Translate

Thursday, June 25, 2015

ആരാണാദ്യം വന്നത്, യേശുവോ അതോ തോമ്മായോ?



യേശുവിന്‍റെ ജനനസമയത്ത് നക്ഷത്രത്തിന്റെ ഗതി നിര്‍ണയിച്ചു പൌരസ്ത്യ ദേശത്തുനിന്നു മൂന്നു ജ്ഞാനികള്‍ ബേതലഹേമില്‍ ചെന്ന് ഉണ്ണി യേശുവിനെ കണ്ടു വണങ്ങിയതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ആര്യഭടനെയും വരാഹമിഹിരനെയും പോലെ ജ്യോതിശാസ്ത്രത്തില്‍ അവഗാഹം നേടിയിരുന്ന ഭാരതീയ ഋഷിവര്യന്മാരല്ലാതെ മറ്റാരാകാനാണ്? പാലസ്തീന് കിഴക്കായി അക്കാലത്ത് അറിവും സംസ്ക്കാരവുമുള്ള ദേശമായി ആര്‍ഷഭാരതം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. നളന്ദയും തക്ഷശിലയും വിക്രംശിലയും പോലയുള്ള പ്രാചീനഭാരതത്തിലെ വിശ്വവിദ്യാലയങ്ങള്‍ ലോകപ്രസിദ്ധമായിരുന്നല്ലോ. സ്വാമി രാമ എഴുതിയ 'ലിവിംഗ് വിത്ത്‌ ദ ഹിമാലയന്‍ മാസ്റ്റേഴ്സ്' എന്ന പുസ്തകത്തില്‍ യേശു ധ്യാനനിരതനായി ഇരുന്നതെന്ന് പറയപ്പെടുന്ന ഒരു ഗുഹ ‘നാഥ്‌’ സന്ന്യാസി പരമ്പര ഇന്നും പരിപാവനമായി കാത്തു സൂക്ഷിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. യേശുനാഥന്‍ അവരുടെ സന്ന്യാസപരമ്പരയിലെ പൂര്‍വികന്‍ ആണെന്നാണ്‌ ഈ സന്ന്യാസിമാര്‍ അവകാശപ്പെടുന്നത്. പ്രശസ്ത ക്രൈസ്തവ മിഷനറി ആയിരുന്ന സാധു സുന്ധര്‍സിംഗ് തന്‍റെ ഹിമാലയന്‍ യോഗിമാരുമായുള്ള സഹവാസതിനിടെ യേശുനാഥനെ അതീവ ഭക്തിയോടെ പരമഗുരുവായി കണക്കാക്കുന്ന, കുരിശുമാല ധരിച്ച സന്ന്യാസിമാരെ കണ്ടുമുട്ടിയതായും അവരുടെ ആശ്രമത്തില്‍ അദ്ധേഹം ചെലവഴിച്ചതായും എഴുതുന്നു. 12 വയസ്സ് മുതല്‍ 30 വയസ്സുവരെയുള്ള യേശുവിന്‍റെ ജീവിതത്തെക്കുറിച്ച് ബൈബിളില്‍ യാതൊരു വിവരവുമില്ല. ദിവ്യശിശുവായ യേശുവിനെ കാണാന്‍ വളരെയധികം യാത്ര ചെയ്ത ഋഷിവര്യന്മാര്‍ ബാല്യകാലം പിന്നിട്ട യേശുവുമായി തീര്‍ച്ചയായും ബന്ധം സ്ഥാപിക്കുകയും അവരുടെ സ്വാധീനഫലമായി ഹിമാലയത്തില്‍ എത്തിയിരിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. യേശുവിന്‍റെ ബാല്യകാലവും പരസ്യജീവിത കാലവും വിശദീകരിക്കുന്ന ബൈബിള്‍ സുദീര്‍ഘമായ 18 വര്‍ഷങ്ങളെക്കുറിച്ച് എന്തുകൊണ്ട് മൌനം പാലിക്കുന്നു. ഭാരതീയ ആധ്യാല്മികപാരമ്പര്യത്തില്‍ ഒരാള്‍ സന്ന്യാസം സ്വീകരിച്ചുകഴിഞ്ഞാല്‍ അയാളുടെ ബാല്യത്തിനു ശേഷമുള്ള പൂര്‍വകാലം വെളിപ്പെടുത്തുന്ന പതിവില്ല. ഒരാള്‍ ഹിമാലയ ഗിരിസൃംഗങ്ങളിലെ ഗുരുക്കന്മാര്‍ക്കൊപ്പം ആധ്യാല്മികസാധന അനുഷ്ടിക്കുന്ന കാലയളവില്‍ എവിടെയെല്ലാം ആരുടെയൊക്കെ ഒപ്പമായിരുന്നു എന്നത് ഭാരതീയ പാരമ്പര്യത്തില്‍ ഇന്നും രഹസ്യമായി സൂക്ഷിക്കുന്നു.

ശിഷ്യത്വത്തിന്‍റെ അടയാളമായി ഒഴുകുന്ന ജലത്താലുള്ള സ്നാനവും ഇന്നും ഭാരതീയ ഗുരുശിഷ്യപരമ്പരയില്‍ തുടരുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ മക്കളാണെന്നും ലോകത്തിന്‍റെ പ്രകാശമാണെന്നും ഉള്ള ക്രിസ്തു വചനങ്ങള്‍ 'അഹം ബ്രഹ്മാസ്മി' , 'തത് ത്വം അസി' എന്നീ വേദാന്തചിന്തയുമായി പൊരുത്തപ്പെട്ടുപോകുന്നു. യെഹൂദ വിശ്വാസത്തില്‍ അല്പനായ സൃഷ്ടി മാത്രമായ മനുഷ്യന്‍ ദൈവത്തെ പിതാവെന്നു വിളിക്കുന്നത്‌ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല. അതുകൊണ്ടായിരുന്നല്ലോ യെഹൂദ പുരോഹിതന്മാര്‍ യേശുവിനെ ഈശ്വരനിന്ദകനായി മുദ്രകുത്തിയത്. യേശു തന്‍റെ സന്ദേശവാഹകരായി ശിഷ്യന്മാരെ അയച്ച രീതിയിയും ഭാരതീയ ഗുരുശിഷ്യ പാരമ്പര്യം അനുസരിച്ച് പരിവ്രാജകരായി ഗുരു, ശിഷ്യരെ അയയ്ക്കുന്നതിനെ അനുസ്മരിപ്പിക്കുന്നു. (മത്തായി 10,5-14, ലൂക്ക് 9,1-6) പണമോ ഭക്ഷണ സാമഗ്രികളോ അധികം വസ്ത്രങ്ങളോ കൈയ്യില്‍ കരുതാതെ പൂര്‍ണമായും ദൈവത്തിലും ഗുരുവിലും ആശ്രയിച്ചുള്ള ദൌത്യം. അതില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ സന്ന്യാസം അനുവദിച്ചിരുന്നുള്ളൂ. പക്ഷെ ഇക്കാലത്ത് എല്ലാ ആഡംബരങ്ങളോട് കൂടി മതത്തില്‍ എണ്ണം കൂട്ടാന്‍ വരുന്നവര്‍ മനുഷ്യപുത്രന് തലചായ്ക്കാന്‍പോലും ഇടമില്ല എന്ന് പറഞ്ഞ പരമ ഗുരുവായ യേശുവിനെ നിന്ദിക്കുകയല്ലേ ചെയ്യുന്നത്?

യേശുവും പിതാവായ ദൈവവും സാരാംശത്തിലും സ്വഭാവത്തിലും ഒന്നാണ് എന്ന ക്രിസ്തീയ വിശ്വാസവും "അയമാത്മ ബ്രഹ്മ' എന്ന ഉപനിഷത് ദര്‍ശനംതന്നെയാണ്. യേശുതന്നെ, താനും പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു, "പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നത്പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന്എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. (യോഹന്നാന്‍ 17,21). യേശുവും പിതാവും എങ്ങനെ ഒന്നായിയിരിക്കുന്നു, അതുപോലെ ശിഷ്യന്മാര്‍ യേശുവുമായും ദൈവവുമായി ഒന്നാകേണ്ടതിനും യേശു പ്രാര്‍ഥിക്കുന്നു. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നത് വിശ്വസിക്കുവിന്‍ എന്ന വചനത്തിലൂടെ (യോഹന്നാന്‍ 14,11) തന്‍റെ ദിവ്യ പ്രകൃതിയെയും പിതാവുമായിട്ടുള്ള തന്‍റെ നിസ്തുല്യ ബന്ധത്തെയും ആണ് യേശു വെളിപ്പെടുത്തുന്നത്. പരമാത്മാവുമായുള്ള ഗാഡമായ ഈ ഐക്യത്തെ 'നിര്‍വികല്പ സമാധി' അവസ്ഥ എന്നാണു വേദാന്തത്തില്‍ പറയുന്നത്.

ആര്‍ഷഭാരതത്തിലെ ശ്രീബുദ്ധന്‍, മഹാവീരന്‍, ശ്രീ ശങ്കരന്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ ഗുരുക്കന്മാരെപ്പോലെ യെഹൂദമത വിഭാഗത്തിലെ ഈശ്വരസാക്ഷാല്‍ക്കാരം സിദ്ധിച്ച ഒരു അതുല്യ ഗുരുവായിരുന്നു യേശുനാഥന്‍. ശിഷ്യന്മാര്‍ യേശുവിനെ റബ്ബി (ഗുരു) എന്ന് സംബോധനചെയ്തിരുന്നതായി ബൈബിളില്‍ കാണുന്നു.പില്‍ക്കാലത്ത്‌ ആ വിശ്വഗുരുവിനെ ലോകത്തിന്‍റെ ഏക രക്ഷകനായി അവതരിപ്പിച്ചു, മതകച്ചവടക്കാര്‍ മത പരിവര്‍ത്തനം നടത്തുകയും സാംസ്കാരീക അധിനിവേശം നടത്തുകയും ചെയ്തു. ഒരു ഗുരു അവതരിക്കുന്നത് ഒരു പ്രത്യേക ദേശത്തും കാലത്തുമാണ്. പക്ഷെ ഗുരുവിന്‍റെ കൃപ സ്ഥല-കാല-ജാതി-വംശങ്ങള്‍ക്കു അതീതമാണ്.
 
ഗുരുവിനെ തേടുന്ന ശിഷ്യരെ കണ്ടെത്തി ആല്‍മജ്ഞാനത്തിന്റെ അഗ്നി തെളിക്കുവാനാണ്‌ യേശുവിനു മുന്പ് ബുദ്ധനും യേശുവിനു ശേഷം ആദിശങ്കരനും ശ്രീ രാമക്രിഷ്ണരും മറ്റും ശിഷ്യരെ അയച്ചത്. ലോകമെമ്പാടുമുള്ള സത്യാന്വേഷികൾ അവസാനം ചെന്നെത്തുന്നത് ഋഷിവര്യന്മാരാല്‍ പരിവാനമായ ഭാരതീയ ആധ്യാൽമീകതയിൽ ആണ്. ഗുരുശിഷ്യ പരംമ്പരയാൽ ആൽമജ്ഞാനം പകർന്നു നൽകിയിരുന്ന ക്രിസ്തീയ മാർഗത്തെ ഒരു മതമാക്കിമാറ്റിയത് കോണ്സ്റ്റൻറയിന്‍ എന്ന രാജാവാണ്. പിൽക്കാലത്ത് മൂന്നാംലോക രാജ്യങ്ങളിലേക്ക് വ്യാപിപിച്ചത് യൂറോപ്യൻ സാമ്രാജ്യ ശക്തികളും. ഇശ്വര സക്ഷാല്ക്കാരത്തിന്റെ കൈവല്യപ്രാപ്തിയില്‍ പരമാത്മാവുമായി പൂര്‍ണ ഐക്യത്തിലായ യേശുവിന്റെ വചനങ്ങൾ ഋഷിവര്യന്മാരുടെ അത്മീയ അനുഭവത്തിൽനിന്നും വിഭിന്നമല്ല എന്ന് ഉപനിഷത് ദർശനങ്ങൾ പഠിച്ചാൽ മനസ്സിലാകും. യേശു അവതാരപുരുഷനും വിശ്വഗുരുവും മർദിതരുടെ വിമോചകനുമായിരുന്നു എന്നത് നിസ്തർക്കമായ സത്യമായി എല്ലാവരും അംഗീകരിക്കുന്നു. യേശുനാഥൻ  കല്ല്യാണം .കഴിച്ചിരുന്നോ മക്കളുണ്ടായിരുന്നോ ഉയിർതെഴുന്നെറ്റോ, കന്യകയിൽ നിന്നാണോ ജെനിച്ചത് തുടങ്ങിയ വിഷയങ്ങൾ മതകച്ചവടക്കാർ ചർച്ചചെയ്യട്ടെ. ഗുരുവിന്റെ കൃപയും ജ്ഞാനവും ആല്മാവുമാണ് ഭക്തര്‍ക്ക് വേണ്ടത്.

ക്രിസ്തുമത ആചാരങ്ങളും തത്ത്വങ്ങളും ഹിന്ദുമതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രഹ്മ, വിഷ്ണു, മഹേശ്വര എന്ന ത്രിമൂർത്തി ദൈവസങ്കൽപം പിതാ, പുത്ര, പരിശുദ്ധാല്മാവ്‌ എന്ന ത്രിത്വമായി ക്രിസ്തുമതത്തിൽ കാണാം. ദൈവം ധർമ പുനസ്ഥാപനത്തിനായി അവതരിക്കുമെന്ന്, ഭാഗവത്ഗീതാ വചനം. മാനവ രക്ഷയ്ക്കായി ദൈവം മനുഷ്യാവതാരം ചെയ്തതായി ക്രിസ്തുമതം പഠിപ്പിക്കുന്നു. മാനസാന്തരത്തിന്‍റെയും  ശിഷ്വത്വത്തിന്റെയും അടയാളമായി ജലസ്നാനം ഹിന്ദു ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ ഉണ്ട്. വിവിധ വിശ്വാസങ്ങളും ആചാരാനുഷ്ടാനങ്ങളും അനുവർതിക്കുന്നവർ ഭാരത്തിൽ പതിറ്റാണ്ടുകളായി സഹോദരങ്ങളെ പോലെ കഴിയുന്നു. എല്ലാ മതവിശ്വസങ്ങൽക്കുമുപരി അൽമീയതയിൽ അധിഷ്ടിതമായ സവിശേഷമായ ആർഷഭാരത സംസ്കാരമാണു നമ്മുടെ പൊതുവായ പാരമ്പര്യം. ആചാരങ്ങളും സാംസ്കാരിക പാരമ്പര്യവും വിശ്വാസത്തിൽ നിന്നും വിഭിന്നമാണ്. വൈദീകർ ധരിക്കുന്ന വസ്ത്രം ആചാരഅനുഷ്ടാനങ്ങൾ തുടങ്ങിയവയും സാംസ്കാരികമായി ബന്ധപ്പെട്ടിരിക്കുന്നു. യെഹൂദരായിരുന്ന യേശുനാഥന്റെ ശിഷ്യന്മാർ അവിടുത്തെ അനുഗമിക്കുമ്പോഴും യെഹൂദ മതവിശ്വാസമോ ആചാരങ്ങളോ ഉപേക്ഷിച്ചിരുന്നില്ല. പിൽകാലത്ത് പല ജാതിയിലും വംശത്തിലും പെട്ടവർ ക്രിസ്തു മാർഗം സ്വീകരിച്ചു. പലരും കരുതുന്നത് യൂറോപ്യൻ സംസ്കാരവും ജൂത ആചാരങ്ങളും ക്രിസ്തീയമാണെന്നാണ്. എന്നാൽ അത് ശരിയല്ല. ഓരോ നാട്ടിലെയും സംസ്കാരം സ്വംസീശീകരിക്കുകയാണ് നാം ചെയ്യേണ്ടത്.

Dr. K.J.Johnson Madambam

Johnsonkj2000@yahoo.com, johnsmadambam@gmail.com

10 comments:

  1. വി.മത്തായി പത്തും ,ലൂകോസ് ഒന്‍പതും തല്ലികൊന്നാലും വായിക്കില്ല എന്ന് വൃതം ഉള്ളവരാണിന്നിന്റെ ളോഹകളും പസ്സ്ട്രന്മാരും 100 % ! അവരാല്‍ നയിക്കപ്പെടുന്ന കാലം ശപിച്ച മനുഷാജങ്ങലാണ് ക്രിസ്തുമതമെന്ന ഇന്നത്തെ തട്ടിപ്പ് പ്രസ്ഥാനത്തിലെ മെമ്പറന്മാര്‍ ! മാമോദീസായിക്കും/മലര്ത്തിമുക്കലിനും, വിവാഹകൂദാസയ്ക്കും, ഒടുവില്‍ ശവമായലുള്ള സംസ്കാര ചടങ്ങുകളും കൊതിച്ചും ;ഏതു കൊടും പാപവും കള്ളപ്പാതിരി/പാസ്റ്റര്‍ ദൈവവുമായി വാല്പയട്ടു നടത്തി കുറച്ചുതരും എന്ന് വ്യാമോഹിക്കുന്ന സ്വപ്നജീവികളാണീക്കൂട്ടര്‍ ! ഇവരെ രക്ഷിക്കാന്‍ ഇനിയെത്ര അവതാരങ്ങള്‍ അല്മായശബ്ദത്തില്‍ അവതരിച്ചാലും ഫലം കുരിശുമരണം !
    'ത്രേതായുഗത്തിലാ ബീസിയില്‍ ഭാരതം ലോകത്തിനാകെ അറിവരുളും ശാസ്ത്രപഠനശാലയായിരുന്നുപോല്‍ തക്ഷശില നളന്ദ പേരിലായ് "എന്ന് തുടങ്ങുന്ന "ലോകമേ ഗീതപാടൂ "(അപ്രിയ യാഗങ്ങള്‍) എന്നകവിത ഇതിനെ സാധൂകരിക്കുന്നു !

    ReplyDelete
  2. We know only about 3 out of His 33 years.Did Thomas bring Xstianity in AD 52? Word Christian was
    first used in Antioch around AD 100. So most of what we know is dream-story, not His-story. james kottoor

    ReplyDelete
  3. 1. യേശുവിന്‍റെ ജനന സമയത്ത് നക്ഷത്രത്തിന്റെ ഗതി നിര്‍ണയിച്ചു പൌരസ്ത്യ ദേശത്തുനിന്നു മൂന്നു ജ്ഞാനികള്‍ ബേതലഹേമില്‍ ചെന്ന് ഉണ്ണി യേശുവിനെ കണ്ടു വണങ്ങിയതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

    ഉത്തരം: മൂന്നു രാജാക്കന്മാർ എന്നതുതന്നെ സാങ്കല്പികമാണ്. കിഴക്കുനിന്നു വന്ന വിദ്വാന്മാർ എന്നേ പറയുന്നുള്ളൂ. അവർ എത്രപേർ എന്നില്ല. പൊന്നും മീറയും കുന്തിരിക്കവും എന്നീ മൂന്നു സമ്മാനങ്ങൾ ഉണ്ണിയീശോയ്ക്ക് കാഴ്ച വച്ചതിന്റെ അടിസ്ഥാനത്തിൽ അവർ മൂന്നുപേരാകാം എന്നത് വെറും സങ്കല്പം.
    ------------------------------------------------------------------------------------------------
    2. ഇവര്‍ ആര്യഭടനും വാക്ഭടനും വരാഹമിഹിരനും ഉള്‍പ്പെടെ ജ്യോതിശാസ്ത്രത്തില്‍ അവഗാഹം നേടിയിരുന്ന ഭാരതീയ ഋഷിവര്യന്മാരല്ലാതെ മറ്റാരാകാനാണ്?

    ഉത്തരം: അവർ ആര്യഭടനും വാക്ഭടനും വരാഹമിഹിരനും ഉള്‍പ്പെടെ ജ്യോതിശാസ്ത്രത്തില്‍ അവഗാഹം നേടിയിരുന്ന ഭാരതീയ ഋഷിവര്യന്മാരാണെന്നും ചിന്തിക്കുന്നത് ശുദ്ധ അസംബന്ധമാണ്.

    ആര്യഭടന്റെ (എ.ഡി. 476-550) കാലഘട്ടം ഈശോയ്ക്ക് ശേഷമാണ്. അതുപോലെ ബി.സി. 300-കളിൽ ജീവിച്ചിരുന്ന ചരക മഹർഷിയുടെ ശിഷ്യനാണ് വാക്ഭടൻ. വരാഹമിഹിരനാകട്ടെ, എ.ഡി. 505 - 587 കാലഘട്ടത്താണ്. അതായത്, ആര്യഭടനും വാക്ഭടനും തമ്മിൽ കണ്ടിട്ടില്ല. വാക്ഭടനും വരാഹമിഹിരനും തമ്മിൽ കാണാനുള്ള സാധ്യത വളരെ വിരളവും.

    എന്നിട്ട് ഈശോയ്ക്ക് മുൻപ് മരിച്ചുപോയ വാക്ഭടനും ഈശോയ്ക്ക് ശേഷം ജനിച്ച ആര്യഭടനും വരാഹമിഹിരനും കൂടി ഉണ്ണിയീശോയെ കണ്ടുവത്രെ!!! വിചിത്രം!!!!

    ReplyDelete
  4. 3. പാലസ്തീന് കിഴക്കായി അക്കാലത്ത് അറിവും സംസ്ക്കാരവുമുള്ള ദേശമായി ആര്‍ഷ ഭാരതം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. നളന്ദയും തക്ഷശിലയും വിക്രംശിലയും പോലത്തെ അക്കാലത്തെ വിശ്വവിദ്യാലയങ്ങള്‍ ലോകപ്രസിദ്ധമായിരുന്നല്ലോ.

    ഉത്തരം: നളന്ദയും തക്ഷശിലയും ലോകപ്രസിദ്ധമായിരുന്നു എന്നതിൽ തർക്കമില്ല. എന്നാൽ, ഭാരതത്തിന് പുറത്ത് ആർക്കും വിവരമില്ലന്ന് പറയുന്നത് വിവരക്കേടാണെന്നു മാത്രം. ഭാരതീയരേക്കാൾ ജ്യോതിശാസ്ത്രത്തില്‍ അവഗാഹം നേടിയിരുന്നവർ കൽദായക്കാരാണ്.

    ജറുസലേമിലെ പഴയ ഐക്കോണുകളിൽ പോലും കിഴക്കുനിന്നുവന്ന വിദ്വാന്മാരെ കൽദായരാക്കിയാണ് ചിത്രീകരിച്ചിട്ടുള്ളത്.

    നമ്മുടെ നാട്ടിലെ രാമപുരത്തുകാർ പറയുന്നത് ആ രാജാക്കന്മാർ രാമപുരത്തുകാരാണെന്ന്!!! അതിന് ഒരു പള്ളിയും പെരുന്നാളും അവിടെ ഉണ്ട്.
    ---------------------------------------------------------------------------------------------

    4. സ്വാമി രാമ എഴുതിയ 'ലിവിംഗ് വിത്ത്‌ ദ ഹിമാലയന്‍ മാസ്റ്റേഴ്സ്' എന്ന പുസ്തകത്തില്‍ യേശു ധ്യാനനിരതനായി ഇരുന്നതെന്ന് പറയപ്പെടുന്ന ഔ ഗുഹ നാഥ്‌ സന്ന്യാസി പരമ്പര ഇന്നും പരിപാവനമായി കാത്തു സൂക്ഷിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.യേശുനാഥന്‍ അവരുടെ സന്ന്യാസപരമ്പരയിലെ പൂര്‍വികന്‍ ആണെന്നാണ്‌ ഈ സന്ന്യാസിമാര്‍ അവകാശപ്പെടുന്നത്. പ്രശസ്ത ക്രൈസ്തവ മിഷനറി ആയിരുന്ന സാധു സുന്ധര്‍സിംഗ് തന്റെ ഹിമാലയന്‍ ഗോഗിമാരുമായുള്ള സഹവാസതിനിടെ യേശുനാഥനെ അതീവ ഭക്തിയോടെ പരമഗുരുവായി കണക്കാക്കുന്ന, കുരിശുമാല ദരിച്ച സന്ന്യാസിമാരെ കണ്ടുമുട്ടിയതായും അവരുടെ ആശ്രമത്തില്‍ അദ്ധേഹം ചെലവഴിച്ചതായും എഴുതുന്നു.

    ഉത്തരം: കുരിശുമാലയിട്ട സന്ന്യസിയെ കണ്ടത് വലിയ ആശ്ചര്യമായിരിക്കുന്നുപോലും!!! അങ്ങനെയാണെങ്കിൽ ഭവിഷ്യപുരാണത്തിൽ ഈശോയെക്കുറിച്ച് പറയുന്നില്ലേ?!!! അത് ചൂണ്ടിക്കാട്ടി ചിലർ നടക്കുന്നില്ലേ? ചരിത്രമറിയുന്നവർക്ക് അറിയാം, അത് പാശ്ചാത്യ മിഷനറിമാർ കൂട്ടിച്ചേർത്ത കള്ളക്കഥയാണെന്ന്. അഹമ്മദീയാ മുസ്ലീങ്ങൾ കാഷ്മീരിൽ ഈശോയുടെ കല്ലറ എന്നുപറഞ്ഞ് ഒരു കല്ലറയ്ക്ക് കാവലിരിപ്പുണ്ട്. അതുപോലെ, പലരും ഈശോയുടെ നാമം പറഞ്ഞ് വന്നിട്ടുണ്ട്. ഇത് ഈശോ തന്നെ പറഞ്ഞിട്ടുണ്ട്: "എന്റെ നാമം പേറി അനേകർ നിങ്ങളെ വഴിതെറ്റിക്കും"

    5. പതിനാലുവയസ്സ് മുതല്‍ മുപ്പതു വയസ്സുവരെയുള്ള യേശുവിന്‍റെ ജീവിതത്തെക്കുറിച്ച് ബൈബിളില്‍ യാതൊരു വിവരവുമില്ല.

    ഉത്തരം: ശ്രീ. ജോൺ സമ്പൂണ്ണ, ബൈബിൾ വിഷയത്തിൽ തികച്ചും അപൂണ്ണനാണ്. അതിനാലാണ് ചില കേട്ടുകേൾവികൾ സത്യമാണെന്ന് ധരിച്ചിരിക്കുന്നത്.

    പതിനാലുവയസ്സ് മുതല്‍ എന്നല്ല പന്ത്രണ്ട് വയസ്സുമുതൽ എന്നാണ്. ഒന്നാമതായി ബൈബിൾ ഈശോയുടെ ജീവചരിത്രപുസ്തകമല്ല. അത് പ്രവചന പൂർത്തീകരണത്തിന്റെ രക്ഷാകര ചരിത്രമാണ്; രക്ഷയുടെ സുവിശേഷമാണ് എന്നറിയുക.
    ---------------------------------------------------------------------------------------------

    6. ദിവ്യശിശുവായയേശുവിനെ കാണാന്‍ വളരെയധികം യാത്ര ചെയ്ത ഋഷിവര്യന്മാര്‍ ബാല്യകാലം പിന്നിട്ട യേശുവുമായി തീര്‍ച്ചയായും ബന്ധം സ്ഥാപിക്കുകയും അവരുടെ സ്വാധീന ഫലമായി ഹിമാലയത്തില്‍ എത്തിയിരിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. യേശുവിന്‍റെ ബാല്യകാലവും പരസ്യജീവിത കാലവും വിശദീകരിക്കുന്ന ബൈബിള്‍ സുധീര്‍ഘമായ 16 വര്‍ഷങ്ങളെക്കുറിച്ച് എന്തുകൊണ്ട് മൌനം പാലിക്കുന്നു. ഭാരതീയ ആധ്യാല്മീകപാരമ്പര്യത്തില്‍ ഒരാള്‍ സന്ന്യാസം സ്വീകരിച്ചു കഴിഞ്ഞാല്‍ അയാളുടെ പൂര്‍വകാലം വെളിപ്പെടുത്തുന്ന പതിവില്ല.ഒരാള്‍ ഹിമാലയ ഗിരിസ്രുംഗങ്ങളിലെ ഗുരുക്കന്മാര്‍ക്കൊപ്പം ആധ്യാല്മീകസാധന അനുഷ്ടിക്കുന്ന കാലയളവില്‍ എവിടെയെല്ലാം ആരുടെയൊക്കെ ഒപ്പമായിരുന്നു എന്ന് ഭാരതീയ പാരമ്പര്യത്തില്‍ ഇന്നും രഹസ്യമായി സൂക്ഷിക്കുന്നു.

    ഉത്തരം: ഉണ്ണീശോയെ കാണാൻ വന്ന ഋഷിമാരുടെ കാര്യം തന്നെ പൊളിഞ്ഞില്ലേ!!! കൂടുതൽ ഈ സാങ്കല്പിക കഥയ്ക്ക് മറുപടി പറയേണ്ടല്ലോ!!!

    ഭാരതീയ പാരമ്പര്യത്തിൽ, ഒരാള്‍ സന്ന്യാസം സ്വീകരിച്ചു കഴിഞ്ഞാല്‍ അയാളുടെ പൂര്‍വകാലം വെളിപ്പെടുത്തുന്ന പതിവില്ല. കുറയൊക്കെ ശരിയാണ്. എന്നാൽ ഈശോയുടെ പൂർവകാലം പന്ത്രണ്ട് വയസ്സുവരെ, വംശാവലി, കുലം, ആചാരം എന്നിവ രേഖപ്പെടുത്തിട്ടുണ്ട്.

    7. ശിഷ്യത്വത്തിന്‍റെ അടയാളമായി ഒഴുകുന്ന ജലത്താലുള്ള സ്നാനവും ഇന്നും ഭാരതീയ ഗുരു ശിഷ്യപരംബ്ബരയില്‍ തുടരുന്നു.

    ഉത്തരം: ജലത്താലുള്ള സ്നാനം ഭാരതീയർക്കും ബുദ്ധന്മാർക്കും മാത്രമല്ല. ഇസ്രായേലിലെ പുരോഹിതന്മാരെ മുപ്പതാം വയസ്സിൽ അഭിഷേകം ചെയ്യുന്നത് ജലത്താലുള്ള സ്നാനത്താലാണ്. ഈശോ സ്വീകരിച്ചത് പുരോഹിത സ്നാനമാണ്; ശിഷ്യത്വത്തിന്‍റെ അടയാളമല്ല.

    ഒരിക്കൽ ഞാനും താങ്കൾ ഇപ്പോൾ സഞ്ചരിച്ചിരുന്ന വഴികളിലൂടെ നടന്നതാണ്. നിരീശ്വര-യുക്തിവാദം, ഹിന്ദുമതം, ബുദ്ധ-ജൈനമതങ്ങൾ തുടങ്ങിയ വിവിധ മതങ്ങൾ എല്ലാം കഴിയാവുന്നത്ര ചിന്തിച്ചു. എന്നാൽ യഹൂദ മതത്തിലുള്ളത്ര വെളിപാട് മറ്റൊന്നിലും കണ്ടില്ല. ആ മതം എന്നെ കൊണ്ടെത്തിച്ചതാകട്ടെ, മെശയാനിക മതത്തിലും!!!

    ഈ ഉത്തരങ്ങൾ താങ്കളിൽ നല്ലചിന്തകൾ ഉണർത്തട്ടെ എന്ന് ആശിക്കുന്നു!

    ReplyDelete
    Replies

    1. ശ്രീ ജോണ്‍സന്‍ പി വര്ഗീസിന്റെ കമന്റ് മുന്‍വിധിയോടെയുള്ള ഒരു മതഭക്തന്റെയാണെന്ന് കാണാം.
      1. ആര്യഭടനും വാക്ഭടനും പോലെയുള്ള മഹർഷിമാർ എന്ന് പറഞ്ഞാൽ അവർ തന്നെയാകണമാന്നുണ്ടോ? അവർ എത്റ പേര് വേണമെങ്കിലും ആകാം. ജ്ഞാനികൾ എന്നും വിദ്വാന്മാർ എന്നതും ഒരേ അർത്ഥമല്ലേ?
      2. “ ആര്യഭടന്റെ (എ.ഡി. 476-550) കാലഘട്ടം ഈശോയ്ക്ക് ശേഷമാണ്”. എന്ത് തെളിവാണ് ഇക്കാര്യത്തില്‍ ഉള്ളതു?
      3. ഭാരതീയരേക്കാൾ ജ്യോതിശാസ്ത്രത്തില്‍ അവഗാഹം നേടിയിരുന്ന കൽദായക്കാര്‍ എവിടെയായിരുന്നു, അക്കാലത്ത് നാടോടി സംഘങ്ങളായി ജീവിച്ചിരുന്ന അറേബ്യയിലോ?
      4. സിക്ക് മതത്തിൽ ജനിച്ചു ക്രിസ്ത്യാനിയായി അനേകരെ ക്രിസ്തീയ വിശ്വാസതിലെക്കു കൊണ്ടുവന്ന സാധു സുന്ധർസിങ്ങ് നുണ എഴുതി വെച്ചു എന്നാണോ?
      5. പന്ത്രണ്ടു വയസ്സ് മുതല്‍ മുപ്പതു വയസ്സു വരെ എന്നാണല്ലോ ലേഖനത്തില്‍എഴുതിയിരുന്നത്. വിമര്‍ശിക്കുന്നതിന് മുബ് എഴുതിയ കാര്യങ്ങള്‍ വായിക്കുക, എങ്കിലും ചെയ്യുക. ഭാരതീയരേക്കാൾ ജ്യോതിശാസ്ത്രത്തില്‍ അവഗാഹം നേടിയിരുന്ന കൽദായക്കാര്‍ എവിടെയായിരുന്നു? അക്കാലത്ത് നാടോടി സംഘങ്ങളായി ജീവിച്ചിരുന്ന അറേബ്യയിലോ?

      6. “ബൈബിൾ ഈശോയുടെ ജീവചരിത്രപുസ്തകമല്ല. അത് പ്രവചന പൂർത്തീകരണത്തിന്റെ രക്ഷാകര ചരിത്രമാണ്; രക്ഷയുടെ സുവിശേഷമാണ് എന്നറിയുക” ലൂക്കയുടെ സുവിശേഷത്തില്‍ എഴുതിയിരിക്കുന്നത് “പാപമോച്ചനതിനുള്ള അനുതാപം ജെറുസലേമില്‍ ആരംഭിച്ചു എല്ലാ ജനതകളോടും പ്രഘോശിക്കപ്പെടെണ്ടിയിരിക്കുന്നു.” (ലൂക്കാ 24,47) എന്നാണല്ലോ. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുതാനുമായി അവന്‍ അവരെ അയച്ചു. (ലൂക്കാ 9,2) എല്ലാ സുവിശേഷങ്ങളിലും ഇതേ ആശയമാണ് ഉള്ളത്. അപ്പോള്‍ രക്ഷയുടെ സുവിശേഷം എവിടുന്നാണ് കിട്ടിയത്? പാശാത്യമിഷനറിമാര്‍ കൂട്ടിച്ചേര്‍ത്തകഥകള്‍ വിശ്വസിച്ചു അരയോളംവെള്ളത്തില്‍ സ്നാനപ്പെട്ടാല്‍ മാത്രമേ രക്ഷപെടൂ എന്ന വാദമല്ലേ വിവരക്കേട്.
      7. “ഭാരതീയ ആധ്യാല്മികപാരമ്പര്യത്തില്‍ ഒരാള്‍ സന്ന്യാസം സ്വീകരിച്ചുകഴിഞ്ഞാല്‍ അയാളുടെ ബാല്യത്തിനു ശേഷമുള്ള പൂര്‍വകാലം വെളിപ്പെടുത്തുന്ന പതിവില്ല. ഒരാള്‍ ഹിമാലയ ഗിരിസൃംഗങ്ങളിലെ ഗുരുക്കന്മാര്‍ക്കൊപ്പം ആധ്യാല്മികസാധന അനുഷ്ടിക്കുന്ന കാലയളവില്‍ എവിടെയെല്ലാം ആരുടെയൊക്കെ ഒപ്പമായിരുന്നു എന്നത് ഭാരതീയ പാരമ്പര്യത്തില്‍ ഇന്നും രഹസ്യമായി സൂക്ഷിക്കുന്നു.” കാള പെറ്റെന്നു കേട്ട് കയറെടുക്കുന്ന മതഭക്തന്മാരെക്കുറിച്ച് എന്ത് പറയാനാണ്.?
      8. താങ്ങൾ വിവേക ബുദ്ധി പണയം വെച്ച് ഒരു മത വിശ്വാസി ആയിരിക്കുന്നു എന്നതിൽ സഹതാപമുണ്ട്. സന്ന്യാസിയുടെ പൂർവാശ്രമം എന്നതിൽ ബാല്യകാലം ഉൾപ്പെടില്ല സൃഹുതെ . ഭാരതീയ ആധ്യാല്മീകപാരമ്പര്യം അന്ധവിശ്വാസതിന്റെതല്ല , യുക്തി ബോധത്തോടെയുള്ള സത്യാന്വൂഷണ മാണ്.യേശുഇസ്രായേലിലെ പുരോഹിതനായിരുന്നു, എന്നത് എത്ര പരിഹാസ്യമായ വാദമാണ്. യെഹൂദ മതമാണ് എല്ലാ വെളിപാടുകളുടെയും ഉറവിടമെങ്കില്‍, ആ മതത്തില്‍ ചേര്‍ന്നാല്‍ പോരെ?

      K.J. Johnson

      Delete
    2. ഈ ലേഖനം മുഴുവൻ ആസാധ്യമായ സാദ്ധ്യതകൾ മാത്രമാണ് ...

      Delete
  5. ജോണ്‍സന്റെ ലേഖനത്തിലെ യേശുവിനെ പ്പറ്റിയുള്ള കഥകളൊക്കെ വെറും അടിസ്ഥാനമില്ലാത്തതാണ്. ഇത്തരം കഥകളൊക്കെ ഓരോ കാലത്തെ മിഷ്യനറി തട്ടിപ്പെന്നു പറയാനേ സാധിക്കുളൂ. അട്ടപ്പാടി വട്ടായിയും ധ്യാന കേന്ദ്രങ്ങളും അരവിന്ദാക്ഷ മേനോനും നുണകൾ തട്ടി വിടുന്നത് ഭക്ത ജനങ്ങൾ അക്ഷരം പ്രതി വിശ്വസിക്കുന്നു. വേദങ്ങളിലെ പ്രജാപതി യേശുവെന്നാണ് ഈ ധ്യാന കേന്ദ്രങ്ങളുടെ പ്രചരണം.

    പുരാണത്തിലെ ഭവിഷ്യ പുരാണം ധ്യാന കേന്ദ്രങ്ങൾല്ലാം യേശുവിനെ വിലക്കാനുള്ള ഒരു കമ്മോഡിറ്റിയായി മാറിയിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാരാണ് ഭവിഷ്യ പുരാണം തർജിമ ചെതത്. ഭവിഷ്യ പുരാണത്തിൽ യേശുവിനെ തിരുകി കയറ്റിയിരിക്കുന്നത് വൈഷ്ണവ ഭക്തരെ ചിന്താക്കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്. . ബ്രിട്ടീഷ്മിഷ്യനറിമാര്‍ തങ്ങളുടെ മിഷ്യന്‍ പ്രവര്‍ത്തനത്തിനായി യേശുവിന്റെ ചരിത്രം കൂട്ടിചേര്‍ത്തതായി കരുതണം. ശ്ലോകങ്ങള്‍ രചിച്ചിരിക്കുന്നതു ഉന്നത സാഹിത്യ നിലവാരത്തില്‍ക്കൂടിയെങ്കിലും സൂക്ഷ്മമായി പഠിക്കുന്ന ഒരു ഗവേഷണ വിദ്യാര്ഥിക്ക് മിഷ്യനറിമാരുടെ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശം ഈ പുസ്തകത്തില്‍ക്കൂടി വ്യക്തമായും മനസിലാക്കാം. ഉദ്ദേശം മതപരിവര്‍ത്തനമല്ലാതെ മറ്റൊന്നുമായിരുന്നില്ല.

    മരണസമയം യേശുവിനു തലയില്‍ മുള്‍ക്കിരീടം ഉണ്ടായിരുന്നു. പുരുഷ ബലിയില്‍ അങ്ങനെയൊരു മുള്‍ക്കിരീടം പറഞ്ഞിട്ടില്ല. അന്ത്യഅത്താഴവും വേദത്തില്‍ മറ്റൊരു രൂപത്തില്‍ കാണാം. ദൈവങ്ങള്‍ പ്രജാപതിയെ കൊന്നു പച്ചയായ മാംസം കഴിച്ചുവെന്നാണ് പ്രജാപതിയിലെ കഥ. ക്രിസ്തുമതത്തില്‍ അന്ത്യ അത്താഴം വേദങ്ങളിലെപ്പോലെയല്ല. ജീവിച്ചിരുന്ന ക്രിസ്തുവുമൊത്തു അന്ന് അത്താഴ വിരുന്നു വിളമ്പി. പെന്തക്കോസ്റ്റലിലും കരിഷ്മാറ്റിക്ക് ധ്യാനകേന്ദ്രങ്ങളിലും നാലുപുരോഹിതര്‍ പ്രജാപതിയുടെ വസ്ത്രം വീതിച്ചതായും പഠിപ്പിക്കുന്നു. അങ്ങനെയൊന്നു പ്രജാപതിയുടെ കഥയില്‍, വേദങ്ങളില്‍ ഇല്ലെന്നുള്ളതാണ് സത്യം.

    പ്രജാപതിയുടെ കൈകളിലും ആണിതറച്ചു കുരിശില്‍ തറച്ചുവെന്നും വചനം പ്രചരിപ്പിക്കുന്നവര്‍ പറയുന്നു. കരിഷ്മാറ്റിക്കും അതിതീവ്രമതവാദികളും പ്രസംഗിക്കുന്നു. പ്രജാപതിയെ കുരിശില്‍ തറച്ചതായി വേദങ്ങളില്‍ കാണുവാന്‍ സാധിക്കുകയില്ല.

    ധ്യാന പ്രസംഗകരുടെ മറ്റൊരൊടവ് ഇല്ലാത്ത വേദങ്ങളില്‍ ശ്ലോകങ്ങള്‍ചൊല്ലി ഭക്തരെ പററിക്കലാണ്. ഉദാഹരണമായി കന്യകയില്‍ നിന്നു ജനിച്ച പുത്രനെ വാഴ്ത്തിയുള്ള ഈ ശ്ലോകം 'Om shri kanyaka Sudhaya namaha' വേദങ്ങളില്‍ ഉള്ളതല്ല. ബ്രഹ്മാ, സൂര്യന്‍, മനു, ബലി, ഇന്ദ്രന്‍ എന്നിങ്ങനെ പ്രജാപതികളുടെ നിര പോവുന്നു. ആ സ്ഥിതിക്ക് യഥാര്‍ഥ പ്രജാപതിയെ വേദങ്ങളില്‍ കണ്ടെടുക്കുകയും ബുദ്ധിമുട്ടാണ്.

    ഇതുപോലെയാണ് ഡോ. ജോണ്‍സൻ ഈ ലേഖനത്തിൽ കുറി ച്ചു വെച്ച കഥകളും. ചിലരുടെ യേശു കാശ്മീരിൽ ജീവിച്ചുവെന്നാണ്. ഭാരതത്തിൽ വന്ന തോമ്മ ശ്ലീഹായ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളായി ഏഴ് കല്ലറകൾ ഉണ്ട്. ബ്രസീലിൽ വരെ തോമ്മാ ശ്ലീഹയുടെ കബറിടം സൂക്ഷിക്കുന്നു. പോർട്ടുഗീസ്കാർ എവിടെയെല്ലാം മിഷ്യനറി പ്രവർത്തനം നടത്തിയോ അവിടെയെല്ലാം തോമ്മാ ശ്ലീഹായെ വധിച്ച് കല്ലറകളും ഉണ്ടാക്കിയിട്ടുണ്ട്. ചിലർക്ക് യേശുവിനെ പെണ്ണ് കെട്ടിക്കണം. മറ്റു ചിലർക്ക് യേശുവിന് മക്കൾ വേണം. ഓരോരുത്തരുടെ ഭാവനകൾ അനുസരിച്ചു കഥകൾ മാറി മാറി വരുന്നു. വെടി മരുന്ന് കണ്ടു പിടിക്കാത്ത നാളിൽ ക്നാനായ തൊമ്മനെ രാജാവ് സ്വീകരിച്ചത് 72 കതിനാ വെടികൾ പൊട്ടിച്ചായിരുന്നു. അത്തരം വെടിയന്മാരുടെ യേശുവിനെയാണ് ഡോക്ടർ ജോണ്‍സൻ അവതരിപ്പിച്ചിരിക്കുന്നത്.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. അപ്പം തിന്നാല്‍ പോരെ കുഴ എണ്ണണോ? ക്രിസ്തുവോ തോമ്മായോ ആരു ഭാരതത്തില്‍ മുന്നില്‍ വന്നു എന്നതല്ല നാം ഇന്ന് ചിന്തിക്കേണ്ട വിഷയം ! ഞാന്‍ ആരാകുന്നു ? വിവരമില്ലാത്ത കത്തനാരുടെ അടിമയായ ആടോ/അതോ മാടോ/അതോ ക്രിസ്തുവിന്റെ ചെങ്ങാതിയോ ?
    " ഞാന്‍ നിങ്ങളെ എന്‍റെ സ്നേഹിതന്മാര്‍ എന്ന് വിളിക്കുന്നു // ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിപ്പീന്‍ , ഇതാണ് നിങ്ങള്‍ക്കായുള്ള എന്‍റെ കല്പന " എന്നൊക്കെയുള്ള ക്രിസ്തുവിന്റെ 'സ്നേഹഗാഥ' നമ്മുടെ മനസുകളിലുരുവിടൂ...അപ്പോള്‍ ക്നാനായന്റെ വൃത്തികെട്ട" രക്തവാതം" താനേ ഭേദമാകും! പെന്തകൂസുകാരന്‍ മൊട്ടക്കൂസുപോലെ ഏവര്‍ക്കും പ്രിയങ്കരനാകും ! അപ്പോള്‍ അവന്റെ "സഹോദരാ" എന്നവിളി സകലമാന മനുകുലത്തോടുമാകും! അവന്റെ പൊട്ടമനസും അയല്‍ക്കാരനെ സ്നേഹിക്കാന്‍ തുടിക്കും ...സഭകൾതമ്മിൽ ഇന്നുകാണിക്കുന്ന ഈ 'അയിത്തം' തനേമാറി വിശ്വസ്നേഹംകൊണ്ട് നിറയും! പക്ഷെ കത്തനാരും പാസ്റെര്മോനും ഇതിനു തടയിടും എന്നതിനാല്‍, അവരെ നമുക്കൊന്നാമാതായി ഒഴിവാക്കി ക്രിസ്തുവിനെ ഗുരുവായി സ്വീകരക്കാം ...

    ReplyDelete
  8. K.J. Johnson commented

    ആത്മാവിനാല്‍ വീണ്ടും ജനിക്കുന്നില്ലായെങ്കില്‍ ഒരുവനും ദൈവരാജ്യം അവകാശമാക്കുകയില്ല. നശ്വരമായ ശരീരമനസ്സുകളുമായി താദാത്മ്യപ്പെട്ടു ജീവിക്കുന്ന മനുഷ്യന്‍, താന്‍ ദൈവത്തിന്‍റെ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും തന്‍റെ യഥാര്‍ത്ഥ സ്വരൂപം അനശ്വരവും വിശുദ്ധവും നിര്‍മലവുമായ ആല്‍മാവാണെന്നും തിരിച്ചറിയുന്നതാണ് ആത്മാവിലുള്ള പുനർജനനം. “നിങ്ങളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടെ?” (1.കൊറി. 6,19). ആല്‍മസാക്ഷാല്‍ക്കാരത്തിനു ജ്ഞാന , ഭക്തി, കര്‍മ മാര്‍ഗങ്ങള്‍ ഭഗവത്ഗീത വിശദീകരിക്കുന്നു. ഇത് തന്നെയല്ലേ ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണെന്ന് പറഞ്ഞ യേശുവിന്‍റെ സുവിശേഷം? ദൈവാത്മാവ്‌ പ്രവർത്തിക്കുമ്പോൾ ജഡികാഭിലാഷങ്ങൾ ക്ഷയിക്കുന്നു. ഒരുവൻ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറയുകയും അഹം ബോധത്തിനടിമപ്പെടുകയും ചെയ്യുന്നുവെങ്കിൽ ആ വിശ്വാസം ബുദ്ധിയുടെ തലത്തിൽ മാത്രമാണ്. അവരുടെ വിശ്വാസം അധരവ്യായാമവും ഉദരപോഷണവും മാത്രം ആയി നിലനില്ക്കുന്നു. അത്തരം വിശ്വാസികളേക്കാൾ ഭേദം മനസ്സിൽ നന്മയുള്ള അവിശ്വാസികളാണ്.

    കെ ജെ ജോണ്‍സന്‍

    ReplyDelete