എന്റെ അമേരിക്കൻ സന്ദർശനത്തിനിടെ യാദൃശ്ചികമായാണ് ചില പഴയ കോളെജ് സഹകരികളുമായി കണ്ടുമുട്ടാനിടയായത്. ഞാൻ ചെന്നുപെട്ടതാകട്ടെ, ചിക്കാഗോയിലെ പ്രമുഖരായ ഏതാനും കത്തോലിക്കരുടെ അടുക്കലും. എന്നോടൊപ്പം പാലാ സെ. തോമസ് കോളേജിൽ പഠിച്ചിരുന്ന ശ്രി. ജോസഫ് മുല്ലപ്പള്ളിയുമായി അദ്ദേഹത്തിന്റെ ഓഫീസിൽ ഞങ്ങൾ സംസാരിച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ അത്മായശബ്ദത്തിൽ എന്തിനെഴുതുന്നുവെന്നു ചോദിച്ചാൽ അൽപ്പം കാര്യമുണ്ടെന്നു തന്നെ പറയാം. ഞങ്ങളോടൊപ്പം, യാദൃശ്ചികമായെന്നു പറയാം, അദ്ദേഹത്തിന്റെ ഏതാനും സുഹൃത്തുക്കളും ചേർന്നു. സന്ദർഭവശാൽ ഞാനൊഴികെ എല്ലാവരും ക്നാനായക്കാരും - അതിൽ 'ശുദ്ധരക്ത'മുള്ളവരും ഇല്ലാത്തവരും ഉണ്ടായിരുന്നു. ക്നാനായാക്കാരുടെ പുതിയ ശുദ്ധരക്തവാദം ഉയർത്തിയിരിക്കുന്ന പൊടിപടലങ്ങളേപ്പറ്റി ഞാൻ പരാമർശിച്ചതോടെ, ചർച്ച ആ വഴിക്കു തിരിഞ്ഞു. എന്നെ വിസ്മയിപ്പിച്ച കാര്യം, സഭ തന്ത്രപൂർവ്വം ചെയ്ത വലിയൊരു ചതിയാണ്, മൂന്നു മെത്രാന്മാർ കൂടി തയ്യാറാക്കിയ അടുത്തകാലത്തെ ക്നാനായ ഉത്തരവ് എന്ന അഭിപ്രായത്തിൽ അവിടെ കൂടിയവരെല്ലാവരും ഉറച്ചു നിൽക്കുന്നുവെന്നതായിരുന്നു.
അവർ പറഞ്ഞ ഒരു കാര്യം, സമുദായം വിട്ട് വിവാഹം ചെയ്യുന്ന അംഗത്തെ മതപരമായ അവകാശങ്ങളിൽ നിന്നും അകറ്റിനിർത്തുന്ന ഏക കൂട്ടായ്മയാണ് ക്നാനായസമൂഹം എന്നാണ്. ഹീന ജാതിയിൽ നിന്നു വിവാഹം കഴിക്കുന്നതിലൂടെ ഭ്രഷ്ടിനു വിധേയമാകുന്ന ഒരു ബ്രാഹ്മണന് അമ്പലത്തിൽ വിലക്ക് ഏർപ്പെടുത്തിയതായി കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനു മറുപടി പറയാൻ എനിക്കും കഴിഞ്ഞില്ല. സമുദായവും മതവും രണ്ടാണെന്ന് വിശദീകരിക്കുന്ന ശ്രി. ജോർജ്ജ് മൂലേച്ചാലിലിന്റെ വാദഗതികളെപ്പറ്റി ഞാൻ അപ്പോൾ ഓർത്തുപോയി. അങ്ങിനെയൊരു നിയമം വന്നാൽ എതാനും നൂറ്റാണ്ടുകൾക്കുള്ളിൽ ഈ വംശം അറ്റുപോകുമെന്നാണ് ഇതിനെപ്പറ്റി അടുത്തയാൾ കണക്കുകളുദ്ധരിച്ച് പറഞ്ഞത്.
അമേരിക്കയിൽ എട്ടാം ക്ലാസ്സ് കഴിയുന്ന ഒറ്റ വ്യക്തിയെയും ആർക്കും നിയന്ത്രിക്കാൻ കഴിയില്ലെന്നും, അവർ പരിചയപ്പെടുന്നത് എപ്പോഴും ക്നാനായ സുഹൃത്തുക്കളെ അല്ലെന്നും, അടുത്ത കാലത്ത് നടന്ന 60% വിവാഹങ്ങളും സമുദായത്തിനു പുറത്തുള്ള ഇണയുമായിട്ടായിരുന്നു എന്നും പറഞ്ഞു കേട്ടപ്പോൾ സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഈ നടപടി തികച്ചും അക്രൈസ്തവമാണെന്നുള്ളതുകൊണ്ടാണ് ഇതിനെ ഞാൻ എതിർക്കുന്നതെന്നു പറഞ്ഞത്, ഒരു ശുദ്ധ ക്നാനായാക്കാരൻ തന്നെ. ഇഷ്ടപ്പെട്ട ഒരിണയെ കത്തോലിക്കാ സമുദായത്തിൽ നിന്നു തന്നെ തിരഞ്ഞെടുത്തതിന്റെ പേരിൽ ഊരു വിലക്കപ്പെട്ട പലരും അനുഭവിക്കുന്ന മാനസികവിഷമം എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നുവെന്നും അവരുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായി.
അടുത്ത കാലത്തു നടന്ന ഉഴവൂർ സമ്മേളനത്തെപ്പറ്റിയും അമേരിക്കയിൽ പല പ്രദേശങ്ങളിലായി നടക്കുന്ന റിബൽ ക്നാനായകൂട്ടായ്മകളൂടെ പ്രവർത്തനം ശക്തിപ്പെടുന്നതിനേപ്പറ്റിയുമൊക്കെ കേട്ടപ്പോൾ ഉള്ളിൽ തന്നെ ഉരുണ്ടുകൂടുന്ന വിപ്ലവം ഒരു വലിയ പൊട്ടിത്തെറി തന്നെ സൃഷ്ടിക്കുമെന്നു കാണാൻ ആർക്കും കഴിയുന്നതേ ഉള്ളൂ. ശുദ്ധരക്തവാദികൾ വംശശുദ്ധിക്കുവേണ്ടി പൊരുതുന്നുണ്ടെങ്കിലും, ഉള്ളിൽ ഈ ആശയം അക്രൈസ്തവമാണെന്ന അഭിപ്രായം തന്നെയാണ് അവർക്കും ഉള്ളതെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. സഭയേപ്പറ്റിയും മേലധികാരികളേപ്പറ്റിയും അംഗങ്ങൾക്കുള്ളിൽ ക്ഷയിച്ചുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങൾക്ക് ആക്കം കൂട്ടാൻ ഈ വിവാദ തീരുമാനം വഴിവെച്ചുവെന്നു തന്നെ ഞാനും കരുതുന്നു.
No comments:
Post a Comment