2012 ഓഗസ്റ്റ് ലക്കം 'സത്യജ്വാല'യിലെ എഡിറ്റോറിയല്‍
കേരളത്തിലെ മൂന്നു കത്തോലിക്കാ റീത്തുകളിലെ മെത്രാന്മാര്‍ ഉള്‍പ്പെട്ട
കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) 2012
ജൂലൈയില്‍, എറണാകുളത്തു പി.ഒ.സി-യില്‍ ചേര്‍ന്ന് ചില
തീരുമാനങ്ങളെടുക്കുകയുണ്ടായി. രുപതാ വൈദികപ്രതിനിധികളും സന്ന്യാസി സമൂഹങ്ങളുടെ
മേജര്‍ സൂപ്പീരിയര്‍മാരുംകൂടി ഈ യോഗത്തില്‍ പങ്കെടുത്തുവത്രെ. എന്നാല്‍, അത്മായസമൂഹത്തെ നേരിട്ടുബാധിക്കുന്ന തീരുമാനങ്ങളെടുത്ത ഈ യോഗത്തില്‍
മെത്രാന്‍ നേതൃത്വത്തിലുള്ള അത്മായസംഘടനകളില്‍നിന്നുപോലും -പഴയ കത്തോലിക്കാ കോണ്‍ഗ്രസില്‍നിന്നോ,
അഭിനവ അല്മായ കമ്മീഷനില്‍നിന്നുപോലുമോ- ഒരു പ്രതിനിധിയെങ്കിലും
ഉണ്ടായിരുന്നതായി വാര്‍ത്തകളില്‍ സൂചനയില്ല.
വിശ്വാസികളില്‍നിന്ന് അവരുടെ വരുമാനത്തിന്റെ ദശാംശം പിരിക്കണമെന്നതാണ്
പ്രധാനപ്പെട്ട ഒരു തീരുമാനം. സഭയുടെ ആധികാരികപ്രബോധനങ്ങളെ കേന്ദ്രീകരിച്ചുള്ളതല്ലാത്ത
വ്യക്തിഗത ആത്മീയാന്വേഷണങ്ങളെയും മതേതരചിന്തകളെയും സഭാപരമായി ചെറുക്കണമെന്നതാണ്
മറ്റൊരു തീരുമാനം. വേറെയുമുണ്ടു തീരുമാനങ്ങള്‍: പള്ളിയെ 'കോണ്‍ക്രീറ്റു
ജങ്കിള്‍' ആക്കാന്‍ പാടില്ല, വിശ്വാസികള്‍
രാഷ്ട്രീയരംഗത്ത് ഇടപെടണം, അന്ധവിശ്വാസത്തിനു കാരണമാകുന്ന
അനുഷ്ഠാനങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്, ദരിദ്രര്‍ക്കു
സഭയില്‍ പ്രത്യേക പരിഗണന കൊടുക്കണം, അന്യസംസ്ഥാന
തൊഴിലാളികള്‍ക്ക് അജപാലനശുശ്രൂഷ ഉറപ്പാക്കണം, ദളിത്
ക്രൈസ്തവരുടെ അന്തസ് ഉയര്‍ത്തണം, മതസൗഹാര്‍ദ്ദസമിതികള്‍ രൂപീകരിക്കണം,
'ശാലോം ടീവി'യും, 'ഗുഡ്‌നസ് ടീവി'യും പ്രോത്സാഹിപ്പിക്കണം...
എല്ലാം പരിഹാസച്ചിരിയുണര്‍ത്തുന്നവ.
ദശാംശം
ദശാംശംപോയിട്ട് നേര്‍ച്ചപോലും നല്‍കാത്ത മെത്രാന്മാരും
വൈദിക-സന്ന്യസ്തപ്രതിനിധികളുമാണ് വിശ്വാസികള്‍ ദശാംശം
നല്‍കണമെന്നു വിധിച്ചിരിക്കുന്നത്! ഈ ഒറ്റക്കാരണംകൊണ്ടുതന്നെ മെത്രാന്മാരുടെ ഈ
തീരുമാനം അസാധുവാണെന്നു സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാം. 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' ((No taxation without representation) എന്ന തത്വം മനുഷ്യന്‍ ജനാധിപത്യത്തിലേക്കു
പദംവച്ചപ്പോള്‍ത്തന്നെ രൂപംകൊണ്ടതാണ്. പ്രാതിനിധ്യമില്ലാത്ത നിയമനിര്‍മ്മാണത്തിന്റെയും
തീരുമാനങ്ങളുടെയും കാര്യവും അങ്ങനെതന്നെയാണ്-അതൊന്നും പാലിക്കപ്പെടേണ്ടതല്ലതന്നെ.
പഴയനിയമയത്തിലെവിടെയൊക്കെയോ ഉള്ള പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കി യാണ്
പള്ളിക്കു ദശാംശം കൊടുക്കണമെന്നത് ബൈബിളധിഷ്ഠിതമാണെന്നു പുരോഹിതാധികാരികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഒന്നാമതായി, പഴയനിയമ ത്തില്‍പ്പറയുന്ന ആചാരാനുഷ്ഠാനങ്ങള്‍
പാലിക്കാന്‍ ക്രൈസ്തവര്‍ ബാദ്ധ്യസ്ഥരല്ല. അല്ലെങ്കില്‍,
ശാശ്വതം എന്ന നിലയില്‍ പഴയനിയമത്തില്‍ അനുശാസിക്കുന്ന ഛേദനാചാരം ക്രൈസ്തവര്‍
എന്തുകൊണ്ട് ആചരിക്കുന്നില്ല? അങ്ങനെ കാലഹരണപ്പെട്ട
എത്രയോ പുരോഹിതനിയമങ്ങള്‍ പഴയനിയമത്തില്‍ എഴുതിവച്ചിട്ടുണ്ട്! അതൊന്നും
പാലിക്കേണ്ടതില്ലെങ്കില്‍പ്പിന്നെ ദശാംശനിയമത്തി നെന്താണൊരു പ്രത്യേക പ്രസക്തി?
പഴയനിയമത്തില്‍പ്പോലും, വിധവകള്‍ക്കും അനാഥര്‍ക്കും,
ഭൂമി അവകാശമായി ലഭിക്കാത്ത ലേവ്യര്‍ക്കും ആവശ്യമുള്ള ഭക്ഷണപദാര്‍ത്ഥങ്ങളായിരുന്നു
ദശാംശമായി കൊടുത്തിരുന്നത്. അതും സ്വന്തം ഇഷ്ടപ്രകാരം കൊടുക്കുകയായിരുന്നു;
നിയമത്തിലൂടെ പിടിച്ചുമേടിക്കുകയായിരുന്നില്ല. ചുരുക്കത്തില്‍, പഴയനിയമവചനങ്ങളെ ചികഞ്ഞെടുത്തു ദുര്‍വ്യാഖ്യാനിച്ച് പുതിയ നിയമവിശ്വാസികളെ
കബളിപ്പിക്കുവാനുള്ള തീരുമാനമാണ് കെ.സി.ബി.സി എടുത്തിരിക്കുന്നത്. സമുദായത്തെ ഈ
കബളിപ്പിക്കലിന് വിട്ടുകൊടുക്കാന്‍ നാം അനുവദിച്ചുകൂടാ.
ഏറ്റം
വലിയ ഒരു സാമ്പത്തികശക്തിയായി വളര്‍ന്നുകഴിഞ്ഞ കേരളത്തിലെ കത്തോലിക്കാ സഭയ്‌ക്കെവിടെയാണു
ദാരിദ്ര്യം?
വിശ്വാസിസമൂഹം നല്‍കിയ സ്വത്തുക്കളും സംഭാവനകളും നേര്‍ച്ചകാഴ്ചകളുംകൊണ്ട്
സമ്പത്തു കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന സഭ, അതുകൊണ്ടൊക്കെ
എന്തു സാധുജനസംരക്ഷണമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്? ദരിദ്രര്‍ക്കു പ്രത്യേക പരിഗണന കൊടുക്കണമെന്നും ദളിത് ക്രൈസ്തവരുടെ
അന്തസ്സുയര്‍ത്തണമെന്നും പറയുന്ന ഈ സമ്പന്നസഭ ആ ദിശയില്‍ എന്തൊക്കെയാണിന്നുവരെ
ചെയ്തത്? ഇടവകകളില്‍നിന്നു മാസാമാസം
രൂപതയ്ക്കുകൊടുക്കുന്ന ദശാംശത്തിലേറെവരുന്ന കപ്പവും, ഷോപ്പിംഗ്
കോപ്ലക്‌സുകളില്‍നിന്നും എസ്റ്റേറ്റുകളില്‍നിന്നും സ്വാശ്രയസ്ഥാപനങ്ങളില്‍നിന്നു മൊക്കെ
കിട്ടിക്കൊണ്ടിരിക്കുന്ന ഭീമമായ വരുമാനങ്ങളുമൊക്കെ എത്രയെന്നോ എങ്ങനെ വിനിയോഗിക്കുന്നുവെന്നോ ഒന്നും ഈ സഭയിലെ ദൈവജനം അറിയുന്നു പോലുമില്ല.
അവര്‍ക്കറിയാവുന്നത് മറ്റുചില കാര്യങ്ങളാണ്:സ്വന്തം ഭൂമിയും പണവും
അദ്ധ്വാനവുംകൊണ്ട് തങ്ങള്‍ക്കുവേണ്ടി അവര്‍ പ്രാര്‍ത്ഥനാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും
പാരിഷ് ഹാളുകളും സെമിത്തേരികളുമുണ്ടാക്കുന്നു. എന്നാല്‍, മെത്രാന്‍
വന്നു വെഞ്ചരിക്കുന്നതോടെ അതെല്ലാം അവരുടെ കൈയില്‍നിന്നു പോകുകയും, വികാരിയുടെയും മെത്രാന്റെയും മാര്‍പ്പാപ്പായുടേതുമൊക്കെയാവുക യുമാണെന്ന്
അവര്‍ക്കറിയാം. ദശാംശം നോക്കാതെ നല്‍കി പടുത്തുയര്‍ത്തിയതെല്ലാം പുരോഹിതാധികാരികളുടെ
വരുമാനമാര്‍ഗ്ഗങ്ങളും അവര്‍ കൈയാളുന്ന സഭാവ്യവസ്ഥ യുടെ മൂലധനവുമായി
മാറിയിരിക്കുന്നു എന്നും അവര്‍ക്കറിയാം. എല്ലാം നല്‍കിയവരും ഉണ്ടാക്കിയവരുമായ
വിശ്വാസികള്‍ ഓരോ കാര്യത്തിനുമായി വീണ്ടും വീണ്ടും പണം നല്‌കേണ്ടി വരുന്നു എന്നും
അവര്‍ക്കറിയാം. പണത്തിനും പുരോഹിതരുടെ പ്രാധാന്യം കൂട്ടിക്കൊണ്ടുവരുന്നതിനുമായി,
ജനനം മുതല്‍ മരണംവരെയുള്ള സകല ജീവിത മുഹൂര്‍ത്തങ്ങളും പുരോഹിത
ചടങ്ങുകള്‍ക്കുള്ള വേദികളാക്കിയിരിക്കുന്നതും അവരറി യുന്നു. അവരുടെ സ്വന്തം പാരീഷ്
ഹാളുകള്‍ക്ക് അവര്‍ വന്‍തുക വാടക നല്‍കേണ്ടി വന്നിരിക്കുന്നു! സ്വന്തം ആവശ്യത്തിനു
നിര്‍മ്മി ച്ച സിമിത്തേരിയിലെ ആറടിമണ്ണിന് ലക്ഷക്കണക്കിന് രൂപാ അവര്‍ നല്‍കേണ്ടിവന്നിരിക്കുന്നു!
'ദൈവത്തെയും മാമോനെയും ഒന്നിച്ചുസേവിക്കാന്‍ ആര്‍ക്കുമാവില്ല' എന്നു യേശു പറഞ്ഞു. അതിന്റെ വെളിച്ചത്തില്‍ നോക്കിയാല്‍, ക.സി.ബി.സി-യുടേത് മാമോന്‍ സേവയാണെന്ന് ആര്‍ക്കും കാണാം. അവരുടെ നിക്ഷേപവും
ഹൃദയവും പണപ്പെട്ടിയിലാണ്. ദൈവത്തിലേക്കെന്നു ഭാവിച്ച് മാമോനിലേക്കു മനുഷ്യരെ
നയിക്കുന്ന അന്ധരായ ഈ വഴികാട്ടികളെ അനുസരിക്കുകയെന്നാല്‍ ദൈവത്തെ നിഷേധി ക്കുകയെന്നാണര്‍ത്ഥം.
തങ്ങളുടെ ഈ അന്ധത മറ്റാരും മനസ്സിലാക്കാതിരിക്കാനാണ് ഇവര്‍ സ്വയം
അപ്രമാദിത്വം കല്പിച്ച് തങ്ങളുടെ വ്യാഖ്യാനങ്ങളും പ്രഖ്യാപനങ്ങളും ആധികാരികമാണെന്നു
സ്വയം വിളംബരംചെയ്യുന്നത്; അതിനു പുറത്തുള്ള
ദൈവാന്വേഷണത്തിനോ സ്വതന്ത്രചിന്തയ്‌ക്കോ ആരും മുതിരരുതെന്നു വിലക്കുന്നത്. 'നിങ്ങള്‍ സ്വര്‍ ഗ്ഗരാജ്യം മനുഷ്യരുടെ മുമ്പില്‍ അടച്ചുകളയുന്നു'
എന്ന് അന്നത്തെ പുരോഹിതരെ നോക്കി യേശു പറഞ്ഞുവെങ്കില്‍, അതിന്നും അങ്ങനെതന്നെയാണെന്ന് ഇവര്‍തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇത്
കേരളത്തില്‍ മാത്രമാണെന്നു ധരിക്കേണ്ട; രണ്ടാം
വത്തിക്കാന്‍ സൂനഹദോസിന്റെ 50-ാം വാര്‍ഷികം പ്രമാണിച്ച്
മാര്‍പ്പാപ്പാ ഈയിടെ ഇറക്കിയിരിക്കുന്ന ഒരു രേഖയനുസരിച്ച്, വേദപാഠ അദ്ധ്യാപകര്‍ സഭയുടെ ആധികാരിക പ്രഖ്യാപനങ്ങളെയെല്ലാം നിരുപാധികം
അംഗീകരിക്കുന്നു എന്നു പ്രതിജ്ഞചെയ്ത് വൈദികന് ഒപ്പിട്ടു നല്‍കണമത്രേ! (കാണുക,
പേജ് 15)
പരിശുദ്ധാത്മാവിന്റെ പ്രത്യേക ഉള്‍വെളിച്ചമൊന്നും
കിട്ടിയിട്ടില്ലെങ്കിലും, സാമാന്യബുദ്ധി യുടെ
വെളിച്ചത്തില്‍ നമ്മുടെ മെത്രാന്മാര്‍ക്ക് അല്പമൊക്കെയൊന്നു
ചിന്തിച്ചുനോക്കി ക്കൂടേ? മനുഷ്യാവകാശങ്ങളെപ്പറ്റിയും സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെപ്പറ്റിയു മൊക്കെ കൂടുതല്‍ അവബോധം മനുഷ്യര്‍
നേടിക്കൊണ്ടിരിക്കുന്ന ആധുനികകാലഘട്ട ത്തില്‍, ഇത്ര ബാലിശമായ
ചിന്തകളും ഇത്രയും ധാര്‍ഷ്ട്യവും പാടുണ്ടോ? അതു
വിലപ്പോകുമെന്നു കരുതുന്നതു മൗഢ്യമാണെന്നു കാണാനുള്ള തെളിമയെങ്കിലും ഇവരുടെ ബുദ്ധിക്കുണ്ടാകേണ്ടതില്ലേ?
ആധ്യാത്മികമൂല്യങ്ങള്‍ക്കും
ധാര്‍മ്മികതയ്ക്കും മനുഷ്യാന്തസ്സിനും എതിരായുള്ള തീരുമാന ങ്ങളെടുത്ത് സഭാധികാരികള്‍
ധാര്‍ഷ്ട്യത്തോടെ നീങ്ങുകയാണെങ്കില്‍, ദൈവജനമായ വിശ്വാസികള്‍
എന്താണു ചെയ്യേണ്ടത്? ഇത്തരം സന്ദര്‍ഭങ്ങളില്‍
കൈയും കെട്ടിയിരുന്നു പ്രാര്‍ത്ഥിച്ചാല്‍ മതിയോ? പകരം,
അവനവനില്‍ നിക്ഷിപ്തമായിരിക്കുന്ന ദൈവികതയെ, ആദ്ധ്യാത്മികതയെ, ധാര്‍മ്മികതയെ തട്ടിയുണര്‍ത്തേണ്ടതില്ലേ?
ദൈവികത ഭയമെന്തെന്നറിയുന്നില്ല. അങ്ങനെയെങ്കില്‍, വിശ്വാസികളെ കൊള്ള ചെയ്യാനും, ചിന്താശേഷി
ഇല്ലാത്തവരാക്കി 'പിമ്പേ ഗമിക്കുന്ന' വെറും കാലിക്കൂട്ടങ്ങളാ ക്കാനുമുദ്ദേശിച്ചുള്ള ഇത്തരം ആധികാരിക തീരുമാനങ്ങളെയും
തീട്ടുരങ്ങളെയും ഒരു കാലത്തും വകവയ്ക്കില്ല എന്നു പരസ്യമായി പ്രഖ്യാപിക്കാന്‍ ഈ
സമൂഹമൊന്നായി മുന്നിട്ടിറങ്ങേണ്ടതില്ലേ? സഭാധികാരികള്‍ക്കെതിരെ
നിയമനിഷേധത്തിന്റെ ഒരു പരമ്പര തന്നെ ഇവിടെ അരങ്ങേറേണ്ടതില്ലേ?
ഏതായാലും കെ.സി.ബി.സി-യുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു
സംയുക്ത ഇടയലേഖനമിറക്കാതിരിക്കാനുള്ള വിവേകമെങ്കിലും മെത്രാന്മാര്‍ കാണിക്കും
എന്നു പ്രതീക്ഷിക്കാം. അല്ലെങ്കില്‍, കേരളത്തിലെ
തെരുവുമൂലകളിലും നഗരപ്രാന്തങ്ങളിലും, രൂപതാ ആസ്ഥാനങ്ങളില്‍തന്നെയും
അതു കത്തിച്ചാമ്പലാകുന്ന സാഹചര്യം ഉണ്ടായേക്കാം.
ജോര്‍ജ് മൂലേച്ചാലില്‍, എഡിറ്റര്‍
No comments:
Post a Comment