Translate

Thursday, February 13, 2014

അടുത്ത സിനഡ് ...!

മീനച്ചിലാറിന്‍റെ തീരത്ത് ഒരു വലിയ സമ്മേളനം നടന്നു, കത്തോലിക്കാ സഭാ പിതാക്കന്മാരുടെ ഒരു മഹാസമ്മേളനം; അനുകൂലിച്ചും, പ്രശംസിച്ചും, വിമര്‍ശിച്ചും നിരവധിപ്പേര്‍ രംഗത്ത് എത്തിയതുകൊണ്ടുതന്നെ ജനശ്രദ്ധ ആകര്‍ഷിച്ച ഈ സമ്മേളനത്തിന്‍റെ വിജയപരാജയങ്ങളിലേക്ക് ഒരെത്തിനോട്ടം നടത്തുന്നത് അനുചിതമായിരിക്കില്ലായെന്നു കരുതുന്നു. മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നോ അത് നടന്നത്, ക്രിയാത്മകമായ ചര്‍ച്ചകള്‍ അവിടെ നടന്നോ എന്നതിനെക്കാളൊക്കെ നാം വിലയിരുത്തേണ്ടത് യേശുവിനു സാക്ഷ്യം പറയാന്‍ അവിടെ മുടക്കിയ കോടികള്‍ക്ക് കഴിഞ്ഞോ എന്ന ഗൌരവമേറിയ ഒരു പ്രശ്നമാണ്.
എന്തിനും ഏതിനും ഒരു ക്രിസ്ത്യാനി അവലംബിക്കുന്നത്  വചനങ്ങളുടെ സമാഹാരമായ വി. ബൈബിളിനെയാണ്. യേശുവിന് ഏതാനും നൂറ്റാണ്ടുകള്‍ക്കു ശേഷം എഴുതപ്പെട്ടതാണ് ബൈബിള്‍ എന്ന വസ്തുതയും, യേശുവിന്‍റെ ചിന്താഗതിയോട് ഏറ്റവും സാമ്യം കാണുന്ന പല സുവിശേഷങ്ങളും നാം ഒഴിവാക്കിയെന്നതും, ഇപ്പോള്‍ നമ്മുടെ കൈകളിലുള്ളത് നിരവധി തവണ തിരുത്തപ്പെട്ട വചനങ്ങളാണെന്നുമുള്ള വസ്തുതകള്‍ ആര്‍ക്കും അറിയാത്തതല്ല. എങ്കിലും, ഇപ്പോള്‍ ഉള്ളതും പരി. ആത്മാവും കൂടെയുണ്ടെങ്കില്‍ വചനങ്ങളുടെ അര്‍ത്ഥം ദുര്‍ഗ്രാഹ്യമല്ല എന്ന വസ്തുത ആശ്വാസം തരുന്നു.
ശാസ്ത്രം സംശയങ്ങളുടെയും മതം വിശ്വാസത്തിന്‍റെയുമാണെന്നു പറയാം. സമൂഹം കൂടുതല്‍ കൂടുതല്‍ ശാസ്ത്രിയമാകുന്നുവെന്നു പറയുന്നതുകൊണ്ട് വിശ്വാസത്തില്‍ നിന്ന് മനുഷ്യന്‍ ഏറെ അകലുന്നു എന്നെ മനസ്സിലാക്കേണ്ടതുള്ളൂ. ഈ വിശ്വാസത്തിന്‍റെയും സംശയത്തിന്റെയും  തനി അര്‍ത്ഥം ഗ്രഹിക്കണമെങ്കില്‍ എന്നോടൊപ്പം ഈ തടാകതീരത്ത് അല്‍പ്പ നേരം ചിലവഴിച്ചാല്‍ മതി. പ്രഭാതത്തില്‍ രണ്ടു മുക്കുവര്‍ വല വീശുന്നത് കണ്ടോ? ഇപ്പോള്‍ യേശുവെന്ന ചെറുപ്പക്കാരന്‍ അങ്ങോട്ട്‌ വരുന്നത് കാണുന്നില്ലേ? “വരൂ നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കാം” എന്ന് യേശു പറയുന്നത് കേള്‍ക്കാമോ? എല്ലാം ഒഫീഷ്യലും ന്യു ജനറെഷനുമായ ഒരു ഒഫീസിലെ എക്സിക്യുട്ടിവ് കസേരയിലിരിക്കുന്ന ഒരുവനോടാണ് യേശു ഇത് പറഞ്ഞിരുന്നതെങ്കില്‍ എന്താകുമായിരുന്നു പ്രതികരണം? “പോ ... എന്‍റെ സമയം മിനക്കെടുത്താതെ സ്ഥലം കാലിയാക്ക്” എന്നായിരിക്കും അയാള്‍ പറയുക. പക്ഷെ, എങ്ങോട്ടാണെന്നും എന്തിനാണെന്നും ഒരു മറു ചോദ്യം പോലും ചോദിക്കാതെ ആ മുക്കുവര്‍ പരിചയമില്ലാത്ത ആ ചെറുപ്പക്കാരന്‍റെ പിന്നാലെ പോകുന്നത് കണ്ടോ? അതാണ്‌ സുഹൃത്തെ വിശ്വാസം. ആ വിശ്വാസത്തിന്‍റെ തീഷ്ണതയില്‍ അപ്പനെ അടക്കാന്‍ പോലും അവര്‍ തിരിച്ചു പോയില്ല. വന്നിടത്തേക്കു തിരിഞ്ഞു നോക്കിയത് പോലുമില്ല.
ഇന്നിന്‍റെ അടിമകളായ മനുഷ്യന്‍, കുടിക്കുന്ന പാനീയത്തെയും കഴിക്കുന്ന അപ്പത്തെയും മാത്രമല്ല സഞ്ചരിക്കുന്ന വഴികളെയും വാഹനങ്ങളെയും ഒപ്പം ശയിക്കുന്നവരെയും പോലും ഭയപ്പെടുന്നു. വയലുകളില്‍ വിതക്കുന്നവന്‍ പ്രകൃതിയോടൊപ്പം ദിവസം ചിലവിടുന്നു. മരങ്ങള്‍ അവനെ ആക്രമിക്കില്ല, ചെടികള്‍ അവനെ പിച്ചുന്നുമില്ല, ഭയം ഒരു കര്‍ഷകന്‍റെ ജീവിതത്തില്‍   ഇല്ല. ഒരു ദരിദ്രന്‍റെ ജീവിതത്തിലും കാണില്ല ഭയം. കടലില്‍ വല വീശുന്നവരുടെ സ്ഥിതിയും ഭിന്നമല്ല. സ്നേഹത്തിലൂടെ അവര്‍ പ്രകൃതിയിലാണ്. പ്രകൃതി ആരെയും ചതിച്ച ചരിത്രം ഇല്ല. ഇതുകൊണ്ടു തന്നെയാണ് ജ്ഞാനികള്‍ എന്നഭിമാനിക്കുന്ന ഭീരുക്കളുടെത് മാത്രമായ സമ്പന്ന വര്ഗ്ഗത്തിലേക്ക് ഒരിക്കല്‍ പോലും യേശു വചനവുമായി കടക്കാതിരുന്നത്. അവരുടെ ഹൃദയം വിതക്കു പറ്റിയ ഇടങ്ങള്‍ ആയിരുന്നില്ല. ഭയത്തില്‍ നിന്ന് മോചനം നേടി സ്വന്തം അസ്തിത്വത്തിലേക്ക്‌ മടങ്ങാന്‍  ആര്‍ക്കു കഴിയുന്നോ അവന്‍റെ അവകാശമാണ് വിശ്വാസം.
എന്താണ് ശിക്ഷ്യത്വത്തിന്‍റെ ലക്ഷണം എന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. സ്വര്‍ഗ്ഗരാജ്യം എങ്ങിനെ ഇരിക്കുമെന്ന് ശിക്ഷ്യന്മാര്‍ യേശുവിനോട് ചോദിച്ചത് മാത്രം എടുത്താല്‍ മതി എന്തുമാത്രം ഉന്നതന്മായ ഒരു ശിക്ഷ്യത്വമാണ് അവര്‍ക്കുണ്ടായിരുന്നതെന്ന് മനസ്സിലാക്കാന്‍. അവരുടെ ഓരോ ചോദ്യങ്ങളിലും  നിറഞ്ഞു നിന്നത് നിഷ്ക്കളങ്കതയായിരുന്നു. ഒരുത്തരം മനസ്സില്‍ സ്വരൂപിച്ചിട്ട് ചോദിക്കുന്ന ചോദ്യങ്ങളൊന്നും നിഷ്കളങ്കമല്ല. അവ സൃഷ്ടിക്കുന്നത് വാഗ്വാദങ്ങളാണ് അല്ലാതെ ഹൃദ്യമായ സംവാദങ്ങളല്ല. ഒരു ഗുരുവും ശിക്ഷ്യനും തമ്മില്‍ വാഗ്വാദങ്ങള്‍ക്ക് സ്ഥാനമില്ല, നമ്മുടെ ഇടയില്‍ ഉള്ളത് ഗുരുക്കന്മാരുമല്ല ശിക്ഷ്യന്മാരുമല്ല. യേശു പറഞ്ഞ തത്ത്വങ്ങളെ ശിക്ഷ്യര്‍ അപ്പാടെ ഉള്‍ക്കൊള്ളുകയാണ് ചെയ്തത്. ഒരു സംശയവും അവര്‍ക്കുണ്ടായിരുന്നില്ല. തനിമയും ലാളിത്യവുമാണ് യേശുവിന്‍റെ ശിക്ഷ്യരായിരിക്കാന്‍ വേണ്ട അടിസ്ഥാന യോഗ്യതെയെന്നും ഭയമില്ലായ്മയാണ് വിശ്വാസത്തിലേക്കുള്ള മാര്‍ഗ്ഗമെന്നും സൂചിപ്പിക്കാനാണ് ഞാനിത് പറഞ്ഞത്.

ചുറ്റും പ്രാര്‍ഥിക്കാന്‍ ആള്‍ക്കാരെ ഇരുത്തിയതും, സിനഡ്നഗരിക്കു ചുറ്റും ക്രമീകരിച്ച കനത്ത സുരക്ഷയും ഒക്കെ കണ്ടാല്‍, അങ്ങേയറ്റം ഭയത്തിലായിരുന്നു സിനഡ് എന്ന് കാണാവുന്നതെയുള്ളൂ. യേശു ഭൌതിക ലോകത്തിലെ വെറുമൊരു സന്ദേശ വാഹകനായിരുന്നില്ല, പകരം ആത്മീയ ലോകത്തെ ഒരു മഹാവിപ്ലവകാരിയായിരുന്നു. ആ ലോകത്താകട്ടെ ഏറ്റവും ചെറിയവനായിരുന്നു ചെങ്കോലും കിരീടവും. ആ ലോകത്തിന്‍റെ മറ്റൊരു പ്രത്യേകത ഇവിടുത്തെ ചെവിയും കണ്ണും ഒന്നും അവിടെ ഗുണം ചെയ്യില്ലായെന്നതുമാണ്. ചെവികള്‍ അടച്ചാല്‍ കേള്‍ക്കാവുന്നതോ കണ്ണുകള്‍ അടച്ചാല്‍ കാണാവുന്നതോ ഒന്നും ഈ സിനഡില്‍ നടന്നതായി എനിക്ക് തോന്നുന്നില്ല; അതുകൊണ്ട് തന്നെ പാലായില്‍ നടന്ന ഈ സിനഡിനെ മെത്രാന്മാരുടെ സിനഡ് എന്ന് തന്നെ ഞാനും വിശേഷിപ്പിക്കുന്നു. യേശു ശിക്ഷ്യന്മാരുടെ ഒരു സിനഡ് എന്നായിരിക്കുമോ ഇവിടെ നടക്കുക? 

2 comments:

  1. "പാലായിലെ കത്തോലിക്കാ മെത്രാന്സിനഡിനു പോലീസ് കാവൽ" എന്നത് വലിയകാര്യമല്ല ! ആലുവാ തൃക്കുന്നത്തു സെമിത്തേരിയിൽ കാതോലിക്കാമാർ കുർബാന ചൊല്ലാനെത്തുന്നതും കനത്ത സുരക്ഷയിലും, ലക്ഷങ്ങൾ ചിലവഴിച്ച പോലീസ് കാവലിലുമാകുന്നു ! "സമാധാനത്തിൻറെ ബലി "എന്നീക്കൂട്ടർ പറഞ്ഞുപരത്തിയ "കുർബാന" ചൊല്ലാനും കത്തനാർക്കു പോലീസ് കാവലാണ് രക്ഷ !.കുറെ കഴിഞ്ഞാൽ മെത്രാൻ അരമനയുടെ മുറത്തിറങ്ങാനും blackcats നെ കൂടിയേതീരു എന്നാകും ! കാരണം ഇവറ്റകളുടെ കയ്യിലിരിപ്പ് തന്നെ ......... കർത്താവിനെ തഴഞ്ഞു അവൻറെഭൂമിയിലെരാജ്യം കയ്യടക്കി വാഴുന്ന നാടുവാഴികളാണിവർ ! അങ്ങിനെയിരിക്കെ ഇവർ എങ്ങിനെ അവൻറെ ശിഷ്യ്ന്മാരാകും ?

    ReplyDelete
  2. ഇപ്പോൾ കേരള കത്തോ. സഭയിലെ സകല കാര്യങ്ങളും സംഭവിക്കുന്നത്‌ അൽഫോൻസാമ്മ വഴിയാണ്. എല്ലാ പുതിയ സംരംഭത്തിനും സെന്റ്‌ അൽഫോൻസ എന്നാണ് പേര്. പെരിങ്ങുളം തൊട്ട് പാലാ വരെ മാത്രം എണ്ണിയാൽ 150 കടകളെങ്കിലും ആ പേരിലാണ്. ബസുകളും സ്കൂളുകളും ഹോമെയൊ ക്ലിനിക്കുകളുമൊക്കെ വേറെയും. പാലായിൽ മെത്രാന്മാർ തിങ്ങിക്കൂടിയ പാസ്റ്ററൽ സെന്ററും 'അല്ഫോൻസിയൻ' ആണ്. (St Alphons Ligori എന്നൊരു പുണ്യാളൻ ഉണ്ട്. ആ പുല്ലിംഗ നാമത്തിൽ നിന്നാണ് 'അല്ഫോൻസിയൻ' ഉണ്ടാക്കിയത് എന്നൊരു അമളി നമ്മുടെ പാറ്റ്രിയർക്കാമാർക്കു പറ്റിപ്പോയില്ലേ എന്ന് സംശയിക്കണം. അല്ഫോന്സായിൽ നിന്നാണെങ്കിൽ അല്ഫോൻസിയ പാസ്റ്ററൽ സെന്റർ ആയിരുന്നു ചേരുന്നത്. ഒരു പക്ഷേ, അതും അവർ ഓർത്തുകാണും, എന്നാൽ, സ്ത്രീലിംഗത്തിന്റെ ചുവയുള്ള അല്ഫോൻസിയ എന്നു പേരിട്ടാൽ അത് അസന്മാര്ഗ്ഗികമല്ലേ എന്ന വീണ്ടുവിചാരം വന്നുകാണും. ഇനി പറഞ്ഞിട്ടെന്തു കാര്യം!

    പിന്നെ, ഒരു റോമുലൂസച്ചൻ പ്രവചിച്ചതിൻ പ്രകാരമാണ് മെത്രാന്മാരും കർദിനാളന്മാരും ആ പാവത്തിന്റെ മുറിയിലും മഠത്തിലും ചെന്ന് കയറിയതെങ്കിൽ അതിൽ വിശുദ്ധിയല്ല, വല്ലാത്തയശുദ്ധിയാണ് തീണ്ടിയിരിക്കുന്നത് എന്നാണ് ആ വിശുദ്ധയും ഈ കപടവൃന്ദവും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ഓർക്കുമ്പോൾ മനസ്സിൽ വരിക. റോമുലൂസിന്റെ പ്രവചനം അത്രയങ്ങ് ശരിയായില്ല. അദ്ദേഹമത് പറഞ്ഞപ്പോൾ ജീവിച്ചിരുന്ന മെത്രാന്മാർക്ക് ഏതാണ്ടൊരു ക്രിസ്തീയതയൊക്കെ ഉണ്ടായിരുന്നു. യാതൊരു ക്രിസ്തീയതയുമില്ലാത്ത തനി 'പെയ്ഗൻ' മെത്രാന്മാരാണ് ആ വിശുദ്ധ സ്ഥലത്ത് അതിക്രമിച്ചു കടക്കാൻ പോകുന്നതെന്ന് ആ വൈദികൻ ഒരിക്കലും നിരൂപിച്ചിരിക്കില്ല. തന്നെയല്ല, ഒരു പോപ്‌ പോലും അവിടെ ചെന്ന് മുട്ടുകുത്തും എന്നെന്ത്യേ അങ്ങേരു മുൻകൂട്ടി കാണാതിരുന്നത്? പറയുമ്പോൾ എല്ലാം പറയണ്ടായോ?

    Tel. 9961544169 / 04822271922

    ReplyDelete