Translate

Saturday, October 14, 2017

കുടുംബയോഗക്കുരിശ് വിശ്വാസികളുടെ ചുമലില്നിന്ന് ഇറക്കിയപ്പോള്‍ പകരം അഖണ്ഡജപമാലക്കുരിശെന്ന്

പി.സി റോക്കി മൊ: 9961217493



കത്തോലിക്കാ വിശ്വാസികളുടെ വീടുകളില്‍ മാസത്തിലൊരിക്കല്‍ വീടുകള്‍ മാറിമാറി കുടുംബയോഗം കൂടുന്നതിന് വരുന്ന ചിലവിനെപ്പറ്റി വന്‍ പരാതികള്‍ കേരളത്തിലങ്ങോളമിങ്ങോളം ഉയരുകയുണ്ടായി. അതോടെ ഇനി മുതല്‍ ഒരു കടുംകാപ്പിയും രണ്ടു ബിസ്‌ക്കറ്റും മാത്രം ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് പള്ളി വികാരിമാര്‍ വിശ്വാസികളെ അറിയിച്ചിരുന്നു. എന്നാല്‍ ചില കുടുംബങ്ങളില്‍ നെയ്യപ്പം, പപ്‌സ്, കേക്ക് ഇവയൊക്കെ ഇപ്പോഴും നല്‍കുന്നുണ്ടെന്ന് അറിയുന്നു. മേലില്‍ തിരുനാളാഘോഷങ്ങള്‍ മറ്റ് മതപരമായ ആഘോഷങ്ങള്‍ ഇവയ്‌ക്കെല്ലാം വെടിക്കെട്ട് വേണ്ടെന്നും അവ പരിസര മലിനീകരണത്തിനും ശബ്ദമലിനീകരണത്തിനും പരിസ്ഥിതിക്കും ദോഷമാണെന്നും അറിയിച്ചിരുന്നു. ഇതൊരു വെറുംവെടി മാത്രമാണെന്ന് ഒരു സരസന്‍ പറഞ്ഞു കേള്‍ക്കാനിടയായി.
          പരിശുദ്ധ കന്യാസ്ത്രീ മാതാവിന്റെ ഒക്‌ടോബര്‍ മാസത്തിലെ ജപമാല തിരുനാള്‍ തുടങ്ങിയതോടെ വെടിക്കെട്ടിന്റെ പൂരമായിരുന്നു. മാതാവിനെ എഴുന്നള്ളിച്ചു വയ്ക്കുന്ന വീടുകളില്‍ രൂപം എത്തിക്കുന്നതോടെയും പിന്നീട് അവിടെ നിന്ന് വേറൊരു വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴും മുന്നൂറോളം രൂപയുടെ പടക്കവും നാലും അഞ്ചും ശക്തികൂടിയ ഗുണ്ടും പൊട്ടിച്ചാണ് ആഘോഷം നടത്തിയിരുന്നത്. അതായിരിക്കണം മുമ്പ് ആ സരസന്‍ ഇതൊരു വെടി മാത്രമാണെന്ന് പ്രസംഗത്തെപ്പറ്റി പറയാനിടയായത്.
          ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് ഇടവകയില്‍ പരിശുദ്ധ മാതാവിന്റെ അഖണ്ഡനാമ ജപമാല ഒക്‌ടോബര്‍ 4 മുതല്‍ 23 വരെ നടക്കുമെന്ന് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. പത്തു ദിവസം വീടുകളിലും 13-ാം ദിവസം പള്ളിയിലുമാണത്രേ ജപമാല ആഘോഷ തിരുനാള്‍. ചേരാനല്ലൂര്‍ പള്ളിക്ക് രണ്ടോ മൂന്നോ വര്‍ഷം മുമ്പ് ഒരു പ്രവാസി 27 കുടുംബയൂണിറ്റുകള്‍ക്കു വേണ്ടി 27 മാതാവിന്റെ രൂപം ദാനമായി വാങ്ങി നല്‍കുകയുണ്ടായി. ആ മാതാവിനെയാണ് വര്‍ഷങ്ങളായി എഴുന്നള്ളിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം വേറൊരു പ്രവാസി 27 ഔസേപ്പു പിതാവിന്റെ രൂപം നല്‍കുമെന്ന് അവിടവിടെ പറഞ്ഞുകേട്ടു.    
          മാതാവിനെ ആരാധനയ്‌ക്കെത്തിക്കുന്ന വീട്ടില്‍ 300 രൂപയുടെ ഓലപ്പടക്കവും ഗുണ്ടും വാങ്ങി പൊട്ടിക്കേണ്ടിയിരിക്കുന്നു. പടക്കവും ഗുണ്ടും അതായത് വെടിക്കെട്ട് വേണ്ടെന്ന് വികാരി പറഞ്ഞതിനെ അപ്പാടെ ധിക്കരിക്കാനല്ലെങ്കില്‍ എന്തിന് പടക്കവും ഗുണ്ടും പൊട്ടിക്കണം. ചങ്കൂറ്റമുള്ള വിശ്വാസികള്‍ ഇങ്ങനെയാണ്. മാതാവിരിക്കുന്ന വീടുകളില്‍നിന്നു ദുഷ്ടപിശാചുകളെ ഓടിക്കാനാണ് വെടിക്കെട്ട് നടത്തുന്നെതന്ന് പറഞ്ഞ് പലരും ജംഗ്ഷനുകളിലിരുന്ന് ചിരിക്കുന്നത് കേട്ടു. ഇല്യൂമിനേഷന്‍ ലൈറ്റ് വില്‍പ്പനക്കാരനും, പടക്കം വില്‍പ്പനക്കാരനും, കാപ്പിപ്പൊടി വില്‍പ്പനക്കാരനും, ഗ്ലാസു വില്‍പ്പനക്കാരനും, മൈക്കുകാരനും, ഡി.ടി.പിക്കാരനും, പ്രസുകാരനും സാമ്പത്തിക പ്രതിസന്ധി മൂലം വിഷമിക്കുമ്പോള്‍ അവര്‍ക്ക് ഇതൊരനുഗ്രഹമാകും എന്നു പറയുന്നതും കേള്‍ക്കാനിടയായി.
          അഖണ്ഡനാമ ജപം എന്ന പേരില്‍ ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ നടത്തുന്ന പ്രാര്‍ത്ഥനയുടെ തനി ആവര്‍ത്തനമാണ് അഖണ്ഡജപമാല എന്നും പലരും അഭിപ്രായപ്പെടുന്നതു കേട്ടു. അഖണ്ഡനാമ ജപമാല എന്നതിന്റെ നിര്‍വ്വചനം - ഇടതടവില്ലാതെ, മുറിയാതെ, അക്ഷരങ്ങള്‍ വിടാതെ നാമം ചൊല്ലുതിനാണ് അഖണ്ഡ നാമ ജപം എന്നു പറയുതെന്ന് - ഇതില്‍ പങ്കെടുക്കുന്ന എത്ര വിശ്വാസികള്‍ക്കറിയാം. കാലടിക്കടുത്ത ഒരു ഗ്രാമത്തിലെ ജപമാല തിരുനാളിന് 201 പൊന്‍വെള്ളി കുരിശ്, 1001 വര്‍ണ്ണക്കുടകള്‍ ഇവ നിരത്തി ചരിത്ര പ്രസിദ്ധമായ ആഘോഷമാണ് നടത്തപ്പെടുന്നതത്രേ. ഇപ്പോള്‍ ഏതു കുഗ്രാമത്തിലെ പെരുന്നാളായാലും ചരിത്ര പ്രസിദ്ധമെന്ന വിശേഷണത്തോടെയാണ് പരസ്യപ്പെടുത്തുത്.  വര്‍ണശബളമായ പെരുന്നാള്‍ നോട്ടീസ് പരസ്യങ്ങള്‍ക്ക് ആയിരങ്ങളാണ് ചിലവു വരുന്നത്.
          ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ലോകാ, സമസ്‌തോ, സുഖിനോ, ഭവന്തു എന്നാണ് ജപിക്കുന്നത്. അതായത് ലോക ജനതയ്ക്കാകെ സുഖവും സമാധാനവും ഉണ്ടാകെട്ട എന്നാണ് അവരുടെ പ്രാര്‍ത്ഥന. നമ്മളോ? ഇന്ത്യയാകെ സാമ്പത്തിക ഞെരുക്കം മൂലം  ബുദ്ധിമുട്ടുമ്പോള്‍ ധാരാളം ആഘോഷങ്ങള്‍ ഇത്തരത്തില്‍ നടത്തുന്നത് നാം ചുരുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കെ.സി.ബി.സിയും മതത്തിന്റെ തലപ്പത്തിലിരിക്കുന്നവരും ഇതൊന്നു ശ്രദ്ധിക്കുമോ?

No comments:

Post a Comment