പാപി
ചെല്ലുന്നിടം പാതാളം എന്ന് കേട്ടിട്ടുണ്ട്; എന്‍റെ കാര്യത്തില്‍ വെളുക്കാന്‍
തേച്ചത് പാണ്ടായി എന്ന് തന്നെ പറയാം. അത്മായാ ശബ്ദത്തില്‍ ഒരു അനൂപുണ്ട്.
അദ്ദേഹമാണ് ഇപ്പോഴത്തെ എന്‍റെ പ്രശ്നങ്ങള്‍ക്ക് കാരണം. മൂന്നാഴ്ച മുമ്പ് എന്നെ ഒരു
സുന്ദരന്‍ നമ്പ്യാര്‍ കറുത്തിരുണ്ട സഭക്കാരനെന്നും,
തട്ടിപ്പുകാരെന്നുമൊക്കെ വിളിച്ചു നാണം കെടുത്തിയ കാര്യം ഞാന്‍ എഴുതിയിരുന്നല്ലോ. സുന്ദരന്‍
നമ്പ്യാര്‍ ‘ഹോളി ബ്ലഡ് ആന്‍ഡ് ഹോളി ഗ്രെയില്‍’ എന്ന പുസ്തകം വായിച്ചിരിക്കാം എന്ന്
അനൂപ് എന്നൊരു ധന്യന്‍ കമെന്റില്‍ പറഞ്ഞിരുന്നല്ലോ. ആദ്യം ഞാന്‍ ഡിക്ഷനറിയില്‍
ഗ്രെയില്‍ എന്ന വാക്കിന്‍റെ അര്‍ഥം നോക്കി, എന്തോ വിശിഷ്ട പാത്രമാണതെന്ന്
മനസ്സിലായി. നമ്പ്യാര്‍ ഈ പുസ്തകം വായിച്ചിട്ടുണ്ടോ എന്നറിയാന്‍ സൂത്രത്തില്‍ ഞാനൊരു
പദ്ധതി ഒരുക്കി. അതഴിച്ചും പുനര്നിര്‍മ്മിച്ചും രണ്ടുമൂന്നു ദിവസങ്ങള്‍ കടന്നുപോയി.
അവസാനം നേരെ അങ്ങു ചോദിക്കാമെന്നു വെച്ചു. നമ്പ്യാരെ ഒറ്റയ്ക്ക് ഒത്തു
കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു, “ഈ ഹോളി ബ്ലഡ് ആന്‍ഡ് ഹോളി ഗ്രെയില്‍ എന്ന
പുസ്തകം എവിടെ കിട്ടുമെന്ന് അറിയാമോ?” നമ്പ്യാര്‍ ഒന്ന് സൂക്ഷിച്ചു തറപ്പിച്ചു
നോക്കിയിട്ട് പറഞ്ഞു, “ഹോളി ബ്ലഡ് ആന്‍ഡ് ഹോളി ഗ്രെയില്‍ അല്ല ഹോളി ബ്ലഡ്, ഹോളി
ഗ്രെയില്‍.” “അതെ അത് തന്നെ. അത് നാടകമാണോ അതോ കവിതയാണോ? ആരെഴുതിയതാ?” ഞാന്‍
ചോദിച്ചു.
കാര്യം
എന്‍റെയത്ര പ്രായമേ ഉള്ളുവെങ്കിലും ഒരു പിതാവിന്‍റെ ഉത്തരവാദിത്വബോധത്തോടെ അദ്ദേഹം
പറഞ്ഞു, അത് ഒരു അന്വേഷണ, ഗവേഷണ പ്രബന്ധമാണ്. ചരിത്രാന്വേഷകരും മാധ്യമ പ്രവര്‍ത്തകരുമായ
മൂന്നു പേര്‍ ചേര്‍ന്ന് അനേകരുടെ സഹായത്തോടെ അഞ്ചു വര്ഷം നീണ്ട പഠനങ്ങള്‍ക്ക് ശേഷം തയ്യാറാക്കിയ ഒരു ഗ്രന്ഥമാണ് അത്. എനിക്ക്
ചെന്നൈയിലെ വഴിയോര വിപണിയില്‍ നിന്ന് പഴയ വിലക്ക് കിട്ടിയതാണിത്. എന്‍റെ കൈയ്യില്‍
ഉണ്ട്, വായിച്ചോളൂ. ഞാന്‍ അതിന്‍റെ പകുതിയേ വായിച്ചിട്ടുള്ളൂ.” നമ്പ്യാര്‍ ഇത്രയും
പറഞ്ഞപ്പോള്‍ ആശ്വാസമായി. അനൂപിനും അനൂപിന്‍റെ സര്‍വ്വ കുടുംബാംഗങ്ങള്‍ക്കും ഞാന്‍ മനസ്സാ നന്ദി പറയുകയും ചെയ്തു. അന്ന്
തന്നെ പത്തു മുപ്പതു വര്ഷം പഴക്കം തോന്നിക്കുന്ന ഒരു തടിച്ച പുസ്തകം നമ്പ്യാര്‍ എനിക്ക്
തരുകയും ചെയ്യും.
ആകെപ്പാടെ
ഉറങ്ങാന്‍ ദിവസവും കിട്ടുന്ന ആറു മണിക്കൂറില്‍ രണ്ടു മണിക്കൂര്‍ വീതം മാറ്റിവെച്ചു
ഞാനാ പുസ്തകം വായിച്ചു തിര്‍ത്തു....കുനുകുനാ അക്ഷരങ്ങളില്‍ നാനൂറ്റി ചില്വാനം
പേജുകളാണ് ഞാന്‍ അങ്ങിനെ തിന്നത്. ഇതിനോടിടക്ക് വസ്ത്രങ്ങളുടെ നാറ്റം കൂടുന്നതും,
മുഖത്തിന്‍റെ നിറം മങ്ങുന്നതുമോന്നും ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അത്രയും തീഷ്ണതയോടെ ആയ കാലത്ത്
പഠിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഇന്നാരായിരുന്നെനേയെന്നറിയാതെ ഓര്‍ത്തു പോയി. അന്നൊക്കെ
എന്‍റെ പരാതി ഓര്‍മ്മ നില്‍ക്കുന്നില്ലായെന്നായിരുന്നു; ഇപ്പൊ എനിക്ക് മനസ്സിലായി,
എന്‍റെ ഓര്‍മ്മയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന്. പുസ്ഥകത്തിലെ ഓരോ പേജും എനിക്ക്
മന:പാഠം ആയിരുന്നു.
പ്രശ്നം
എന്താണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. ഈ പുസ്തകം പോകുന്നത്, കത്തോലിക്കാ സഭയെ ശിര്‍ഷാസനത്തില്‍
നിര്‍ത്താന്‍ പോന്ന തെളിവുകള്‍ ആരോ ഇപ്പോഴും
സൂക്ഷിക്കുന്നുവെന്നതിന്‍റെ വ്യക്തമായ സൂചനകള്‍ക്കു പിന്നാലെയാണ്. അതെന്തായിരിക്കും,
തലമുറകളായി ആരായിരിക്കും പിന്നില്‍ എന്നൊക്കെയുള്ള കാര്യങ്ങളാണ് പറയുന്നത്. വായിക്കുന്ന
കത്തോലിക്കന്‍ ബോധം കെട്ട് വീഴും എന്നുറപ്പ്, അവന് പിന്നീട് ബോധം വീഴാനും ഇടയില്ല.
ആ രഹസ്യം പിടിച്ചെടുക്കാന്‍ സഭ നടത്തിയ ശ്രമങ്ങളില്‍ ഒരു നഗരം മുഴുവന്‍ വളഞ്ഞു സര്‍വ്വരെയും
ചുട്ടുകൊന്ന സംഭവവും ഉള്‍പ്പെടുന്നു. അത് കണ്ടെത്തിയ ഒരു പുരോഹിതനെ ആരോ പണം
കൊടുത്തു പ്രലോഭിപ്പിച്ച കാര്യങ്ങളും പിന്നിട് അയാള്‍ കൊല്ലപ്പെട്ടതും, അയാളുടെ
കുമ്പസ്സാരം കേള്‍ക്കാന്‍ ചെന്ന വൈദികന്‍ പേടിച്ചു നിലവിളിച്ചോടിയതും .... എല്ലാം എല്ലാം
തെളിവുകള്‍ സഹിതം അതില്‍ നിരത്തിയിരിക്കുന്നു. പ്രശ്നം അതുമല്ല; ഇതിന്‍റെ അവസാനഭാഗത്തുള്ളത്
ബൈബിളില്‍ നാം കാണുന്ന യേശുവേ
അല്ലെന്നുള്ളതാണ്. ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് സാധാരണ ഒരു
യഹൂദനെപ്പോലെ ജീവിച്ച ഒരു വിപ്ലവകാരിയും വിമോചകനുമായ ഒരു വ്യക്തിയേ ആണ് അവര്‍
വരച്ചു കാട്ടുന്നത്. ഒന്നും വിട്ടു പറയുന്നില്ലെങ്കിലും, അവര്‍ ചോദിക്കുന്നു, ഒരു
സാധാരണ യഹൂദന്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ വിവാഹം കഴിക്കും. അതില്‍ വ്യത്യാസം
വന്നാല്‍ അത് പ്രത്യേകം പരാമര്‍ശിക്കപ്പെടും; അങ്ങിനെയൊരു പരാമര്‍ശം
വരാത്തതുകൊണ്ട് യേശു വിവാഹം കഴിച്ചിരിക്കാം.
ഘാനായിലെ
കല്യാണം ആരുടെതായിരുന്നുവെന്നും അവര്‍ ചോദിക്കുന്നു. മറിയവും മകനും വെറും അതിഥികള്‍ മാത്രമായിരുന്നെങ്കില്‍ അവര്‍ക്ക്
വേണ്ടാത്ത കാര്യങ്ങളില്‍ ഇടപെടെണ്ടതുണ്ടായിരുന്നോ? അതിഥികള്‍ ആതിഥേയനോടല്ലേ കാര്യം
പറയേണ്ടത്, അപ്പോള്‍ യേശുവിനോട് വീഞ്ഞിന്‍റെ കാര്യം പറയേണ്ടതുണ്ടോ? യേശു വെറും ഒരു
ആത്മോപദേശകന്‍ ആയിരുന്നെങ്കില്‍ എന്തിന് ഒരു വലിയ പട്ടാളത്തെയും കൂട്ടി യേശുവിനെ അറസ്റ്റ്
ചെയ്യാന്‍ ഗദ്സമേനിലേക്ക് പുരോഹിതര്‍ക്ക് പോകേണ്ടിവന്നു?
അപ്പോള്‍ പത്രോസിന്‍റെ കൈയ്യില്‍ വാളുണ്ടായിരുന്നു, മറ്റുള്ളവരുടെ കൈയ്യിലോ?
റോമ്മാക്കാര്‍ക്ക് എതിരായ കുറ്റങ്ങള്‍ക്ക് മാത്രമാണ് കുരിശുമരണവും റോമ്മന്‍
വിചാരണയും, അപ്പോള്‍ യേശു ശിക്ഷിക്കപ്പെട്ടതെന്തിന്? ഞാന്‍ നിര്‍ത്തട്ടെ ... ഏതാണ്ട്
ഒരു രീതി എല്ലാവര്ക്കും മനസ്സിലായല്ലോ.
പ്രശ്നം
അതും അല്ല, ഇക്കാര്യങ്ങളൊന്നും നമ്പ്യാര്‍ വായിച്ചിട്ടില്ലെന്നു എനിക്ക്
മനസ്സിലായി. ഇത് നമ്പ്യാര്‍ വായിക്കാന്‍ ഇടയായാല്‍ ഓഫ് ഷോറിലെ ജോലിയും നിര്‍ത്തി
അടുത്ത അറബ് വിമാനത്തിന് നാട്ടില്‍ എത്തി മത പ്രസംഗം തുടങ്ങുമെന്ന് എനിക്ക് ഒരു
സംശയവുമില്ല. പുസ്തകത്തിലെ ഒരാരോപണവും ചുമ്മാ അങ്ങു പറയുന്നതല്ല. എല്ലാം നിരവധി
സാഹചര്യ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരത്തിയിരിക്കുന്നത്. സുവിശേഷം
എവിടെയൊക്കെ തിരുത്തപ്പെട്ടുവെന്നും, ആരൊക്കെയാണ് എന്തിനൊക്കെയാണ് അത്
ചെയ്തതെന്നും കാര്യം കാരണ സഹിതം നാട്ടുകാരോട് പറഞ്ഞാല്‍ എന്തായിരിക്കും കേരളത്തിലെ
സ്ഥിതി? എനിക്കത് ചിന്തിക്കാന്‍ കൂടി കഴിഞ്ഞില്ല. ഏതായാലും ഞാനും ജനിച്ച് വളര്‍ന്ന
ഒരു സഭയല്ലേ? ഞാനെന്തു ചെയ്തെന്നോ? ആ പുസ്തകം മിനിയാന്ന് ഡെക്കില്‍ നിന്ന്
കടലിലേക്ക് ഒരേറു കൊടുത്തു; ഇനിയിത് ആരും വായിക്കാന്‍ ഇടവരരുതേയെന്ന പ്രാര്‍ഥനയോടെ.
ഇനി
എന്നെ അത്മായാശബ്ദത്തില്‍ കണ്ടില്ലെങ്കില്‍ നമ്പ്യാരെന്നെ കൊന്നുവെന്നു കരുതിയാല്‍
മതി. കാഞ്ഞിരപ്പള്ളിയില്‍ ദത്തു നില്‍ക്കുന്ന ഒരു കൊട്ടാരക്കാരന്‍ പുറങ്കടലില്‍
വെച്ച് നിര്യാതനായി എന്ന് പത്രത്തില്‍ വായിച്ചാല്‍ നിങ്ങള്ക്ക് കാര്യം
ഉറപ്പിക്കാം. എന്നെപ്പോലെ സഭക്കുവേണ്ടി
രക്തസാക്ഷിത്വം വരിച്ചവര്‍ വേറെയും കാണാതിരിക്കില്ല, കാരണം ഇതുക്കൂട്ട്
ഒന്നും രണ്ടും പുസ്തകമല്ലല്ലോ ഇപ്പോള്‍
ചന്തയില്‍ വില്പ്പനക്കുള്ളത്. പോന്നനൂപേ, മേലില്‍ ആര്‍ക്കും ഇതുപോലെ ഉപകാരം
ചെയ്യരുതെന്നപേക്ഷ.