ഡോ. ജെ.സി. കുമരപ്പ
[ഇന്ത്യന്‍ ശൈലിയിലുള്ള ഒരു ക്രൈസ്തവനവീകരണത്തിനു മുതല്‍ക്കൂട്ടെന്നു കണക്കാക്കാവുന്ന, ലേഖകന്റെ 'Practice and Precepts of Jesus' എന്ന ലഘുഗ്രന്ഥത്തിന്റെ മുഖവുര (Preface)യില്‍നിന്ന് ഒരു ഭാഗം. ശീര്‍ഷകം 'സത്യജ്വാല'യ്ക്കുവേണ്ടി നല്‍കിയത്.
തര്‍ജ്ജമ സ്വന്തം-എഡിറ്റര്‍]
സഭാസംഘടനയിലും അതിന്റെ അനുഷ്ഠാനങ്ങളിലും
യേശുവിന്റെ പഠിപ്പിക്കലുകളുമായി വലിയ വ്യതിയാനങ്ങളാണ് ഞാന്‍ കണ്ടിട്ടുള്ളത്....
ഒന്നാം ലോകമഹായുദ്ധകാലത്ത് ഞാന്‍ ഇംഗ്ലണ്ടില്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു.
അക്കാലത്ത് വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രല്‍പള്ളിയില്‍ നടന്നിരുന്ന
യുദ്ധകാലാനുഷ്ഠാനങ്ങളില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അവ എത്രതന്നെ ഗാംഭീര്യം
നിറഞ്ഞതായിരുന്നുവെങ്കിലും, തങ്ങളുടെ ശത്രുക്കളെ
നശിപ്പിക്കണമെന്ന അപേക്ഷയുമായി, ഒരു സാര്‍വ്വത്രികപിതാവിനെയും
സമാധാനത്തിന്റെ രാജകുമാരനെയും ആരാധിക്കുന്ന ആ ചടങ്ങുമായി പൊരുത്തപ്പെടാന്‍ എനിക്കു
കഴിഞ്ഞില്ല. പുതിയ ഭടന്മാരെ തിരഞ്ഞെടുക്കുന്ന റിക്രൂട്ട്‌മെന്റുകളില്‍
ബിഷപ്പുമാരും പുരോഹിതരും പ്രസംഗപീഠമുപയോഗിക്കുന്നതെന്തിനെന്നും എനിക്കു
മനസ്സിലായില്ല. നിരവധി യുദ്ധമേഖലകളില്‍നിന്നും, ശ്രദ്ധേയരായ
ജനറല്‍മാരുടെ കബറിടങ്ങളില്‍നിന്നും കൊണ്ടുവരുന്ന രക്തപങ്കിലമായ ബാനറുകളുടെ
സാമീപ്യം ആരാധനാസ്ഥലങ്ങളുടെ പവിത്രത നശിപ്പിക്കുന്നതായിട്ടാണ് എനിക്കു തോന്നിയത്.
യേശുവും സഭകളും തമ്മില്‍ കാണപ്പെടുന്ന ഈ വൈരുദ്ധ്യങ്ങളും സമാനമായ മറ്റു
വൈരുദ്ധ്യങ്ങളും സഭകളുടെ 'ക്രിസ്തീയത'യിലുള്ള
എന്റെ വിശ്വാസത്തെ ഉലച്ചിട്ടുണ്ട്.
'ക്രൈസ്തവ'രായ
ഇന്ത്യക്കാരുടെയും പാശ്ചാത്യരുടെയും ജീവിതത്തില്‍,
വിശ്വാസത്തെ പ്രകാശമാനമാക്കുന്ന യാതൊന്നുംതന്നെ അവര്‍ ചെയ്യുന്നില്ല. ഇന്ത്യന്‍
ക്രൈസ്തവര്‍ തങ്ങളുടെ ജീവിതശൈലിയിലും ജീവിതനിലവാരത്തിലുംപോലും പാശ്ചാത്യരെ
അനുകരിക്കുന്നു. തലചായ്ക്കാനിടമില്ലാതിരുന്ന ഒരു ഗുരുവിനെ
അനുഗമിക്കണമെന്നുപദേശിക്കുന്ന ഇവര്‍ തങ്ങളുടെ വാച്ചിന്റെ ചെയിനില്‍പ്പോലും സ്വര്‍ണ്ണക്കുരിശാണ്
പതിച്ചിരിക്കുന്നത്! യേശുവിന്റെ പ്രബോധനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഈ 20-ാം നൂറ്റാണ്ടില്‍ സാധ്യമല്ല എന്നാണ് ഇതേക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞ്
ഞാന്‍ മിക്കപ്പോഴും കേള്‍ക്കാറുള്ളത്. അങ്ങനെയെങ്കില്‍, ഓരോ
ഔപചാരികമതവും ഓരോ കോമാളിത്തമായിത്തീര്‍ന്നിരിക്കുന്നു, എന്നെ
സംബന്ധിച്ച്. 'ക്രിസ്ത്യന്‍' എന്ന
വാക്ക് ഇന്നു സൂചിപ്പിക്കുന്നത്, ചില
നിശ്ചിതപെരുമാറ്റരീതികളും ജീവിതനിലവാരവും പുലര്‍ത്തുന്നവരും വലിയൊരളവോളം
പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടവരുമായവരുടെ ഒരു സമുദായം എന്നുമാത്രമാണ്; ഒപ്പം, സ്വന്തം ദേശീയസംസ്‌കാരത്തില്‍നിന്നു
തങ്ങളെത്തന്നെ വേര്‍പെടുത്തിയും പാശ്ചാത്യനാഗരികതയോടുള്ള അടുപ്പത്തില്‍
അഭിമാനിച്ചും കഴിയുന്ന ഒരു സമുദായമെന്ന്.
ഇക്കാലമത്രയും എനിക്കു ഹിന്ദുക്കളുമായും
മുസ്ലീങ്ങളുമായും കാര്യമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. മതപരമായ അവരുടെ
വിശ്വാസങ്ങളെക്കുറിച്ച് ഇന്നും എനിക്ക് കാര്യമായ അറിവില്ല. അങ്ങനെയിരിക്കെയാണ്,
ഏതൊക്കെയോ അജ്ഞാതസാഹചര്യങ്ങള്‍ ഗാന്ധിജിയുമായി എന്നെ
ബന്ധപ്പെടുത്തിയത്. ഗുജറാത്തില്‍ ഒരു സാമ്പത്തികസര്‍വ്വേ നടത്തുന്നതിന്റെ ചുമതല
ഏറ്റെടുക്കണമെന്ന് അദ്ദേഹം എന്നോടഭ്യര്‍ത്ഥിച്ച അവസരത്തില്‍,
എന്റെ ഏറ്റവുമടുത്ത ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍, ഒരു 'അവിശ്വാസി' (heathen) യുമായി സഹകരിക്കുന്നതില്‍നിന്ന്
എന്നെ നിരുത്സാഹപ്പെടുത്തുകയുണ്ടായി. ഗാന്ധിജിയുടെ പ്രവര്‍ത്തനപരിപാടികളുമായി ഞാന്‍
പരിചയത്തിലായിക്കഴിഞ്ഞപ്പോള്‍, ബാല്യത്തില്‍ എന്റെ അമ്മ നല്‍കിയ
പരിശീലനത്തിലൂടെ എനിക്കു ചിരപരിചിതമായിരുന്ന അതേവഴിയിലുള്ള പ്രവര്‍ത്തനങ്ങളാണവ
എന്നെനിക്കു മനസിലാകുകയും, ഭൂമിയിലെ നമ്മുടെ ജീവിതത്തില്‍, ഈ നൂറ്റാണ്ടില്‍പ്പോലും, യേശു പഠിപ്പിച്ച
പാഠങ്ങളുടെ പ്രായോഗികതയിലേക്ക് എന്റെ കണ്ണുകള്‍ തുറക്കപ്പെടുകയും ചെയ്തു.
'ക്രിസ്ത്യന്‍' എന്ന
വാക്കിന് യേശുവിന്റെ ജീവിതവുമായും അദ്ദേഹം കാണിച്ചുതന്ന മാതൃകയുമായുമുള്ള
ബന്ധമെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നതിനാല്‍, എന്റെ ഈ
ചെറുപുസ്തകത്തില്‍, യേശു പഠിപ്പിച്ച തത്വങ്ങള്‍ പിന്തുടരുന്ന
എല്ലാവരെയും, അവര്‍ ഹിന്ദുക്കളോ മുസ്ലീങ്ങളോ ബുദ്ധിസ്റ്റുകളോ
'ക്രിസ്ത്യാനികള്‍'തന്നെയോ ആകട്ടെ,
ഏതു മതവിഭാഗത്തില്‍പ്പെട്ടവരുമാകട്ടെ, 'യേശുവിനെ
അനുഗമിക്കുന്നവര്‍' എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ എടുത്തിട്ടുള്ളത് എന്നു പറയട്ടെ.
ഈ ലഘുഗ്രന്ഥത്തില്‍
പ്രകടിപ്പിച്ചിട്ടുള്ള കാഴ്ചപ്പാടുകളുടെ ഏക ആധികാരികത, നാലു സുവിശേഷങ്ങളില്‍
രേഖപ്പെടുത്തപ്പെട്ടിട്ടുള്ള യേശുവിന്റെ ജീവിതത്തില്‍നിന്നും പ്രബോധനങ്ങളില്‍നിന്നുംമാത്രമുള്ളതാണെന്നും
പറഞ്ഞുകൊള്ളുന്നു. 'അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍'
(Acts) എന്ന ഭാഗത്തുനിന്നോ അപ്പോസ്തലന്മാരുടെ ലേഖനഭാഗങ്ങളില്‍നിന്നോ പോലും
ഞാന്‍ യാതൊന്നും എടുത്തിട്ടില്ല. ഇന്നിന്റെ പ്രായോഗികലക്ഷ്യങ്ങള്‍ നേടുന്നതിനായി
നാം ആശ്രയിക്കേണ്ടത്, പൂര്‍വ്വേഷ്യയുടെയും ദക്ഷിണ
യൂറോപ്പിന്റെയും രണ്ടായിരം വര്‍ഷം മുമ്പത്തെ സാഹചര്യത്തില്‍ യേശുവിന്റെ കല്പനകളെ
എങ്ങനെയായിരുന്നു അവര്‍ പ്രയോഗത്തില്‍ വരുത്തിയത് എന്നു വിവരിക്കുന്ന രേഖകളെക്കാള്‍
യേശുവിന്റെ പ്രബോധനങ്ങളെയും അവയ്ക്ക് അനുപൂരകമായി വരുന്ന സത്യത്തിന്റെ
ചൈതന്യത്തെയുമാണെന്നു ഞാന്‍ കരുതുന്നു എന്നതാണ് അതിനുകാരണം. പുതിയ നിയമത്തിലെ
മറ്റു ലിഖിതങ്ങള്‍ കാര്യങ്ങളെ സ്ഥിരീകരിക്കുന്ന തെളിവുകളെന്ന നിലയില്‍
പ്രചോദനാത്മകമാണ്.
ഇതെഴുതിയത്, 1944 ജൂണില്‍,
ജബര്‍പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പതിനഞ്ചുമാസം നീണ്ട എന്റെ തടങ്കല്‍ക്കാലത്താണ്.
അതുകൊണ്ട്, എന്റെ മറ്റെല്ലാ പരിമിതികള്‍ക്കുംപുറമേ, ആവശ്യമായ പുസ്തകങ്ങള്‍ ലഭിക്കുവാനും എനിക്കൊരു മാര്‍ഗ്ഗവുമില്ലാതെ
വന്നു....
ഈ പശ്ചാത്തലവിവരണത്തോടെ, എന്നെപ്പോലെ അന്വേഷിച്ചലയുന്ന
മനസ്സുകള്‍ക്ക് അല്പമെങ്കിലും സഹായകമാകുമെന്ന പ്രതീക്ഷ പുലര്‍ത്തിക്കൊണ്ട്,
ഈ ചിന്തകള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.
No comments:
Post a Comment