Translate

Wednesday, September 12, 2012

മതാദ്ധ്യയനത്തില്‍ കൃത്രിമം

അല്മായശബ്ദത്തിലെ എഴുത്തുകാരെയൊന്നും ഈയിടെ കാണാനില്ല. ആരംഭശൌര്യം കെട്ടടങ്ങുകയാണോ? എന്തായാലും, സഭയെ സംബന്ധിക്കുന്ന കാതലായ കാര്യങ്ങളില്‍ താത്പര്യം കുറഞ്ഞിട്ടില്ലാത്തവര്‍ക്ക് ഇതാ ഒരു ചെറിയ ചിന്താവിഷയം.

ചില ക്ലാസ്സുകളില്‍ പിള്ളേര്‍ ഉപയോഗിക്കുന്ന സീറോമലബാര്‍സഭയുടെ മതപാഠാവലി ഒന്ന് ഓടിച്ചു നോക്കുകയായിരുന്നു. അപ്പോഴതാ ഒമ്പതാം ക്ലാസിലെ "രക്ഷയുടെ പാതയില്‍" എന്ന പുസ്തകത്തില്‍ സാര്‍വത്രികസഭയുടെ ഔദ്യോഗിക പഠനത്തില്‍ (World Catholic Catechism) നിന്ന് വളരെ വ്യത്യസ്തവും അസത്യപരവുമായ ഒരു ഭാഗം തുന്നിപിടിപ്പിച്ചിരിക്കുന്നു. വിവാഹമെന്ന കൂദാശയെപ്പറ്റിയാണ് ഞാന്‍ കണ്ടെത്തിയ ജടിലീകരണം.

പരാമൃഷ്ട പുസ്തകത്തില്‍ നൂറാം താളില്‍ പറയുന്നത് ഇങ്ങനെ: "സഭയുടെ ഔദ്യോഗിക പ്രതിനിധിയും വിവാഹകൂദാശയുടെ കാര്‍മ്മികനുമായ പുരോഹിതന്റെ മുമ്പില്‍വച്ച് സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ വധൂവരന്മാര്‍ നടത്തുന്ന വിവാഹസമ്മതം സ്വീകരിച്ചുകൊണ്ട് പുരോഹിതന്‍ നടത്തുന്ന അശീര്‍വാദമാണ് വിവാഹമെന്ന കൂദാശയുടെ പരമപ്രധാനമായ കര്‍മം."

ഞാന്‍ പഠിച്ചിട്ടുള്ളത്, വിവാഹമെന്ന കൂദാശയില്‍, മറ്റ് കൂദാശകളില്‍നിന്ന് വ്യത്യസ്തമായി, അതിന്റെ കാര്‍മ്മികര്‍ വധുവും വരനുംതന്നെ ആണെന്നാണ്. സമൂഹം നിശ്ചയിച്ചിട്ടുള്ള പ്രായത്തിലെത്തിയവര്‍ രണ്ട് സാക്ഷികളുടെ മുമ്പില്‍വച്ച് അന്യോന്യം ഭാര്യാഭര്‍ത്താക്കന്മാരായി വാക്കുകൊടുത്ത്, പരസ്പരം സ്വീകരിക്കുന്നതോടെ അത് ഉത്തവാദിത്വമുള്ള ഒരു വാഗ്ദാനമായി. സിവിള്‍ അധികൃതരാല്‍ ഔദ്ദ്യോഗികമായി എഴുതി ചേര്‍ത്ത പത്രത്തില്‍ ഇരുകക്ഷികളും സാക്ഷികളും ഒപ്പിട്ടുകഴിഞ്ഞാല്‍ അതൊരു പ്രമാണവുമായി (civil contract). അതായത് വധൂവരന്മാര്‍ നടത്തുന്ന വിവാഹസമ്മതമാണ്, പുരോഹിതന്‍ നടത്തുന്ന അശീര്‍വാദമല്ല, വിവാഹമെന്ന കൂദാശയുടെ പരമപ്രധാനമായ കര്‍മം.

അങ്ങനെ വിവാഹച്ചടങ്ങിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ വധുവും വരനും ആയിരിക്കേ, അവര്‍തന്നെ കൂദാശയിലെ കാര്‍മ്മിരും ആണെന്ന്‌  സഭ പഠിപ്പിച്ചുകൊണ്ടിരിക്കേ, (The person who assists at a marriage is understood to be only that person who is present, asks for the manifestation of the consent of the contracting parties, and receives it in the name of the Church. - Catechism of the Cath. Church, Sec.2, Ch.3, Art.7) ഈ പഠനത്തിനെതിരായി, സംഭവസ്ഥലത്ത് നില്‍ക്കുന്ന വൈദികനാണ്, (പിടിപാടുള്ളവരാണെങ്കില്‍ മെത്രാനുമാകാം) അവിടെ കാര്‍മ്മികനെന്ന ഈ പാഠഭേദം എങ്ങനെയുണ്ടായി? ഇതല്പം അതിരുകടന്ന പണിയല്ലേ?

KCBC യുടെ ആശീര്‍വാദമുള്ള പാഠപുസ്തകങ്ങളാണിവ. പള്ളിയിലും പട്ടക്കാരന്റെ മുമ്പിലും നടത്താത്ത വിവാഹം അസാധുവാണെന്നു വരുത്തിത്തീര്‍ക്കാനും മറ്റെല്ലായിടത്തുമെന്നപോലെ വിവാഹത്തിലും പുരോഹിതന്റെ നിരന്തരസാന്നിദ്ധ്യം ഉറപ്പിക്കാനുമുള്ള ഒരു സൂത്രപ്പണിയല്ലേ ഈ അബദ്ധസിദ്ധാന്തത്തിനു പിന്നിലുള്ളത്? നിരുത്തരവാദപരമായ ഈ തെറ്റ് സമ്മതിക്കുകയും തിരുത്തുകയും ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ബാദ്ധ്യസ്ഥരാണ്‌.  

3 comments:

  1. എവിടെയാ സാറേ കൃത്രിമം നടന്നിട്ടില്ലാത്തത്? തലങ്ങും വിലങ്ങും ഉദ്ധരിക്കപ്പെടുന്ന സുവിശേഷങ്ങളില്‍ പോലും കാലാകാലങ്ങളില്‍ അന്നേരത്തെ ചിന്താരീതികകള്‍ക്കനുസരിച്ച് പഴയത് മാറ്റി പുതിയ വാക്യങ്ങള്‍ തിരുകാന്‍ സഭയിലെ പുണ്യവ്യക്തികള്‍ ഒരു മടിയും കാണിച്ചിട്ടില്ല എന്നോര്‍ക്കണം.

    ReplyDelete
  2. കല്യാണത്തിന് കുര്‍ബ്ബാന നിര്‍ബന്ധ്മാക്കിയത്തിനു പിന്നിലും ഈ പേടി തന്നെയാണ് കാരണം.
    വിവാഹ ഒരുക്ക കോഴ്സ് കൊണ്ടുവന്നു -എന്നിട്ടെന്തു പ്രയോജനം ഉണ്ടായി ?

    ReplyDelete
    Replies
    1. Dear Anoop kindly visit:
      http://znperingulam.blogspot.in/search/label/Report

      Delete