പ്രൊഫ. ജോണ്‍ എം. ഇട്ടി ഫോണ്‍: 9497259387
16-ാം
നൂറ്റാണ്ടില്‍ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച മതനവീകരണം യൂറോപ്പിലെ
രാഷ്ട്രീയ-സാമൂഹിക-സാമ്പത്തികവ്യവസ്ഥിതികളെയും മതവിശ്വാസത്തിന്റെ ചട്ടക്കൂടിനെയും
രൂപാന്തരപ്പെടുത്തുവാന്‍ ഇടയാക്കിയ ഒരു മഹാവിപ്ലവം ആയിരുന്നു. 15-ാം നൂറ്റാണ്ടില്‍ ഉയര്‍ത്തപ്പെട്ട നവോത്ഥാനചിന്തകള്‍ ഇരുണ്ടകാലഘട്ടത്തെ
ആശയപരമായി ചോദ്യം ചെയ്തതിനേത്തുടര്‍ന്നുണ്ടായ നവീകരണചിന്തകളും പ്രവര്‍ത്തനങ്ങളും
വ്യവസ്ഥിതികളെ ഘടനാപരമായിക്കൂടി മാറ്റുവാന്‍ സഹായിച്ചു.
1517 ഒക്‌ടോബര്‍
31-ാം തീയതി മാര്‍ട്ടിന്‍ ലൂഥര്‍ റോമാസഭയുടെ വിശ്വാസത്തിന്റെ
അടിസ്ഥാനങ്ങളെ പരസ്യമായി ചോദ്യംചെയ്ത സംഭവമാണ് ഇരുണ്ടകാലഘട്ടത്തിന്റെ പതനത്തെയും
ആധുനികയുഗത്തിന്റെ പിറവിയെയും ത്വരിതപ്പെടുത്തിയത്. നിര്‍ഭാഗ്യവശാല്‍, ഇതിന്റെ 500-ാം വാര്‍ഷികം നാം സ്മരിക്കുന്നത്,
ഇരുണ്ടകാലഘട്ടത്തിലേക്കുള്ള ചരിത്രത്തിന്റെ മടങ്ങിപ്പോക്കിന്റെ
ആരവങ്ങള്‍ക്കിടയിലാണ്. ചരിത്രം നേരിടുന്ന ഈ പിന്നോട്ടടിയെക്കുറിച്ച് ഗൗരവമായി
ചിന്തിക്കുകയാണ് നമ്മുടെ ധര്‍മ്മം.
ഇരുണ്ട കാലഘട്ടം
അന്ന്
മാനവരാശി രക്തവും
വിയര്‍പ്പും ചൊരിഞ്ഞ് നടത്തിയ, നൂറ്റാണ്ടുകള്‍ ദീര്‍ഘിച്ച പോരാട്ടങ്ങളിലൂടെ കീഴ്‌പ്പെടുത്തിയ ഇരുണ്ട
കാലഘട്ടത്തിന്റെ രൂപം, ഭീകരത, കാരണങ്ങള്‍
എന്നിവയെക്കുറിച്ച് ഇന്നത്തെ ജനത അജ്ഞരാണ് എന്നതാണ് ഒരു വലിയ വിപത്ത്. ഇരുണ്ട
കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഇന്ന് പലരും
ശ്രമിക്കുന്നതിന്റെ കാരണമിതാണ്. സമസ്തമേഖലകളിലെയും വ്യവസ്ഥിതികളും ചിന്താരീതിയും
പള്ളിമേധാവിത്വത്തിനു കീഴിലായതാണ് 5 മുതല്‍ 16 വരെയുള്ള നൂറ്റാണ്ടുകളെ അന്ധകാരയുഗമാക്കിത്തീര്‍ത്തത്.
അന്നത്തെ ഫ്യൂഡല്‍
വ്യവസ്ഥയില്‍ ഏറ്റവും വലിയ ജന്മി പള്ളിയായിരുന്നു. അതിനാല്‍, കുടിയാനവന്മാരായ കൃഷിക്കാര്‍
പള്ളിയുടെയും പാതിരിയുടെയും ബന്ധനസ്ഥര്‍ ആയിരുന്നു. പോപ്പിനു കപ്പം കൊടുക്കുന്ന
രാജാക്കന്മാര്‍ക്കുംമുകളിലുള്ള അധീശശക്തി പോപ്പ് ആയിരുന്നു. പോപ്പിന്റെ
നിയന്ത്രണത്തിലുള്ള മതകോടതിക്ക്, രാജാക്കന്മാരുടെ മുകളിലൂടെ,
എല്ലാ രാജ്യങ്ങളിലുമുള്ള ജനങ്ങളെ വിചാരണചെയ്ത് വധശിക്ഷ
നടപ്പാക്കുവാന്‍ അധികാരമുണ്ടായിരുന്നു. രാജാക്കന്മാരെ വരുതിയില്‍ നിര്‍ത്തുവാനുള്ള
സൈനികശേഷി പോപ്പിനുണ്ടായിരുന്നു. രാജാക്കന്മാരെക്കാള്‍ വിപുലമായ
സാമ്പത്തികസ്രോതസ്സും പോപ്പിനുണ്ടായിരുന്നു. ഭൂമിയുടെ പാട്ടം, ജനങ്ങളുടെ വരുമാനത്തിന്റെ ദശാംശം, കൂദാശകള്‍ക്കുള്ള
ഫീസ്, നേര്‍ച്ച-കാഴ്ചകള്‍ എന്നിവ പള്ളിയുടെ സ്ഥിരം
വരുമാനങ്ങളായിരുന്നു. ഇവയ്ക്കുപുറമേ, രാജാക്കന്മാര്‍ക്കെതിരെ
പോപ്പ് നിരന്തരം നടത്തിക്കൊണ്ടിരുന്ന യുദ്ധങ്ങളുടെയും കൂറ്റന്‍ ദേവാലയങ്ങളുടെ
പണിയുടെയും ചെലവിലേക്ക് നിര്‍ബ്ബന്ധപ്പിരിവുകളും
ജനങ്ങള്‍ നല്‍കേണ്ടിയിരുന്നു. ഇതിനെല്ലാം പുറമെയാണ് ജനങ്ങളെ പ്രലോഭിപ്പിച്ചു
നടത്തുന്ന പാപമോചനചീട്ടുവില്പനയിലൂടെ സമാഹരിച്ചുപോന്ന വരുമാനം. ബിഷപ്പുമാര്‍ ഓരോ
പ്രദേശത്തെ കളക് ടര്‍മാരായും സേനാനായകന്മാരായും പ്രവര്‍ത്തിച്ച്, രാജാക്കന്മാരുടെമേലുള്ള പോപ്പിന്റെ അധികാരത്തെ ഉറപ്പിച്ചുപോന്നു.
ഇങ്ങനെയൊക്കെയാണ്, യൂറോപ്പിലെ സാമൂഹിക-രാഷ്ട്രീയവ്യവസ്ഥിതി
പോപ്പ് തന്റെ കാല്‍ക്കീഴില്‍ അമര്‍ത്തിയത്.
ജനങ്ങളുടെ
മനസ്സിനെയും ബോധമണ്ഡലത്തെയും കീഴ്‌പ്പെടുത്തിക്കൊണ്ടായിരുന്നു ഈ വ്യവസ്ഥിതി
ഭദ്രമാക്കിയത്. അന്ധവിശ്വാസമായിരുന്നു ഇതിനു പള്ളി ഉപയോഗിച്ച ഉപകരണം. അന്ധവിശ്വാസം
അടിച്ചുറപ്പിക്കുവാന്‍വേണ്ടി ജനങ്ങള്‍ അക്ഷരാഭ്യാസം നേടുന്നതും വേദപുസ്തകം വായിക്കുന്നതും
ശിക്ഷാര്‍ഹമായ കുറ്റങ്ങളാക്കി. അക്ഷരാഭ്യാസം പുരോഹിതന്മാരുടെമാത്രം അവകാശമായി
നിലനിര്‍ത്തി. പുരോഹിതന്മാരെ അനുസരിക്കാത്തത് ദൈവനിഷേധമാണെന്നും വിശ്വസിപ്പിച്ചു.
ഇരുണ്ടകാലഘട്ടത്തില്‍ ഇന്ത്യയിലും ഇതായിരുന്നു സ്ഥിതി. എന്നാല്‍, നവോത്ഥാനത്തിനു പുറകെ നവീകരണത്തിന്റെ
കാറ്റ് ആഞ്ഞടിച്ചതിന്റെ ഫലമായി, 16-ാം നൂറ്റാണ്ടില്‍
പള്ളിമേധാവിത്വവും അതിനുകീഴില്‍ രൂപപ്പെട്ട സമസ്ത വ്യവസ്ഥകളും തകര്‍ച്ചയ്ക്കു
വിധേയമായി. ഇരുണ്ടയുദ്ധം അസ്തമിച്ച് ആധുനികയുഗം പിറക്കുകയും പോപ്പിന്റെ
നിയന്ത്രണമില്ലാത്ത സ്വതന്ത്രദേശരാഷ്ട്രങ്ങള്‍ രൂപപ്പെടുകയുംചെയ്തു. അതോടൊപ്പം,
സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം
എന്നീ ആശയങ്ങളും ശക്തമായി. അങ്ങനെയാണ് വിശ്വാസം, മതങ്ങളുടെ
ഘടന, സാമൂഹിക-രാഷ്ട്രീയവ്യവസ്ഥകള്‍,
ചിന്താരീതി, ദര്‍ശനം എന്നിവയെ നവീകരണം അടിസ്ഥാനപരമായി
രൂപാന്തരപ്പെടുത്തിയത്.
നവോത്ഥാനവും
നവീകരണവും ആധുനികയുഗം രൂപപ്പെടുവാന്‍ സഹായകമായി. വിശ്വാസത്തിന്റെയും ദര്‍ശനത്തിന്റെയും
തലങ്ങളിലാണ് പ്രധാനമായും മാറ്റം സൃഷ്ടിച്ചത്. ഇതിനനുസരണമായി, ഭൗതികബന്ധങ്ങളിലും ഘടനകളിലുംകൂടെ
മാറ്റമുണ്ടായതോടുകൂടിയാണ് പരിവര്‍ത്തനം യാഥാര്‍ത്ഥ്യമായത്. കമ്പോളം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ വികാസമാണ്
ഇതിനെ സഹായിച്ചതെന്നാണ് പൊതുവെ പറയാറുള്ളത്. ഈ വ്യാഖ്യാനത്തിലൂടെ, അതിനുമുമ്പേ അതിനെ സഹായിച്ചത് കര്‍ഷകകലാപങ്ങളും വ്യവസായത്തൊഴിലാളികളുടെ
സമരങ്ങളും ആണ് എന്ന വസ്തുത തമസ്‌കരിപ്പെടുകയാണ്. വിശിഷ്യാ, നവീകരണവും
കര്‍ഷകകലാപങ്ങളും പരസ്പരം പിന്തുണച്ച വസ്തുത വിസ്മരിക്കപ്പെടുന്നു. ജര്‍മ്മനിയില്‍
നവീകരണപ്രസ്ഥാനം ശക്തമായതോടെ 1522 മുതല്‍ 1526 വരെ അതിരൂക്ഷമായ കര്‍ഷകകലാപവും ഉണ്ടായി. ഇതിനു നേതൃത്വംനല്‍കിയത്
ലൂഥറിന്റെ അനുയായിയായ തോമസ് മ്യാണ്‍സര്‍ എന്ന പുരോഹിതനായിരുന്നു. മൂന്നു
ലക്ഷത്തോളംപേര്‍ കൊലചെയ്യപ്പെട്ട ഈ കലാപത്തില്‍ തോമസ് മ്യാണ്‍സറും കൊല്ലപ്പെട്ടു.
ജര്‍മ്മനിയില്‍ കര്‍ഷകരുടെയിടയില്‍ ശക്തിപ്രാപിച്ച പള്ളിയോടുള്ള അമര്‍ഷം, നവീകരണപ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെയും, നവീകരണനായകന്മാരുടെ
ദൈവവചനവ്യാഖ്യാനങ്ങളും പ്രസംഗങ്ങളും കര്‍ഷകലാപത്തെയും പരസ്പരം സഹായിച്ചു.
ലൂഥറിന്റെ ആദ്യകാല പ്രഖ്യാപനങ്ങള്‍ ഈ സമരങ്ങളെ പിന്‍തുണച്ചു. എന്നാല്‍, രക്തച്ചൊരിച്ചില്‍ വര്‍ദ്ധിച്ചപ്പോള്‍ അദ്ദേഹം കലാപത്തെ എതിര്‍ത്തു.
ലൂഥറിന്റെ സമീപനത്തിലുണ്ടായ ഈ മാറ്റം അദ്ദേഹത്തിനെതിരെ ഒരു വിമര്‍ശനമായി നിലനില്‍ക്കുന്നു.
ഇരുണ്ടയുഗത്തിലേക്കുള്ള
തിരിച്ചുപോക്ക്
നവീകരണത്തിന്റെ 500-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ലോകത്തെങ്ങും ഇരുണ്ട യുഗത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ ലക്ഷണങ്ങളാണ്
കാണുന്നത്. അന്ധവിശ്വാസത്തെയും മതകേന്ദ്രീകൃത ജീവിതത്തെയും പ്രോത്സാഹിപ്പിച്ച്,
മതമേധാവിത്വം പുനഃസ്ഥാപിക്കുവാനുള്ള ശ്രമം ഇന്ന് എവിടെയും ശക്തമാണ്.
ഇസ്ലാമിക തീവ്രവാദികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും, അമേരിക്കയില്‍
ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടുവാന്‍ അവിടുത്തെ സതേണ്‍
ബാപ്റ്റിസ്റ്റ്-ഇവാഞ്ചലിക്കല്‍ സഭാംഗങ്ങള്‍ നല്‍കിയ പിന്തുണയും, ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും മതാധിഷ്ഠിത രാഷ്ട്രീയപാര്‍ട്ടികള്‍
മേല്‍ക്കൈനേടുന്ന സാഹചര്യവും, അടുത്ത കാലത്തു
പ്രഖ്യാപിക്കപ്പെട്ട സയോണിസ്റ്റ് ഹിന്ദുത്വകൂട്ടുകെട്ടുമെല്ലാം ഈ
മാറ്റത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ശാസ്ത്രവും
യുക്തിബോധവും മാനവികതയും കൈവരിച്ച മുന്നേറ്റത്തിന് ന്യായീകരിക്കാന്‍ കഴിയാത്ത
വിധത്തില്‍,
അന്ധവിശ്വാസത്തിന്റെയും മതാചാരങ്ങളുടെയും സ്വാധീനം ഇന്നു തിരിച്ചുവരികയാണ്.
അന്ധവിശ്വാസങ്ങളെയും മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളെയും ഉപേക്ഷിച്ച്, മാനവികതയിലൂന്നിയ മതേതരദര്‍ശനം ഉയര്‍ത്തുവാനാണ് യേശു ആഹ്വാനം ചെയ്തത്.
എന്നാല്‍, ഇതിനു കുറച്ചെങ്കിലും ശ്രമിച്ചിരുന്ന നവീകരണസഭകള്‍പോലും
ഇന്ന് പഴയ റോമാസഭയുടെ വിശ്വാസങ്ങളെയും ഘടനകളെയും തിരികെ കൊണ്ടുവരുവാനാണ്
ശ്രമിക്കുന്നത്. നവീകരണസഭകളെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ഫ്രാന്‍സീസ് മാര്‍പാപ്പാ
ഇന്ന് നവീകരണത്തിന്റെ ശക്തനായ പ്രയോക്താവും പ്രവാചകനും ആയി മാറി. എന്നാല്‍ അതിന്റെ
സ്വാധീനം സഭകളില്‍ ഉണ്ടാകുന്നതിന്റെ ലക്ഷണം കാണുന്നില്ല.
വിശ്വാസത്തിന്റെ
മേഖലകളില്‍ മതങ്ങളില്‍ കാണുന്ന തിരിച്ചുപോക്കാണ് സമസ്തമേഖലകളിലും ഇന്നു കാണുന്ന
ജീര്‍ണ്ണതയുടെ മുഖ്യകാരണം എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. ലൂഥര്‍ പ്രഖ്യാപിച്ച
95 പ്രമാണങ്ങളില്‍ 4 എണ്ണമാണ് നവീകരണവിശ്വാസത്തിന്റെ കാതലായി കാണക്കാക്കപ്പെടുന്നത്. എന്നാല്‍, അവയെ നവീകരണസഭകള്‍പോലും ഇന്ന് തള്ളിക്കളഞ്ഞിരിക്കുകയാണ്.
1. ദൈവമുന്‍പാകെ,
പുരോഹിതനും അല്മായനും തുല്യരാണെന്ന നവീകരണവിശ്വാസം
ഉപേക്ഷിച്ചുകൊണ്ട്, പെന്തക്കോസ്തുസഭകളില്‍പ്പോലും ഇന്ന്
പൗരോഹിത്യമേധാവിത്വം ശക്തമായിരിക്കുകയാണ്.
2. പാപമോചനം
ദൈവത്തിന്റെ കൃപമൂലം ലഭിക്കുന്നതാണെന്ന നവീകരണവിശ്വാസം നിരാകരിച്ചുകൊണ്ട്, പുരോഹിതന്റെയും പണത്തിന്റെയും ഇടനിലയില്ലാതെ പാപക്ഷമയും ദൈവാനുഗ്രഹവും
ലഭിക്കുകയില്ല എന്ന വിശ്വാസം നവീകരണസഭകളില്‍ ഇന്നു ശക്തമാണ്.
3. സഭാകമ്മിറ്റികളും
പുരോഹിതന്മാരും ദൈവവചനാനുസൃതമല്ലാതെ നല്‍കുന്ന കല്പനകള്‍ അനുസരിക്കുവാന്‍ ഒരു
ക്രിസ്ത്യാനി ബാദ്ധ്യസ്ഥനല്ല എന്ന നവീകരണവിശ്വാസവും ഇന്ന്
അപ്രത്യക്ഷമായിരിക്കുന്നു. ദൈവേഷ്ടത്തിനു വിരുദ്ധമായ ഇടയലേഖനങ്ങള്‍ ഇന്ന്
നവീകരണസഭകളും ഇറക്കുന്നു.
4. പണസമ്പാദനത്തിനുവേണ്ടി
റോമാസഭ നിഷ്‌കര്‍ഷിച്ച കൂദാശകളുടെ എണ്ണം ലൂഥര്‍ 7-ല്‍നിന്നു 2 ആയി കുറവുചെയ്തു. എന്നാല്‍, നവീകരണസഭകളില്‍ ഇന്നു
കൂദാശയ്ക്കു സമാനമായി, പണം നല്‍കി നടത്തേണ്ട
അനുഷ്ഠാനങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും എണ്ണം ഒരു ഡസനിലധികമാണ്.
വസ്തുവകകളും
സ്ഥാപനങ്ങളും പെരുപ്പിച്ചുകൊണ്ട് മതങ്ങള്‍ ഇന്ന് വലിയ സാമ്പത്തികശക്തികളായി
മുന്നേറുകയാണ്. ലോകത്തെവിടെയും ഇന്ന് ഏറ്റവും വലിയ തൊഴില്‍ദാതാവും മതങ്ങളാണ്.
ഇതിന്റെയെല്ലാം പിന്‍ബലത്തോടുകൂടി മതങ്ങള്‍ രാഷ്ട്രീയസ്വാധീനവും വര്‍ദ്ധിപ്പിക്കുന്നു.
ഈ സ്വാധീനങ്ങളുപയോഗിച്ച് മതങ്ങള്‍ തൊഴിലാളികളെ രൂക്ഷമായി ചൂഷണംചെയ്യുന്നു. ഇത്തരം
ഒരു വ്യവസ്ഥിതിയില്‍ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ജീവിക്കുവാനുള്ള അവകാശം
നിഷേധിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്നു. ഇതെല്ലാം, പള്ളിമേധാവിത്വത്തിനുകീഴില്‍
നവീകരണത്തിനുമുന്‍പ് നിലനിന്ന ഇരുണ്ടകാലഘട്ടത്തിന്റെ തിരിച്ചുവരവിന്റെ ലക്ഷണങ്ങളാണ്.
രണ്ടാംനവീകരണത്തിന്റെ
അനിവാര്യത
മുകളില്‍ പരാമര്‍ശിച്ച
സാഹചര്യം, ഒരു
രണ്ടാംനവീകരണത്തിന്റെ അനിവാര്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകുവാനിടയില്ല.
എന്നാല്‍, ഇന്നത്തെ അന്ധകാരശക്തികളെ കീഴ്‌പ്പെടുത്തുവാന്‍
മതങ്ങള്‍ക്കുള്ളിലൂടെ ഉണ്ടാകാവുന്ന നവീകരണത്തിനു കഴിയുമോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാം.
മതങ്ങളുടെ ഉള്ളില്‍നിന്ന് ശക്തമായ നവീകരണം ഉണ്ടാകുവാനുള്ള സാദ്ധ്യത ഇന്നുണ്ടോ എന്ന
സംശയവും ഉണ്ടാകാം. മാനവികതയില്‍ അടിസ്ഥാനപ്പെട്ടുള്ള ഒരു മാറ്റത്തിലൂടെമാത്രമേ
അടിസ്ഥാനമനുഷ്യാവകാശങ്ങളും സനാതനമൂല്യങ്ങളും സംരക്ഷിക്കപ്പെടുകയുള്ളൂ.
അതിനുവേണ്ടത് മതേതര നവീകരണമാണ്. എന്നാല്‍, മതങ്ങളുടെ ഉള്ളില്‍
നിന്നുള്ള നവീകരണശ്രമങ്ങള്‍ക്ക് മതേതര നവീകരണത്തിന് ശക്തി പകരുവാന്‍ കഴിയും എന്ന
വസ്തുതയും വിസ്മരിക്കുവാന്‍ കഴിയുകയില്ല. അതിനാല്‍,
മതനവീകരണത്തിന്റെ പഞ്ചശതാബ്ദിക്കു സാക്ഷികളാകുന്ന നമ്മുടെ ധര്‍മ്മം മതങ്ങളിലും
മതങ്ങള്‍ക്കു പുറത്തും നവീകരണപ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുവാന്‍ ശ്രമിക്കുക
എന്നതാണ്.
No comments:
Post a Comment