Translate

Sunday, December 31, 2017

2018 - ൻറെ പുതുവത്സരാശംസകൾ

ചാക്കോ കളരിക്കൽ
2017 - ൻറെ പുതുവത്സരാശംസകൾ അയച്ചപ്പോൾ ഞാനായിരിക്കുന്ന കത്തോലിക്കാ സഭയിലെ  ചില വിഴിപ്പുകൾ എടുത്തുപറയുകയുണ്ടായി. 2017 അവസാനം എർണാകുളം-അങ്കമാലി അതിരൂപതയിൽനിന്ന് നാറുന്ന ചില സാമ്പത്തിക കാര്യങ്ങൾ മാധ്യമങ്ങളിൽകൂടി നാം അറിഞ്ഞുകൊണ്ടിരിക്കുന്നു. ഈ ഡിസംബർ 28-ന് സഭാനവീകരണ പ്രസ്ഥാനത്തിൻറെ പിതാവും ഗുരുവുമായ ശ്രീ ജോസഫ് പുലിക്കുന്നേൽ എന്നന്നേയ്ക്കുമായി നമ്മോട് വിടപറഞ്ഞു. ഇതെല്ലാംവെച്ച് കൂട്ടിവായിച്ചപ്പോൾ 2016 അവസാനം ഞാൻ നിങ്ങൾക്കയച്ച സന്ദേശം ഇന്നത് കൂടുതൽ പ്രസക്തമായി എനിക്കു തോന്നുന്നു. ആയതിനാൽ 2017 - ൻറെ അവസാനവും ഞാൻ ആ സന്ദേശം തന്നെ നിങ്ങൾക്ക് അയക്കുന്നു.

2017 കടന്നുപോകുന്നതിന് മുൻപായി ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻറെ പൂർവീകരിലൊരാളായ ചുമ്മാർ 1800-കളുടെ ആദ്യപകുതിയിൽ പന്തത്തല (മുത്തോലി) നിന്നും ഉരുളികുന്നത്തേയ്ക്ക് കുടിയേറിയതാണ്. കച്ചക്കുറിയതും കൗപീനവും നാരായപിച്ചാത്തിയും തൊപ്പിപ്പാളയുമായി 85 വർഷത്തോളം ജീവിച്ച ആ ചുമ്മാരിൻറെ മതപരമായ ജീവിതരീതി അഥവാ വിശ്വാസ പൈതൃകത്തിൻറെ കലവറയാണ് 'മാർതോമായുടെ മാർഗവും വഴിപാടും'. കേരളത്തിലെ ആയിരക്കണക്കിനുള്ള നസ്രാണി കുടുംബങ്ങളുടെ കഥയും ഇതുതന്നെ. പിൻതലമുറകളായ നമ്മളിലേയ്ക്ക് പൈതൃകമായി അത് കൈമാറ്റപ്പെട്ടു. നമ്മുടെ തനതായ ആ പൈതൃകത്തെ കാത്തുസൂക്ഷിക്കാൻ നമ്മുടെ പൂർവീകരും പ്രത്യേകിച്ച് നസ്രാണി സഭാ നേതാക്കളായ കാരിയാറ്റി ഔസേപ് മല്‌പാനും പാറേമ്മാക്കൽ തോമാകത്തനാരും പാലാക്കുന്നേൽ വല്യച്ചനും നിധിരിക്കൽ മാണികത്തനാരുമെല്ലാം 2016 അവസാനം ഞാനെൻറെ സുഹൃത്തുക്കൾക്ക് പുതുവത്സരാശംസകൾ അതീവ ശുഷ്കാന്തി കാണിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 35 വർഷംകൊണ്ട് നമ്മുടെ വിലപിടിച്ച ആ പാരമ്പര്യ പൈതൃകങ്ങളെ നാട്ടുമെത്രാന്മാർ യാതൊരു അറപ്പും കൂടാതെ അട്ടിമറിച്ച് ഓരോ വിശ്വാസിയേയും അവരുടെ അടിമകളാക്കി എന്ന സത്യം നാം മനസ്സിലാക്കണം. അതൊരിക്കലും നാം മറക്കാൻ പാടില്ല.
ചങ്ങനാശ്ശേരിയിലെ മാർ പൗവ്വത്തിലും ത്രിശൂരിലെ മാർ താഴത്തും മാർതോമാ പൈതൃകത്തെപ്പറ്റി ഘോരഘോരം പ്രസംഗക്കുകയും പുസ്തകങ്ങൾ എഴുതിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ  സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ച് നമ്മുടെ പൈതൃകത്തെ നിർദാക്ഷിണ്യം അവരും മറ്റു മെത്രാന്മാരുംകൂടി പിച്ചിച്ചീന്തി. ജലം വറ്റിയ ജലാശയത്തിലെ മൽസ്യങ്ങൾപോലെ അല്മേനികൾ ഒടുങ്ങുമെന്നവർക്കറിയാം. എൻറെ പൂർവീകനായ ചുമ്മാരുപോലും മണ്ണിനടിയിൽ കിടന്ന് വിലപിക്കുന്നുണ്ടായിരിക്കും. കണ്ണിൽ ചോരയില്ലാത്ത തൻകാര്യക്കാരും വിശ്വാസവഞ്ചകരും അധികാരദുർമോഹികളും പണക്കൊതിയന്മാരും അവിശുദ്ധരുമായ ഇതുപോലൊരു മെത്രാൻപറ്റം വേറെ ഭൂമുഖത്തൊരിടത്തും കാണുകയില്ല. "ഓരോ സഭയുടെയും പാരമ്പര്യങ്ങളെ പൂർണമായും അഭംഗമായും സംരക്ഷിക്കണം എന്നതാണ് കത്തോലിക്കാസഭയുടെ പ്രബോധനം" (രണ്ടാം വത്തിക്കാൻ കൗൺസിൽ, പൗരസ്ത്യ സഭകൾ-2) എന്ന കൗൺസിൽ പിതാക്കന്മാരുടെ പ്രബോധനത്തിന് അധികാര ദുർമോഹികളായ സീറോ-മലബാർ മെത്രാന്മാർ പുല്ലുവിലപോലും നൽകിയില്ല. 'സിമ്പിളും ഓർഡിനറി' യുമായ അല്മായൻറെ മുതുകത്ത് കുതിരകയറാനുള്ള തന്ത്രങ്ങൾ മെനയാനായിരുന്നു അവരുടെ കുബുദ്ധി പ്രവർത്തിച്ചത്. നമ്മുടെ പാരമ്പര്യത്തെ നശിപ്പിക്കുന്നതിന് കൂട്ടുനിന്ന മെത്രാന്മാർ അധർമികളാണ്. അവരുടെ കല്പ്പനകളെ നിർവിശ്ശങ്കം പ്രവർത്തിക്കുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാൻ രാവും പകലും അവർ പരിശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ കോപത്താൽ നാമെല്ലാവരും തിളച്ചുമറിയണം; കൈതിരുമ്മി, പല്ലിറുമ്മി പിന്നെ സങ്കടത്തോടെ വെറിപൂണ്ട് നെടുവീർപ്പിടണം. ഒരിടവകയിൽ ഒരല്‌മേനിക്ക് അന്തസ്സായി ജീവിക്കാൻ പറ്റിയ യോഗ്യനായ ഒരു വികാരിയില്ല. ഒരു രൂപതയിൽ ഒരല്‌മേനിക്ക് അന്തസ്സായി ജീവിക്കാൻ പറ്റിയ യോഗ്യനായ ഒരു മെത്രാനില്ല. അല്‌മേനിയുടെ ആ ഗതികേടിനെപ്പറ്റി നിങ്ങൾ ഒന്നു ചിന്തിച്ചുനോക്കുവിൻ!
പ്രിയരേ, 2018-ൽ പണ്ഡിതന്മാരെപ്പോലെ നിങ്ങൾ ചിന്തിച്ച് തീരുമാനമെടുക്കുവിൻ. പള്ളിയെ വെറും പണപ്പിരിവുസംഘമായി നാം കാണണം. ഒരു നയാപൈസപോലും ഈ പള്ളിക്ക് നാം കൊടുക്കരുത്. ദൈവത്തിന് പൈസയുടെ ആവശ്യമില്ല. കോളണീകരണത്തിൻറെ ഭാഗമായി കടന്നുവന്ന അതികേന്ദ്രീകൃത ഏകാധിപത്യ പള്ളിഭരണ സംവിധാനത്തിനെതിരായി നാം ശബ്ധിക്കണം. പഠിപ്പും പണവും പദവിയുമുള്ള നിങ്ങൾ വെറും സിമ്പിളും ഓർഡിനറിയുമല്ലെന്ന് മൂപ്പന്മാരെ അറിയിക്കുവിൻ. ആടുകളെ തിരിച്ചറിയാൻ സാധിക്കാത്ത, കൂട്ടാക്കാത്ത ഇടയൻറെ പിന്നാലെ ഗമിക്കുന്നതിൽ അർത്ഥമില്ല. പള്ളിപെരുന്നാളുകളിലോ ധ്യാനാരവങ്ങളിലോ രോഗശാന്തിശുശൂഷകളിലോ ഭക്താഭ്യാസങ്ങളിലോ വക്രമായ അനുഷ്‌ഠാനങ്ങളിലോ ഒന്നും നാം ദൈവത്തെ കാണുകയില്ല. നമ്മളുടെ ഉള്ളിൽത്തന്നെയാണ് ആ പരംപൊരുൾ വസിക്കുന്നത്.
2018-ലേയ്ക്ക് നാം പ്രവേശിക്കുമ്പോൾ ഈ ചിന്തകൾ നമ്മെ മദിക്കട്ടെ. പുതുവത്സരാശംസകൾ!


കവർ സ്റ്റോറി 2017: കർദ്ദിനാൾ ആലഞ്ചേരിയും വസ്തു ഇടപാടുകളും


By Dr.ജെയിംസ് കോട്ടൂർ, മലയാളം തർജ്ജിമ: ജോസഫ് പടന്നമാക്കൽ  

2017 ഡിസംബർ മുപ്പതാംതിയതി 'കവർ സ്റ്റോറി' എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലെ യൂട്യൂബിൽ വന്ന സുപ്രധാനമായ ഒരു വാർത്തയെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം ഞാൻ എഴുതുന്നത്. വാർത്ത വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിൽ എന്തെല്ലാമായിരിക്കാം കടന്നുകൂടിയത് എന്ന് എനിക്കറിയില്ല.  ഞാനും ഫേസ്ബുക്കിനോട് അതേ ചോദ്യം ഒരു നിമിഷം സ്വയം ചോദിച്ചുപോയി. രാത്രി ഒമ്പതര മുതൽ പത്തുമണിവരെയായിരുന്നു 'കവർ സ്റ്റോറി'യിലെ ഈ കഥ  ശ്രവിച്ചുകൊണ്ടിരുന്നത്. വാർത്തകൾ നിറയെ കർദ്ദിനാൾ ആലഞ്ചേരിയെപ്പറ്റിയായിരുന്നു.

വസ്തു ക്രയവിക്രയത്തെ സംബന്ധിച്ച ക്രമക്കേടിൽ കുപിതരായ മുന്നൂറു പുരോഹിതർ കാക്കനാട്ടു കൂടിയ സമ്മേളന സ്ഥലത്തുനിന്ന് ഒരേ സ്വരത്തിൽ 'രാജിവെക്കൂ കർദ്ദിനാൾ ആലഞ്ചേരി'യെന്നു  ഉച്ചത്തിലുച്ചത്തിൽ വിളിച്ചുപറഞ്ഞു. കോടാനുകോടികൾ രൂപയാണ് അതുമൂലം സഭയ്ക്ക് നഷ്ടപ്പെട്ടത്. പൂർവിക തലമുറകൾ മുതൽ സഭയുടെ നേർച്ചപ്പണത്തിൽനിന്നും കാലാകാലങ്ങളിൽ സമ്പാദിച്ച പണമായിരുന്നു അത്. 

കർദ്ദിനാളിനെ സ്ഥാനഭൃഷ്ടനാക്കാനും അധികാര സ്ഥാനത്തുനിന്ന് തുടച്ചുമാറ്റാനും മാർപ്പായ്ക്ക് ഒരു നിവേദനം സമർപ്പിക്കാൻ വൈദികരുടെ കൂട്ടായ്‌മ തീരുമാനമെടുത്തു. ടൈംസ് ഓഫ് ഇന്ത്യയും മറ്റു ഇംഗ്ളീഷ് പത്രങ്ങളും കാക്കനാട്ട് നടന്ന ഈ അഴിമതി പ്രസിദ്ധീകരിച്ചെങ്കിലും ഒരു മലയാള പത്രത്തിലും വൈകാരികമായ ഈ വാർത്ത വന്നില്ലെന്നുള്ളതും ശ്രദ്ധേയമാണ്.      

ദൃശ്യമാധ്യമത്തിലെ ഒരു ലേഖകൻ പറഞ്ഞതിങ്ങനെയായിരുന്നു, "പത്രോസാകുന്ന പാറമേൽ എന്റെ പള്ളിയെ പണി തീർക്കുമെന്ന് അവിടുത്തെ അനുയായികളോട് യേശു വാഗ്ദാനം ചെയ്തു. എന്നാൽ കേര വൃക്ഷങ്ങളുടെ നാട്ടിൽ മലയാളത്തിന്റെ മണ്ണിൽ വളർന്ന സഭയുടെ പള്ളി അധികാരത്തിന്റെ പ്രസരപ്പിൽ, കൊഴുത്തു തടിച്ച പണത്തിന്റെ മീതെയാണ് പണിതീർക്കുന്നത്. ക്രിസ്തുവചനങ്ങൾ അവർ കാറ്റിൽ പറത്തിക്കളഞ്ഞു. ഇതുമൂലം പവിത്രമായ സഭയെ കളങ്കപ്പെടുത്തുകയും ആദ്ധ്യാത്മിക മൂല്യങ്ങൾ ഇല്ലാതാവുകയും ചെയ്തു. ക്രിസ്തു പഠിപ്പിച്ച ധാർമ്മികതയെ പൗരാഹിത്യം അപ്പാടെ നശിപ്പിച്ചു കളഞ്ഞു." മൂല്യങ്ങളല്ല പുരോഹിതർ ഇന്ന് വെച്ചു പുലർത്തുന്നത്. കൂടുതൽ വിവരങ്ങൾ ടൈംസ് ഓഫ് ഇന്ത്യയിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി വന്ന വാർത്തകളിൽ നിന്നും വായിക്കാം.

തമിഴ് നാട്ടിലെ ടെലിവിഷനുകളും (News 10 TV) സീറോ മലബാർ സഭയുടെ ഭൂമി ഇടപാടുകളെപ്പറ്റിയുള്ള പരാതി മാർപ്പാപ്പായുടെ ശ്രദ്ധയിൽ കൊണ്ടുവരുന്ന കാര്യവും സംപ്രേക്ഷണം ചെയ്തിരുന്നു. അതിൽനിന്നും മനസിലാക്കേണ്ടത് ക്രിസ്ത്യൻ ലോകം മുഴുവൻ സഭയുടെ മലിനീകരിക്കപ്പെട്ട ഈ വാർത്ത ശ്രവിക്കാൻ താല്പര്യപ്പെടുന്നുവെന്നുള്ളതാണ്.

ബഹുജനധാർമ്മികരോഷമുണര്‍ത്തുന്ന സഭയുടെ അപകീർത്തികരമായ ഈ ഭൂമിയിടപാട് അതീവ രഹസ്യമായി വെക്കണമെന്നും ഇക്കാര്യം ഒരിക്കലും ചർച്ചയ്ക്ക് വിധേയമാക്കരുതെന്നു കർശനമായ താക്കീതുണ്ടെങ്കിലും ഭൂരിഭാഗം ക്രിസ്ത്യാനികളും ഏദൻ തോട്ടത്തിലെ വിലക്കപ്പെട്ട ആ കനിയുടെ നിഗൂഢ രഹസ്യങ്ങളറിയാൻ അതീവ ജാഗ്രതയുള്ളവരായിരുന്നു. 

ആകാശം മുട്ടെ കത്തീഡ്രലും പള്ളികളും പണിയലും, അഭിഷിക്തർക്കും പുരോഹിതർക്കും രാജകീയ മണിമാളികകൾ നിർമ്മിക്കലും പണത്തിന്റെ മീതെ പാഞ്ഞോടുകയും ചെയ്യുന്നത് മതത്തിന്റെ ഒരു കൊളോണിയൽ സാമ്രാജ്യം സൃഷ്ടിക്കാനല്ലേ?

പുത്തൻ കറൻസി നോട്ടുകൾ കോർത്തിണക്കിയ മാലകൾ കഴുത്തിലണിഞ്ഞുള്ള കർദ്ദിനാളിനെയും ബിഷപ്പുമാരെയും കുഞ്ഞാടുകൾ എഴുന്നള്ളിക്കുന്ന പ്രദിക്ഷണത്തെപ്പറ്റി സിസിവി യിൽ കുറെക്കാലംമുമ്പ് പ്രസിദ്ധീകരിച്ചതും ഓർമ്മിക്കുന്നു. എന്റെ പ്രിയ സുഹൃത്ത് ആലഞ്ചേരി, കറൻസി മാലകളുമണിഞ്ഞു ജനമദ്ധ്യേ ഞെളിഞ്ഞു നടക്കുന്നതുകണ്ടപ്പോൾ വാസ്തവത്തിൽ എന്നിലെ തന്നെ ആത്മീയതയെ ചോദ്യം ചെയ്യുകയായിരുന്നു. സഭയും പുരോഹിതരും സുവർണ്ണ കാളക്കുട്ടികളെ ആരാധിക്കരുതെന്നും പണത്തിന്റെ മീതെ ഭ്രമിക്കരുതെന്നും സിസിവിയിൽ എത്രയോ തവണകൾ സഭയ്ക്ക് താക്കീത് നല്കിയിരുന്നതും ഈ അവസരത്തിൽ ചിന്തിക്കുന്നതു യുക്തിപരമായിരിക്കും.  

എറണാകുളത്തുള്ള മൂന്നു ബിഷപ്പുമാരുടെയിടയിലെ ഭൂമിയിടപാടുകൾ സംബന്ധിച്ച തെളിവുകളോ അവരുടെയിടയിലുള്ള സുധാര്യമായിട്ടുള്ള തീരുമാനങ്ങളോ വ്യക്തമല്ല. അതുതന്നെയാണ് ടൈംസ് ഓഫ് ഇന്ത്യയും പറയുന്നത്. ബിഷപ്പ് ഇടയന്ത്രത്തിനു പോലും ഈ രഹസ്യ ഭൂമി വില്പ്പനകളെപ്പറ്റി  അറിവില്ലായിരുന്നുവെന്നും ബിഷപ്പിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ എഴുതി.

റോമൻ ചരിത്രത്തിൽ സീസർ 'കാറ്റിലിനെ'തിരെ ചോദിക്കുന്ന ഒരു ഉദ്ധരണിയുണ്ട്. "ഓ ടെംബോറ, ഓ മോറസ്! ഏതു സമയത്താണ് നാം ജീവിക്കുന്നത്! അഴിമതികൾകൊണ്ടു അങ്ങേയറ്റം ദൂഷിതമായിരിക്കുന്ന ഒരു കാലഘട്ടത്തിലല്ലേ? 'കാറ്റിലിനെ'യെന്ന ഭരണാധികാരി അധഃപതിച്ചവനും  നേരില്ലാത്തവനും സത്യത്തെ മായം കലർത്തി ഭരിക്കുന്നവനുമായിരുന്നു. അതെ! നാം ജീവിക്കുന്നതു അഴിമതികൾ നിറഞ്ഞ കാറ്റിലിന്റെ അതേ കാലത്തിലെ ചിന്താഗതികളിൽത്തന്നെയാണ്. നേരും നെറിയുമില്ലാത്ത കലുഷിതമായ ഒരു കാലത്തിൽ തന്നെ! അല്ലെങ്കിൽ നാം ജീവിക്കുന്ന ഇന്നിന്റെ നാളുകളിൽ തന്നെ!

"പിതാവേ ഇവരോട് ക്ഷമിക്കണമേ, ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല." എന്റെ അഭിപ്രായത്തിൽ ആലഞ്ചേരി തീർത്തും അജ്ഞതയിൽ നിന്നും കുത്സിത ബുദ്ധിക്കാരുടെ പ്രേരണയാൽ വസ്തു ക്രയവിക്രയ പ്രമാണങ്ങളിൽ ഒപ്പിടേണ്ടി വന്നുവെന്നാണ്. അദ്ദേഹം കുറ്റക്കാരനോ, ശിക്ഷാർഹനോ എന്ന് നിങ്ങൾക്ക് വിധിക്കാം, എനിക്ക് സാധിക്കില്ല. അധർമ്മം നെയ്തെടുത്തിരിക്കുന്ന ഇത്തരം സാഹചര്യങ്ങളിൽ നിന്നും കർദ്ദിനാൾ ആലഞ്ചേരി, ബെനഡിക്റ്റ് മാർപ്പാപ്പായെ അനുകരിച്ചു ആദരണീയമായ അദ്ദേഹത്തിൻറെ സ്ഥാനം സ്വയം ത്യജിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ അങ്ങനെ തന്നെ നൂറുവട്ടമെഴുതാൻ സ്വയം നിർബന്ധിക്കുകയും ചെയ്യുന്നു.

കാക്കനാട്ടുനിന്നും ഉയർന്ന അനീതിയുടെ ശബ്ദ തരംഗങ്ങൾ സഭ മുഴുവനായി മുഴങ്ങി കേൾക്കുന്നു. അദ്ദേഹത്തെ പുറത്താക്കുന്നതിലും ഭേദം, നിർബന്ധിതമായി രാജിവെക്കാതെ ബുദ്ധിപൂർവം സ്ഥാനമൊഴിയുകയാണ് ഉത്തമമെന്നും സഭയിലെ നല്ലൊരു വിഭാഗം ചിന്തിക്കുന്നു. തീർച്ചയായും അദ്ദേഹം പണത്തിനുവേണ്ടി ചാകരതേടി പോവുന്ന ഒരു ഭ്രാന്തനാണെന്നു ഞാൻ വിശ്വസിക്കില്ല. അദ്ദേഹം അധികാര മത്തുപിടിച്ച ഒരു സഭാനേതാവുമല്ല. അദ്ദേഹത്തിലെ നിഷ്കളങ്കതയ്ക്കെതിരെ ചിന്തിക്കാൻ എനിക്കു കഴിയുകയുമില്ല. വിശ്വസ്തരായി കൂടെ നടന്നവരുടെ ചതിയിൽ അകപ്പെട്ടു. അവരുടെ കപട വേഷങ്ങളെയും ദുരുപദേശങ്ങളെയും  മനസിലാക്കിയില്ല. അവർ മൂലം തെറ്റുകൾ ചെയ്യാൻ അദ്ദേഹം നിർബന്ധിതനായി.

ചിന്തിക്കുംതോറും കർദ്ദിനാൾ ആലഞ്ചേരിയോട് എനിക്ക് വളരെയേറെ സഹതാപമുണ്ട്. സീറോ മലബാർ സഭയ്ക്ക് ഇങ്ങനെയൊരു ദുരന്തം സംഭവിച്ചതിലും അതിയായ ദുഃഖമുണ്ട്. ദൗർഭാഗ്യവശാൽ അദ്ദേഹം ഭാരതമാകമാനമുളള സീറോ മലബാർ സഭയുടെ അത്യുന്നത പീഠത്തിലിരിക്കുന്ന തലവനുമാണ്. ഒരു സഭാ നേതാവിനുണ്ടാകുന്ന ഈ പരാജയം ആഗോള സഭയെയും ഇളക്കിമറിക്കാനും സാധ്യതയുണ്ട്.  

ലോകത്തിന്റെ മുമ്പിൽ അദ്ദേഹം സഭയെ പൂജ്യമായ സീറോ ആക്കുമോ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ, ദൈവം അതിന് അനുവദിക്കാതിരിക്കട്ടെ! ഞാൻ പ്രാർഥിക്കുന്നുമുണ്ട്. യേശുവിനെ ഒറ്റുകൊടുക്കാനുള്ള ഭയം കൊണ്ട് ഇക്കാര്യത്തിൽ ഞാൻ ആരുടേയും ഭാഗം പിടിക്കുന്നില്ല. ഗൗരവപരമായ ഈ വിഷയത്തിൽ മറ്റുളളവരുമായി പൊരുത്തപ്പെട്ടു സഖ്യത്തിലോ യോജിപ്പിലോ എത്താനും ഞാൻ അശക്തനാണ്.

സംഘിടതമായ ഒരു സഭയും യേശുവിനു സാക്ഷ്യം വഹിക്കാൻ കഴിയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവരെല്ലാം കപട ഭക്തരായ പാർസികൾ ദേവാലയത്തിനുള്ളിൽ പ്രാർത്ഥിക്കുന്നതിനു തുല്യമായി മാത്രമേ എനിക്കനുഭവപ്പെടുന്നുള്ളൂ. അതുകൊണ്ടു എന്റെ നിയോഗം യേശുവിന്റെ കന്നുകാലി വർഗ്ഗത്തിൽ മൂന്നാം തരം സഭാപൗരനായി കഴിയുകയെന്നുള്ളതാണ്.

യേശു വാഗ്ദാനം ചെയ്തിട്ടുണ്ട്, "ഞാൻ നിങ്ങളുടെയിടയിൽ വന്നത് സമാധാനം സ്ഥാപിക്കാനല്ല. വാളാണ് അത്. വാള് മുറിവേൽപ്പിക്കുകയും നിങ്ങളെ വിഭജിക്കുകയും ചെയ്യുന്നു. ഇതിൽ രണ്ടാമത്തെ വാഗ്ദാനമായ യേശുവിന്റെ വചനത്തിൽ റോമിൽ നിന്നും ഫ്രാൻസീസ് മാർപ്പാപ്പാ മുതൽ എറണാകുളത്തുനിന്നും ആലഞ്ചേരിവരെ യാഥാർഥ്യങ്ങളുടെ പട്ടികയിലുണ്ടെന്നും തോന്നുന്നു. നിങ്ങളും ഞാനും സഭയുടെ ദുർഭൂത ചിന്താഗതികളിൽ നിശബ്ദരായിരിക്കാൻ പാടില്ല. വാ പൊത്തികൊണ്ടു കാഴ്ചക്കാരായി നിലകൊള്ളുകയല്ല വേണ്ടത്. സത്യത്തിനൊപ്പം നിലകൊള്ളൂ! അത് നമ്മെ പ്രകാശത്തിലേക്ക് നയിക്കും. സമാധാനത്തിലടിസ്ഥാനമായ ഒരു പുതുവർഷവും നന്മയും നമ്മിൽ പ്രദാനം ചെയ്യും. സത്യം ബലവത്താണ്‌. അചഞ്ചലവുമാണ്. നിശ്ചിതമായ വിജയം സത്യത്തിലുണ്ട്. 

സത്യം മധുരമായ മാമ്പഴങ്ങൾ നൽകുന്ന വലിയ ഒരു ഫലവൃക്ഷമായി വളരട്ടെ! ഓരോ ഫലങ്ങളും നാനാവിധ പേരുകളിലും അറിയപ്പെടട്ടെ. എങ്കിൽ മാത്രമേ നമുക്ക് സത്യത്തെ വിതച്ചുവെന്ന് ഉറപ്പു വരുത്താൻ സാധിക്കുള്ളൂ. അത് നമ്മുടെ ഹൃദയങ്ങളെ മാധുര്യമുള്ളതാക്കും. അല്ലാതെ മധുരഫലങ്ങളെ കൈപ്പാക്കുന്ന ദുഷിച്ച മനസിന്റെ ചാഞ്ചല്യമല്ല നമുക്ക് വേണ്ടത്. ബി.സി. രണ്ടാം നൂറ്റാണ്ടിൽ റോമിലെ മൂന്നാം പ്യുണിക്ക് യുദ്ധത്തിൽ റോമൻ കോൺസുൽ സെനറ്റർ 'കാറ്റോ എൽഡർ' യുദ്ധമുന്നണിയിൽ പറഞ്ഞിരുന്ന ഒരു ചൊല്ലുണ്ടായിരുന്നു, "കാർതജ് നശിക്കണം" (Carthage must be destroyed). അതുപോലെ സത്യമായ സഭ നിലനിൽക്കാൻ ഇന്നത്തെ പൗരാഹിത്യ വ്യവസ്ഥ ഇല്ലാതാവണം. സമ്പൂർണ്ണമായ ഒരു ഉടച്ചു വാർക്കെലെന്ന മാനദണ്ഡം സഭയ്ക്കുണ്ടാകണം.


Times of India(TOI) Headlines

TOI of Dec.27, 28, and 29 reports on the Ernakulam Church’s land mismanagement. TOI 27 headlines reads: “ Church land row: Cardinal abstains from Xmas mass. Dec.28: “Priests seek cardinal’s removal for land deal, to write to Pope,” and “Council of priests restricts functioning of Vicar General.”
TOI 29: “Land deal a moral crisis for Church”, and “Bishop sees a moral root to Crisis.” Quoting Bishop Sebastian Adayanthrath’s letter to priests, TOI writes: The land deal “has landed the Archdiocese not just in financial crisis, but in a serious ethical crisis as well… the auxiliary bishops were unaware of the purchase of land in Kothamangalam and Idukki…. the debt has now increased to RS. 84 crore.”

On Dec.21st there was an extraordinary meeting of Ernakulam priests and according to TOI report over 300 priests attended. This is the first time that Christmas celebrations in the Cathedral was conducted by the parish priest and not the cardinal, who for the purpose of news was reported sick. What happened in Ernakulam is a howling example of what happens when top Church officials adamantly say NO to both Transparency and Dialogue in the Church which they call “FAMILY” for display or advertising purpose only.

നൊവേനയ്ക്ക് 10 ദിവസം തുടര്‍ച്ചയായി വെടിക്കെട്ടും കലാപരിപാടികളും

കാലടി - കൊറ്റമം കത്തോലിക്കാപള്ളി കപ്പേള തിരുന്നാള്‍
പി.സി റോക്കി മൊ: 9961217493


ഉത്സവത്തിനും പൊതുപരിപാടികള്‍ക്കും വെടിക്കെട്ട് നടത്താനും ആനയെ എഴുന്നള്ളിക്കാനും മറ്റും കര്‍ശന നിയന്ത്രണം വരുമെന്ന ജില്ലാ ഭരണകൂട പത്രപ്രസ്താവനയുടെ ചൂടാറും മുമ്പ്  പത്ത് ദിവസം തുടര്‍ച്ചയായി കൊറ്റമം പള്ളി വക വിശുദ്ധ റോക്കിയുടെ കപ്പേളയില്‍ വെടിക്കെട്ടിന്റെയും കലാപരിപാടികളുടെയും വിശദ വിവരങ്ങളടങ്ങിയ പെരുന്നാള്‍ സപ്ലിമെന്റ് പുറത്തു വന്നിരിക്കുന്നു. അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്ര റോഡ് പരിസരത്ത്  സ്ഥിതിചെയ്യുന്ന കാലടി-മലയാറ്റൂര്‍ റോഡിനോട് ചേര്‍ന്നാണ് ഈ ഭണ്ഡാരപള്ളി. ഈ പരിസരത്ത് ധാരാളം വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉണ്ടെന്നത് ശ്രദ്ധിക്കപ്പെടേണ്ടിയിരിക്കുന്നു. വെടിക്കെട്ടു മൂലം പ്രദേശത്ത് കരിമരുന്ന് പുകയും ശബ്ദമലിനീകരണവും സൃഷ്ടിക്കപ്പെടുമെന്ന് ഉറപ്പാണ്. ഇതിന്റെ അവശിഷ്ടങ്ങളും പരിസരങ്ങളില്‍ ചിതറിക്കിടക്കും. ലക്ഷങ്ങള്‍ മുടക്കി ഒരു കുരിശടി അഥവാ ഭണ്ഡാര പള്ളിപ്പെരുന്നാളിന്  ഇത്ര ആഡംബരം വേണമോ എന്നാണ് പലരും ചോദിക്കുന്നത്. 
ആയിരങ്ങള്‍ ആഹാരം കിട്ടാതെ പട്ടിണി കിടന്ന് മരിക്കുമ്പോഴും, തല ചായ്ക്കാന്‍ ഇടമില്ലാതെ റോഡരികിലും, കടത്തിണ്ണകളിലും, പുറമ്പോക്കിലും മറ്റും അന്തിയുറങ്ങുമ്പോള്‍ ലക്ഷങ്ങള്‍ മുടക്കി ഭണ്ഡാരപള്ളിപ്പെരുന്നാളുകള്‍ നടത്തപ്പെടുന്നത് വലിയൊരു വിഭാഗം ജനങ്ങളില്‍ അമര്‍ഷം ഉളവാക്കുന്നുണ്ട്.
കൊറ്റമത്തെ വെടിെക്കട്ടിന് ജില്ലാ ഭരണകൂട, ഫയര്‍ഫോഴ്‌സ്, എക്‌സ്‌പ്ലോളിസീവ് വിഭാഗങ്ങളുടെ അനുകൂല റിപ്പോര്‍ട്ട് ലഭിച്ചിട്ടാണോ നടത്തുന്നതെന്നും ജനങ്ങള്‍ ചോദിക്കുന്നു. ഉദ്ദേശം രണ്ടാഴ്ച മുമ്പ് പ്രസിദ്ധമായ തോട്ടുവ ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ ഒരു കുടുംബത്തിന്റെ അത്താണിയായ യുവാവ് മരിച്ചിരുന്നു. ഒരാള്‍ ഇന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. കേരളത്തിലെ ഭൂരിഭാഗം കത്തോലിക്കാ ദേവലായങ്ങളുടെയും കീഴിലുള്ള ഏഴും എട്ടും വരെയുള്ള കുരിശടി പള്ളികളില്‍ ഇങ്ങനെ ലക്ഷങ്ങള്‍ മുടക്കി ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്.
ആഘോഷങ്ങളും ആഡംബരങ്ങളും കുറച്ച് അതിന്റെ 25% അവശര്‍ക്കും ആലംബഹീനര്‍ക്കും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന കെ.സി.ബി.സിയുടെ പ്രസ്താവന വെറും പാഴ്‌വാക്ക് ആവുകയല്ലേ ?.
പ്രദക്ഷിണത്തില്‍ അണി നിരത്തുന്ന സ്വര്‍ണ്ണവെള്ളിക്കുരിശ് നേര്‍ച്ചയായി നല്‍കുന്നതിന് ആഹ്വാനം ചെയ്തിരിക്കുന്നു. ഈ സ്വര്‍ണ്ണ, വെള്ളിക്കുരിശുകള്‍  മരിച്ചുപോയ വിശുദ്ധര്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണോ എന്ന് അടുത്ത ഇടവകകളിലെ വിശ്വാസികള്‍ പിറുപിറുക്കുന്നുണ്ട്. 
പ്രവാസികള്‍ കിലോക്കണക്കിന് ഭാരമുള്ള സ്വര്‍ണ്ണവെള്ളിക്കുരിശുകള്‍ സംഭാവന ചെയ്യാന്‍ മുന്നോട്ടു വരുമെന്ന് അവിടവിടെ പറഞ്ഞുകേള്‍ക്കുന്നുണ്ട്.


Friday, December 29, 2017

KCRM - NORTH AMERICA മൂന്നാമത് ടെലികോൺഫെറസ് റിപ്പോർട്ട്


KCRM - NORTH AMERICA

മൂന്നാമത് ടെലികോൺഫെറസ് റിപ്പോർട്ട്

 പ്രിയരേ,

ആദ്യമെതന്നെ ഇന്നലെ നമ്മോട് എന്നന്നേയ്ക്കുമായി വിടപറഞ്ഞ കേരള കത്തോലിക്ക സഭാനവീകരണപ്രസ്ഥാനത്തിൻറെ പിതൃസ്ഥാനിയായ ശ്രീ ജോസഫ് പുലിക്കുന്നേലിന് KCRM - North America-യുടെ പേരിൽ ആദരാഞ്ജലികൾ നേർന്നുകൊള്ളുന്നു.
KCRM - North America-യുടെ മൂന്നാമത്തെ ടെലികോൺഫെറസ് ഡിസംബർ 13, 2017 ബുധനാഴ്ച നടത്തുകയുണ്ടായി. രണ്ടുമണിക്കൂർ നീണ്ടുനിന്നതും ശ്രീ സി ജോർജ് മോഡറേറ് ചെയ്തതുമായ ടെലികോൺഫെറസിൻ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽനിന്നുമായി അനേകർ സജീവമായി പങ്കെടുക്കുകയുണ്ടായി. 

 ഇപ്രാവശ്യത്തെ മുഖ്യവിഷയം സഭാഭരണാധികാരവും സഭാശുശ്രൂഷാധികാരവും എന്ന വിഷയമായിരുന്നു. മൗന ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പങ്കെടുത്ത എല്ലാവരും സദസ്സിന് സ്വയം പരിചയപ്പെടുത്തുകയുണ്ടായി. അതിനുശേഷം KCRM - North America-യുടെ ജനറൽ കോർഡിനേറ്ററായ ചാക്കോ കളരിക്കൽ ചുരുക്കമായി വിഷയാവതരണം നടത്തി. ഫ്രാൻസിസ് പാപ്പ സീറോ-മലബാർ സഭയുടെ അജപാലന സേവനാതിർത്തി ഇന്ത്യ മുഴുവനുമായി വർദ്ധിപ്പിച്ചു. അതിനെ സഭാഭരണാധികാരമായി വീക്ഷിക്കരുതെന്ന് ഫ്രാൻസിസ് പാപ്പ ഊന്നിപ്പറഞ്ഞതിനെ ആസ്പദമാക്കി നസ്രാണികളുടെ പഴയ പാരമ്പര്യമായ പള്ളിഭരണത്തിലേയ്ക്ക് തിരിച്ചുപോകണമെന്ന ആശയത്തെ വിശകലനം ചെയ്താണ് അദ്ദേഹം സംസാരിച്ചത്.

 വിഷയാവതരണത്തിനുശേഷം നടന്ന ചർച്ചയിൽ പങ്കെടുത്തവർ മുന്നോട്ടുവെച്ച പ്രധാനാശയങ്ങൾ:

1. മാധ്യമങ്ങളിൽകൂടിയുള്ള ബോധവൽക്കരണത്തിന് ഊന്നൽ നൽകുക

2. മതങ്ങളുടെ തീവ്രവാദത്തിൽ ഇളം തലമുറ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം പലപ്പോഴും അവർ വികാരിയുടെ ഗുണ്ടകളാകാറുണ്ട്.

3. സഭയിൽ നിരവധിയായ പ്രശ്നങ്ങളുണ്ട്. സഭയിൽ നിന്നുകൊണ്ട് അതിനെ ചെറുക്കണം

4. സഭാനവീകരണപ്രസ്ഥാനം കൂടുതൽ ജനകീയമാക്കാനുള്ള വഴികൾ കണ്ടുപിടിക്കണം

5. സമ്പത്താണ് സഭാധികാരികളെ നശിപ്പിക്കുന്നത്. അതുകൊണ്ട് പള്ളിക്ക് പണം കൊടുക്കരുത്; കൊടുക്കുന്നവരെ നിരുത്സാഹപ്പെടുത്തണം

6. വൈദികസേവനത്തെ ഒരു തൊഴിലായി കാണാൻ പാടില്ല. പല വൈദികരുടെയും ജീവിതരീതി കണ്ടാൽ വൈദികവൃത്തി അവരുടെ പ്രൊഫഷനായി തോന്നും

7. വൈദിക ശുശ്രൂഷയിലൂടെ സ്വർഗം നേടാമെന്നുള്ള ചിന്ത അർത്ഥസൂന്യമാണ്

8. പള്ളികളുടെ ഭൗതികസ്വത്തുക്കളുടെ ഭരണം അല്മായർ നടത്തണം. വൈദികർ പൂർണമായി ആധ്യാത്മിക ശുശ്രൂഷയിൽ വ്യാവൃതരായിരിക്കണം  

9. മതം രാഷട്രീയത്തെ നിയന്ത്രിക്കുന്നത് ആപത്കരമാണ്

10. യേശു പൗരോഹിത്യം സൃഷ്ടിച്ചിട്ടില്ല. പ്രാർത്ഥിക്കാൻ പുരോഹിതൻറെ ആവശ്യമെന്ത്?

11. മെത്രാൻറെ ഗുമസ്ഥന്മാരായി വൈദികർ വിശ്വാസികളെ ഭരിച്ച് അടിമകളാക്കുന്നത് അക്രൈസ്തവമാണ്

12. ആവശ്യമെങ്കിൽ വൈദികരെ ധിക്കരിക്കാനുള്ള ആർജവം സാധാരണ വിശ്വാസിക്കുണ്ടാകണം

13. കത്തോലിക്ക പ്രസിദ്ധീകരണങ്ങൾ സഭാധികാരികൾക്ക് ഓശാന പാടാൻ മാത്രമുള്ളതാണ്

14. സഭയുടെ ഭാഗമായി നിന്നുകൊണ്ട് സഭയെ നന്നാക്കാൻ ശ്രമിക്കണം

15. കുടിയേറ്റം സഭയുടെ എല്ലാ തലങ്ങളെയും ബാധിക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട് സഭയിൽ വൻ മാറ്റങ്ങൾ സംഭവിക്കും

16. ഇന്ത്യൻ മെത്രാന്മാർക്കുള്ള ഫ്രാൻസിസ് പാപ്പയുടെ കത്ത് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കണം

17. ജനാധിപത്യമില്ലാത്ത സഭയിൽ വിശ്വാസികൾ അടിമകൾ മാത്രമാണ്

18. വിശ്വാസികൾക്ക് അഞ്ച് ഓണങ്ങളുണ്ട് - വന്നോണം, നിന്നോണം, കേട്ടോണം, തന്നോണം, പൊക്കോണം

19. മെത്രാനെ നികൃഷ്ടജീവി എന്നുവിളിച്ച പിണറായി വിജയൻ പോലും ചർച്ച്‌ ആക്റ്റ് എടുക്കില്ല

20. ബിജെപിക്കാരെ പ്രീതിപ്പെടുത്താൻ ബൈബിളിൽ ഭഗവത് ഗീതയിലെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്നു.

21. മെത്രാന്മാർക്കുള്ള വരവേല്പിനെ നിരുത്സാഹപ്പെടുത്തണം

22. നവീകരണക്കാരുടെ പ്രധാന ലക്ഷ്യം സാധാരണ വിശ്വാസിയെ സഭാസംബന്ധിയായ കാര്യങ്ങളിൽ ബോധവൽക്കരിക്കുകയും ചർച്ച്‌ ആക്റ്റ് നടപ്പിലാക്കാനുള്ള പരിശ്രമവുമായിരിക്കണം 

  ടെലികോൺഫെറൻസിൽ സംബന്ധിച്ച എല്ലാവർക്കും യോഗം വളരെ നന്നായി മോഡറേറ് ചെയ്ത ശ്രീ സി ജോർജിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

 KCRM - North America-യുടെ നാലാമത് ടെലികോൺഫെറൻസ് ജനുവരി 10, 2018 ബുധനാഴ്ച വൈകീട്ട് ഒൻപതുമണിയ്ക് (9 pm Eastern Standard time) നടത്തുന്നതാണ്. വിഷയം: "കേരള കത്തോലിക്ക സഭാ നവീകരണ പോരാളി ജോസഫ് പുലിക്കുന്നേലിൻ -  ഒരനുസ്മരണം". ടെലികോൺഫെറൻസിലേയ്ക്ക് എല്ലാവരെയും ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

 സത്യജ്വാലയുടെ നടത്തിപ്പിലേയ്ക്കായി ആറുപേരിൽനിന്നു കിട്ടിയ $ 890.00 KCRM - North America -യുടെ പേരിൽ നാട്ടിലേയ്ക്ക് അയച്ചിട്ടുണ്ടെന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. സംഭാവന തന്നവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. സംഭാവന നൽകാൻ നന്മനസുള്ളവർ ഞാനുമായി ബന്ധപ്പെടുമെന്ന് കരുതുന്നു 586 - 601 - 5195.

 സ്നേഹാദരവുകളോടെ,

ചാക്കോ കളരിക്കൽ

(ജനറൽ കോർഡിനേറ്റർ)

ഡിസംബർ 28, 2017

ജോസഫ് പുലിക്കുന്നേലിന്റെ ഒസ്യത്ത്


ഓശാനസ്ഥാപനങ്ങളും മാസികയും മലയാളം ബൈബിളും വഴി കേരള കത്തോലിക്കാസഭയില്‍ നവീകരണപ്രസ്ഥാനങ്ങള്‍ക്കെല്ലാം മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിച്ചിരുന്ന ജോസഫ് പുലിക്കുന്നേലിന്റെ മൃതദേഹം ഇന്നു രാവിലെ പതിനൊന്നുമണിക്ക് ഓശാനമൗണ്ടില്‍ ദഹിപ്പിക്കുന്നതാണ്.


കേരള ക്രൈസ്തവസഭയുടെ മഹത്തായ പാരമ്പര്യമായ മാര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും പുനഃസ്ഥാപിക്കുന്നതിന് സഹായകമായവിധം ജസ്റ്റീസ് വി. ആര്‍ കൃഷ്ണയ്യര്‍ കേരളസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള  കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ നടപ്പിലാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരിക്കും അദ്ദേഹത്തിനുവേണ്ടി നല്കാവുന്ന സമുചിതമായ അന്തിമോപചാരം. 

രണ്ടായിരത്തിയെട്ട് നവംബര്‍ മാസം 18ാം തീയതി എഴുതിവച്ച അദ്ദേഹത്തിന്റെ മരണപത്രത്തില്‍നിന്നുള്ള ശ്രദ്ധേയമായ ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു. 

77 വയസ്സാകുന്ന ഞാന്‍ മരണത്തിന്റെ ചിറകടി അങ്ങകലെനിന്നും ഇങ്ങടുത്തുനിന്നും കേള്‍ക്കുന്നുണ്ട്.

ഞാന്‍ എന്റെ ജീവിതകാലത്ത് എന്റെ പിതൃആര്‍ജ്ജിതസമ്പത്ത് കാത്തുസൂക്ഷിക്കുകയും എന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവര്‍ക്ക് ജീവിതസുരക്ഷ സൃഷ്ടിക്കുന്നതിനുംവേണ്ടി വിനിയോഗിച്ചു. ആശയതലത്തില്‍ കത്തോലിക്കാസമുദായത്തിനുള്ളില്‍ നവീകരണത്തിന്റെ ശംഖൊലിയായി ഓശാന മാസിക ആരംഭിച്ചു. ആ മാസിക സമൂഹത്തിന് എന്തു ഗുണം ചെയ്തു എന്ന് ചരിത്രം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എനിക്കുറപ്പുണ്ട്. അതുപോലെതന്നെ പൊതുസമൂഹത്തെ ജാതി-മത ഭേദമില്ലാതെ സേവിക്കുന്നതിന് ഓശാനമൗണ്ട് സ്ഥാപനങ്ങളും ഞാന്‍ സ്ഥാപിക്കുകയുണ്ടായി. എന്റെ മരണശേഷം ഇവയെക്കുറിച്ചുള്ള എന്റെ ദര്‍ശനങ്ങള്‍ പൊതുജനസമക്ഷം അവതരിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു.

1) എന്റെ സ്വത്തിനെ സംബന്ധിച്ചുള്ള മരണപത്രം

രണ്ടായിരത്തിയെട്ട് നവംബര്‍ മാസം 18ാം തീയതി ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പൂവരണി വില്ലേജില്‍ ഇടമറ്റം കരയില്‍ പുലിക്കുന്നേല്‍ മൂന്നുപീടിക വീട്ടില്‍ താമസിക്കുന്ന, പുലിക്കുന്നേല്‍ മിഖായേല്‍ സ്‌കറിയായുടെയും എലിസബത്തിന്റെയും മകനായ 76 വയസ്സുള്ള ജോസഫ് പുലിക്കുന്നേല്‍ എന്നു വിളിപ്പേരുള്ള സ്‌കറിയാ ജോസഫ് എന്ന ഞാന്‍, എന്റെ ഉടമസ്ഥതയിലും കൈവശാവകാശത്തിലും ഇരിക്കുന്നതുമായ എല്ലാ സ്ഥാവര ജംഗമവസ്തുക്കളെക്കുറിച്ചും, എന്റെ മരണശേഷം എങ്ങനെ വിനിയോഗിക്കണമെന്ന് എഴുതിവച്ച മരണപത്രം.

എന്റെ ഭാര്യ കൊച്ചുറാണി 2008 ഫെബ്രുവരി 22-ാം തീയതി ഇഹലോകവാസം വെടിഞ്ഞു. എനിക്ക് 76 വയസ് കഴിഞ്ഞു. ഇത്രയുംകാലം ആരോഗ്യത്തോടുകൂടി എന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തിന് നന്ദി പറയുന്നു. എന്റെ ഭൗതികസമ്പത്തിനെ സംബന്ധിച്ച് ഒരു മരണപത്രം(ംശഹഹ) എഴുതിവെയ്‌ക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു.

എന്റെ ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഇത്തരം ഒരു മരണപത്രത്തെക്കുറിച്ച് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ഈ മരണപത്രത്തില്‍ എന്റെ സാമൂഹ്യവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു.

എന്റെ പേരില്‍ കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പൂവരണി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 42-ല്‍ താഴെ പറയുംപ്രകാരം ഭൂസ്വത്തുണ്ട്. 

            1)         61/1      2.40 ആര്‍                      5.90 സെന്റ്

            2)         61/2      2 ഹെക്ടര്‍ 20.40 ആര്‍     5 ഏക്കര്‍ 44 സെന്റ്

            3)         61/7      1.90 ആര്‍                      4.70 സെന്റ്

            4)         61/4      0.95 ആര്‍                      2.30 സെന്റ്

            5)         61/4      3.64 ആര്‍                      9 സെന്റ്

            6)         61/4      36.83 ആര്‍                    91 സെന്റ്

                        ആകെ                           6 ഏക്കര്‍ 57 സെന്റ്

ടി സ്ഥലത്ത് എന്റെ പിതാവ് നിര്‍മ്മിച്ച മൂന്നുപീടികയില്‍ വീടും ഞാന്‍ നിര്‍മ്മിച്ച പുലിക്കുന്നേല്‍ ഓഡിറ്റോറിയവും ഞാനിപ്പോള്‍ താമസിക്കുന്ന നാലാം വീടും ഒരു പശുത്തൊഴുത്തും ജംഗമവസ്തുക്കളും ഉണ്ട്. എന്റെ ജനനകാലത്ത് (1932) എന്റെ പിതാവ് നിര്‍മ്മിച്ച മൂന്നുപീടികയില്‍ ഭവനം പൂര്‍ണമായും തടിയില്‍ നിര്‍മ്മിച്ചിട്ടുള്ളതും കേരളശില്പകലയ്ക്ക് ഒരു അപൂര്‍വമാതൃകയുമാണ്.

കഴിഞ്ഞ 34 കൊല്ലക്കാലമായി എന്റെ കഴിവനുസരിച്ച് ഞാന്‍ ജീവിക്കുന്ന സമൂഹത്തിന് നന്മ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ക്രൈസ്തവസമൂഹത്തില്‍ ഞാന്‍ കണ്ട ജീര്‍ണതയ്‌ക്കെതിരെയും ഞാന്‍ പോരാടി. എന്റെ ഈ പ്രവര്‍ത്തനങ്ങള്‍ എന്റെ മരണശേഷവും തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ടു ലക്ഷ്യങ്ങളോടുംകൂടിയാണ് ഈ മരണപത്രം ഞാന്‍ തയാറാക്കിയിരിക്കുന്നത്.

എന്റെ മരണശേഷം എന്റെ പേരിലുള്ള എല്ലാ സ്ഥാവരജംഗമ വസ്തുക്കളും ഞാന്‍ സ്ഥാപിച്ച പുലിക്കുന്നേല്‍ ഫൗണ്ടേഷന് നല്‍കുന്നു.

ഫൗണ്ടേഷന്റെ ചെലവുകളും കഴിഞ്ഞ് ബാക്കി തുക എന്റെ തീരുമാനമനുസരിച്ച് (a) പുലിക്കുന്നേല്‍ കുടുംബങ്ങളില്‍ വിദ്യാഭ്യാസത്തിനോ രോഗശുശ്രൂഷയ്‌ക്കോ ബുദ്ധിമുട്ടുന്ന വ്യക്തികള്‍ക്കും (b) മീനച്ചില്‍, തിടനാട്, ഭരണങ്ങാനം പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനും രോഗശുശ്രൂഷയ്ക്കുമായും ചെലവാക്കുന്നതിനും (c) സാഹിത്യം, പ്രസിദ്ധീകരണം, വിദ്യാഭ്യാസം, കല എന്നിവയുടെ വികസനത്തിനും (d) ആയുര്‍വേദം, പ്രകൃതിചികിത്സ എന്നിവയുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനുമായിരിക്കണം ചെലവഴിക്കേണ്ടത്.

അറ്റ വരുമാനത്തില്‍ 20 % തുക ഞാന്‍ സ്ഥാപിച്ച ഇഞഘട  എന്ന സംഘടനയുടെ കീഴിലുള്ള 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ്' എന്ന സ്ഥാപനത്തിനും ഞാന്‍ സ്ഥാപിച്ച 'ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ' എന്ന സംഘടനയ്ക്കും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.


ഇപ്പോഴത്തെ സാഹചര്യത്തില്‍ വസ്തുവില്‍നിന്നുള്ള വരുമാനം, സേവനപ്രവര്‍ത്തനത്തിനായി മിച്ചംവയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഫൗണ്ടേഷന് സ്വീകരിക്കാവുന്നതാണ്.

ട്രസ്റ്റ് സ്വത്തുക്കള്‍, ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ട്രസ്റ്റിന് വില്‍ക്കാവുന്നതാണ്. വിറ്റു കിട്ടുന്ന തുക ദേശസാല്‍കൃത ബാങ്കിലോ റിസര്‍വ് ബാങ്കിലോ നിക്ഷേപിക്കാവുന്നതും പലിശകൊണ്ട് ഈ മരണപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതുമാണ്.

ഈ മരണപത്രത്തില്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ തര്‍ക്കമില്ലാതെ നടപ്പാക്കേണ്ടതാണ്.

എന്റെ ഈ മരണപത്രത്തിനു പിന്നിലെ സാമൂഹികപ്രേരണ

എനിക്ക് വിവാഹിതരായ 3 പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഈശ്വരാനുഗ്രഹത്താല്‍ അവരുടെ സാമ്പത്തികനില ഭദ്രമാണ്. അതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. എന്റെ മകന്‍ രാജു ബാംഗ്ലൂരില്‍ സ്വന്തമായി ബിസിനസ്സ് ചെയ്യുന്നു. ബിസിനസില്‍ നല്ല വരുമാനമുണ്ട്. അവന്‍ കുടുംബസമേതം വീടുവെച്ച് അവിടെത്തന്നെ താമസിക്കുന്നു. തന്മൂലം അവന് എന്റെ ഭൂസ്വത്തും അതില്‍നിന്നുള്ള ആദായവും ജീവസന്ധാരണത്തിന് ആവശ്യവുമില്ല.

ഫ്യൂഡല്‍ കാര്‍ഷികവ്യവസ്ഥ

ഞാന്‍ ജനിച്ചതും എന്റെ ബാല്യം പിന്നിട്ടതും ഫ്യൂഡല്‍ കാര്‍ഷികവ്യവസ്ഥയുടെ കാലത്തായിരുന്നു. അന്ന് കൃഷിയായിരുന്നു പ്രധാനമായ ജീവസന്ധാരണമാര്‍ഗ്ഗം. എന്നാല്‍ ഇന്ന് ജീവസന്ധാരണമാര്‍ഗ്ഗങ്ങളില്‍ വൈവിധ്യം വന്നുചേര്‍ന്നിരിക്കുന്നു. ഫ്യൂഡല്‍ കാര്‍ഷികവ്യവസ്ഥയില്‍ പിതാവിന്റെ സ്വത്ത് മക്കള്‍ക്കുള്ളതാണ് എന്ന പാരമ്പര്യമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. പിതാവ് മക്കള്‍ക്കുവേണ്ടിയായിരുന്നു ഭൂമി സമ്പാദിച്ചിരുന്നത്. മക്കള്‍ക്ക് മറ്റു ജീവിതമാര്‍ഗ്ഗങ്ങള്‍ അക്കാലത്ത് വളരെ വിരളമായിരുന്നു. സമ്പത്തുള്ളവരുടെ മക്കള്‍ അദ്ധ്വാനിക്കാതെ പൂര്‍വികരുടെ അദ്ധ്വാനഫലം ആശ്രയിച്ചു ജീവിക്കുകയും പിന്‍തലമുറക്കുവേണ്ടി സമ്പത്ത് സമ്പാദിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു കുടുംബത്തില്‍ ശക്തമായി നിലനിന്നിരുന്ന പ്രേരണ. സമ്പന്നനായ പിതാവിന്റെ മക്കള്‍ അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഗുണഭോക്താക്കളാകും എന്ന ഇന്നത്തെ ധാരണ പലപ്പോഴും നെറ്റിയിലെ വിയര്‍പ്പിനെ ആശ്രയിക്കാതെ പിതാക്കന്മാരുടെ നെറ്റിയിലെ വിയര്‍പ്പിനെ ആശ്രയിച്ച് ജീവിക്കാന്‍ മക്കളെ പ്രേരിപ്പിച്ചു.  മക്കള്‍ ഇതരജീവിതമാര്‍ഗ്ഗങ്ങളില്‍ പ്രവേശിച്ച് ക്രമമായ വരുമാനമുള്ളവരാണെങ്കില്‍പ്പോലും ആ വരുമാനത്തിനുപുറമെ പിതാക്കന്മാരുടെ കൃഷിഭൂമികള്‍ സ്വന്തമായി വെക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. ഇങ്ങനെ ഒരേ അവസരത്തില്‍ രണ്ടു സ്രോതസ്സുകളിലുള്ള വരുമാനം സ്വന്തമാക്കിവെക്കുന്ന ഒരു സമൂഹവ്യവസ്ഥ വ്യക്തിയില്‍ സമ്പത്ത് കുന്നുകൂടുന്നതിന് സഹായകമായിത്തീരും. മാത്രമല്ല, കൃഷിഭൂമി കൃഷിക്കാരില്‍നിന്നും മാറ്റി ഉദ്യോഗസ്ഥന്മാരിലേക്കോ ബിസിനസ്സുകാരിലേക്കോ എത്തിപ്പെടുകയും തന്മൂലം യഥാര്‍ത്ഥ കൃഷിക്കാരന് കൃഷിഭൂമി ലഭ്യമാകാതെ വരികയും ചെയ്യുന്നു. ഇത് പാടില്ലെന്നാണ് എന്റെ വിനീതമായ സാമൂഹികാഭിപ്രായം. സ്വന്തമായി ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന മക്കള്‍ക്ക് പൂര്‍വ്വാര്‍ജ്ജിതകൃഷിഭൂമി നല്‍കുന്നത് സാമ്പത്തികസമതുലിതാവസ്ഥക്കും കൃഷിക്കും വിനയായിത്തീരും. ഇത്തരം അവസരങ്ങളില്‍ സ്വന്തമായി ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നവര്‍ പൂര്‍വാര്‍ജിതസ്വത്ത് സമൂഹത്തിന്റെ പൊതുനന്മയ്ക്കായി വിട്ടുകൊടുക്കണം എന്നാണ് എന്റെ എളിയ ആഗ്രഹം. എന്റെ മക്കളെല്ലാവരും സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നവരാണ്. അവരൊന്നുംതന്നെ കാര്‍ഷികവൃദ്ധിയില്‍നിന്നും ജീവിതസന്ധാരണം കണ്ടെത്തേണ്ടതില്ല. ആ സാഹചര്യത്തില്‍ എന്റെ ഭൂസ്വത്തുകൂടി അവരുടെ സമ്പത്തിനെ വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് എന്റെ സാമൂഹികവീക്ഷണത്തില്‍ ശരിയാണെന്ന് തോന്നുന്നില്ല. എന്റെ പേരില്‍ ഇന്ന് 6 ഏക്കര്‍ 57 സെന്റ് സ്ഥലവും എന്റെ തറവാട് പുരയും കൂടാതെ പുലിക്കുന്നേല്‍ ഓഡിറ്റോറിയവും സ്വന്തമായിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ പ്രമുഖ ക്രൈസ്തവ കുടുംബങ്ങളുടെ മരണപത്രത്തില്‍ പൊതുജനങ്ങള്‍ക്കായി കുറെ വസ്തുവകകള്‍ നീക്കിവെക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. അത് പലപ്പോഴും പള്ളികള്‍ക്കാണ് നല്‍കിപ്പോന്നത്. ഒരു ഫൗണ്ടേഷന്‍ എന്ന നിലയില്‍ പള്ളികള്‍ ദാതാവിന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കും എന്ന പ്രതീക്ഷ പണ്ടുകാലത്തുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പള്ളികള്‍ക്കോ പള്ളിവക സ്ഥാപനങ്ങള്‍ക്കോ നല്‍കുന്ന ഇഷ്ടദാനങ്ങളൊന്നും അതിന്റെ ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കാറില്ല. തന്മൂലം ഓരോ കുടുംബങ്ങളും പൊതുജന സഹായത്തിനായി കുടുംബഫൗണ്ടേഷനുകള്‍ സ്ഥാപിക്കുന്നത് നന്നായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

എന്റെ മരണശേഷം നിയമപരമായി ഈ വസ്തുക്കള്‍ കൈവശം വെക്കുകയും എന്റെ താല്പര്യമനുസരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നതിന് പുലിക്കുന്നേല്‍ ഫൗണ്ടേഷനെ ഞാന്‍ ചുമതലപ്പെടുത്തുന്നു.  എന്റെ മരണശേഷം ഉടനടി പുലിക്കുന്നേല്‍ ഫൗണ്ടേഷന്‍ എന്റെ സ്ഥാവരജംഗമവസ്തുക്കളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കേണ്ടതാണ്.

2002 ഏപ്രില്‍ 14-ാം തീയതി ഞാന്‍ എഴുതി പ്രസിദ്ധീകരിച്ച 'എന്റെ ശേഷക്രിയകള്‍' എന്ന ലഘുലേഖയില്‍ 7-ാം ഖണ്ഡിക ഞാന്‍ തിരുത്തുന്നു. എന്റെ മൃതദേഹസംസ്‌കാരം പുലിക്കുന്നേല്‍ ഫൗണ്ടേഷന്‍ അംഗങ്ങളുടെ മേല്‍വിചാരത്തില്‍ വേണം നടത്താന്‍. മൃതദേഹ സംസ്‌കാരത്തിനുള്ള സ്ഥലം തെരഞ്ഞെടുക്കേണ്ടത് ഫൗണ്ടേഷന്‍ അംഗങ്ങളാണ്. അതിനുള്ള ചെലവ് ഞാന്‍ അവരെ ഏല്പിച്ചിട്ടുണ്ട്. പ്രസ്തുത ലഘുലേഖയില്‍ 11-ാം ഖണ്ഡിക ഇങ്ങനെ ഞാന്‍ തിരുത്തുന്നു. മൃതദേഹം വെയ്ക്കാനുള്ള പെട്ടി ഞാന്‍ പണിതു വെച്ചിട്ടുണ്ട്. മറ്റെല്ലാ നിര്‍ദ്ദേശങ്ങളും നിലനിര്‍ത്തുന്നു.

ഞങ്ങള്‍, ഞങ്ങളുടെ കുടുംബപ്രാര്‍ത്ഥനയില്‍ നിത്യം ചൊല്ലിവന്നിരുന്ന പ്രാര്‍ത്ഥനയിലെ ഈ ഭാഗം പ്രത്യേകം ഓര്‍ക്കുക. ''കൊടുക്കുമ്പോഴാണ് നമുക്ക് ലഭിക്കുന്നത്.''

എന്റെ മരണശേഷം ഈ മരണപത്രം അച്ചടിച്ച് ജനങ്ങള്‍ക്ക് നല്‍കേണ്ടതാണ്.

ഇടമറ്റം                                                  ജോസഫ് പുലിക്കുന്നേല്‍

18-11-2008                                             (സ്‌കറിയാ ജോസഫ്)
 NB
ഓശാനമൗണ്ട് സ്ഥാപനങ്ങളെ സംബന്ധിച്ച്, ഓശാനയെപ്പറ്റി എന്നീ ഭാഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍