Translate

Saturday, November 16, 2013

ഇതെന്തു നമ്പ്യാര്‍?

ഈ സുന്ദരന്‍ നമ്പ്യാരെ ഒതുക്കത്തില്‍ കിട്ടിയാല്‍ യുവദീപ്തിക്കാര് ചതച്ചു കൊല്ലും; കാഞ്ഞിരപ്പള്ളിയില്‍ അവര്‍ സ്വന്തം സഹോദരന്മാരുടെ നേരെ തന്നെ തിരിഞ്ഞവരല്ലേ? അത് കൊണ്ട് അദ്ദേഹത്തിന്‍റെ ഊരു കാര്യങ്ങളൊന്നും ഞാന്‍ വെളിപ്പെടുത്തുന്നില്ല. അദ്ദേഹം എന്‍റെ കൂടെ ഓഫ്ഷോറില്‍ ജോലി ചെയ്യുന്നു. അദ്ദേഹവുമായി ഏതാനും ദിവസം മുമ്പ്  നടന്ന ഒരു സംവാദമാണ് ഇവിടുത്തെ പ്രമേയം. അദ്ദേഹം അവസാനം പറഞ്ഞത് ആദ്യം പറഞ്ഞാലേ ശരിയാവൂ. ഈ സുന്ദരന്‍ നമ്പ്യാര്‍ സ്വന്തം കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് ഒരിക്കല്‍ സ്വാഗത കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. ഇത് പത്തു വര്‍ഷങ്ങള്‍ മുമ്പത്തെ കാര്യം. അദ്ദേഹത്തിന്‍റെ പ്രസംഗം എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. ഗോപാലകൃഷ്ണന്‍ സാറിന്‍റെതു പോലെ വളരെ മനോഹരമാണെന്ന് ഒന്ന് രണ്ടു പേര് പറഞ്ഞു. അവരുദ്ദേശിച്ചത് ISRO യിലെ Dr. N ഗോപാലകൃഷ്ണന്‍ നായര്‍ എന്ന പ്രസസ്ത മതപ്രസംഗകനെയായിരുന്നു. ഒരു തികഞ്ഞ ഭാരതീയനും  ഉഗ്രന്‍ വാഗ്മിയുമായ ഗോപാലകൃഷ്ണന്‍ സാറിന്‍റെ പ്രഭാഷണങ്ങള്‍ യൂടുബിലും ഉണ്ട്, സി ഡി കളിലുമുണ്ട്. നമ്പ്യാര്‍ക്കും ഇതറിയാമായിരുന്നു. പ്രസംഗത്തിന്‍റെ പവ്വര്‍ പക്ഷേ മറ്റു മതങ്ങളുടെ പോരായ്മകളിലേക്ക് തെളിവുകളുടെ പിന്ബലത്തോടെയുള്ള കടന്നു കയറ്റങ്ങള്‍ ആയിരുന്നെന്ന് പറയാതെ വയ്യ. നന്നായി പറയാന്‍ കഴിയുമെങ്കില്‍ എനിക്കും എന്തുകൊണ്ട് ഒരു കൊച്ചു ഗോപാലകൃഷ്ണന്‍ ആയിക്കൂടാ? അങ്ങിനെ ചിന്തിച്ചപ്പോള്‍ കേരളത്തില്‍ കുതിര കയറാന്‍ എളുപ്പം ക്രിസ്ത്യാനികളാണെന്നു കണ്ടു. അങ്ങിനെയാണ് റോമായുടെ ചരിത്രം പഠിക്കാന്‍ സുന്ദരന്‍ നമ്പ്യാര്‍ തുനിഞ്ഞിറങ്ങിയത്‌. ഗോപാലകൃഷ്ണന്‍ സാറിനു നിന്ന് തിരിയാന്‍ സമയമില്ല. ഒരു സഹായം സമൂഹത്തിനാകട്ടെ എന്നും കരുതി. അന്ന് നമ്പ്യാര്‍ക്ക് നല്ലൊരു ജോലി ഉണ്ടായിരുന്നുമില്ല.
റോമ്മാചരിത്രം പഠിച്ചു തീരുന്നതിനു മുമ്പേ ഗള്‍ഫിലേക്ക് പറക്കേണ്ടി വന്നു; പ്രസംഗ മോഹങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. അങ്ങിനെയിരിക്കുമ്പോളാണ് അങ്ങേരോട് ഞാന്‍ പറഞ്ഞത് “ഇടുക്കിയില്‍ ഹര്‍ത്താലാ ..... മെത്രാന്‍റെ ഇടയ ലേഖനം വന്ന കാര്യം മംഗളം ഇന്റര്‍നെറ്റിലുണ്ട്.” മംഗളമാണ് ഞങ്ങളുടെ പൊതു വികാരം. കരിക്കിനേത്തിലെ കൊലപാതകം, കാഞ്ഞിരപ്പള്ളിയിലെ മോനിക്കാ തട്ടിപ്പ്, ഇങ്ങിനെ അപ്രമാദമായ കാര്യങ്ങള്‍ ഒന്നും മനോരമ പോലുള്ള വല്യ പത്രങ്ങളില്‍ വരില്ല. കാര്യം ഉള്ളപോലെ വായിക്കാന്‍ മംഗളം തന്നെ ശരണം. ഇടുക്കി മെത്രാന്‍ ആനിക്കുഴിക്കാട്ടില്‍ ഇടയലേഖനം എഴുതിയതും, മാണി വിയര്‍ക്കുന്നതും, ജേക്കബ് ഉയിര്‍ക്കുന്നതുമെല്ലാം ഞങ്ങള്‍ക്കും കാണാവുന്നതേയുണ്ടായിരുന്നുള്ളൂ. “ഈ ആനിക്കുഴിക്കാട്ടില്‍   അത്ര നല്ലൊരു മേത്രാനൊന്നുമല്ല.” ഞാന്‍ പറഞ്ഞു. നമ്പ്യാര് എന്‍റെ മുഖത്തേക്ക് നോക്കി. ഞാന്‍ പറഞ്ഞു, “എനിക്കൊരു പേരമ്മയുണ്ട്, മൂന്നാറില്‍ കുഞ്ചിത്തണ്ണിയെന്ന സ്ഥലത്ത്. കുന്നും, മലയും, കുഴിയും പൊഴിയുമൊക്കെ  കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു ഗ്രാമമാണത്. ആ കര്‍ഷക പിള്ളേര്‍ക്ക് സ്കൂളില്‍ പോകാന്‍ ഒത്തിരി ദൂരം പോണം. നാട്ടുകാരെല്ലാം കൂടി ഒരിംഗ്ലിഷ് മീഡിയം സ്കൂള്‍ തുടങ്ങി. പള്ളിയുടെ തൊട്ടടുത്ത്. പള്ളിയും മെത്രാനും എല്ലാം ഒറ്റക്കെട്ടായപ്പോള്‍ അത് യാഥാര്‍ത്യമായി. സ്കൂള്‍ പച്ചപിടിച്ചു വന്നപ്പോള്‍ ഈ ആനിക്കുഴിക്കാട്ടില്‍ ഒരു കടത്തനാടന്‍ വെട്ട്. ഇതാ പള്ളിമുറ്റത്തുതന്നെ രൂപത വക ഇംഗ്ലിഷ് മീഡിയം സ്കൂള്‍. അദ്ദേഹത്തിന്‍റെ ഒരു വേണ്ടപ്പെട്ടവനായിരുന്നു ചങ്ങല വലിച്ചത്. പേടിപ്പിക്കാന്‍ ജൊസഫ്  മുതല്‍ മാണി വരെ ഉള്ളപ്പോള്‍ അംഗീകാരം വഴിയേ വരുമല്ലോ.  അപേക്ഷയില്‍ കാണിച്ച സ്കൂള്‍ സ്ഥലം ആകണമെങ്കില്‍  പള്ളിയുടെ മദ്ബഹായും കൂടി അളക്കണം എന്ന് പറഞ്ഞു കേട്ടു.”
“കറുത്തിരുണ്ട സഭയെന്നായിരുന്നില്ലേ നിങ്ങളുടെ ആദ്യത്തെ പേര്? അതല്ലേ കത്തോലിക്കാ സഭയായത്?” എടുത്ത വായിലെ നമ്പ്യാര് ചോദിച്ചു. ഈ കഥ നമ്പ്യാരോട് പറയേണ്ടതില്ലായിരുന്നുവെന്നു എനിക്ക് തോന്നി. സുന്ദരന്‍ നിര്‍ത്തുന്ന ലക്ഷണമൊന്നും കണ്ടില്ല. “തോമ്മാ സ്ലിഹായുടെ കൂട്ടത്തില്‍ മലബാറീന്നു മുളക് വാങ്ങിക്കാന്‍ വന്ന യൂദന്മാരല്ലേ മാനസാന്തരപ്പെട്ട് ഇവിടെ സുവിശേഷം പ്രസംഗിച്ചത്?’  എന്‍റെ നാക്കിറങ്ങിപ്പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. ഞാന്‍ ആദ്യം കേള്‍ക്കുകയായിരുന്നു ഇതൊക്കെ. നമ്പ്യാരോട് ഇതാര് പറഞ്ഞെന്ന് ഞാന്‍ ചോദിച്ചില്ല. നമ്പ്യാരുടെ അടുത്ത ചോദ്യം വന്നു. “അപ്പസ്തോലന്മാരുടെ തലവനായ പത്രോസിന്‍റെ സുവിശേഷം നിങ്ങള്‍ മുക്കിയില്ലേ? എങ്ങിനാ നിങ്ങളിന്നു ഇത്ര മുഴുത്തോരായത്?” നമ്പ്യാര്‍ ചോദിച്ചു. “എങ്ങിനാ കേക്കട്ടെ.” ഞാന്‍ പറഞ്ഞു.

ഒന്നിരുത്തി മൂളിയിട്ട് നമ്പ്യാര്‍ തുടര്‍ന്നു. “ആദ്യ കാലത്ത് യേശു ദേവന്‍ ഉയിര്‍ത്തെന്നും ഇല്ലെന്നും പറയുന്നവരുണ്ടായിരുന്നു. യേശു ദൈവമാണെന്നും  അല്ലെന്നും വാദിച്ചവരുണ്ടായിരുന്നു. വഴിയെ വന്ന പൌലോസിനു ഇതിലെന്ത് കാര്യം എന്ന് നേരെ നിന്ന് ചോദിച്ചവരുമുണ്ടായിരുന്നു. അങ്ങിനെയിരുന്നപ്പോഴല്ലേ, കോണ്‍സ്ടന്റൈന്‍ ചക്രവര്‍ത്തിയുടെ വരവ്. അങ്ങേര്‍ക്ക് ഒരു സഹായം വേണ്ടി വന്നപ്പോള്‍ ഉണ്ടായിരുന്നതിലെ മുഷ്കന്മാരെ അങ്ങേര് കൂട്ടത്തില്‍ കൂട്ടി, ഒരു യുദ്ധം ജയിക്കാന്‍. അങ്ങിനെയല്ലേ കറുത്തിരുണ്ട സഭ വെളുത്തു തുടങ്ങിയത്? അങ്ങിനെ തലയുയര്‍ത്താന്‍ സഹായിച്ച ചക്രവര്‍ത്തിയെ സഭ ചതിച്ചില്ലേ?”
“എങ്ങിനെ?” ഞാന്‍ ചോദിച്ചു.
“പറയാം”, നമ്പ്യാര്‍ തുടര്‍ന്നു. “റോമന്‍ സഭ കോണ്‍സ്ടന്റൈന്‍ ചക്രവര്‍ത്തിയുടെ കാലശേഷവും അത്ര മംഗളമായിട്ടല്ല പോയിരുന്നത്. ഒരുപാട് ഭീഷണികള്‍ ഉണ്ടായിരുന്നു. AD 384 നും 399 നും ഇടക്കാണ് റോമിലെ ബിഷപ്പ് സ്വയം മാര്‍പ്പാപ്പയെന്ന് കൂടി വിളിച്ചു തുടങ്ങിയത്. ഇതിനു രേഖകളുണ്ട്. അന്ന് യേശുവിന്‍റെ ദൈവത്വ വാദികള്‍ പൊതുവേ പിന്തള്ളപ്പെട്ട സമയവുമായിരുന്നു. അഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉണ്ടായിരുന്ന ഏറെ ബിഷപ്പുമാരും ഇതിനെ പിന്താങ്ങിയിരുന്നുമില്ല. ശക്തിമാനായ ആരെങ്കിലും വന്ന് ഉരുക്ക് മുഷ്ടി ഉപയോഗിക്കാതെ ഈ ദൈവത്വ വാദം വിളയുകയില്ലായെന്ന ഒരവസ്ഥ തന്നെ ഉണ്ടായിരുന്നു. AD 496 ല്‍ ഫ്രാന്‍സില്‍ ക്ളോവിസ് രാജാവായിരുന്നു അധികാരത്തില്‍. പാശ്ചാത്യ യൂറോപ്പിലെ അക്കാലത്തെ ഏറ്റവും ശക്തനായ ചക്രവര്‍ത്തിയായിരുന്നു ഈ ക്ളോവിസ്. ക്ലോവിസിന്‍റെ ഭാര്യ ക്ലോട്ടില്‍ദേയുടെ സ്വാധീനം കൊണ്ടായിരിക്കണം, ക്ലോവിസും റോമ്മാ സഭയുമായി ഒരുടമ്പടി ഒപ്പു വെച്ചു. അങ്ങിനെയാണ് യൂറോപ്പ് റോമന്‍ കത്തോലിക്കാ സഭയുടെ കീഴില്‍ വരുന്നത്. റോമിന്‍റെ ശരിയായ ലക്‌ഷ്യം ക്ലോവിസിനു മനസ്സിലായപ്പോഴേക്കും സമയം കടന്നു പോയിരുന്നു.
ക്ലോവിസിന്‍റെ കാലശേഷം സാമ്രാജ്യം നാല് മക്കള്‍ക്കുമായി വിഭജിക്കപ്പെട്ടു. ഈ ക്ളോവിസ്, പഴയ നിയമ കാലത്തെ ബെന്ജമിന്റെ ഗോത്രത്തിന്റെ പിന്തുടര്‍ച്ചയായ മേരോവിന്ജ്യന്‍ കുടുംബത്തില്‍പ്പെട്ടതാണെന്നു കഥകളുണ്ട്. ഏതായാലും ആ വംശം തുടച്ചു മാറ്റാന്‍ റോമ്മാ സഭ കൂട്ടു നിന്നു, ചതിവില്‍ കൊല്ലപ്പെട്ട ദാഗോബെര്ട്ട് ചക്രവര്‍ത്തിയുടെ ഘാതകരുടെ കൂടെയാണ് സഭ നിന്നത്. ആ വംശത്തില്‍ പെട്ടവര്‍ ഭരിച്ചിരുന്ന കൊച്ചു രാജ്യങ്ങള്‍ അവശേഷിച്ചിരുന്നു. പിന്തുടര്‍ച്ചാ തര്‍ക്കങ്ങള്‍ ഉണ്ടായപ്പോഴൊക്കെ റോമ്മാസഭ രാജ്യ ഭരണങ്ങളില്‍ ഇടപെട്ടു പോന്നു. AD 751 ല്‍ ചാര്ള്സ് മാര്ടലിന്റെ മകന്‍ പെപിന്‍ സിംഹാസനത്തിനു അവകാശ വാദം ഉന്നയിച്ചപ്പോള്‍ റോമ്മാ സഭ പെപിനെ പിന്തുണച്ചു; ധാര്‍മ്മികമായി ഒരു വന്‍ ചതിയായിരുന്നത്. കോണ്‍സ്ടന്റൈനിന്‍റെ മരണ ശേഷം അദ്ദേഹത്തിന്‍റെ സമ്മാനം എന്ന പേരില്‍ റോമ്മാ സഭ പുറത്തിറക്കിയ രേഖകള്‍ പ്രകാരം നിരവധി സാമൂഹ്യ പദവികളും, അവകാശങ്ങളും റോം കരസ്ഥമാക്കി. എല്ലാം കൈപ്പിടിയിലൊതുക്കിയത്തിനു ശേഷമാണ്, ആ രേഖകള്‍ വ്യാജമാണെന്ന് ലോകം അറിഞ്ഞത്.”
നമ്പ്യാരുടെ ചരിത്രാഖ്യാനം കേട്ട് ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ തരിച്ചിരുന്നുപോയി. നിര്‍ത്താനുള്ള ഭാവമായിരുന്നില്ല നമ്പ്യാര്‍ക്ക്.  നമ്പ്യാര്‍ തുടര്‍ന്നു,

“തുടക്കമോ ചതിയില്‍......ഇതല്ലേ ഇന്നും തുടരുന്നത്? സഭ വാക്ക് പാലിക്കുമോയെന്നറിയാന്‍ പുഷ്പഗിരി വരെ പോകണ്ടല്ലോ. പിതാക്കന്മാര്‍ പറയുന്നത് സത്യം മാത്രമാണോന്നറിയാന്‍ ‘നികൃഷ്ട ജിവി’യുടെ അര്‍ഥം നോക്കിയാല്‍ മതിയല്ലോ. പിതാക്കന്മാര്‍ നേരുള്ളവരാണോയെന്നറിയാന്‍ അറക്കലെ  മോനിക്കാ തോമസ്സിനോട് ചോദിച്ചാല്‍ പോരെ? കാണ്ഡമാലില്‍ സഹാകാരികളെ ചുട്ടുകൊന്നപ്പോള്‍ ഒരു പൊതു ഒപ്പീസ് പോലും ചൊല്ലാത്ത ഇവര്‍, ഇപ്പോള്‍ ബന്ദും ഹര്‍ത്താലും ആയി ഇറങ്ങിയെങ്കില്‍ അതിനു പിന്നില്‍ ഒരു വലിയ ലക്‌ഷ്യം കാണും. ഒന്നുകില്‍ ഇവരുടെ ആരുടെയെങ്കിലും ആത്മലോല തോട്ടങ്ങള്‍ കസ്തൂരി രംഗന്‍ ലിസ്റ്റിലുള്ള പ്രകൃതിലോല പ്രദേശങ്ങളില്‍ കാണും, അല്ലെങ്കില്‍ അടുത്ത പ്രാവശ്യം ഇടതു പക്ഷത്തെ അധികാരത്തില്‍ കയറ്റി എന്തോ കാര്യം സാധിക്കാനുണ്ട്. അത് ഒരു പക്ഷേ യൂസഫ് അലിയെക്കൊണ്ട് ഗള്‍ഫില്‍ രൂപത തുടങ്ങിക്കയാവാം, അഭയാക്കേസില്‍ നിന്ന് തലയൂരുകയാവാം.... ആര്‍ക്കറിയാം മെത്രാന്‍റെ പദ്ധതി? മെത്രാന്‍ ഇറങ്ങിയെന്നു പറഞ്ഞാല്‍ എവിടെയോ ഒരു പന്നി ചത്തുവെന്നു കണക്കു കൂട്ടിയാല്‍ മതി.” നമ്പ്യാര്‍ പറഞ്ഞു നിര്‍ത്തി. ആദ്യം പറഞ്ഞത് നേര്. ഏതാണ്ട് ഗോപാലകൃഷ്ണന്‍ നായരുടെ ഒരു മട്ടുണ്ട് നമ്പ്യാര്‍ക്ക്; പക്ഷേ, പറഞ്ഞത് സത്യമാണോ നുണയാണോന്നു അറിയാന്‍ ആരോട് ചോദിക്കണം? അത് എനിക്ക് അറിയില്ലായിരുന്നു. അന്ന് ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ ജീവിതത്തില്‍ ആദ്യമായി ചെറുതായിപ്പോയ ഒരു തോന്നലായിരുന്നു ഉള്ളില്‍. അത്മായാ ശബ്ദം വായനക്കാര്‍ എന്നെ ഒന്ന് സഹായിച്ചാല്‍ തരക്കേടില്ല. അല്ലെങ്കില്‍ സുന്ദരന്‍ നമ്പ്യാര്‍ എന്നെ കൊല്ലും, ഇന്നല്ലെങ്കില്‍ നാളെ.  

8 comments:

  1. റോഷന്റെ പോസ്റ്റുകള്‍ മിക്കതും ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങള്‍ അല്ലെങ്കിലും, വായിക്കാന്‍ രസമുണ്ട്. നമ്പ്യാരുടെ നിഗമാനങ്ങള്‍ ഇതേവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. വിശദാംശങ്ങള്‍ നമ്പ്യാരോട് ഒന്ന് കൂടി വ്യക്തമായി പറയാന്‍ പറയുക.

    ReplyDelete
  2. തോമാശ്ലീഹാ മലയാളിയായിരുന്നിരിക്കണമെന്ന് ബൈബിളിലെ അദ്ദേഹത്തിന്റെ സ്വഭാവം വച്ച് ഒരമേരിക്കന്‍ സായ്പ് മുപ്പതു വര്‍ഷം മുമ്പ് എന്നോടു പറഞ്ഞത് ശരിയാകാനുള്ള സാധ്യതയോളം സാധ്യത നമ്പ്യാരുടെ നിഗമനത്തിനുമുണ്ട് എന്നു ഞാന്‍ കരുതുന്നു. His Story, Her story പോലുമല്ലെന്നും അത് our story ആകുന്നത് കുഞ്ഞന്‍ നമ്പ്യാരും സുന്ദരന്‍ നമ്പ്യാരും ഒക്കെ നടത്തിയിട്ടുള്ള 'നമ്പിയാരെ'ന്ന സൂക്ഷ്മനിരീക്ഷണത്താലാണെന്നും നാം മറക്കരുത്.

    ReplyDelete
  3. പാശ്ചാത്യ ചരിത്രകാരന്മാരെക്കാള്‍ നമുക്ക് നമ്മുടെ കൂര്‍മ്മബുദ്ധിയെത്തന്നെ ആശ്രയിക്കുന്നതല്ലേ കൂടുതല്‍ നന്നെന്നും സ്വയം നാമൊന്നു ചോദിക്കേണ്ടതുണ്ട്.

    ReplyDelete
  4. സുന്ദരൻ നമ്പ്യാർ ശ്രീ റോഷനെ വല്ലാത്തൊരു ഐഡന്റിറ്റി ക്രൈസിസിൽ എത്തിച്ചിരിക്കുകയാണ്. അല്ലെങ്കിൽ സ്വയം തിരിച്ചറിയാതിരുന്ന ഒരസുഖത്തെ ഡയഗ്നോസ് ചെയ്തിരിക്കുകയാണ്. അത് താൻ ആരായിരിക്കേണ്ടതാണെന്നും ഇന്നാരാണെന്നും നിശ്ചയമില്ലാത്ത റോഷന്റെ അവസ്ഥയാണ്. ഇത് ഒരു വ്യക്തിക്കുമാത്രമല്ല, ഒരു സമുദായത്തിനും വന്നുഭവിക്കാം. തന്റെ ജീവിതത്തിന്, അല്ലെങ്കിൽ തങ്ങളുടെ സമൂഹജീവിതത്തിന്, ലോകനന്മാക്കായി എന്ത് ചെയ്യാം എന്നറിയുകയും അതെ സമയം അതിനുവേണ്ട മൂല്യബോധം ഇല്ലാതാകുകയും ചെയ്യുമ്പോഴാണ് ഒരു വ്യക്തി അല്ലെങ്കിൽ ഒരു സമൂഹം മൊത്തത്തിൽ ഇങ്ങനെയൊരു ക്രൈസിസിൽ ചെന്ന് വീഴുക. ഭാരതത്തിന്റെ സനാതന സത്യങ്ങളിൽ കുരുത്ത്, അവയാൽ പരിപോഷിക്കപ്പെട്ട്, പുഷ്പിക്കേണ്ട ഒരു ജനസമൂഹം സ്വന്തം പേര് പോലും അന്യ രാജ്യങ്ങളുടെ പേരുമായി വച്ചുമാറി സിറിയൻ, റോമൻ, കൽദായ, ക്നാനായ തുടങ്ങിയ വിശേഷണങ്ങളിൽ ഗർവോടെ ആനന്ദിച്ച്, സ്വന്ത രാജ്യത്തിന്റെയോ മറ്റൊരു രാജ്യത്തിന്റെയോ എങ്കിലും മൂല്യവ്യവസ്തകളോട് പ്രതിപത്തിയില്ലാതെയും ആരോടും ഉത്തരവാദിത്വമില്ലാതെയും ഇത്രയും സ്വാർത്ഥമതികളായി ജീവിക്കുന്നത് ഒര്ന്യ മതസ്ഥൻ ചൂണ്ടിക്കാണിക്കുമ്പോൾ ഐടെന്റിറ്റി ക്രൈസിസ് ഉണ്ടായില്ലെങ്കിലെ അത്ഭുതപ്പെടെണ്ടതുള്ളൂ.

    ഇതിൽ നിന്ന് രക്ഷ വേണമെങ്കിൽ റോഷനും റോഷനെപ്പോലെ മാനസിക പീഡനം അനുഭവിക്കുന്നവരും തിരിച്ചറിയേണ്ടത് ഇതാണ്. രാജാവും പുരോഹിതനും കഴുകന്മാരാണ് - രാജാവ് മനുഷ്യ ശരീരത്തെ പിഴിഞ്ഞ് അവന്റെ ചോരയിൽ നിന്ന് തന്റെ ഊറ്റത്തെ പെരുപ്പിക്കുന്നു. പുരോഹിതൻ മനുഷ്യന്റെ ആത്മാവിനെ കശക്കി, അവനെ എന്നെന്നേയ്ക്കുമായി പരവശനാക്കുന്നു. രണ്ടും തിന്മയുടെ മൂർത്തികളാണ്. കഴുവേറികളാണ്. ഇത്രയും മനസ്സിലാക്കിത്തരാൻ ഒരു ക്രിസ്ത്യാനിക്ക് ഒരു നമ്പ്യാരുടെ ഗുണദോഷം വേണ്ടിവരുന്നു എന്നത് തന്നെ തെളിവാണ്, എത്ര ഇരട്ടത്താപ്പ് നിറഞ്ഞതാണ്‌ ഇന്ന് ജീവിക്കുന്ന ഓരോ ക്രിസ്ത്യാനിയുടെയും ജീവിതമെന്ന്.

    ReplyDelete
  5. സാക്ക് ചൂണ്ടിക്കാണിച്ചതും സത്യങ്ങള്‍ തന്നെ. ഇത്തരം ഐഡന്റിറ്റി ക്രൈസിസ് അനുഭവപ്പെടുന്നു എന്ന് ലോകം ഇന്ന് തിരിച്ചറിയുന്നുണ്ടെന്നു തന്നെ തോന്നുന്നു. വിളക്കന്നൂര്‍ പള്ളിയില്‍ യേശുവിന്‍റെ രൂപം കണ്ടുവെന്നു വാര്‍ത്തകള്‍. ഇന്‍റര്‍നെറ്റില്‍ പക്ഷേ ഇതിനെപ്പറ്റി വന്ന ഭൂരിഭാഗം കമന്‍റുകളും ഇതിനെ സ്വാഗതം ചെയ്യുന്നവയായിരുന്നില്ല. എവിടെങ്കിലും അത്ഭുതം ചെയ്യാന്‍ ദൈവത്തിനു മനുഷ്യന്‍റെ അനുവാദം വേണോ എന്ന് ചോദിച്ചാല്‍ വേണ്ട, പക്ഷേ ഈ അത്ഭുതങ്ങളുടെ പിന്നാലെയാണോ പോകേണ്ടതെന്ന് ചോദിച്ചാല്‍ അല്ല. താന്‍ കാണിച്ച അത്ഭുതങ്ങള്‍ പോലും അടയാളമായി എടുക്കരുതെന്ന് യേശു ശിഷ്യന്മാരോട് ആവശ്യപ്പെട്ടിരുന്നല്ലോ. അടയാളങ്ങളോടുള്ള അമിത ഭക്തി അതിനെ അപമാനിക്കാനെ പലപ്പോഴും പ്രയോജനപ്പെടൂ.
    പണ്ട് ശ്രീശാന്ത് നെറ്റിയില്‍ കുരിശു വരച്ചുകൊണ്ടു ബൌള്‍ ചെയ്യുന്നത് രോമാന്ച്ചത്തോടെ കണ്ടു നിര്‍വൃതി അടഞ്ഞ അനേകരുണ്ടല്ലോ. ഈ കുരിശും കൊണ്ട് നടന്ന അദ്ദേഹം ഇന്നെവിടെ? നല്ലത് ചെയ്‌താല്‍ നല്ലത് കിട്ടും. ഈ നിയമം ഭൂമിയിലും സ്വര്‍ഗ്ഗത്തിലും ബാധകമാണ്. വിളക്കന്നൂര്‍ പള്ളിയിലെ നേര്‍ച്ച പാത്രങ്ങളുടെ എണ്ണം കൂടിയിട്ടില്ലെങ്കില്‍ അവിടെ നല്ല മനുഷ്യരും ഉണ്ടെന്നു അനുമാനിക്കാം.

    ReplyDelete
  6. "രണ്ടും തിന്മയുടെ മൂർത്തികളാണ്. കഴുവേറികളാണ്." ഇത്രയും ക്രൂദ്ധവാക്കുകൾ വേണോ എന്നൊരാൾ എഴുതി ചോദിച്ചു. എന്നാൽ ഇതെന്റെ വാക്കുകളല്ല, കേണൽ ഇംഗർസോൾ പറഞ്ഞതാണ്. സൌമ്യനായ മുനിയായിരുന്ന നിത്യ ചൈതന്യയാണ് ഇതെനിക്ക് കാട്ടിത്തന്നത്.

    ഈ പറയുന്ന സർക്കാർ ഒരു വ്യക്തിയല്ല. ഒട്ടും ഉത്തരവാദിത്വബോധമില്ലാതെ, വലിയ ശമ്പളവും കിമ്പളവും പറ്റി ഔദ്യോഗിക സ്ഥാനങ്ങളെ മലിനീകരിക്കുന്ന ചിന്താശൂന്യരായ നടത്തിപ്പുകാരുടെ കൂട്ടമാണ്‌. ഇവരിൽ നിന്ന് യാതൊരു നന്മയും പ്രതീക്ഷിക്കാനില്ല. നിയമജ്ഞാന്മാർ പോലും തെറ്റുകളുടെ മറയെ ബലപ്പെടുത്താൻ അച്ചാരം വാങ്ങുന്നതല്ലാതെ രാജ്യവഞ്ചകരെ തുരത്താൻ ഒന്നും ചെയ്യുന്നില്ല. ലക്ഷക്കണക്കിന്‌ രൂപാ ചെലവിട്ടു നടത്തിയ എത്രയെത്ര ജഡീഷൽ റിപ്പോര്ട്ടുകളാണ് സര്ക്കാരിന്റെ ലോക്കറുകളിൽ വിസ്മൃതിയിൽ കിടക്കുന്നത്. ഇതൊക്കെ തന്നെ ഇന്നത്തെ പൌരോഹിത്യവർഗത്തെപ്പറ്റിയും പറയാം എന്നാതാണ് അതി ദാരുണം.

    കഴമ്പില്ലാത്ത മതബിംബങ്ങളുടെ അതിപ്രസരമാണ് എവിടെയും. എനിക്കിഷ്ടപ്പെട്ട ഒരു നിരൂപണം യതിയുടെ തന്നെ വാക്കുകളിൽ കുറിക്കട്ടെ. "വഴിവക്കിലെല്ലാം മൂന്നിൽ കൂടുതൽ നിലകളുള്ള ഗോപുരങ്ങൾ കെട്ടിപ്പൊക്കി, അതിലോരോന്നിലും കലാമൂല്യമില്ലാത്ത സിമന്റ് ബൊമ്മകളുണ്ടാക്കി നിരത്തുന്ന ഏർപ്പാട് കേരളത്തിൽ തുടങ്ങിയത് ക. സഭയാണ്. ശില്പകലയുമായി അല്പബന്ധം പോലുമില്ലാത്ത രൂപങ്ങൾ ചായം പൂശി നാട്ടുകവലകളിൽ കാണുമ്പോൾ ഈ നാട്ടിൽ മുനിസിപ്പാലിറ്റിയുണ്ടോ, ഭരണാധികാരികളുണ്ടോ,കലാമൂല്യമുള്ള സഹൃദയരുണ്ടോ എന്നൊക്കെ ചോദിച്ചുപോകുന്നു." (മൂല്യങ്ങളുടെ കുഴമറിച്ചിൽ)

    ReplyDelete
  7. നമ്പിയാർ എന്നല്ല ഏതൊരു ഭാരതീയനും പുച്ചിക്കുന്ന അടിമത്തമാണ്‌, ഓരോ അച്ചായനും ഈ വിവിരമില്ലാത്ത "ളോഹ" ( നാം പള്ളിയിൽ പോകുന്നതുകാരണം) നമ്മിൽ അടിച്ചേൽപ്പിച്ചിരിക്കുന്നതു ! ഇവറ്റകളൂടെ ഈ അഹമ്മതി ഇല്ലാതാകണമെങ്കിൽ നാം ആടുകളല്ലാതാകണം/ ഹിന്ദു മൈത്രി ബലവത്താകണം/ രാഷ്ട്രീയക്കാർ ഭാഗവതധ്യാനം ചെയ്യണം . പ്രിയരേ , youtube ഇൽ "KAVITHA m4v " ഒന്ന് കാണൂ..ഷെയർ ചെയ്യൂ ..നമ്പ്യാർ പറഞ്ഞതിൽ ഏറെയും ശരിയാണു രോഷാ...നമുക്ക് നാണിക്കാം..നാണമുള്ളിടത്തോളം നാണിക്കാം നമുക്ക്.. !

    ReplyDelete
  8. ഡാഗോബെർട്ട് - മെരൊവിൻജിയൻ കഥകൾ "The Holy Blood & the Holy Grail "എന്ന പുസ്തകത്തിൽ നിന്നായിരിക്കും നമ്പ്യാർക്ക് കിട്ടിയത് .ആ രാജവംശത്തെ ഇല്ലാതാക്കാൻ സഭ ശ്രമിച്ചതിന്റെ കാരണങ്ങളും അതിലുണ്ട് .

    പിന്നെ അത്ഭുതങ്ങൾ , സുഗന്ധം ,ചിത്രങ്ങളിലും പ്രതിമകളിലും രക്തകണ്ണീർ ,എന്തിനു പഞ്ചക്ഷതം വരെ ഇങ്ങനെ കാണപ്പെട്ടിട്ടുണ്ട് ,പക്ഷെ ഇവയെല്ലാം കുറച്ചു മാസങ്ങൾക്ക് ശേഷം ഒന്നും അല്ലാതെ ആയി മാറുകയാണ് പതിവ് .ബോംബെയിൽ സനൽ ഇടമറുക് പൊളിച്ച അത്ഭുതവും ,പെരുവണ്ണാമൂഴിയിൽ നടന്ന മഹാത്ഭുതവും മറക്കാൻ സമയം ആയിട്ടില്ലല്ലോ . എന്തെ ഇത്തരം അത്ഭുതങ്ങൾ കത്തോലിക്കാ സഭയിൽ മാത്രം നടക്കുന്നു ? നവീകരണ പ്രസ്ഥാനത്തിന് ഇതുമായി എന്തെങ്കിലും ബന്ധം ഉണ്ടോ ?

    മലബാറിൽ കുറച്ചു വര്ഷങ്ങള്ക്ക് മുൻപ് നടന്ന ഒരു പഞ്ചക്ഷത അത്ഭുതത്തെപറ്റി ഞാൻ അല്മായശബ്ദത്തിൽ എഴുതിയിരുന്നു http://almayasabdam.blogspot.co.uk/2012/09/blog-post.html

    ReplyDelete