കഴിഞ്ഞ 8 വര്‍ഷമായി തുടര്‍ന്നുപോന്ന മുന്‍വികാരിയുടെ ദുര്‍ഭരണത്തിനുശേഷം , അതിരമ്പുഴ ഇടവകയില്‍ സിറിയക്കച്ചന്റെ നേതൃത്വത്തില്‍ സംശുദ്ധമായ ഭരണമാണ് നടക്കുന്നതെന്ന് വിശ്വസിച്ചിരുന്നു. പക്ഷേ, ഏപ്രില്‍ 26-ാം തീയതി നടന്ന പൊതുയോഗത്തില്‍, മുന്‍ ഓഡിറ്റര്‍മാരെ വീണ്ടും നിയമിക്കാനുള്ള ഗൂഢതന്ത്രം പൊതുയോഗം നിരാകരിക്കുകയും അവരില്‍ രണ്ടുപേരെ നിലനിര്‍ത്തി, ഫിനാന്‍സ് കാര്യങ്ങളില്‍ പ്രാവീണ്യമുള്ള മറ്റു രണ്ടുപേരെ തിരഞ്ഞെടുക്കുകയും ചെയ്തു. പൊതുയോഗം തിരഞ്ഞെടുത്ത ഓഡിറ്റര്‍മാരായ സി.എം.ജോസഫ്, ജോര്‍ജ്ജ് മാത്യു ഓലിക്കല്‍, അഗസ്റ്റിന്‍ പോള്‍ ആലഞ്ചേരി, ജോയി പൊന്നാറ്റില്‍ എന്നിവരുടെ പേരുകള്‍ അതിരൂപതയുടെ അംഗീകാരത്തിനായി വികാരിയച്ചന്‍ സമര്‍പ്പിച്ചു.
അതിരമ്പുഴയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, പൊതുയോഗം തിരഞ്ഞെടുത്ത രണ്ട് ഓഡിറ്റര്‍മാരെ അതിരൂപത അംഗീകരിച്ചില്ല എന്ന്, വികാരിയച്ചന്‍ അവരെ അറിയിച്ചു. വികാരിയച്ചന്‍ അദ്ധ്യക്ഷനായ പൊതുയോഗത്തില്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍ അയോഗ്യരല്ലെന്ന അച്ഛന്റെ സാക്ഷ്യം അവഗണിച്ച്, യോഗീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത്, പൊതുയോഗത്തെ നോക്കുകുത്തിയാക്കുകയും, തിരഞ്ഞെടുക്കപ്പെട്ടവരെ നിന്ദിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. സാമാന്യ ബുദ്ധിക്കും, അംഗീകൃത സിവില്‍ നിയമങ്ങള്‍ക്കും, മാനുഷികയുക്തിക്കും കാനന്‍ നിയമങ്ങള്‍ക്കു തന്നെയും എതിരാണ് ഈ തീരുമാനമെന്ന് അറിയാമായിട്ടും ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നത്, അതിരൂപതയുടെ ധാര്‍ഷ്ട്യമല്ലേ?
വികാരിയച്ചന്‍ അദ്ധ്യക്ഷനായ പൊതുയോഗതീരുമാനങ്ങള്‍ അംഗീകരിപ്പിക്കേണ്ടത്, അദ്ദേഹത്തിന്റെ കര്‍ത്തവ്യമാണ്. യോഗസമയത്ത് ഇടവക ജനത്തിന്റെ കൂടെ നില്‍ക്കുകയും പിന്നീട് മറുകണ്ടം ചാടുകയും ചെയ്ത അച്ചന്‍ മുന്‍ വികാരിയുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുകയാണ്. പൊതുയോഗത്തില്‍ ഉന്നയിച്ച പ്രസക്തമായ ചോദ്യങ്ങള്‍ അദ്ദേഹത്തെ മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചിരിക്കാം.
പൊതുയോഗത്തില്‍ അവതരിപ്പിച്ചതും ഇടവകജനത്തിന് പെട്ടെന്ന് സ്പഷ്ടമാകുന്ന വരവുചിലവു കണക്കുകളിലെ ക്രമക്കേടുകള്‍ ഇവിടെ സൂചിപ്പിക്കുന്നു. പള്ളിയില്‍ അറിയിച്ച പെരുന്നാള്‍ വരവ് 1.07 കോടി. പക്ഷെ കണക്കില്‍ 73 ലക്ഷം മാത്രം. ചിലവിനത്തിലെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. തീര്‍ത്ഥാടന ഭവനം ഉണ്ടാക്കിത്തീര്‍ന്നതേയുള്ളൂ. അത് ഉടനെ നവീകരിച്ചു. ചെലവ് 30 ലക്ഷം. പണി പൂര്‍ത്തിയാക്കി താമസം തുടങ്ങിയ മുന്‍ വികാരിയുടെ ദുര്‍ഗ്ഗന്ധപൂരിതമായ സ്വപ്ന പദ്ധതി, കാവുകാട്ട് ഭവനത്തിന് 20 ലക്ഷം. പലിശയിനത്തില്‍ ചിലവാക്കിയത് 37 ലക്ഷം. കടത്തിലായ അതിരമ്പുഴ പള്ളി അറ്റകുറ്റപ്പണികള്‍ക്ക് ചിലവഴിച്ചത് 60 ലക്ഷം. കടബാദ്ധ്യതയുള്ള പള്ളി അതിരൂപതാ വിഹിതം കൊടുക്കേണ്ടതില്ല. പക്ഷെ നമ്മള്‍ അതിരൂപതയ്ക്കു കൊടുത്തത് 35 ലക്ഷം. വണ്ടി വിറ്റുകിട്ടിയ പണം കാണാനില്ല. അതിരമ്പുഴ ഫെസ്റ്റിന്റെ കണക്കുകള്‍ വരവു-ചെലവു കണക്കുകളില്‍ ഇല്ല. നിയമവിരുദ്ധമായ സസ്‌പെന്‍സ് അക്കൗണ്ടില്‍ 9 ലക്ഷം രൂപ. കൊച്ചുപുര ഭവനം എന്നറിയപ്പെടുന്ന നമ്മുടെ വികാരിയച്ചന്റെ സ്വപ്ന പദ്ധതിക്ക് ചിലവായ തുകയൊന്നും വരവു ചെലവു കണക്കുകളില്‍ കാണുന്നില്ല. ഏകദേശം 1 കോടി രൂപയെങ്കിലും വരവുചെലവു കണക്കുകളില്‍ യാതൊരു വ്യക്തതയും ഇല്ല. മുന്‍ വികാരിയുടെ സ്വന്തം സ്വപ്നമായ ഇന്നോവയുമൊക്കെ ഈ കണക്കുകളില്‍പ്പെട്ടിരിക്കാം.
ഈ അസാംഗത്യങ്ങളെല്ലാം പൊതുയോഗം ചൂണ്ടിക്കാണിക്കുകയും മിനിറ്റ്‌സില്‍ എഴുതുകയും തിരുത്ത് അവതരിപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊതുയോഗത്തിന്റെ ഈ ചോദ്യങ്ങള്‍ക്ക് ഒന്നിനും വ്യക്തമായ മറുപടി പറയുവാന്‍ കൈക്കാരന്‍മാര്‍ക്ക് കഴിഞ്ഞില്ല. വരവുചെലവു കൂട്ടുകയും അവ കൃത്യമാണോ എന്ന് പരിശോധിക്കുകയും മാത്രമേ ചെയ്തുള്ളു എന്ന് നമ്മുടെ ഓഡിറ്റര്‍മാര്‍.
നിയോഗത്തോടെ സ്‌തോത്രക്കാഴ്ച ഇടണമെന്ന് ആഹ്വാനം ചെയ്യുന്ന നമ്മുടെ വികാരിയച്ചന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കിയത് വെറും 72,000 രൂപ. നേര്‍ച്ച വരവ് പൂര്‍ണ്ണമായും മറ്റു വരവുകളുടെ ദശാംശവും (ഏകദേശം 1 കോടി) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കേണ്ടതാണ്. നമ്മള്‍ പള്ളിക്കുനല്‍കുന്ന നേര്‍ച്ചപ്പണം 'വിധവയുടെ ചില്ലിക്കാശ്'പോലെ വിലപ്പെട്ടതാണ് . അത് ധൂര്‍ത്തടിക്കാന്‍ അനുവദിച്ചുകൂടാ.
മുന്‍ വികാരിയുടെ കാലത്ത് പള്ളിക്കുണ്ടായ 300 ലക്ഷം രൂപയുടെ കടം അന്വേഷിക്കണ്ട എന്ന് സിറിയക്കച്ചന്‍ പൊതുയോഗത്തില്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഏതാണ്ട് മുഴുവന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും സ്‌പോണ്‍സേര്‍ഡ്'ആയിട്ടുപോലും 3 കോടിയുടെ കടത്തില്‍ അവസാനിക്കണമെങ്കില്‍ പണം കൈകാര്യം ചെയ്തത് എത്രയോ നിരുത്തരവാദപരമായിട്ടായിരിക്കണം. മുന്‍ വികാരിയുടെ കാലത്തെ കണക്കുകള്‍ ഓഡിറ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടതാണോ ഇവരെ ഓഡിറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താനുള്ള ചേതോവികാരം.
സാമ്പത്തിക പരാധീനതയിലായ നമ്മുടെ പള്ളിയെ സംരക്ഷിക്കുവാന്‍ നമ്മുടെ മുന്‍കൈക്കാരന്‍മാര്‍ക്കും അവര്‍ക്ക് യഥോചിതം ഉപദേശം നല്‍കുവാന്‍ ഓഡിറ്റര്‍മാര്‍ക്കും കടമയുണ്ടായിരുന്നു. ഒരു നല്ല തുകബാദ്ധ്യത ഇല്ലാതാക്കുവാന്‍ ഇവര്‍ക്കു കഴിയുമായിരുന്നു. സാമ്പത്തിക അച്ചടക്കം നമ്മുടെ ഭരണസമിതിയെ സ്പര്‍ശിച്ചതേയില്ല.
ഓഡിറ്റര്‍മാര്‍ക്ക് പള്ളിഭരണത്തില്‍ യാതൊരു പങ്കാളിത്തവും ഇല്ല. ഇടവകയുടെ കൈക്കാരന്‍മാര്‍ നിയമപരമായും ശ്രദ്ധയോടുംകൂടിയാണോ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നുമാത്രമേ അവര്‍ശ്രദ്ധിക്കുകയുള്ളൂ. അവര്‍ക്ക് ഇടവകജനത്തിനോടുമാത്രമേ ബാദ്ധ്യതയുള്ളൂ. ഓഡിറ്റര്‍മാരുടെ നിയമനം റദ്ദാക്കുകവഴി അതിരൂപതയും നിയമലംഘകരുടെ കൂടെക്കൂടിയിരിക്കുന്നു.
അതിരൂപതയില്‍ ധൂര്‍ത്തും കെടുകാര്യസ്ഥയും മാത്രം കൈമുതലായിട്ടുള്ള മുന്‍വികാരിയുടെ കരങ്ങള്‍ ഇതില്‍ പ്രവര്‍ത്തിച്ചു എന്നത് സ്പഷ്ടമാണ്. മുന്‍ വികാരിയും അദ്ദേഹത്തിന്റെ കൂട്ടാളികളും നിയമപരമായാണ് പ്രവര്‍ത്തിച്ചതെങ്കില്‍ ഓഡിറ്റര്‍മാരെ എന്തിനു ഭയപ്പെടണം. ഭയം 'കുറ്റംചെയ്തു' എന്നതിനു തെളിവല്ലേ.
സിവില്‍ നിയമപ്രകാരവും കാനന്‍ നിയമം 960 പ്രകാരവും നിയമാധിഷ്ടിതമായി നടത്തിയിട്ടുള്ള പൊതുയോഗതീരുമാനങ്ങള്‍ റദ്ദാക്കാന്‍ അതിരൂപതയ്ക്കവകാശമില്ല. അതിരൂപതയ്‌ക്കെതിരായി നിയമപരമായി നീങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും തീരുമാനം മാറ്റിയില്ലെങ്കില്‍ കോടതിയെ നമുക്കു സമീപിക്കേണ്ടിവരും. ഇപ്പോള്‍ ഇത് ചെയ്യുന്നില്ലാ എങ്കില്‍ അതിരൂപത ഇത് ആവര്‍ത്തിച്ചേക്കാം. സംഘടിതശക്തിക്കു മുമ്പില്‍ മുട്ടുമടക്കാന്‍ ആനിക്കുഴിക്കാട്ടില്‍ മെത്രാനും അറയ്ക്കല്‍ മെത്രാനും, കെ.സി.ബി.സി. ഉന്നതരും കാണിച്ച വിവേകം സ്വന്തം അജഗണങ്ങളുടെ കാര്യത്തിലും ബിഷപ്പ് പെരുന്തോട്ടം കാണിച്ചിരുന്നെങ്കില്‍ !! ചങ്ങനാശ്ശേരി അതിരൂപതയില്‍ പരിഹാസമായ അതിരമ്പുഴ ഇടവകയുടെ നട്ടെല്ലു വളഞ്ഞിട്ടില്ലെന്നും, നിയമാനുസൃതമല്ലാത്ത അതിരൂപതയുടെ ഇടപെടലുകള്‍ ചെറുക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം.
അതിരമ്പുഴയുടെ മനസ്സാക്ഷി
കൂടുതല്‍ വിവരങ്ങള്‍ക്ക് almayasabdam.blotgspot.inസന്ദര്‍ശിക്കുക
No comments:
Post a Comment