽ ഒന്നാമത്തേത്, ഈ കുട്ടിയൊരു മുന്തിയ കേരള സിദ്ധനായ സാക്ഷാൽ വട്ടായിയുടെ നേതൃത്വത്തിൽ, പരി. ആത്മാവിന്റെ പ്രത്യേക സ്പർശനവും അതു വഴി അനേകം രോഗശാന്തിയും നടക്കുന്നുവെന്നവകാശപ്പെടുന്ന അഭിഷേകാഗ്നി ധ്യാനത്തിൽ പങ്കെടുക്കാൻ വന്ന മാതാപിതാക്കളുടേതായിരുന്നു എന്ന വസ്തുതയാണ്. രണ്ടാമത്തേത്, അതേ ധ്യാനസ്ഥലത്തുവെച്ചു തന്നെയാണ്, കുട്ടിയുടെ മരണത്തിലേക്കു നയിച്ച അപകടം നടന്നതുമെന്നതാണ്. ലോകമെമ്പാടുമുള്ള വട്ടായിയച്ചന്റെ ആരാധകരെപ്പോലും ഈ സംഭവം ഇരുത്തി ചിന്തിപ്പിച്ചു; കാരണം, അനേകം കൊച്ചു കൊച്ചു കാര്യങ്ങൾ പറഞ്ഞ് ഹല്ലേലൂജാ വിളിച്ച സമയത്ത്, ഈ കുഞ്ഞു കുരുന്നിനു വേണ്ടി ഒരല്ലേലൂജാ അല്ലെങ്കിൽ ഒരു 'നന്മ നിറഞ്ഞ മറിയം' പോലും ഈ ധ്യാനസംഘം ആ ദിവസം ചെയ്തില്ലെന്നതുകൊണ്ടു മാത്രമല്ല, ആ ദിവസം ഈ സംഭവം ധ്യാനസംഘം പുറത്തു പറഞ്ഞതേയില്ലായെന്നതുകൊണ്ടൂം കൂടിയാണ്. (കൂട്ട പ്രാർത്ഥനയുടെ ഇടക്ക്, അത്യാസന്ന നിലയിൽ കഴിയുന്ന എവലിൻ എന്നൊരു കുട്ടിക്കു വേണ്ടി ഒരു നന്മ നിറഞ്ഞ മറിയം ചൊല്ലിയിരുന്നു. പക്ഷേ, ഈ എവലിന്റെ യാതൊരു വിശദാംശങ്ങളും ഈ പ്രാർത്ഥന നടത്തിയ സജി അച്ചൻ പറഞ്ഞിട്ടില്ല). ഇതുപോലെ പറ്റുന്ന തട്ടുകേടുകൾ ഇതിനു മുമ്പും മിണ്ടാതിരുന്നിട്ടുണ്ട്, ആ ലിസ്റ്റിൽ ഇതും പോകും എന്നു വട്ടായി അച്ചനും റ്റീമും ഓർത്തു കാണും. അപകടത്തിൽ പെട്ട്, അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടക്കുന്ന കുട്ടിയുടെ അടുത്തേക്ക് പരി. ആത്മാവിനെ വിട്ടാൽ പള്ളിക്കകത്തിരിക്കുന്നവരെ ആരു നോക്കുമെന്നു ധ്യാനഗുരു ചിന്തിച്ചു കാണുമോ എന്തോ? കുട്ടിക്കു വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞാൽ കുട്ടി രക്ഷപ്പെട്ടെന്നിരിക്കും, പക്ഷേ, അക്കാര്യവും ഓർത്തിരിക്കുന്ന വിശ്വാസികൾ, ആ ദിവസം ഗുരു പറയുന്നതു ശ്രദ്ധിച്ചു കേൾക്കാനുമിടയില്ല, വൈകിട്ടത്തെ പിരിവു ചുങ്ങിയെന്നുമിരിക്കും. ചുരുക്കത്തിൽ, കുട്ടിയെ രക്ഷിക്കാൻ പോയിരുന്നെങ്കിൽ സംഘാടകരുടെ കുറേ ലക്ഷങ്ങൾ ആവിയായിപ്പോയേനെയെന്നവർ കരുതിയോ എന്നു ഞാൻ സംശയിക്കുന്നു. അതുകൊണ്ടെന്താ, ആ കുട്ടിക്കുണ്ടായ അപകടത്തിന്റെ കാര്യം അറിയാൻ വിശ്വാസികൾക്ക് സ്വന്തം വീട്ടിൽ ചെന്നു റ്റി വി ഓണാക്കേണ്ടി വന്നു. അകത്തുണ്ടായിരുന്ന ബന്ധുക്കളുടെ പ്രാർത്ഥനാസഹായം പോലും ഈ വീട്ടുകാർക്കു കിട്ടാതിരിക്കാൻ ഈ ധ്യാനഗുരുവും സംഘവും ശ്രമിച്ചുവെന്നാരെങ്കിലും പറഞ്ഞാൽ, ആരു മറുപടി പറയും? ഏതായാലും 'പോ വട്ടായീ' ഗ്രൂപ്പും, 'വാ വട്ടായീ' ഗ്രൂപ്പും ഇംഗ്ലണ്ടിൽ ഏറ്റുമുട്ടുന്നു.

ധ്യാനം കൂടാൻ വന്നവരോട് കൊച്ചിന്റെ മരണവിവരം വിളിച്ചു കൂവി, ആ ധ്യാനം മുഴുവൻ അലങ്കോലപ്പെടുത്തണമായിരുന്നു എന്ന അഭിപ്രായം എനിക്കില്ലെന്നു വെച്ചോ. പക്ഷേ, ഒരപേക്ഷയുണ്ട്, തനിക്കു ദർശനവരമുണ്ടെന്നോ താൻ ചുട്ട കോഴിയെ പറപ്പിക്കുമെന്നോ ഒന്നും തോന്നിക്കത്തക്ക രീതിയിൽ വട്ടായിയച്ചനും സംഘവും ഇനിയെങ്കിലും പെരുമാറരുത്. സാക്ഷ്യം പറച്ചിലും രോഗശാന്തി ദാനവും ഇല്ലാത്ത വല്ല ധ്യാനങ്ങളുമുണ്ടെങ്കിൽ നമുക്കതു മതി. കഴിഞ്ഞ പത്തിരുപത്തഞ്ചു കൊല്ലങ്ങളായി ഇവിടെ നടന്നു പോന്ന എല്ലാ കരിസ്മാറ്റിക് ധ്യാനങ്ങളിലും കൂടി, ഒരു ധ്യാനത്തിൽ ഒരാൾ വെച്ചു സുഖപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ സീറൊ മലബാറിലെ പകുതി അംഗങ്ങളും 90 കഴിഞ്ഞും ഇവിടെ കണ്ടേനേ. എല്ലാ ചുള്ളന്മാരും അറിഞ്ഞില്ലാപ്പട്ട് ഒരു സംഭവ കഥ പറയും, തന്നെ ചീത്ത പറഞ്ഞയാൾ 12 മണിക്കൂറിനകം അപകടത്തിൽ പെട്ടു എന്നൊക്കെയായിരിക്കും ഇതിന്റെ സാരം. കഥ പറഞ്ഞിട്ട്, ഞാനൊന്നും അറിഞ്ഞതല്ല എന്ന മട്ടിൽ സൂത്രത്തിൽ തലയൂരും. കേൾക്കുന്നവനെ ഒന്നു വിരട്ടുക എന്നതേയുള്ളൂ ഇതിന്റെ ലക്ഷ്യം. ആ കണക്കനുസരിച്ച്, കാഞ്ഞിരപ്പള്ളി രൂപതയിൽ യുവാക്കന്മാരൊന്നും കാണേണ്ടതല്ല. ഞാൻ ഇമ്മിണി വല്യോനാന്നുള്ള വിചാരം മാർപ്പാപ്പാക്കും പാടില്ല. അടുത്ത കാലത്തു മാർപ്പാപ്പായെ കാണാൻ വന്ന (പരാഗ്വേ) കുറേപ്പരെ പാമ്പു കടിച്ചെന്നും കേട്ടു. യേശുവിന്റെ വചനം കേൾക്കാനും യേശുവിനെ കാണാനുമായി ഓടിക്കൂടിയ അനേകായിരങ്ങളിൽ ഒരാൾക്കു പോലും ഒരു പരിക്കും പറ്റിയതായി ബൈബിൾ പറയുന്നില്ല (അതിൽ മരത്തേൽ വലിഞ്ഞു കയറിയ സക്കേവൂസും പെടുന്നു, ആയിരം ചെകുത്താന്മാർ കൂടിയ ലെഗിയോനും പെടുന്നു). ദശാംശമായി കൊടുക്കേണ്ട പണം ഇങ്ങോട്ടു തന്നാലും മതിയെന്നു പറയുന്ന ദൈവത്തിന്റെ ഈ സ്വന്തം ആളുകളുടെ കാര്യത്തിലും ഇതു ശരിയായിരിക്കണമായിരുന്നു. ഇത്രേം നാളും യേശുവിന്റെ കൂടേ നടന്നതല്ലേ, എനിക്കു തെറ്റില്ലെന്നു കരുതിയ യൂദാസ് സ്കറിയോത്താക്കും തെറ്റി, കേരളത്തിലെ ആദ്യ ഉണർവ്വു യോഗക്കാരനായിരുന്ന യൂസ്ത്തോസ് യൂസഫ് അച്ചനും തെറ്റി; പിന്നല്ലേ, അട്ടപ്പാടിയിൽ നിന്നുള്ള വട്ടായി അച്ചൻ! രോഗശാന്തി ശുശ്രൂഷക്കു വന്നിട്ട്, പട്ടി ചന്തക്കു പോയി വന്നതുപോലെ മടങ്ങിയവരുടെ കഥകൾ ആരെയും പുളകംകൊള്ളിക്കാതിരിക്കട്ടെ.

വട്ടായിയച്ചൻ വലിയവനായിരിക്കാം, സജിയച്ചൻ മിടുക്കനുമായിരിക്കാം, എങ്കിലും അടിയൻ പറയട്ടെ, ദൈവം വടി എടുത്തു കഴിഞ്ഞു; ഏതെങ്കിലും കുരിശുരൂപത്തിൽ ഓടിച്ചെന്ന് കാലു പിടിച്ചു കരഞ്ഞു മാപ്പപേക്ഷിച്ചു കൊള്ളൂ. അല്ലായെങ്കിൽ വരാൻ പോകുന്നത് ഇതിലും വലിയ ഒരു ദുരന്തമായിരിക്കാം. വചനം പ്രസംഗിച്ചു കണക്കു പറഞ്ഞു വാങ്ങിയ പണം, അതെവിടെ ചിലവാക്കുമെന്നോർത്തു വിഷമിക്കേണ്ട. അട്ടപ്പാടിക്കടുത്ത് (നിങ്ങളുടേ തന്നെ സെഹിയോൻ)  ഷോളയൂർ എന്നൊരു ആദിവാസി കേന്ദ്രമുണ്ട് (ഷോളയാർ അല്ല); അവിടെ 73 ഓളം കുട്ടികളാണ് ഈ 2015 ൽ പോഷകാഹാരം കിട്ടാതെ മരിച്ചത്. ഇനിയും ഒരു കുട്ടിപോലും അവിടെ വിശക്കാതിരിക്കാൻ നിങ്ങൾ സഹായിക്കുക. സ്തോത്രക്കാഴ്ചയില്ലാതെ, വരുന്നവർക്കു മുഴുവൻ ആഹാരം കൊടുക്കുന്ന ഒരു ടെക്നിക്കുണ്ട്; അതു പഠിക്കാൻ കോട്ടയം മെഡി. കോളേജിനടുത്തുള്ള തോമസ് ചേട്ടന്റെ കുശിനിപ്പുരയിൽ ചെല്ലുക. അതു മാനഹാനി ഉണ്ടാക്കുമെങ്കിൽ പറശ്ശിനി മടപ്പുര മുത്തപ്പന്റെ ഊട്ടുപ്പുരയിൽ ചെല്ലുക. പറശ്ശിനിക്കുള്ള വഴി സുരേഷ് ഗോപി പറഞ്ഞ് തരും; ആർക്കെങ്കിലും ജാഢയുണ്ടെങ്കിൽ അതിനുള്ള മരുന്നും അദ്ദേഹം തരും.

ബ്രെയിൻ/ബോഡി ഡെത്ത് സംഭവിച്ചാൽ പുത്രനും, പിതാവ്വൂം ഒരുമിച്ചു പിടിച്ചാലേ കാര്യമുള്ളൂവെന്നു ചിന്തിച്ചതു കൊണ്ടാണോ (ലാസറിന്റെ കഥ); ഹാളിന്റെയുള്ളിൽ മാത്രം അൽഭുതം നടന്നാൽ മതിയെന്നുറപ്പിച്ചിരുന്നതു കൊണ്ടാണോ, അതോ തന്റെ വിദ്യ ഇവിടെ ഫലിക്കില്ലെന്നു കരുതിയതു കൊണ്ടാണോ എന്തോ, ഈ കുഞ്ഞു വാവയെ വട്ടായി വിട്ടു കളഞ്ഞു! ആസ്പത്രിയിൽ ചെന്നു പ്രാർത്ഥിച്ചതേയുള്ളോ, അതോ കുട്ടിയെ ഉയർപ്പിക്കാൻ ശ്രമിച്ചോ എന്നൊന്നും എനിക്കറിയില്ല. ഒരു കുട്ടി മരിച്ചതുകൊണ്ട് വട്ടായിക്കെന്തു പോയി? ഒന്നും പോയില്ല. നോട്ടിംഗ് ഹാം പോയാൽ ഷൂട്ടിംഗ് ഹാം വരും! അച്ഛനായലല്ലേ അച്ഛന്റെ വേദന അറിയൂ. ഈ സംഭവത്തിൽ രോഷൻ എന്തിനു രോഷം കൊള്ളുന്നുവെന്നു ചോദിക്കരുത്. വട്ടായിയുടെ ധ്യാനക്കാര്യം എല്ലാ ബ്രിട്ടീഷ് പത്രങ്ങളുടെയും മുൻ പേജിൽ ഒരു തട്ടിപ്പിന്റെ വിശദ വിവരങ്ങൾ എന്നു വായനക്കാർക്കു തോന്നത്തക്ക രീതിയിലും അല്ലാതെയും അച്ചടിച്ചു വന്നിരുന്നു. സാക്ഷാൽ ബി ബി സി യും അവിടെയൊരു പ്രത്യേകത കണ്ടതുകൊണ്ടായിരിക്കണമല്ലൊ അതു റിപ്പോർട്ട് ചെയ്തത്. ദീപികയും വാർത്ത റിപ്പോർട്ട് ചെയ്തു. ഒരപകടം നടന്നാൽ, അപകടത്തിൽ പെട്ടവർ എവിടെപ്പോയി, എന്തിനു പോയി എന്നൊക്കെ കിറു കൃത്യമായി പറയാറുള്ള ദീപിക എവലിൻ മരിച്ചതു സ്വന്തം പിതാവ് ഓടിച്ച കാറിന്റെ അടിയില്പെട്ടാണെന്നേ പറഞ്ഞിട്ടുള്ളൂ. നേരു നേരത്തെ അറിയാൻ ദീപിക വായിച്ചാലും മതി. കുറുന്തോട്ടിക്കു വാതം വന്നുവെന്നു പറഞ്ഞാലും, രാസ്നാദിക്കു പനി പിടിച്ചുവെന്നു പറഞ്ഞാലും അതു വാർത്ത തന്നെയല്ലെ?

ഇംഗ്ലണ്ടിൽ താമസിക്കുന്ന ഒരു മുൻ പത്രപ്രവർത്തകൻ (ബിലാത്തി മലയാളി) ശ്രീ അലക്സ് അച്ചായൻ ഫെയിസ് ബുക്കിലൂടെ സൂചിപ്പിക്കുന്നു, ഈ കരിസ്മാറ്റിക്ക് നാടകക്കാർ ഇംഗ്ലണ്ടിൽ വരുന്നത് ഏതെങ്കിലും മെത്രാന്റെ അനുവാദം വാങ്ങിയല്ലെന്നവിടുത്തെ മെത്രാനും, ഇവരത്ര ശരിയല്ലെന്നു നമ്മുടെ മേജർ തന്നെയും പറഞ്ഞിട്ടുണ്ടെന്ന്. എന്നിട്ടിതുവരെ ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പണ്ടൊരു പ്രസിദ്ധനായ ഗുരു കോട്ടയം ജില്ലയിലെ ഒരു ടൗണിൽ വല്യ പന്തലുകെട്ടി നടത്തിയ ഒരു വചന പ്രഘോഷണം പ്രസിദ്ധം. മഴക്കാറു കണ്ടപ്പോൾ എല്ലാവരെയും ഒരുമിച്ചു കൂട്ടി ഒരു വലിയ അല്ലേലൂജാ. എല്ലാവരും കണ്ണടച്ചിരുന്നതുകൊണ്ട് പരി. ആത്മാവ് വരുന്നതിനു മുമ്പേ കാറ്റ് വന്നു പന്തലും കൊണ്ട് പോയത്, ആരും നേരിൽ കണ്ടില്ല. വേറൊരു ധ്യാനക്കാരൻ വിദേശത്തു ചെന്നാൽ ആ ഇടവകയിലുള്ള ഏതെങ്കിലും പരിചയക്കാരന്റെ വീട്ടിൽ കഴിയും. അദ്ദേഹത്തെ സഥിരം സ്വീകരിച്ചിരുന്ന ഡോക്ടർ സത്യം കണ്ടുപിടിക്കാൻ അൽപ്പം താമസിച്ചു. ആ വീട്ടിൽ വെച്ചു നടക്കുന്ന സൗഹൃദ സംഭാഷണങ്ങളിൽ  നിന്നു വീണു കിട്ടുന്ന നുറുങ്ങറിവുകൾ പൊലിപ്പിച്ചാണ് അച്ചൻ പള്ളിയിൽ വന്നു പരി. ആത്മാവിനെ അവതരിപ്പിക്കുന്നതെന്നു മനസ്സിലാക്കിയ അദ്ദേഹം സ്നേഹപൂർവ്വം തന്നെ സ്വന്തം വീട്ടിൽ നിന്നും ഈ സിദ്ധനെ പള്ളിമുറിയിൽ കൊണ്ടുവിട്ടെന്നൊരു കഥയുണ്ട്. കർത്താവിന്റെ കാലത്ത്, ഇതേ പരി. ആത്മാവു തന്നെയാണോ വന്നുകൊണ്ടിരുന്നതെന്നു ചോദിച്ചാൽ ഉറപ്പു പറയാൻ എനിക്കാവില്ല. അന്നു പരി. ആത്മാവു തൊട്ടവർക്കെല്ലാം കിട്ടിയതു സമ്പൂർണ്ണ സൗഖ്യമായിരുന്നു. ഇപ്പോൾ കിട്ടുന്ന സൗഖ്യം വർഷാ വർഷം പുതുക്കേണ്ടതും, അറ്റാച്ച്മെന്റ് ആയി അയക്കാവുന്നതുമല്ല. ഇപ്പോഴത്തെ വീട് വെഞ്ചരിപ്പിനു പോലും ഒരു വർഷത്തെ ഗാരന്റിയേ ഉള്ളൂ; പിന്നെന്തിനാ പരി. ആത്മാവിനെ പറയുന്നതല്ലേ? ഏതായാലും, വീടടച്ചു ധ്യാനത്തിനു പോയി, ഉള്ളതു മുഴുവൻ കള്ളനു കൊടുക്കുന്ന സഹൃദയരായ എല്ലാ സമ്പന്ന ക്രിസ്ത്യാനികൾക്കും ഈ സംഭവം ഞാൻ സവിനയം സമർപ്പിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ ധ്യാനത്തിനു പോയി കയ്യിലുള്ളതും കൂടി കളഞ്ഞിട്ടു വരുന്നവർക്കു സമർപ്പിക്കാൻ എന്റെ കൈയ്യിലൊന്നുമില്ല. ക്ഷമിക്കുക!

കരിസ്മാറ്റിക്കുകാരുടെ പ്രാർത്ഥന ഫലിക്കുന്നില്ലെന്നു പറയാനാവില്ല, സഭയിൽ സമാധാനത്തിനു വേണ്ടി പ്രാർത്ഥിച്ചു; കത്തോലിക്കാ സഭയിൽ ഉള്ളിടത്തോളം സമാധാനം വേറൊരിടത്തും (ഓർത്തഡോക്സ്-യാക്കോബായ കളങ്ങളിൽ പോലും) ഇപ്പോൾ ലഭ്യമല്ലെന്നത് വെള്ളാപ്പള്ളി നടേശനു മാത്രമല്ലറിയാവുന്നത്. സഭക്കുള്ളിലെ പിശാചുക്കളെ ഒതുക്കാൻ ലുത്തിനിയാ ചൊല്ലി: ഓശാനക്കു പകരം അല്മായാശബ്ദം ബ്ലോഗ്ഗും, ഇംഗ്ലീഷ് ന്യുസ് പോർട്ടലും, സത്യജ്വാല മാസികയും എല്ലാം ഉണ്ടായി, ഫെയിസ് ബുക്കിൽ നിറയെ പോസ്റ്റുകളും വന്നു തുടങ്ങി. ഇപ്പൊഴത്തെ അവസ്ഥ വെച്ചു പറഞ്ഞാൽ, ഡെൽഹി മുതൽ ഞാറക്കൽ വരെ എല്ലാ കവലകളോടു ചേർന്നും ഒന്നുകിലൊരത്മായാ സംഘടന ഉണ്ട്, അല്ലെങ്കിലൊരു ഔട്ട് ഫാം (ഇൻഫാമല്ല) കാണൂം (ത്രിശ്ശൂർ രൂപതയിൽ ഒരു കലുങ്കിനു രണ്ടു കൂട്ടായ്മ വെച്ചുണ്ടെന്നു പറയപ്പെടുന്നു). വിമതർക്ക് സ്വന്തമായി ഒരു ചാനലിനുള്ള ചർച്ചകളും ഗൾഫ് കേന്ദ്രമായി നടക്കുന്നുവെന്നു കേൾക്കുന്നു.  എന്നെ ഇന്നലെവരെ ആർത്തുവിളിച്ചു സ്വീകരിച്ച അതേ ജനം തന്നെയാണോ ഇപ്പോൾ കൊലവിളി നടത്തുന്നതെന്നു വട്ടായിയും കൂട്ടരും ചോദിക്കുന്നുണ്ടാവാം. എന്തു ചെയ്യാം ക്രിസ്ത്യാനിയുടെ ചരിത്രം അങ്ങിനെയായിപ്പോയി.  ഓരോ പ്രസംഗം പറയുമ്പോഴും പാവം അച്ചന്മാർ കരുതുന്നു, കേൾക്കുന്നവർ മുഴുവൻ സ്വന്തം അണികളാണെന്ന്. ഇയ്യിടെ ബ്ലോഗ്ഗുകാരുടെ ശല്യം കാരണം മെത്രാനാകാൻ പറ്റാതെ പോയ ഒരച്ചൻ പ്രസംഗമദ്ധ്യേ, ബ്ലോഗ്ഗുകാരെ സ്നേഹപൂർവ്വം ഒന്നു സ്പർശിച്ചു നോക്കി. ആ പ്രസംഗത്തിന്റെ സംഗ്രഹം ഒരു മണിക്കൂറിനുള്ളിൽ ലോകമെമ്പാടും എത്തിയെങ്കിൽ ഈ ബ്ലോഗ്ഗുകാർ എവിടെയൊക്കെയുണ്ടെന്ന് ഓർത്തു നോക്കിക്കേ? എനിക്കൊന്നേ പറയാനുള്ളൂ; പ്രാർത്ഥനകൾ ഫലിക്കുന്നുണ്ട്, അതു നിർത്തരുത്. സഹനദാസനായ ഓണംകുളത്തു ബനഡിക്റ്റച്ചന്റെ മദ്ധ്യസ്ഥതയാൽ അതിരമ്പുഴ പള്ളിയിൽ ഉണ്ടായിടത്തോളം സമാധാനം വേറെ ഏതു പള്ളിയിലുണ്ട്? അങ്ങേരെ വിശുദ്ധരുടെ ഗണത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച ദിവ്യനും കിട്ടിയില്ലേ വേണ്ടുവോളം. ഒന്നു നോക്കിയാൽ, ഈ പ്രാർത്ഥന കൊണ്ടായിരിക്കണം ഭാരതത്തിൽ പള്ളികൾക്കും കന്യാസ്ത്രികൾക്കും ഇത്ര സുരക്ഷിതത്ത്വം കൈവരുത്താൻ കഴിഞ്ഞതും, പശ്ചിമഘട്ടത്തേൽ തൊടുന്ന മെത്രാന്മാരുടെ കൈ പൊള്ളുന്നതും. ഈ ദർശനവരക്കാരെക്കൊണ്ട് ഉപകാരമില്ലെന്നും പറയരുത്; മലേഷ്യായുടെ കാണാതായ വിമാനം ഇവരല്ലെ കാട്ടിത്തന്നത്; മാത്രമോ, ഏതോ തിമിംഗലം കൊത്തിയെടുത്തതും, ഒരു സ്രാവച്ചൻ ഏഷ്യൻ പെയിന്റ് ഉപയോഗിച്ചു പെയിന്റ് ചെയ്തു നൂറ്റാണ്ടുകളായി കടലിനടിയിൽ സൂക്ഷിച്ചിരുന്നതുമായ മാതാവിന്റെ ഒരു രൂപവും കൂടി അവർ ദർശനത്തിലൂടെ കാട്ടിത്തന്നില്ലേ?

ഒക്കെയാണെങ്കിലും, വിടരുത് മെത്രാച്ചന്മാരെ, അൽപ്പം കൂടിയോ മുഴുവനായിട്ടോ നാറിയിട്ട് നമുക്ക് സഹോദരങ്ങളുമായുള്ള ചർച്ച തുടങ്ങുകയോ, അത്മായരെ പരിഗണിക്കുകയോ ആവാം. ഏതായാലും, എല്ലാ മെത്രാന്മാർക്കും, സർവ്വമാന അച്ചന്മാർക്കും, മുഴുവൻ കത്തോലിക്കർക്കും ഒരു കാര്യം മനസ്സിലായിട്ടുണ്ട്; എവിടെയോ എന്തോ കൈമോശം വന്നിരിക്കുന്നു. എവിടെയോ കണ്ട്രോൾ പോയതു പോലെ ആർക്കൊക്കെയോ തോന്നുന്നു. എടയന്ത്രത്തു പിതാവ് സർവ്വേ നടത്തി നോക്കിയപ്പോഴും ഫലം നിരാശാജനകം. ഇപ്പോഴത്തെ കന്യാസ്ത്രിയമ്മമാരെല്ലാം കാലം ചെയ്തു കഴിഞ്ഞാൽ കേരളാ മഠങ്ങൾ അന്യം നിന്നുപോകുമെന്നുറപ്പ്. ആൾക്കു രണ്ട് ജോടിയിൽ കൂടുതൽ അടി വസ്ത്രങ്ങൾ കൊടുക്കാമെന്നു പറഞ്ഞാലും ആരെങ്കിലും അങ്ങോട്ടു വരുമെന്നു തോന്നുന്നില്ല. ദൈവവിളിയിലുള്ള പട്ടമരപ്പ് എടപ്പള്ളി ഫൊറോനായിൽ തുടങ്ങിയിരിക്കുന്നു. കാക്കനാട്ടിൽ നിന്ന് ഇടപ്പള്ളി അകലുന്നു; സമുദ്ര നിരപ്പിൽ നിന്നു കാക്കനാടും താഴുന്നു. എല്ലാത്തിന്റെയും കാരണം എന്താണെന്നറിയാൻ ആലഞ്ചേരിപ്പിതാവ് റോമിനു പോയി വരുന്നിടം വരെ എല്ലാവരും കാത്തിരിക്കുക. പക്ഷേ, അദ്ദേഹം ഇങ്ങോട്ട് തന്നെ തിരിച്ചു വരുമോന്നും എനിക്കറിയില്ല. ഈ ഭാരതത്തിൽ ഒരു സീറോ മലബാർ അത്മായന്റെ കൈയ്യിൽ പോലും മാർപ്പാപ്പായുടെ ചോദ്യാവലി എത്തിയിട്ടില്ലെന്നു കേൾക്കുന്നു. അതുകൊണ്ടാ പറഞ്ഞത്, എന്താ എവിടെയാ സംഭവിക്കുകയെന്നു തിട്ടമില്ലെന്ന്. ഇപ്പോ തോന്നുന്നു, റോമിനടുത്ത് ഒരു ക്യുരിയാ ഹൗസോ, ബുർജ് ഖലീഫാ പോലെ വളരെ ലളിതമായ ഒരു വെയിറ്റിങ്ങ് ഷെഡ് എങ്കിലുമോ മെത്രാന്മാർക്കു മാത്രമായി ഉണ്ടായിരിക്കേണ്ടതാണെന്ന്. സഭയെ രക്ഷപ്പെടുത്തുന്നത് കിണറ്റിൽ വീണ എസ് ഐ യെ കരക്കു കയറ്റിയതുപോലാവാതെ നോക്കണം. ഈ വാളാഞ്ചേരിക്കഥ പ്രകാരം പോലീസുകാർ എസ് ഐ ക്കു കയറിട്ടു കൊടുത്തു, ഓരോ പ്രാവശ്യവും, ഒരുവിധത്തിലയാൾ മുകളിൽ വരെ വരുമ്പോൾ കയറിൽ നിന്നു കൈ വിട്ട് പോലീസുകാർ സല്യുട്ട് അടിക്കും. എസ് ഐ വീണ്ടും കിണറ്റിൽ! അവസാനം സർക്കിൾ ഇൻസ്പക്റ്ററെ കൊണ്ടു വന്നു കയറിൽ പിടിപ്പിച്ചു. എന്തു ചെയ്യാം, സർക്കിളിനെ കണ്ടപ്പോൾ എസ് ഐയൂം കയറിൽ നിന്നു കൈ വിട്ടു - സല്യുട്ടടിക്കാൻ!

ഏതാണ്ട് തൊട്ടാൽ പൊള്ളൂന്ന ചൂടപ്പം എടുക്കുന്നതുപോലെ പേടിച്ചു പേടിച്ചു സക്രാരിയേൽ അച്ചന്മാർ തൊടുന്നതു കണ്ടിട്ടില്ലേ? അതു കാണുന്നവർക്കും പേടിയുണ്ടാകണം, അതു തന്നെയാ അവരുടെ ലക്ഷ്യവും. ഇയ്യിടെ പശ്ചിമ ബംഗാളിൽ ഒരു പള്ളിയിലെ സക്രാരി മെയിൻ റോഡിൽ കിടന്നു. ഒന്നും സംഭവിച്ചില്ല; തിരശ്ശീല വിണ്ടു കീറിയുമില്ല, ഭൂമി ഞെട്ടിയതുമില്ല. ഇപ്പോ ജനങ്ങൾക്കും അത്ര വലിയ ഞെട്ടലൊന്നുമില്ല. എത്രയോ പള്ളികളിലെ അതിവിശിഷ്ട സക്രാരികൾ പിക്കാക്സിനു വെട്ടിപ്പൊളിക്കുന്നതും അവിടെ വേറേ മോഡലിലുള്ള പെട്ടി വരുന്നതും അവർ കണ്ടു കഴിഞ്ഞു. എത്ര ഭയഭക്തി ബഹുമാനത്തോടെ അങ്ങോട്ടു നോക്കി ധൂപക്കുറ്റി വീശിയാലും സക്രാരിയുടെ ആയുസ്സ് അടുത്ത വികാരിയുടെ കൈയ്യിലാന്ന് ആർക്കാ അറിയാത്തത്?  ശവക്കോട്ട പുതുക്കിപണിത ഏതെങ്കിലും പള്ളി സന്ദർശിച്ചാൽ മതി, കുരിശുകൾ പള്ളക്കകത്തു കൂട്ടിയിട്ടിരിക്കുന്നതു കാണാം. പല പുതിയ പള്ളികളുടെയും സ്റ്റോറിൽ ഒരുകാലത്തെ പ്രതാപക്കുരിശുകൾ കൂട്ടിയിട്ടിരിക്കുന്നതും കാണാം; അതിൽ രക്തം വിയർത്തതും കാണും. എത്രയോ കാലം വിശ്വാസികൾ ഹൃദയത്തിൽ കൊണ്ടു നടന്ന കുരിശാ ഒരു രാജകുമാരൻ വന്നു പുറത്താക്കിയത്? അന്നു ജനങ്ങൾ മിണ്ടാതിരുന്നെങ്കിൽ, ഒരൊറ്റ കുരിശുരൂപം പോലും, ഇന്നൊരു പള്ളിയിലും കാണില്ലായിരുന്നു. മലബാറിൽ  ഇരുട്ടത്ത് താമരക്കുരിശു വെക്കേണ്ടി വന്ന പള്ളികളില്ലേ മെത്രാച്ചാ? ഏതെങ്കിലും ക്ഷേത്രത്തിലെ ഒരു വിഗ്രഹം എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടിരിക്കുന്നതു കണ്ടിട്ടുണ്ടോ? പക്ഷേ, നമ്മുടെ ഒരൽഭുത രൂപമെങ്കിലും ഒരിടത്തെങ്കിലും എട്ടുകാലി വലയും പിടിച്ചു മുഷിഞ്ഞിരിക്കുന്നത് കാണാത്തവരുമുണ്ടോ? എല്ലാം ഒരു ഷോയല്ലേ മെത്രാനെ? ഇപ്പോ ഇരിക്കുന്ന കുരിശും, ഇപ്പോ കാണുന്ന ആചാരവും നാളെ കാണുമെന്ന് ആർക്കാ ഉറപ്പുള്ളത്? ഞാൻ പണ്ടേ പറയുമായിരുന്നല്ലൊ, 'സത്യം മാറില്ല, മാറുന്നതൊട്ടു സത്യവുമല്ല' യെന്ന്. അപ്പോ പിന്നെ സത്യമായി ഈ സഭക്കെന്താ ഉള്ളത്? തുറന്നു പറഞ്ഞാൽ ഒന്നുമില്ല, അല്ലേ മെത്രാച്ചാ?

യേശു വന്നതെന്തിനാണെന്നും, ഈ ധ്യാന ഗുരുക്കന്മാരെ നമ്മൾ പഠിപ്പിക്കേണ്ടതായാണിരിക്കുന്നതെന്നു തോന്നുന്നു. ആദ്യം യേശുവിനെ വിളിച്ചിടത്തൊക്കെ പോയി യേശു പറഞ്ഞതെന്താണെന്നു നോക്കാം, അതു കഴിഞ്ഞു കരിസ്മാറ്റിക്കുകാരെ വിളിക്കുന്നിടത്ത് പോയി അവരെന്താണു ചെയ്യുന്നതെന്താണെന്നു നോക്കാം. പോയ സ്ഥലങ്ങളിലെല്ലാം, കിട്ടിയ അവസരങ്ങളിലെല്ലാം യേശു വിറ്റുകൊണ്ടിരുന്നത് ദൈവരാജ്യത്തിന്റെ സന്ദേശം മാത്രം. ആർക്കെങ്കിലും സംശയമുണ്ടോ? വയലിൽ വിതക്കാൻ പോയ വിതക്കാരന്റെ ഉപമ, ..... വയലിലൂടെ നടന്നു പോയപ്പോൾ വയലിന്റെ ഉപമ. എവിടെയാണു ദൈവരാജ്യം, എന്താണു ദൈവരാജ്യം, അതെങ്ങിനെ തിരിച്ചറിയാം, എവിടെയാണതില്ലാത്തത്, ആരിലാണതുള്ളത് എന്നൊക്കെ കേൾക്കണമെങ്കിൽ മലയിലെ പ്രസംഗം കേൾക്കുക. സുവിശേഷത്തിൽ പത്തോളം വിരുന്നുകളിൽ യേശു പങ്കെടുത്തതായി പറയുന്നു. എല്ലായിടത്തും മാനസാന്തത്തിന്റെ പ്രസക്തിയേയും സമാഗതമായ ദൈവരാജ്യത്തെ  സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയേയും യേശു ചൂണ്ടിക്കാണിക്കുന്നു.  മത്തായിയുടെ, ശിമയോന്റെ, സക്കേവൂസിന്റെ, മറിയത്തിന്റെ ... ഒരു വീട്ടിലും വിരുന്നു കഴിച്ചിട്ടൊന്നും കൊടുക്കാതെയുമല്ല സ്തോത്രക്കാഴ്ച്ചക്കിഴിയുമായുമല്ല യേശു പോന്നിട്ടുള്ളത്, നിങ്ങൾ വിരുന്നൊരുക്കുമ്പോൾ ആരെയാണു വിളിക്കേണ്ടതെന്നും, എന്തുകൊണ്ടാണ് ധനികരെ വിളീക്കരുതാത്തതെന്നും യേശു പറഞ്ഞു. ഇനി ഏതെങ്കിലും ധ്യാന ഗുരുക്കന്മാർ എന്താണ് ചെയ്യുന്നതെന്നും കൂടി നോക്കിയിട്ടു പറ, ആർക്കാ തെറ്റു പറ്റിയതെന്ന് - റോഷനാണോ, കർത്താവിനാണോ അതോ കത്തോലിക്കാ സഭക്കാണോയെന്നപ്പോഴറിയാം. യേശൂ ദൈവരാജ്യം മാർക്കറ്റ് ചെയ്തപ്പോൾ കരിസ്മാറ്റിക്കുകാർ 'സീറൊ മലബാർ സഭ' മാർക്കറ്റ് ചെയ്യുന്നു; അതിന്റെയിടയിലൂടെ അൽപ്പം ദൈവരാജ്യം ഊർന്നു വീണെങ്കിലായി. അതല്ലേ ശരി? ഇടയൻ ആരായിരിക്കണം എന്നു ഫ്രാൻസിസ് മാർപ്പാപ്പാ പറഞ്ഞിട്ടുണ്ട്; അവൻ മുമ്പിൽ നിന്നു നയിക്കുന്നവനാകണം, അവൻ നടുക്കുനിന്ന് ആടുകളുടെ രോദനം കേൾക്കുന്നവനാകണം, അവൻ പിന്നിൽ നിന്ന് എല്ലാവരും സുരക്ഷിതരാണോ എന്നുറപ്പു വരുത്തുന്നവനുമാകണം. നമ്മുടെ അഭിഷേകാഗ്നിക്കാർ ആണ്ടിൽ ഒരിക്കൽ വരുന്നവരും, പിന്നെ തിരിഞ്ഞുനോക്കാത്തവരുമാകുന്നു. അവരെ എന്തു കരുതും? വട്ടായി എന്നു തന്നെ! അടുത്തറിയണം നമ്മുടെ നേതാക്കന്മാരെ. ഒരു ബിഷപ്പിന്റെ ഡ്രൈവർ ഒരിക്കൽ പറഞ്ഞത്, ഞാനെത്ര ഭേദം എന്നാണ്. കൽക്കട്ടായിൽ പള്ളിക്കു കാവൽ നിന്ന ആളുതന്നെയല്ലേ സക്രാരി തകർത്തു വഴിയിൽ കൊണ്ടുപോയി ഇട്ടത്? അതു സക്രാരിയോടുള്ള വൈരാഗ്യം കൊണ്ടായിരിക്കില്ല. 

ഒരു വിദേശരാജ്യത്ത് സീറോ മലബാർ വന്നതിൽപ്പിന്നെ ദൈവവിളിയിൽ ഭയങ്കര വർദ്ധന ഉണ്ടായതായി ഞാൻ സ്വപ്നം കണ്ടു - 200 ശതമാനം! 2014 ൽ 2 വൈദിക വിദ്യാർത്ഥികൾ, 2015 ൽ 4 വൈദിക വിദ്യാർത്ഥികൾ. 2000 ൽ സീറൊ മലബാർ അവിടെ വരുന്നതിനു മുമ്പു ദൈവവിളി എത്രയുണ്ടായിരുന്നെന്നു ഞാൻ സ്വപ്നത്തിന്റെ പ്രോഡ്യുസറോടു ചോദിച്ചപ്പോൾ കിട്ടിയ മറുപടി 117 എന്നായിരുന്നു; ഹോ എന്റെ ഒരു സ്വപ്നം! ചിലപ്പോൾ അര വട്ടെനിക്കും കാണൂമായിരിക്കും.

2 comments:

  1. ഇംഗ്ലണ്ടിലെ 'പോ വട്ടായീ' ഗ്രൂപ്പും,പിന്നെ 'വാ വട്ടായീ'ഗ്രൂപ്പും,വായിച്ചറിയുവാൻ ; കത്തനാരും പാസ്ടരും നടത്തുന്ന ദൈവനിഷേധ ധ്യാനകേന്ദ്രങ്ങളില്‍ പോയി 'മൂടു ' ചൂടാക്കുന്ന എല്ലാ ക്രിസ്തീയ അന്ധവിശ്വാസികളും വായിച്ചറിയുവാന്‍ :- 'ധ്യാനകേന്ദ്രം' അവനവന്‍റെ "മനസ്" തന്നെ ആയിരിക്കണം എന്നതാണതിന്റെ ഒന്നാം കല്പന! കൃഷ്ണനും പിന്നെ ക്രിസ്തുവും പറഞ്ഞ ധ്യാനമല്ല ഈ വട്ടയികത്തനാരും വട്ടില്ലാത്തകത്തനാരും നടത്തുന്ന ഇന്നത്തെ ചൂഷണ ധാനകേന്ദ്രപ്രകസനങ്ങള്‍ ! അവ വെറും തട്ടിപ്പ് /സമയംകൊല്ലി മിമിക് സ്റ്റേജുകള്‍ എന്ന് കാലേകൂട്ടി നിങ്ങള്‍ മനസിലാക്കിയാല്‍ നിങ്ങള്ക്ക് നന്ന് ! ക്രിഷ്ണനും ക്രിസ്തുവും പറഞ്ഞ "ധ്യാനം" എന്തെന്ന് ഒരിക്കലും മനസിലാക്കാത്ത/മനസിലാക്കാന്‍ ശ്രമിക്കാത്ത ഈ "കുരടന്മാരായ വഴികാട്ടികളെ" ഒരിക്കലായി ഉപേക്ഷിചെന്കിലെ നിങ്ങള്ക്ക് വി,മത്തായി ആറിലെ ക്രിസ്തുവിന്റെ "അറയില്‍ കയറി"യ പ്രയോഗംതന്നെ മനസിലാകൂ.... ഭഗവത് ഗീതയിലെ വ്യാസന്റെ ധ്യാനവ്യം മനസിലാകൂ .. നിന്നിലെ "നീ"യാകുന്ന അഹംബോധത്തില്‍ നിന്റെതന്നെ മനസിനെ അലിയിച്ചു ആ മനസിനെ ഇല്ലാതെയാക്കുന്ന (മനസിന്റെ ചിന്തകളെ ഇല്ലാതെയാക്കുന്ന )പ്രക്രിയയാണ് ധ്യാനം! കടലിന്റെ ആഴങ്ങള്‍ കാണാന്‍ മുങ്ങിത്തപ്പുന്ന "ഉപ്പുപാവ"യെന്നപോലെ 'മനസ്' ഇല്ലാതെയാകണം എന്നര്‍ത്ഥം ! അതാണ്‌ പ്രാര്‍ത്ഥന !! രോഷന്റെ ചിന്തകള്‍ നിങ്ങളിലും വൈരാഗ്യം ഉണര്ത്തട്ടെ ആമ്മീന്‍ ...

    ReplyDelete
  2. സജിയല്ല സോജിയാണ് .ഫാതർ സോജി ഓലിക്കൽ,പാലക്കാടു ബിഷപ്പ് തിരിച്ചു വിളിച്ചപ്പോൾ പോയി പണിനോക്കാൻ പറഞ്ഞ പുണ്യാത്മാവ് ,കാക്കനാട്ട് നിന്ന് ആലഞ്ചേരി വിളിച്ചപ്പോൾ ഇംഗ്ലീഷ് ബിഷപ്പിനെ ചാക്കിട്ടു സീറോ മലബാര് ഉപേക്ഷിച്ചു ലത്തീനിലെയ്ക്ക് കാലുമാറിയ കള്ളനാണയം .(ഇപ്പോൾ മലയാളം കുര്ബാന ചൊല്ലാൻ സോജിയ്ക്ക് അനുവാദമില്ല ) യൂറോപ്പിന്റെ അപ്പസ്തോലൻ എന്ന് അറിയപ്പെടന്നാണ് ഇദ്ദേഹത്തിനു ആഗ്രഹം .സ്വന്തം മേലധികാരികളെ അനുസരിക്കാത്ത ഈ മഹാനാണ് സ്റെജിൽ കയറി ബാലിയല്ല അനുസരണയാണ് ആവശ്യമെന്ന് വിളിച്ചുകൂവുന്നത് . സോജിയെ തിരുത്തി നാട്ടിലേയ്ക്ക് വിടാൻ വട്ടായിക്കും മനസ്സില്ല .സോജിയെപ്പറ്റി അറിഞ്ഞതെല്ലാം ഈ ബ്ലോഗിൽ എഴുതാനാവില്ല .എഡ്വിൻ ഫിഗരോയും ഒരു ധ്യാനഗുരു ആയിരുന്നു എന്ന് എല്ലാവരെയും

    ReplyDelete