ജോസഫ് പടന്നമാക്കൽ
2014ൽ ഫ്രാൻസിസ് മാർപ്പാപ്പ അൽബേനിയായിലെ 'ടിറാൻ' സന്ദർശിച്ചപ്പോൾ പുതിയതായി കർദ്ദിനാളായി തിരഞ്ഞെടുത്ത ഏണസ്റ്റ് സിമോണി (Ernest Simoni) അനുഭവിച്ച കൊടും യാതനകളുടെ കഥകൾ അന്നൊരു സമ്മേളനത്തിൽ വെച്ച് കേട്ടിരുന്നു. കമ്മ്യുണിസ്റ്റ് സ്റ്റാലിനിസ്റ്റ് പ്രത്യായ ശാസ്ത്രത്തിൽ വിശ്വസിച്ചിരുന്ന ഭരണകൂടത്തിന്റ കൊടും ക്രൂരതകൾ അനുഭവിച്ച ഒരു അൽബേനിയൻ പുരോഹിതന്റെ ഹൃദയസ്പർശിയായ വാക്കുകൾ ഫ്രാൻസിസ് മാർപ്പാപ്പയുടെ കണ്ണുകളെ ഈറനാക്കിയിരുന്നു. യാതനകളിൽക്കൂടിയാണ് ഇന്ന് വൃദ്ധനായ ആ അൽബേനിയൻ പുരോഹിതൻ തന്റെ ജീവിതം മുഴുവൻ തള്ളി നീക്കിയത്. പതിറ്റാണ്ടുകൾ അദ്ദേഹത്തെ തടവറകൾക്കുള്ളിൽ കമ്മ്യുണിസ്റ്റധികാരികൾ പീഡിപ്പിച്ചിരുന്നു. നീണ്ട പതിനെട്ടു വർഷം നിർബന്ധിത കഠിന ജോലി ചെയ്യേണ്ടി വന്നു. അന്നത്തെ അധികാര വർഗത്തിന്റെ പൈശാചിക മനുഷ്യവേട്ട ലോകമാകമാനമുള്ള ജനതകളെ ഞെട്ടിച്ചിരുന്നു. വത്തിക്കാൻ 2017 നവംബർ പത്തൊമ്പതാം തിയതി പതിനേഴ് കർദ്ദിനാൾമാരെ വാഴിക്കുന്നുണ്ട്. അവരിൽ മാർപ്പാപ്പയെ തിരഞ്ഞെടുക്കാൻ പതിമ്മൂന്ന് പേർക്കേ കഴിയുകയുള്ളൂ. കർദ്ദിനാളായി തീരുമാനിച്ച ഏണസ്റ്റ് സിമോണിയ്ക്ക് എൺപത് വയസ്സ് കഴിഞ്ഞതിനാൽ അദ്ദേഹത്തിന് മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്ന സമയം വോട്ടവകാശം ഉണ്ടായിരിക്കില്ല.
എൺപതു വയസിൽ കൂടുതൽ പ്രായമുള്ള നാലു പേരിൽ തിരഞ്ഞെടുത്ത കർദ്ദിനാൾ സിമോണിയ്ക്ക് ഒക്ടോബർ പതിനെട്ടാം തിയതി എൺപത്തിയെട്ടു വയസു തികഞ്ഞു. വത്തിക്കാൻ റേഡിയോ അദ്ദേഹത്തെ കർദ്ദിനാളായി വാഴ്ത്തുന്നുവെന്ന വാർത്ത അറിയിച്ചപ്പോൾ അത് ശ്രദ്ധിച്ചുകൊണ്ടിരുന്ന സിമോണിയെ സംബന്ധിച്ച് വിശ്വസിക്കാൻ സാധിക്കുമായിരുന്നില്ല. അദ്ദേഹം പറഞ്ഞു, 'പോപ്പിന്റെ വാക്കുകൾ വത്തിക്കാൻ റേഡിയോവിൽ കൂടി ശ്രവിച്ചപ്പോൾ എന്നെ സംബന്ധിച്ച് അത് വലിയൊരു വിസ്മയമായിരുന്നു. അങ്ങനെയൊന്ന് ജീവിതത്തിൽ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല.' 'ഒരു സാധുവായ മിഷിണറിക്ക് ഇങ്ങനെ അനുഗ്രഹം കിട്ടിയത് ദൈവത്തിന്റെ കൃപകൊണ്ടെന്നും' കർദ്ദിനാൾ വിശ്വസിക്കുന്നു. ലോകം മുഴുവൻ നന്മ പ്രദാനം ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അൽബേനിയായിലുള്ള ട്രോഷണി (Troshani, Albania) എന്ന പട്ടണത്തിൽ 1928 ഒക്ടോബർ ഇരുപത്തിയെട്ടാം തിയതി സിമോണി ജനിച്ചു. ഒരു ദരിദ്ര കുടുംബത്തിലാണ് വളർന്നത്. കുഞ്ഞായിരുന്നപ്പോൾ മുതൽ അദ്ദേഹത്തിന് പുരോഹിതനാകാനുള്ള മോഹമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ പിതാവ് സമീപത്തുള്ള പള്ളിയിൽ കൈക്കാരനായും പ്രാർത്ഥനയുമായും കുർബാനയിൽ പുരോഹിതരെ സഹായിച്ചും മുഴുവൻ ദിവസവും പള്ളി പ്രവർത്തനങ്ങളും കുട്ടികളെ വേദപാഠം പഠിപ്പിക്കലുമായി കഴിഞ്ഞിരുന്നു. പിതാവിന്റെ ദൈവിക ഭക്തിയും പള്ളി ഭക്തിയും കണ്ടു വളർന്ന ബാലനായ സിമോണിൽ ഒരു പുരോഹിതനാകാനുള്ള മോഹം ദൃഢമായിക്കൊണ്ടിരുന്നു. പത്താം വയസ്സിൽ ഫ്രാൻസിസ്‌ക്കൻ സെമിനാരി സ്‌കൂളിൽ വിദ്യാഭ്യാസവും അതിനുശേഷം മൈനർ സെമിനാരിയിൽ വൈദിക പഠനവും ആരംഭിച്ചു. റക്ഷ്യയുടെ ഏകാധിപതിയായിരുന്ന സ്റ്റാലിന്റെ അതേ നയം ഉൾക്കൊണ്ടിരുന്ന 'എൻവർ ഹോക്‌സാ' (Enver Hoxha) 1944-ൽ അധികാരം ഏൽക്കുന്നവരെ സിമോണി തന്റെ സെമിനാരി പഠനം തുടർന്നു. സഭയുടെ വക സെമിനാരികളും പള്ളികളും അടച്ചുപൂട്ടാൻ ഒരു നിയമം 'എൻവറെന്ന' ഈ ഏകാധിപതിയുടെ കാലത്ത് നടപ്പാക്കിയിരുന്നു. രാജ്യത്തുള്ള എല്ലാ മതങ്ങളും തുടച്ചു നീക്കാൻ ആജ്ഞാപനവും ഉണ്ടായിരുന്നു.
സെമിനാരി നിർത്തൽ ചെയ്യുന്നതുവരെ സിമോണി അതേ സെമിനാരിയിൽ തന്നെ പത്തുകൊല്ലം പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രൊഫസ്സർമാർ ഭൂരിഭാഗവും ജർമ്മൻകാരും ഓസ്ട്രിയാക്കാരുമായതുകൊണ്ട് അവരുടെ സംസ്‌കാരവുമായി ഒത്തുചേർന്നായിരുന്നു വളർന്നത്. 'സെമിനാരിയൻ' എന്ന നിലയിൽ അന്നുണ്ടായിരുന്ന ബിഷപ്പ് അദ്ദേഹത്തെ കമ്മ്യുണിസ്റ്റുകാർ എത്താത്ത ഒരു ഗ്രാമപ്രദേശത്ത് അയച്ചു. മതങ്ങൾ നിരോധിച്ചുകൊണ്ടുള്ള മിലിറ്ററി ഭരണത്തിന്റെ കർശന നിയമം മൂലം ഒളിവു സങ്കേതങ്ങളിൽ ഇരുന്നുകൊണ്ടു സൈമൺ വൈദിക പഠനം തുടർന്നു.സ്റ്റാലിൻ അക്കാലത്ത് പടിഞ്ഞാറൻ രാജ്യങ്ങളുമായി ശീതസമരം പ്രഖ്യാപിച്ച നാളുകളായിരുന്നു. സിമോണിയുടെ തത്ത്വശാസ്ത്ര പഠനശേഷം അദ്ദേഹത്തിന് നിർബന്ധിത മിലിറ്ററി സേവനത്തിന് പോവേണ്ടി വന്നു. മിലിറ്ററി സേവന ശേഷം അദ്ദേഹം രൂപതവക സെമിനാരിയിലെ ദൈവശാസ്ത്രം പഠിക്കാനാരംഭിച്ചു.
1956 ഏപ്രിൽ ഏഴാംതീയതി ഫാദർ സിമോണി പുരോഹിതനായി ആദ്യത്തെ കുർബാന അർപ്പിച്ചു. അദ്ദേഹത്തിൻറെ ആദ്യത്തെ പ്രേഷിത ജോലി ഷിക്കോഡെറോ (Shkoder൦)എന്ന സ്ഥലത്തായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു യുവാവായ പുരോഹിതനെ അറസ്റ്റ് ചെയ്ത ഒഴിവിലാണ് അദ്ദേഹത്തെ നിയമിച്ചത്. അവിടെ സേവനം ചെയ്തിരുന്ന കാലത്താണ് സിമോണി കമ്യുണിസ്റ്റുകാരുടെ നോട്ടപ്പുള്ളിയായത്. അൾത്താരയിൽ അദ്ദേഹത്തെ സഹായിക്കാൻ അനേകം ചെറിയ കുട്ടികളുമുണ്ടായിരുന്നു. അദ്ദേഹം കാർമ്മികനായി കുർബാന അർപ്പിക്കുന്ന സമയങ്ങളിൽ പള്ളി നിറയെ ജനവും സംബന്ധിച്ചിരുന്നു. നാസ്തികത്വത്തിൽ വിശ്വസിച്ചിരുന്ന രാജ്യം 1960 ആയപ്പോൾ ദൈവിക വിശ്വാസികൾക്കെതിരെ ശക്തമായ യുദ്ധവും പ്രഖ്യാപിച്ചിരുന്നു.
അക്കാലത്ത് ഫാദർ സിമോണിയോടു കമ്മ്യുണിസ്റ്റുകാർ ചോദിക്കുമായിരുന്നു, 'നിങ്ങൾക്ക് ജനങ്ങളെ ദൈവത്തിന്റെ അസ്തിത്വപ്പറ്റി കള്ളം പറഞ്ഞുകൊണ്ട് എത്രനാൾ ചതിക്കാൻ സാധിക്കും'? "സഭ രണ്ടായിരം കൊല്ലമായി ഉള്ളതാണ്; ആത്മാക്കളെ രക്ഷിക്കുക എന്നതാണ് സഭയുടെ ലക്ഷ്യം; നിങ്ങളുടെയും ആത്മാവിനെ രക്ഷിക്കാൻ സഭ നിലകൊള്ളുന്നുവെന്ന്" അദ്ദേഹം മറുപടി പറയുമായിരുന്നു. ഫാദർ സിമോണിയുടെ ഇത്തരമുള്ള വാദങ്ങൾ കമ്മ്യുണിസ്റ്റുകാരെ പ്രകോപിപ്പിക്കുകയും അദ്ദേഹം അവരുടെ പാർട്ടിക്ക് ഒരു ഭീക്ഷണിയാവുന്ന തോന്നലുകൾ ഉണ്ടാവുകയും ചെയ്തു. സർക്കാരിനെതിരെ പ്രസ്താവനകളിറക്കുന്നതിനു പ്രേരിപ്പിക്കാൻ കമ്മ്യുണിസ്റ്റുകാർ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കു പണം നൽകിയിരുന്നു. വരാൻ പോവുന്ന വിപത്തിലും അവരുടെ ചതിയിലും സിമോണി ബോധവാനായിരുന്നു.
1944-ൽ കമ്മ്യുണിസം അൽബേനിയായിൽ പ്രാബല്യത്തിൽ വരുകയും കത്തോലിക്കാ സഭയെ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യാനുള്ള പ്രയത്‌നങ്ങൾ ആരംഭിക്കുകയും ചെയ്തു. അല്ബേനിയായെ പൂർണ്ണമായും നിരീശ്വര വാദികളുടെ ആദ്യത്തെ രാജ്യമായി വിളംബരം ചെയ്തു. പുരോഹിതരെ നശിപ്പിക്കാതെ നിരീശ്വര വാദം വിജയിക്കാൻ സാധിക്കില്ലെന്നായിരുന്നു ഭരണാധികാരികൾ ചിന്തിച്ചിരുന്നത്. 1945-ലാണ് പുരോഹിതർക്കെതിരായുള്ള യുദ്ധം ആരംഭിച്ചത്. ഫ്രാൻസിസ്‌ക്കൻ പ്രൊഫസർമാരായ അനേകം പുരോഹിതരെ തോക്കുധാരികളായ പട്ടാളക്കാർ വെടിവെച്ചു കൊന്നു.
പതിനാലാം നൂറ്റാണ്ടുമുതൽ സഭയ്‌ക്കെതിരായ പീഡനം ഓട്ടോമൻ സാമ്രാജ്യമാണ് തുടങ്ങി വെച്ചത്. അതിക്രൂരമായ പീഡനങ്ങളും ആക്രമണങ്ങളും വഴിയാണ് അൽബേനിയായെ കീഴ്പ്പെടുത്തിയത്. അൽബേനിയായിൽ ഇന്ന് ഭൂരിഭാഗവും മുസ്ലിം ജനതയാണ്. എന്നാൽ മറ്റുള്ള ബാൽക്കിൻ രാജ്യങ്ങളിലെല്ലാം ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം. 1912-ൽ അൽബേനിയാ ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്നും വേറിട്ടു സ്വതന്ത്രമായ ശേഷം കത്തോലിക്കരുടെ എണ്ണം അവിടെ ഗണ്യമായി കുറഞ്ഞിരുന്നു. കത്തോലിക്കർ അൽബേനിയായുടെ മൊത്തം ജനസംഖ്യയുടെ ഇരുപതു ശതമാനം വരും. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫാസിസ്റ് ഇറ്റലി അൽബേനിയായെ കീഴ്പ്പെടുത്തി. ഇറ്റലിയുടെ ഭാഗമായി ചേർക്കുകയും ചെയ്തു. എന്നാൽ ഇറ്റലിക്ക് അധിക കാലം ആ രാജ്യം കൈവശം വെക്കുവാൻ സാധിച്ചില്ല.
സോവിയറ്റ് യൂണിയന്റെ ബാൽക്കൻസിലുള്ള നാസികൾക്കെതിരെയുള്ള തുടർച്ചയായ യുദ്ധ വിജയത്തിൽ അൽബേനിയൻ കമ്മ്യുണിസ്റ്റുകാർ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അൽബേനിയൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതാവായ 'എൻവർ ഹോക്സ' (Enver Hoxha) ഭരണാധികാരിയായി. രാജ്യത്തുള്ള പൗര സ്വാതന്ത്ര്യം ഇല്ലാതാക്കി. മതം രാജ്യത്തിന്റെ ശത്രുവായി പ്രഖ്യാപിച്ചു. അന്നുവരേയും മുസ്ലിമുകളും കത്തോലിക്കരും ഓർത്തോഡോക്സുകാരും സമാധാനപരമായി അവിടെ കഴിഞ്ഞിരുന്നു. ഹോക്സയുടെ ഭരണം 1944 മുതൽ അദ്ദേഹം മരിക്കുന്ന 1985 വരെ തുടർന്നിരുന്നു. അയാൾക്ക് ഏറ്റവും വിരോധം കത്തോലിക്കാ സഭയോടായിരുന്നു. വത്തിക്കാനെ ഒരു ഫാസിസ്റ്റായും കമ്മ്യുണിസ്റ്റ് വിരോധിയായും കണ്ടതായിരുന്നു കാരണം.
ചൈനായുടെ സാംസ്ക്കാരിക വിപ്ലവ വിജയത്തിനുശേഷം 'ഹോക്സേ', മാവോയുടെ ആശയങ്ങൾ പിന്തുടർന്നിരുന്നു. ഹോക്സേ അദ്ദേഹത്തിൻറെ രീതിയിൽ മറ്റൊരു സാംസ്ക്കാരിക വിപ്ലവം നടപ്പാക്കി. 1967-ൽ അൽബേനിയ ലോകത്തിലെ ആദ്യത്തെ നിരീശ്വര രാജ്യമായി പ്രഖ്യാപിച്ചു. പീഡനങ്ങൾ, കാരാഗ്രഹ വാസം, രാജ്യത്തിൽ നിന്ന് പുറത്താക്കൽ, വധശിക്ഷ എന്നിവകൾ കമ്മ്യുണിസ്റ്റ് അൽബേനിയായിൽ നിത്യ സംഭവങ്ങളായി മാറി. ആരെങ്കിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളെയോ ഭരണത്തിനെതിരെയോ വിമർശിച്ചാൽ മരണ ശിക്ഷവരെ നൽകിയിരുന്നു. കത്തോലിക്കാ വിശ്വാസം പുലർത്തുന്നവർക്ക് വത്തിക്കാനുമായി ബന്ധമില്ലാത്ത സ്റ്റേറ്റുവക പള്ളികൾ രാജ്യമെങ്ങും സ്ഥാപിച്ചു. പുരോഹിതർക്കും ബിഷപ്പുമാർക്കും കഠിന ശിക്ഷകൾ നൽകിയിരുന്നു. സർക്കാരിന്റെ മത സംവിധാനങ്ങളെ എതിർക്കുന്നവർക്കും ശിക്ഷകൾ കൊടുത്തിരുന്നു.
1963-ൽ ക്രിസ്തുമസ് ദിവസം ഫാദർ സിമോണിയെ അറസ്റ്റ് ചെയ്യാനുള്ള വാറൻറ് ലഭിച്ചു. ജോൺ എഫ് കെന്നഡിയുടെ ആത്മാവിനു വേണ്ടി അന്ന് പാതിരാ കുർബാന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പോലീസ് വന്ന് രാത്രിയിൽതന്നെ അദ്ദേഹത്തിൻറെ കൈകളിൽ ചങ്ങലയിട്ടു. സർക്കാരിനെതിരെ ഗുഡാലോചന നടത്തിയെന്നാരോപിച്ച് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി. തെളിവുകൾ കിട്ടുമെന്ന് മോഹിച്ചുകൊണ്ടു ജഡ്ജി അദ്ദേഹത്തോട് "താങ്കൾ ജനങ്ങളോട് ക്രിസ്തുവിനുവേണ്ടി മരിക്കാൻ തയ്യാറാകുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചു. "ശത്രുക്കളെ സ്നേഹിക്കാനും ക്ഷമിക്കാനുമാണ് യേശു പഠിപ്പിച്ചത്" എന്ന് ജഡ്ജി മുമ്പാകെ മറുപടി നൽകി.
പട്ടാളക്കോടതി അദ്ദേഹത്തെ വെടി വെച്ചുകൊല്ലാൻ ഉത്തരവും കൊടുത്തു. ക്രൂരമായി മർദ്ദിക്കുകയും മൂന്നു മാസം ഏകാന്ത തടവിലിടുകയും ചെയ്തു. പള്ളി ഉപേക്ഷിക്കാനുള്ള സമ്മർദത്തിന് വഴിപ്പെടാത്തതിനാൽ മനുഷ്യത്വ രഹിതമായ എല്ലാ മൃഗീയ പീഡനങ്ങൾക്കും ഇരയാകേണ്ടി വന്നു. അദ്ദേഹത്തെ സ്വതന്ത്രനാക്കിയെങ്കിലും വീണ്ടും അറസ്റ്റ് ചെയ്തു. പതിനെട്ടു വർഷം കൽക്കരി, ചെമ്പു ഖനികളിൽ കഠിന ജോലി ചെയ്യിപ്പിച്ചു. പിന്നീട് പത്തു വർഷം മലിന വസ്തുക്കൾ ഒഴുകുന്ന കനാലുകൾ വൃത്തിയാക്കുന്ന ജോലികളിൽ ചുമതലപ്പെടുത്തി.
ജയിലിൽ കിടക്കുമ്പോൾ മനഃപാഠമായി പഠിച്ച പ്രാർത്ഥനകളും ലത്തീൻ ഭാഷയിൽ രഹസ്യമായി കുർബാനയും ചൊല്ലുമായിരുന്നു. മറ്റുള്ള ജയിൽ അന്തേവാസികൾക്ക് കുർബാനയും കുമ്പാസാരവും നൽകിയിരുന്നു. അൽബേനിയായിൽ അന്ന് ഇരുന്നൂറിൽ താഴെ മാത്രമേ പുരോഹിതരുണ്ടായിരുന്നുള്ളൂ. എല്ലാവരെയും തന്നെ ഭരണകൂടത്തിന്റെ നയമനുസരിച്ച് ജയിലിൽ അടച്ചിരുന്നു. അനേകം പുരോഹിതരെയും മതത്തിൽ വിശ്വസിച്ചിരുന്ന മറ്റു മതങ്ങളിൽപ്പെട്ടവരായ അനേകായിരങ്ങളെയും കൊല്ലുകയും ചെയ്തു. ആയിരക്കണക്കിന് ആരാധാനാലയങ്ങൾ പിടിച്ചെടുത്തു. അവകളെല്ലാം പിന്നീട് സിനിമാക്കൊട്ടകളും ജിംനേഷ്യവും മീറ്റിംഗ് ഹാളുകളുമാക്കി മാറ്റിയെടുത്തു.
ജയിൽ ജീവിതകാലത്തെപ്പറ്റി അദ്ദേഹം വിവരിക്കുന്നുണ്ട്. 'ജയിലിന്റെ അവസ്ഥ ഭീകരവും മനസിനെ ആഘാതം ഏൽപ്പിക്കുന്നതുമായിരുന്നു. നീണ്ട മണിക്കൂറോളം ചെമ്പു ഖനികളിൽ ജോലി ചെയ്യണമായിരുന്നു. തണുപ്പ് അതി കഠിനമായിരുന്നതുകൊണ്ടു അതിനുള്ളിൽ അനേകർ മരിച്ചു വീണു. ചെമ്പു ഖനികളിൽ നിന്നും ലഭിക്കുന്ന ചെമ്പിന്റ മായം കലർന്ന ചുവപ്പുനിറമുള്ള വെള്ളം കുടിച്ചു ജീവിക്കേണ്ടി വന്നു. 1973-ൽ ജയിലിനുള്ളിൽ അന്തേവാസികളുടെ ഒരു വിപ്ലവം ഉണ്ടായി. ബഹളം അവസാനിച്ചു കഴിഞ്ഞപ്പോൾ ജയിൽ വീണ്ടും സുരക്ഷിതാ കാവൽക്കാരുടെ നിയന്ത്രണത്തിലായി. ഫാദർ സിമോണിയേയും ചോദ്യം ചെയ്തു. സിമോണിയുടെ സ്വാധീനം മൂലമാണ് വിപ്ലവം ഉണ്ടായതെന്നും കുറ്റാരോപണം ഉണ്ടായി. ഏതായാലും അദ്ദേഹത്തിൻറെ പേരിലുള്ള കുറ്റാരോപണം റദ്ദാക്കുകയും അടുത്ത എട്ടുവർഷംകൂടി ജയിൽ വാസം തുടരുകയും ചെയ്തു. വിശ്വാസികൾക്ക് രഹസ്യമായി ലാറ്റിൻ ഭാഷയിൽ കുർബാന അർപ്പിക്കുമായിരുന്നു. അദ്ദേഹത്തിൻറെ ഒരു സുഹൃത്ത് പുറമെനിന്ന് റൊട്ടിയും വീഞ്ഞും എത്തിക്കുമായിരുന്നു. അങ്ങനെ അവർക്ക് ആചാര പ്രകാരമുള്ള കുർബാന അർപ്പിക്കാൻ സാധിച്ചിരുന്നു.
1981-ൽ പതിനെട്ടു വർഷത്തെ ജയിൽ വാസത്തിനു ശേഷം ഫാദർ സിമോണി മോചിതനായി. അദ്ദേഹത്തോട് വിവാഹം കഴിക്കാൻ കമ്മ്യൂണിസ്റ്റുകാർ നിർബന്ധിച്ചു. അതിനായി അദ്ദേഹത്തിൻറെ മാതാപിതാക്കളെയും സ്വാധീനിച്ചിരുന്നു. പൗരാഹിത്യം ഉപേക്ഷിക്കാനും നിർദേശിച്ചു. വിവാഹം കഴിക്കുകയാണെങ്കിൽ വീണ്ടും ജയിലിൽ വിടുകയില്ലെന്ന് മാതാപിതാക്കൾക്ക് ഉറപ്പും കൊടുത്തിരുന്നു. അങ്ങനെ ഭയപ്പെടുത്തിയുള്ള പ്രലോഭനങ്ങളിൽ സിമോണി വീഴാൻ തയ്യാറായിരുന്നില്ല. അദ്ദേഹം പറയുമായിരുന്നു, "ഞാൻ ഒരു സുന്ദരിയെ വിവാഹം ചെയ്തു. ഞാൻ പ്രേമിച്ച എന്റെ വധു സഭയെന്ന മണവാട്ടിയായിരുന്നു." അധികാരികളുടെ കണ്ണിൽപ്പെടാതെ 1981 മുതൽ 1991 വരെ ഷകോഡർ (Shkoder) എന്ന സ്ഥലത്ത് അദ്ദേഹം കുർബാന അർപ്പിക്കുകയും കുമ്പസാരിപ്പിക്കുകയും ചെയ്യുമായിരുന്നു. 1990 ജൂലൈ 5 നു വീണ്ടും അദ്ദേഹത്തിന് സർക്കാരിൽ നിന്നും സമൻസ് വന്നു. ആരെങ്കിലും അദ്ദേഹം കുർബാന അർപ്പിക്കുന്ന വിവരം പറഞ്ഞു കാണുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ ആ സമൻസ് വിധിക്കാനായിരുന്നില്ല, സന്തോഷിക്കാനായിരുന്നു. പള്ളികൾ വീണ്ടും തുറക്കാൻ പോവുന്ന സദ് വാർത്തയായിരുന്നു ലഭിച്ചത്. കമ്മ്യുണിസ്റ്റ് ഭരണം അവസാനിച്ചുകൊണ്ട് മതേതര സർക്കാർ നിലവിൽ വന്നു. സഭയുമായി വീണ്ടും സർക്കാർ നല്ലൊരു ബന്ധം സ്ഥാപിക്കാൻ പോവുന്ന വിവരവും അറിയിച്ചു.
1991-ൽ നാസ്തികരായ കമ്മ്യുണിസ്റ്റുകാരുടെ ഭരണം താഴെ വീണപ്പോൾ ഫാദർ സിമോണി ഒരു മലയുടെ സമീപമായി മിഷിണറി ജോലിയും ആതുര സേവനവുമായി പൗരാഹിത്യ ചുമതലകളിൽ വീണ്ടും ഏർപ്പെട്ടു. മതപീഡനം ലോക രാജ്യങ്ങളിൽ ഏറ്റവുമധികം അനുഭവിച്ച ഒരു രാജ്യം അൽബേനിയാ ആയതുകൊണ്ടാണ് പോപ്പ് ഫ്രാൻസിസ് തന്റെ ആദ്യത്തെ യൂറോപ്പ്യൻ യാത്ര ആ രാജ്യത്തു നിശ്ചയിച്ചത്.
2016-ൽ മാർപാപ്പ പതിനേഴു പേരെ കർദ്ദിനാൾ സ്ഥാനത്തേയ്ക്ക് മഹത്വപ്പെടുത്തിയിരുന്നു. അവരിൽ 88 വയസുകാരനായ ഫാദർ സിമോണി ഒരിക്കലും ബിഷപ്പോ ആർച്ച് ബിഷപ്പോ ആയിരുന്നില്ല. പ്രായം കവിഞ്ഞുപോയ അദ്ദേഹത്തിന് പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുമ്പോൾ വോട്ടവകാശവും ഉണ്ടായിരിക്കില്ല. പിന്നെ എന്തുകൊണ്ട് മാർപാപ്പാ അദ്ദേഹത്തെ കർദ്ദിനാളായി തിരഞ്ഞെടുത്തു. അൽബേനിയൻ കത്തോലിക്കർ സഭയ്ക്ക് വേണ്ടി സഹിച്ചതിന്റെ അടയാളമായിട്ടാണ് മാർപ്പാപ്പ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്താനുള്ള തീരുമാനമെടുത്തത്. 2.7 മില്ല്യൻ കത്തോലിക്കരാണ് അൽബേനിയായിൽ ഉള്ളത്. കർദ്ദിനാൾമാരുടെ ചുവന്ന വേഷം സഭയ്ക്കു വേണ്ടി രക്തം ചൊരിഞ്ഞവരുടെ പ്രതീകമായി കണക്കാക്കുന്നു. വേഷവിധാനത്തിൽ അർത്ഥവത്തായ ചിന്തകളുണ്ടെങ്കിലും ആധുനിക ലോകത്ത് അവരുടെ വേഷം ഒരു ആഡംബരമായി കരുതുന്നു.
ഫാദർ സിമോണി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെങ്കിലും പൗരാഹിത്യം ഉപേക്ഷിക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. പതിനെട്ടു വർഷം കഠിന തടവിൽ പീഡിതനായി ജയിലിൽനിന്നും പുറത്തു വന്ന അദ്ദേഹത്തിന് വത്തിക്കാനിൽ മാർപ്പാപ്പ പ്രഖ്യാപിച്ച വാഴ്ത്തപ്പെട്ട അൽബേനിയൻ രക്തസാക്ഷികളിൽ പലരെയും വ്യക്തിപരമായി അറിയാമായിരുന്നു. അവരുടെ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കുന്ന സമയമെല്ലാം സിമോണി ജീവിക്കുന്ന രക്തസാക്ഷിയെപ്പോലെ മൂകമായി നോക്കി നിന്ന് അവിടെയുള്ള ദൃശ്യങ്ങളൊക്കെ കാണുമായിരുന്നു.
അൽബേനിയായിൽ കമ്യൂണിസ്റ്റ് പീഡനം അനുഭവിച്ച് മരണമടഞ്ഞ 38 പേരെ ഇതിനോടകം വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് അവർ മാതൃകയായിരിക്കണമെന്നാണ് സഭ നിഷ്ക്കർഷിക്കുന്നത്. അൽബേനിയായിലെ സഭയിലെ രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ടവരെന്ന ചടങ്ങ് 2016 നവംബർ അഞ്ചാം തിയതി നടത്തിയിരുന്നു. അന്ന് അൽബേനിയൻ ജനതയിൽ വാഴ്ത്തപ്പെട്ടവരിൽ രക്തസാക്ഷികളായ രണ്ടു ബിഷപ്പുമാരും 21 പുരോഹിതരും ഏഴു ഫ്രാൻസിസ്‌ക്കൻ അച്ചന്മാരും മൂന്നു ഈശോസഭക്കാരും ഒരു സെമിനാരിയനും നാലു അൽമേനികളുമുണ്ടായിരുന്നു. ഈ രക്തസാക്ഷികളെ മരണത്തിനു മുമ്പ് തല്ലുകയും ഉരുട്ടുകയും വൈദ്യുതി ഷോക്ക് കൊടുക്കുകയും വഴി മൃഗീയമായി പീഡിപ്പിച്ചിരുന്നു. പീഡനം നൽകിയിട്ടും അവർ വിശ്വസത്തിൽനിന്നും പിന്തിരിയാൻ തയ്യാറല്ലായിരുന്നു. രണ്ടു പുരോഹിതരെ കക്കൂസിലെ വെള്ളത്തിൽ തല മുഴുവൻ കീഴ്പ്പോട്ടായി ഇട്ട് വധിച്ചിരുന്നു. മറ്റൊരാളെ ജീവനോടെ കുഴിച്ചിട്ടു കൊന്നു. 22 വയസുള്ള മരിയാ തുചി (Maria Tuci) എന്ന യുവ കന്യാസ്ത്രി ഫ്രാൻസിസ്‌ക്കൻ സഹോദരിയായി സേവനം ചെയ്യവേ അവരെ നഗ്നയാക്കി ഒരു ചാക്കിനുള്ളിൽ കെട്ടിയിട്ടു. ആക്രമകാരിയായ ഒരു കാട്ടുപൂച്ചയും ചാക്കിനുള്ളിൽ അവരോടൊപ്പം കെട്ടിയിട്ടുണ്ടായിരുന്നു. കാട്ടുപൂച്ചയിൽനിന്നും അവർക്കു കിട്ടിയ ഗുരുതരമായ മുറിവു കാരണം പിന്നീട് അവർ മരിച്ചു പോയി.
2014-ൽ മാർപാപ്പാ സന്നിഹിതനായിരുന്ന ഒരു മീറ്റിംഗിൽ 86 വയസുള്ള ഫാദർ സിമോണി അന്ന് പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം പറയുന്ന ഓരോ വാക്കും ആ ദേവാലയത്തിലെ ശാന്തമായ അന്തരീക്ഷത്തിൽ നിശ്ശബ്ദതയോടെ ഓരോരുത്തരും കാതോർത്ത് കേൾക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞ സമയം ഫ്രാൻസീസ് മാർപ്പാപ്പയും കുനിഞ്ഞിരുന്ന് കരയുകയായിരുന്നു. പ്രസംഗം കഴിഞ്ഞു വൈദികൻ സാവധാനം മാർപ്പായുടെ സമീപത്ത് വന്നു. അതിനുമുമ്പ് തന്നെ മാർപ്പാപ്പാ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റിരുന്നു. വയോധികനായ ആ വൈദികൻ മാർപ്പാപ്പായുടെ മുമ്പിൽ മുട്ടുമ്മേൽ കമിഴ്ന്നു വീണു. കണ്ണുനീർ തുടച്ചുകൊണ്ട് മാർപാപ്പാ വൈദികനെ പിടിച്ചെഴുന്നേൽപ്പിച്ചു. ആശ്ലേഷിച്ചുകൊണ്ടു തലകൾ പരസ്പ്പരം ചേർത്തു പിടിച്ചു. അതിനുശേഷം മാർപ്പാപ്പാ ഫാദർ സിമോണിയുടെ തലയിൽ കൈകൾ വെച്ച് അനുഗ്രഹിച്ചു. ആ സമയമെല്ലാം മാർപ്പാപ്പായുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. സദസ് മുഴുവൻ ഹർഷാരവത്തോടെ കൈകളും അടിക്കുന്നുണ്ടായിരുന്നു.
മാർപ്പാപ്പാ പറഞ്ഞു, 'ഞാൻ സ്പർശിച്ച ഈ മനുഷ്യൻ സഭയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ്. കരുണയും ലാളിത്യവും എളിമയും കലർന്ന ഈ പുരോഹിതന്റെ തിരഞ്ഞെടുത്ത വഴികൾ കഠിനവും ദുർഘടം നിറഞ്ഞതുമായിരുന്നു. സഹനദാസനായിട്ടായിരുന്നു ക്രിസ്തുവിന്റെ ഈ രാജകുമാരൻ ജീവിച്ചിരുന്നത്. ഏതു നിമിഷവും ജീവനു വില പറഞ്ഞുകൊണ്ടിരുന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ മുമ്പിൽ വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ടിരുന്നു. വെടിയുണ്ടകൾ ചങ്കിൽ തുളച്ചു കയറുന്ന ദിനങ്ങളെയും മനസിനുള്ളിൽ ദർശിച്ചു. സഭയ്ക്കുവേണ്ടി സുധീരം പോരാടിയ ഈ വൈദികനെ സഭയുടെ രാജകുമാരനായി വാഴിച്ചുകൊണ്ടു അദ്ദേഹത്തിൻറെ തലയിൽ ഒരു ചുവന്ന തൊപ്പി അണിയിക്കുകയാണ്.' അൽബേനിയ മഹാന്മാരുടെയും രക്തസാക്ഷികളുടെയും നാടെന്നും മാർപ്പാപ്പ വിശേഷിപ്പിക്കുകയുണ്ടായി.
ഇന്ന് അൽബേനിയായിൽ ഏതു മതത്തിലും വിശ്വസിക്കാനുള്ള പൂർണ്ണമായ മത സ്വാതന്ത്ര്യമുണ്ട്. കത്തോലിക്കരും ഓർത്തോഡോസുകാരും മുസ്ലിമുകളും ഒരു പോലെ പീഡനം സഹിച്ചതുകൊണ്ടു പരസ്പ്പര ധാരണയും മത സഹിഷ്ണതയും സഹകരണവും രാജ്യം മുഴുവൻ നിഴലിച്ചിരിക്കുന്നത് കാണാം. യൂറോപ്പ് മുഴുവൻ കമ്മ്യൂണിസം താഴെ വീണു. മതേതരത്വം പുനഃസ്ഥാപിച്ചതുകൊണ്ടു മതങ്ങൾക്ക് ഇന്ന് അവിടെയെല്ലാം യഥേഷ്ടം പ്രവർത്തിക്കാം.
കർദ്ദിനാൾ സിമോണിയ്ക്കു പറയാനുള്ള സന്ദേശം 'നാം സത്യമെന്നു അനുശാസിക്കുന്നതിൽ ഉറച്ചു നിൽക്കുകയെന്ന'താണ്. ദൈവസ്നേഹത്തിന് അതിരില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഭൗതികതയെ മാത്രം സ്നേഹിച്ചാൽ ഈ ലോകം നമ്മെ ചതിക്കും. 'സത്യവും ജീവനുമായ ദൈവത്തിന്റെ വഴി മാത്രം തെരഞ്ഞെടുത്തു ജീവിക്കാനാണ്' അദ്ദേഹത്തിൻറെ യുവജനങ്ങളോടുള്ള ഉപദേശം. ഫാദർ സിമോണിയുടെ അഭിപ്രായത്തിൽ 'നിങ്ങൾ ഏതു മതത്തിൽ വിശ്വസിച്ചാലും അതിന്റെ നന്മയെ മാത്രം കാണുവാനാണ്'. 'ശത്രു തൂക്കുമരത്തിൽ കൊണ്ടുപോവുമ്പോഴും പകയും വിദ്വെഷവുമില്ലാത ശത്രുവിനോട് ക്ഷമിക്കണമെന്നും' അദ്ദേഹം ആവശ്യപ്പെടുന്നു. ഒന്നേകാൽ ബില്ല്യൻ വിശ്വാസികളുള്ള സഭയുടെ രാജകുമാരനായി ഫ്രാൻസീസ് മാർപ്പാപ്പാ അദ്ദേഹത്തെ വാഴിക്കുകയാണ്. ഫ്രാൻസീസ് മാർപ്പാപ്പ ചുംബിച്ച ജീവിക്കുന്ന രക്തസാക്ഷിയായും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
ഒരു ക്രിസ്തുമസ് രാത്രിയിൽ പാതിരാ കുർബാനയുടെ ഇടവേളയിൽ സഭയുടെ മഹാനായ ഇടയനെ അറസ്റ്റു ചെയ്ത ഈ ദേവാലയവും ദേവാലയം ഇരുന്ന സ്ഥലവും മർദ്ദിച്ചു ജോലി ചെയ്യിപ്പിച്ച ഖനികളും ജീവിച്ച ജയിലറകളും ഇനിമേൽ സംഭവബഹുലമായ കാലങ്ങളുടെ ചരിത്രമായിട്ടായിരിക്കും അറിയപ്പെടുന്നത്.
Enver Hoxha |
No comments:
Post a Comment