ഇന്നാണ് KCRM പ്രതിമാസപരിപാടി -പാലായിലെ ഒക്റ്റോബർമാസ ചര്‍ച്ചാസമ്മേളനം - അതിൽ അല്‌മായ ശബ്ദത്തിന്റെ നിലപാട് അഡ്മിനിസ്ട്രേറ്റർ എന്ന നിലയ്ക്ക് ഇങ്ങനെ അവതരിപ്പിക്കാം എന്ന് കരുതുന്നു:
1. സഭാനവീകരണം യേശുശിഷ്യന്മാരുടെ രചനകളെക്കാൾ യേശുവിന്റെ വചനങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ടതാണ്.
2. ബൈബിളിനെ പ്രതീകാത്മകമായി ഗ്രഹിച്ചാൽ മാത്രം അർഥപൂർണമാക്കാൻ സഹായകമായ വേദമായറിയണം. ഉത്പത്തി പുസ്തകത്തിലെ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം എന്തെന്ന് മനനം ചെയ്താൽ ആത്മീയതയുടെ അഗാധത എന്തെന്ന് നമുക്ക് ഗ്രഹിക്കാനാവും. എന്നാൽ നമുക്കത് മനസ്സിലാക്കി തരേണ്ടവർ അന്ധരായി അന്ധകാരത്തിൽ ഉഴറുകയും നമ്മെ കൂടുതൽ ഇരുട്ടിലേക്ക് നയിക്കുകയുമാണ്. ഇത്തരുണത്തിലാണ് ടോൾസ്റ്റോയിയെയും ദസ്തയേവ്സ്കിയെയും രാമകൃഷ്ണ പരമഹംസരെയും പരമഹംസ യോഗാനന്ദയെയും ജെ. സി. കുമരപ്പയെയും ഓഷോയെയും സുവിശേഷങ്ങൾ വേദാന്തദൃഷ്ടിയിൽ എഴുതിയ മുനി നാരായണപ്രസാദിനെയും ഒക്കെ കൂടി ശ്രവിക്കാൻ നാം തയ്യാറാകേണ്ടിയിരിക്കുന്നത്. (കാനായിലെ കല്യാണത്തിൽ യേശു വെള്ളം വീഞ്ഞാക്കിയതിൽ അത്ഭുതത്തെക്കാളുപരി ആധ്യാത്മകജ്ഞാനത്തിന്റെ ആനുഭൂതിയാണ് നാം കാണേണ്ടതെന്ന് ഓഷോയുടെ I Say Unto You എന്ന സുവിശേഷ വ്യാഖ്യാനത്തിൽനിന്നാണ് എനിക്ക് ഗ്രഹിക്കാൻ കഴിഞ്ഞത്.)
3. യേശുവിന്റെ ഉപദേശങ്ങളുടെ രത്നച്ചുരുക്കം മത്തായിയുടെ സുവിശേഷത്തിലെ 22 : 37 - 40 വാക്യങ്ങളിലുണ്ട്:
''നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണ ആത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കുക. ഇതാണ് പ്രഥമവും പ്രധാനവുമായ കല്പന. രണ്ടാമത്തെ കല്പനയും അതുപോലെതന്നെയാണ്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. എല്ലാ നിയമങ്ങളും പ്രവാചകരും ഈ രണ്ടു കല്പനകളെ ആശ്രയിച്ചിരിക്കുന്നു.''
ചുരുക്കത്തിൽ ദൈവപരിപാലനയിൽ വിശ്വാസം അർപ്പിച്ചു ജീവിക്കാൻ തയ്യാറായാൽ മനുഷ്യർക്ക് സഹോദരരെ സ്നേഹിക്കാൻ അനായാസം സാധിക്കും. അപ്പോൾ ഭൂമിതന്നെ സ്വർഗ്ഗമാകും.
N.B.
1. ഞാൻ ഒരു രാസത്വരകം മാത്രമായതിനാലും അല്മായശബ്ദം ഒരു ചർച്ചാവേദി ആയതിനാലും വായനക്കാരുടെ പ്രതികരണവും കൂടി ചേർന്നാലേ അല്മായശബ്ദത്തിന്റെ നിലപാടായി ഇത് മാറൂ. ഇന്ത്യൻ സ. മയം 2 PM നു മുമ്പ് ഇതിൽ പ്രസിദ്ധീകരിക്കുന്ന കമന്റുകൾ കൂടി പാലാ ടോംസ് ചേമ്പറിൽ നടക്കുന്ന ചർച്ചയിൽ ഞാൻ അനുബന്ധമായി അവതരിപ്പിക്കുന്നതാണ്.
2.'സത്യജ്വാല'യുടെ ആദ്യലക്കങ്ങളിൽ ജോസഫ് മറ്റപ്പള്ളി എഴുതിയിരുന്ന 'സാരാംശം' പഴയനിയമമിത്തുകളുടെ ശാസ്ത്രീയമായ ആന്തരാർത്ഥമറിയാൻ വളരെ സഹായിക്കും. 'അല്മായശബ്ദ'ത്തിൽനിന്ന് ആ ലക്കങ്ങൾ ഡൗൺലോഡുചെയ്ത് വായിക്കാവുന്നതാണ്.
No comments:
Post a Comment