മാര്‍പ്പാപ്പായെയും മാര്‍ ആലഞ്ചേരിയെയും പിന്തുണയ്ക്കുക
2015 ആഗസ്റ്റ് ലക്കം സത്യജ്വാലയുടെ മുഖക്കുറി
ഇടപ്പള്ളിയില്‍ അത്യാഡംബരകരമായ ആര്‍ഭാടപ്പള്ളി പണിതതിനെ വിമര്‍ശിച്ച്, അതിന്റെ വെഞ്ചരിപ്പുകര്‍മ്മം നിര്‍വ്വഹിച്ച സീറോ-മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരി സംസാരിച്ചത് കേരളത്തില്‍ വലിയൊരു ആശയചര്‍ച്ചയ്ക്കു കളമൊരുക്കുകയുണ്ടായി. മിക്കവാറും എല്ലാ പത്രങ്ങളിലും ആനുകാലികപ്രസിദ്ധീകരണങ്ങളിലും ചാനലുകളിലും നവസോഷ്യല്‍ മീഡിയാകളിലും ഈ വിഷയത്തില്‍ നല്ല രീതിയില്‍ ചര്‍ച്ച നടന്നു. ആഡംബരവും പ്രൗഢിയും പ്രദര്‍ശിപ്പിക്കുന്ന ഇത്തരം പള്ളിപണിയോടുള്ള കടുത്ത എതിര്‍പ്പും അത് അക്രൈസ്തവവും യേശുവിന് എതിര്‍സാക്ഷ്യവുമാണെന്ന വിലയിരുത്തലുമാണ് അതിലൂടെയെല്ലാം പ്രകടിപ്പിക്കപ്പെട്ടത്. കൂടാതെ, ഇത്തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മറവില്‍, പുരോഹിതരും രൂപതകളും വന്‍ അഴിമതി നടത്തുന്നുണ്ടെന്ന ആരോപണങ്ങളും ഉയര്‍ന്നുവന്നു. യുവതലമുറയുടെ ഏറ്റവും വലിയ അഭിപ്രായപ്രകടനവേദിയായിക്കഴിഞ്ഞിട്ടുള്ള 'ഫേസ്ബുക്ക്' പോലുള്ള ഇന്റര്‍നെറ്റ് സോഷ്യല്‍ മീഡിയാകളില്‍ വന്ന കമന്റുകളൊക്കെത്തന്നെ, ഈ വിഷയത്തില്‍ മാര്‍ ആലഞ്ചേരി പ്രകടിപ്പിച്ച വികാരത്തോട് അനുഭാവം പുലര്‍ത്തിയും, ആര്‍ഭാടഭ്രമത്തിനടിമകളായിത്തീര്‍ന്നിരിക്കുന്ന സഭാധികാരികള്‍ക്കെതിരെ പരിഹാസ-ശകാരങ്ങള്‍ വര്‍ഷിച്ചുള്ളതുമായിരുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്.എന്നാല്‍, ഇതൊന്നും കാണുകയോ കേള്‍ ക്കുകയോ ചെയ്യുന്നതായി ഭാവിക്കാതെ, ആഡംബരപ്പള്ളികളുടെ നിര്‍മ്മാണമത്സരം തുടരുകയാണ്, മറ്റു മെത്രാന്മാരും അവരുടെ ഒത്താശയില്‍ വികാരിമാരും. ഉദാഹരണത്തിന്, ഇപ്പോഴിതാ ഇടപ്പള്ളിപ്പള്ളിയെ വെല്ലുന്ന ഒരു പള്ളിസൗധം പണിയാന്‍ ചങ്ങനാശ്ശേരി രൂപതാധികാരികള്‍ സര്‍വ്വസന്നാഹങ്ങളോടെയും ഒരുങ്ങുന്നു. വെറും 40 വര്‍ഷംമാത്രം പഴക്കമുള്ള പ്രസിദ്ധമായ പാറേല്‍പള്ളിയാണ് പൊളിച്ചു നവീകരിച്ച് വന്‍തീര്‍ത്ഥാടനകേന്ദ്രമാക്കാന്‍ പോകുന്നത്. ഇപ്പോഴത്തെ എസ്റ്റിമേറ്റ് തുക 18 കോടി! ബാക്കി കോടികള്‍ എത്രയെന്ന് പണി കഴിയുമ്പോളറിയാം. അഭിഷിക്തരുടെ പോക്കറ്റുകളിലേക്ക് ഒഴുകിപ്പോകുന്ന കോടികള്‍ എത്രയെന്ന് കണക്കാക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.
ഈ മാസം (2015 ആഗസ്റ്റ്) 15-ാം തീയതി ശിലാസ്ഥാപനം നടത്താന്‍ പ്ലാനിട്ടിരിക്കുന്ന ഈ അത്യാഡംബര പള്ളിപണിക്കെതിരെ അതുസംബന്ധിച്ചു കൂടിയ ആദ്യ പൊതുയോഗത്തില്‍ത്തന്നെ ഇടവകക്കാരുടേതായി ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. അതു പൂര്‍ണ്ണമായി അവഗണിച്ചു മുന്നോട്ടു പോകുകയായിരുന്നു, രൂപതാധികാരം. ഇപ്പോ ഴും, പാറേല്‍ ഇടവകക്കാര്‍ക്കിടയിലും ചങ്ങനാശ്ശേരി രൂപതയിലാകെത്തന്നെയും ഈ പള്ളിപണിക്കെതിരെ അമര്‍ഷവും മുറുമുറുപ്പുമുണ്ടെങ്കിലും, പുരോഹിതപ്പേടിയും മെത്രാന്‍ പേടിയുംമൂലം സ്വകാര്യകുശുകുശുപ്പുകളിലും പേരില്ലാനോട്ടീസുകളിലും അതെല്ലാം ഒതുക്കുകയാണവര്‍.
ഫേസ്ബുക്ക്-വാട്ട്‌സ്അപ്പ് ജീവിതമല്ലല്ലോ സഭാജീവിതം. അവിടെയൊക്കെ മീശ പിരിച്ചുനിന്ന് അട്ടഹസിക്കാം; സഭാജീവിതത്തില്‍ മീശയെല്ലാം താഴുകയും കൊഴിഞ്ഞുപോകുകയും ചെയ്യുന്നു!
സഭാവിശ്വാസികളില്‍ സംഭവിച്ചുകാണുന്ന ഈ പൗരുഷചോര്‍ച്ച ഗൗരവതരമായ പരിചിന്തനം ആവശ്യപ്പെടുന്ന ഒരു വിഷയമാണ്. കാരണം, സത്യദര്‍ശനത്തിന്റെയും ആശയദാര്‍ഢ്യത്തിന്റെയും കര്‍മ്മധീരതയുടെയും അവതാരമായ യേശുവിനെ ജീവിതത്തില്‍ പകര്‍ ത്താന്‍ കടപ്പെട്ടിരിക്കുന്ന സഭാവിശ്വാസികളില്‍ ഇത്ര ധാര്‍മ്മികഭീരുത്വം ഉണ്ടാകുന്നെങ്കില്‍, അതു പരിഹരിക്കേണ്ട ഒരു വൈരുദ്ധ്യംതന്നെയാണ്. ഓരോ സഭാംഗത്തിന്റെയും യേശുവിലുള്ള ധീരതയും സ്വാതന്ത്ര്യവും വീണ്ടെടുക്കുവാനും സഭയിലെ പുരോഹിതവാഴ്ച അവസാനിപ്പിക്കാനും കിണഞ്ഞു പരിശ്രമിക്കുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പായോടൊപ്പംനിന്ന് ഈ നഷ്ടവീര്യം പുനരാര്‍ജിക്കാന്‍ വിശ്വാസികള്‍ സംഘടിതശ്രമം നടത്തേണ്ടിയിരിക്കുന്നു.
ഒരുപക്ഷേ അങ്ങനെയൊരു ശ്രമമുണ്ടായേക്കാം എന്നു മുന്‍കൂട്ടിക്കണ്ടായിരിക്കണം, കേരളത്തിലെ പുരോഹിതന്മാര്‍ ഭക്തിയില്‍ ദൈവഭയത്തിന്റെ ഡോസ് ഒന്നിനൊന്നു കൂട്ടിക്കൊണ്ടിരിക്കുന്നത്. മനുഷ്യരിലെ ദൈവഭക്തിയെ ദൈവഭയമാക്കിമാറ്റി അവരെ തങ്ങളുടെ റിമോട്ട് കണ്‍ട്രോളിനുകീഴില്‍ കൊണ്ടുവരാനുള്ള പ്രവണത, ഇപ്പോള്‍ എണ്ണത്തില്‍ കൂടിക്കൊണ്ടിരിക്കുന്ന മരാമത്തച്ചന്മാരില്‍ വ്യാപകമായി കാണാം. അതുകൊണ്ടാണ് പള്ളിപണി സംബന്ധിച്ചുംമറ്റുമുള്ള കാര്യങ്ങളാലോചിക്കാന്‍ കൂടുന്ന പള്ളിപ്പൊതുയോഗങ്ങള്‍ പള്ളിക്കുള്ളില്‍വച്ചു നടത്താന്‍ അവര്‍ പ്രത്യേകം താല്‍പ്പര്യപ്പെട്ടുതുടങ്ങിയിരിക്കുന്നത്. അള്‍ത്താരയില്‍ കര്‍ത്താവെഴുന്നള്ളിയിരിക്കുന്നു എന്ന ചിന്തയില്‍, പുരോഹിതനെതിരെ അവിടെ ആരുടെയും നാവുയരരുത് എന്നതാണ് അതിന്റെ ലക്ഷ്യം. ദൈവനാമത്തെയും മനുഷ്യരുടെ വിശ്വാസത്തെയും ദൈവഭക്തിയെയും കാര്യസാധ്യത്തിനുവേണ്ടി ദുരുപയോഗിക്കുകയാണിവിടെ, പുരോഹിതര്‍. ഇത്തരം മനഃശാസ്ത്രകുതന്ത്രങ്ങള്‍ ദൈവത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിച്ച് മനുഷ്യരില്‍ മാനസ്സികാടിമത്തം സൃഷ്ടിക്കുന്നത് ദൈവദൂഷണമല്ലാതെ മറ്റെന്താണ്?
ഈ ദൈവദൂഷണത്തെ, ചങ്ങനാശ്ശേരി അരമനവാഴുന്ന 'ഭാവനാശാലി'കളായ പുരോഹിതര്‍ നൂറ്റൊന്നാവര്‍ത്തിച്ചു വീര്യം കൂട്ടിയാണ് വിശ്വാസികളില്‍ പ്രയോഗിച്ചത് എന്നറിയുന്നു. പള്ളിക്കകത്തു പൊതുയോഗം കൂടി വിശ്വാസികളുടെ നാവടപ്പിക്കുന്നതൊക്കെ പഴഞ്ചന്‍ ഏര്‍പ്പാടായിക്കഴിഞ്ഞു. തങ്ങളുടെ കൈപ്പിടിയില്‍ സാക്ഷാല്‍ യേശുക്രിസ്തു ഇരിക്കുമ്പോള്‍, എന്തിന് അള്‍ത്താരമാത്രം കാട്ടി പേടിപ്പിക്കണം! ദിവ്യകാരുണ്യആരാധനയുള്ളപ്പോള്‍ എന്തിനു പൊതുയോഗം ചേരണം! ഇതു സംബന്ധിച്ചു രൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ എഴുതിയിരിക്കുന്നത് കാണുക: ''ഇടവകയിലെ വിവിധ വാര്‍ഡുകള്‍ക്കായി 2015 ജൂലൈ 5 മുതല്‍ 12 വരെ തീയതികളില്‍ വൈകുന്നേരം 6.00-ന് ജപമാലയും 6.30 മുതല്‍ 7.30 വരെ ദിവ്യകാരുണ്യ ആരാധനയും നടത്തുന്നതാണ്. ആരാധനയുടെ അവസരത്തില്‍ത്തന്നെ ദൈവാലയനിര്‍മ്മാണത്തിനുള്ള 'സാമ്പത്തികസമ്മതപത്രം', നല്‍കപ്പെട്ടിരിക്കുന്ന നിര്‍ദ്ദേശങ്ങളുടെ പരമാവധി ചൈതന്യത്തില്‍, എഴുതി കുടുംബനാഥന്‍ (നാഥ) ഒപ്പുവച്ചത് കുടുംബമായി എത്തി ദിവ്യകാരുണ്യനാഥന്റെ പക്കല്‍ സമര്‍പ്പിക്കണം.'' അതെ, യേശുക്രിസ്തുവിനെത്തന്നെ നേരിട്ടുപയോഗിച്ചുള്ള മനശ്ശാസ്ത്രകുതന്ത്രമാണ് പൗരോഹിത്യം പാറേല്‍ ഇടവകക്കാരുടെമേല്‍ പ്രയോഗിച്ചിരിക്കുന്നത്. ജനിച്ചപ്പോള്‍ മുതല്‍ കുര്‍ബാനയില്‍ യേശുക്രിസ്തുവിനെ കണ്ട് കുര്‍ബാനഭക്തരായിത്തീര്‍ന്നിരിക്കുന്ന സാധാരണ വിശ്വാസികളെ വീഴ്ത്താന്‍ ഇതുപോലൊരു കെണി കണ്ടുപിടിക്കാന്‍ പുരോഹിതര്‍
ക്കല്ലാതെ ആര്‍ക്കാണു കഴിയുക!
'സമ്മതപത്രം എന്ന ചതിക്കുഴി' എന്ന പേരില്‍, 'പാറേല്‍ ഇടവകക്കാര്‍' ആരുടെയും പേരുവയ്ക്കാതെ പ്രസിദ്ധീകരിച്ച നോട്ടീസില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ''...ഇടവകയുടേതല്ലാത്ത ദേവാലയനിര്‍മ്മിതിയില്‍ നമ്മുടെ പങ്കാളിത്തം സമ്മതപത്രം എന്ന കരാറില്‍ ഒപ്പിടുവിച്ച്, പിന്നീട് പിന്മാറാനാവാത്തവിധം കെണിയില്‍പ്പെടുത്തി ചതിക്കുഴിയില്‍ വീഴിക്കുകയാണ് മേലാളന്മാരുടെ ഉദ്ദേശ്യം. പള്ളിനിര്‍മ്മാണക്കമ്പനി നന്മളെ ചതിക്കുകയാണ്. പള്ളിപണി പൂര്‍ത്തിയാകാന്‍ പത്തു വര്‍ഷമെടുത്താല്‍ അത്രയുംകാലം സമ്മതപത്രത്തില്‍ പറയുന്ന തുക കൊടുക്കണം. അല്ലെങ്കില്‍ നമ്മുടെ പേരില്‍ കുടിശ്ശികയായി മാറുകയും നമ്മള്‍ പള്ളിക്കു കടക്കാരായി മാറുകയും ചെയ്യുന്നു.
സ്വന്തം കാര്യസാധ്യത്തിനായി ദിവ്യകാരുണ്യ ഈശോയെ വില്‍ക്കുകയാണ്. ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍വച്ച് എടുത്ത പ്രതിജ്ഞയാണ്, സമ്മതപത്രത്തിനെതിരു നിന്നാല്‍ ദൈവകോപമുണ്ടാകും എന്നു പറഞ്ഞ് പിന്നീടു ഭയപ്പെടുത്താനാണ് കുത്സിതശ്രമം...''
പേരുവയ്ക്കാന്‍ ഭയമുള്ളവരെങ്കിലും, എത്ര കൃത്യമായിട്ടാണ് പാറേല്‍ ഇടവകക്കാര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്! കൂദാശകളെ വില്പനച്ചരക്കാക്കുന്നത് മഹാപാതകമാണെന്നു പറഞ്ഞ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ, ദിവ്യകാരുണ്യ ഈശോയെത്തന്നെ കാര്യസാധ്യത്തിനായി വില്‍ക്കുന്ന ഈ ചങ്ങനാശ്ശേരി മാതൃകയെക്കുറിച്ചറിഞ്ഞിരുന്നെങ്കില്‍ എന്തു പറയുമായിരുന്നുവോ, ആവോ?
ആത്മീയതയെ കച്ചവടച്ചരക്കാക്കുന്ന ചങ്ങനാശ്ശേരിയിലെ മഹാപുരോഹിതരുടെ പരിശുദ്ധാത്മാവിനെതിരായുള്ള ഈ മഹാപാപത്തില്‍ പ്രബുദ്ധരായ വിശ്വാസികള്‍ വശംവദരാകേണ്ടതുണ്ടോ? മാര്‍പ്പാപ്പായുടെ ഉപദേശനിര്‍ദ്ദേശങ്ങളെ തരിമ്പും വകവയ്ക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത ചങ്ങനാശ്ശേരി രൂപതാധികാരികളെയും അവര്‍ നിയോഗിക്കുന്ന വികാരിമാരെയും വിശ്വാ സികള്‍ അനുസരിക്കേണ്ടതുണ്ടോ? ആത്മീയതയെന്നാല്‍ എന്തെന്നറിഞ്ഞുകൂടാത്ത ഇവര്‍ ചൂണ്ടിക്കാട്ടുന്ന ദൈവശാപത്തില്‍ വിശ്വസിക്കേണ്ടതിന്റെയോ ഭയപ്പെടേണ്ടതിന്റെയോ ആവശ്യമുണ്ടോ? ദൈവശാപമെന്ന ഒന്നുണ്ടെങ്കില്‍ അതു തീര്‍ച്ചയായും, പരിശുദ്ധ കുര്‍ബാനയെയും ദൈവാരാധനയെയും കരുക്കളാക്കി യേശുവിനെ അവഹേളിക്കുകയും ദൈവസങ്കല്പത്തെ വികലമാക്കുകയും ചെയ്യുന്ന ഈ ദുഷ്ടപൗരോഹിത്യത്തിനെതിരെയായിരിക്കും പതിക്കുക. യേശുവിന്റെ തീക്ഷ്ണദൃഷ്ടിയും കൈയിലെ ചാട്ടവാറും അവര്‍ക്കെതിരെ ഉയരാതിരിക്കില്ല. ചങ്ങനാശ്ശേരിയിലുയരാന്‍ പോകുന്ന ഈ പൊങ്ങച്ച ബാബേല്‍ ഗോപുരം കേരളകത്തോലിക്കാ സഭയിലെ ദുഷ്ടപൗരോഹിത്യ ലോബിയുടെ തകര്‍ച്ച ആസന്നമാക്കുന്നു.
ജപമാലയും ദിവ്യകാരുണ്യവും ആരാധനയും പുരോഹിതനിര്‍ദ്ദേശങ്ങളുടെ 'പരമാവധി ചൈതന്യ'വും ഒക്കെ ഉണ്ടായിരുന്നിട്ടും ഈ 'സമ്മത പത്ര'പരിപാടി വിജയിച്ചില്ല എന്നാണറിയുന്നത്. ചെറിയൊരു ന്യൂനപക്ഷം ശുദ്ധാത്മാക്കള്‍ മാത്രമേ സമ്മതപത്രം 'ദിവ്യകാരുണ്യനാഥ'ന്റെ പക്കല്‍ സമര്‍പ്പിക്കാന്‍ തയ്യാറായുള്ളുവത്രെ! അധികാരികള്‍ ഔദാര്യപൂര്‍വ്വം അവധി നീട്ടിക്കൊടുത്ത് ദൈവശാപത്തില്‍നിന്നും പാറേല്‍ ഇടവകക്കാരെ സംരക്ഷിക്കുവാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു.
പുതിയ സമ്മര്‍ദ്ദപദ്ധതികളും തന്ത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ടാകണം...
യേശുവിനെ ഉപയോഗിച്ച് മനുഷ്യരുടെ ഭക്തിയെ ഭയമാക്കിമാറ്റി സാമ്പത്തികചൂഷണത്തിനു തയ്യാറായി എന്ന ഒറ്റ കാരണം കൊണ്ടുതന്നെ, ഈ ആര്‍ഭാടപ്പള്ളിപണിയുമായി നിസ്സഹകരിക്കുകയാണ്, പാറേല്‍ ഇടവകയിലെയും ചങ്ങനാശ്ശേരി രൂപതയിലെയും വിശ്വാസികള്‍ ചെയ്യേണ്ടത്.
കേരളകത്തോലിക്കാ പുരോഹിതരില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന ആര്‍ഭാടപ്പള്ളിഭ്രാന്തിനെ ചികിത്സിക്കാന്‍, കേരളത്തിലെ പ്രബുദ്ധരായ മുഴുവന്‍ കത്തോലിക്കരുടെയും ശ്രദ്ധ ചങ്ങനാശ്ശേരി രൂപതയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായ പാറേല്‍ പള്ളിപണിപ്രശ്‌നത്തിലേക്കു തിരിയേണ്ടിയിരിക്കുന്നു. പാറേല്‍ ഇടവകയിലെയും ചങ്ങനാശ്ശേരി രൂപതയിലെയും ചിന്തിക്കുന്ന സുമനസ്‌കരെ കണ്ടെത്തി ഇക്കാര്യത്തില്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. അവരുമായി കൈകോര്‍ത്തുനിന്ന്, എല്ലാ ആര്‍ഭാടപ്പള്ളി പണികള്‍ക്കും ഉടനടി മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന്, സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനോടും സീറോ-മലബാര്‍ സഭാസിനഡിനോടും ആവശ്യപ്പെടേണ്ടതുണ്ട്. ദൈവഭയമുയര്‍ത്തിയുള്ള എല്ലാത്തരം പുരോഹിതനയസമീപനങ്ങളെയും ചെയ്തികളെയും സഭയില്‍ നിരോധിക്കണമെന്ന ആവശ്യവും സംഘടിതമായി ഉയര്‍ത്തേണ്ടിയിരിക്കുന്നു....
യേശുവിന്റെ ജീവിതലാളിത്യം മുഖമുദ്രയാക്കിയിട്ടുള്ള ഫ്രാന്‍സീസ് മാര്‍പ്പാപ്പായെയും, സഭയില്‍ ആര്‍ഭാടനിര്‍മ്മിതികളും ആഡംബരങ്ങളും ഒഴിവാക്കണമെന്നു നിര്‍ദ്ദേശിച്ച മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആലഞ്ചേരിയെയും അംഗീകരിക്കാനും അനുസ്സരിക്കാനും സീറോ-മലബാര്‍ സഭയിലെ മുഴുവന്‍ മെത്രാന്മാരും ബാധ്യസ്ഥരാണെന്ന വസ്തുത അവരെ ഓര്‍മ്മിപ്പിക്കാന്‍ സഭാപൗരന്മാരെന്ന നിലയില്‍ വിശ്വാസികള്‍ക്ക് അവകാശവും കടമയുമുണ്ട്.
-എഡിറ്റര്‍
അന്തോനീസു പുണ്യാളൻ വാശിയിലാണെന്നു തോന്നുന്നു. പൊളിച്ചിട്ട് അഞ്ചു വർഷമായ ചെങ്ങളം പള്ളി ഇപ്പോഴും പണിതുകൊണ്ടെയിരിക്കുന്നു .. പുതിയ ആവശ്യം കേരളത്തിന് പുറത്തു ജോലിചെയ്യുന്നവരുടെ രണ്ടുമാസത്തെ ശമ്പളമാണെന്നാണ് കേൾക്കുന്നത് ..
ReplyDeleteSpending very huge amounts of money unnecessarily for constructing Churches should be avoided...
ReplyDeleteBut to preserve the importance of some Holy Shrines and to improve facilities for large gatherings, sometimes it is inevitable to spend some amount of money on such selected Places of Worship for the Glory of God.
"ഹൃദയം ദേവാലയം","നിങ്ങള്‍ ദൈവത്തിന്റെ മന്ദിരങ്ങള്‍ ആകുന്നു","അറയില്‍ കയറി വാതില്‍ അടച്ചു രഹസ്യത്തിലുള്ള നിങ്ങളുടെ പിതാവിനോട് പ്രാര്‍ഥിക്കാ" എന്നയീമൂന്നു വചനങ്ങളും "നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ പള്ളികളിലും പൊതുസ്ഥലങ്ങളില്‍ നിന്നു പ്രാര്‍ഥിക്കാന്‍ ഇഷ്ടപ്പെടരുത്"എന്ന ക്രിസ്തുവിന്റെ ഉപദേശത്തിനു അടിസ്ഥാനമായ താങ്ങുവചനങ്ങളാകുന്നു! എത്ര ചിന്തിച്ചിട്ടും ഈ നിസാരതത്വം മനസ്സില്‍ പതിയാത്ത, മനനമില്ലാത്ത ഒരുപറ്റം ഇരുകാലിയാടുകള്‍ സമൂഹത്തില്‍ ഉള്ളയിടത്തോളംകാലം പുരോഹിതര്‍ക്കും അവരുടെ മൂടുതാങ്ങിപ്പള്ളിപ്പരീശര്‍ക്കും വളരെ കൂളായി പള്ളിയില്‍ ശേഷിക്കുന്നു ഈ ജനത്തെ ഫൂളാക്കാവുന്നതാണ് ! തങ്ങളുടെ വിയര്‍പ്പിന്റെയപ്പം മുഴുവന്‍ ദൈവനാമത്തില്‍ പാതിരിപ്പട തട്ടിപ്പറിച്ചു തിന്നുന്നു എന്ന ദുഃഖസത്യംപോലും മനസിലാക്കാന്‍ ശേഷിയില്ലാത്ത ദുഷിച്ച വിശ്വാസങ്ങളുടെ തടവുകാര്‍ പണിയുന്ന ഈ പള്ളികള്‍ ദൈവത്തിനുല്ലതല്ല ; പകരം പാതിരിക്കു പണമുണ്ടാക്കാനുള്ള മാമോന്റെ ആലയങ്ങളാകുന്നു ! ആയതിനാല്‍ ക്രിസ്തു എന്നും എവിടെയും എപ്പോളും "കള്ളന്മാരുടെ ഗുഹകള്‍" എന്നേ ഈ പാവംപള്ളികളെ വിളിക്കാറുള്ളൂ ...ദൈവം സര്‍വവ്യാപിയാണങ്കിലും പള്ളികളില്‍ മാത്രം ഇല്ലേയില്ല ! കാരണം കുരിശില്‍ കയറ്റി അന്നിവര്‍ കൊന്നവനെ ആ കുരിശുതന്നെ വീണ്ടുംവീണ്ടും പള്ളിയില്‍ കാണിച്ഛതിയാനെ സ്ഥിരം വെരുട്ടുന്നു..കൂടാതെ കുരിസുവരച്ചുകാണിച്ചാ സാധുവിനെ ജനവും സ്ഥിരം കളിയാക്കുന്നു ! പക്ഷെ തന്റെ കുരിശു എടുത്തു അവനെ അനുഗമിപ്പാനാരുമില്ലാതാനും ... ! ജനമേ, പള്ളിപണിയാന്‍ ഇനിയും നിങ്ങള്‍ പണക്കിഴി കൊടുക്കണമെന്നില്ല്ല ; അവരുടെ കൈവശമുള്ള മൂലധനം വച്ചു പുതിയപുതിയ പള്ളികളും തീര്‍ഥാടനകേന്ദ്രങ്ങളും അവര്‍ നിങ്ങളെ ആകര്‍ഷിക്കാന്‍ ഇനിയും പണിയും (വ്യവസായ യൂണിറ്റുകള്‍) ഇവിടെ ഹിന്ദുമൈത്രി ഉണരുന്നതുവരെ ..അതിനിനിയും താമസമധികമില്ല എന്ന വലിയസത്യം ഈ പൊട്ടന്പാതിരിമാര്‍ അറിയുന്നുമില്ല ! ഹ കഷ്ടം കാലമേ ...
ReplyDeleteS. മാളിയേക്കൽ , എപ്പോഴെങ്കിലും സമയം കിട്ടുകയാണെങ്കിൽ ചെങ്ങളം എന്ന ഗ്രാമത്തെക്കുരിച്ചും അവിടെ നിലനിന്നിരുന്ന പള്ളിയേക്കുരിച്ചും അറിയാൻ ശ്രമിക്കണം . കേവലം 550 ഓളം വരുന്ന ഇടത്തരം സാമ്പത്തിക നിലയുള്ള കർഷക കുടുമ്പങ്ങളാവിടെ . നൂറു വര്ഷത്തോളം പഴക്കമുണ്ടായിരുന്ന മനോഹരമായ പള്ളി പൊളിച്ചു കളഞ്ഞിട്ടാണ് കോടികൾ മുടക്കി ( മുടക്കിച്ചു) പുതിയ മണിമാളിക പണിയുന്നത് . അതൊരിക്കലും ഇടവകക്കാരുടെ ആവശ്യം ആയിരുന്നില്ല ; പിന്നെയോ അച്ചന്റെയും മേത്രാന്റെയും പിന്നെ പിള്ളിയോടു ഒട്ടി നിക്കുന്ന കുറച്ചു നിക്ഷിപ്ത താല്പര്യക്കാരുടെയും ആവശ്യമായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു .
ReplyDelete