എഡിറ്റോറിയല്‍, സത്യജ്വാല, 2017 സെപ്റ്റംബര്‍
മനുഷ്യനൊഴികെ എല്ലാ
ജീവജാലങ്ങള്‍ക്കും തങ്ങളെ സംബന്ധിച്ചുള്ള ശരി-തെറ്റുകളെക്കുറിച്ച് സഹജമായ
അറിവുണ്ട്. പക്ഷി-മൃഗാദികള്‍ക്ക് തങ്ങളുടെ ഭക്ഷണമേതെന്നും അതു
നേടേണ്ടതെങ്ങനെയെന്നും ജീവിക്കേണ്ടതെവിടെയെന്നും കൂടുണ്ടാക്കേണ്ടതെങ്ങനെയെന്നും
കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടതെങ്ങനെയെന്നുമെല്ലാം കൃത്യമായ അറിവുണ്ടെന്ന് അവയെ
നിരീക്ഷിച്ചാല്‍ മനസ്സിലാകും. എന്നാല്‍, ജന്മസിദ്ധവാസനയെന്ന ഈ അറിവുകളെ പരിപോഷിപ്പിക്കാനോ, അവ
വേണ്ടെന്നു വയ്ക്കാനോ അവയ്ക്കാവില്ല. കാരണം, ഈ അറിവുകള്‍
തങ്ങള്‍ക്കുണ്ടെന്ന അറിവോ, തങ്ങള്‍തന്നെ ഉണ്ടെന്ന അറിവോ
അവയ്ക്കു നല്‍കപ്പെട്ടിട്ടില്ല. തന്മൂലം, അതിന്റെ
ജന്മസിദ്ധസ്വഭാവങ്ങളില്‍നിന്ന് ഉയരാനോ താഴാനോ സ്വാതന്ത്ര്യമില്ലാതെ അവ
പ്രകൃത്യാനുസാരിയായ ഓരോരോ ചാലിലൂടെ ചരിക്കുകമാത്രം ചെയ്യുന്നു.
ഇതില്‍നിന്നു
വ്യത്യസ്തമായി, വിശേഷബുദ്ധിയെന്ന
മഹാ അനുഗ്രഹത്തോടും എന്തും ചെയ്യുവാനുള്ള മഹാസ്വാതന്ത്ര്യത്തോടുംകൂടിയാണ് മനുഷ്യന്‍
ജന്മംകൊള്ളുന്നത്. പക്ഷേ, അതോടെ, തന്നെസംബന്ധിച്ച
ശരി-തെറ്റുകള്‍ പ്രകടമായറിയാനുള്ള കഴിവ് അവനില്‍നിന്ന് എടുത്തുമാറ്റപ്പെട്ടു.
എല്ലാം സ്വയം അന്വേഷിച്ചു കണ്ടെത്തേണ്ട ഉത്തരവാദിത്വം മനുഷ്യന്റെ തലയിലായി.
സ്വന്തം ഭക്ഷണം എന്തെന്നു തിരിച്ചറിയാനുള്ള ജന്മവാസനപോലും മനുഷ്യനില്‍
കാണപ്പെടുന്നില്ല. എന്തും സ്വയം അന്വേഷിച്ചുകണ്ടെത്തിക്കൊള്ളണം. വിശേഷബുദ്ധിക്കും
അതുനല്‍കുന്ന സ്വാതന്ത്ര്യത്തിനും മറുവിലയായിട്ടാകാം, ജന്തുസഹജവും
പ്രകൃതിജന്യവുമായ തിരിച്ചറിവുകള്‍ മനുഷ്യനില്‍നിന്ന് എടുത്തുമാറ്റപ്പെട്ടത്.
വേറൊരു വിധത്തില്‍ നോക്കിയാല്‍, നിയതമായ എല്ലാ ചാലുകളെയും
അതിലംഘിച്ചു മുന്നേറാന്‍ കഴിയുമാറ് മനുഷ്യന്‍ അവയില്‍നിന്നെല്ലാം
സ്വതന്ത്രനാക്കപ്പെടുകയായിരുന്നു ഇതിലൂടെ എന്നും കാണാനാകും. വിശേഷബുദ്ധിയുടെയും
അതു നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെയും വിലമതിക്കാനാവാത്ത മൂല്യം ഇവിടെ
വ്യക്തമാകുന്നു.
വിശേഷബുദ്ധിയില്‍
യുക്തിയും കാല്പനികതയും ധ്യാനാത്മകതയുമുണ്ട്. ഈ മേഖലകളിലൂടെയെല്ലാം സ്വതന്ത്രമായി
വിഹരിച്ചു സത്യദര്‍ശനം നടത്താനും ശരി-തെറ്റുകള്‍ വിവേചിച്ചറിഞ്ഞ് സ്വയം
മുന്നോട്ടുപോകാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യനുണ്ട്. യുക്തിയിലൂടെ
കാര്യങ്ങള്‍ വിശകലനംചെയ്യാനും കല്പനാവൈഭവത്തിലൂടെ യുക്തിക്കപ്പുറം പോകാനും
ധ്യാനാത്മകതയിലൂടെ സാകല്യബോധത്തിലെത്തി സാഫല്യമടയാനും മനുഷ്യനു കഴിയുന്നു. അതിനു
പക്ഷേ, മനുഷ്യനില്‍
അന്തര്‍ലീനമായിരിക്കുന്ന ഈ സിദ്ധികള്‍ തട്ടിയുണര്‍ത്തപ്പെടേണ്ടതുണ്ട്.
ജ്ഞാനികളായ മാര്‍ഗ്ഗദര്‍ശികള്‍
അഥവാ ഗുരുക്കന്മാര്‍ തങ്ങളുടെ വാക്കുകള്‍കൊണ്ടും
ജീവിതംകൊണ്ടും നിര്‍വ്വഹിക്കുന്ന ധര്‍മ്മം അതാണ്. 'സ്വയം അന്വേഷിക്കൂ, കണ്ടെത്തും'
എന്നാണ് ഗുരുക്കന്മാര്‍ പറയുന്നത്. അതിനായി ഉത്തേജിപ്പിക്കുകമാത്രം
ചെയ്യുന്നു. ശിഷ്യര്‍ സ്വയം സത്യാന്വേഷകരായിത്തീരുന്നു. സത്യം ബോധമായി ഉള്ളില്‍
തെളിയുന്നു. അതിന്റെ വെളിച്ചത്തില്‍ ശരി-തെറ്റുകള്‍ തിരിച്ചറിയാന്‍
പ്രാപ്തരാകുന്നു. നവോത്ഥാനത്തിന്റെ വിത്തുകളായിത്തീരുന്നു, അവര്‍.
ആ ജീവിതങ്ങള്‍ ശരിയുടെ വഴിയേ മഹത്വത്തിന്റെ പടികള്‍ കയറുന്നു. സമൂഹത്തില്‍
നവോത്ഥാനത്തിന്റെ അലകള്‍ പരക്കുകയും ചെയ്യുന്നു.
ഗുരുവിനേത്തുടര്‍ന്നു
രൂപംകൊള്ളുന്ന ഏതൊരു മതപ്രസ്ഥാനത്തിന്റെയും ധര്‍മ്മം ആ ഗുരുവിന്റേതുതന്നെയാണ്. ഏതു
മതത്തിന്റെ ചരിത്രം പരിശോധിച്ചാലും, തുടക്കത്തില്‍ അത് ഏതാണ്ടങ്ങനെതന്നെ ആയിരുന്നെന്നും കാണാം. കാരണം, ഗുരുവിനെ പ്രതിനിധീകരിക്കുന്ന ഗുരുസ്ഥാനീയര്‍ ഏതൊരു പ്രസ്ഥാനത്തിന്റെയും
തുടക്കത്തിലുണ്ടാവും. എന്നാല്‍, ഒരു കുറഞ്ഞ കാലയളവിനുശേഷം
ഗുരുസ്ഥാനത്തുനിന്നു പ്രബോധനം നടത്താനോ, സ്വന്തം
വെളിച്ചത്തില്‍ ശരി-തെറ്റുകള്‍ വിവേചിച്ചറിഞ്ഞു ജീവിക്കാനോ പ്രവര്‍ത്തിക്കാനോ
ശേഷിയുള്ളവര്‍ കുറഞ്ഞു തുടങ്ങുകയായി. ഗുരുപരമ്പര ശോഷിച്ച് അറ്റുപോകുന്നതോടെ,
മനുഷ്യരില്‍ ശരി-തെറ്റുകളെക്കുറിച്ചുള്ള അവബോധം മാഞ്ഞുതുടങ്ങുകയും
മൂല്യബോധം കുറയുകയും സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു.
ഏതു സമൂഹത്തിലും, എന്നും, അദ്ധ്വാനിക്കാതെ
ആര്‍ഭാടമായി ജീവിക്കാനും നേതാക്കളായി വിലസാനും താല്പര്യമുള്ള കൗശലക്കാരായ ഒരു
വിഭാഗമുണ്ടായിരിക്കും. സത്യാന്വേഷണവ്യഗ്രതയോ കാര്യങ്ങള്‍ ആഴത്തില്‍
മനസ്സിലാക്കാനുള്ള ബൗദ്ധികശേഷിയോ സത്യസന്ധതയോ ഇല്ലാത്ത കേവലം ബഹിര്‍മുഖവ്യക്തിത്വത്തിനുടമകളാണിവര്‍.
ഇക്കൂട്ടര്‍ക്ക്, ഗുരുസ്ഥാനീയരുടെ സജീവസാന്നിദ്ധ്യമുള്ള
ആദ്യകാലങ്ങളില്‍ ഒരു മതപ്രസ്ഥാനത്തിലും തലയുയര്‍ത്തുക എളുപ്പമല്ല. എന്നാല്‍, ഗുരുപ്രോക്തപ്രബോധനങ്ങളും ജീവിതമാതൃകകളും കുറഞ്ഞില്ലാതായി ജനങ്ങളില്‍
ശരി-തെറ്റ് വിവേചനാശേഷിയും മൂല്യബോധവും ക്ഷയിക്കുന്നതോടെ, ഇക്കൂട്ടര്‍
തലപൊക്കിത്തുടങ്ങുന്നു. രോഗപ്രതിരോധശേഷി കുറയുമ്പോള്‍ രോഗാണുക്കള്‍ ശരീരത്തില്‍
ശക്തരാകുന്നതുപോലെ, മതസമൂഹം രോഗാതുരമാകുമ്പോള്‍ ഇക്കൂട്ടര്‍
ആ മതഗാത്രത്തിലേക്കു നുഴഞ്ഞുകയറി അതിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. ആദ്യമേ
ചെയ്യുന്നത്, ഗുരുവിന്റെ ദര്‍ശനത്തേക്കാള്‍ സ്ഥാനം ഗുരുവിനു
നല്‍കുന്നു എന്നതാണ്. പ്രബോധനം മതസ്ഥാപകനേക്കുറിച്ചാക്കി മാറ്റുന്നു. അദ്ദേഹത്തെ
ആരാധനാമൂര്‍ത്തിയാക്കുന്നു, ദൈവംതന്നെയാക്കുന്നു.
രാജാവിനേക്കാള്‍ രാജഭക്തി പ്രദര്‍ശിപ്പിച്ച് രാജശാസനങ്ങളെ മറികടക്കുകയും, പ്രജകളെ കൈയിലെടുക്കുകയും ഒപ്പം നിരായുധരാക്കുകയും ചെയ്യുന്ന തരത്തിലുള്ള
കപടതന്ത്രമാണിവിടെ അരങ്ങേറുന്നത്. ശരി-തെറ്റുകള്‍ വിവേചിച്ചറിയാന്‍
പ്രാപ്തിയില്ലാതെപോയ മതസമൂഹത്തിന്, അവരാദരിച്ചനുസരിക്കുന്ന
മഹാഗുരു യഥാര്‍ത്ഥ ദൈവമാണ് എന്നു കേള്‍ക്കുമ്പോള്‍ അഭിമാനത്തോടും ഭക്തിയോടുംകൂടി
കൈകള്‍ കൂപ്പി നില്‍ക്കാനേ തോന്നൂതാനും.
തുടര്‍ന്ന്, ഇക്കൂട്ടര്‍ ഗുരു ദൈവാവതാരമാണെന്നു
സ്ഥാപിക്കാന്‍ ആ മഹത്‌വ്യക്തിയിലൂന്നിയുള്ള ദൈവവിജ്ഞാനീയവും മതസിദ്ധാന്തങ്ങളും
അതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസപ്രമാണങ്ങളും നിയമങ്ങളും അനുഷ്ഠാനങ്ങളും
രൂപീകരിക്കുന്നു. ഈ പ്രക്രിയയില്‍, മതപണ്ഡിതരും നിയമജ്ഞരും
പുരോഹിതരും ഉണ്ടാകുന്നു. ഇതെല്ലാം ചേര്‍ന്ന പുരോഹിതസംവിധാനം രൂപംകൊള്ളുന്നു.
ഗുരുക്കന്മാരുടെ എളിയ പ്രബോധകപ്രസ്ഥാനം പുരോഹിതരുടെ സംഘടിതസ്ഥാപനമായി
പരിണമിക്കുകയാണിവിടെ. ഇതു മതത്തിന്റെ വളര്‍ച്ചയായി തെറ്റിദ്ധരിക്കപ്പെടുന്നു.
പൗരോഹിത്യം, തങ്ങള്‍ രൂപംകൊടുത്തിട്ടുള്ള
ദൈവവിജ്ഞാനീയത്തിലും മതസിദ്ധാന്തങ്ങളിലും മതനിയമങ്ങളിലും അനുഷ്ഠാനങ്ങളിലും
വിശ്വസിച്ച് അവ അനുസരിച്ചാചരിക്കുന്നതാണു 'ശരി'യെന്നും, അങ്ങനെ ചെയ്യാത്തതെല്ലാമാണ് 'തെറ്റെ'ന്നും ശരി-തെറ്റുകളെ മനുഷ്യര്‍ക്കു നിര്‍വ്വചിച്ചു
കൊടുക്കുന്നു. മാത്രമല്ല, ഇതെല്ലാം മനുഷ്യരെക്കൊണ്ട്
അനുസരിപ്പിക്കാനും ആചരിപ്പിക്കാനുമുള്ള ദൈവികാധികാരം തങ്ങള്‍ക്കുണ്ട് എന്നും
ഇക്കാര്യങ്ങളെക്കുറിച്ച് സ്വയം ചിന്തിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നും അവര്‍
പഠിപ്പിക്കുന്നു.
ഇപ്രകാരമെല്ലാം, 'സ്വയം അന്വേഷിക്കൂ, കണ്ടെത്തും' എന്ന ഗുരുവരുള്‍ പൗരോഹിത്യം നിര്‍വീര്യമാക്കുന്നു.
സ്വന്തം വെളിച്ചത്തില്‍ ശരി-തെറ്റുകള്‍ വിവേചിച്ച് ശരിയിലൂടെ മുന്നേറൂ എന്ന
ഗുരുവചനം അവഗണിക്കപ്പെടുന്നു. മനുഷ്യനു നല്‍കപ്പെട്ട 'താലന്തു'കളായ വിശേഷബുദ്ധിയെയും മറ്റു സിദ്ധികളെയും വര്‍ദ്ധിപ്പിക്കാനനുവദിക്കാതെ
മണ്ണില്‍ കുഴിച്ചിടാന്‍ നിര്‍ബ്ബന്ധിക്കുന്നു, പൗരോഹിത്യം.
ജിജ്ഞാസയും അന്വേഷണബുദ്ധിയും മരവിക്കുന്നു. ബുദ്ധിമയങ്ങി ആത്മീയമായി
ആലസ്യത്തിലാഴുന്നു. ജീവനുള്ള ആചാര്യവചനങ്ങളെയും മാര്‍ഗ്ഗദര്‍ശനങ്ങളെയും തങ്ങളുടെ
മൃതമായ സിദ്ധാന്തങ്ങളും അനുഷ്ഠാനങ്ങളുംകൊണ്ട് ആദേശംചെയ്യുകയാണ് പൗരോഹിത്യം.
ഉദാത്തമായ ആചാര്യമതം ഇടുങ്ങിയ പുരോഹിതമതമായി പരിണമിക്കുകയാണ്. വിശ്വമാനവികതയില്‍നിന്നു
മനുഷ്യനെ സ്വകാര്യമാത്രപരത (ശിറശ്ശറൗമഹശാെ) യിലേക്കു ചുരുക്കിക്കൂട്ടുകയാണ്;
സ്വകാര്യസ്വര്‍ഗമോഹികളാക്കുകയാണ്. ജ്ഞാനത്തിന്റെ മൂന്നാംകണ്ണ്,
അതു തുറന്നുകിട്ടുന്നതിനുമുമ്പുതന്നെ, അങ്ങനെയൊരു
കണ്ണുതന്നെയില്ലാത്ത പൗരോഹിത്യം സിദ്ധാന്തശാഠ്യത്തിന്റെ അമ്ലമൊഴിച്ചു
പൊട്ടിക്കുകയാണ്. തനതുകാഴ്ചയും ചിന്തയും അന്വേഷണവും കണ്ടെത്തലും ഇല്ലാതാക്കി
മനുഷ്യരെ എന്തിനുമേതിനും പുരോഹിതരുടെ ആശ്രിതരാക്കുകയാണ്. വിശ്വാസത്തിന്റെയും
ശരി-തെറ്റുകളുടെയും മാനദണ്ഡം പുരോഹിതവചനങ്ങളായിത്തീരുകയാണ്. വിശ്വാസം വിശ്വാസം
എന്നുപറഞ്ഞ് മനുഷ്യരെ അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും
വലിച്ചിഴയ്ക്കുകയാണ്. മാനവസേവനമാകേണ്ട മതജീവിതം കേവലം അനുഷ്ഠാനജീവിതമായി
മാറുകയാണ്... മതം മനുഷ്യനെ മയക്കുന്ന കറുപ്പായിത്തീരുകയാണിവിടെ.
ഇതെല്ലാം
കൃത്യതയോടെ കണ്ടുകൊണ്ടാണ്, യേശു അന്നത്തെ പുരോഹിതരോട്, 'നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍
പ്രവേശിക്കുന്നില്ലെ'ന്നും 'പ്രവേശിക്കുവാന്‍
ശ്രമിക്കുന്നവരെ അതിനനുവദിക്കുന്നില്ലെ'ന്നും തുറന്നടിച്ചു
പറഞ്ഞത്; 'അന്ധരായ മൂഢരെ'ന്നും 'കപടനാട്യക്കാരെ'ന്നും 'വെള്ളപൂശിയ
ശവക്കല്ലറക'ളെന്നും 'പ്രവാചകരെ
കല്ലെറിയുന്നവ'രെന്നും അവരുടെ മുഖത്തുനോക്കി വിശേഷിപ്പിച്ചത്;
'ഗുരു' എന്നും 'പിതാവ്'
എന്നും 'നായകര്‍' എന്നും
വിളിക്കപ്പെടാനാഗ്രഹിക്കുകയും, വിരുന്നുകളില്‍ മുഖ്യസ്ഥാനവും
ചന്തസ്ഥലങ്ങളില്‍ അഭിവാദ്യവും മോഹിക്കുകയും ചെയ്യുന്നവരാണ് പുരോഹിതര്‍ എന്ന് അവരെ
അടയാളപ്പെടുത്തി അവര്‍ക്കെതിരെ മനുഷ്യരെ പ്രബോധിപ്പിച്ചത്; 'ദൈവാലയത്തെ
കൊള്ളക്കാരുടെ ഗുഹയാക്കുന്നവര്‍' എന്നാക്രോശിച്ച് അവര്‍ക്കെതിരെ
ചാട്ടവാര്‍ ഉയര്‍ത്തിയത്....
സ്‌നേഹസമ്പന്നനായ
യേശുവിന്റെ പൗരോഹിത്യത്തോടുള്ള അതിരൂക്ഷമായ ഈ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍
നോക്കിയാല്‍, സ്വയം ഉയര്‍ത്താന്‍വേണ്ടി
മനുഷ്യരുടെ വിശേഷബുദ്ധിയെ ദൈവാരൂപിക്കു പ്രവര്‍ത്തിക്കാനാവാത്തവിധം
കെടുത്തിക്കളയുകയും അവരെ ആത്മീയാന്ധരും അടിമകളുമാക്കുകയും ചെയ്യുന്ന, ഒപ്പം അപരിമിതനായ ദൈവത്തെ തങ്ങളുടെ കൈപ്പിടിയിലൊതുങ്ങുംവിധം
പരിമിതനാക്കിയും ബിംബസമാനനാക്കിയും അവതരിപ്പിക്കുന്ന പൗരോഹിത്യമെന്ന സ്ഥാപനം അതില്‍ത്തന്നെ പരിശുദ്ധാത്മാവിനെതിരായുള്ള
പാപമാണെന്നു കാണാം.
ക്ഷമിക്കപ്പെടുകയില്ലാത്ത
ഈ പാപത്തിന്റെ (മത്താ. 12:32), അതായത് പൗരോഹിത്യത്തിന്റെ, പിടിയിലാണിന്ന്
മതങ്ങളെല്ലാംതന്നെ. മനുഷ്യകുലം ഇന്നു നേരിടുന്ന രൂക്ഷപ്രതിസന്ധികളുടെ തായ്‌വേരും
മറ്റൊന്നല്ല. ആചാര്യമതങ്ങളുടെ ഉള്ളിലേക്കു വേരാഴ്ത്തി ഇത്തിള്‍ക്കണ്ണിപോലെ വളര്‍ന്നു
പന്തലിച്ചിരിക്കുന്ന പുരോഹിതമതങ്ങള്‍, മനുഷ്യനെ തന്നിലെ
ദൈവികസത്ത സ്വയം കണ്ടെത്താന്‍ അനുവദിക്കാതെയും, തന്നില്‍
വിശ്വാസം രൂപീകരിക്കാന്‍ അവസരം നിഷേധിച്ചും ബൗദ്ധികവും ആദ്ധ്യാത്മികവുമായി
വന്ധ്യംകരിച്ചിരിക്കുന്നു എന്നതുതന്നെയാണ് അടിസ്ഥാനപ്രശ്‌നം. അനുഷ്ഠാനങ്ങളിലൂടെ
ദൈവപ്രീതി നേടിത്തരാമെന്നും, ഇഹത്തില്‍ വ്യക്തിഗതനേട്ടങ്ങളും
പരത്തില്‍ സ്വര്‍ഗസുഖവും ലഭ്യമാക്കാമെന്നും വ്യാമോഹിപ്പിച്ച് ഓരോരുത്തരെയും
പിന്നിലണിനിരത്തിയിരിക്കുകയാണ്, സംഘടിതപുരോഹിതമതങ്ങള്‍.
സ്വന്തം നേട്ടംമാത്രം ലക്ഷ്യമാക്കിയുള്ള പ്രാര്‍ത്ഥനകളും തീര്‍ത്ഥാടനങ്ങളും
അനുഷ്ഠാനങ്ങളും, അതിലൂടെയെല്ലാം തന്‍കാര്യവ്യഗ്രതയും
മതപരമായി ഉത്തേജിപ്പിക്കപ്പെടുമ്പോള്‍, മറ്റുള്ളവരെ
ശ്രദ്ധിക്കാനോ സ്‌നേഹിക്കാനോ ആര്‍ക്കു കഴിയും? ഈ
വ്യഗ്രതയ്ക്കിടെ വിശേഷബുദ്ധിയുടെ കാല്പനികവും ധ്യാനാത്മകവുമായ തലങ്ങളില്‍
വ്യാപരിച്ച് സ്വന്തം സത്തയിലേക്ക് ഒരിഞ്ചെങ്കിലും ആഴപ്പെടാന്‍ ആര്‍ക്കുകഴിയും?
മനുഷ്യന് ആത്മീയത അസാദ്ധ്യമാവുകയാണ്. പകരം, അതിന്റെകൂടി
ചെലവില്‍ ഭൗതികമായ സ്വകാര്യആര്‍ത്തിപൂരണത്തിന് സഹായിക്കുന്ന ബഹിര്‍മുഖബുദ്ധിയും
അതിന്റെ കൗശലങ്ങളും രാക്ഷസീയമായി വളരുകയുമാണ്. ഇപ്രകാരം സ്വകാര്യമാത്രപരത
(ശിറശ്ശറൗമഹശാെ)യെ സന്നിവേശിപ്പിച്ച് മനുഷ്യകുലത്തെ വ്യക്തിതലത്തിലും സാമൂഹികതലങ്ങളിലും
വിഘടിപ്പിക്കുന്ന പുരോഹിതമതങ്ങള്‍ക്കെങ്ങനെ ആത്മീയത അവകാശപ്പെടാനാകും? സ്‌നേഹം, ആനന്ദം, സമാധാനം,
ക്ഷമ, കരുണ, നന്മ മുതലായ
ആത്മാവിന്റെ ഫലങ്ങള്‍ (ഗലാ. 5:22) ഉല്പാദിപ്പിക്കാത്ത
പുരോഹിതമതങ്ങളെങ്ങനെ ആത്മീയമാകും? ദൈവികമായ ആധികാരികത
ഭാവിച്ച് മതത്തിന്റെ പുറംചട്ടയണിഞ്ഞു പ്രത്യക്ഷപ്പെടുന്ന പുരോഹിതമതങ്ങള്‍
മനുഷ്യനില്‍ വളര്‍ത്തുന്നത് അവനിലെ ജഡികമായ ആര്‍ത്തികളെയും സുഖമോഹങ്ങളെയുമാണെന്നു
തിരിച്ചറിയേണ്ടിയിരിക്കുന്നു. മനുഷ്യനില്‍ അതുല്പാദിപ്പിക്കുന്നത്, 'വിഗ്രഹാരാധന, ശത്രുത, അസൂയ,
വിഭാഗീയത, വിദ്വേഷം...' (ഗലാ. 5:21) മുതലായ ജഡികഭാവങ്ങള്‍തന്നെയാണ്.
ഓരോരുത്തരിലും സ്വകാര്യമാത്രപരത വളര്‍ന്നുമുറ്റുന്ന സാഹചര്യത്തില്‍, യേശു വിഭാവനം ചെയ്തതും പരാര്‍ത്ഥതാഭാവത്തില്‍ പുലരുന്നതുമായ ഒരു
ലോകവ്യവസ്ഥ-ദൈവരാജ്യം-ഉണ്ടാകുക അസാധ്യമാണ്; സ്വാഭാവികമായിത്തന്നെ,
അതും സ്വകാര്യമാത്രപരം ആകുകതന്നെ ചെയ്യും. ലോകം ഇപ്പോള്‍ത്തന്നെ
അങ്ങനെ ആയിരിക്കുന്നു.
4-ാം
നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ക്രിസ്തുമതം, റോമാസാമ്രാജ്യത്തിന്റെ
എല്ലാ ഭൗതികസംവിധാനങ്ങളോടുംകൂടി ഒരു പുരോഹിതസംഘടിതമതമായിത്തീര്‍ന്നു.
അതിനുശേഷമുള്ള ഈ മതത്തിന്റെ പ്രവര്‍ത്തനങ്ങളും ചരിത്രത്തില്‍ അതു നടത്തിയിട്ടുള്ള
ഇടപെടലുകളും പരിശോധിച്ചാല്‍, ദൈവത്തിന്റെയും മതത്തിന്റെയും
മറവില്‍, ഭൗതികമായ ഒരു സാമ്രാജ്യസൃഷ്ടി ഒരു ലക്ഷ്യമായി
അവയ്ക്കു പിന്നിലുണ്ടായിരുന്നു എന്നു കാണാം. തന്റെ രാജ്യം ഐഹികമല്ല എന്നാണ് യേശു
പറഞ്ഞതെങ്കില്‍, തികച്ചും ഐഹികമായ ഒരു
സാമ്രാജ്യസ്ഥാപനമായിരുന്നു റോമന്‍ ക്രിസ്തുമതം ലക്ഷ്യംവച്ചത്. ഈ പുരോഹിതമതത്തിന്റെ
യൂറോപ്പിലേക്കുള്ള സാമ്രാജ്യത്വപരമായ വ്യാപനമാണ്, പിന്നീട്
ലോകത്തിനുമേല്‍ യൂറോപ്പിന്റെ കോളനിവാഴ്ചയ്ക്കു വഴിയൊരുക്കിയത് എന്നതില്‍നിന്നുതന്നെ
ഇതു തെളിയുന്നുണ്ട്.
ഇക്കഴിഞ്ഞ ഏതാണ്ട് 5 നൂറ്റാണ്ടുകൊണ്ട്, പുരോഹിതകേന്ദ്രീകൃതമായ ഈ പാശ്ചാത്യ'ക്രിസ്തുമത'ത്തിന്റെ സ്വാധീനവലയത്തിലായിരിക്കുകയാണ് മറ്റു മുഴുവന്‍ മതങ്ങളും. അതിന്റെ
രാജകീയപ്രൗഢിയും സമ്പ്രദായങ്ങളും സംഘാടകശൈലികളും പ്രകടനാത്മകതയും അനുകരിച്ച്,
സാമുദായികമായും രാഷ്ട്രീയമായും പിടിച്ചുനില്‍ക്കാനും വേണ്ടിവന്നാല്‍
എതിരിടാനുമാവശ്യമായ ശക്തിയാര്‍ജിക്കുന്ന പ്രക്രിയയിലാണവയെല്ലാം.
പാശ്ചാത്യമത-രാഷ്ട്രീയബാന്ധവത്തില്‍നിന്നു പിറന്നുവീണ 'പുരോഗമന'വികസനസങ്കല്പത്തെയും, അതിന്റെ ഭാഗമായി വിദ്യാഭ്യാസം,
ആതുരശുശ്രൂഷ, സാമൂഹിക-രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍
എന്നിങ്ങനെ എല്ലാ മേഖലകളിലുമുള്ള പാശ്ചാത്യസമ്പ്രദായങ്ങളെയും
മത-രാഷ്ട്രീയഭേദമെന്യേ എല്ലാ ജനതകളും ഇപ്പോള്‍ത്തന്നെ
സ്വാംശീകരിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു വിഗഹവീക്ഷണം നടത്തിയാല്‍, പാശ്ചാത്യ'ക്രൈസ്തവ'നാഗരികമൂല്യങ്ങളുടെയും
സമ്പ്രദായങ്ങളുടെയും പിടിയിലാണിന്ന് മുഴുവന്‍ ലോകവും എന്നു കാണാന്‍ കഴിയും. എല്ലാം
'ക്രൈസ്തവ'മായിക്കഴിഞ്ഞു!
സൂക്ഷ്മമായി
നോക്കിയാല്‍,
മനുഷ്യരാശിയെ വിനാശത്തിലേക്കു കൂപ്പുകുത്തിച്ചുകൊണ്ടിരിക്കുന്ന ഇന്നിന്റെ എല്ലാ
പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണം, ലോകമാകെ
സ്വാംശീകരിച്ചുകഴിഞ്ഞ ഈ 'ക്രിസ്തീയത'യാണെന്നു
കാണാനാകും. അത് യേശുവിന്റെ പേരുപറഞ്ഞ് മനുഷ്യന്റെ സ്വതന്ത്രബുദ്ധിയെ മരവിപ്പിച്ചു;
പുരോഹിതനിര്‍മ്മിത വ്യാജസിദ്ധാന്തങ്ങളടിച്ചേല്‍പ്പിച്ച് മനുഷ്യന്റെ
സര്‍ഗ്ഗശേഷിയെ തടങ്കലിലാക്കി; തെളിനീര്‍ത്തടാകമെന്നു
തോന്നിക്കുന്ന മരീചിക ചൂണ്ടിക്കാട്ടി വ്യാജ ആദ്ധ്യാത്മികമരുഭൂമിയിലൂടെ മനുഷ്യനെ
സഹസ്രാബ്ദങ്ങളായി ആട്ടിത്തെളിച്ചു; സ്വകാര്യസ്വര്‍ഗസുഖം
വാഗ്ദാനംചെയ്ത് സഹോദരസ്‌നേഹത്തിന്റെ മാര്‍ഗ്ഗത്തില്‍നിന്ന് അനുഷ്ഠാനമാര്‍ഗ്ഗത്തിലേക്കു
മനുഷ്യരുടെ മുഖം തിരിപ്പിച്ചു; ഇഹത്തിലും പരത്തിലുമുള്ള തന്‍കാര്യവ്യഗ്രതയിലേക്കു
മനുഷ്യമനസ്സുകളെ സങ്കുചിതപ്പെടുത്തി; സഹജമായുണ്ടായിരുന്ന
മാനുഷികമൂല്യങ്ങളെ ആദേശംചെയ്ത് മനസ്സുകളില്‍ കച്ചവടമൂല്യങ്ങളുടെ വിത്തുപാകി....
ഇതെല്ലാം ചേരുംപടി ചേര്‍ത്താണ്, മാത്സര്യത്തിലും
മനുഷ്യ-പ്രകൃതിചൂഷണങ്ങളിലും അധിഷ്ഠിതമായ ഒരു മാമോനിക സാമ്പത്തിക-രാഷ്ട്രീയവ്യവസ്ഥ
ഇന്നു ലോകത്തില്‍ വ്യവസ്ഥാപിതമായിരിക്കുന്നത്. തന്മൂലം, ജീവിതത്തിന്റെ
അര്‍ത്ഥവും ദൗത്യവും മറന്ന്, സ്വധര്‍മ്മം മറന്ന് എങ്ങനെയും
പണം സമ്പാദിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിലേക്ക് ഓരോ മനുഷ്യനും മാറിക്കഴിഞ്ഞു.
മഹോന്നതമാകുമായിരുന്ന ഈ ഓരോ മനുഷ്യജന്മത്തെയും പൗരോഹിത്യമെന്ന സ്ഥാപനം
എത്തിച്ചിരിക്കുന്നതിവിടെയാണ്.
പൗരോഹിത്യത്തിന്റെ
തനിനിറമെന്തെന്ന് രവീന്ദ്രനാഥടാഗോര്‍ എഴുതി:
''പകല്‍സമയത്ത്
അവരെന്റെ ഭവനത്തില്‍വന്നു പറഞ്ഞു:
'ഇവിടെയുള്ള
ഏറ്റവും ചെറിയ മുറിമാത്രമേ വേണ്ടൂ,
നിന്റെ
ഈശ്വരാരാധനയില്‍ നിന്നെ സഹായിക്കാം,
അവിടുത്തെ
അനുഗ്രഹത്തില്‍നിന്ന്
ഞങ്ങള്‍ക്കുള്ള
ഓഹരിമാത്രം വിനയപൂര്‍വ്വം സ്വീകരിച്ചുകൊള്ളാം.'
അനന്തരം അവര്‍ ഒരു
മൂലയില്‍
അവര്‍ക്കു നല്‍കിയ
ഇരിപ്പിടങ്ങളില്‍
നിശ്ശബ്ദരായി
ഒതുങ്ങിയിരുന്നു.
പക്ഷേ, രാത്രിയുടെ അന്ധകാരത്തില്‍
അവരെന്റെ പവിത്രമായ
ആരാധനാലയത്തിലേക്ക്
ആവേശത്തോടെ, ക്ഷോഭത്തോടെ ഇടിച്ചുകയറി
അവിശുദ്ധമായ ആര്‍ത്തിയോടെ, ആക്രോശത്തോടെ
ശ്രീകോവിലിലെ
നിവേദ്യങ്ങളെല്ലാം
പങ്കിലമോഹത്തോടെ
കവര്‍ന്നെടുത്തു'' (ഗീതാഞ്ജലി:
33-ാം പദ്യം).
ശരി-തെറ്റുകള്‍
തിരിച്ചറിയാനുള്ള വിവേചനാശക്തി മനുഷ്യന്‍ എന്നു വീണ്ടെടുക്കുമോ, അന്നുമാത്രമേ പൗരോഹിത്യത്തിന്റെ
ശരി-തെറ്റുനിര്‍ണ്ണയങ്ങള്‍ അപ്പാടെ വ്യാജമായിരുന്നുവെന്നു തിരിച്ചറിയാന്‍ മനുഷ്യനു
കഴിയൂ. പൗരോഹിത്യമെന്ന സ്ഥാപനം അതില്‍ത്തന്നെ വ്യാജമായിരുന്നുവെന്നും അന്നു
മനുഷ്യന്‍ മനസ്സിലാക്കും; ഒപ്പം, രോഗാണുക്കളോടെന്നപോലെ
അതിനെ നിരന്തരം പ്രതിരോധിക്കേണ്ടതുണ്ടെന്നും.
-ജോര്‍ജ്
മൂലേച്ചാലില്‍, എഡിറ്റര്‍
mobile: 9497088904
ദാർശനിക അടിത്തറയുള്ള ലേഖനം
ReplyDeleteThe Emperor Constantine was not converted to Christianity, rather he converted Christianity into Roman Imperial Culture. The present Christianity and Western culture are successors to the Roman Culture based on Greek Philosophy, which Christ, St. Paul and St. John rejected.