Translate

Sunday, May 29, 2016

യേശുവും പൗരോഹിത്യവും

ഡോ. (ഫാ.) ജെ. വലിയമംഗലം

ബൈബിള്‍ പാണ്ഡിത്യവും മൗലികചിന്തയും ഒന്നുചേര്‍ന്ന ഡോ. (ഫാ.) ജെ. വലിയമംഗലത്തിന്റെ ഈ പഠനം, യേശുവിന്റെ പൗരോഹിത്യത്തെക്കുറിച്ചും അന്ത്യഅത്താഴത്തെക്കുറിച്ചും ബലിയെക്കുറിച്ചും അതിന്റെയെല്ലാം അടിസ്ഥാനത്തിലുള്ള കുര്‍ബാനയെന്ന ബലിയര്‍പ്പണത്തെക്കുറിച്ചുമെല്ലാമുള്ള വിപ്ലവാത്മകമായി വ്യവസ്ഥാപിത കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കുന്ന ഒന്നായി അനുഭവപ്പെടുന്നു. ഇതെല്ലാം സംബന്ധിച്ചുള്ള സഭാദര്‍ശനത്തെ ഏറ്റം സമ്യക്കായി അവതരിപ്പിച്ച ബഹു. സിപ്രിയന്‍ ഇല്ലിക്കമുറിയച്ചന്റെ ദീര്‍ഘലേഖനത്തിലെ താത്ത്വികനിലപാടുകളെ പൂരിപ്പിക്കുകയും, അതില്‍ അന്തര്‍ഭവിച്ചിരുന്ന വൈരുദ്ധ്യങ്ങളെയും അവ്യക്തതകളെയും പരിഹരിക്കുകയുംചെയ്തിരിക്കുന്ന ഒന്നായിക്കൂടി ഈ ലേഖനത്തെ കാണാമെന്നു തോന്നുന്നു.
ആശയപരമായി കേരളസഭയില്‍ പുതിയൊരു ദിശാബോധത്തിനു തുടക്കംകുറിച്ചിരിക്കുന്ന ഈ ലേഖനത്തോടു പ്രതികരിച്ചുള്ള ലേഖനങ്ങള്‍ ക്ഷണിക്കുന്നു. - എഡിറ്റര്‍.

ക്രൈസ്തവരില്‍ നല്ലപങ്കും ധരിച്ചുപോരുംവിധ പുരോഹിതനല്ല യേശു എന്നു വ്യക്തമാക്കുകയാണ് ഈ ലേഖനത്തിന്റെ മുഖ്യലക്ഷ്യം.
ബൈബിള്‍ പുതിയനിയമത്തിലെ ഹെബ്രായര്‍ക്കുള്ള ലേഖനമാണ്, യേശുവിനെ പുരോഹിതനെന്നു വ്യക്തമായി വിശേഷിപ്പിക്കുകയും അവിടുത്തെ പൗരോഹിത്യശുശ്രൂഷയെ വിവരിക്കുകയും ചെയ്തിട്ടുള്ളത്. ഹെബ്രായലേഖകനും ലേഖനം അഭിസംബോധന ചെയ്യുന്ന ആദിമക്രൈസ്തവസമൂഹവും പരിചയിച്ച യഹൂദപൗരോഹിത്യംവച്ചാണ്, സ്വാഭാവികമായും ഹെബ്രായലേഖകന്‍ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാല്‍, അദ്ദേഹം മുമ്പോട്ടുവയ്ക്കുന്ന 'യേശുപുരോഹിതന്‍' ഏറെ തനിമയാര്‍ന്ന പൗരോഹിത്യത്തിന്റെ ഉടമയാണെന്നത് പ്രത്യേകം ശ്രദ്ധേയമത്രെ. യേശു, യഹൂദപൗരോഹിത്യത്തില്‍നിന്നു തികച്ചും വ്യത്യസ്തനെന്നു സ്ഥാപിക്കുകയാണ് ഹെബ്രായലേഖകന്‍ മുഖ്യമായും ചെയ്യുന്നത്. അതിനായി ആദ്യം ചൂണ്ടിക്കാണിക്കുന്നത്, യേശുവിന്റേത് യഹൂദപൗരോഹിത്യത്തിന്റെ പിന്തുടര്‍ച്ചയല്ലെന്ന വസ്തുതയാണ്. യഹൂദപൗരോഹിത്യം ലേവിയഗോത്രത്തോടു ചേര്‍ന്നതാണ്; യേശു യൂദാ ഗോത്രാംഗമത്രെ (ഹെബ്രാ. 7:13-14). അങ്ങനെ, യേശു യഹൂദപൗരോഹിത്യത്തിന്റെ പിന്തുടര്‍ച്ചയല്ലെന്നു സ്പഷ്ടം. ഇതു കൂടുതല്‍ വ്യക്തമാക്കാന്‍, യഹൂദനേയല്ലാതിരുന്ന മെല്‍ക്കിസെദെക്കിനോടുള്ള 'യേശുവിന്റെ' സാദൃശ്യം എടുത്തുകാണിക്കുകയും ചെയ്യുന്നു (ഹെബ്രാ. 7:11-12). അടുത്തതായി സ്ഥാപിക്കുന്നത്, യേശുവിന്റെ പൗരോഹിത്യം (ബലിയും), ലേവിയരുടേതുപോലെ കൈമാറപ്പെടുന്നില്ലെന്നതാണ്; കാരണം, യേശു നിത്യപുരോഹിതനത്രെ! മറ്റൊരു വ്യത്യാസം, യഹൂദപുരോഹിതര്‍ കുഞ്ഞാടുകളുടെയും കാളക്കുട്ടികളുടെയും രക്തമര്‍പ്പിക്കുമ്പോള്‍, യേശു സ്വന്തം രക്തമാണര്‍പ്പിച്ചത് എന്നതാണ്. യഹൂദബലി പൂര്‍ണ്ണമല്ലാതിരുന്നതിനാല്‍ ആവര്‍ത്തനമാവശ്യമായിരുന്നുവെങ്കില്‍, യേശുവിന്റെ ബലി പൂര്‍ണ്ണവും 'ഒരിക്കല്‍ എന്നേക്കുമുള്ളതും ആകയാല്‍ ആവര്‍ത്തനമാവശ്യമില്ല' (ഹെബ്രാ. 9:11 മുതല്‍) എന്നത് മറ്റൊരു വ്യത്യാസം.
ഈവിധമെല്ലാം യേശു, ഹെബ്രായലേഖകനെ സംബന്ധിച്ച് യഹൂദപൗരോഹിത്യത്തില്‍നിന്നു വ്യത്യസ്തനെങ്കിലും, പാപമോചനാര്‍ത്ഥബലി, അതും രക്തബലി, പ്രധാനമായിത്തന്നെ കാണുന്നു. 'രക്തം ചിന്താതെ പാപമോചനമില്ല' എന്ന നിരീക്ഷണം (ഹെബ്രാ. 9:22), ഈ പശ്ചാത്തലസ്വാധീനത്തിന്റെ മികവുറ്റ ഉദാഹരണം! പക്ഷേ, ബലി, അതും രക്തബലി, അതും മനുഷ്യരക്തം, അതും പുത്രന്റെ രക്തംകൊണ്ടേ ദൈവപിതാവ് തൃപ്തനാകൂ, പാപമോചനം നല്‍കൂ എന്ന ആശയം നല്ല ദൈവത്തിന് തീരെയും യോജ്യമല്ലതന്നെ. പുത്രനെ ബലികഴിക്കാന്‍ തയ്യാറായ അബ്രാഹത്തെ, അവസാനനിമിഷത്തിലാണെങ്കിലും വിലക്കിയ ദൈവം, പുത്രനായ യേശുവിന്റെ ബലി ആവശ്യപ്പെട്ടാലത്തെ വൈരുദ്ധ്യവും ഇവിടെ ചേര്‍ത്തുകാണേണ്ടതുണ്ട്. പുത്രന്റെ അനുസരണത്തിലാണ് പിതാവിന്റെ പ്രസാദമെന്നൊരു ന്യായീകരണമാകാമെങ്കിലും, അതല്ല ഹെബ്രായലേഖകന്‍ അടിസ്ഥാനമാക്കുന്നതെന്നതിനാല്‍, കുഞ്ഞാടുകളുടെയും കാളക്കുട്ടികളുടെയും രക്തബലിയര്‍പ്പണം പരിചയിച്ചുപോന്ന ലേഖകന്റെ യഹൂദപശ്ചാത്തലസ്വാധീനം മാത്രമേ ഇവിടെ യഥാര്‍ത്ഥ ഉത്തരമാകാന്‍ സാധ്യതയുള്ളൂ. പശ്ചാത്താപവും പാപമോചനവുമായി ബന്ധിപ്പിക്കുന്നതുമാത്രമേ നല്ല ദൈവത്തിനു ചേരുന്നതാകൂ; രക്തബലിയും ദൈവവുമായി ബന്ധപ്പെടുത്തുന്നതിലെ വൈരുദ്ധ്യത്തിന് അപ്പോള്‍ പരിഹാരമാകുകയും ചെയ്യും. അങ്ങനെ, യേശുവിന്റെ കുരിശുമരണം, ബലി, പാപപ്പരിഹാരബലി, രക്തബലി മുതലായ സങ്കല്പങ്ങള്‍ തിരുത്തേണ്ടതാണെന്നു സിദ്ധിക്കുന്നു.
ഈ വാദഗതിക്കു ബലംകൂട്ടുന്നതാണ്, യേശു കുരിശിലേറ്റപ്പെടാനുണ്ടായ യഥാര്‍ത്ഥ കാരണം; സത്യം, നീതി, കരുണ തുടങ്ങിയ മൂല്യങ്ങളോടു കാണിച്ച പ്രതിബദ്ധതയായിരുന്നു എന്നത്. മറ്റു വിധത്തില്‍പ്പറഞ്ഞാല്‍, അസത്യം, അനീതി, കാരുണ്യമില്ലായ്മ തുടങ്ങിയവയ്‌ക്കെതിരെ യേശു സ്വീകരിച്ച സന്ധിയില്ലാത്ത നിലപാടാണ് കുരിശിലേറ്റപ്പെടാന്‍ യഥാര്‍ത്ഥ കാരണം. യഹൂദപൗരോഹിത്യത്തിനും അതോടു ചേര്‍ന്നു നിന്നവര്‍ക്കുംനേരേ ചൊരിഞ്ഞ വിമര്‍ശനശരങ്ങള്‍ (മത്താ. 21:12 മുതല്‍; 23:12 മുതല്‍), സ്വാഭാവികമായും എതിര്‍പ്പു ക്ഷണിച്ചുവരുത്തി. സാധാരണജനത്തിന്റെ ചുമലില്‍ പല അനാവശ്യഭാരങ്ങളും കയറ്റിവയ്ക്കുന്ന പൗരോഹിത്യത്തെ യേശു ശക്തമായി വിമര്‍ശിച്ചത് എതിര്‍പ്പിനു മൂര്‍ച്ചകൂട്ടി. വിമര്‍ശിക്കുകമാത്രമല്ല, പല വിലക്കുകളെയും യേശു പരസ്യമായി ലംഘിച്ചത്, പുരോഹിതസംഘത്തെ കുപിതരാക്കുകതന്നെ ചെയ്തു. വിശ്വാസികളെയും ഭരണകൂടത്തെത്തന്നെയും തെറ്റിദ്ധരിപ്പിച്ച് കൂടെനിര്‍ത്താന്‍ പുരോഹിതനേതൃത്വത്തിനു സാധിച്ചു! സീസറുടെ അതൃപ്തിയുണ്ടാകുമെന്നുപറഞ്ഞ് പലസ്തീന്‍ ഭരിച്ചിരുന്ന ഗവര്‍ണറെ ഭീഷണിപ്പെടുത്തി തങ്ങളുടെ ഭാഗത്താക്കുന്നതിലും പുരോഹിതമേധാവിത്വം വിജയിച്ചു (മര്‍ക്കോ. 14:53 മുതല്‍; 15:11 മുതല്‍; യോഹ. 18:28 മുതല്‍; 19:1; 19:12 മുതല്‍).
അന്ത്യഅത്താഴ ഓര്‍മയാചരണരീതിയില്‍ മാറ്റംവരുത്തണം
യേശു അപ്പവും വീഞ്ഞും എടുത്തു 'വാഴ്ത്തി' എന്നതിന്, ഇന്നു വൈദികര്‍ ചെയ്യുന്നതുപോലെ, കൈകൊണ്ടാശീര്‍വദിച്ചു എന്നല്ല അര്‍ത്ഥം. 'നന്ദിസ്തുതി' 'കൃതജ്ഞത' (13:15) അര്‍പ്പിച്ചു എന്നാണ് സന്ദര്‍ഭത്തിലെ അര്‍ത്ഥം. അന്ത്യഅത്താഴത്തില്‍ യേശു ചെയ്തത് നന്ദിപ്രകാശനമാണെന്ന് സുവിശേഷത്തില്‍നിന്നു വ്യക്തമാണ്. 'അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്...' (ലൂക്കാ 22:19); 'പാനപാത്രം എടുത്ത് കൃതജ്ഞതാസ്‌തോത്രം ചെയ്ത്...' (മര്‍ക്കോ. 14:23/മത്താ 26:26) എന്നീ പദപ്രയോഗങ്ങള്‍ ഉദാഹരണം. ഇംഗ്ലീഷില്‍, 'said the blessing' -Jerusalem Bible  എന്നാണ് - 'blessed' എന്നോ, 'gave blessing' എന്നോ അല്ല. ഫലത്തില്‍, 'gave thanks' എന്നുതന്നെ. ('നന്ദി' പ്രകാശിപ്പിക്കാന്‍, 'സ്തുതിക്കുക'യാണ് ഹീബ്രു ശൈലി. 'വാഴ്ത്തുക' എന്നതിന്, മലയാളത്തിലും 'സ്തുതിക്കുക' എന്നര്‍ത്ഥമുണ്ടല്ലോ.)
അന്ത്യഅത്താഴത്തിന്റെ ഓര്‍മ്മയാചരണവും നന്ദിപ്രകാശനമായാണു കാണേണ്ടതും ആചരിക്കേണ്ടതും. അപ്പോള്‍ അതിനെ 'ബലി' എന്നല്ല, 'നന്ദിപ്രകാശന'മെന്നര്‍ത്ഥം വരുന്ന 'യൂക്കരിസ്റ്റ് (Eucharist) എന്നാണ് വിശേഷിപ്പിക്കേണ്ടത്. ശ്രദ്ധിച്ചുവീക്ഷിച്ചാല്‍, കുര്‍ബാനയില്‍ 'പാതിക്കാല'ത്തോടുചേര്‍ന്ന് 'നന്ദിപ്രകാശന'പ്രാര്‍ത്ഥനയുണ്ടുതാനും. ഇത്, 'ബലി'സങ്കല്പത്തിലെ വൈരുദ്ധ്യം നീക്കാനും ഉപകാരപ്പെടും. 'കുര്‍ബാന'എന്ന വാക്കിനും 'ബലി' എന്നാണര്‍ത്ഥമെന്നതിനാല്‍, അതും മാറ്റേണ്ടതുണ്ട്. അപ്പവും വീഞ്ഞും വൈദികര്‍ കൈകൊണ്ടു വാഴ്ത്തുന്ന രീതിയും മാറണം. യേശു ചെയ്തതുപോലെ, കൃതജ്ഞത പ്രകാശിപ്പിക്കുകമാത്രമാണു ശരി. 'വാഴ്ത്തി' എന്നു ചൊല്ലിയശേഷമുള്ള 'ആശീര്‍വദിച്ച്' എന്ന പ്രയോഗം ഇരട്ടിപ്പുതന്നെ. ലാറ്റിന്‍ കുര്‍ബാനയില്‍ ഈ ഇരട്ടിപ്പില്ല, പക്ഷേ കൈകൊണ്ട് ആശീര്‍വാദമുണ്ട്. വൈദികര്‍ കൈകൊണ്ടുവാഴ്ത്തുമ്പോള്‍ യേശു സന്നിഹിതനാകുന്നുവെന്ന തെറ്റായ ധാരണ മാറ്റുന്നതിനും കൈകൊണ്ടുള്ള ആശീര്‍വാദം നിര്‍ത്തു ന്നത് ഉപകാരപ്പെടും.
ഇനി, മനുഷ്യമാംസ-രക്തഭോജനത്തിലേക്കുവരാം. 'ഇതെന്റെ ശരീരം, വാങ്ങി ഭക്ഷിക്കുവിന്‍'; 'ഇതെന്റെ രക്തം, വാങ്ങി പാനംചെയ്യുവിന്‍' എന്നത് അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടതല്ല. യേശു ഹൃദയത്തിലേക്കു വരുന്നുവെന്നാണ് പ്രബോധനമെന്നിരിക്കെ, യഥാര്‍ത്ഥ മാംസ-രക്തങ്ങളെങ്കില്‍ ഹൃദയത്തിലേക്കല്ല; ഉദരത്തിലേക്കാണു പോകുക, കുറെ ബഹിഷ്‌കരിക്കപ്പെടുകയും ചെയ്യും. അതിനാല്‍ പ്രതീകാത്മക അര്‍ത്ഥത്തില്‍ത്തന്നെയാണ് ഈ വാക്യങ്ങള്‍ മനസ്സിലാക്കേണ്ടത് എന്നു വരുന്നു. 'ഇത് നിങ്ങള്‍ക്കായി കുരിശിലേറ്റപ്പെടുന്ന ഞാനാകുന്നു' എന്നാണ് അതിന്റെ ആന്തരാര്‍ത്ഥം. ശൈലിക്കപ്പുറം, അര്‍ത്ഥം കണക്കിലെടുത്തുള്ള പ്രയോഗങ്ങള്‍ അവലംബിക്കണം; ആര്‍ഷഭാരത അഹിംസാപശ്ചാത്തലത്തില്‍, പ്രത്യേകിച്ചും.
ഭക്ഷണ-പാനീയസാദൃശ്യങ്ങള്‍ക്ക്, ആ നാട്ടില്‍ മുഖ്യമായിരുന്ന അപ്പവും വീഞ്ഞും ഉപയോഗിച്ചുവെന്നല്ലാതെ, ലോകംമുഴുവന്‍ അതാകണമെന്നര്‍ത്ഥമാക്കേണ്ടതില്ലെന്നും മനസ്സിലാക്കണം. അപ്പോള്‍, മദ്യനിരോധനം പ്രധാനമായ നമ്മുടേതുപോലുള്ള പശ്ചാത്തലത്തില്‍, വീഞ്ഞിനുപകരം തേനോ, പാലോമറ്റോ ആകാം. ക്രൈസ്തവമതനേതൃത്വങ്ങള്‍ ഇതു പ്രത്യേകം പരിഗണിക്കുകതന്നെവേണം. അപ്പത്തിന്റെ സ്ഥാനത്തും അനുയോജ്യമായ മറ്റെന്തെങ്കിലുമാകാം.
ആരാധന, പ്രാര്‍ത്ഥന
പ്രാര്‍ത്ഥന അഭ്യസിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായെത്തിയ ശിഷ്യനോട്, തന്നോടു പ്രാര്‍ത്ഥിക്കാനല്ല യേശു പറഞ്ഞത്; മറിച്ച്, ശിഷ്യന്റെ ദൃഷ്ടി പിതാവിങ്കലേക്ക് തിരിക്കുകയായിരുന്നു (ലൂക്കാ. 11:1 മുതല്‍). തന്നെ ആരാധിക്കാനല്ല, അനുകരിക്കാനായിരുന്നു യേശു ആഹ്വാനം ചെയ്തത് (മര്‍ക്കോ. 8:34 മുതല്‍). തന്നെ ആരാധിക്കാനോ തന്നോടു പ്രാര്‍ത്ഥിക്കാനോ അല്ല; മറിച്ചാണ് യേശുവിന്റെ പ്രബോധനമെന്നിരിക്കെ, സഭയുടെ പല ഭക്തിരീതികളും (ദിവ്യകാരുണ്യാരാധനയുള്‍പ്പെടെ), പുനര്‍വിചിന്തനം ആവശ്യമാക്കുന്നില്ലേ? യേശുവിന്റെ യഥാര്‍ത്ഥപ്രസക്തി, പിതാവിനോടുചേര്‍ന്ന് സത്യത്തിനും നീതിക്കും കരുണയ്ക്കുംവേണ്ടി നിലകൊണ്ടതും, അതിനായി കഠോരകുരിശുമരണം വരിച്ചതും, സ്‌നേഹം, ക്ഷമ തുടങ്ങിയവയ്ക്ക് ഉദാത്തമാതൃകയായി എന്നതുമത്രെ. യേശുവിനോടുള്ള ആഭിമുഖ്യംമൂലം, ഇതിനെല്ലാം ജീവിതത്തില്‍ ഊന്നല്‍ ലഭിച്ചാല്‍ മാത്രമേ യേശു പ്രസക്തനും തിരുത്തല്‍ശക്തിയുമാകൂ. ത്യാഗസന്നദ്ധവും ലളിതവുമായ സാഹോദര്യകൂട്ടായ്മകള്‍ ചേരുന്ന പൊതുസമൂഹവും, അത്തരം സമൂഹസൃഷ്ടിക്കു പ്രചോദനവും മാതൃകയുമാകുന്ന ശിഷ്യരുമെന്നതാകണം യേശുവിന്റെ സഭ. അതുതന്നെയാണ്, യഥാര്‍ത്ഥദൗത്യവും ശിഷ്യത്വവും. ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് ഇതിനാണ്. ഹിമാലയന്‍പ്രയത്‌നം വേണ്ടിവന്നേക്കാം. എങ്കിലും, പ്രാര്‍ത്ഥനാജീവിതവും സുവിശേഷമറിയിക്കലുമെന്ന അപ്പസ്‌തോലദൗത്യത്തില്‍ (അപ്പ. പ്രവ. 6:1-4) ഊന്നിനിന്നു പ്രവര്‍ത്തിച്ചാല്‍, ഇപ്പോള്‍ അസാധ്യമെന്നു തോന്നുന്ന ഇക്കാര്യം സാധ്യമാകുകതന്നെ ചെയ്യും. ഭൗതികകാര്യങ്ങളുടെ അന്വേഷകരും നടത്തിപ്പുകാരുമാകാന്‍ യേശു ശിഷ്യരെ നിയോഗിച്ചില്ലെന്നും ഓര്‍ക്കുക.
യഹൂദപൗരോഹിത്യശൈലികള്‍ പലതിനെയും യേശു നിശിതമായി വിമര്‍ശിച്ചത് വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല. തന്മൂലം, സഭയില്‍ നിലവില്‍വന്ന പൗരോഹിത്യവും അതേ ശൈലിയിലുള്ളതായിത്തീരാനിടയായി. ഈ വസ്തുതയെ കണ്ടു മനസ്സിലാക്കി തിരുത്തേണ്ടത് ഇന്ന് ഏറെ ആവശ്യമായിരിക്കുന്നു. മോണ്‍സിഞ്ഞോര്‍, കര്‍ദിനാള്‍... പദവികളുടെ ബാഹുല്യവും, മറ്റു പലതും യേശുവിനുപിന്നാലെ സ്ഥാപനവത്കരിക്കപ്പെട്ട സഭയുടെ ചെയ്തികള്‍തന്നെ. അതിരുകടന്ന ഭൗതികതയും മുതലാളിത്തജീവിതവുംമറ്റും പുരോഹിതര്‍ക്കു പാടില്ലതാനും. സഭയില്‍ നീണ്ടകാലമായി നടന്നുപോരുന്ന ആര്‍ഭാടപട്ടംകൊടുക്കലും അത്യാഡംബരപുത്തന്‍കുര്‍ബാകളും സ്ഥാനാരോഹണങ്ങളുമൊക്കെ യേശുവിനു യോജിച്ചതല്ലെന്നു വ്യക്തം. ആധ്യാത്മികജീവിതത്തില്‍ ലാളിത്യം പ്രധാനമെന്നിരിക്കെ, ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി പടുത്തുയര്‍ത്തുന്ന ആഡംബരദേവാലയസൗധങ്ങളും, യേശുവിനു സ്തുതിയെന്ന മട്ടില്‍ വിലകൂടിയ തിരുവസ്ത്രങ്ങളണിഞ്ഞുള്ള കുര്‍ബാനകളും യേശുവിനെ തെറ്റായവതരിപ്പിക്കുന്നതായിട്ടേ വരൂ. ആരോ നിരീക്ഷിച്ചതുപോലെ, 'കോണ്‍സ്റ്റന്റൈന്‍ അകത്ത്, യേശു പുറത്ത്' (Constantine 'in', Jesus 'out'!) എന്ന സ്ഥിതി! യേശു, അപലപിച്ച നീണ്ട അങ്കിസമേതം, പുതുതായി അഭിഷിക്തരാകുന്നവരുടെ ആഡംബരകട്ടൗട്ടുകള്‍ പ്രദര്‍ശിപ്പിച്ചുള്ള ബാനറുകളും അതിരുകടന്ന ഇതര ഘോഷങ്ങളുമെല്ലാം യേശുവിന് എതിര്‍സാക്ഷ്യമത്രേ! പൗരോഹിത്യം, ആഡംബരവും 'ഷോ'യുംകൊണ്ട് ഒരു പ്രൊഫഷന്‍പോലെ ആയിരിക്കുന്നത് കുട്ടികള്‍ തെറ്റായ ധാരണകളോടെ വൈദികരാകാന്‍ ആകര്‍ഷിക്കപ്പെടാനും മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കാനും ഇടയാക്കും. അതുകൊണ്ട്, എല്ലാത്തിനും പുനരവലോകനം ആവശ്യമായിരിക്കുന്നു.
പ്രത്യേക രൂപീകരണംലഭിച്ച നേതൃത്വം ഏറെ ഉപകാരപ്പെടാമെങ്കിലും, തന്റെ നാമത്തില്‍ രണ്ടോ മൂന്നോ പേര് ഒരുമിച്ചു വരുമ്പോള്‍, താനവരുടെമധ്യേ സന്നിഹിതനാണെന്ന് യേശു ഉറപ്പുനല്‍കിയിരിക്കേ (മത്താ. 18:20), യേശുസ്മരണയില്‍ അത്യുന്നതദൈവത്തിന് നന്ദിപ്രകാശനമായും (യൂക്കരിസ്റ്റ്), ഭൂമിയില്‍ സാഹോദര്യകൂട്ടായ്മയായും നടത്തുന്ന (അഗാപ്പെ) അന്ത്യഅത്താഴ ഓര്‍മ്മയാചരണത്തിന് പട്ടക്കാര്‍ നിര്‍ബന്ധമാകരുതാത്തതാണ് എന്നു കാണാം. സാന്നിദ്ധ്യമുണ്ടായേ പറ്റൂ എന്ന രീതിയാക്കിയത് പുരോഹിതനിയന്ത്രിത ഏകപക്ഷീയസംവിധാനംതന്നെയാണ്. യേശുവിനോടു ചേര്‍ത്തുനോക്കിയാല്‍ അതിനു പൂര്‍ണ്ണ ആധികാരികതയില്ലാത്തതാണ് എന്നതായിരിക്കും സത്യം.
കുര്‍ബാനാര്‍പ്പണം ഒഴിവാക്കുന്നത് നല്ലതെന്നു മാത്രമല്ല, അതായിരിക്കും ശരിയും. അള്‍ത്താരയില്‍ ജോലി നിര്‍വഹിക്കുന്നവര്‍ക്ക് അള്‍ത്താരകൊണ്ട് ജീവിക്കാമെന്ന ബൈബിള്‍ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ (1 തിമോ. 5:17-18/ കൊറി. 9:5,6; ആവ. 25:4), കുര്‍ബാനപ്പണത്തെ നീതീകരിക്കാമെങ്കിലും, പുരോഹിതര്‍ക്കു ശമ്പളം നല്‍കുന്ന സ്ഥിതിക്ക് വൈദികര്‍ ചെയ്യേണ്ട കര്‍മങ്ങളൊന്നിനോടും പണത്തെ ബന്ധപ്പെടുത്താതിരിക്കുന്നതുതന്നെയാണു ശരി. ശമ്പളവും, ആഡംബരജീവിതത്തിനുള്ളതാകരുത്. ശമ്പളമില്ലാതെയും വരുമാനം കുറവുമായിരുന്ന കാലത്ത്, കുര്‍ബാനപ്പണവുമായി വരുന്നവരെ വൈദികര്‍ മത്സരിച്ച് കാത്തിരുന്നതും, പാട്ടുകുര്‍ബാനപോലെ ആഘോഷത്തോതനുസരിച്ചു തുക കൂട്ടിയിരുന്നതുമൊക്കെ, കുര്‍ബാനയുടെ പാവനതയ്ക്കു ചേരുന്നായിരുന്നില്ലല്ലോ.
യേശുവിന്റെ അന്ത്യഅത്താഴത്തിന്റെ ഓര്‍മ്മയാചരണം ബലിയായും പുരോഹിതാവകാശവുമായല്ല; മറിച്ച്, യേശു ചെയ്തതുപോലെ, ദൈവപിതാവിനോടുള്ള കൃതജ്ഞതാപ്രകാശനമായിട്ടാണു നടത്തേണ്ടത്. മനുഷ്യര്‍ക്കുവേണ്ടി സ്വജീവിതം പങ്കുവച്ച ത്യാഗമൂര്‍ത്തിയായ യേശുവിന്റെ ഓര്‍മപുതുക്കലിലൂടെ, ദൈവപിതാവിന് നന്ദിയും സ്തുതിയും അര്‍പ്പിക്കാനും കുരിശുകള്‍ വഹിക്കാനാവശ്യമായ ശക്തിയാര്‍ജിക്കാനും, സാഹോദര്യബോധത്തിലും സേവനമനോഭാവത്തിലും പങ്കുവയ്ക്കലിലും വളരാനുമാണ് മനുഷ്യര്‍ക്കു കഴിയേണ്ടത് എന്ന് ആവര്‍ത്തിക്കട്ടെ.

                                                                                               ഫോണ്‍: 9496423443

No comments:

Post a Comment