Translate

Tuesday, May 3, 2016

രാഷ്ട്രീയമേതായാലും മനുഷ്യന്‍ നന്നായാല്‍മതി

റ്റി.റ്റി. മാത്യു, തകടിയേല്‍

(പ്രസിഡന്റ്, 'ആള്‍ ഇന്ത്യാ കാത്തലിക് അസ്സോസിയേഷന്‍'-AICA)

കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (കെ.സി.ആര്‍.എം) അതിന്റെ പേരുകൊണ്ടുതന്നെ ഒരു നവീകരണപ്രസ്ഥാനമാണ്. അതുകൊണ്ട് നവീകരണസ്വഭാവവും തിരുത്തല്‍സ്വഭാവവുമുള്ള ഒരു രാഷ്ട്രീയം അതിലെ അംഗങ്ങള്‍ക്കുണ്ടായിരിക്കുക സ്വാഭാവികമാണ്. അത് മതത്തിന്റെയും കക്ഷിരാഷ്ട്രീ
യത്തിന്റെയും നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്കു വിധേയമായിരിക്കുകയുമില്ല; മറിച്ച്, മാനവികതയിലും അതോടനുബന്ധിച്ച മനുഷ്യസ്‌നേഹത്തിലും അധിഷ്ഠിതമായ ഒന്നായിരിക്കും.
ശ്രീനാരായണഗുരു വെറുമൊരു മതനവീകരണപ്രസ്ഥാനക്കാരന്‍ മാത്രമായിരുന്നില്ല; പ്രത്യുത, യാതനയും വേദനയും അനുഭവിച്ചിരുന്ന അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കുംവേണ്ടി വേദാന്ത ദര്‍ശനത്തെ വ്യാഖ്യാനിച്ച് പ്രയോഗത്തില്‍വരുത്തി. അദ്ദേഹത്തിന്റെ 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി' എന്ന മഹത്‌വചനം മതാതീതചിന്തയുടെ മാനിഫെസ്റ്റോയാണ്. ഇത്രയും ഔന്നത്യമുള്ള സന്ദേശം ഒരു ആത്മീയഗുരുവില്‍നിന്നും കേരളജനത വേറെ കേട്ടിട്ടില്ല. 'നന്മ പ്രവര്‍ത്തിച്ചു ജീവിക്കുന്ന മനുഷ്യന്‍, അവന്‍ നിരീശ്വരനാണെങ്കില്‍പ്പോലും രക്ഷപ്പെടും' എന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പായും പറയുന്നു. ഈ രണ്ടു സന്ദേശങ്ങളുടെയും കാതല്‍ ഒന്നുതന്നെയാണല്ലോ. യേശുവും ഒരു വ്യവസ്ഥാപിതമതമല്ല വിഭാവനംചെയ്തത്, മനുഷ്യസ്‌നേഹക്കൂട്ടായ്മയാണ്. മനുഷ്യബന്ധങ്ങളില്‍ അടിസ്ഥാനമിട്ട ഒരു രാഷ്ട്രീയത്തിന്റെ ഫലമായി ഉരുത്തിരിയുന്നതാണ് കൂട്ടായ്മാസാമൂഹികവ്യവസ്ഥ. അതുകൊണ്ട്, മതനവീകരണപ്രവര്‍ത്തകരുടെയും പ്രസ്ഥാനങ്ങളുടെയും മൂല്യാധിഷ്ഠിതകാഴ്ചപ്പാടുകള്‍ രാഷ്ട്രീയതലത്തില്‍ പ്രതിഫലിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടാകേണ്ടതുണ്ട്.
ആസന്നമായ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു വന്നാല്‍, നമ്മുടെ സാമൂഹികരംഗം പല  കാരണങ്ങളാല്‍ ഏറെ കലുഷിതമാണെന്നു കാണാം. അതില്‍ ഏറെ ഭയാനകമായിരിക്കുന്നത് വര്‍ഗ്ഗീയതയാണ്. സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഒരു വലിയ ശാപവും തിന്മയുമാണിത്.
അതിമഹത്തായ വേദോപനിഷത് ദര്‍ശനങ്ങളെ ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും ജാതിവ്യവസ്ഥയിലും 'സതി' ആചാരങ്ങളിലുമൊക്കെ കൊണ്ടുചെന്നെത്തിച്ച ഫ്യുഡല്‍-സവര്‍ണ്ണ മതാധികാരികള്‍ ഇന്നും ഇന്ത്യയുടെ പൊതുസമൂഹത്തില്‍ പിടിമുറുക്കുകയാണ്. അതും രാഷ്ട്രീയത്തില്‍ക്കൂടി. ഈ ഭൂരിപക്ഷ വര്‍ഗ്ഗീയത
പോലെതന്നെ അപകടകാരിയാണ് ന്യൂനപക്ഷവര്‍ഗ്ഗീയതയും. ഒരുപക്ഷേ, ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ അതിപ്രസരമായിരിക്കണം ഇന്നത്തെ ഭൂരിപക്ഷവര്‍
ഗ്ഗീയതയുടെ വളര്‍ച്ചയ്ക്കു കാരണമായിത്തീര്‍ന്നത്.
വര്‍ഗ്ഗീയ പാര്‍ട്ടികള്‍ കഴിഞ്ഞാല്‍ പ്രധാനമായും രണ്ട് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടികളാണ് കേരളത്തില്‍ പ്രധാനമായിട്ടുള്ളത്. ഒന്ന് - ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ പ്രഖ്യാപിതനയങ്ങളോടെ രംഗത്തു വന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി. രണ്ട് - മതേതര ജനാധിപത്യത്തോടൊപ്പം സോഷ്യലിസത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പിന്നീടുള്ളത്, പ്രാദേശിക-ജാതി-ഉപജാതി താല്‍പ്പര്യങ്ങളുള്ള പാര്‍ട്ടികളും.
ഈ പ്രധാന രാഷ്ട്രീയപാര്‍ട്ടികളും അവയുടെ ചേരികളും തങ്ങളുടെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ മറന്നുകഴിഞ്ഞു. തന്മൂലം, ജനാധിപത്യത്തിനു പകരം പണാധിപത്യം നിലവില്‍ വന്നുകഴിഞ്ഞിരിക്കുന്നു.  മതത്തിനുള്ള സ്വാധീനവും അപാരമാണ്. അതിവിപ്ലവപാര്‍ട്ടികള്‍പോലും ഇന്ന് മെത്രാസന അരമനകളിലും എന്‍.എസ്.എസ്. ആസ്ഥാനത്തും കണിച്ചുകുളങ്ങര വീട്ടിലും കൊടപ്പനയ്ക്കല്‍ തങ്ങളുടെ വീട്ടിലും കയറിയിറങ്ങുന്നു! മതവും രാഷ്ട്രീയവുമായുള്ള അവിഹിതബന്ധം ശക്തമായി വളരുന്നു. അവ ഒരു പരസ്പരസഹായ സഹകരണസംഘമായി പ്രവര്‍ത്തിക്കുന്നു. സമൂഹം മതരാഷ്ട്രീയത്തിന്റെ പിടിയിലമരുന്നു.
AD.325-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും കത്തോലിക്കാസഭയുംകൂടി നിഖ്യാസൂനഹദോസില്‍വച്ചുണ്ടാക്കിയ അവിശുദ്ധകൂട്ടുകെട്ടോടുകൂടി, ക്രിസ്തുവിന്റെപേരില്‍ മതരാഷ്ട്രീയം'ഉദ്ഘാട നംചെയ്യപ്പെട്ടു. അന്നുമുതല്‍ ഇന്നുവരെ അത് സമൂഹത്തില്‍ ഏറെ ദുരന്തങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇന്നും ലോകത്തു നടക്കുന്ന മിക്കവാറും മനുഷ്യക്കുരുതികളും ദൈവത്തിന്റെയും മതത്തിന്റെയും പേരിലാണ്. ഇവിടെ മതരാഷ്ട്രീയം തിന്മയും പാപവും ശാപവുമാണെന്നു തെളിയുന്നു. ഇങ്ങനെയുള്ള രാഷ്ട്രീയമതങ്ങളുമായി ജനാധിപത്യം, മതേതരത്വം, സമത്വം, സാഹോദര്യം എന്നീ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന സാമൂഹികസംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും സന്ധിയിലായാല്‍ മതത്തിലെ തിന്മകള്‍ ഇവിടേക്കു പ്രസരിക്കും എന്നതായിരിക്കും അനന്തരഫലം.
മതരാഷ്ട്രീയം കേരളത്തിലെ സാമൂഹികരംഗത്തെ എത്രമാത്രം മലിനമാക്കുന്നു എന്നതിന് ഒരുദാഹരണം ചൂണ്ടിക്കാട്ടട്ടെ:
ക്രൈസ്തവരുടെ പള്ളിവകസ്വത്തുക്കളും മറ്റു സാമ്പത്തികകാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനാവശ്യമായ ഒരു നിയമത്തിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കി നിയമപരിഷ്‌കരണകമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ഗവണ്‍മെന്റിനു നല്‍കിയിരുന്നു. ക്രിസ്ത്യന്‍ സഭകളില്‍, പ്രത്യേകിച്ച് കത്തോലിക്കാസഭയില്‍, ഇങ്ങനെയൊരു നിയമം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കാരണം, യാതൊരു ജനാധിപത്യകീഴ്‌വഴക്കങ്ങളോ സുതാര്യതയോ സാമാന്യമര്യാദപോലുമോ ഇല്ലാതെ കാലാകാലങ്ങളായി സഭാസ്വത്തുക്കള്‍ തന്നിഷ്ടപ്രകാരം അടക്കിഭരിച്ചു പോരുകയാണ് സഭാനേതൃത്വം. ഇന്ത്യയില്‍ മറ്റെല്ലാ മതവിഭാഗങ്ങളുടെയും സ്വത്തുക്ക
ളുടെ ഭരണനിര്‍വഹണത്തിന് വ്യക്തമായ നിയമങ്ങളുണ്ട്. ഹൈന്ദവമതത്തിന് ഹിന്ദു എന്‍ഡോവ്‌മെന്റ് ആക്ടും മുസ്ലീങ്ങള്‍ക്ക് വഖഫ്'ആക്ടും സിക്കുകാര്‍ക്ക് ഗുരുദ്വാര ആക്ടും പ്രാബല്യത്തിലുണ്ട്. അങ്ങനെയൊരു നിയമം ക്രൈസ്തവസഭകള്‍ക്കുമാത്രം പാടില്ല എന്നാണ് സഭാധികാരികളുടെ നിലപാട്. ഭരണഘടനാവിരുദ്ധമായ അത്തരം സമീപനത്തെ അവഗണിച്ച് കമ്മീഷന്റെ ശിപാര്‍ശ ഒരു ബില്ലാക്കി നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കിയാല്‍മതി, സഭയില്‍ സാമ്പത്തികസുതാര്യതയും ജനാധിപത്യവും കൊണ്ടുവരാന്‍. പക്ഷേ, ഇടതു-വലതുമുന്നണികള്‍ മെത്രാന്മാരുടെ മതരാഷ്ട്രീയശക്തി ഭയന്ന് ഇതു ചെയ്യുന്നില്ല. ഇതു സംബന്ധിച്ച് ഒരു നിവേദനം നല്‍കാന്‍ചെന്ന 'കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍' ഭാരവാഹികളോട് ബഹു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്, 'നിങ്ങളെന്നെ ഈ കസേരയിലിരിക്കാന്‍ സമ്മതിക്കില്ല, അല്ലേ', എന്നായിരുന്നുവത്രെ! മതരാഷ്ട്രീയത്തിന്റെ ഭീകരമായ സ്വാധീനം എത്രയെന്ന് ഇതില്‍നിന്നു മനസ്സിലാക്കാമല്ലോ.
വിനാശകരമായ മതരാഷ്ട്രീയത്തിന്റെയും അഴിമതിരാഷ്ട്രീയത്തിന്റെയും ഭീകരതയെ തളയ്ക്കണമെങ്കില്‍ കാഴ്ചപ്പാടും സ്വഭാവശുദ്ധിയുമുള്ള ഒരു നേതൃന്നിര ഉണ്ടാകണം. അത്തരക്കാരുടെ അഭാവമാണ് ഇന്നത്തെ രാഷ്ട്രീയമൂല്യശോഷണത്തിനു പ്രധാനകാരണം. ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കുമ്പോള്‍ അയാളുടെ സ്വഭാവത്തെയാണ് പ്രധാനമായും നോക്കിക്കാണേണ്ടത്. ആത്യന്തികമായി അയാള്‍ ഒരു മനുഷ്യസ്‌നേഹിയായിരിക്കണം; മൂല്യാധിഷ്ഠിതമായ ഒരു രാഷ്ട്രീയവീക്ഷണമുള്ള, പണത്തെക്കാള്‍ മനുഷ്യബന്ധങ്ങള്‍ക്കു സ്ഥാനംനല്‍കുന്ന വ്യക്തിയായിരിക്കണം. കൂടാതെ, മതേതരത്വം, സോഷ്യലിസം, ജനാധിപത്യം ഇതൊക്കെ അംഗീകരിക്കുന്ന ആളുമായിരിക്കണം. അതുപോലെതന്നെ ഒരു പാര്‍ട്ടിയംഗമാണെങ്കില്‍, താന്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടി ഒരനീതി കാണിച്ചാല്‍, സ്വന്തം രാഷ്ട്രീയനിലനില്‍പ്പു നോക്കാതെ അതിനെ എതിര്‍ക്കുവാനുള്ള സ്വതന്ത്രചിന്താഗതിയും ആര്‍ജ്ജവവും ഉണ്ടാകണം. ഇതിനൊരു ഉദാഹരണം എഴുതട്ടെ: അടുത്ത നാളില്‍ ഗവണ്‍മെന്റില്‍ നിക്ഷിപ്തമായ കുട്ടനാട്ടിലെ വിസ്തൃതമായ ഒരു നെല്‍പ്പാടം പാരിസ്ഥിതികപ്രശ്‌നം നിലനില്‍ക്കെത്തന്നെ അന്യാധീനപ്പെടുത്തുവാന്‍ ഗവണ്‍മെന്റ് തീരുമാനമെടുത്തു. ഇതു തെറ്റാണെന്ന് ഭരണകക്ഷിയില്‍പ്പെട്ട ചില സാമാജികര്‍തന്നെ മറകൂടാതെ വെട്ടിത്തുറന്നു പറഞ്ഞു. അതും, ഈ തിരഞ്ഞെടുപ്പു സമയത്ത്! ഇതാണ് സംശുദ്ധമായ രാഷ്ട്രീയമെന്നു പറയുന്നത്. അങ്ങനെയുള്ളവരെയാണു രാഷ്ട്രീയരംഗത്ത് ഇന്ന് ആവശ്യമായിട്ടുള്ളത്.
മതനവീകരണരംഗത്തുള്ളവര്‍ പൊതുവേ മൂല്യാധിഷ്ഠിത കാഴ്ചപ്പാടുള്ളവരും ആദര്‍ശനിഷ്ഠയില്‍ ദൃഢമനസ്‌കരുമായിരിക്കും. അല്ലായിരുന്നെങ്കില്‍, പൗരോഹിത്യത്തെയും അവര്‍ നയിക്കുന്ന ആള്‍ക്കൂട്ടസമൂഹത്തെയും ഭയപ്പെടാതെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ലല്ലോ. അതുകൊണ്ട്, എല്ലാ മതവിഭാഗങ്ങളിലുംപെട്ട പുരോഗമനാശയക്കാരുടെ രാഷ്ട്രീയപ്രവേശം, കേരളത്തിന്റെ ഇന്നത്തെ മലീമസമായ രാഷ്ട്രീയസാഹചര്യത്തില്‍ ഏറെ പ്രസക്തമാണെന്നു പറയേണ്ടിയിരിക്കുന്നു.
ഫോണ്‍: 9497632219

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. "രാഷ്ട്രീയമേതായാലും മനുഷ്യന്‍ നന്നായാല്‍മതി" എന്നതിനോട് "മതമേതായാലും മനുഷ്യൻ നന്നായാൽ മതി"എന്ന് മൊഴിഞ്ഞവൻ കൂടി സമ്മതിക്കുകയില്ല! കാരണം മനുഷ്യന് 'മതവും ,ഈശ്വരസങ്കല്പവും' ജന്മം മൂലം കിട്ടിന്നതും ,എന്നാൽ 'രാഷ്ട്രീയം' പിന്നീടവൻ തിരഞ്ഞെടുക്കുന്നതും ആകുന്നു ! പള്ളിയിലെ തലചോറില്ലാത്ത "ആടുകളെപ്പോലെ" അന്ധമായി രാഷ്ട്രീയത്തെ അനുകരിക്കുന്ന മനനമില്ലാത്തവരും, മന്ദബുദ്ധികളും നിറഞ്ഞതാണ്‌ കേരളസമൂഹം എന്നതാണ് ഇന്നിന്റെ ശാപം ! എന്റെ ഗ്രാമത്തിൽ ഇന്നലെ NDA യുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ പങ്കെടുത്ത എന്റെ ഒരു അച്ചായ സുഹൃത്തിനോട് "ഈവട്ടം വോട്ടാര്ക്ക " എന്ന എന്റെ ചിരിച്ച ചോദ്യത്തിന് "നമ്മൾ അച്ചായന്മാർ കോൺഗ്രെസിനല്ലേ" എന്നായിരുന്നു ഉത്തരം ! മതനേതാക്കൾ,പുരോഹിതർ , 'ഈശ്വരനിന്ദയോടൊപ്പം' 'രാഷ്ട്രീയവും' മനസുകളിൽ കുത്തിവയ്ക്കുന്നു എന്നതിന്റെ തെളിവാണിത് ! ഫലമോ, നാളത്തെ സമൂഹത്തിൽ വരാവുന്ന മതനിന്ദയും അക്രമ // ആരാജകത്തവും ! നീചന്മാരായ രാഷ്ട്രീയക്കാരുടെ "ന്യൂനപക്ഷ പ്രീണനം" കൂടിയതിനാൽ താനേ ഉരുവായതാണീ ഇന്നത്തെ "വര്ഗീയരാഷ്ട്രീയം"! ഭൂരിപക്ഷത്തെ ചൊടിപ്പിച്ചതിൽ കേരളത്തിലെ ളോഹകൾക്കുള്ള പങ്കു വളരെ വലിയതാണ്; കാരണമോ അവർ ക്രിസ്തുവിനെ അറിഞ്ഞില്ല എന്നത് തന്നെ ! "കൈസർക്കുള്ളതു കൈസര്ക്ക് / ദൈവത്തിനുള്ളത് ദൈവത്തിനു "എന്ന ക്രിസ്തുവിന്റെ 'വകുപ്പ്' ഈ ചെറ്റകൾക്കു ഇന്നും മനസിലായിട്ടില്ല; ആയതിനാൽ അവർ മതത്തിൽ രാഷ്ട്രീയം കുത്തിത്തിരുകി! ഭൌതീകതയിൽ ആത്മീകത കലര്ത്തി കുര്ബാനയപ്പം ചുട്ടു ! ഇത് കര്ത്താവിന്റെ 'തിരുമേനി' എന്ന് കളിയാക്കി ചൊല്ലി സ്വയം "തിരുമേനിമാരായി" വിലസിവാഴുന്നു ! രാഷ്ട്രീയക്കാർ വോട്ടുബാങ്ക് കാരണം തങ്ങളുടെ ചൊൽപ്പടിയിൽ ആണെന്നു അഹംകരിചു സ്വയം 'രാജകീയ പൌരോഹിത്യമാക്കി' കൊടിവച്ച കാറുകളിൽ പറന്നു, അരമനകളിൽ പള്ളിയുറങ്ങി പൊറുതിയായി!(ഇതുകണ്ട് മാലാഖമാർ വിറയൽ ആര്ന്നു ;സാത്താനോ ഉള്പുളകവും}! കോണ്ഗ്രസ് എത്ര അഴിമതിയിൽ മുങ്ങിയാലും അച്ചായൻ കോണ്ഗ്രസുകാരനായിരിക്കണം എന്ന ഏതോ "കൂദാശ" ഇവന്റെ ഉള്ളിന്റെയുള്ളിൽ കലര്ന്നുപോയി എന്നതിനാൽ ഇവിടം വര്ഗീയ കലാപത്തിനു നാളെ വേദിയാകും ;അതിനു കാരണമാകുന്ന കലികാലളോഹകളെ, നിങ്ങള്ക്ക് ഹാ കഷ്ടം !

    ReplyDelete