Translate

Saturday, August 15, 2015

പള്ളിയാരു നോക്കും?

കേരളകത്തോലിക്കാസഭയിലെ എറണാകുളം-അങ്കമാലി റൂട്ടിലുള്ള ഒരു കുടുംബ പ്രേഷിത കേന്ദ്രം പ്രണയവും വിവാഹവും പഠനത്തിനു വിധേയമാക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് വാർത്തകൾ കേൾക്കുന്നു. കേരളത്തിൽ തന്നെ കത്തോലിക്കാ വിവാഹമോചനക്കേസുകൾ 38000 കവിഞ്ഞെന്ന് ഒരു ധ്യാനഗുരു ഓർമ്മിപ്പിക്കുന്ന പ്രസംഗം ഞാൻ കേൾക്കുകയുണ്ടായി. പല്ലു കടിച്ചു പിടിച്ചു കഴിയുന്നവർ ഒരു പതിനഞ്ചു ലക്ഷം വേറേയും കാണൂം. എന്തെങ്കിലും ചെയ്യാതിരിക്കാൻ പറ്റുമോ? അഴിക്കും തോറും ചുറ്റെന്നാശാരി പറഞ്ഞതുപോലുണ്ട് കാര്യങ്ങൾ. കെട്ടുന്ന സർവ്വരും ഇട്ടേച്ചു പോകുന്ന അവസ്ഥ വന്നാൽ പള്ളി എന്തിനേപ്പറ്റി ആലോചിക്കുമോ? പ്രേമം പാപമോ, പ്രണയം പുണ്യമോ എന്ന വിഷയത്തെപ്പറ്റിയാണ് ആദ്യവട്ട ചർച്ചയെന്നും കേൾക്കുന്നു. ഈ ചർച്ചയിൽ പങ്കെടുത്താലോ എന്നുവരെ ഞാനിപ്പോൾ ആലോചിക്കുന്നു. പ്രേമം പുണ്യമായിരിക്കാം, പ്രണയം പാപമല്ലായിരിക്കാം എന്നിങ്ങനെയെങ്കിലും കത്തോലിക്കാ സഭ ചിന്തിക്കാൻ തയ്യാറായെങ്കിൽ അതെന്താ നിസ്സാര കാര്യമാണോ? അയിലോക്കത്ത് സൗദിയിൽ, കല്യാണവേളയിൽ വധു ഒരു വ്യവസ്ഥ വെച്ചു; തന്റെ സഹപാഠികളായ രണ്ടുപേരെ കൂടി അയാൾ കെട്ടണമെന്ന്. അവസാനം അയാൾ അതിനു സമ്മതിച്ചെന്നും കല്യാണം നടന്നെന്നും ഇംഗ്ലീഷ് പത്രങ്ങളിൽ വായിച്ചു. വന്നു വന്ന്, ഒന്നിൽ കൂടുതൽ കെട്ടുന്നതു ശരിയോ തെറ്റോയെന്നും ഏതെങ്കിലും രൂപത പഠീച്ചു തുടങ്ങിയേക്കാം. വേണ്ടതില്ലെങ്കിൽ പലതും സംഭവിക്കും. കിട്ടിയ സമയത്തു മുഴുവൻ പിരിവിനേപ്പറ്റി ചിന്തിച്ചു കൊണ്ടിരുന്നു, ആളുകൾ എങ്ങിനെ വളരണമെന്നതിനേപ്പറ്റി ആരും ചിന്തിച്ചില്ല. നമസ്കാരം പഠിപ്പിച്ചാൽ എല്ലാമായെന്നും സഭ കരുതി. കത്തോലിക്കാ സഭക്കില്ലാതെ പോയതു ചിന്തയല്ലേയെന്നു ഞാൻ ന്യായമായും സംശയിക്കുന്നു. വിശ്വാസികൾക്കില്ലാതെ പോയത് സാമാന്യബുദ്ധിയാണെന്നതു വേറൊരു സത്യം.

വളർച്ചയെന്നാൽ തിരുത്തലുകളും നവീകരണവും ആണെന്നാർക്കാ അറിയില്ലാത്തത്? നമ്മൾ പ്രണയം പഠിപ്പിക്കാൻ തുടങ്ങിയാൽ അതു മറ്റുള്ളോരും തുടങ്ങുമെന്ന് കരുതണ്ട. വിവാഹ ഒരുക്ക സെമ്മിനാറിനുണ്ടായ ഗതി ഇതിനുണ്ടാകില്ല; കാരണം, ഈ പ്രപഞ്ചം മുഴുവൻ പ്രണയമാണെന്ന് നമ്മുടെ നേതാക്കന്മാർക്കല്ലാതെ എല്ലാവർക്കും അറിയാം. പ്രണയം ആണും പെണ്ണും തമ്മിൽ മാത്രമല്ല താനും. അതിനേപ്പറ്റി ആരെങ്കിലും ഒന്നു നന്നായി പഠിച്ചിരുന്നെങ്കിൽ! സ്കൂൾ ഓഫ് പ്രാക്റ്റിക്കൽ ഫാമിലി ലൈഫ് എന്ന പേരിൽ വിവാഹത്തിനു പ്രായോഗിക പരിശീലനം കൊടുക്കുന്ന ഒരു സ്ഥാപനം ഏതെങ്കിലും രൂപത താമസിയാതെ തുടങ്ങാൻ സാദ്ധ്യതയുണ്ട്. അതും അക്രൈസ്തവർ അനുകരിക്കാൻ ഇടയില്ല, കാരണം മറ്റുള്ളവർക്ക് നാണം എന്നൊന്നുണ്ട്. മനുഷ്യക്കടത്തിനു കാക്കനാട്ടുള്ള കുരിശിൻ ചുവട്ടിൽ നിന്നു തന്നെ ഒരച്ചനെ പിടിച്ചു; ജറൂസലേമിനു പെണ്ണുങ്ങളെ കയറ്റിയയച്ചിട്ടു മുങ്ങിയ അച്ചനെ തപ്പി തിരുവനന്തപുരം പോലീസ് നടക്കുന്നു; ഇപ്പരിപാടിയും മറ്റാരും ഔദ്യോഗിക തണലിൽ തുടങ്ങിയില്ലല്ലോ? 


പോൺ സൈറ്റുകൾ അപ്പാടെ നിരോധിച്ചതു ശരിയായില്ലായെന്ന് തേലക്കാട്ടച്ചൻ പറയുന്നു. ഇത്തരം സൈറ്റുകൾ കാണുന്നത് ആശാസ്യമല്ലെങ്കിലും വ്യക്തികളുടെ അവകാശങ്ങളിൽ കൈകടത്തുന്ന എല്ലാ നിയമങ്ങളും കാടത്തമാണെന്നാണ് അദ്ദേഹം അർത്ഥമാക്കുന്നത്. ഇന്ത്യയിൽ നിന്നും അഞ്ചു ബില്ല്യൺ ആളുകൾ ഇത്തരം സൈറ്റുകൾ സന്ദർശിക്കുന്നു എന്നാണു കണക്ക്. ഇടവക തിരിച്ചുള്ള കണക്കുകൾ ആരും പറഞ്ഞു കേട്ടില്ല. ഏതായാലും, ഇതിൽ മനുഷ്യാവകാശമാണു വലുതെന്നു പറഞ്ഞ അച്ചനെ ഞാൻ സമ്മതിക്കുന്നു. വേശ്യ പോയി അഭിസാരികയെ ഉപദേശിക്കുന്നതു പോലുണ്ട് അദ്ദേഹത്തിന്റെ വാദഗതി എന്നാണ് എന്റെ അഭിപ്രായം. വിശ്വാസികളുടെ സർവ്വ അവകാശങ്ങളിലും കൈകടത്തുകയും, അവർ പണിത പള്ളികളും അവർ സമ്പാദിച്ച സർവ്വ സ്വത്തുക്കളും സ്വന്തമാക്കുകയും ചെയ്ത സഭാധികാരികൾക്കു മനുഷ്യാവകാശത്തെപ്പറ്റി പറയാൻ എന്തവകാശം? തേലക്കാട്ടച്ചൻ തല്ലുകൊള്ളുന്ന ചെണ്ടയുടെ സ്ഥാനത്തു തന്നെ; കാശൂമേടിക്കാൻ വേറേ ആൾക്കാരുണ്ട്. പല ചാനൽ ഇന്റർവ്യൂകളിലും അദ്ദേഹം നേരിട്ട പീഢാസഹനങ്ങളേയും കൂടി ഓർത്ത് അദ്ദേഹത്തെ അടുത്ത മെത്രാനാക്കുക. അതു കഴിഞ്ഞാൽ, ആരെന്തു ചോദിച്ചാലും പ്രതികരിക്കേണ്ടതില്ലല്ലോ! 
എല്ലാ പള്ളികൾക്കും ഒരു മൂലക്കല്ലു വെഞ്ചരിക്കുമ്പോൾ പുതിയ പാറേപ്പള്ളിക്ക് പതിനഞ്ചു കല്ലുകളാണു വെഞ്ചരിക്കുന്നത്. ജെറൂസലേം പള്ളിക്കു പോലും നാലു വശങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇതിന്റെ സ്ഥിതി എന്തായിരിക്കുമോ, എന്റെ പാറേമാതാവേ!! ജയിൽശിക്ഷ ഒഴിവാക്കാൻ 10 വർഷങ്ങൾക്കുള്ളിൽ 13 പ്രാവശ്യം ഗർഭിണിയായ ഒരു ചൈനാക്കാരത്തിയുടെ കഥ കേട്ടിട്ടുണ്ട്; അതുപോലെ, പള്ളിപണി തീരുന്നിടംവരെ എന്തെങ്കിലും കൊനഷ്ട് ഒപ്പിച്ചു സെണ്ട്രൽ ജയിലിൽ പോയിക്കിടന്നാൽ ചിലപ്പോൾ ഇടവകക്കാർ രക്ഷപ്പെട്ടെന്നിരിക്കും. വന്നു വന്നു പാറേപ്പള്ളിയിലും ഭൂതം! പള്ളിപണിക്കെതിരെ ലഘുലേഖകൾ ചങ്ങനാശ്ശേരി ചന്തയിൽ ഓൾസെയിൽ വിലക്കു കിട്ടുമെന്നു കേട്ടൂ. ജനിക്കുമ്പോഴേ മുദ്രപത്രത്തിൽ എല്ലാവരെയും ഒപ്പിടീപ്പിക്കുന്ന സമ്പ്രദായം കൂടി അങ്ങു തുടങ്ങിയാൽ സംഗതി എളുപ്പമായേനെ. ധർമ്മക്കാരെപ്പോലെയാണോ അല്ല, നോക്കു തൊഴിലാളികളേപ്പോലെയാണൊ? അതുമല്ല! എന്തായാലും ഒരു പള്ളിയുടെയും പെട്ടിയിലേക്ക് എത്ര ഇട്ടാലും തികയില്ല; എപ്പം നോക്കിയാലും പിരിവ്! വിജാഗിരി അച്ചന്മാർ സഭയിൽ വേണ്ടത്ര ഉള്ളിടത്തോളം കാലം എല്ലാ സ്ഥലങ്ങളിൽ നിന്നും ഇതുപോലുള്ള കൗതുക വാർത്തകൾ ഉണ്ടായിക്കൊണ്ടേയിരിക്കും. 
എന്റെ ആസ്റ്റ്രേലിയായിലുള്ള പെങ്ങളാണ് വികാരിയച്ചനെ വിജാഗിരിയച്ചൻ എന്നു സംബോധന ചെയ്തത്. അവളുടെ കല്യാണം പെട്ടെന്നു കണ്ടിഷ്ടപ്പെട്ട് നടത്തിയതായിരുന്നു. ഒരവധിക്കു നാട്ടിൽ വന്നപ്പോൾ അന്വേഷണം തുടങ്ങി. മടങ്ങാൻ 15 ദിവസമുള്ളപ്പോൾ വന്ന ഒരാലോചന അങ്ങുറപ്പിച്ചു. പള്ളിയിൽ കുറിയാവശ്യത്തിനു ചെന്നപ്പോളല്ലേ കളി. മൂന്നു വിളിച്ചു ചൊല്ലാതെ നടക്കില്ലെന്നച്ചൻ പറഞ്ഞു. കല്യാണം താമസിച്ചാലും വേണ്ടില്ല, അടുത്ത കൊല്ലത്തെ പെരുന്നാൾ ഞങ്ങൾക്കു തരണം എന്നായി ഡാഡി. അടുത്ത വർഷം പെരുന്നാൾ ആരും ഏറ്റിട്ടില്ലെന്നു ഡാഡിക്കറിയാമായിരുന്നു. ഡാഡി ഇട്ടുകൊടുത്ത ഇരയിൽ അച്ചൻ കൊത്തി. അന്നു വൈകിട്ടു തന്നെ അച്ചൻ വീട്ടിലേക്കു വിളിച്ചു, യാദൃശ്ചികമായി അദ്ദേഹം അന്നു മെത്രാനെ കണ്ടെന്നും കല്യാണം ഒന്നു വിളിച്ചു ചൊല്ലി നടത്താൻ വിരോധമില്ലെന്നു പറഞ്ഞെന്നും പറഞ്ഞു. പിറ്റേന്ന് അച്ചനെ കാണാൻ ചെന്ന ഡാഡിയോട് പള്ളിക്കു മുമ്പിൽ സ്ഥാപിക്കുന്ന കൊടിമരം എവിടെ വെയ്ക്കണമെന്നതിനെപ്പറ്റിയേ അച്ചൻ സംസാരിച്ചിട്ടുള്ളൂ. അവസാനം അതു മുഴുവൻ ഡാഡിയുടെ തലയിൽ കൊണ്ടെ വെച്ചു. കല്യാണം ഒക്കെ കഴിഞ്ഞവൾ പോയി. പണം കണ്ടാൽ അങ്ങോട്ടുമിങ്ങോട്ടൂം ഇളകുന്നതുകൊണ്ടാണ് അച്ചന്മാരെ (പ്രത്യേകിച്ചും സീറോ) അവൾ വിജാഗിരികൾ എന്നു വിളിക്കുന്നത്. 
കുറേ വർഷങ്ങൾക്കു മുമ്പു ഒരാളുടെ വീട്ടിൽ ഒരു ദുർമ്മരണം നടന്നു. എല്ലാരും കൂടി ഒറ്റ പിടുത്തം, പള്ളിയുമായി മുട്ടിയാൽ ഇങ്ങിനെയിരിക്കുമെന്നു പറഞ്ഞ്. മുട്ടിയാൽ മുട്ടിയോനെയല്ലേ ദൈവം പിടിക്കേണ്ടത്? അല്ലാതെ കണ്ടവരെയാണോ എന്തോ? ഏതായാലും അധികം താമസിയാതെ മുട്ടിയവനെ കൊട്ടിയോർക്കും കിട്ടി വേണ്ടുവോളം. ഇക്കഥ പറഞ്ഞവക്കും കിട്ടി, നോട്ടിങ്ങ്ഹാം സ്റ്റൈലിൽ ഒരെണ്ണം! പാറേൽ പള്ളി ഇടവകക്കാർ സൂക്ഷിച്ചോ, ഇനി അവിടെ അൽഭുതങ്ങളുടെ അരങ്ങേറ്റമായിരിക്കും! ഇത്തരം കഥകൾക്ക് ഒരു പഞ്ഞവും കാണില്ല. സ്ഥലകാലാതീതമായ നിത്യതയുടെ ശൂന്യതയിൽ നമ്മുടെ മേലാളന്മാർ സ്വർഗ്ഗം പണിയുന്നു, നരകം പണിയുന്നു; പിന്നെ അവിടെ ഗ്രാമ പഞ്ചായത്തുകളും, വില്ലേജ് ഓഫീസുകളും എല്ലാം തീർക്കുന്നു. ഇവരെ ആരോടുപമിക്കണം? ദൈവം അനന്ത സ്നേഹമാണെന്നും, പക്ഷേ, ദൈവത്തെ തൊട്ടാൽ വിവരമറിയുമെന്നും ഒരേ വായിൽ പറയുന്ന ഇവരോട് തർക്കിക്കാൻ ഞാനില്ല; അത്രയും സമയം നഷ്ടം. 
നല്ല ആരോഗ്യത്തോടെ ആരെങ്കിലും ജീവിക്കുന്നത് അച്ചന്മാർക്കു പൊതുവേ ഇഷ്ടമല്ല; യോഗാ ചെയ്യിപ്പിക്കില്ല, പ്രാണിക് ഹീലിങ്ങ് ചെയ്യിപ്പിക്കില്ല .... അങ്ങിനെ പലതും. എല്ലാം പിശാചിന്റെ കളികൾ (ഇതു കേൾക്കാനുള്ള ദുർവിധി കേരളമക്കൾക്കു സ്വന്തം)! ഇവരോ? ബഹുഭൂരിപക്ഷവും നേരം വെളുക്കുമ്പോഴേ പ്രാണായാമം തുടങ്ങും, മിക്കവരുടേയും കസ്റ്റഡിയിൽ ആരോഗ്യവൽക്കരണത്തിന് അത്യാധുനിക ഉപകരണങ്ങളുമുണ്ട്. അടുത്തിടെ ഒരു സ്ത്രീ പറഞ്ഞത്, വിശ്വാസത്തിനെതിരായതുകൊണ്ട് അവർ യോഗാ നിർത്തിയെന്നാണ്. യോഗാ ചെയ്തുകൊണ്ടിരുന്നപ്പോൾ നല്ല സുഖം ഉണ്ടായിരുന്നെന്ന് അവർ പറഞ്ഞു; അതാണു രസം. യോഗാ എന്നു പറഞ്ഞാൽ എന്താണെന്നറിയാത്തവർ ദയവായി അതിനെപ്പറ്റി സംസാരിക്കാതിരിക്കുക. ഇന്നു വ്യാപകമായി നടത്തപ്പെടുന്ന തപസ്സ് ധ്യാനത്തിലും യോഗായുണ്ട്, സുഖാസനത്തിൽ പള്ളിയിൽ നട്ടെല്ലു നിവർത്തി ഇരിക്കണമെന്നു പറയുന്നതിലും യോഗായുണ്ട്, കൈ വിരിച്ചു പിടിക്കുന്നതിലും, കൈകൾ കൂപ്പി പ്പിടിക്കുന്നതിലും യോഗായുണ്ട്. ഹിന്ദുയിസം ഒരു മതമായി കരുതപ്പെടുന്നതിനും വളരെ വളരെ മുമ്പ് (ഏതാണ്ട് 400 ബി സി യിൽ), പഥജ്നലി മഹർഷി യോഗസൂത്രാ എന്ന വിശിഷ്ട കൃതി ഇവിടെ രചിച്ചു. വിജാഗിരിയച്ചന്മാരേക്കൊണ്ട് യോഗാ കുഴപ്പമില്ലെന്നു സമ്മതിപ്പിക്കാമോ? ഇവരുടെ കഴുത്തിൽ ഈരണ്ട് തിരികല്ലുകൾ വീതം കെട്ടി കടലിൽ മുക്കിയാലും കര നന്നാവില്ല. യോഗാ ഇല്ലെങ്കിൽ വചനം വേണ്ടേ? കോതമംഗലം, ഇടുക്കി ഭാഗങ്ങൾ ഇപ്പോൾ അറിയപ്പെടുന്നത് യേശു പഠിപ്പിച്ച ക്ഷമയുടേയും സ്നേഹിക്കലിന്റേയും നേരെ വിപരീത പ്രവൃത്തികളുടെ പേരിലാണെന്നാർക്കാ അറിയില്ലാത്തത്?
കുറേനാൾ മുമ്പു മുൻ കന്യാസ്ത്രികളും അച്ചന്മാരും സമരത്തിനിറങ്ങിയപ്പോൾ ഒരാൾക്കു പന്ത്രണ്ട് ലക്ഷം നഷ്ടപരിഹാരം കൊടുത്ത് പ്രശ്നം പരിഹരിച്ചു. ഇതാ ഇപ്പോൾ സമുദായത്തിലെ മതം ഉപേക്ഷിച്ചവരെ എല്ലാം തടുത്തുകൂട്ടി കെ സി ആർ എം വീണ്ടും വരുന്നു, ഒപ്പം പുതിയ കന്യാസ്ത്രീ ആത്മകഥകളും. ഒരു കാലത്തു ബോബനും മോളിയും ഒരു തരംഗമായിരുന്നതുപോലെ വരുംകാലത്തു മാധ്യമങ്ങൾ ഇത്തരം ആത്മകഥാ പരമ്പരകൾ ട്രെൻഡ് ആക്കുമോന്നാ സംശയം. കെ സി ആർ എം വന്നാലെന്നാ ചെയ്യാനാ, എ കെ സി സി യുണ്ടല്ലോയെന്നായിരിക്കാം പിതാക്കന്മാർ കരുതുന്നത്. ഈ കേസിന് എങ്ങിനെ ന്യുസ് വാല്യു ഉണ്ടാക്കാമെന്നു ചിന്തിക്കുന്നു, കെ സി ആർ എം. തല വെച്ചു കൊടുത്തേക്കരുതെന്നേ എനിക്കു പറയാനുള്ളൂ. അതുപോലെ, ബലമുള്ള കമ്പിലേ അറിവുള്ളവർ പിടിക്കാറുള്ളൂ. ഇതാണു ബലമുള്ളതെന്നു കണ്ടു ഭ്രമിച്ചു കൂട്ടത്തിലുള്ളവരാരും മിസ്സ് ആകാതെയും എല്ലാവരും സദയം നോക്കുക. സഭ ആരുടെയൊക്കെയാണോ അവകാശത്തിൽ കൈയ്യിട്ടത്, അവർക്കെല്ലാം നഷ്ടപരിഹാരം കൊടുക്കേണ്ട അവസ്ഥ വന്നേക്കാം. അൽപ്പം കാശും കരുതുന്നതു നല്ലതാ.  റജി ഞള്ളാനി സാർ, കാഞ്ഞിരപ്പള്ളിയിലെ സഭാ പിതാവിനെ ഉപേക്ഷിച്ച മോനിക്കാമ്മയെ കൂടി തിരികെ കൊണ്ടുവരിക. വി. മോനിക്കായുടെ അടുത്ത കൊല്ലത്തെ പെരുന്നാളിനെങ്കിലും ഒരു മോനിക്കായെക്കൂടി വിശുദ്ധയാക്കാനുള്ള ശ്രമത്തിൽ നിന്നും അറക്കൽ ജേഷ്ടൻ പിന്മാറിയാൽ നല്ലതല്ലേ? മെത്രാന്മാർ തമ്മിൽ തമ്മിലുള്ള കൺഫ്യുഷ്യൻ മാറിയാൽ തന്നെ ഇങ്ങിനെയുള്ള കാര്യങ്ങളിൽ ഒരു ധാരണ ഉണ്ടായേനെ. എവിടെ ഒരു ധാരണയുണ്ടോ അവിടെ പള്ളിപണിയുക എന്നതാണല്ലോ സീറോ സ്റ്റയിൽ. ബോസ്റ്റണിൽ ഐക്യത്തിൽ കഴിഞ്ഞിരുന്ന ക്രൈസ്തവ സമൂഹം, പള്ളി വന്നതോടെ മൂന്നായി പിരിഞ്ഞെന്നാണ് കുര്യാച്ചൻ കഴിഞ്ഞാഴ്ച പറഞ്ഞത്. കാനഡായിലെ പുതിയ മെത്രാന്റെ നിയമനം അറിയിക്കാൻ ഓടിക്കിതച്ചു കാനഡായിൽ ചെന്ന ചിക്കാഗോ മെത്രാന്മാരെ കണ്ടപ്പോൾ നാട്ടുകാർക്കൊരു സംശയം, വാർത്ത ആദ്യം അറിഞ്ഞത് നാട്ടുകാരാണോ, പത്ര ലേഖകരാണോ അതോ അങ്ങാടിയത്തു പിതാവാണോയെന്ന്. ഒരു കൊല്ലം മുമ്പു ചിക്കാഗോയിൽ വാഴിച്ച അവിടുത്തെ സഹായ മെത്രാൻ ജൊയിഫുൾ ആണെങ്കിലും തൽസ്ഥാനത്തേക്ക് പേരുകൾ നിർദ്ദേശിച്ച വല്യപിതാവ് ജോയിഫുൾ ആയിരുന്നില്ല എന്ന പരദൂഷണത്തോടൊപ്പം ഇതും കേൾക്കുന്നു, വേറേ പലതും കേൾക്കുന്നു. പിതാവേ പൊറുക്കണേ!  എവിടെ ഒരു പിതാവു പ്രത്യക്ഷപ്പെട്ടാലും നിരാശപ്പെടാൻ കുറേപ്പേർ ഉണ്ടാകും. അവർ അരപ്പാര പണിതില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!
"ഒരാൾക്ക് യേശുവിനെ വേണം;" ഒരച്ചൻ പറഞ്ഞ കഥയാ ഇത്. "ഇത്രയും കാലം അയാളെ നോക്കി നടത്തിക്കൊണ്ടുവന്ന യേശുവിനെ അവനു വേണ്ട, അവനെ ഉള്ളംകൈയിൽ വെച്ചു സംരക്ഷിക്കാൻ പോകുന്ന യേശുവിനേയും അവനു വേണ്ട." അച്ചൻ തുടർന്നു. 
"പിന്നെ?" ഞാൻ ചോദിച്ചു. 
"ആദ്യം പറഞ്ഞത്, ഇന്നലത്തെ യേശുവിന്റെ കാര്യമല്ലേ, അതുകൊണ്ടവനെന്തു പ്രയോജനം, ഇന്നലെയെന്നതു കഴിഞ്ഞു പോയതല്ലേയെന്ന് അവൻ ചോദിക്കുന്നു." 
"ഓഹോ!" ഞാൻ റാൻ മൂളി. അച്ചൻ തുടർന്നു, "നാളെ അവനെ സംരക്ഷിക്കുമെന്നുറപ്പുള്ള ദൈവത്തെ അവനൊരിക്കലും ഉപയോഗപ്പെടില്ല, കാരണം നാളെയെന്നതു വന്നു കഴിഞ്ഞാൽ അതിന്നായിപ്പോവില്ലേയെന്നാണ് അവന്റെ വാദം." 
"അതു ശരി." ഞാൻ പറഞ്ഞു. എന്റെ മുഖത്തു നിന്നു കണ്ണു പറിച്ചിട്ട്, അകലേക്കു നോക്കി പതിഞ്ഞ സ്വരത്തിൽ അച്ചൻ ചോദിച്ചു "പറയുന്നതിൽ കാര്യമുണ്ട്; പക്ഷേ, ആയിരിക്കുന്ന ഈ നിമിഷത്തിൽ അവനെ സഹായിക്കുമെന്നുറപ്പുള്ള ഒരു ദൈവത്തെ ഞാനെവിടെനിന്നു കൊടുക്കാൻ? അങ്ങിനെയൊരേശു വന്നാൽ പള്ളിയാരു നോക്കും?"

4 comments:

  1. തേലെക്കാട്ടിനെ മെത്രാനാക്കുന്നതിൽ പന്തികേടില്ല. മറ്റു മെത്രാന്മാരും അച്ചന്മാരും ചെയ്തുവച്ച പോക്രിത്തരങ്ങൾക്ക് അങ്ങേര് ഒത്തിരി തെറി കേട്ടിട്ടുണ്ട്. മെത്രാനായിക്കഴിഞ്ഞാൽ ഒന്നിനോടും പ്രതികരിക്കേണ്ട എന്നത് ആലഞ്ചേരിതന്നെ അങ്ങേർക്കു പറഞ്ഞു കൊടുത്തുകൊള്ളും. കാറ്റ് പിടിക്കാത്ത ഉരുളൻ കല്ലുകളാണ് മെത്രാന്മാർ എന്നത് ഇന്ന് ഏറ്റവും നന്നായി അറിയാവുന്നത് kcrm നും CCV (കാത്തലിക് സിറ്റിസണ്‍സ് വോയിസ്)ക്കുമാണ്. പോപ്‌ വിളിച്ചുകൂട്ടുന്ന, വരുന്ന ഒക്ടോബറിലെ സിനഡിന്റെ വിഷയമായ ക്രിസ്തീയ കുടുംബം നേരിടുന്ന പ്രശ്നങ്ങൾ എന്നതിനെപ്പറ്റി എന്തെങ്കിലും ഒരു പഠനം നമുക്ക് നടത്തണ്ടേ എന്ന് ഇവർക്ക് തുറന്നും അടച്ചും കത്തുകൾ എഴുതി എഴുതി എഴുതി ഞങ്ങൾ മടുത്തു. 270 മെത്രാന്മാർ ഉണ്ടായിട്ട്, (ഇവർക്കെല്ലാം എഴുത്തും വായനയും അറിയാമെന്നാണ് ഊഹിക്കേണ്ടത്) മൂന്നുപേർ മാത്രമാണ് എന്തെങ്കിലും തിരിച്ചെഴുതിയത്. അവരും കാര്യമായിട്ടൊന്നും ചെയ്തിട്ടില്ല, എന്തെങ്കിലും ചെയ്യണമെന്നു മാത്രം എഴുതി. ഇനി ഒരു മാസമാണുള്ളത്. ഇനി ആര് എന്ത് പഠനം നടത്താൻ? എന്നാലും വാരിക്കെട്ടി ഇവരൊക്കെ ഒക്ടോബറിൽ റോമായിലെത്തിയിരിക്കും. ചാട്ടവാറെടുത്തു കുതിരച്ചാണകത്തിൽ മുക്കി പോപ്‌ ഫ്രാൻസിസ് ഓരോന്നിനിട്ടും തലങ്ങും വിലങ്ങും തല്ലണേയെന്നാണ് ഇപ്പോൾ ഞങ്ങൾ മുട്ടിപ്പായി പ്രാര്ഥിക്കുന്നത്. ഇപ്പോഴത്തെ പോപ്‌ നാളത്തേയ്ക്ക് എന്താണ് പ്ലാൻ ചെയ്യുന്നത് എന്നുപോലും ഞങ്ങള്ക്കറിയില്ല എന്നാണ് ഈയിടെ അദ്ദേഹത്തിൻറെ സെക്രെട്ടരിമാർ എഴിതിയിരിക്കുന്നത്. ഇന്ത്യൻ മെത്രാന്മാർക്കുള്ള ശിക്ഷയും ഒർക്കാപ്പുറത്തായിരിക്കും. എങ്കിൽ യേശുവേ നന്ദി, യേശുവേ സ്തോത്രം!
    Tel. 9961544169 / 04822271922

    ReplyDelete
  2. "തേലെക്കാട്ടിനെ മെത്രാനാക്കുന്നതിൽ പന്തികേടില്ല" എന്ന ശ്രീ നെടുങ്കനാലിൻറെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. കാരണം ഇത്തരം വൈദികരെയെ സീറോ മലബാർ സഭയ്ക്ക് മെത്രാനാകാൻ വിധിച്ചിട്ടൊള്ളു. സീറോ മലബാർ സഭയ്ക്കിന്ന് മൊത്തത്തിൽ മൂല്ല്യശോഷണം സംഭവിച്ചിട്ടുണ്ട്. കച്ചവടമന:സ്ഥിതി വർദ്ധിക്കുന്നു. ധനത്തിൻറെ അത്യാർത്തിയിൽ മുങ്ങികുളിക്കുന്നു. വഴിതെറ്റിയ കരിസ്മാറ്റിക് പ്രസ്ഥാനത്തിനു ചുക്കാൻ പിടിക്കുന്നു. യേശുപഠനങ്ങളെ മൊത്തത്തിൽ തള്ളിക്കളഞ്ഞ് കത്തോലിക്കസഭ എന്ന ആഗോള സംഘടനയെ കഴിഞ്ഞ പതിനാറു നൂറ്റാണ്ടുകളായി വളർത്തിക്കൊണ്ടിരിക്കുന്നു. അപ്പോൾ തേലെക്കാട്ടച്ചൻ മെത്രാനാകുന്നത് സീറോ മലബാർ സഭയ്ക്ക് ഒരു മുതൽകൂട്ടായിരിക്കും.
    'വിശുദ്ധ കലാപങ്ങൾ' എന്ന ഭാഗ്യലക്ഷ്മിയുടെ എപ്പിസോഡിൽ തേലെക്കാട്ടച്ചൻ നടത്തിയ ചില പരാമർശ്യങ്ങൽ ആവശ്വസനീയമായി എനിക്കു തോന്നി. മറ്റച്ചന്മാരെ വച്ചുനോക്കുമ്പോൾ കുറെ ബുദ്ധിയും ബോധവും തേലെക്കാട്ടച്ചന് ഉണ്ടെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. മറ്റ് പ്രൊഫഷനുമായി താരതമ്യപ്പെടുത്തി (എൻജിനിയർ, ഡോക്ടർ, ലോയർ, തുടങ്ങിയ) 15 - 18 വയസ്സിൽ സന്ന്യാസവൃത്തിക്കോ പൗരോഹിത്യത്തിനോ പോകാൻ എടുക്കുന്ന തീരുമാനത്തെ ന്യായീകരിച്ചത് വളരെ തരം താഴ്ന്ന അഭിപ്രായമായിപ്പോയി. സന്ന്യസ്തവും പൗരോഹിത്യവും പ്രൊഫഷനാണോ? കൂടാതെ, പ്രൊഫഷണൽ ജോലി ചെറുപ്പത്തിലെ തെരഞ്ഞടുക്കുന്നവർ ഭാവിയിൽ ബ്രഹ്മചര്യം, ദാരിദ്ര്യം തുടങ്ങിയ വ്രതങ്ങൾ എടുക്കുന്നില്ലന്നെങ്കിലും സഭയുടെ നിലപാടിനെ ന്യായീകരിക്കാൻ വെബൽകൊണ്ട മൂന്നു വൈദികരും മനസ്സിലാക്കണ്ടതായിരുന്നു. നാല് അടിവസ്ത്രക്കഥ പറയുമ്പോൾ ജസ്മിക്ക് പിന്നെ കാറുവാങ്ങി തരണമായിരുന്നോ എന്ന തേലേക്കാട്ടച്ചൻറെ മറുചോദ്യം നിർഭാഗ്യകരം! വളരെ അപക്വമായ ഒരഭിപ്രായമായിപ്പോയി അത്. സർവസ്വാതന്ത്ര്യത്തോടെ വിലസി നടക്കുന്ന വൈദികർക്ക് സാധു സിസ്റ്റെഴ്സുമാരുടെ അനുദിന ജീവിതത്തിലെ പ്രയാസങ്ങൾ മനസ്സിലാക്കാൻ സാധിക്കയില്ലന്നുള്ള സിസ്റ്റർ ജസ്മിയുടെ അഭിപ്രായം നൂറുശതമാനം ശരിയാണ്. മെത്രാന്മാരും വൈദികരുംകൂടി സൃഷ്ടിച്ചതാണ് ഞാറക്കൽ നടന്ന ക്രൂരവും നാണംകെട്ടതുമായ സംഭവം. ഈ വൈദികരാണോ മഠത്തിലെ പ്രശ്നം മഠങ്ങളിൽതന്നെ ചർച്ച നടത്തി തീർക്കണമെന്ന് ഉപദേശിക്കുന്നത്. കർത്താവ് തെരഞ്ഞെടുത്ത 12 പേരിൽ ഒരാൾ പോയപോലെ കന്യാസ്ത്രി/പൌരോഹിത്യവൃത്തി ഉപേക്ഷിച്ചു പോകാമെന്നു പറയുമ്പോൾ പോകുന്നവരെ യൂദാസുമാരായല്ലേ ചിത്രീകരിക്കുന്നത്. തിയോളജിയും ബയോളജിയും തമ്മിൽ ചേരാതെവരുമ്പോൾ വിമോചനത്തിൻറെ തത്വശാസ്ത്രം സ്വാഭാവീകം തന്നെയാണ്.

    പേരാവൂരിൽ പുതിയ രൂപത സ്ഥാപിച്ച് തേലെക്കാട്ടച്ചനെ ആ രൂപതയുടെ പ്രധമ മെത്രാനാക്കുക. അതിനുശേഷം കുറെ മെത്രാന്മാർക്ക് സ്ഥലം മാറ്റം നല്കുക. ചില ഉദാഹരണങ്ങൾ:

    ത്രിശൂർ മെത്രാപ്പോലിത്ത കല്ല്യാൻ രൂപതയിലേയ്ക്ക് (ഫരിദബാദ് ഭരണികുളങ്ങര മെത്രാപ്പൊലിത്തപൊലെ കല്ല്യാണിൽ കഴിയുക)

    പാലാ സഹായമെത്രാനെ ത്രിശൂർ മെത്രാപ്പോലിത്തയാക്കുക

    കോട്ടയം മെത്രാപ്പൊലിത്തയെ ഷിക്കാഗോ രൂപതയുടെ മെത്രാനാക്കുക (ഫരിദബാദ് ഭരണികുളങ്ങര മെത്രാപ്പൊലിത്തപൊലെ ഷിക്കാഗോയിൽ കഴിയുക). ഇത് ശുദ്ധരക്തപ്രശ്നഒറ്റമൂലി കൂടിയാണ്. ഇപ്പോഴാത്തെ ഷിക്കഗൊമെത്രാൻ റിട്ടയർ ചെയ്യുന്നു.

    പാലാമെത്രാൻ ഉജ്ജയിന്, ഉജ്ജയിൻ മെത്രാൻ പാലായ്ക്ക്

    ചങ്ങനാശേരി മെത്രാപ്പോലിത്ത ഇടുക്കിക്ക് (ഫരിദബാദ് ഭരണികുളങ്ങര മെത്രാപ്പൊലിത്തപൊലെ ഇടുക്കിയിൽ കഴിയുക). ഇടുക്കിമെത്രാൻ സീറോ മലബാർ മെത്രാൻ സിനഡിൻറെ ആശീർവ്വദത്തോടെ AKCC യുടെ ആയുഷ്ക്കാല ചെയർമാനായി ഫുൾ രാഷ്റ്റ്രീയത്തിലേയ്ക്കിറങ്ങുന്നു. ഇപ്പോൾ ഷിക്കാഗോ രൂപതപതയുടെ ചാൻസിലറായി സേവനം ചെയ്യുന്ന സെബാസ്റ്റ്യൻ വേത്താനത്തച്ചനെ ചെങ്ങനാശേരിരൂപതയുടെ മെത്രാപ്പോലിത്തയായി വാഴിക്കുക.

    കാഞ്ഞിരപ്പള്ളിമെത്രാൻ ഭദ്രാവതിക്ക്, ഭദ്രാവതിമെത്രാൻ കാഞ്ഞിരപ്പള്ളിക്ക്

    ഇനി ഇതു വായിക്കുന്ന ആർക്കെങ്കിലും സ്ഥലംമാറ്റം നല്കണമെന്നുണ്ടാങ്കിൽ ഇതോടുക്കൂട്ടിച്ചേർക്കാവുന്നതാണ്.

    ഇതുപോലൊരു സ്ഥലംമാറ്റം നടത്തിയാലറിയാം ഈ 'അപ്പോസ്തലന്മാരുടെ' മനസ്സിലിരിപ്പ്.

    ReplyDelete
  3. "തേലെക്കാട്ടിനെ മെത്രാനാക്കുന്നതിൽ പന്തികേടില്ല."എന്ന് ശരിവച്ച സാരന്മാരോടൊരു ചോദ്യം :- പിന്നാരെ മെത്രനാക്കുന്നതിലാണ് ഈ പന്തികേട്‌ ? ഒന്നാമതായി ആരെയാണീ മെത്രാനാക്കുന്നതു? എന്ന് നമുക്കൊന്ന് നോക്കാം ...ഒരുദിവസം ഒരു പോഷൻപാതിരിയുടെ ളോഹയ്ടെ നിറം, തൊപ്പിയുടെ ഷെയ്പ്പ് ഒക്കെ മാറുന്നതല്ലേ ഈ മെത്രാനഭിഷേകം ? ! എങ്കിൽ നമുക്കൊന്നുകൂടി ആഴത്തിൽ ചിന്തിക്കാം ...ആരാണീ പാതിരി ? അത് നമുക്കേവർക്കുമറിയാം, ആക്കൊചെൻ " വീട്ടില് കൊള്ളാത്തവാൻ/ സ്കൂളിൽ കൊള്ളാത്തവാൻ/ നാട്ടില്കൊള്ളാത്തവാൻ" എന്നല്ലേ മലയാളച്ചോല്ല്തന്നെ ? പിന്നെയാരു മെത്രനായാൽ നമുക്കെന്നതാ ചേതം ? വെറും ആടുകളെ .... ഇവിടെ ഒരു കേരളസഭയിലെ കതോലിക്കാബാവമുതുക്കനു എല്ലാ വര്ഷവും രണ്ടരക്കോടിയുടെ പുതിയ മെർസിഡീശ് കാർ 'വിത്ത്‌ ഫാൻസി നമ്പർ' വേണംപോലും "കഴുതമേൽ ഏറിയോനെ ഒന്ന് കളിയാക്കാൻ! ദൈവം സത്യം, പഴയ നാലാംക്ലാസ്സും റബ്ബര്ടപ്പിംഗ് തൊഴിലുമായിരുന്നു അതിയാൻ ! പളളിയിൽ ചെന്നപ്പോൾ പയ്യനെ കത്തനാരാക്കി ,പിന്നെ അടിവേലവച്ചു മെത്രാനായി; ഒടുവിൽ ദാണ്ട്‌ കാതോലിക്കയായി മാറി മാറി മേര്സിഡീസിൽ വിശ്വാസികളുടെ ചോര പെട്രോളാക്കി ചെത്തി ജീവിക്കുന്നു പാവം നസരായന്റെ 'കെയർഓഫിൽ'! ഹാ ! ഇവന്തനടാ മെത്രാൻ ......ഇവാൻതണ്ടാ നല്ലയിടയാൻ ......

    ReplyDelete
  4. "പള്ളിയാര് നോക്കും?" രോഷന്മോനെ ,കുഞ്ഞിന്റെ ഒരു വ്യാകുലചിന്ത ! പള്ളി ആരാ ഇനിയും നോക്കേണ്ടത് ?പള്ളി പണിയിച്ച കത്തനാരോ ,അതോ "പ്രാർഥിക്കാൻ പള്ളിയിൽ നിങ്ങൾ പോകരുതെന്ന്" നമ്മെ ഉപദേശിച്ച നസരായാണോ?പള്ളി നസരായാൻ നോക്കില്ല ,കാരണം "നിങ്ങളോ ഇതിനെ കള്ളന്മാരുടെ ഗുഹയാക്കി തീർത്തു" എന്ന ക്രിസ്തുവിന്റെ വിലാപം ആ പള്ളികളിൽ എന്നെ മറ്റൊലികൊണ്ടിരുന്നു ! ജനം ക്രിസ്തുവിനെ അനുസരിക്കുന്നതിനാൽ യൂറോപ്പിലാകെ പള്ളി മറിച്ച് വിൽക്കുകയാണ് ! പക്ഷെ ഇന്നും കേരളലത്തിലാകെ 'പള്ളിമാഫിയാകൾ' പുതിയപുതിയ പള്ളികൾ പാവം ജനത്തെ ചൂഷനംചെയ്തു പണിതു കൂട്ടുകയാണ് അവരുടെ പണംകൊയ്യുന്ന മിഷിനറിയായി ! ഇതിനാണ് "മിഷൻ പ്രവത്തനം" (മിഷിനറിമാർ) എന്നൊക്കെ വിവരമുള്ളവർ പറയുന്നത് ! കൂടലിൽ 500 അടി അകലത്തിലായി പള്ളിയും, ആ പള്ളിയില്നിന്നും അടിച്ച്ചുമാറ്റല്പള്ളിയും നമുക്ക് കാണാം ...ഒരു ഫലോങ്ങിനിടയിൽ ആറ് വ്യത്യസ്ത പള്ളികളും ഇവിടെ കാണാം .... മടുത്തു മണ്ണും വിണ്ണും മടുത്തു ! ആരാധനാജൽപനങ്ങളുടെ ശബ്ദമലിനീകരണവും ,വിശ്വാസ/കൂറുകൾ തമ്മിലുള്ള തമ്മിൽതല്ലുംകാരണം ആകാശത്തിലെ പറവകളും മാലാഖമാരും വിറയ്ക്കുന്നു ! എന്നീ ജനം ദൈവത്തെ അറിയുമോ ആവൊ ? തലമുറകളായി ദൈവത്തിൽനിന്നും (അറിവില്നിന്നും ) അജഗനത്തെ അതിദൂരം അകലങ്ങളിലേയ്ക്കു അടിച്ചുമാറ്റിയ പുരോഹിതാ, നിനക്ക് മാസലാം....പാവംക്രിസ്തു ഒരിക്കൽക്കൂടി പൗരൊഹിത്യമേ നിനക്കുമുന്നിൽ പരാജിതനായല്ലോ !

    ReplyDelete