Translate

Monday, February 10, 2014

31-ാമത് പാലാ രൂപതാ ബൈബിള്‍ കണ്‍വെന്‍ഷനില്‍ നിന്നുള്ള 'തിരുവായ്'മൊഴികള്‍



(ഉദ്ധരണികള്‍ ഡിസംബര്‍ 20 മുതല്‍ 24 വരെയുള്ള മംഗളം പത്രത്തില്‍ നിന്നെടുത്തത്)
1. 'കുടുംബങ്ങളിലാണ് സഭ നിലനില്‍ക്കുന്നത്'-മാര്‍ റാഫേല്‍ തട്ടില്‍, ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞത്.
-എത്രയോ ശരി! ഇടവകകളിലോ രൂപതകളിലോ ഇന്നു സഭ നിലനില്‍ക്കുന്നില്ലെന്ന് ഇതിലും ഭംഗിയായി ഇതുവരെ ആരും പറഞ്ഞിട്ടുണ്ടാവില്ല.
2. 'എല്ലാവര്‍ക്കുംവേണ്ടി സംസാരിക്കാന്‍ നമുക്കാവണം. ക്ഷമ ശീലമാക്കാന്‍ നാം പരിശീലിക്കണം'- മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
-അതെയതെ! പിയാത്തെ തകര്‍ത്ത വികാരിക്കുവേണ്ടിയും ദളിത് ക്രൈസ്തവനു മരിച്ചടക്കു നിഷേധിച്ച വികാരിക്കുവേണ്ടിയുമെല്ലാം സംസാരിക്കാന്‍ നമുക്കു കഴിയണം. അവരോടെല്ലാം ക്ഷമിക്കാന്‍ ഇനിയുമിനിയും നാം പരീശീലിക്കേണ്ടിയിരിക്കുന്നു.
3. 'ആകാശംപോലെ വിശാലമായ മനസ്സിനുടമകളായി മാറാന്‍ കഴിഞ്ഞെങ്കില്‍മാത്രമേ യഥാര്‍ത്ഥ മനുഷ്യനായി മാറാനാകൂ' - മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്
-അതിനു കഴിയുന്നില്ലെങ്കില്‍പ്പിന്നെ നിങ്ങള്‍ക്കു വല്ല മെത്രാനോ മറ്റോ ആകാന്‍ കഴിഞ്ഞേക്കും.
4. 'ഓരോ മനുഷ്യന്റെയും കടമ ദൈവത്തെ ലോകത്തിനു കാണിച്ചുകൊടുക്കുകയെന്നതാണ്. നാമോരോരുത്തരും ദൈവത്തിലേക്കുള്ള വഴികാട്ടികളായിത്തീരണം.'- മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍
-എന്നാല്‍, ഓരോ മെത്രാന്റെയും കടമ സഭയെ ലോകത്തിനു കാണിച്ചുകൊടുക്കുക എന്നതായിരിക്കണം. ഓരോ മെത്രാനും സഭയിലേക്കുള്ള കാനോന്‍നിയമവഴികള്‍ വെട്ടിത്തെളിക്കുന്നവരാകണം.
5. 'അശരണരുടെകൂടെ ദൈവമുണ്ട്. നിരപരാധികളുടെയും അവഗണിക്കപ്പെട്ടവരുടെയും രക്ഷകനാണ് ദൈവം'- ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍.
-പക്ഷേ, ഈ രക്ഷ നേടണമെങ്കില്‍, പരിശുദ്ധ കന്യകാമാതാവിന്റെ മാദ്ധ്യസ്ഥ്യംതേടി, 'മനോഹരമായ വര്‍ണ്ണങ്ങളില്‍ രണ്ടായിരത്തോളം വിളക്കുകാലില്‍ പ്രത്യേകം തയ്യാറാക്കിയ തിരികളേന്തി, അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് മുന്നില്‍ വഹിച്ച് വഴിനീളെ കൊന്തചൊല്ലി' വിശ്വാസിസമൂഹം നീങ്ങേണ്ടതുണ്ട്!
6. 'പ്രകാശമായ ദൈവത്തെ നോക്കാന്‍ മനുഷ്യനുള്ള ഭയത്തെ ഇല്ലാതാക്കുന്നതാണു കണ്‍വെന്‍ഷന്‍'- മാര്‍ ജേക്കബ് മുരിക്കന്‍.
- 'പ്രകാശമായ ദൈവത്തിന്റെ മക്കളായ മനുഷ്യരെ നോക്കാന്‍ മെത്രാന്മാര്‍ക്കുള്ള ഭയത്തെ ഇല്ലാതാക്കുന്ന ഒരു കണ്‍വെന്‍ഷന്‍ ഇനി എന്താണാവോ നടക്കുക?
7. 'നോഹിന്റെ പെട്ടകം ആത്മീയയാത്രയുടെ ശക്തമായ പ്രതീകമാണ്. നഷ്ടപ്പെട്ട മൂല്യങ്ങളുടെ ചേരുവയെക്കുറിച്ചാണ് പെട്ടകം പഠിപ്പിക്കുന്നത്..... പെട്ടകം നിര്‍മ്മിച്ച ഗോഫേര്‍ തടി യഥാര്‍ത്ഥത്തില്‍ പഴയനിയമമാണ്. നോഹിന്റെ പെട്ടകം സഭയുടെ പ്രതീകംകൂടിയാണ്. പെട്ടകത്തിന്റെ ഒറ്റ വാതില്‍ പുതിയനിയമപശ്ചാത്തലത്തില്‍ ഈശോ മിശിഹായെ സൂചിപ്പിക്കുന്നു. പെട്ടകത്തില്‍നിന്നു പുറത്തുപോയ കാക്ക മനുഷ്യനിലും സമൂഹത്തിലുമുള്ള ദുഷ്ടാരൂപിയുടെ പ്രതീകമാണ്. നോഹ കൈനീട്ടി അകത്തേയ്ക്കു പിടിച്ചെടുത്ത പ്രാവ് നമ്മുടെ ഉള്ളില്‍ വീണ്ടെടുക്കേണ്ട ആത്മീയചൈതന്യത്തെ സൂചിപ്പിക്കുന്നു' - സി.ബി.സി.ഐ-യുടെ ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
-ഓ, എന്തൊരു ദൈവശാസ്ത്രം! എന്താ പ്രതിഭ! അപ്പോസ്തലന്മാര്‍ക്കോ യേശുവിനെപ്പോലും കണ്ടുപിടിക്കാന്‍ കഴിയാതെപോയ ഈ 'പെട്ടകദൈവശാസ്ത്രം' ലോകഭാഷകളിലേക്കെല്ലാം തര്‍ജ്ജമ ചെയ്ത് പഴയനിയമത്തിലെ പ്രളയകഥയ്ക്ക് അടിക്കുറിപ്പായി ചേര്‍ക്കണമെന്ന് പാലായില്‍ക്കൂടുന്ന സി.ബി.സി.ഐ സമ്മേളനം ഒരു പ്രമേയത്തിലൂടെ ഫ്രാന്‍സീസ് മാര്‍പ്പാപ്പായോട് ആവശ്യപ്പെടുമെന്നു കരുതാം. എന്തായാലും സി.ബി.സി.ഐ. ദൈവശാസ്ത്രകമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും സമീപകാലത്തൊന്നും മാര്‍ കല്ലറങ്ങാട്ടിനു താഴെയിറങ്ങേണ്ടിവരില്ല.

No comments:

Post a Comment