Translate

Thursday, May 5, 2016

എങ്കിലും പാപ്പാ... അങ്ങ് ഈ ചെയ്തത് ശരിയാണോ?

സ്വന്തം ലേഖകന്‍ 05-05-2016 - Thursday


"എങ്കിലും പാപ്പ..അങ്ങ് ഈ ചെയ്തത് ശരിയാണോ?" കഴിഞ്ഞ മാസം ഗ്രീസിലെ ലേസ്ബോസ് അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച മാര്‍പാപ്പ തന്റെ മടക്കയാത്രയില്‍ 12 മുസ്ലിം അഭയാര്‍ത്ഥികളെ റോമിലേക്ക് കൂടെ കൊണ്ട് പോയി എന്നറിഞ്ഞപ്പോള്‍ നിരവധി പേര്‍ ചോദിച്ച ഒരു ചോദ്യമാണിത്. എന്തുകൊണ്ടാണ് മാര്‍പാപ്പ ക്രിസ്ത്യാനികളായ അഭയാര്‍ത്ഥികളെ തന്റെ കൂടെ കൊണ്ട് പോകാതിരിന്നത്?

വേറെ എതൊരു മതത്തിന്റെ തലവനാണെങ്കിലും ആദ്യം സ്വന്തം മതത്തില്‍ പ്പെട്ടവരെ രക്ഷിക്കാനായിരിക്കും ശ്രമിക്കുക. പക്ഷേ ഫ്രാന്‍സിസ് മാര്‍പാപ്പ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത്? ഇതിന് മറുപടിയായി ഒരു സ്പാനിഷ് കഥയാണ് ചോദ്യകര്‍ത്താക്കളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.

മീൻപിടുത്തക്കാർ ജീവിക്കുന്ന ഒരു ദ്വീപസമൂഹത്തിൽ പേമാരി വർഷിക്കുന്ന ഒരു ദിവസം. വെള്ളം പൊങ്ങുകയാണ്. വിവിധ മതങ്ങളിൽ പെട്ട ആളുകൾ തങ്ങളുടെ കുടിലുകളുടെ മേൽക്കൂരയിൽ കയറി രക്ഷിക്കാനായി ആരെങ്കിലും എത്തുന്നത് കാത്തിരിക്കുകയാണ്. മുളകൾ കൊണ്ടു കെട്ടിയുയർത്തിയ കുടിലുകൾ കൊടുങ്കാറ്റിൽ ആടിയുലയുകയാണ്.

അപ്പോള്‍ ധീരനായ ഒരു മുക്കുവൻ, അനുനിമിഷം ഉയർന്നു കൊണ്ടിരിക്കുന്ന പ്രളയജലത്തിലേക്ക് തന്റെ വഞ്ചിയിറക്കി. എല്ലാവരെയും ഒരുമിച്ച് രക്ഷിക്കാൻ തനിക്കാവില്ല എന്ന് അയാൾക്കറിയാമായിരുന്നു.

വഞ്ചിയിലിരുന്ന് അയാൾ ഒരു കാഴ്ച്ച കണ്ടു. ഒരു കുടുംബത്തിലെ അംഗങ്ങൾ വെള്ളത്തിനു മുകളിൽ തലയുയർത്തി പിടിച്ച് ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമം നടത്തുകയാണ്. കുടുംബനാഥൻ ഒരു കുഞ്ഞിനെ വെള്ളത്തിനു മുകളിൽ ഉയർത്തി പിടിച്ചിരിക്കുന്നു.

മുക്കുവന്‍ കുടുംബനാഥനോട് ചോദിച്ചു, "സഹോദര, നിങ്ങൾ ക്രിസ്ത്യാനിയാണോ?" കടലിന്റെ ആരവത്തിൽ അയാൾ വീണ്ടും ശബ്ദമുയർത്തി ചോദിച്ചു: "നിങ്ങൾ ക്രിസ്ത്യാനിയാണോ?"

കഴുത്തിനു മുകളിലേക്ക് വെള്ളമുയർന്നുകൊണ്ടിരിക്കെ, കുഞ്ഞിനെ കൈകളിലുയർത്തിപ്പിടിച്ച് നിൽക്കുന്ന ആ പിതാവ് ചോദ്യം കേട്ട് അമ്പരന്നു. എന്താണ് മറുപടി പറയേണ്ടതെന്ന് അയാൾക്കറിയില്ലായിരുന്നു. അയാളുടെ ശക്തിയെല്ലാം ചോർന്നു പോകുകയായിരുന്നു. മറുപടിയെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് കുഞ്ഞിനോടൊപ്പം അയാൾ പ്രളയജലത്തിലേക്ക് മുങ്ങിപ്പോയി.

ആ കുടിലിലെ ഗ്രഹനാഥ മറ്റൊരു കുഞ്ഞിനെ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതും അയാൾ കണ്ടു. വഞ്ചിയിലിരുന്ന് അയാൾ വീണ്ടും ശബ്ദമുയർത്തി ചോദിച്ചു: "നിങ്ങൾ ക്രിസ്ത്യാനിയാണോ?" മറുപടിയൊന്നും പറയാൻ കഴിയാതെ അവരും കുഞ്ഞുമൊത്ത് വെള്ളത്തിൽ മുങ്ങിപ്പോകുന്നത്‌ അയാൾ കണ്ടു നിന്നു.

പ്രളയജലത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന ക്രിസ്ത്യാനികളെ കണ്ടെത്തി രക്ഷപ്പെടുത്താനായി അയാൾ വഞ്ചിയിൽ അന്വേഷണം തുടർന്നു.

പെട്ടന്ന് ഒരു വലിയ തിര വന്ന് വഞ്ചിയിൽ ആഞ്ഞടിച്ചു. വഞ്ചി ഉലഞ്ഞപ്പോൾ തുഴ തലയിലിടിച്ചു. അയാൾ പ്രളയജലത്തിലേക്ക് വീണു.

അപ്പോൾ സ്വർഗ്ഗം തുറന്നു! പ്രകാശം നിറഞ്ഞു! മേഘങ്ങളിൽ നിന്നും ഒരു ശബ്ദം അയാളോടു ചോദിച്ചു. "നീ ക്രിസ്ത്യാനിയാണോ?"

തലയ്ക്കേറ്റ ക്ഷതം മൂലം അർദ്ധബോധാവസ്ഥയിൽ ആയിരുന്ന അയാൾ എന്നിട്ടും ആർത്തുവിളിച്ചു പറഞ്ഞു "അതെ, ഞാൻ ക്രിസ്ത്യാനിയാണ്. ദൈവമെ, ഞാൻ ക്രിസ്ത്യാനിയാണ്!"

മേഘപാളികളിൽ നിന്നും വീണ്ടും ആ ശബ്ദം മുഴങ്ങി. "നീ എന്തുകൊണ്ട് നിന്റെ സഹോദരരെ രക്ഷിച്ചില്ല?"

ക്രിസ്തു ഈ ഭൂമിയിലേക്ക് കൊണ്ട് വന്ന 'രക്ഷ' സകല മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. അത് കൊണ്ട് തന്നെ ഓരോ ക്രിസ്ത്യാനിയുടെയും ചിന്തകള്‍ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും സമുദായത്തിന്റെയും വേലിക്കെട്ടുകള്‍ക്കപ്പുറത്തേക്ക് വളരേണ്ടിയിരിക്കുന്നു. കത്തോലിക്ക സഭകളില്‍ പോലും റീത്തുകളുടെയും സമുദായത്തിന്റെയും ആരാധന രീതികളുടെയും പേരില്‍ വീമ്പ് പറയുകയും തമ്മില്‍ അടിക്കുകയും ചെയ്യുമ്പോള്‍ നമ്മുക്കെങ്ങനെയാണ് അന്യമതത്തില്‍പ്പെട്ടവരെ സ്വന്തം സഹോദരങ്ങളെ പോലെ കണ്ട് സ്നേഹിക്കാനാവുക?

നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ ക്രിസ്തു നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന സ്നേഹം ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകള്‍ക്ക് അപ്പുറത്തേക്ക് നമ്മുടെ ചിന്തകളെയും നന്മപ്രവര്‍ത്തികളയും വളര്‍ത്തുവാന്‍ ഇടയാകട്ടെ.

ഫ്രാന്‍സിസ് മാര്‍പാപ്പ ചെയ്ത ഈ പ്രവര്‍ത്തി 'ഒരു തുള്ളി മാത്രം' എന്നാല്‍ യേശു ക്രിസ്തുവിലേക്ക് നോക്കിയാല്‍ ഒരു 'കടല്‍' കാണുവാന്‍ സാധിയ്ക്കും. നമ്മില്‍ സ്നേഹമില്ല എന്ന്‍ നാം തിരിച്ചറിയുമ്പോള്‍, നമ്മുടെ പ്രവര്‍ത്തികള്‍ വെറും പ്രകടനം മാത്രമാണെന്ന് നാം തിരിച്ചറിയുമ്പോള്‍, ആ കടലിനരികത്തേക്ക് നമ്മുക്ക് അണയാം. തിരക്ക് പിടിച്ച ജീവിതയാത്രയില്‍ നാം ഓടി തളരുമ്പോള്‍ ആ കടലിനരികത്തേക്ക് ഓടിയടുക്കാം. നമ്മെ മറ്റാരും സ്നേഹിക്കുന്നില്ലയെന്ന തോന്നല്‍ നമുക്കുണ്ടാകുമ്പോള്‍ ആ കടലിന്റെ തീരത്ത് നമ്മുക്ക് ഓടിയെത്താം. ആ കടല്‍ നല്‍കുന്ന കുളിര്‍ക്കാറ്റ് നമ്മെ സ്വാന്തനപ്പെടുത്തുക തന്നെ ചെയ്യും. ആ സ്നേഹകടലില്‍ നിന്ന്‍ ആവോളം നുകര്‍ന്ന് കൊണ്ട് നമ്മുക്ക് യാത്ര തുടരാം.

  •  
  •  
  •  

1 comment:

  1. വിശ്വാസ ആചാര അനുഷ്ടാനങ്ങളുടെ പേരില്‍ പഴയ പോപ്പന്മാര്‍ അനേകം ക്രിസ്ത്യാനികളെ കൊന്നൊടുക്കിയത്, കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളായി കാലം സൂക്ഷിക്കുമ്പോള്‍ , നമ്മുടെ നല്ലശമരായനായ് ഫാര്സിസ് മാര്‍പാപ്പയുടെ മനസും വാചകവും കര്‍മ്മവും ക്രിസ്തുവിനു കണിശമായും കുളിരണിയുന്നത് തന്നെ! " അയല്‍ക്കാരനെ സ്നേഹിക്കാന്‍" നമ്മോടു കല്പ്പിച്ചവന്റെ പേരില്‍ നാടാകെ നൂറു തറി പള്ളികള്‍ പണിതുയര്‍ത്തിയ സഭകള്‍, അതില്‍ ചേക്കേറുന്ന ആടുകളില്‍ "നിങ്ങള്‍ അന്യോന്യം സ്നേഹിക്കുവീന്‍" എന്നതിന് പകരം "പരസ്പരം കലഹിക്കുവീന്‍" എന്നു ഉപദേശിക്കുന്നു! ഈ ശപിക്കപ്പെട്ട സഭകളിലെ നൂറു തറി ഭോഷന്മാരായ പൌരോഹിത്യ മേല്കോയ്മയേ, അവസാന വിധിനാളില്‍ നിങ്ങള്‍ എവിടെ പോയി ഒളിക്കും?

    ReplyDelete