Translate

Monday, October 2, 2017

സെപ്റ്റംബറിലെ ചര്‍ച്ച - ഒരു പ്രതികരണം



സെബാസ്റ്റ്യന്‍ വട്ടമറ്റം - 9495897122

            കെ. സി. ആര്‍. എം.ന്റെ ലക്ഷ്യം കത്തോലിക്കാസഭയുടെ നവീകരണമാണല്ലോ. അതിന് ആദ്യം നടക്കേണ്ടത് സാധാരണവിശ്വാസികളെ പുരോഹിതന്മാരുടെ തടവറയില്‍ നിന്നു മോചിപ്പിക്കുകയാണ്. അതിനു കഴിയണമെങ്കില്‍ ആ തടവറയുടെ നിജസ്ഥിതി മനസ്സിലാക്കണം.

            വിശ്വാസികളായ അടിമകളിലധികവും അടിമത്തത്തില്‍ വീര്‍പ്പുമുട്ടുന്നവരല്ല, അതു പരമാനന്ദമാണെന്നോ മരണാനന്തര പരമാനന്ദത്തിന്റെ മുന്നോടിയാണെന്നോ വിശ്വസിക്കുന്നവരാണ്. അതിന്  അവര്‍ക്കുള്ള ഒരേയൊരു ഉറപ്പ് യേശുക്രിസ്തു ബൈബിളില്‍ ഇതൊക്കെ പറഞ്ഞുവച്ചിട്ടുള്ളതാണെന്ന വിശ്വാസമാണ്. ബൈബിള്‍ വചനങ്ങളാല്‍ ഉറപ്പിക്കപ്പെട്ട സുശക്തമായൊരു മനോഘടനയിലാണവരുടെ അടിമച്ചങ്ങലയുടെ കൊളുത്തു മുറുക്കിയിരിക്കുന്നത് എന്നര്‍ത്ഥം.

            ഇതെല്ലാം എല്ലാ മതങ്ങളിലുമുണ്ടെന്നും മതവും ദൈവവുമെല്ലാം പുരോഹിതന്മാരുടെ തട്ടിപ്പാണെന്നും ബൈബിളിലുള്ളതെല്ലാം വെറും കെട്ടുകഥയാണെന്നും ക്രിസ്തു ജീവിച്ചിരുന്നു എന്നതിനുപോലും തെളിവില്ലെന്നുമൊക്കെ ആവര്‍ത്തിച്ചു പറഞ്ഞും പ്രചരിപ്പിച്ചും വിശ്വാസിസമൂഹത്തെ മോചിപ്പിക്കാമെന്നു കരുതുന്നതു പരമാബദ്ധമാണ്. അത്തരമൊരു സമീപനമായിരുന്നു ജര്‍മ്മനിയില്‍ നാസിസത്തെ നേരിടുന്നതിന് യുക്തിവാദികളും കമ്മ്യൂണിസ്റ്റ്കാരുമൊക്കെ സ്വീകരിച്ചത്. അവരതില്‍ പാടേ പരാജയപ്പെടുകയും ചെയ്തു. അതിനു കാരണം മനുഷ്യമനസ്സില്‍ മിത്തുകളെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറുച്ചുള്ള അറിവില്ലായ്മയായിരുന്നു എന്ന് ഏണ്‍സ്റ്റ് കസ്സീറെയെപോലുള്ളവര്‍ കണ്ടെത്തിയിച്ചുണ്ട്. അതേത്തുടര്‍ന്നു മനുഷ്യജീവിതത്തില്‍ മിത്തുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ പാശ്ചാത്യ നാടുകളില്‍ നടന്നിട്ടുമുണ്ട്.

            പക്ഷേ മലയാളിബുദ്ധിജീവികളിലധികവും ഇന്നും ആ പരാജയപാതയില്‍ത്തന്നെയാണ്. മനുഷ്യന്റെ ആന്തരികജീവിതത്തിനു വിലകല്‍പിക്കാത്ത ഒരുതരം യുക്തിബാധയില്‍ പെട്ടവരാണവര്‍. അക്കൂട്ടരില്‍പ്പെട്ടവരാണ് കെ.സി.ആര്‍.എം.ന്റെ തലപ്പത്തുള്ളവരിലധികവുമെന്നു പലപ്പോഴുമെനിക്കു തോന്നിയിരുന്നു. അതു ശരിയാണെന്നുറപ്പിക്കുന്ന തരത്തിലായിരുന്നു സെപ്റ്റംബര്‍ സെമിനാറില്‍ ചില നേതാക്കളില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍.

            പറഞ്ഞുപറഞ്ഞ് യേശുക്രിസ്തു വെറും കെട്ടുകഥയാണെന്നുവരെ ഒരാള്‍ പറഞ്ഞുവച്ചു. ഇതിന്റെ അപകടം മനസ്സിലാകണമെങ്കില്‍, ചര്‍ച്ചക്കവതരിപ്പിച്ച പ്രബന്ധത്തിന്റെ കാതലെന്തെന്നറിയണം. വിശ്വാസികളുടെ മനസ്സില്‍ പതിഞ്ഞുകിടക്കുന്ന ക്രിസ്തുബിംബം മൂന്നാം നൂറ്റാണ്ടില്‍മാത്രം രൂപംകൊണ്ട പുരോഹിതസഭ തട്ടിക്കൂട്ടിയ കപടബിംബമാണ്, ആദിമ സഭയില്‍ ക്രിസ്തുപോലും പുരോഹിതനായിരുന്നില്ല, മനുഷ്യശരീരംതന്നെ ആയിരുന്നു ദേവാലയം, ദൈവേഷ്ടപ്രകാരം ജീവിക്കലായിരുന്നു ബലി, ജീവിതം മുഴുവന്‍ അതിനായി സമര്‍പ്പിച്ച് സ്വയം ബലിയും  ബലിവസ്തുവും കാര്‍മ്മികനുമായി പരിണമിക്കുന്നവനാണു പുരോഹിതന്‍, ഈ അര്‍ത്ഥത്തില്‍ എല്ലാ വിശ്വാസികളിലും പൗരോഹിത്യമുണ്ട് - ഇങ്ങനെ പോയി പ്രബന്ധവിചാരങ്ങള്‍.

            പുരോഹിതമേല്‍ക്കോയ്മയുടെ അടിക്കല്ലിളക്കുന്ന ഈവക ചിന്തകളോട് നവീകരണക്കാരിലൊരാള്‍ പോലും അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിച്ചില്ല എന്ന സത്യം എന്നെ ആശ്ചര്യപ്പെടുത്തി. പകരം, സഭയെന്നല്ല മതംതന്നെ എത്രമാത്രം അപകടകരമാണെന്നും, സഭാചരിത്രമപ്പാടെ വഷളത്തം നിറഞ്ഞതാണെന്നും സ്ഥാപിക്കാനാണ് ചിലര്‍ ശ്രമിച്ചത്. അതിനെല്ലാം അടിവരയിട്ടുകൊണ്ട് യേശുവിന്റെ ചരിത്രപരതയെതന്നെ ഒരാള്‍ തള്ളിപ്പറഞ്ഞു.

            പച്ചയ്ക്കു പറഞ്ഞാല്‍ അതിലൂടെ സംഭവിച്ചതൊരു പാലംവലിയാണ്. കെ.സി.ആര്‍.എം.ന് വിശ്വാസികളുടെ ഹൃദയത്തിലേക്കും തിരിച്ചിങ്ങോട്ടുമുള്ള ഒരേയൊരു പാലം യേശുക്രിസ്തുവാണ്. അതില്ലെങ്കില്‍ പിന്നെ കെ.സി.ആര്‍.എം.ന് എന്തു പ്രസക്തിയാണുള്ളത്? കുട്ടിക്കാലം മുതലേ കൈമുത്തിച്ചും കാലുപിടിപ്പിച്ചും മനസ്സില്‍ കയറിക്കൂടിയ പിതൃബിംബങ്ങളുടെ ദ്രോഹം തിരിച്ചറിഞ്ഞ് വൈരാഗ്യബുദ്ധിയോടെ അതിനെ തള്ളിപ്പറയുന്നവരുടെ ഒരു കൂട്ടം മാത്രമായി കെ. സി. ആര്‍.  എം. അധഃപതിക്കും. സഭാനവീകരണത്തില്‍ അതിനൊരു ചുക്കും ചെയ്യാനാവില്ല.

1 comment:

  1. പ്രബന്ധാവതാരകൻ പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം പറയുന്നത് താത്വികമായി ശരിയാണ്. പ്രായോഗികമായി അർഥശൂന്യവും. ബൈബിൾ പറയുന്നുണ്ട്, വിശ്വാസികൾ 'രാജകീയ പുരോഹിതഗണമാണ്' എന്ന്.(പൗലോസിൻ്റെ സഭയാണല്ലോ ഇന്നുള്ളത്) ഇത്രകാലം അതു കേൾക്കുകയും വായിക്കുകയും ചെയ്ത വിശ്വാസിക്കൂട്ടം എന്തുകൊണ്ട് അതംഗീകരിച്ചില്ല?കത്തോലിക്കാസഭതന്നെ പഠിപ്പിക്കുന്നത്, മാമോദീസവഴി വിശ്വാസികളാകുന്നവർ 'Royal Priests'ഉം പട്ടം വഴി പൗരോഹിത്യം നേടുന്നവർ 'Ministerial Priests' ഉം ആണെന്ന്! രാജാവോ മന്തിയോ പ്രധാനി? എന്നിട്ടെന്തായി? ഒരു ചുക്കും സംഭവിച്ചില്ല. വിശ്വാസി അടിമയായിക്കഴിയുന്നു. കാരണം, ആശ്രിതരായി നിൽക്കുന്നതാണ് ആയാസരഹിതം. വിശ്വാസംതന്നെ ആശ്രിതത്തിലധിഷ്ടിതമാണല്ലോ. അതിനെ അരക്കിട്ടുറപ്പിക്കാനായി ചില വേഷംകെട്ടലുകൾ- രാജകീയ വേഷഭൂഷകൾ, അഭൗമാന്തരീക്ഷം ജനിപ്പിക്കുന്ന കർമങ്ങൾ, ആചാരങ്ങൾ, ഭീഷണിയും ഭയപ്പെടുത്തലും കലർന്ന പ്രബോധനങ്ങൾ, സാമ്പത്തിക-സാമൂഹിക മേൽക്കോയ്മ,എല്ലാറ്റിനുമുപരി ഭരണകൂടപിന്തുണ!- കൊണ്ട് മനുഷ്യനെ ബന്ധിക്കുകയും ഭയാകുലരാക്കുകയും ചെയ്യുന്ന സാഹചര്യം മറികടക്കാൻ സാധാരണ മനുഷ്യനാവുകയില്ല. പ്രമാണിമാർ സ്വന്തം സ്ഥാനമാനങ്ങൾ ഉറപ്പിച്ചുനിർത്താൻ ഏതു കൊള്ളരുതായ്മയ്ക്കും കൂട്ടുനിൽക്കുകയും കൂട്ടിക്കൊടുപ്പുനടത്തുകയും ചെയ്യുന്നൂ. അതു വിളിച്ചു പറഞ്ഞ് രാജാവ് നഗ്നനാണെന്ന് പറയുന്നത് തെറ്റാണെന്നാണോ പ്രൊഫ. വട്ടമറ്റം പറയുന്നത്? ശുശ്രൂഷകർ അധികാരികളാവുകയും ആ അധികാരം അംഗീകരിക്കപ്പെടുകയും ചെയ്തതിൻ്റെ ചരിത്രപശ്ചാത്തലം വിശകലനംചെയ്ത് അതിലെ കാപട്യവും ദൈവനിഷേധവും യേശുവിരുദ്ധതയും തുറന്നുകാണിച്ചേ ഇതിൻ്റെ അടിത്തറ ഇളക്കാൻ കഴിയൂ. പേഗൻ മതാചാരങ്ങൾ എങ്ങനെ ക്രസ്തീയമായി? ക്രിസ്തു/യേശു ഒരു മിത്താണ് എന്നതിൻ്റെ ഏറ്റവൂം നല്ല തെളിവാണ് യേശുവിൻ്റെ നവീകൃതശൈലിക്ക് വാക്കതീതമായ ക്രിയാമാതൃകകളില്ലായെന്നത്. ആ സത്യം നിലനിൽക്കുമ്പോഴും ഉദാഹരണങ്ങളും സാരോപദേശങ്ങളും മാനവകുലത്തെ നന്മയിലേക്ക് നയിക്കാൻ സഹായിക്കുന്നു എന്ന വസ്തുത അംഗീകരിച്ചേ പറ്റൂ... എല്ലാ മതങ്ങളുടെയും ലക്ഷ്യവും പ്രസക്തിയും ഇതുതന്നെയാണ്. മാനവചരിത്രത്തിൽ ആധുനികയുഗത്തിലാണ് സംഘടിതമതങ്ങൾ രൂപപ്പെട്ടതെന്നത് അന്നത്തെ സാമൂഹികാരക്ഷിതാവസ്ഥയുടെ പ്രതിഫലനമായിരുന്നു. രാഷ്ട്രനിയമങ്ങൾ നിയതമോ പ്രബലമോ അല്ലാതിരുന്ന കാലത്ത് അവയ്ക്ക് പ്രസക്തിയുണ്ടായിരുന്നു. അവ രാഷ്ട്രീയധികാരംകൂടി കൈയാളിയിരുന്ന സാഹചര്യത്തിൽ പ്രത്യകിച്ചും.
    എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും ഇന്ന് ജനാഭിലാഷങ്ങൾ അംഗീകരിച്ചുണ്ടാകുന്ന ജനാധിപത്യഭരണകൂടങ്ങൾ ആ സ്ഥാനം ഏറ്റെടുത്തുകഴിഞ്ഞു. സാമൂഹികനിയമങ്ങൾ സുശക്തവും സുസംഘടിതവുമാണ്. മതത്തിൻ്റെ സ്ഥാനവും സ്വാധീനവും നഷ്ടമായിരിക്കുന്നു. ഈ വസ്തുത പാശ്ചാത്യർ അംഗീകരിച്ചുകഴിഞ്ഞു. അവിടെ മതരാഹിത്യമതരാഹിത്യം എന്ന ചുക്കുണ്ടായിക്കഴിഞ്ഞു എന്ന സത്യം പ്രബന്ധകാരൻ സമർഥമായി തമസ്ക്കരിച്ചത് വലിയ ചതിയായിപ്പോയി... എന്തുകൊണ്ടതു കേരളത്തിൽ സംഭവിക്കുന്നില്ലാ എന്നത് ഗവേഷണവിഷയമാക്കേണ്ടത്ര ഗൗരവതരമല്ല. ഇവിടെ ജനത്തിന് അക്ഷരജ്ഞാനമേ ഉള്ളു, വിദ്യാഭ്യാസം കൊടുക്കാറില്ല; കൊടുക്കാൻ അനുവദിക്കാറില്ല! 'മതമില്ലാത്ത ജീവൻ'തന്നെ നല്ല ഉദാഹരണം...
    അതിനാൽ കെ.സി.ആർ.എം. പഠിപ്പിക്കലുകൾ പ്രസക്തമാണ്; തുടരേണ്ടതാണ്. അതിനു തെളിവാണല്ലോ, പുരോഹിത തെമ്മാടിത്തങ്ങൾ ചോദ്യംചെയ്യപ്പെടുന്നതും തുറന്നുകാണിക്കപ്പെടുന്നതും. ഈ അനാശസ്യങ്ങൾക്ക് ഇനിയും അധികം ആയുസില്ല.

    ReplyDelete