By ഫാദര്‍ ജോസഫ് വര്‍ഗീസ്
[Fr. Joseph Varghese is a freelance writer and Executive Director of Institute of Religious Freedom and Tolerance] (IRFT)
കഴിഞ്ഞ ജൂണ്‍ 26 -ം തിയതി അമേരിക്കയിലെ പരമോന്നത നീതിന്യായ കോടതിയായ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി പ്രഖ്യാപനം മനുഷ്യബന്ധങ്ങളില്‍ ദൂരവ്യാപകമായ ചലനം സൃഷ്ടിയ്ക്കുവാന്‍ പര്യാപ്തമാണ്. പുതിയ വിധിപ്രഖ്യാപനത്തിലൂടെ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും നിയമപ്രാബല്യം ലഭിച്ചിരിക്കുകയാണ്. നിയമതടസം കൂടാതെയും സംസ്ഥാന നിയമങ്ങളുടെ പരിധികള്‍ക്കപ്പുറമായും ഇത്തരം വിവാഹങ്ങള്‍ക്ക് നിയമസാധുത ലഭിച്ചു എന്നുള്ളതാണ് ഈ സുപ്രീം കോടതി വിധിയിലൂടെ കരുതപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവ് വിവാഹ ബന്ധങ്ങള്‍ക്ക് ഒരു പുതിയ മാനദണ്ഢമാണ് നല്‍കിയിരിക്കുന്നത്. അംഗീകൃതവും ഉല്‍കൃഷ്ടങ്ങളുമായ സ്ത്രീ-പുരുഷബന്ധങ്ങള്‍ക്കാണ് ഇതുമൂലം ആഘാതം സംഭവിച്ചിരിക്കുന്നത്. ഈ സുപ്രീം കോടതി വിധിയിലൂടെ സ്തീ-പുരുഷബന്ധത്തിന്റെ പവിത്രമായ മന്ത്രച്ചരടുകള്‍ പൊട്ടിയേക്കാവുന്ന അവസ്ഥയിലേക്ക് ഈ മനുഷ്യസമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ്.
സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം ദൈവീക വരദാനമാണ്. സൃഷ്ടിയുടെ ആരംഭത്തില്‍ തന്നെ ദൈവം സ്ത്രീ-പുരുഷ ബന്ധത്തിന്റെ കാര്‍മ്മികതയും നടത്തി.
പുരുഷനെ സൃഷ്ടിച്ച ദൈവം അവനു ജീവിതസഖിയായി തെരെഞ്ഞെടുത്തത് ഒരു സ്ത്രീയേയാണ്. ആദം എന്ന ആദ്യ മനുഷ്യന് ഒരു ജീവിത സഖി അന്നു സൃഷ്ടിയ്ക്കപ്പെട്ട ജീവജാലകങ്ങളില്‍ നിന്നും ആകാമായിരുന്നു. അതിനുള്ള അധികാരവും അവകാശവും ആദ്യമനുഷ്യനുണ്ടായിരുന്നു. എങ്കിലും സൃഷ്ടികര്‍ത്താവിന്റെ സൃഷ്ടിപ്രക്രിയയില്‍ ഭാഗമാകുവാന്‍ വേണ്ടി, തുല്യ സ്വാതന്ത്ര്യത്തോടും, അധികാരത്തോടും, കര്‍ത്തവ്യത്തോടും കൂടി ഹവ്വാ എന്ന ജീവിതസഖിയെയാണ് ദൈവം അവനായി കൊടുത്തത്. മഹത്തായ വിവാഹബന്ധത്തിന്റെ ആരംഭം ഇവിടെയാണ് തുടങ്ങിയത്.
സൃഷ്ടികര്‍ത്താവിന്റെ സൃഷ്ടിപ്രക്രിയ ഈ ദമ്പതികളിലൂടെ ആരംഭിച്ചത് ഇന്നും തുടരുകയാണ്. ഈ ദൈവനിയമം സകല ജീവചരാചരങ്ങളിലും ഉല്‍കൃഷ്ടമായ വംശവര്‍ദ്ധനവിന്റെ നിദാനമായി കാണപ്പെട്ടു. സകല ജീവജാലങ്ങളുടെയും നിലനില്‍പ്പും വംശവര്‍ദ്ധനയും ക്രമീകൃതമായി ക്രമപ്പെടുത്തിയ ദൈവം സൃഷ്ടിഗണത്തെ മുഴുവനും ആണും പെണ്ണുമായി നിജപ്പെടുത്തി.
കാറ്റില്‍ പറക്കുന്ന ആയിരക്കണക്കിന് പൂമ്പൊടികള്‍ എന്തുകൊണ്ട് ക്രമം തെറ്റി സംയോജിക്കുന്നില്ല. ആണ്‍ ആനയും പെണ്‍ കുതിരയും തമ്മിൽ ബന്ധങ്ങള്‍ ഉണ്ടാക്കിയതായി കാണുന്നുമില്ല. ഇവയെല്ലാം സൃഷ്ടികര്‍മത്തിന്റെ ക്രമീകൃതമായ നിയമത്താല്‍ ബന്ധിയ്ക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീ-പുരുഷബന്ധവും ഇതുപോലെയാണ് ക്രമീകരിച്ചിരിക്കുന്നത്.
മനുഷ്യബന്ധങ്ങള്‍ക്കും സൃഷ്ടി മാനദണ്ഡങ്ങള്‍ക്കും വില കൊടുക്കാതെ മുന്നോട്ടു ഗമിയ്ക്കുന്ന ഒരു സമൂഹത്തിന്റെ ഗതി എന്തായി തീരും എന്ന് ഊഹിക്കുവാന്‍ നമുക്കു സാധിക്കും. മാനുഷിക ബന്ധങ്ങളില്‍ ഉള്ള സാംസ്‌കാരികതയും തുല്യതയും നഷ്ടമാകും. മൃഗീയമായ മ്ലേശ്ചത മനുഷ്യബന്ധങ്ങളില്‍ സംജാതമാകും. സനാതനങ്ങളായ ധര്‍മ്മങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടുന്ന കാലം വിദൂരമല്ല.
സ്വവര്‍ഗ്ഗ വിവാഹങ്ങളെ തുണയ്ക്കാത്ത വ്യക്തികളേയും, സമൂഹത്തേയും നിയമവിരുദ്ധരായി പ്രഖ്യാപിക്കവാനും പുതിയ നിയമത്തിനു സാധിക്കും. പരിപാവനമായ വിവാഹബന്ധം പൂര്‍ത്തീകരിക്കപ്പെടുന്നത് സ്വര്‍ഗ്ഗത്തില്‍ ആണെന്ന വിശ്വാസമാണ് ഇവിടെ തകര്‍ക്കപ്പെടുന്നത്. ഏതു തരത്തിലുള്ള ബന്ധവും സ്വീകാര്യവും നിയമാനുസൃതം ആയിത്തീരുമ്പോള്‍ ഒരു വലിയ സംസ്‌കൃതിയാണ് നമുക്ക് നഷ്ടപ്പെടുന്നത്. ജീവിതം എന്തുമാകാം, എങ്ങനെയുമാകാം എന്ന ശൈലിയാണ് ഇപ്പോള്‍ ലോകത്തില്‍ കാണപ്പെടുന്നത്. ശരിയും തെറ്റും തമ്മിലുള്ള നേര്‍വരമ്പുകള്‍ക്ക് ഇന്ന് വിഘ്‌നം സംഭവിച്ചിരിക്കുന്നു. ശാസ്ത്രസാങ്കേതിക രംഗത്ത് മനുഷ്യന്‍ എത്രമാത്രം വളരുന്നുവോ, ഉയരുന്നുവോ, അത്രകണ്ട് ഈ പ്രപഞ്ചത്തെ ഒരുക്കിയ നാഥന്റെ അസ്തിത്വത്തെപ്പോലും അവൻ ചോദ്യം ചെയ്യുന്നു. ഞാന്‍, ഞാന്‍ എന്ന ഭാവവും സ്വയംപര്യാപ്തമെന്ന ചിന്തയും അഹങ്കാരത്തിന്റെ കൊടുമുടിയിലാണ് അവനെ എത്തിച്ചിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ അനുവദനീയമെന്നോ വിഹിതമെന്നോ അവിഹിതമെന്നോ വ്യത്യാസം ഒന്നിനുംതന്നെയില്ല. എല്ലാം അനുവദനീയം. എല്ലാം വിഹിതം.ഈ ലോകത്തിന്റെ പരിരക്ഷയ്ക്കും നിലനില്‍പ്പിനും മനുഷ്യവര്‍ഗ്ഗത്തിന്റെ വംശവര്‍ദ്ധനവിനും വേണ്ടി സര്‍വ്വേശ്വരന്‍ നമുക്കു തന്ന വരദാനമാണ് വിവാഹം എന്ന കൂദാശ. മനുഷ്യ ജീവിതം സുകൃതവും പരിപാവനവും പരിശുദ്ധവും ആത്മീയവുമാക്കി തീര്‍ക്കാന്‍ ഈ കൂദാശ നമുക്കു നല്‍കിയപ്പോള്‍, വികലങ്ങളായ ചിന്തകളും ജീവിതശൈലികളും, സ്വവര്‍ഗ്ഗ ബന്ധങ്ങളും വിവാഹം എന്ന ബന്ധത്തെ തച്ചുടച്ചു കളയുകയാണ്. ഇത്തരത്തിലുള്ള സുപ്രീംകോടതി വിധികളോട് നാം നിസ്സംഗതയും മൗനവും പുലര്‍ത്തുമ്പോള്‍ വിളയിയ്ക്കുന്നത് സാമൂഹ്യവിരുദ്ധവും, സ്വാഭാവിക വിരുദ്ധങ്ങളുമായ സംസ്‌കൃതിളാണ്. ഈ മൗനത കാണുമ്പോള്‍ ഉയരുന്ന ചോദ്യം: നമ്മുടെ ആദ്ധ്യാത്മീകത വെറും കാപട്യമാണോ?
പ്രതികരിക്കേണ്ടിടത്തു നാം പ്രതികരിക്കുന്നില്ലയെങ്കില്‍, നമുക്ക് നഷ്ടമാക്കുന്നത് ഒരു വിശ്വാസവും ആചാരങ്ങളും മാത്രമല്ല, മനുഷ്യകുലത്തിന്റെ നിലനില്‍പ്പുതന്നെയാണ്. കാലസമ്പൂര്‍ണതയിലേക്കുള്ള ഊറ്റുനോവിന്റെ ആഴം അത്രേ ഉള്ളൂ എന്നു ചിന്തിക്കുക.
Malayalam Daily News:
മതത്തിന്റെ കാഴ്ചപ്പാടിൽ ചിന്തിക്കുന്നവർക്ക് ഫാദർ ജോസഫ് വർഗീസിന്റെ ഈ ലേഖനം സത്യങ്ങളായി തോന്നാം. ഒരു രാഷ്ട്രമെന്നു പറയുമ്പോൾ മത വിശ്വാസികളും, മതത്തിൽ വിശ്വസിക്കാത്തവരും നാസ്തികരും സ്വവർഗ രതിക്കാരും സ്ത്രീ പുരുഷ വിവാഹിതരും, വിവിധ ദേശവാസികളും നിറ വർണ്ണ സംസ്ക്കാരങ്ങളുമടങ്ങിയ ഒരു ജനസമൂഹം ഉൾപ്പെ ട്ടതായിരിക്കും. സമൂഹമൊന്നാകെ തുല്യ നീതി കാംക്ഷിക്കുന്നവർക്ക് സുപ്രീം കോടതി വിധിയെ മാനിച്ചേ മതിയാകൂ. അവിടെ പഴഞ്ചൻ തത്ത്വങ്ങളായ ആദവും അവ്വയും സ്വർഗവും ദൈവ പ്രക്രീയകളുമടങ്ങിയ മുറവിളികൾക്കു ജനാധിപത്യ തത്ത്വങ്ങളിൽ പ്രാധാന്യം കൽപ്പിക്കേണ്ടതില്ല .
ReplyDeleteഅയല്ക്കാരനെ സ്നേഹിക്കണം. മറ്റുള്ളവരെ ബഹുമാനിക്കുകയും വേണം. രാജ്യത്തിന്റെ മത സ്വാതന്ത്ര്യം അനുവദിക്കുന്നതിനൊപ്പം ഓരോരുത്തരുടെയും മനസാക്ഷിയനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യവും കൊടുക്കണം. സ്നേഹിക്കുന്ന സ്ത്രീയും പുരുഷനും ഒത്തൊരുമിച്ചു ജീവിക്കുന്നപോലെ സ്വവർഗാനുരാഗികൾക്കും അവരുടെ മനസാക്ഷിയനുസരിച്ച് സ്നേഹിക്കാനും ഒത്തൊരുമിച്ചു ജീവിക്കാനും അവകാശമുണ്ട്. സ്തീ പുരുഷ ബന്ധത്തിൽ ജീവിക്കുന്നവരെപ്പോലെ രാജ്യത്തിന്റെ സംരക്ഷണം സ്വവർഗ ബന്ധക്കാർക്കും തുല്യമായിതന്നെ കൊടുക്കണം . അത് മനുഷ്യ നീതിയാണ്. മത നീതിയല്ല. 'സ്വന്തം മനസാക്ഷിയനുസരിച്ച് ജീവിക്കുന്ന സ്വവർഗ ജനതയെ വിധിക്കാൻ താനാരെന്ന' ഫ്രാൻസീസ് മാർപ്പായുടെ വാക്കുകളും ഇവിടെ സ്മരണീയമാണ്.
മതവും പുരോഹിതരും സ്വവർഗ ജനതയുടെ മൊത്തം കഴുത്തു വെട്ടാൻ ആഗ്രഹിക്കുന്നു. സോദം ഗോമോറാ പോലെ അവരെ ഒന്നടങ്കം വിനാശ കാലത്തിലെത്തിക്കാനും ആഗ്രഹിക്കുന്നു. ശാസ്ത്രം മതത്തെക്കാൾ മുന്നൂറിരട്ടി വളർന്ന കാര്യം മതവക്താകൾ മറക്കുന്നു. ഒരു പ്രത്യേക സമൂഹത്തോട് വിവേചനം വേണമെന്നു പറയുന്ന മതത്തിന്റെ ദൈവം നീതിമാനാകുന്നതെങ്ങനെ?
എല്ലാ ജനതയ്ക്കും നീതി ഉറപ്പാക്കുന്ന സുപ്രീം കോടതിയുടെ ഈ വിധി മനുഷ്യ സ്നേഹമുള്ളവർ മാനിച്ചേ മതിയാവൂ. ഒരു രാജ്യം ഭരിക്കേണ്ടത് മത തത്ത്വ സംഹികളുടെ അടിസ്താനത്തിലായിരിക്കരുത്. സ്വവർഗ ജനതയുൾപ്പടെ എല്ലാ ജനങ്ങൾക്കും ഒരുപോലെ മനസാക്ഷി സ്വാതന്ത്ര്യം വേണം. സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്ന പ്രസിഡൻഡ് ഒബാമയുടെ 'ഇത് അമേരിക്കയുടെ വിജയമാണെന്ന' വാക്കുകൾ തീർച്ചയായും അർത്ഥ സമ്പുഷ്ടമാണ്. സ്വവർഗാനുരാഗ മനസുള്ള കോടി കണക്കിന് അമേരിക്കൻ ജനതയുണ്ട്. സുപ്രീം കോടതിയുടെ ഈ വിധി എല്ലാ മനുഷ്യർക്കും തുല്യ ബഹുമാനവും തുല്യ നീതിയുമെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 'ഈ വിധി മത സ്വാത്ന്ത്ര്യത്തിൽ അമേരിക്കയുടെ കൈകടത്തലെന്ന ബോബി ജിൻഡാലിന്റെ പ്രസ്താവന തികച്ചും അപ്രസക്തവും രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടിയായിരുന്നു,
സ്വ വർഗ രതിക്കാരും നികുതി കൊടുക്കന്നവരാണ്. അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തി നീതി നിഷേധിക്കുന്നതും മനുഷ്യത്വമല്ല. ഒരാളിന്റെ ലൈംഗിക ഇച്ഛയനുസരിച്ചു നീതി നിഷേധിക്കുന്നത് സോദോം ഗോമോറാ ബാർബേറിയൻ ലോകത്തിന്റെ ചിന്താഗതിയാണ്. സ്വവർഗ ജീവിതം നയിക്കുന്നവരും റോഡു പണികൾക്കും മരാമാത്തു പണികൾക്കും രാഷ്ട്ര നിർമ്മാണത്തിനും സ്ത്രീ പുരുഷ ബന്ധം നയിക്കുന്നവരെപ്പോലെ തന്നെ തുല്യമായി സഹകരിക്കുന്നുണ്ട്. സോഷ്യൽ സെക്ക്യൂരിറ്റി പോലുള്ള അവകാശങ്ങൾക്കായി അവർ മുറവിളി കൂട്ടുന്നുവെങ്കിൽ മത വൈകാരിക ജീവികൾ അതിൽ വ്യാകുലപ്പെടേണ്ട ആവശ്യമില്ല.
Mr. Joseph Varghese is an executive director of an institute that is about tolerance. But Mr. Joseph has problems accepting any other sort of sexuality other than (what he claims to be) his own. He and his theology belongs to the second century C.E. Now, here is a lesson in tolerance for Mr. Joseph, don't stick your nose in what others do in the privacy of their home. Eagerly awaiting Mr. Joseph's teachings on the christian aspects of anal/oral/hand/foot/tit copulations.
ReplyDelete(Sincere thanks to Joseph Mathew for that wonderful comment, wish I could be that calm and composed on reading such nonsense).
വിവാഹം ഇനി സ്വര്‍ഗത്തിലോ ? എന്ന ശ്രീ.ജോസഫ് വറുഗീസ് കത്തനാരുടെ ഈ ചോദ്യം നമ്മുടെ കര്‍ത്താവ് കേട്ടിരുന്നെങ്കില്‍, "എന്താടോ കത്തനാരെ താന്‍ ബൈബിള്‍ വായിചിട്ടില്ലയോ"? എന്ന് മറുചോദ്യം ഉന്നയിച്ചേനേം ! "സഹോദരങ്ങളായ ഏഴു ഭര്‍ത്താക്കന്മാരുണ്ടായിരുന്ന സ്ത്രീ മരിച്ച്ചു സ്വര്‍ഗത്തില്‍ ചെന്നാല്‍ ഇവരില്‍ ഏതു പുരുഷന്റെ ഭാര്യയായിരിക്കും,? എന്ന ചോദ്യത്തിന് അന്നു ഞാന്‍ മറുപടിയായി അവനിട്ട് കൊടുത്തത് പോയി വായിച്ചിട്ടേ ഇമ്മാതിരി കുത്തിക്കുറിക്കാന്‍ മിനക്കെടാവേ വെരി റെവരെന്റെ" എന്നും പറയുമായിരുന്നു! അറുനൂറു ഭാര്യമാരും മുന്നൂറു വെപ്പാട്ടിമാരും അപ്പനായ ദാവീദിനെങ്കില്‍,നൂറുവീതം കൂടുതല്‍ മകനായ ശലോമോനു ! ഇതില്‍ ഏതു കല്യാണമാണ് സ്വര്‍ഗത്തില് വച്ചു നടന്നത് എന്ന് പറയാമോ കത്തനാരെ ? എന്നും കര്‍ത്താവ് ചോദിച്ചേനേം ! കത്തനാരന്മാര് ഹൊമൊസെക്സു പള്ളിയില്‍ സര്‍വസാധാരനമാക്കിയപ്പോള്‍ ,ജനമാകെ ഇത് നല്ലതെന്ന് കണ്ടുപടിച്ചു ! ലിസ്ബിയന്‍ എന്റെ (കര്‍ത്താവിന്റെ) മണവാട്ടിമാരുടെ കണ്ടെത്തലുമായി സമൂഹം ഏറ്റുവാങ്ങി ! ഇതുകണ്ട് മിടുമിടുക്കന്മാരായ ജഡ്ജിമാര്‍ അവരെ പ്രീതിപ്പെടുത്താന്‍ നിയമത്തില്‍ വ്യഭിചാരം നടത്തി ! അങ്ങിനെ "പുതിയനിയമം" ഉണ്ടായി ! കൂദാശയില്‍ (തക്സായില്‍) ശകലം തിരുത്തലുകള്‍ പോരെ കത്തനാരെ സംഗതി ക്ലീനാകാന്‍ ;പിന്നെന്തിനീ വേവലാതി ? എന്നും കര്‍ത്താവ് ചോദിച്ചെനേം! പരിപാവനമായ വിവാഹബന്ധം പൂര്‍ത്തീകരിക്കപ്പെടുന്നത് സ്വര്‍ഗ്ഗത്തില്‍ ആണെന്ന വിശ്വാസമാണ് ഇവിടെ തകര്‍ക്കപ്പെടുന്നത്. കാരണം അതൊരു അന്ധവിശ്വാസമായിരുന്നു....
ReplyDeleteഅനുരന്ജനവും സ്വാതന്ത്ര്യവും എന്ന് വിളിച്ചു പറയുകയും തങ്ങൾ വിശ്വസിക്കുന്നിടത്ത് ഒരു വള്ളിയോ പുള്ളിയോ പോലും മാറ്റാൻ വിസമ്മതിക്കുകയും ചെയ്യുന്ന 'പണ്ഡിതന്മാരുടെ' ഗണത്തിലെ ഒരു സാമ്പിൾ മാത്രമാണ് Executive Director of Institute for Religious Freedom and Tolerance ആയ Fr. Joseph Varghese. ആരെയും വിധിക്കാൻ തയ്യാറല്ലാതിരുന്ന ഒരു വിശ്വഗുരുവിനെപ്പോലും ഇവർക്ക് വിശ്വാസമില്ല, അവരുടെ മതവിശ്വാസക്കാര്യങ്ങളിൽ ഇടപെടുന്ന കാര്യത്തിൽ. 'അത് വേറെ കാര്യം, അത് ഞങ്ങൾ കൈകാര്യം ചെയ്തുകൊള്ളാം' എന്നാണ് ഇത്തരം സർവജ്ഞാനികളുടെ മട്ട്. ശ്രീ ജോസെഫ് മാത്യു തക്കതായ ഉത്തരം നല്കിയിട്ടുണ്ട്, അത് മതിയാവും. നെല്ലും പതിരും തിരിച്ചറിയാൻ എല്ലാ വായനക്കാർക്കും അറിയാം താനും.
ReplyDeleteചെറുപ്പം മുതൽ മനസ്സിൽ ഇടിച്ചുറപ്പിച്ചിരിക്കുന്ന ഒരു കാഴ്ചപ്പാട് മാറ്റുക ആര്ക്കും എളുപ്പമല്ല. ഒരിരുപതു കൊല്ലം മുമ്പ് വരെ സ്വവർഗ ബന്ധങ്ങൾ പരമ്പരാഗത വിശ്വാസികൾക്ക് വെറുപ്പിക്കുന്ന തലവേദന തന്നെയായിരുന്നു.
എന്റെ മക്കളുടെ കൂടെ പഠിച്ചിരുന്നതും, അയല്ക്കാരുമായ രണ്ട് ഡോക്ടർ ദമ്പതികളുടെ ഇരട്ട ആണ്മക്കളിൽ ഒരുവൻ gay ആണെന്ന് കേട്ടത് ആദ്യമൊക്കെ ഞങ്ങൾക്കും ഒരു ഞെട്ടലായിരുന്നു. പിന്നെ കേട്ടു ഇരുവരും ഒരേ വഴിക്കാണെന്ന്. അന്നുകാലത്ത് പോലും വര്ഷാവര്ഷം സൂറിച്ചിൽ lesbian/gay കളുടെ ആഘോഷകരമായ പരേഡ് ഉണ്ടായിരുന്നു. കാലവും മനുഷ്യരുടെ ചിന്താഗതികളും മാറിയത് എത്ര പെട്ടെന്നാണ്. ഇന്ന് ഇത്തരം കാര്യങ്ങൾ ഒരു വിശേഷം പോലുമല്ല. എന്നിട്ട് പോലും നമ്മുടേതല്ലാത്ത വഴികളിലൂടെ ചരിക്കുന്നവരെയും ബഹുമാനത്തോടെ കാണാൻ ബുദ്ധിമുട്ടായിരുന്നു. ഒരു പോപ് ഫ്രാൻസിസ് വന്ന ശേഷമാണ്, 'ദൈവം തെറ്റായി വിധിക്കാത്തതിനെ വിധിക്കാൻ നമ്മളാര്' എന്ന എളിമയുടെ പാഠം പലർക്കും മനസ്സിലായത്. അതൊരു വലിയ ദൈവാനുഗ്രഹമാണ്. എന്നാൽ, 'അംഗീകൃതവും ഉല്‍കൃഷ്ടങ്ങളുമായ സ്ത്രീ-പുരുഷബന്ധങ്ങള്‍ക്കാണ് ഇതുമൂലം ആഘാതം സംഭവിച്ചിരിക്കുന്നത്' എന്ന തരത്തിൽ മാത്രം ചിന്തിക്കുന്നവർക്ക് ഈ അനുഗ്രഹവും വളരെ അകലെയായിരിക്കും. തങ്ങൾ ചെയ്യുന്നത് ഉത്കൃഷ്ടം, അതിൽ നിന്ന് വേറിട്ടതൊക്കെ അപകൃഷ്ടം എന്ന ചിന്തയാണ് മനുഷ്യരെ നികൃഷ്ടരാക്കുന്നത്. അത്തരക്കാർ ഭൂമിയിൽ കെട്ടിയാലും സ്വർഗത്തിൽ കെട്ടിയാലും നികൃഷ്ടർ തന്നെയായിരിക്കും.