പൂച്ചകള്‍ക്ക് ചില അമാനുഷിക ശക്തികളുണ്ടെന്ന്
കേട്ടിട്ടുണ്ട്. അതിനെപ്പറ്റി കൂടുതല്‍ ഒന്നും അറിയില്ല. പൂച്ച മൂലം ഉണ്ടായ കുറെ
പ്രശ്നങ്ങളാണ് എന്‍റെ പ്രശ്നം. എന്‍റെ ആയ കാലത്ത് ഞാന്‍ നല്ലൊരു
ക്രിസ്ത്യാനിയായിരുന്നു. സഭ എന്ത് പറഞ്ഞാലും ഞാന്‍ കണ്ണും പൂട്ടി അതനുശരിച്ചു
പോന്നു. ഒപ്പം ജോലി ചെയ്തിരുന്ന ഒരു നായരെയും ഞാന്‍ മതം മാറ്റത്തിന്‍റെ അരികില്‍
വരെ കൊണ്ടുവന്നതുമാണ്. പോട്ടയിലും കൊട്ടാരക്കരയിലുമൊക്കെ നടക്കുന്ന അത്ഭുതങ്ങള്‍
അറിഞ്ഞദ്ദേഹവും ഞെട്ടിയിരിക്കുകയായിരുന്നു. എല്ലാം തകിടം മറിച്ചത്, ഒരു പൂച്ച. ഈ
പൂച്ച വല്യ കള്‍ച്ചര്‍ ഉള്ള ഒരെണ്ണം ആയിരുന്നില്ല, വെറും കാടന്‍. ജനിച്ചത് കാട്ടില്‍,
വളര്‍ന്നതും അവിടെ; സന്ദര്‍ഭവശാല്‍ ഒരാശ്രമത്തിലെ സന്യാസിയുടെ ഓമനയായി മാറി,
അത്രേയുള്ളൂ. സന്യാസി മരിച്ചപ്പോള്‍ പൂച്ച വനത്തിലേക്ക് മടങ്ങുകയും ചെയ്തു.
ഈ പൂച്ചക്ക് ആ ആശ്രമത്തില്‍ സര്‍വ്വത്ര
സ്വാതന്ത്ര്യം ഉണ്ടായിരുന്നു. സന്യാസി പൂജ ചെയ്യുന്ന സമയങ്ങളില്‍ ഈ പൂച്ച
അവിടെല്ലാം ഓടി നടക്കുകയും അതുമിതുമൊക്കെ തട്ടി മറിക്കുകയും ചെയ്യുമായിരുന്നു.
അത്രയ്ക്ക് വിവരമില്ലാത്ത ഒരു പൂച്ചയായിരുന്നത്. പക്ഷേ, സന്യാസിക്കു പൂച്ചയെ വല്യ
ഇഷ്ടമായിരുന്നു. പക്ഷേ തോന്ന്യാസങ്ങളൊന്നും സന്യാസി സമ്മതിച്ചില്ല. പൂജാ സമയത്ത്
സന്യാസി അതിനെ അവിടെ ഒരു തൂണില്‍ കെട്ടിയിട്ടു പോന്നു. പൂച്ച മ്യാവൂ, മ്യാവൂയെന്നു
കരഞ്ഞുകൊണ്ട് കര്‍മ്മങ്ങള്‍ തീരുന്നിടം വരെ അവിടെ ഇരിക്കുകയും ചെയ്യുമായിരുന്നു. അങ്ങിനെയിരിക്കെ
സന്യാസി മരിച്ചു. ശിക്ഷ്യന്മാര്‍ പൂജ
ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഭയങ്കര പ്രശ്നം, പൂജക്ക് വേണ്ട പൂച്ചയില്ല; മന്ത്രങ്ങള്‍
ചൊല്ലുമ്പോള്‍ ഇടയ്ക്കിടെ മ്യാവൂ യെന്നു പറയാന്‍ പൂച്ചയില്ല. കുറെ ദിവസങ്ങള്‍ ഒരു
ശിക്ഷ്യന്‍ പൂജ ചെയ്തപ്പോള്‍ മറ്റൊരു ശിക്ഷ്യന്‍ മ്യാവൂ മ്യാവൂയെന്ന്
ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം അവര്‍ക്ക് കെട്ടിയിടാന്‍
ഒരു പൂച്ചയെ കിട്ടുകയും ചെയ്തു.
പ്രശ്നം അതല്ല. ഗള്‍ഫിലെ ഏക കത്തോലിക്കാ
പള്ളിയില്‍ വെച്ച് ഈ കഥ ഒരച്ചന്‍ പറഞ്ഞു. നിയമങ്ങളും അനുഷ്ടാനങ്ങളുടെയും സത്ത നാം
മനസ്സിലാക്കണമെന്നും, യേശു മിക്ക അത്ഭുതങ്ങളും പ്രവര്‍ത്തിച്ചത് നിയമ വിരുദ്ധമായി
സാബത്തുകളിലായിരുന്നെന്നും അങ്ങേരു പറഞ്ഞു. കൂട്ടത്തിലുണ്ടായിരുന്ന നായര്‍ക്കും
അതിഷ്ടപ്പെട്ടു. രണ്ടു ഞായറാഴ്ച കഴിഞ്ഞപ്പോള്‍, ഗള്‍ഫിലൊരു ബിഷപ്പ് വന്നു. അന്നും
ആ നായര് കൂട്ടുകാരനെയും കൂട്ടിയാണ് ഞാന്‍ പള്ളിയില്‍ പോയത്. ബിഷപ്പും സന്ദര്‍ഭവശാല്‍
ഈ പൂച്ചയുടെ കഥ പറഞ്ഞു. ഒന്നിന്‍റെയും യുക്തിയും ശാസ്ത്രവും നോക്കാതെ സമ്പൂര്‍ണ്ണ
അനുസരണ എങ്ങിനെ വേണമെന്നാണ് ഈ കഥ നമ്മോടു പറയുന്നതെന്നായി അദ്ദേഹം. അദ്ദേഹം തുടര്‍ന്നു,
സഭയിലൂടെയല്ലാതെ ആര്‍ക്കും രക്ഷയില്ലെന്നും, ഈ സന്യാസിയുടെ ശിക്ഷ്യരെപ്പോലെ നൂറു
ശതമാനം അച്ചടക്കത്തോടെ സഭാധികാരികളെ അനുസരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുകയും
ചെയ്തു.
കൂട്ടത്തിലുണ്ടായിരുന്ന നായരെ പിന്നിട് കണ്ടിട്ടില്ലെന്നു
മാത്രമല്ല, ഞാനും അങ്കലാപ്പിലായി; അവസാനം പൂച്ചയെപ്പോലെ ഞാന്‍ വനത്തിലേക്ക് മടങ്ങി
ഇപ്പോള്‍ സര്‍വ്വ തന്ത്ര സ്വതന്ത്രനായ ഒരു വിശ്വാസിയായി കഴിയുന്നു. ഞാന്‍
പലപ്പോഴും ഓര്‍ക്കാറുണ്ട്, ഈ പൂച്ചയെ സാക്ഷി നിര്‍ത്തി ഒരു വചനപ്രഘോഷകന്‍
എന്തായിരിക്കും പറയുക, ഒരു കന്യാസ്ത്രി എന്തായിരിക്കും പറയുക... അങ്ങിനെ
ഓരോരുത്തരും എന്തായിരിക്കും പറയുക? പാവം പൂച്ച .... പിന്നീട് മറ്റൊരാശ്രമത്തില്‍ പറ്റിക്കൂടിയതായി
ഞാന്‍ കേട്ടിട്ടില്ല.
റോഷനെ ഒന്നും തോന്നല്ലേ ,ആ പൂച്ച മതങ്ങളിലെ ആചാരാനുഷ്ടാനമാണെന്നു മനസിലാക്കിയവർ ആ പൂച്ചയെ തല്ലികൊല്ലട്ടെ..കൊല്ലണ്ടാ! കാട്ടിലെ പൂച്ചയെ കാട്ടിലേക്കോടിക്കൂ ..അതു കാട്ടുപൂച്ച്ചയായിതന്നെ ജീവിക്കട്ടെ, നാട്ടിലെ മനുഷ്യെര്ക്കെന്തിനീ കാട്ടുമാക്കാൻ ? രോഷന്മോന്റെ തൂലിക അല്മായശബ്ദത്തെ ചിരിപ്പിക്കാൻ തുടങ്ങി...ചിരിയുടെയും ചിന്തയുടെയും മഷി ഒഴുകുന്ന രോഷന്റെ പേനാ!
ReplyDelete
ReplyDeleteറോഷൻ പൂച്ചയെപ്പറ്റി ബ്ലോഗിൽ എഴുതിയപ്പോഴെ ഞാൻ വായിക്കാതിക്കുകയായിരുന്നു. പൂച്ച എനിക്ക് താല്പര്യമില്ലാത്ത ഒരു മൃഗമാണ്. കാഞ്ഞിരപ്പള്ളി പുരൊഹിതരെപ്പോലെ തട്ടിച്ചും കട്ടും തിന്നുന്ന മൃഗമായിരുന്നതുകൊണ്ടാണ് വായിക്കാനും താല്പര്യം കുറഞ്ഞത്.
പൂച്ച ഒരിക്കൽ ഫെലീൻ ജാതിയിലുള്ള ഈജിപ്റ്റുകാരുടെ ദൈവമായിരുന്നുവെന്നത് ഞാൻ ഒരിടത്ത് വായിക്കാനിടയായി. ലോകത്തുള്ള പലരുടെയും വിശ്വാസത്തിൽ കറുത്ത പൂച്ചയെ പിശാചിന്റെ അടയാളമായി കരുതുന്നു. പിശാച് അധിവസിക്കുന്ന സമയങ്ങളിലാണ് പുരോഹിതൻപോലും കറുത്ത കുപ്പായം ധരിക്കാറുള്ളത്. അങ്ങനെയെങ്കിൽ ആത്മീയതയും പൈശാചികതയും ഒന്നുപോലെ കുടികൊള്ളുന്ന ഒരു മൃഗമാണ് പൂച്ചയെന്നും വ്യക്തമാക്കുന്നു. ഒരു പെണ്‍കുഞ്ഞ് കറുത്തതായി ജനിച്ചാൽ മാതാപിതാക്കള്ക്ക് ദുഃഖം ഉണ്ടാകാറുണ്ട്. ഒരു കറുത്ത പൂച്ചയെ കണ്ടാൽ ജനങ്ങളുടെ പ്രതികരണവും അതുപോലെയാണ്. രാത്രിയിൽ കറുത്ത പൂച്ചയെ കണ്ടാൽ മനുഷ്യർപോലും പേടിക്കും.
യൂറോപ്പിൽ കറുത്ത പൂച്ചകളുടെ കഷ്ടകാലം വരുന്നത് സെന്റ്. ജോണിന്റെ തിരുന്നാൾ ദിനങ്ങളിലാണ്. എല്ലാ വർഷവും തിരുനാൾ ദിനമായ ജൂണ്‍ 24-ന് കറുത്ത പൂച്ചകളുടെ വിധി തീരുമാനിക്കും. അന്നേദിവസം കറുത്ത പൂച്ചകളെ പിടിച്ചുകെട്ടി വട്ടത്തിൽ നിറുത്തികൊണ്ട് ജീവനോടെ തീയിട്ട് ചുട്ടുകരിക്കുന്ന ഒരു ചടങ്ങും ആ നാടുകളിലുണ്ട്. പിശാചുക്കൾ പൂച്ചകളിൽക്കൂടി സമ്മേളിക്കുന്നുവെന്ന ജനങ്ങളുടെ അന്ധവിശ്വാസമാണ് ഈ കൂട്ടകൊലകൾക്ക് കാരണമാകുന്നത്. കൂടാതെ യക്ഷികൾ കറുത്ത പൂച്ചകളായി രൂപാന്തരം ഭാവിക്കുമെന്ന വിശ്വാസവും അവരുടെയിടയിലുണ്ട്.
പൂച്ചകളെ കൈകളിൽ പിടിച്ചുകൊണ്ടിരിക്കുന്ന ഒരു വിശുദ്ധയുമുണ്ട്. ബല്ജീയത്തിലെ വിശുദ്ധ ഗെർട്രൂഡു് പൂച്ചകളുടെ പുണ്യാളത്തി പരിiപാലകയായി കരുതുന്നു. വിശുദ്ധ ഗെർട്രൂഡു് ബല്ജീയത്തിലെ നിവേല്ല്സ് എന്ന സ്ഥലത്തുള്ള ബനഡിക്റ്റൻ സന്യാസിനിയായിരുന്നു. 626 -659 കാലഘട്ടത്തിൽ ജീവിച്ച ഈ പുണ്യവതിയുടെ തിരുന്നാൾദിനം മാർച്ച് പതിനേഴാംതിയതിയാണ്.
പൂച്ചകളുടെ വിശുദ്ധ നിക്കോളാസ് എന്ന ഒരു ആശ്രമം സൈപ്രസിലുണ്ട്. (St. Nicoles of cats) മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കോണ്സ്റ്റാനോപ്പളിലെ ഹെലെന എന്ന വിശുദ്ധ തന്റെ ആശ്രമത്തിലെ പാമ്പുകളെ നശിപ്പിക്കാൻ പൂച്ചകളെ കൊണ്ടുവന്നുവെന്ന് ആശ്രമവാസികൾ വിശ്വസിക്കുന്നു. ഇന്നും അവിടെ വസിക്കുന്ന സന്യാസിനികൾ പൂച്ചയ്ക്ക് പ്രത്യേക പരിചരണങ്ങൾ നല്കിവരുന്നുണ്ട്.
പൂച്ച ഇത്രക്കങ്ങുണ്ടെന്നു അറിഞ്ഞില്ല. ഡോ. കോട്ടൂര്‍ ഒരിക്കല്‍ എന്നോട് നേരിട്ട് പറഞ്ഞ ഒരു കാര്യമുണ്ട്. ജൊസഫ് മാത്യുവിനെ തൊടുന്നത് സൂക്ഷിച്ചു വേണം; ഒരു ലൈബ്രറി മുഴുവന്‍ അരച്ച് കലക്കി കുടിച്ചയാളാണ് അദ്ദേഹമെന്ന്. നിരവധി ആരാധകരെ അദ്ദേഹം ഇതിനകം സൃഷ്ടിച്ചിരിക്കുന്നു - നിരവധി ശത്രുക്കളും മറുപക്ഷത്ത് ഉണ്ടെന്നു മറക്കുന്നില്ല. അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ വായിക്കാനും ഒരിമ്പമുണ്ട്, അതില്‍ അറിയാനും ഏറെയുണ്ട്.
ReplyDeleteഅർഹിക്കാത്ത ബഹുമതികൾ തന്ന് എന്റെ അറിവിനെ പൊക്കിയതിന് ശ്രീ മറ്റപ്പള്ളിസാറിന് നന്ദി. അല്മായ ശബ്ദത്തിലെ എഴുത്തുകാരുടെ മുമ്പിൽ ഞാൻ ഒന്നുമല്ലെന്നുള്ളതാണ് സത്യം. ശ്രീ മറ്റപ്പള്ളി എഴുതിയതുപോലെ എനിക്ക് കുറെ മിത്രങ്ങൾ പാലായിലുണ്ടെന്ന് അറിയാം. ക്നനായ ശുദ്ധരക്തവാദം യോജിക്കാത്തതുകൊണ്ട് കുപിതരായവരുടെ അനേകം കത്തുകൾ ക്നാനായ വിശേഷങ്ങളിലും അല്മായ ശബ്ദത്തിലും വന്നിരുന്നു. ക്നാനായ പെണ്ണിനെ വിവാഹം കഴിക്കാൻ സാധിക്കാത്ത പകകൊണ്ടാണ് ഞാൻ അവർക്കെതിരെ എഴുതിയതെന്നും ഒരു വിദ്വാൻ കരുതുന്നു. എന്നാൽ അതൊന്നും വാസ്തവമായിരുന്നില്ല. വ്യക്തിപരമായ ജീവിതത്തിൽ എനിക്ക് അനേക ക്നാനായ സുഹൃത്തുക്കളിന്നുമുണ്ട്. വിമർശനങ്ങളെ വിമർശനങ്ങൾകൊണ്ട് നേരിടാൻ കുപിതനായ ആ ക്നാനായ ബ്ലോഗറിന് ക്ഷമയില്ലായിരുന്നു. അതിനുപകരം സൈബർപേജിലുള്ള കുടുംബചരിത്രത്തിൽ എന്റെ വ്യക്തിജീവിതം ചികയാനായിരുന്നു അദ്ദേഹത്തിന് താല്പര്യം.
ReplyDeleteതാഴെയുള്ള ലിങ്കിൽ എന്നെപ്പറ്റിയുള്ള എന്റെ ലേഖനം വായിക്കാൻ കട്ട് ആൻഡ് പേസ്റ്റ് ചെയ്യുക. പൂച്ചക്കെന്തിന് പൊന്നുരുക്കുന്നടത്ത് കാര്യമെന്ന് പറഞ്ഞപോലെ ഈ ലേഖനം ഇവിടെ അപ്രസക്തമായിരിക്കാം. എന്നാൽ ആത്മീയതയും, ഭൌതികതയും, പ്രവാസി ജീവിതവും, തത്ത്വചിന്തകളും ഭക്തിയുമെല്ലാം ഏതൊരാളിനെപ്പോലെയും എന്റെ ജീവിതത്തിലും കുത്തി നിറച്ചിട്ടുണ്ട്. നാട്ടിൽ മിടുക്ക് കാണിക്കുന്ന പ്രവാസി ഈ രാജ്യത്ത് വരുമ്പോൾ പൂച്ചയെപ്പോലെ പമ്മി നില്ക്കും. പട്ടിയെപ്പോലെ അനുസരിച്ച് കഴുതയെപ്പോലെ ജോലിചെയ്യും.
http://www.joychenputhukulam.com/newsMore.php?newsId=35174#.UoT4_3vsWe8.facebook