Translate
Saturday, November 16, 2013
കർമ്മഭൂമിയിലെ നാൽപ്പതാം വിവാഹ വാർഷികം
By Joseph Padannamakkel
നാല് പതിറ്റാണ്ടുകളിൽക്കൂടിയുള്ള ഒരു ദാമ്പത്യജീവിതത്തിന്റെ അവലോകനകഥ പുത്തൻ തലമുറകളുടെ ചിന്താതരംഗങ്ങളിൽനിന്ന് വേറിട്ടതായിരിക്കാം. എന്റെയും റോസക്കുട്ടിയുടെയും വിവാഹം കഴിഞ്ഞിട്ട് നാൽപ്പതു വർഷങ്ങൾ പൂർത്തിയാകുന്നു. ഞങ്ങളുടെ വിവാഹം 1973 ഡിസംബർ പത്തൊമ്പതാം തിയതി ഒരു നോമ്പുകാലത്തായിരുന്നു. ഓർമ്മയിലെ അതിഘോരമായ ഒരു മഴയുടെ ദിനത്തിൽ വെറും ലളിതമായ അന്നത്തെ ചടങ്ങ് ഇന്നും മനസിനുള്ളിൽ തിരമാലകൾപോലെ തത്തികളിക്കുന്നുണ്ട്. പഴുതാര മീശയും കെന്നഡിസ്റ്റയിൽ മുടിയും നീണ്ട കൃതാപുമുണ്ടെങ്കിൽ അന്നൊരു ചെറുപ്പക്കാരനെ പരിഷ്ക്കാരിയായി കണക്കാക്കുമായിരുന്നു. കരയുള്ള മന്മലുമുണ്ടും അലക്കി തേച്ച നീലഷർട്ടും കൈയ്യേൽ വാച്ചും പാദത്തിൽ ചപ്പലുമിട്ട് പാലായ്ക്കടുത്ത് കൂട്ടക്കല്ലെന്ന കേട്ടിട്ടാല്ലാത്ത നാട്ടിൽ പെണ്ണുകാണാൻ പോയതും ഇന്നലെയുടെ ഓർമ്മകളിൽ ഉണ്ട്. വനാന്തരങ്ങളുടെ ഏകാന്തതയിൽ സമുദ്രനിരപ്പൽനിന്ന് 6000 അടി ഉയർന്നു നില്ക്കുന്ന പ്രസിദ്ധിയേറിയ ഇല്ലിക്കൽ മലയുടെ അടിവാരത്തിലാണ് ഈ ഗ്രാമം. താഴെ ഗ്രാമത്തിന്റെ സമീപത്തുകൂടി സ്വച്ഛമായി മീനച്ചിലാറ് ഒഴുകുന്നു. പ്രകൃതിയും മണ്ണുമായി അലിഞ്ഞുചേർന്ന നല്ലവരായ കർഷക ജനതയായിരുന്നു അന്ന് ആ ഗ്രാമത്തിലുണ്ടായിരുന്നത്
കഴിഞ്ഞകാല ജീവിതത്തിലെ സുപ്രധാനമായ ഒരു ക്രിസ്തുമസ് മംഗളദിനം ഏതെന്ന് എന്നോട് ചോദിച്ചാൽ 1973 ഡിസംബർ ഇരുപത്തിയഞ്ചാംതിയതിയെന്ന് ഞാൻ ഉച്ചത്തിൽ ഉത്തരം പറയും. മനസിലെ വേലിയേറ്റങ്ങളുടെയും വേലിയിറക്കങ്ങളുടെയും ഓർമ്മകൾ പുതുക്കുന്ന ഡിസംബർ മാസം എന്നെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. ഞാൻ അമേരിക്കയിൽ വന്നതും വിവാഹം ചെയ്തതും എന്റെ മകൾ 'ജിജി' ജനിച്ചതും ഡിസംബർ മാസത്തിലായിരുന്നു. നോമ്പുകാലത്ത് വിവാഹം നടത്തുകയെന്നത് അക്കാലത്ത് ചിന്തിക്കാൻ പ്രയാസമുള്ള കാലമായിരുന്നു. അമേരിക്കയിലേക്ക് വിസാ കിട്ടിയ റോസകുട്ടിക്ക് വിവാഹം കഴിഞ്ഞയുടൻ യാത്രയാവണമായിരുന്നതുകൊണ്ട് വിവാഹദിനം മറ്റൊരു ദിനത്തിൽ മാറ്റാൻ സാധിക്കില്ലായിരുന്നു.
ഒരു സ്ത്രീ തന്റെ ജീവിതത്തിൽ മൂന്നു ഭർത്താക്കന്മാരെ തേടുന്നുവെന്ന് അന്നാരോ ചിന്തകൻ എഴുതിവെച്ച കഥകളും ഓർമ്മയിൽ വന്നു. ശരിയോ തെറ്റൊയെന്ന് ചിന്തിക്കാനുള്ള കഴിവും ഉണ്ടായിരുന്നില്ല. ചെറുപ്പമായിരിക്കുന്ന പെണ്ണ് സാഹസികനായ ഒരു ചെറുപ്പക്കാരനെ മനക്കോട്ട കാണുന്നു. എന്തിനും അവളോടൊപ്പം കൂത്താടുന്ന ഒരു ഭർത്താവിനെ അവൾക്ക് വേണം. അവൾ അമ്മയാകുമ്പോൾ കുഞ്ഞുങ്ങൾക്ക് അപ്പനെന്ന ഭർത്താവിനെ വേണം. അവർ പ്രായമാകുമ്പോൾ നടുവളയാത്ത നേരെ നടക്കുന്ന ഒരു കൂട്ടുകാരനെ വേണം. പതിറ്റാണ്ടുകളിൽക്കൂടി ഈ ജീവിതനാടകങ്ങൾ കളിച്ചിട്ടുള്ളവർ ഭാഗ്യവാന്മാരാണ്. അങ്ങനെ ഞാനും ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ ഇന്നെത്തി. കൈകളിൽ വടിയേന്തി നടക്കാൻ മടിയുള്ളവർ കൂട്ടുകാരിയുടെ തോളിൽ അല്ലെങ്കിൽ കൂട്ടുകാരന്റെ തോളിൽ പിടിച്ചുനടക്കാൻ ഇഷ്ടപ്പെടുന്നു. അയ്യേ, എനിക്ക് നാണമാണ്.പണ്ടും ഞാൻ ഒരു നാണം കുണുങ്ങിയായിരുന്നു. കൗമാരപ്പിള്ളേർ കണ്ടാൽ എന്തോർക്കും. മുത്തച്ഛന്റെ കാട്ടിലെ വടി ആരും കാണാതെ കൈകളിൽ പിടിച്ചു നടന്ന മധുരമായ കുട്ടിക്കാലം. ഇനി അതേ കൈകളിൽ അധികം താമസിയാതെ പുത്തനായ വടികളുമേന്തി യാത്ര തുടരണം.
' ഹണീ, പ്രിയേ എന്നെല്ലാം സംബോധന ചെയ്ത് ഞാൻ സ്നേഹിക്കുന്നുവെന്ന്' ഉരുവിട്ടുകൊണ്ട് പൂക്കൾ മേടിക്കാൻ കടയിൽ ഞാൻ പോയിട്ടില്ല. ബീച്ചിലും സ്വിമ്മിംഗ് പൂളിലും കൃത്രിമമായ സ്നേഹം നടിച്ച് ഓടി നടക്കുന്ന ഒരു ടെക്കനിക്കൽ യുഗം ഞങ്ങൾക്ക് വേണ്ടായിരുന്നു. ഒരു പക്ഷെ യാഥാസ്ഥിതിക സങ്കുചിത മനസ്ഥിതി എന്നെ അലട്ടിയിരിക്കാം. ഒരിക്കലുണ്ടായിരുന്ന ഗ്രാമീണ ജീവിതത്തിന്റെ പരിശുദ്ധിയുടെ ആ നാളുകളും ഇന്നും എന്നെ നയിക്കുന്നു. വിരിഞ്ഞിരിക്കുന്ന റോസാപൂക്കൾ പ്രകൃതിയുടെ സൌന്ദര്യമാണ്. അതടർത്തിയെടുത്ത്, മാറോട് ചേർത്ത് ഏച്ചുകെട്ടിയ സ്നേഹം പ്രകടിപ്പിക്കാനും എനിക്കറിയില്ലായിരുന്നു. സ്നേഹം ആത്മാവിന്റെ നിർവൃതിയിൽ നിന്നുള്ളതാണ്. സത്യവും വിശ്വസ്തവുമായ ഉപാധികളില്ലാത്ത സ്നേഹമാണ് ഒരുവന്റെ കുടുംബജീവിതം പിടിച്ചുനിർത്തുന്നത്. ഉയർച്ചകളും താഴ്ചകളും ഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിരുന്നു. ദുഃഖവും സന്തോഷവും ഒത്തുചേർന്ന ജീവിതം ഒന്നുപോലെ പങ്കിട്ടു. എങ്കിലും ഒന്നായ ലക്ഷ്യബോധം ജീവിതത്തെ അർത്ഥസമ്പുഷ്ടമാക്കി.
വൈവാഹിക ജീവിതം ഉത്തമമെന്ന് സത്യത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടം ഒരുവനെ ഒത്തൊരുമിച്ചുള്ള ജീവിതത്തിൽക്കൂടി പാകതയുള്ള മനുഷ്യനാക്കുകയാണ്. അവിവാഹിതനായ ഒരുവനിൽ സ്വാർത്ഥനായ 'ഞാൻ' മാത്രം കുടികൊള്ളുന്നു. അവന്റെ ലോകം 'ഞാൻ ഞാൻ' തന്നെ. ഏകനായ അന്ന് ഞാൻ ചിന്തിച്ചിരുന്നത് 'എന്റെ നേട്ടം' എന്തെന്നായിരുന്നു. സ്വാർഥത വൈവാഹിക ജീവിതത്തിൽ നടപ്പില്ല. വിവാഹിതനായ ദിനത്തോടൊപ്പം ഞാനും വളർന്നു. ജീവിതത്തിന്റെ വൈകിയ വേളയിലുള്ള ഈ യാത്രയിലും സ്വാർഥതയിൽനിന്ന് നിസ്വാർഥനായി ഇന്നും വളർന്നുകൊണ്ടിരിക്കുന്നു. അഭിപ്രായ വിത്യാസങ്ങൾ ഞങ്ങളുടെ ഇടയിലുമുണ്ടായിരുന്നു. അതെല്ലാം പരസ്പരമുള്ള സ്നേഹബന്ധത്തിന്റെയും ദൃഢബന്ധത്തിന്റെയും അടിത്തറയായിരുന്നു. പിന്നീട് നിമിഷങ്ങൾ കഴിയുമ്പോൾ മുഴുവനായി മറന്ന് ഒന്നും സംഭവിക്കാത്തപോലെ ജീവിതയാത്രയെ ചരടിട്ട് പിടിച്ചുകൊണ്ടിരുന്നു.
വിവാഹം കഴിച്ചതോടെ അവളുടെ കുടുംബത്തിലുള്ളവരും അവരുടെ സാമിപ്യവും എന്നിലെ ആനന്ദം ഇരട്ടിപ്പിച്ചിരുന്നു. പുതിയൊരു വീട്ടിലെ അച്ഛനും അമ്മയും ചുറ്റും കൊച്ചനുജത്തിമാരും, കുഞ്ഞനുജത്തിമാരും അളിയനും ഞങ്ങളെ സല്ക്കരിക്കാൻ ഒരു മത്സരമായിരുന്നു. അവളുടെ സ്നേഹം ഉപാധികളില്ലാതെ കൂടപിറപ്പുകൾക്കും അപ്പനും അമ്മയ്ക്കും നൽകുമ്പോൾ ആ സ്നേഹത്തിന്റെ പങ്ക് പറ്റാൻ എനിക്കും സാധിച്ചിരുന്നു. സ്നേഹം എന്തിനെയും കീഴടക്കും. സ്നേഹിക്കാൻ എനിക്ക് ചുറ്റും പുതിയ ബന്ധുജനങ്ങളുടെ പ്രവാഹം തന്നെയുണ്ടായിരുന്നു. അവരിൽ കൊഴിഞ്ഞുപോയ ഇന്നലെയുടെ ആത്മാക്കളുമുണ്ട്. അവളുടെ ചാച്ചൻ, അമ്മച്ചി, മുത്തച്ഛനായ കൊച്ചപ്പൻ എന്നിവർ ശിശിരത്തിലെ ഇലകൾ പോഴിയുംപോലെ നിത്യതയിൽ ലയിച്ചുപോയി. ഒരിക്കലുമൊരിക്കലും മറക്കാത്ത ഓർമ്മകളുമായി അവരെല്ലാം എന്റെ മനസ്സിൽ ഇന്നും കിടിലം കൊള്ളിക്കുന്നുണ്ട്. അതുപോലെ ഇന്ന് അനാദ്യന്തമായ ലോകത്ത് വസിക്കുന്ന എന്റെ പ്രിയപ്പെട്ടവരായ ഇച്ചായനും അമ്മച്ചിയും ചേട്ടനും ഒരേ ഭക്ഷണമേശക്കു ചുറ്റും ഉണ്ടായിരുന്നു.
ഞങ്ങൾ ഒന്നിച്ചുള്ള ജീവിതത്തിലെ കൈത്തിരികളായി വന്ന രണ്ടുമക്കളും ഒന്നുപോലെ ആനന്ദത്തിന്റെ ദിനങ്ങളായ ഓർമ്മകളിൽ ഉണ്ട്. മക്കളോടുള്ള ബന്ധം ഒരു കുടുംബജീവിതത്തെ പിടിച്ചുനിർത്തുന്ന അവിഭാജ്യഘടകമാണ്. മകനെന്നും ആത്മീയമായ ബന്ധം അവന്റെ അമ്മയോടായിരുന്നു. എങ്കിലും ഞാൻ അവന്റെ അപ്പനായ ഉപദേശകനായിരുന്നു. അവനെക്കാലവും എന്നോട് മൽസരിക്കണമായിരുന്നു. എന്റെ നടപ്പും സ്റ്റൈലും ഡ്രസ്സും അനുകരിച്ച് എന്നെ എന്നും മോഡലാക്കാനും അവൻ ഇഷ്ടപ്പെട്ടിരുന്നു. ഏത് മാതാപിതാക്കളെ സംബന്ധിച്ചും ആണ്മക്കളെന്നും ആനന്ദം നല്കും. അതുപോലെ അവന്റെ വളർച്ചയും ജീവിതത്തിനെന്നും വെല്ലുവിളിയായിരിക്കും. ഇന്ന് ബഹുദൂരം ഞങ്ങൾ യാത്ര ചെയ്ത് പടികൾ കയറിയെങ്കിലും അങ്ങകലെ അതിർത്തി കാണുന്നുണ്ടെങ്കിലും ഞങ്ങളുടെ മക്കൾ യാത്രയുടെ തുടക്കമായതേയുള്ളൂ. വളഞ്ഞും തിരിഞ്ഞും റോള്ളർകോസ്റ്റിലുള്ള യാത്രയിൽ പാളീച്ചകളുമുണ്ടായിരുന്നു. ഭിഷ്വഗരനായ ഒരു ജീവിതം മകൻ തെരഞ്ഞെടുത്തവഴി ഞങ്ങളുടെ സ്വപനങ്ങളും സഫലമായിക്കൊണ്ടിരിക്കുകയാണ്.
ഭാര്യയെ സ്നേഹിക്കുമ്പോൾ അവിടെ ആഗ്രഹങ്ങളും ഇച്ഛകളുമാണ് പ്രധാനമായും കണക്കാക്കുന്നത്. മകനെ സ്നേഹിക്കുമ്പോൾ അവനെന്താകണമെന്നുള്ള പളുങ്കുകൊട്ടാരം മനസ്സിൽ നെയ്തെടുക്കും. തീവ്രമായ അതിമോഹങ്ങളും കുടികൊള്ളും.എന്നാൽ മകളോ, അവളെപ്പറ്റി പറയാൻ എനിക്ക് വാക്കുകളില്ല. അപ്പനും മകളുമെന്നപോലെ പരിശുദ്ധമായ ആത്മീയബന്ധം മറ്റൊന്ന് ലോകത്തുണ്ടെന്ന് തോന്നുന്നില്ല. മകൾക്കെന്നും എന്റെ സ്നേഹവും പരിലാളനയും വേണമായിരുന്നു. മകനടുത്തു വരുമ്പോൾ കല്ലുരുട്ടുന്നപോലെ അവനെ ഞാൻ നിലത്തുരുട്ടണമായിരുന്നു. അവനോടൊപ്പം ഞാനും ഓടിയിരുന്നു. കുറ്റിക്കാട്ടിൽ ഒളിച്ചുമിരുന്നു. എന്നാൽ മകൾ വരുമ്പോൾ കൈകൾകൊണ്ട് ഞാനവളെ തോളിലെടുത്ത് തലോടുമായിരുന്നു. ആരോ എഴുതിയത് എവിടെയോ വായിച്ചിട്ടുണ്ട്, ജനിച്ചുവീണ പെണ്‍കുഞ്ഞിന്റെ കണ്ണുകളെ നോക്കുന്ന നിമിഷംമുതൽ ഒരു അപ്പൻ ആ കുഞ്ഞിനെ ആരാധിക്കാൻ തുടങ്ങും. ഒരു മകൻ അവന്റെ ഭാര്യയെ ലഭിക്കന്നവരെ അവൻ നിങ്ങളുടെ മകനാണ്. മകളോ ജീവിതാന്ത്യംവരെ അവൾ നിങ്ങളുടെ മകളായിരിക്കും.
അപ്പനായ എന്നിലും രണ്ട് സ്വഭാവ ഗുണങ്ങളുണ്ടായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ മകളോടിവന്ന് ഉമ്മതരും. 'ഗുഡ് നൈറ്റ് ഡാഡി' യെന്നു പറയും. കെട്ടിപിടിക്കും. എന്നിട്ടവൾ ഉറങ്ങാൻ പോവും. മകനോ, അവന്റെ ശബ്ദം ഹൃദയത്തിൽ നിന്നായിരിക്കും. ചിലപ്പോൾ അവന്റെ തോളിൽ തമാശക്കായി മുഷ്ടികൾകൊണ്ട് ഞാൻ സ്പർശിക്കും. ഇന്നും എന്റെ മകളും മകനും രണ്ട് ധൃവങ്ങളിലായി സഞ്ചരിക്കുന്നു. എന്റെ മകൻ എവിടെയെന്നറിയാം. കാരണം, അവനെപ്പറ്റി ഞാൻ കേൾക്കുന്നു. എന്റെ മകളും എവിടെയെന്നെനിക്കറിയാം. കാരണം അവൾ എല്ലാം എന്നോട് തുറന്നുപറയുന്നു.
1970 -ന്റെ മദ്ധ്യവർഷങ്ങളിൽ ഞാൻ ഉൾപ്പെട്ട മലയാളി സമൂഹങ്ങളിൽ ഭൂരിഭാഗവും ഈ നാട്ടിലെ കുടിയേറ്റക്കാരായിരുന്നു. എന്നാൽ ഇന്ന് എന്റെ സമൂഹം സാമ്പത്തികമായി വളരെയേറെ മുന്നേറി. അന്നുണ്ടായിരുന്നവരുടെ മക്കളിൽ ഭൂരിഭാഗവും പ്രസിദ്ധമായ യൂണിവേഴ്സിറ്റികളിൽ പഠിച്ച് ബിരുദവും ഉന്നത നിലവാരമുള്ള തൊഴിലുകളും നേടി. എന്റെ കഥ ഈ നാട്ടില്നിന്നു തുടങ്ങി. ഞാനും എന്റെ കുടുംബത്തിനായി കഠിനാധ്വാനം ചെയ്തു. ഓരോ പ്രവാസിയുടെയും പ്രയത്നഫലം നമ്മുടെ ജന്മഭൂമിക്കും കർമ്മഭൂമിക്കും ഒരുപോലെ പ്രയോജനപ്പെട്ടു. ആദികാല കുടിയേറ്റക്കാരന്റെ വഴി കഠിനമായിരുന്നു. എങ്കിലും അവസരങ്ങൾ തന്ന് തുറന്ന കൈകളായി സ്വീകരിച്ച ഈ രാജ്യത്തെയും എന്റെതാക്കി. ഒരു കുടിയേറ്റക്കാരൻ സ്വന്തം നിലനിൽപ്പിന് പൈതൃകമായി ജനിച്ച ഈ നാട്ടുകാരെക്കാളും രണ്ടിരട്ടി ജോലിചെയ്യണമായിരുന്നു. ആ കഠിനാദ്ധാനം ഞാൻ ഇന്നും ഉപേക്ഷിച്ചിട്ടില്ല. ഇന്നും അമേരിക്കൻ മണ്ണിൽ അമേരിക്കൻദേശിയെന്നതിലുപരി കുടിയേറ്റക്കാരനെന്ന നിലയിൽ അറിയപ്പെടുന്നു. കുടിയേറ്റക്കാരിൽ എനിക്കുമുമ്പ് വന്നവർ സ്റ്റാറ്റ്യൂ ഓഫ് ലിബർട്ടി വഴി കപ്പലിൽ എത്തി. അവരുടെ ലക്‌ഷ്യം സ്വാതന്ത്ര്യദാഹമായിരുന്നു. എന്റെ സമൂഹം ആകാശത്തിൽകൂടി വിമാനംവഴി മെച്ചമായ ജീവിതസൌകര്യം തേടി അമേരിക്കയെന്ന സ്വപ്നഭൂമിയിലെത്തി. വന്നെത്തിയവരുടെ കൈവശമുണ്ടായിരുന്നത് എട്ടു ഡോളറും കുറെ അരിയുണ്ടകളും നാടൻ പലഹാരം നിറഞ്ഞ പെട്ടികളുമായിരുന്നു.
അമേരിക്കയിലെ ആദികാല കുടിയേറ്റകാരിൽ ഭൂരിഭാഗം പേരുടെയും ഭദ്രമായ കുടുംബങ്ങളുടെ അടിസ്ഥാന കാരണം സ്ത്രീകളാണ്. അവരുടെ സഹനശക്തിയും ക്ഷമയും കഠിനാധ്വാനവും കേരളനാട്ടിലെ അനേകായിരം കുടംബങ്ങളെ രക്ഷപ്പെടുത്തിയെന്നുള്ളതും വെറും ചരിത്ര സത്യങ്ങളായി കാലം മാറ്റും. ഇവിടെവന്ന ഓരോ പുരുഷന്മാരും അന്നത്തെ സ്ത്രീകളെ എത്രമാത്രം പൂവിട്ടു പൂജിച്ചാലും കടപ്പാടുകൾ തീരില്ല. അവർമൂലം അവരുടെ കുടുംബങ്ങളും ഭർത്താവിന്റെ കുടുംബങ്ങളും കുടുംബങ്ങളുടെ കുടുംബങ്ങളും പ്രവാഹങ്ങളായി വന്ന് ഈ സ്വപ്നഭൂമിയിൽ വിയർപ്പുകൾ പൊടിച്ച് കുടുംബങ്ങളെ പടുത്തുയർത്തി. ഈ രാജ്യത്തിന്റെ ഭരണചക്രംവരെ തിരിക്കാൻ കഴിവുള്ളവരായ ഒരു പുതിയ തലമുറയെയും വാർത്തെടുത്തു. എന്റെ കുടുബത്തിന്റെയും നേട്ടങ്ങൾ എനിക്കഭിമാനിക്കാനായി അധികമില്ല. എല്ലാം എന്റെ ഭാര്യയുടെ കഠിനാധ്വാനവും ശ്രമവുമായിരുന്നു. എങ്കിലും ഞങ്ങളൊന്നിച്ച് ഒരേ ലക്ഷ്യത്തോടെ മക്കളുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി ജീവിതയാത്ര തുടർന്നുകൊണ്ടിരുന്നു. പണം ഞങ്ങളുടെ ജീവിതത്തിലെ അഭിപ്രായ വിത്യാസത്തിന് ഒരിക്കലും കാരണമല്ലായിരുന്നു.
ഇതെല്ലാം എഴുതുമ്പോൾ എന്റേത് മാതൃകാ കുടുംബമെന്ന് ധരിക്കരുത്. കലഹങ്ങളും ഒച്ചപ്പാടുകളും അഭിപ്രായ വിത്യാസങ്ങളും നിത്യജീവിതത്തിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഉടൻതന്നെ ഒന്നും സംഭവിക്കാത്തപോലെ പ്രശാന്തതയും നിഴലിച്ചിരുന്നു. വ്യത്യസ്തങ്ങളായ അഭിപ്രായ വ്യത്യാസങ്ങളെ ഞാൻ അതിന്റെ വഴിക്ക് വിട്ടിരിക്കുകയാണ്. അവളൊരു തികഞ്ഞ ഭക്തയും കഠിനമായ മത വൃതങ്ങളനുഷ്ടിക്കുന്നവളുമാണ്. എന്നെസംബന്ധിച്ച്
പ്രായോഗിക ജീവിതത്തിൽ മതമെന്നത് ഒരിക്കലും ചിന്തിക്കാത്ത വ്യക്തിയായിരുന്നു. മക്കളെയും അവരുടെ ചിന്താ സ്വാതന്ത്ര്യത്തിന്റെ വഴിക്ക് വിട്ടിരുന്നു. അവളെന്നും സമൂഹ പ്രാർത്ഥനകളും രാത്രിയിലെ ടെലഫോണിൽ ബന്ധിച്ച കൂട്ടകൊന്ത നമസ്ക്കാരവും പ്രാർത്ഥനാപ്പാട്ടുകളുമായി മണിക്കൂറുകളോളം ചെലവഴിക്കും. വീട്ടിലും പ്രാർത്ഥനാഗീതങ്ങളുമായി ജനം വന്ന് ഈ ഭവനത്തെ ഒരു ദേവാലയം ആക്കാറുണ്ട്. എങ്കിലും തെക്കും വടക്കും പോലെ അരോചകമാംവിധം വ്യത്യസ്ഥങ്ങളായ ആശയവൈരുദ്ധ്യങ്ങൾ കുടുംബജീവിതത്തിന് ഒരിക്കലും പ്രശ്നമായിരുന്നില്ല. ‘പള്ളിയിൽ പോകാത്തവനായിരുന്നെങ്കിൽ ഞാൻ കല്യാണം കഴിക്കില്ലായിരുന്നുവെന്ന്’ മധുവിധു കാലങ്ങളിൽ തമാശയായി അവൾ പറയുമായിരുന്നു. അതൊന്നും എന്നിലെ തത്ത്വചിന്തകൾക്ക് ഇളക്കം വരുത്തിയിട്ടില്ല. അവള്ക്കവളുടെ ദൈവം. യുക്തിയിൽ അധിഷ്ടിതമായ മറ്റൊരു ദൈവത്തെ ഹൃദയത്തിൽ ഞാൻ വഹിച്ചിരുന്നു. എങ്കിലും യേശു പൊതുവായി ഞങ്ങൾക്ക് മദ്ധ്യേ ഒരു ഗുരുവിനെപ്പോലെ മാർഗദർശിയായി ഉണ്ടായിരുന്നു. ജനിച്ചുവളർന്ന നാട്ടിൽ അക്കരെയൊരു മാതാവായ മേരിയുണ്ട്. അവിടെ ഞങ്ങളൊന്നിച്ച് പോയിട്ടുണ്ട്. നൂറ്റാണ്ടുകളായി പൂർവ്വികരുടെ പാദങ്ങൾ പതിഞ്ഞ പുണ്യഭൂമിയാണവിടം. എന്റെ അമ്മച്ചിയും ഇച്ചായനും ബാല്യത്തിൽ എന്നെ കൈപിടിച്ചുകൊണ്ട് ആ ദേവതയുടെ മുമ്പിൽ നിശബ്ദനായി നിന്ന് പ്രാർഥിച്ച ദിനങ്ങളും ഇന്ന് ഓർമ്മയിൽ വരുന്നുണ്ട്.
ഇവിടെ ഒരു ചോദ്യം വരാം, വ്യതസ്തങ്ങളായ രണ്ടുതരം വിശ്വാസത്തിന്റെ മുമ്പിൽ എങ്ങനെ ഒരു കുടുംബ ജീവിതം പടുത്തുയർത്തി. എനിക്കും ഭാര്യക്കും പല വിശ്വാസങ്ങളിലും ഒന്നായ ധാരണയുണ്ടായിരുന്നു. മതത്തിന്റെ അമിത ഭക്തിയെ മാറ്റിവെച്ചാൽ അടിസ്ഥാന വിശ്വാസങ്ങളിൽ ഞങ്ങൾ ഒന്നായിരുന്നു. വ്യത്യസ്തതകളിൽ സന്തുഷ്ടമായ ഒരു കുടുംബം പടുത്തുയർത്തുന്നതും പ്രായോഗികജീവിതത്തിന്റെ ഒരു കലയാണ്.
Copy from: Malayalam Daily News
Subscribe to:
Post Comments (Atom)
As soon as I read your piece I wrote the following comment in your Blog:
ReplyDeleteBeautiful, beautiful, three times beautiful. I read it at one stretch and was simply absorbed by the intoxicating beauty of language and ideas.You are writer par excellence in Malayalam.The description of your personal youth life, family life and life during the honey moon days make the piece picturesque and life like. Marvelous. You present life in raw, mixing sweet and bitter, bright and dark sides of human character attractively. Keep it up. A book of this type of writing will get you millions of adoring . readers. May the Lord give you long life to entertain, instruct and inspire people around the globe. james
James kottoor
ഈ ലാളിത്യമാണ്, ഈ തന്റെടമാണ് ശ്രി ജൊസഫ് മാത്യുവിനെ വ്യത്യസ്തനാക്കുന്നത്. ആര്‍ജ്ജിച്ച അറിവുകള്‍ പങ്കു വെയ്ക്കുക. ആര്‍ക്കെങ്കിലും പ്രയോജനപ്പെടും. ലോകത്തിലുള്ള ഇരുട്ടുകള്‍ മുഴുവന്‍ ഒരുമിച്ചാലും ഒരു കൈത്തിരിയുടെ പ്രകാശത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. ഞങ്ങളുടെയൊക്കെ അനുമോദനങ്ങള്‍, ആശംശകള്‍! രാവിലെ തന്ന ഇതെഴുതണമെന്ന് ആഗ്രഹിച്ചതാണ്. ഒരു പകല്‍ തിരക്കിന്റെതായിപ്പോയി.
ReplyDeleteആദ്യമെതന്നെ പടന്നമാക്കൾ ജോസിനും റോസക്കുട്ടിക്കും അവരുടെ 40-ആം വിവാഹ വാർഷികത്തിന്റെ മംഗളങ്ങൾ നേർന്നുകൊള്ളുന്നു. അമേരിക്കയിലേയ്ക്കുള്ള ആദ്യകാല കുടിയേറ്റക്കാരായ അവർ എന്തെല്ലാം ബുദ്ധിമുട്ടുകളിൽകൂടി കടന്നുപോയിട്ടുള്ളവരാണന്ന് ആ പാതയിലൂടെ സഞ്ചരിക്കുന്ന എനിക്ക് നല്ലതുപോലെ അറിയാം. ഭാര്യാഭർത്താക്കന്മാർക്ക് അർപ്പിതമനസ്സും ഒന്നായ ലക്ഷ്യബോധവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയിലും അവർ തളരാതെ വളരും. ഇവരുടെ ജീവിതം അതാണ് നമ്മെ പഠിപ്പിക്കുന്നത്.
ReplyDeleteപാശ്ച്യാത്യലോകത്തെവിടെയും ഉള്ളതുപോലെ അമേരിക്കയിലും റിട്ടയർ ചെയ്തവരുടെ ഇടയിലും ചെറുപ്പക്കാരുടെ ഇടയിലും ധാരാളം കുടുംബപ്രശ്നങ്ങൾ ഉണ്ട്. ചില കുടുംബങ്ങൾ പൊട്ടിത്തെറിച്ച് വിവാഹമോചനത്തിലും അവസാനിക്കാറുണ്ട്. ശ്രി പടന്നമാക്കൾ പറഞ്ഞതുപോലെ വിവാഹജീവിതത്തിൽ പങ്കാളികൾക്ക് ഒന്നായ ലക്ഷ്യബോധം ഉണ്ടങ്കിൽ പ്രശ്നങ്ങളെ നേരിടേണ്ടിവന്നാലും അവരുടെ കുടുംബജീവിതം ഭദ്രമായിരിക്കും, അർത്ഥസംപുഷ്ടമായിരിക്കും. പണ്ടൊരു ചൊല്ലുണ്ടായിരുന്നു ഭാര്യയുടെ ഏറ്റവും വലിയ സുരക്ഷിതത്വം ഭർത്താവിൻറെ ബലവത്തായ തോളുകളിൽ താങ്ങി നില്ക്കുന്നതാണന്ന്. സ്വന്തം വ്യക്തിത്വത്തിന് പ്രാധാന്യം കൂടിയ ഇക്കാലത്ത് ഭാര്യാഭർത്താക്കന്മാർ പരസ്പരം താങ്ങി നില്ക്കേണ്ടിവരുന്നു. ഇവിടെയും ഒന്നായ ലക്ഷ്യബോധം ദമ്പതികളെ കൈപിടിച്ച് നടത്തും.
ശ്രി പടന്നമാക്കൾ 40 വർഷത്തെ അദ്ദേഹത്തിൻറെ വിവാഹജീവിതത്തെ വായനക്കാരുടെ മുബിൽ തുറന്നപ്പോൾ അതിലെ ഓരോ വരികളും ഞാൻ കൌതുകത്തോടെ വായിച്ചു. എത്ര ലളിതമായ, നർമരസം നിറഞ്ഞ, എന്നാൽ കാര്യസംപുഷ്ടമായ ഒരു ലേഖനമാണിത്! കാര്യങ്ങളെ അതായിരിക്കുന്ന വിധത്തിൽ തുറന്നെഴുതുവാനുള്ള അസാധാരണ കഴിവ് വെറും സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന പടന്നമാക്കലിന് ഒരു സിദ്ധിതന്നെയാണ്. വായനക്കാർക്ക് ഇതൊരു ചെറിയ കലാരൂപമാണ്. ആദ്യകാല കുടിയേറ്റക്കാരെപ്പറ്റിയുള്ള ഒരു പുസ്തകം രചിച്ചാൽ അതൊരു വലിയ കലാവിരുന്നായിരിക്കും. ശ്രി പടന്നമാക്കലിന്റെ ജീവിതത്തെ ആധാരമാക്കി അമേരിക്കാൻ കുടിയേറ്റ ചരിത്രം എഴുതിയാൽ ഭാവി തലമുറയ്ക്ക് അതൊരു മുതൽക്കൂട്ടുമായിരിക്കും. എന്റെ ഈ നിർദ്ദേശം ശ്രി പടന്നമാക്കൾ കാര്യമായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇല്ലിക്ക മലയുടെ അല്പം താഴെയായി ഒരു കുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഒരു CSI പള്ളിയുണ്ട്. അവിടെവരെ ഞാനും സഹധർമിണിയും ഒരയൽവാസി കുടുംബവും ചേർന്ന് രണ്ടാഴ്ച മുമ്പ് കയറിപ്പോയി. അവിടെ നിന്നുള്ള കാഴ്ചയോളം സുന്ദരമായ ഒന്ന് സ്വിറ്റ്സർലന്റിൽപോലും ഞാൻ കണ്ടിട്ടില്ല. അവിടെനിന്നോ അവിടെയടുത്തുനിന്നോ വളർന്നുവന്ന ഒരു പെണ്ണ് കൂടെയുള്ളത് ശ്രീ ജോസെഫ് മാത്യുവിനെ എല്ലാ നന്മയിലൂടെയും കൂട്ടായി നടന്നു നയിച്ചു, മനോഹരമായത് പലതും കാണാൻ പഠിപ്പിച്ചു എന്ന് വിശ്വസിക്കാൻ എനിക്കൊരു മടിയുമില്ല. ഇറങ്ങിപ്പോന്നപ്പോൾ മൂന്നിലവിനടുത്തൊരരുവിയിൽ കുളിച്ചു. അടുത്ത വാരാന്ത്യത്തിൽ ഇല്ലിക്കൽ കല്ല് വരെ കയറി പ്പോകണമെന്നാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്. റോസക്കുട്ടിയുടെ വീട്ടുപേര് അറിയിക്കുമെങ്കിൽ, ആരെങ്കിലും ഇന്നവിടെ താമസ്സമുണ്ടോ എന്നൊന്ന് തിരക്കി വരാം. കിട്ടിയാൽ ഒരു ചായയും വാങ്ങിക്കുടിക്കാമായിരുന്നു!
ReplyDeleteഎന്റെ ഭാര്യാവീടും സാക്ക് സഞ്ചരിച്ച അതേ വഴികളിൽതന്നെയാണ്. വസ്തുക്കൾ അവിടെ കിടപ്പുണ്ടെങ്കിലും ആ വീട് ആൾതാമസമില്ലാതെ ഇടിഞ്ഞും പൊളിഞ്ഞും ഭാർഗവിനിലയംപോലെ കിടക്കുകയാണെന്നും അറിഞ്ഞു. അന്നവിടെ ജീവിച്ചവരായ അനുജത്തിമാരെല്ലാം പുറം നാടുകളിലും അളിയൻ തിരുവനന്തപുരത്തുമായി ആധുനിക ജീവിത സൗകര്യങ്ങളുമായി ജീവിക്കുന്നു. ആധുനികത കൈവന്നതോടെ വ്യത്യസ്തമായ ജീവിതരീതികൾ ഓരോരുത്തരും സ്വീകരിച്ചു. കോവേന്തക്കാർ അച്ചൻമാർ ഉദ്യോഗത്തിൽനിന്നും എന്നെ പിരിച്ചുവിട്ടശേഷം വിവാഹംവഴി ഒരു ആത്മീയബന്ധം ആ പ്രദേശങ്ങളുമായി അന്നെനിക്ക് സ്ഥാപിക്കാൻ സാധിച്ചിരുന്നു. സ്വതവേ വാചാലനായ എന്നോട് അക്കാലത്ത് അന്ന് നാട്ടുകാർക്കെല്ലാം പ്രത്യേകമായ ഒരു മമതയുമുണ്ടായിരുന്നു.
ReplyDeleteഅമേരിക്കയിൽ വരുന്നതിനുമുമ്പ് ഒരിടവേളസമയം പാലായിൽ ചാണ്ടിസാറിൻറെ പാരലൽസ്ഥാപനത്തിലും ബിസിനസ് വിഷയങ്ങൾ പഠിപ്പിച്ചിരുന്നു. സാക്ക് സഞ്ചരിച്ച ഇല്ലിക്കൽ മലയുടെ സമീപമുള്ള എന്റെ ഒരു വിദ്യാർത്ഥിയുടെ വീട്ടിൽ ഒരിക്കൽ അവൻ എന്നെ കൂട്ടികൊണ്ട് പോയതും ഓർക്കുന്നു. അവന്റെത് ചുറ്റും തേനീച്ച വളർത്തുന്ന ഒരു ചെറുവീടായിരുന്നു., ചെറുനിക്കർ ധരിച്ചുനടക്കുന്ന കുറെ പിള്ളേർ ആ കൊച്ചുവീട്ടിലുണ്ടായിരുന്നു. പരിചയമില്ലാത്ത ആ വീട് എന്നെ സല്ക്കരിക്കാൻ ശ്രമമായി. മേശയിൽ വലിയ ഒരു കോപ്പപാത്രത്തിൽ പത്തിരുപത് കൊഴിക്കൊട്ട പലഹാരവും നിറച്ച് ആ വീട്ടിലെ സ്ത്രീ എന്റെ മുമ്പിൽ കൊണ്ടുവന്നുവെച്ചു. മടങ്ങി പോവുമ്പോൾ എനിക്ക് രണ്ടുകുപ്പി തേൻ തരാമെന്ന് പറഞ്ഞ് തേൻ ശേഖരിക്കാൻ വീട്ടിലെ കുടുംബിനിയും ഗൃഹനാഥനും പുറത്തേക്കിറങ്ങി. എന്തെന്ന് ചെയ്യണമെന്നറിയാതെ തനിയേ മുറിയിൽ ഒറ്റക്കായ ഞാൻ എന്റെ മേശയിലുണ്ടായിരുന്ന കൊഴികൊട്ടയുടെ കൂമ്പാരത്തെ നോക്കിനിന്നു. അപ്പോഴാണ് ഒരു ചെറുക്കൻ അടുക്കളയിൽനിന്ന് ഒളിഞ്ഞുനോക്കുന്നതു കണ്ടത്. കൊഴിക്കൊട്ട എടുത്തോടാ മോനെയെന്ന് അവനോട് ഞാൻ പറയുകയും ഉടനെതന്നെ വാലുവാലായി അഞ്ചാറുപിള്ളേർ ഒന്നിച്ചുവന്ന് ആ പാത്രത്തിലുണ്ടായിരുന്ന കൊഴിക്കോട്ട മുഴുവനായി പെറുക്കികൊണ്ടുപോവുകയും ചെയ്തു. എനിക്കത് സന്തോഷമായിരുന്നെങ്കിലും എന്റെ പ്രയാസം ഞാൻ ആ കൊഴിക്കോട്ട മുഴുവൻ തനിയേ തിന്നെന്ന് അവിടെയുള്ള വീട്ടുകാർ ഓർത്തു കാണുമെന്നായിരുന്നു.
ഇങ്ങനെയുള്ള സ്നേഹം അന്നത്തെ ഗ്രാമീണവാസികളുടെ പ്രത്യേകതയായിരുന്നു. എന്നാൽ ഞാൻ വളർന്ന നാട്ടിലെ ഭൂരിഭാഗം ജനങ്ങളും അറയ്ക്കൽ പിതാവിന്റെ സ്വഭാവക്കാരായിരുന്നു. "തനി വെട്ടിപ്പുകാർ". അത്തരം ഗ്രാമീണ സ്നേഹം ലോകത്ത് ഒരു രാജ്യത്തും ലഭിക്കില്ല.
പ്രിയനേ,നാല്പതല്ല നാല്പ്പത്തിനാലാം വിവാഹ വാർഷികം ഈ oct 26 നു ഞാനും ആലീസും, മൂന്നാണ്മക്കളും നാല് കൊചാണ്മക്കളും, മൂന്ന് (വന്നുകയറിയ) പെണ്‍പൊലിമകളൂംകൂടി ആഘോഷിച്ചു ! പക്ഷെ ജോസപ്പച്ചായന്റെ മനസിലെ തൂലിക എനിക്കില്ലാതെപോയി..അതുകൊണ്ട് എന്റെ വാചാലമായ സത്യങ്ങൾ മൌനങ്ങളായി മനസിനുള്ളിൽ നിത്യതപസിലുമായി.. സാറേ സാറൊരു ഭാഗ്യവാൻ ..എഴ്താൻ തോന്നിയതിനു നന്ദി .
ReplyDeleteഅടുത്ത ഞായറാഴ്ച രണ്ടു ഡസൻ കൊഴുക്കട്ടയുമായി ഞങ്ങളഞ്ചാറു പേര് ഇല്ലിക്കക്കല്ലിന്റെ മുകളിൽ പറ്റിയില്ലെങ്കിൽ പരിസരത്തെങ്കിലും ഇരുന്നു കാപ്പി കുടിച്ച് ജോസഫ് മാത്യുവിനെയും റോസാക്കുട്ടിയെയും ഓർക്കാം. റോസക്കുട്ടിയുടെ ഒരു ബന്ധുവെങ്കിലും അവിടെയെങ്ങാനും ഉണ്ടായിരുന്നെങ്കിൽ, ഞങ്ങൾ കുടിക്കാനൊന്നും ചുമക്കേണ്ടി വരില്ലായിരുന്നു! ങാ, എവിടെങ്കിലും നല്ല അരുവി കാണും. എന്തൊരു രസമാണ് അങ്ങനെ വല്ല കാട്ടരുവിയുടെയും ഒരത്തിരുന്നു വല്ലതും കഴിക്കാൻ. കഴിഞ്ഞ തവണ ഞങ്ങളവിടെ സ്ഥലത്തിന്റെ വില ചോദിച്ചു - നാപ്പതും അമ്പതും ആയിരമാണ് സെന്റിന്. ഇനിയിപ്പോൾ കസ്തൂരിരംഗനും ഗാഡ്‌ഗിലും കൂടെ അതൊക്കെ വെറും നാലായിരവും അയ്യായിരവുമായി മാറ്റും. പാവം മോണിക്കയുടെ തുണ്ട് ഭൂമി വിട്ടുകൊടുത്തിട്ട് , അറക്കൽ അവിടെങ്ങാനും ചെന്ന് ഒരു മലയങ്ങു വാങ്ങട്ടെ.
ReplyDelete40 വര്‍ഷം പെട്ടെന്ന് പോയീ എന്ന് തോന്നുന്നുണ്ടോ? കൂട്ടക്കല്ലിലെ മീനച്ചില്‍ ആറ്റില്‍ 72-74 കളില്‍ കുറെ കുളി ഞാനും കുളിച്ചതാണ്. അന്ന് അവിടെ ഓര്‍മ്മയുള്ളത്, പിള്ളച്ചേട്ടന്റെ പലചരക്ക് കടയും , ഒരു ചായക്കടയും. ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തിനു ഏറ്റം മുകളില്‍ ആയി പനംപ്പള്ളിക്കുന്നു എന്നാ ഒരു വീട് ഉണ്ടായിരുന്നു, ഏതോ ഒരു മന്നത്ത് ഭീമനുമായി ബന്ധിച്ച ഒരു കഥയും അന്ന് അവിടെ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ആകപ്പാടെ P.T.M.S ബസ് മാത്രമേ ഉണ്ടായിരുന്നള്ളൂ. അതിലെ മുഴുവന്‍ നര വീണ ഡ്രൈവര്‍ ഒരു മറ്റൊരു പിള്ളച്ചേട്ടന്‍ ആയിരുന്നു. ആ ആറ്റില്‍ അന്ന് കാണാന്‍ അഴകുള്ള ധാരാളം ഉരുളന്‍ കല്ലുകള്‍ നിറയെ ഉണ്ടായിരുന്നു, കഠിനമായ വേനലിലും തണുത്തവെള്ളം ആയിരുന്നു. അതെല്ലാം ഓര്‍ത്ത് ഇക്കഴിഞ്ഞ തവണ അവിടെപോയപ്പോള്‍ ഉരുളങ്കല്ലുകള്‍ മൊത്തം അപ്രത്യക്ഷമായിരുന്നു. ബാക്കി പ്രകൃതി കുറെ മാറിയെങ്കിലും 40 വര്‍ഷത്തിനു ശേഷവും തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയില്ല.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete