Translate

Friday, September 21, 2012

കത്തോലിക്കരുടെ അച്ചന്‍പേടി


                                                                          ജോയ് പോള്‍ പുതുശ്ശേരി
പണ്ടത്തെ കാലത്ത് ജനങ്ങള്‍ക്കിടയില്‍ ‘പുലപേടി’, ‘പറപേടി’ എന്നിങ്ങനെ പലതരം പേടികള്‍ നിലവിലുണ്ടായിരുന്നു. കാലപ്രവാഹത്തില്‍ സമൂഹത്തില്‍ ആധുനിക വിദ്യാഭ്യാസവും ശാസ്ത്രബോധവും പ്രചുരപ്രചാരം നേടിയപ്പോള്‍ അന്ധവിശ്വാസജടിലവും അടിസ്ഥാനരഹിതവുമായ ഇത്തരം ഭയങ്ങള്‍ ജനങ്ങളെവിട്ട് അകന്നുപോയി. എന്നാല്‍ കത്തോലിക്കാവിശ്വാസികളെ ഇന്നും അലട്ടിക്കൊണ്ടിരിക്കുന്ന മറ്റൊരു പേടി നിലവിലുണ്ട്, അച്ചന്‍ പേടി. ളോഹയിട്ട പുരോഹിതന്മാരെ കണ്ടാല്‍ കത്തോലിക്കരുടെ മുട്ടുവിറയ്ക്കും. പുരോഹിതരുടെ മുഖം കറുത്താല്‍ അവരുടെ അടിവസ്ത്രം നനയും. കത്തോലിക്കര്‍ ധീരരായ ചാരുകസേര വിമര്‍ശകരാണ്. പുരോഹിതരില്‍നിന്ന് ചെവിപ്പാട് അകലത്തില്‍ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിന്റെ അകത്തളങ്ങളില്‍ ചാരുകസേരയില്‍ അമര്‍ന്ന്കിടന്ന് പുരോഹിതരെ എത്രവേണമെങ്കിലും വിമര്‍ശിക്കാന്‍ അവര്‍ ധൈര്യം കാണിക്കും. പത്തുപേര്‍ ഒത്തുകൂടുന്ന കല്ല്യാണവീട്ടിലൊ മരണവീട്ടിലൊ ചെന്നാലും പുരോഹിതരാരും കേള്‍വിവട്ടത്തിലില്ലെങ്കില്‍ മുഖ്യസംഭാഷണവിഷയം പുരോഹിതവിമര്‍ശനമാകും. എന്നാല്‍ അവര്‍ ഇരിക്കുന്ന മുറിയില്‍ ഒരു പുരോഹിതന്റെ സാന്നിധ്യം വേണ്ട ളോഹ തൂക്കിയിട്ടാല്‍മാത്രം മതി ഇക്കൂട്ടരുടെ നാവ് തൊണ്ടവഴി താഴേക്ക് ഇറങ്ങിപ്പോകും. 
കത്തോലിക്കരൊഴിച്ച് മറ്റൊരു മതവിഭാഗത്തിനും അവരുടെ പുരോഹിതരോടൊ പൂജാരിമാരോടൊ ഇത്തരം ഭയവികാരമില്ല. കത്തോലിക്കര്‍ ഉള്‍പ്പടെ എല്ലാ മതവിഭാഗങ്ങളിലേയും പുരോഹിതരേയും പൂജാരിമാരേയും വിശ്വാസികള്‍ക്കുവേണ്ട പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ വേതനം കൊടുത്ത് നിയമിച്ചിട്ടുള്ളവരാണ്. മറ്റൊരു മതത്തിലും വിശ്വാസികളെ പുരോഹിതര്‍ കയറി ഭരിക്കാറില്ല. അതിന് അവരെ അനുവദിക്കാറുമില്ല. എന്നാല്‍ കത്തോലിക്കരില്‍ ശാന്തിക്കാരന്‍ ഊരായ്മക്കാരനായി മാറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നുത്. ളോഹയിട്ടവരാണെന്ന ഹുങ്കില്‍ അവര്‍ വിശ്വാസികളെ അടക്കിവാഴുന്നു. ളോഹയിട്ടവര്‍ക്ക് സാധാരണ വിശ്വാസികളെക്കാള്‍ ആറു മീറ്റര്‍ തുണിയുണ്ടെന്നതൊഴികെ പ്രത്യേക മേന്മയൊന്നുമില്ല. ഇന്നത്തെ കാലത്ത് പത്താം ക്ലാസ്സില്‍ ഉന്നതമാര്‍ക്കോടെ വിജയം വരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനം നടത്തി ഡോക്ടറൊ, എഞ്ചിനിയറൊ, ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരൊ, കോളജ് അധ്യാപകരൊ, കമ്പനി മേലധികാരികളൊ, വിവര സാങ്കേതിക വിദഗ്ധരൊ ആയിത്തീരുന്നു. കഷ്ടിച്ച് 35 ശതമാനം മാര്‍ക്കോടെ പത്താംതരം കടന്നുകൂടുന്നവരുടെ മുമ്പില്‍ ഇത്തരം വഴികളൊന്നുമില്ല. സാമ്പത്തികമായ പിന്നോക്കാവസ്ഥയുള്ള കുടുംബങ്ങളില്‍പെട്ടവരാണ് ഇവരില്‍ ഭൂരിപക്ഷവും. അവര്‍ക്ക് പലവ്യഞ്ജനക്കടയിലെ ജോലിയൊ കൈത്തൊഴിലുകളൊ സ്വീകരിച്ച് ജീവിക്കേണ്ടിവരുന്നു. മൂന്നു നേരം തികച്ച് ഭക്ഷണം കഴിക്കാനൊ, ഭംഗിയായ വസ്ത്രങ്ങള്‍ ധരിക്കാനൊ വീട്ടിലെ ദാരിദ്ര്യം ഇവരില്‍ മിക്കവരേയും അനുവദിക്കുന്നില്ല. കത്തോലിക്കരായ ഇത്തരക്കാര്‍ക്ക് പിന്നെ ലഭിക്കാവുന്ന ഏറ്റവും മാന്യമായ തൊഴിലാണ് പുരോഹിതവൃത്തി. സുഭിക്ഷമായ ആഹാരവും മറ്റു ജീവിതസൗകര്യങ്ങളുമാണ് അവരെ അവിടെ കാത്തിരിക്കുന്നത്. ഇത്തരക്കാര്‍ പിന്നീട് ‘റവ. ഡോക്ടര്‍’മാരായി വിശ്വാസികളെ ഭരിക്കാനെത്തുന്നു. വിശ്വാസികള്‍ അവരുടെ മുന്നില്‍ ഓച്ഛാനിച്ച് വാക്കൈപൊത്തി നില്‍ക്കുകയും മുട്ടിലിഴയുകയും കൈമുത്തുകയും ചെയ്ത് വണങ്ങുന്നു. കോടാനുകോടി വരുന്ന വിശ്വാസികളുടെ സമ്പത്ത് ആരോടും കണക്കുബോധിപ്പിക്കാതെ ഇഷ്ടാനുസരണം ചെലവഴിക്കാനുള്ള അവകാശവും പുരോഹിതരാകുന്നതോടെ ഇക്കൂട്ടര്‍ക്ക് ലഭിക്കുന്നു. വിശ്വാസികളുടെ ചെലവില്‍ നല്ലൊരു ജീവിതം ഇവര്‍ക്ക് ലഭിക്കുന്നതില്‍ ഞങ്ങള്‍ എതിരല്ല. എന്നാല്‍ വിശ്വാസികളുടെ പണത്തിന്റെ ബലത്തില്‍ വിശ്വാസികളുടെ തലയില്‍ കയറിയിരുന്ന് നിരങ്ങുകയും അവരെ അടിമകളാക്കി കാല്‍ക്കീഴിലിട്ട് ചവിട്ടിയരയ്ക്കുകയും ചെയ്യുന്നതിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്. 
ഒരു കത്തോലിക്കനെ സംബന്ധിച്ചിടത്തോളം അവശ്യം അവശ്യമായി കരുതപ്പെടുന്ന മാമോദീസാ, വിവാഹം, ശവസംസ്‌കാരം തുടങ്ങിയ കര്‍മ്മങ്ങള്‍ നിഷേധിക്കപ്പെടുമൊ എന്നുള്ളതാണ് കത്തോലിക്കരുടെ പുരോഹിതരോടുള്ള ഭയത്തിന്റെ അടിസ്ഥാനം. ഇത്തരം കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് നടത്തിക്കൊടുക്കുവാനാണ് പള്ളികള്‍ തോറും പുരോഹിതരെ ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിട്ടുള്ളത്. ഇത്തരം കര്‍മ്മങ്ങള്‍ നടത്തിക്കൊടുക്കേണ്ടത് പുരോഹിതന്റെ കര്‍ത്തവ്യമാണ്. ഇല്ലെങ്കില്‍ അത് കര്‍ത്തവ്യവിലോപമാണ് (dereliction of duty). സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നെങ്കില്‍ കര്‍ത്തവ്യവിലോപത്തിന് അച്ചടക്കനടപടി നേരിടേണ്ടി വരുമായിരുന്ന കുറ്റം. എന്നാലും ഇത്തരം ഘട്ടങ്ങളില്‍ വിശ്വാസികള്‍ക്ക് അവലംബിക്കാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്.
ഏതെങ്കിലും പുരോഹിതന്‍ വിശ്വാസിക്ക് സഭാപരമായ മരിച്ചടക്ക് നിഷേധിച്ചാല്‍ അയാളുടെ ബന്ധുക്കള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 297 വകുപ്പ് പ്രകാരം പുരോഹിതനെതിരെ ക്രിമിനല്‍ കേസ് കൊടുക്കാന്‍ അവകാശമുണ്ട്. കേസ് തീരുമാനമാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കാതെവെക്കാന്‍ കഴിയില്ലല്ലൊ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. തല്‍ക്കാലം മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുക. പിന്നീട് മൃതസംസ്‌കാരം നിഷേധിച്ച പുരോഹിതനെക്കൊണ്ടുതന്നെ പൊതുശ്മശാനത്തില്‍നിന്ന് മൃതാവശിഷ്ടങ്ങള്‍ മാന്തിയെടുപ്പിച്ച പള്ളിസെമിത്തേരിയില്‍ മതാചാരങ്ങളൊടെതന്നെ പുനഃസംസ്‌കരിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഉറപ്പുപറയുന്നു. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ പ്രസ്താവന നടത്തുന്നത്. കൊച്ചി സാന്താക്രൂസ് ഇടവകയിലെ ചെലവന ജോസഫിന്റെ മൃതസംസ്‌കാരം നിഷേധിച്ച പുരോഹിതനുണ്ടായ അനുഭവം ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു.
ഒരു പാവം വികലാംഗനായിരുന്നു ചെലവന ജോസഫ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ മാര്‍പ്പാപ്പയില്‍നിന്ന് വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു അയാള്‍. ഇടവകപുരോഹിതന്റെ അനിഷ്ടത്തിന് പാത്രമായ ചെലന ജോസഫിന്റെ മരണാനന്തരം മൃതശരീരം പള്ളിസെമിത്തേരിയില്‍ അടക്കാന്‍ വികാരി വിസമ്മതിച്ചു. ബന്ധുക്കള്‍ക്ക് മനോവേദനയോടെ മൃതശരീരം കോര്‍പറേഷന്‍വക പൊതുശ്മശാനത്തില്‍ സംസ്‌കരിക്കേണ്ടിവന്നു. ഇതിനെതുടര്‍ന്ന് ലത്തീന്‍ കത്തോലിക്കാ അസ്സോസിയേഷന്റെ സഹായസഹകരണങ്ങളോടെ ബന്ധുക്കള്‍ വൈദികനെതിരെ കേസ് ഫയല്‍ ചെയ്തു. ഈ കേസിലെ വിധി താഴെ പറയും പ്രകാരമായിരുന്നു. 1. മൃതാവശിഷ്ടങ്ങള്‍ പുരോഹിതന്റെ സാന്നിധ്യത്തില്‍ പൊതുശ്മശാനത്തില്‍നിന്ന് കുഴിച്ചെടുത്ത് എല്ലാവിധ മതാചാരങ്ങളോടുംകുടി പള്ളിസെമിത്തേരിയില്‍ കൊണ്ടുവന്ന് സംസ്‌കരിക്കണം. 2. പരേതന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം 50000 രൂപായും കേസിന്റെ ചെലവും പുരോഹിതന്‍ നല്‍കണം. (ആവശ്യപ്പെട്ട നഷ്ടപരിഹാരം 50000 രൂപാ മാത്രമായതിനാലാണ് ഈ കുറഞ്ഞ തുക അനുവദിക്കുന്നതെന്നും യഥാര്‍ത്ഥത്തില്‍ കൂടുതല്‍ തുകക്ക് അര്‍ഹതയുണ്ടെന്നുംകൂടി കോടതി വിധിയില്‍ പ്രസ്താവിച്ചിരുന്നു.) 3. പരേതന്റെ ബന്ധുക്കള്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും മതപരമായ എല്ലാ കര്‍മ്മങ്ങളും പുരോഹിതന്‍ നടത്തിക്കൊടുക്കണം. പൊതുശ്മശാനത്തില്‍ മൃതാവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കുന്നിടത്ത് സന്നിഹിതനാവുന്നതിന്റെ അപമാനത്തില്‍നിന്ന് തന്നെ രക്ഷിക്കണമെന്ന് ലത്തീന്‍ കത്തോലിക്കാ അസ്സോസിയേഷന്‍ നേതാക്കളുടെ കാലില്‍വീണ് പുരോഹിതന്‍ അപേക്ഷിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ പുരോഹിതന്റെ സാന്നിധ്യത്തില്‍തന്നെ മൃതാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്ത് വിലാപയാത്രയായി പള്ളിസെമിത്തരിയില്‍ കൊണ്ടുവന്ന് സഭാപരമായ മൃതശുശ്രൂഷ നടത്തി സംസ്‌കരിച്ചു. ഈ സംഭവങ്ങള്‍ അന്ന് ടി.വി. ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇത്തരം ദുരനുഭവം ഏതെങ്കിലും കത്തോലിക്കാകുടുംബത്തിന് ഉണ്ടായാല്‍ കേരള കാത്തലിക് ഫെഡറേഷന്‍ അവര്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.
വിവാഹകര്‍മ്മത്തില്‍ വധുവരന്മാരാണ് കാര്‍മ്മികര്‍. പുരോഹിതന്‍ മുഖ്യസാക്ഷി മാത്രം. വരനും വധുവും സംയുക്തമായി ആവശ്യപ്പെട്ടാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ ക്രിസ്ത്യന്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് പുരോഹിതന്‍ കടപ്പെട്ടവനാണ്. പ്രസ്തുത നിയമപ്രകാരം പുരോഹിതന് വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരിയെന്ന (Registering Authority) പദവിയുണ്ട്. വിവാഹം പള്ളിയില്‍ രജിസ്റ്റര്‍ചെയ്തു നല്‍കാന്‍ പുരോഹിതന്‍ വിസമ്മതിച്ചാല്‍ നിയമനടപടി സ്വീകരിക്കാവുന്നതാണ്. മറ്റു കൂദാശകളും കത്തോലിക്കാ വിശ്വാസികളുടെ മൗലികാവകാശമാണ്. ഏതെങ്കിലും പുരോഹിതന്‍ അവ നിഷേധിച്ചാല്‍ മൗലികാവകാശധ്വംസനത്തിന് കേസ് കൊടുക്കാന്‍ അവകാശമുണ്ട്. വിശ്വാസികളുടെ പണം ഉപയോഗിച്ചുതന്നെ വിശ്വാസികള്‍ക്കെതിരെ കേസ് നടത്തിക്കാനുള്ള സൗകര്യവും തങ്ങള്‍ കൈകാര്യംചെയ്തുകൊണ്ടിരിക്കുന്ന വിശ്വാസികളുടെ അളവറ്റ സമ്പത്തുകൊണ്ട് നിയമത്തേയും നിയമസംവിധാനങ്ങളേയും വിലക്കെടുക്കാനുള്ള പ്രാപ്തിയും പുരോഹിതര്‍ക്കുണ്ടെങ്കിലും മിക്കപ്പോഴും നീതിനടപ്പാവുമെന്നുതന്നെയാണ് എന്റെ അടിയുറച്ച വിശ്വാസം. ഇത്തരത്തില്‍ പുരോഹിതര്‍ക്കെതിരെ നിയമത്തിന്റെ ശരശയ്യ തീര്‍ത്താല്‍മാത്രമേ സഭയില്‍ വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ ആത്മാഭിമാനം നിലനിര്‍ത്താനും കഴിയുകയുള്ളു. ഇക്കാര്യത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളും.

7 comments:

  1. ജോര്‍ജിന്റെ ഈ കുറിപ്പ് പലര്‍ക്കും പ്രത്യാശ നല്‍കുന്നതാണെന്നുതന്നെ പറയാം. ഒരു കത്തോലിക്കനെ സംബന്ധിച്ചിടത്തോളം അവശ്യം അവശ്യമായി കരുതപ്പെടുന്ന മാമോദീസാ, വിവാഹം, ശവസംസ്‌കാരം തുടങ്ങിയ കര്‍മ്മങ്ങള്‍ നിഷേധിക്കപ്പെടുമൊ എന്നുള്ളതാണ് കത്തോലിക്കരുടെ പുരോഹിതരോടുള്ള ഭയത്തിന്റെ അടിസ്ഥാനം. വളരെ ശരിയായ ഒരു നിരീക്ഷണമാണിത്. പള്ളിയുടെയും വികാരിയുടെയും കടന്നുകയററങ്ങളെപ്പറ്റി പരാതിപ്പെടുന്നവര്‍ ഉടനെ കൂട്ടിച്ചേര്‍ക്കും, വല്ല എതിര്‍പ്പും കാണിച്ചാല്‍, അവസരം കിട്ടുമ്പോള്‍ അങ്ങേരു നമ്മളെ കൊമ്പുകുത്തിക്കും എന്ന്. അങ്ങനെത്തന്നെ നടക്കുന്നും ഉണ്ട്.

    ഒരു സ്വേശ്ച്ചാധിപതിയുടെയത്ര ക്രൂരതയോടെ വിശ്വാസികളോട് പെരുമാറാന്‍ മിടുക്കുള്ള വികാരിമാര്‍ ഏറെയുണ്ട്. അത്തരക്കാരെ മെരുക്കാന്‍ ഇന്ന് നിയമം നമ്മുടെ ഭാഗത്തുണ്ട് എന്ന അറിവ് പലര്‍ക്കും ഇല്ലാത്തതാണ് വികാരിമാരുടെ അഴിഞ്ഞാട്ടത്തിന് കാരണം. പ്രതികരണശേഷിയുള്ള പൌരസമൂഹത്തെ വളര്‍ത്തിയെടുക്കുക എന്നാതാണ് ഇപ്പോഴത്തെ ആവശ്യം. ഇത്തരം കുറിപ്പുകള്‍ അതിനുതകും.

    ഒരു കാര്യത്തില്‍ എനിക്ക് വിയോജിപ്പുണ്ട്. വിവാഹകര്‍മ്മത്തില്‍ വധുവരന്മാരാണ് കാര്‍മ്മികര്‍. പുരോഹിതന്‍ മുഖ്യസാക്ഷി മാത്രം എന്ന് കണ്ടു. ആദ്യവാക്യം ശരി. രണ്ടാമത്തേത് തെറ്റ്. ബന്ധത്തിലേര്‍പ്പെടുന്ന കുടുംബങ്ങള്‍ നിശ്ചയിക്കുന്ന രണ്ടുപേരാണ് വിവാഹകര്‍മ്മത്തിന്റെ സാക്ഷികള്‍. അത് പുരോഹിതനായിരിക്കേണ്ട യാതൊരു കാര്യവുമില്ല. ശരിക്ക് പറഞ്ഞാല്‍, താഴെ കുറിക്കുന്ന കഥയിലെ പൂച്ചയുടെ സ്ഥാനമേ വിവാഹകര്‍മ്മത്തില്‍ ഒരു പുരോഹിതനുള്ളൂ. കേട്ടിട്ടുള്ളതായിരിക്കാം, പക്ഷേ, ചിന്തിപ്പിക്കേണ്ടതാണ്.

    ഒരമ്പലത്തിലെ പൂജയുടെയിടക്ക് ഒരു പൂച്ച കയറിച്ചെന്നു ശല്യം ചെയ്തിരുന്നു. അതിനിഷ്ടമുള്ള നെയ്യും മറ്റും സ്ഥലത്ത് ഉണ്ടല്ലോ. സ്വസ്ഥതക്ക് വേണ്ടി, പൂജക്ക്‌ മുമ്പ് പൂച്ചയെ അടുത്തു തന്നെ ഒരു കുട്ടക്കീഴില്‍ ആക്കാന്‍തുടങ്ങി. പൂജാരി മരിച്ചു. അച്ഛനോടോത്ത് പൂജാരീതികള്‍ കണ്ടു പഠിച്ചിരുന്ന മകന്‍ പൂജനടത്തിപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാല്‍ ഇതിനിടെ പൂച്ചയും ചത്തുപോയി. ഉടനെ മറ്റൊരു പൂച്ചയെ വാങ്ങി പൂജാസമയത്ത്, അടുത്തുതന്നെ അതിനെ കൊട്ടക്കീഴില്‍ ഇടുന്ന തഴക്കം അയാള്‍ തുടര്‍ന്നുപോന്നു.

    ചെലവന ജോസഫ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ മാര്‍പ്പാപ്പയില്‍നിന്ന് വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു എന്ന് വായിച്ചു. അപ്പോള്‍ ഈ കുര്‍ബാന ആരുടെ കൈയില്‍ നിന്ന് സ്വീകരിക്കുന്നു എന്നതിനനുസരിച്ച് അതിന്റെ വില കൂടുമോ? ഇതെവിടുത്തെ തീയോളോജിയാ കടവുളേ! എങ്ങനെയെല്ലാം മനുഷ്യര്‍ വിഡ്ഢികളാക്കപ്പെടുന്നു!

    ReplyDelete
  2. ധൈര്യം പകരുന്നതാണ് ജോര്‍ജ്ജ് മൂലേച്ചാലിന്റെ പോസ്റ്റ്. അകത്തളത്തിലിരുന്നു വിമര്‍ശനങ്ങള്‍ നടത്തുന്നവരാണ് നൂറ്റുക്കു തൊണ്ണൂറ്റോമ്പതും. വിമര്‍ശകര്‍ക്ക് രഹസ്യപിന്തുണയും ആശയ യോജിപ്പും നല്‍കുന്നവര്‍ പരസ്യ പിന്തുണക്ക് മടിക്കുന്നു.

    ഈയിടെ പള്ളിയോഗത്തില്‍ അഭിപ്രായം പറഞ്ഞ കമ്മറ്റിക്കാരനോട്, എല്ലാ ദിവസവും പള്ളിയില്‍ വരുന്നവന്‍ പൊതുയോഗത്തില്‍ അഭിപ്രായം പറഞ്ഞാല്‍ മതിയെന്നു പറഞ്ഞ് ഒതുക്കികളഞ്ഞു, വികാരിയച്ചന്‍.

    താന്‍ മനസ്സില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന, നടപ്പിലാക്കാനിരിക്കുന്ന തീരുമാനത്തിന് കമ്മറ്റിക്കാരന്റെ അഭിപ്രായം വ്യതിചലനം ഉണ്ടാക്കിയാലോ എന്നു ഭയന്നാണ് വികാരിയുടെ സ്മാഷ്. കേള്‍വിക്കാരാരും പ്രതികരിച്ചില്ല. അഭിപ്രായം ഇല്ലാഞ്ഞാണോ. ഒട്ടുമല്ല. പേടി തന്നെ. വിശ്വാസികളെല്ലാം ആ രീതിയിലേയ്ക്കായി പോയി. ഈ വളവ് നിവര്‍ത്താന്‍ കേരള കാത്തലിക് ഫെഡറേഷന്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് പ്രതീക്ഷ നല്‍കുന്നു.

    ത... റ .... തറ, പ.... ന.... പന.

    പഠിച്ചുതുടങ്ങാം നമുക്ക്.

    ഇന്നലെ കല്യാണ കുര്‍ബ്ബാന കഴിഞ്ഞ് കസിന്‍ ബ്രദറിന്റെ മകന്‍ കൊച്ചച്ചനോട് ഞാന്‍ പറഞ്ഞു.

    എന്നാടാ ഉൗവ്വേ...... കുര്‍ബ്ബാനയ്ക്ക് എന്നാ നീളമായിരുന്നു.....

    അല്‍പം ചമ്മലോടെ അവന്‍ പറഞ്ഞു.

    ആ പാട്ടുകാര് നീട്ടി പിടിപ്പിച്ചാതാ. ഞാനെന്നാ ചെയ്യുന്നേ.....

    ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു. ഇനി കുര്‍ബ്ബാനയ്ക്കിടെ എന്റെ മുഖത്തേയ്ക്കു നോക്കുമ്പോഴെങ്കിലും അവനിക്കാര്യം ഓര്‍മ്മ വരും. നീട്ടിയാ..... കുര്‍ബ്ബാന കഴിഞ്ഞ് വഴക്ക് കേള്‍ക്കേണ്ടി വരുമെന്ന്.

    ഇതൊരു ചെറിയ ഉദാഹരണമായി സൂചിപ്പിച്ചെന്നു മാത്രം. എന്റെ കുടുംബത്തിലുള്ള വൈദികര്‍ക്കറിയാം നല്ല വൈദികനായി, മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍, ജീവിച്ചില്ലെങ്കില്‍, ചോദിക്കാനും പറയാനും വീട്ടുകാരുണ്ടെന്ന്. എന്റെ കുടുംബത്തില്‍പ്പെട്ട ഒരച്ചന്‍ നാട്ടുകാരെ വെറുപ്പിക്കുന്നവനായാല്‍ ഞങ്ങളിടപെടും, തീര്‍ച്ച.

    വിശ്വാസികള്‍ക്കല്ലേ ഇതിനൊക്കെ പേടി. വീട്ടുകാര്‍ക്കാകാമല്ലോ. അപ്പനാകാം, അമ്മയ്ക്കാകാം, സഹോദരങ്ങള്‍ക്കെല്ലാമാകാം.

    നമ്മള്‍ സഹോദരങ്ങളുടെ, നമ്മുടെ കുടുംബത്തിന്റെ പരിച് ഛേദമല്ലേ ഇവര്‍. തെറ്റായി വഴിനടന്നാല്‍ തിരുത്തണമവരെ.

    ReplyDelete
  3. ജോര്‍ജിന്റെ ലേഖനം പുരോഹിതരുടെ അഹന്തയ്ക്ക് വിരാമം ഇടുമെന്നു വിചാരിക്കട്ടെ. ലത്തീന്‍ കത്തോലിക്കാസഭയില്‍ നടന്ന വിവാദപരമായ കേസ് വളരെയേറെ കൌതുകവും ഉണര്‍ത്തുന്നു. കത്തോലിക്കാ ഇതരസഭകളില്‍
    ശവംവെച്ചു വിലപറയുന്ന കഥകള്‍ കേട്ടിട്ടില്ല. സംസ്ക്കാരരഹിതമായ കുടുംബങ്ങളിളില്‍നിന്നും വരുന്ന പുരോഹിതരാണ് ഇങ്ങനെ മൃഗീയ മനസാക്ഷിയോടെ പെരുമാറുന്നത്. ഒരു കുടുംബത്തെയും അംഗങ്ങളെയും വേദനിപ്പിക്കുന്നതും. അവരുടെ നീച പ്രവര്‍ത്തനങ്ങള്‍ക്കു വിരാമം ഇടുവാന്‍ അല്മായര്‍ സംഘടിച്ചുവെന്നു അറിയുന്നതിലും അഭിനന്ദനീയമാണ്.

    മുറ്റത്തെ ചാരുകസേരയില്‍ വീറോടെ പുരോഹിതരെ പുലഭ്യം പറയുന്നവര്‍ നേരില്‍ കാണുമ്പോള്‍ മുണ്ടുംഅഴിച്ചു തലകുമ്പിട്ടു നില്‍ക്കുന്ന കാഴ്ചകള്‍ സീറോ മലബാര്‍ കുടുംബങ്ങളിലെ പാരമ്പര്യം കൂടിയാണ്. കാല്‍കാശിനു വിലയില്ലാതെ മത്തി വിറ്റുകൊണ്ടു നടന്നവര്‍ പുരോഹിതര്‍ ആയി കഴിയുമ്പോള്‍ അല്മെനികള്‍ക്കു
    വിവരമില്ലെന്നുള്ള സങ്കല്പം അവരുടെ പട്ടത്തലക്കുള്ളില്‍ കയറും. പ്രായത്തില്‍ മൂത്തവര്‍ക്കും ഇവര്‍ ബഹുമാനം കൊടുക്കുകയില്ല. എടൊ, താന്‍, നീ എന്നുള്ള വിളികള്‍ ഇവര്‍ക്കാകാം. മറിച്ചു ' ഉവ്വ് അച്ചോ' യെന്നു പറയുവാന്‍ ചുറ്റും ആണും പെണ്ണും കേട്ടവര്‍ കാണുമെന്നുള്ളതാണ് സത്യം.

    അച്ചന്‍ എന്നു വിളിക്കുന്നതും മാത്യു സുവിശേഷം (23:9) ലംഘനം ആയിരിക്കുമോ? പിതാവും അച്ചനും തമ്മില്‍ ഒരേ അര്‍ത്ഥമല്ലേ? മഹാത്മാഗാന്ധിജിയെ രാഷ്ട്ര പിതാവെന്നു വിളിക്കുന്നു. ജന്മം തന്നവരെയും പിതാവെന്നു വിളിക്കുന്നു. അത്രമാത്രം സ്ഥാനം പട്ടക്കാര്‍ക്ക് കൊടുക്കണമോ? ഇവര്‍ ആത്മീയപിതാവെങ്കില്‍
    ആത്മത്തെപ്പറ്റി പഠിപ്പിക്കാന്‍ ഗ്രാഹ്യം ഉണ്ടായിരിക്കണം. ആത്മാവിനെ വരെ പൊള്ളിച്ചു ശുദ്ധീകരണ സ്ഥലത്ത് എത്തിക്കുന്നവര്‍ക്ക് എന്തു ആത്മീയജ്ഞാനം.മോസസിന്റെ പത്തു പ്രമാണങ്ങളിലും അച്ചനെയും അമ്മയെയും ബഹുമാനിക്കണമെന്നു പറഞ്ഞിട്ടുണ്ട്. ഭൂമിയില്‍ ആരെയും പിതാവെന്നു വിളിക്കരുതെന്നുള്ള യേശുവിന്റെ വചനം വാക്യാര്‍ഥത്തില്‍ ശരിയാവുകയില്ല. യഹൂദന്മാര്‍ യേശുവിനോട് നീ ജീവന്റെ അപ്പമാണോയെന്നു ചോദിച്ചപ്പോള്‍ "'ഞാന്‍ ജീവന്റെ അപ്പമാകുന്നു' നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ നിന്നു മന്നാ ഭക്ഷിച്ചു ജീവിച്ചു മരിച്ചു" എന്നായിരുന്നു യേശുവിന്റെ മറുപടി. (കൊളോസോസ്സ് 3:21) "I do not write this to make you ashamed but to admonish you as my beloved children. For though you might have 10,000 guardians in Christ, you do not have many fathers. Indeed, in Christ Jesus I became your father through the Gospel" (1 Corinthians 4:14-15).ഇവിടെ പൌലോസ് സ്വയം ആത്മീയ പിതാവാകുന്നുണ്ട്.

    പൌലോസിനൊപ്പം S.S.L.C. PHD ഉള്ള റെവ്. ഫാതര്‍ പട്ടക്കാരെ
    അച്ചന്‍, പിതാവെന്നു വിളിച്ചാല്‍ യേശുവിന്റെ വചനങ്ങള്‍ക്ക് വിരോധാഭാസം ആയിരിക്കും. മറ്റുള്ളവരെ സ്നേഹിച്ചും സഹായിച്ചും സ്വയം ആത്മീയത നേടിയ പുരോഹിതരെ അച്ചന്‍ എന്നും വിളിക്കുന്നതില്‍ തെറ്റില്ല.

    ReplyDelete
  4. " വിവാഹകര്‍മ്മത്തില്‍ വധുവരന്മാരാണ് കാര്മ്മികര്‍. പുരോഹിതര്‍ മുഖ്യ സാക്ഷി മാത്രം." എന്ന ശ്രീ. മൂലെചാലിന്റ്റെ പ്രസ്താവന തെറ്റാണന്നു ശ്രീ. നെടുങ്കനാല് "രണ്ടാമത്തത് തെറ്റ്" എന്ന് പറഞ്ഞു തിരുത്തിയിരിക്കുന്നു. കുടുംബാംഗങ്ങള്‍ നിശ്ചയിക്കുന്ന രണ്ടുപേരാണ് വിവാഹകര്‍മ്മത്തിന്റെ സാക്ഷികള്‍ എന്ന് അദ്ദേഹം കൂട്ടിചെര്ത്തിരിക്കുന്നു.

    വിവാഹം ആശീര്വ്വദിക്കുന്ന വൈദീകന് സമൂഹത്തിന്റ്റെ സാക്ഷി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലന്നു തോന്നുന്നു.

    പക്ഷെ പ്രശ്നം അവിടെയൊന്നുമല്ല. കിഴക്കിന്റെ പുതിയ കാനോന്‍ നിയമത്തിലാണ്. അതനുസരിച്ച് പുരോഹിതര്‍ ഒരുതരം "തിരുക്കര്‍മ്മ"ക്കരാണ്. ലത്തിന്‍ കാനോന്‍ നിയമത്തിലില്ലാത്ത കാര്യം പൌരസ്ത്യ കാനോന്‍ നിയമത്തില്‍ തിരുകി കയറ്റിയിരിക്കുന്നതുണ്ടോ ഒരു സാധാരണ വിശ്വാസി മനസിലാക്കുന്നു. ഇതാ 1991 -ഇല്‍ നമുക്കായി ഇറക്കിയ കാനോന്‍ നിയമത്തിലെ ഭാഗം അതേപടി:
    "കാനോന 828 : 2 . വിവാഹം പരികര്‍മ്മം ചെയ്തുകൊണ്ടും ആശീര്‍വദിച്ചുകൊണ്ടുമുള്ള വൈദീകന്റെ സാന്നിദ്ധ്യമാണ് "തിരുകര്‍മ്മം" എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്.
    .......ലത്തിന്‍ കാനോന്‍ നിയമത്തില്‍, കക്ഷികളില്‍നിന്നു സഭയുടെ നാമത്തില്‍ സമ്മതം ചോദിക്കുവാന്‍ വൈദീകനും ഡിക്കനുമ് അനുവാദമുണ്ട്. എന്നാല്‍ ........... പൌരസ്ത്യസഭാനിയമത്തില്‍ ഡിക്കന്റെയൊ അല്മായരുടെയോമാത്രം സാന്നിദ്യത്തില്‍ വിവാഹം സാധാരണയായി നടക്കാറില്ല."

    അപ്പോള്‍ ഇവിടെ പുരോഹിതന്‍ കാര്മ്മികനാവുകയാണോ? നിങ്ങള്‍തന്നെ കാര്യങ്ങളെ വ്യാഖ്യാനിക്കുക. എനിക്ക് കാനോന്‍ നിയമത്തില്‍ ഡോക്ടരെട് ഇല്ല.

    ReplyDelete
    Replies
    1. "വിവാഹം ആശീര്‍വദിക്കുന്ന വൈദീകന് സമൂഹത്തിന്റ്റെ സാക്ഷി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലന്നു തോന്നുന്നു." ശ്രീ കളരിക്കല്‍.
      ഈ ഒത്താശയും അനാവശ്യമാണ്. കുടുംബക്കാര്‍ നിശ്ചയിക്കുന്നവര്‍ തന്നെയാണ് സമൂഹത്തിന്റെ സാക്ഷികള്‍. അത് പള്ളീലച്ചന്‍ ആകേണ്ട യാതൊരു ആവശ്യവും ഞാന്‍ കാണുന്നില്ല. അതില്‍ ഒരു മെച്ചവും ഒട്ടില്ല താനും. നിയമാനുസൃതമാണെങ്കില്‍, വിവാഹമെന്ന കൂദാശക്ക് വൈദികന്റെ സാനിദ്ധ്യം തന്നെ ആവശ്യമേയില്ല. വിശ്വാസികള്‍ തന്നെയാണ് ഇങ്ങനെ ഓരോ കണ്ടുപിടുത്തങ്ങള്‍ നടത്തി പുരോഹിതരെ വഷളാക്കുന്നത്. വന്നു വന്ന് ഇപ്പോള്‍ ഒത്തു കല്യാണത്തിനു പോലും അച്ഛന്‍ വീട്ടില്‍ ചെന്ന് പെണ്ണിനെ ആശീര്‍വദിക്കുന്ന ഏര്‍പ്പാട് തുടങ്ങിവച്ചിട്ടുണ്ട്. എല്ലാം ഒരു ഗമക്ക് ആരെങ്കിലും തുടങ്ങും. പിന്നെയത് അനുകരിക്കപ്പെടും. കുറേക്കഴിയുമ്പോള്‍ അത് നിയമം നന്നെയായിത്തീരും.

      Delete
  5. In fact, the article is of Sree Joy Paul Puthussery, Chairman, Kerala Catholic Federation (Thrissur). While giving color to his name before posting, something wrong happened and his name has gone hidden. Excuse me for the mistake happened. George Moolechalil

    ReplyDelete
  6. When such errors happen, the person who posts the text has the possibility to edit it, correcting the mistake. This possibility, however, doesn't exist in posting comments. One can only delete it and post another instead. I wish technical assistance is sought in this regard.

    ReplyDelete