പറയുമ്പം എല്ലാം പറഞ്ഞു പോകും, എന്റെ കൂടെ എഞ്ചിനീയറിങ്ങ് പഠിച്ച ഒരു ക്നാനായാ കുര്യനുണ്ടായിരുന്നു, കടുത്തുരുത്തിക്കാരൻ. അവന്റെ കല്യാണത്തിനു ഞാൻ അവന്റെ വീട്ടിൽ പോയിട്ടുണ്ട്. അവനിപ്പോൾ ബാംഗ്ലൂർ ജോലിചെയ്യുന്നുവെന്നു പറയപ്പെടുന്നു; മിക്കവാറും തന്നെ കമ്പനി ആവശ്യത്തിനവൻ അമേരിക്കയിലും സിങ്കപ്പൂരുമൊക്കെ ആയിരിക്കും. ഇപ്പോ അമേരിക്കയിൽ സ്ഥിരം തങ്ങാൻ പരിപാടിയിടുന്നവൻ. വല്ലപ്പോഴുമൊക്കെ വിളിക്കും, എന്റെ ലേഖനങ്ങളും അത്മായാശബ്ദവും ഇഷ്ടൻ വായിക്കാറുമുണ്ട്. ഇത്തവണ ഞാൻ വിളിച്ചപ്പോൾ, ഓരൊന്നു പറഞ്ഞു പറഞ്ഞു, വിഷയം അത്മായാ ശബ്ദവുമായി.
അമേരിക്കയിലെ ശുദ്ധരക്തക്കാരായ ക്നാനായാക്കാരുടെ പോലും അഭിപ്രായം സ്വതന്ത്ര പള്ളി/സമൂഹം വേണ്ടായെന്നാണെന്നുള്ള അർഥത്തിൽ, അത്മായാശബ്ദത്തിൽ വന്ന ലേഖനത്തിലെ വസ്തുതകൾ തെറ്റാണെന്നാണ് കുര്യച്ചൻ പറഞ്ഞത്. ക്നാനായാക്കാർ എന്നും ക്നാനായാക്കാർ ആയിരിക്കുമെന്നും, ഞങ്ങളെ മാത്രമേ അങ്ങാടിയത്തിനു പേടിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ ക്നാനായാക്കാർ ഇത്ര ശുദ്ധരക്തവാദികൾ ആണെന്ന് ആദ്യമൊന്നും എനിക്കറിയില്ലായിരുന്നു. കുര്യച്ചനെ സഹപാഠിയായ ഒരു പെൺകൊച്ചു നോട്ടമിട്ടിരുന്നു; പക്ഷേ, കുര്യാച്ചനുണ്ടോ അടുക്കുന്നു. പെണ്ണു ക്നാനായാക്കാരി അല്ലാതെ പോയതാണു പ്രശ്നമെന്നു ഞങ്ങൾ പിന്നീടാണ് മനസ്സിലാക്കിയത്. ഞാനീ കുര്യച്ചനോട് ചോദിച്ചു, ഈ ക്നായി തൊമ്മൻ എന്നാ തിന്നാനാ ഇന്ത്യയിലേക്കു വന്നതെന്ന്. പെറ്റു പെരുകാൻ ഒരിടം തേടിയായിരുന്നെങ്കിൽ ഞങ്ങൾക്കു പാര പണിയണമായിരുന്നൊ, കൊച്ചിയിൽ സിനഗോഗ്ഗ് ഉണ്ടാക്കിയ യഹൂദന്മാർക്ക് മടങ്ങാമെങ്കിൽ നിങ്ങൾക്കെന്താ വന്നപോലെ പോയിക്കൂടേ എന്നാണു ഞാൻ ചോദിച്ചത്. സമുദായം എങ്ങിനെ നിലനിൽക്കുന്നതിലും എനിക്കും വിയോജിപ്പില്ല, പക്ഷെ, ഒരു ആരാധനാലയം ഒരുപസമുദായത്തിനു വേണ്ടി മാത്രം തുറക്കുന്നതിനോട് യോജിക്കുന്നില്ലായെന്നും തോമ്മാ സ്ലീഹാ വന്നു വചനം പ്രസംഗിക്കുകയും കൂട്ടത്തിലേക്ക് ആളിനെ കൂട്ടുകയുമാണ് ചെയ്തതെന്നും പറഞ്ഞപ്പോൾ കുര്യാച്ചനൊന്നു പരുങ്ങിയില്ലെന്നു പറയാനാവില്ല. ദൈവം സ്ഥാപിച്ച സഭയായതുകൊണ്ടല്ലേ സീറോ മലബാറിനു ചുറ്റും നിങ്ങൾ ഒട്ടി നിൽക്കുന്നതെന്നു ഞാനൊന്നു കൊള്ളിച്ചു ചോദിച്ചു. എന്റമ്മോ! മറുപടിയായി തിരുവായിൽ നിന്നു വന്നതു കേട്ടാൽ ആരും ചുളുങ്ങും. എന്നോടുള്ള സർവ്വ വാശിയും അതിനുള്ള മറുപടിയിൽ തീർത്തു.
ഒന്നൊന്നായി കുര്യാച്ചൻ ആവനാഴിയിൽ നിന്ന് അസ്ത്രങ്ങൾ പുറത്തെടുത്തു നാലുപാടും ചിതറിച്ചുവെന്നു പറഞ്ഞാൽ മതിയല്ലോ. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിയതിന്റെ സ്മാരകമായി പണിത ഇസ്രായേലിലുള്ള തബ്ഗയിലെ പള്ളി ഈയ്യിടെ കത്തിനശിച്ചെന്നും, ഒരു പുണ്യവാളനേയും ബാത്തു റൂമിൽ പോലും വിടാതെ പിടിച്ചുനിർത്തി അമേരിക്കയിലേ ചിക്കാഗോയിൽ പണിത കൂറ്റൻ കത്തിദ്രൽ പള്ളിയുടെ കർട്ടൺ ഇടവകക്കാർ കീറിയപ്പോഴും, കോപ്പേൽ പള്ളിയുടെ കുരിശു താഴെ വീണപ്പോഴുമൊന്നും ദൈവത്തെ കണ്ടില്ലല്ലോയെന്നും കുര്യാച്ചൻ പറഞ്ഞു. മെൽബോണിൽ പള്ളി പണിയാൻ സഥലം വാങ്ങിയപ്പോഴും ഈ ദൈവത്തെ കൂടെ കണ്ടില്ലല്ലൊ എന്നു കുര്യാച്ചൻ ചോദിച്ചു. ഞാൻ പെട്ടെന്നു വിഷയം മാറ്റി. പറപ്പൂർ പള്ളി ത്രിശ്ശങ്കു സ്വർഗ്ഗത്തിൽ നിൽക്കുന്നതും, കാഞ്ഞിരപ്പള്ളിയ്കടുത്ത് ഒരു പള്ളിയുടെ മേൽക്കൂര തന്നെ കത്തിയതും, അഭിഷിക്തരുടെ തട്ടുപൊളിപ്പൻ കാര്യക്രമങ്ങളിൽ ഒന്നിലും തന്നെ ഒരാത്മാവും സഹായത്തിനെത്താത്തതുമായ നിരവധി കഥകൾ എനിക്കോർമ്മ വന്നു. എങ്കിലും കത്തോലിക്കാ സഭയേപ്പോലെ ഉറപ്പുള്ള വേറെ ആരുണ്ട് കൂടെ കൂടാൻ എന്നു ഞാൻ ചോദിച്ചു. കുര്യാച്ചൻ അതിനു പറഞ്ഞ മറുപടി മുഴുവൻ ഇവിടെ എഴുതാൻ പറ്റില്ല. രത്നച്ചുരുക്കം, അപ്പൻ തോട്ടിലെങ്കിൽ മക്കൾ കടലിലെന്നയർത്ഥത്തിൽ വരുമെന്നു വെച്ചോ. കാലിഫോർണിയായിൽ, തലേന്നും ഒരു കേരളാ മെത്രാൻ സഹായത്തിനു വന്നിരുന്നുവത്രെ. അദ്ദേഹത്തിന്റെ ആവശ്യം താമരശ്ശേരി രൂപതയിൽ മരണാസന്നരയായ ആലംബഹീനരെ സംരക്ഷിക്കാൻ ഒരു സ്ഥാപനം പ്രവർത്തിപ്പിക്കണം; അവിടുത്തെ വൈദികവിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഒരാൾക്ക് ഒരുവർഷം 500 ഡോളർ (കേരളത്തിലെ മാസക്കണക്കിൽ ആൾക്കു - 2600 രൂപാ) നിരക്കിലും പണം വേണമത്രെ. മറ്റുസ്ഥലങ്ങളിലും പോകുന്നുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞതായും കുര്യാച്ചൻ പറഞ്ഞു. കുര്യാച്ചൻ ചോദിക്കുന്നത്, പള്ളികളിൽ നിന്നു ദശാംശമായും, വിഹിതമായും, നേർച്ചയായും, സ്ഥാപനങ്ങളിൽ നിന്നു തലവരിയായും കിട്ടുന്ന പണം എന്തിനാ ഇവർ ചിലവഴിക്കുന്നതെന്നാണ്. ഇങ്ങിനെ എത്രകിട്ടിയാലും മതി വരാത്ത, 'പിരിക്കണം പിരിക്കണം, മരിക്കുവോളം' എന്നു പറഞ്ഞു നടക്കുന്ന ഇവരുടെ കീഴിൽ നാണംകെട്ടു ജീവിക്കുന്നതിനേക്കാൾ ഉചിതം, ഒറ്റക്കു നിൽക്കുകയാണെന്നാണൂ കുര്യാച്ചന്റെ അഭിപ്രായം. കോട്ടയത്തൊരു തോമസ് ചേട്ടൻ ഒരിടത്തും തെണ്ടാൻ പോകാതെ ദിവസവും അയ്യായിരത്തോളം പേരെ മൂന്നു നേരവും തീറ്റുന്നുണ്ടല്ലോയെന്നും കുര്യാച്ചൻ പറഞ്ഞു. ക്നാനായാക്കാർ അച്ചന്മാർ ഇങ്ങിനെ പള്ളിത്തെണ്ടലുമായി കറങ്ങാറില്ലെന്നും കുര്യാച്ചൻ പറഞ്ഞു. അതിനൊന്നും മറുപടി പറയാൻ എനിക്കും കഴിഞ്ഞില്ല.
സ്വന്തം മെത്രാന്മാരുടെ കാര്യം കൊണ്ടു കേരളീയർ മടുത്തിരിക്കുകയാണെന്നുള്ളതു സത്യം. ഇതുങ്ങക്കാകട്ടെ, എത്ര കേട്ടാലും നാണവുമില്ലെന്നു വെച്ചാൽ എന്താ ചെയ്ക? ഈയിടെ വെള്ളാപ്പള്ളി നടേശൻ ഇടുക്കിക്കു വിട്ട പടക്കത്തിന്റെ ശബ്ദം എല്ലാവരും കേട്ടതല്ലേ? മുഖഛായ കൊണ്ടുതന്നെ അവിടുത്തെ മെത്രാന്റെ വംശം ഏതു ജാതിയായിരുന്നെന്ന് ഊഹിച്ചു കൂടെ എന്നു ചൊദിച്ചിട്ടു മണിയാശാന്റെ കാര്യവും കൂടി സൂചിപ്പിച്ചാൽ എന്താ മനസ്സിലാക്കേണ്ടത്? എത്ര തലമുറ പിന്നോട്ടെങ്ങിനെ പോയീയെന്നു വെള്ളാപ്പള്ളി തെളിച്ചങ്ങു പറഞ്ഞുമില്ല. ഇതിലും ഭേദം ഒരെമ്മെല്ലേ നൽകിയ നിക്രുഷ്ടജീവീ കിരീടമായിരുന്നെന്ന് എനിക്കു തോന്നുന്നു. അപ്പോഴേ, അതിനു ക്ഷമപറയാൻ കെ സി ബി സി. അതിനു പവ്വർ പോരാഞ്ഞിട്ടു വേറൊരു മെത്രാൻ വെള്ളാപ്പള്ളിയുടെ വീട്ടിൽ. വടിയില്ലാതെ എണീറ്റു നിൽക്കാൻ കെൽപ്പില്ലാത്ത ഒരു മടയ ലേഖനത്തിലൂടെ, 'ഏതവനാടാ ക്ഷമ ചോദിച്ചത്. ഇടുക്കി മെത്രാൻ പറഞ്ഞതു സത്യമല്ലേ?' യെന്ന ചോദ്യവുമായി ഒരു പ്രസിദ്ധീകരണം പിന്നാലെ. കൂട്ടത്തിൽ ഒരു പഴയ മെത്രാന്റെ ആക്രോശവും കേട്ടു; ഈ ചാട്ടം കെ സി ബി സിയുടേ തന്നെ നേരെയായിരുന്നില്ലേയെന്നു സംശയിക്കുന്നവർ ധാരാളം; പക്ഷേ, ഞടുങ്ങിയതു കാഞ്ഞിരപ്പള്ളിയിലുള്ള രണ്ടാത്മാക്കളാണെന്നാണ് ജനസംസാരം. ഓട്ടോ റിക്ഷാക്കാരും, ഈഴവന്മാരും ഏതാണ്ട് അധ:കൃത ഇനത്തിൽ പെട്ടവരാണെന്നപോലൊരു സ്വരമാറ്റം വാക്കുകൾക്കില്ലായിരുന്നെങ്കിൽ സാങ്കേതികമായി ഇടുക്കി മെത്രാൻ പറഞ്ഞതു ശരിയായിരുന്നുവെന്നു വെക്കാം. (ആനിക്കുഴിക്കാട്ടിൽ മെത്രാൻ തൊടുപുഴ കോളേജിലെ ഒരത്മായാ പ്രഫസ്സർ ആയിരുന്നെങ്കിൽ കളി കാണാമായിരുന്നു). മാർത്തോമ്മായെന്നു കേട്ടാൽപോലും പാന പാടുന്ന മെത്രാന്മാരുള്ള കേരളത്തിൽ, അവർ പറയുന്നതുപോലെ ക്രിസ്ത്യാനി കുട്ടികളെ ക്രിസ്ത്യൻ സ്കൂളുകളിൽ മാത്രം വിടുന്ന രീതി മറ്റു സമുദായക്കാരും അനുവർത്തിച്ചിരുന്നെങ്കിൽ ഇവിടുത്തെ രൂപതക്കാരുടെ വരുമാനം കുത്തനേ കുറഞ്ഞേനേ. പാരമ്പര്യത്തേന്നു വിടരുതു പിതാവേ; നിങ്ങൾ ഞെളിഞ്ഞിരുന്ന് ഇന്റർവ്യൂ കൊടുക്കുന്ന ശാലോമിന്റെ എഡിറ്റർ ഈ ദുക്രാനക്കെഴുതിയതെന്താണെന്നറി യാമോ? "സ്വന്തം പാരമ്പര്യം മനസ്സിലാക്കുന്നതും അവയെ പരിപോഷിപ്പിക്കുന്നതും തെറ്റല്ല, പക്ഷേ, എന്താണ് മാർത്തോമ്മായുടെ പാരമ്പര്യം? ...... ശ്ലീഹാ തെളിച്ച വീശ്വാസത്തിന്റെ വെളിച്ചം തലമുറ തലമുറ കൈമാറാൻ നമുക്കു സാധിച്ചോ? സാധിച്ചിരുന്നെങ്കിൽ ഭാരതത്തിന്റെ സ്ഥിതി ഇങ്ങിനെ ആകുമായിരുന്നില്ല...." എന്നാണ് ഇപ്രാവശ്യ്യത്തെ ശാലോം വേൾഡിന്റെ മുഖക്കുറിപ്പ്. അവർക്കു പോലും കാര്യം മനസ്സിലായി; പിന്നെ പൊതു ജനത്തിന്റെ കാര്യം പറയണോ?
ജപ്പാൻകാർ റിക്റ്റർ സ്കെയിൽ അനങ്ങുന്നതും നോക്കി കണ്ണിളച്ചിരിക്കുന്നതുപോലെ കാക്കനാട്ട് എന്താണൂ സംഭവിക്കുന്നതെന്നു ഞാനും നോക്കാറുണ്ട്. ഇപ്പോൾ പ്രത്യാശയുടെ കിരണങ്ങൾ അവിടെ നിന്നും ഉയരുന്നതു ഞാൻ കാണുന്നു. ഇത്രയും കാലം ആലഞ്ചേരിപ്പിതാവ് മറ്റു മെത്രാന്മാരുടെ കാര്യങ്ങളിൽ ഇടപെട്ട് അവരെ ബുദ്ധിമുട്ടിപ്പിക്കുന്ന ഒരു സമ്പ്രദായം വേണ്ടാന്നു വെച്ചിരുന്നു (അങ്കമാലി നേഴ്സുമാരുടെ സമരം, കാഞ്ഞിരപ്പള്ളി ഓഡി വിവാദം എന്നിവപോലെ ചില അപവാദങ്ങൾ ഉണ്ട്). കൈരളി റ്റിവിയിൽ ഫാ. പോൾ തേലക്കാട്ട് അച്ചൻ സൂചിപ്പിച്ച, ഞങ്ങൾ എല്ലാം ചർച്ച ചെയ്യുന്നു എന്ന പ്രസ്ഥാവനയും, കാക്കനാട്ട് ആലഞ്ചേരി പിതാവ് അടുത്തിടെ സ്വീകരിച്ച ചില നടപടിക്രമങ്ങളൂം (ഇടുക്കി ക്ഷമാപണം ഉൾപ്പടെ), എടപ്പള്ളി മുറ്റത്തു ചെന്നു നിന്നു പിതാവ് പറഞ്ഞതും, മറ്റു ചിലയിടങ്ങളിൽ നിന്നു കേട്ട അപസ്വരങ്ങൾ അപ്പോൾ തന്നെ ഒതുങ്ങിയതുമെല്ലാം വെച്ചു കൂട്ടിവായിച്ചാൽ, സീറോ മലബാർ സഭ അത്മായനോടുള്ള യുദ്ധം അവസാനിപ്പിക്കാൻ നടപടികൾ എടുക്കുന്നുവെന്നു മനസ്സിലാക്കാം. ഇതു കുറേ നേരത്തെ തുടങ്ങേണ്ടതായിരുന്നു. എക്സ് പ്രീസ്റ്റ്സ് അസ്സോസിയേഷൻ അത്യാവശ്യക്കാർക്ക് വേണമെങ്കിൽ കൂദാശകളും കൊടുക്കാമെന്നു തീരുമാനിച്ചിട്ടുണ്ടെന്നു ഞാൻ നേരത്തെ ഉപായത്തിലൊന്നു കേട്ടിരുന്നു. അവരെ കളത്തിലിറക്കാതെ നോക്കാനെങ്കിലും ഇനി അങ്ങേർക്കു കഴിഞ്ഞിരുന്നെങ്കിൽ! നട്ടെല്ലു വളക്കാതെ വർത്തമാനം പറയാൻ എന്നും വല്യ പിതാവിനു കഴിയണമേയെന്നു ഞാൻ പ്രാർത്ഥിക്കുന്നു.
ഒരു മെത്രാൻ കാണിക്കുന്ന പോക്രിത്തരം, പോക്രിത്തരം തന്നെയാണെന്നു പറയാൻ തന്റേറ്റടമുള്ള അച്ചന്മാരില്ല; അതാണിവിടുത്തെ ഏറ്റവും വലിയ പ്രശ്നം. അടുത്ത മെത്രാനായി തന്നെ നോമിനേറ്റ് ചെയ്യും എന്ന പ്രത്യാശയാണ് എല്ലാവർക്കും. കാനഡായിൽ ഒരു രൂപത, ഗൾഫിൽ ഒരു രൂപത, ചന്ദ്രനിലൊരെണ്ണം അങ്ങിനെ പോവുന്നു സാദ്ധ്യതകൾ. ഇതു കൂടാതെയാണ് വാൽവിനു തകരാറുള്ള മെത്രാന്മാരിലും പെൻഷനാകാൻ ഒരുങ്ങിയിരിക്കുന്ന മെത്രാന്മാരിലും പ്രതീക്ഷവെച്ചു കഴിയുന്ന വേറൊരു വിഭാഗം. പറ്റുമെങ്കിൽ ആലഞ്ചേരി പിതാവ് ഒരുപകാരം ചെയ്യുക, പുതിയ മെത്രാന്മാരെ നിയമിക്കുന്ന കാര്യത്തിൽ അതാതു രൂപതയിലെ മെത്രാന്മാരുടെ അഭിപ്രായം കണക്കാക്കരുത്; അതുപോലെ, മെത്രാനെ പ്രഖ്യാപിക്കുന്നതിനു മുമ്പ് അയാൾ എസ് എൻ ഡി പി യാണോ ഓട്ടോക്കാരനാണോ എന്നു സൂഷ്മ പരിശോധന നടത്തുകയും വേണം. മെത്രാന്മാരെ തിരഞ്ഞെടുക്കാൻ അത്മായരെയോ അഭിഷിക്തരേയൊ ഉപയോഗിച്ചില്ലെങ്കിലും കുഴപ്പമില്ല; പക്ഷേ, ഓരോ വർഷവും അവരുടെ മികവു വിലയിരുത്തുന്ന ഒരു സംവിധാനം വേണം. എല്ലാത്തലത്തിലും ഇവരെ വിലയിരുത്തണം, നൂറിൽ അഞ്ചു മാർക്കെങ്കിലും ലഭിക്കാത്തവരെ, ഒരു രൂപത ഉണ്ടാക്കി, ഗ്രീൻലാണ്ട്, മഡഗാസ്കർ തുടങ്ങിയ സ്ഥലങ്ങളിലേക്കു തള്ളുക, മേലാൽ പുറത്തിറങ്ങരുതെന്നും പറയുക. അതുപോലെ വിദേശത്തുള്ള ഇവരുടെ തെണ്ടലിനും പരിധി നിശ്ചയിക്കുക. എ കെ സി സി (ഓൾ കേരളാ കത്തോലിക്കാ കോൺഗ്രസ്സ്) ക്ക് ആളെ കൂട്ടാൻ യൂറോപ്പിൽ മെത്രാൻ വരുന്നൂവെന്നു പറഞ്ഞാൽ എന്താ സ്ഥിതി? അതുപോലെ ഞാൻ മെത്രാന്റെ ആളാന്നു പറഞ്ഞു സോളാർ തരികിട കാണിക്കുന്ന അച്ചന്മാരെയും നിലക്കു നിർത്താൻ കഴിയണം. പാരീഷ് കൗൺസിൽ മീറ്റീംഗുകളിൽ തലസ്ഥാനത്തിരിക്കുന്നതും തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതും പാരീഷ് കൗൺസിൽ പ്രസിഡണ്ട് തന്നെ ആയിരിക്കണം.
പറയുന്നതിൽ കാര്യമുണ്ട്, കേരള മെത്രാന്മാർക്കിനി പൊതുവിൽ വീതിക്കാൻ അധികം മാനം മിച്ചമില്ല; ഉള്ളതും കൂടി വാരിക്കോരി വിതരണം ചെയ്യുന്ന ഒരു മെത്രാനെ നമുക്കിനി വേണ്ട!
റോമായിൽ കഴിഞ്ഞ വർഷം കൂടിയ പ്രത്യേക സിനഡിൽ നമ്മുടെ കൂന്തൻതൊപ്പി ദിവ്യന്മാർ വെറുതേ പോയി ഇരുന്നിട്ട് വെറുതേ പോന്നു. തല്ക്കാലം പോപ്പൊന്നും പറഞ്ഞില്ല. കഴിഞ്ഞതിന്റെ തുടർച്ചയും പൂർത്തീകരണവുമായി നടക്കുന്ന അടുത്ത സിനഡിനായി കൊടുത്തിരിക്കുന്ന home work തീർത്ത് അമേരിക്കയിലും യൂറോപ്പിലും മിക്ക ഏഷ്യൻ രാജ്യങ്ങളിലുമുള്ള മെത്രാന്മാർ സമഗ്രമായ ക്രിസ്തീയകുടുംബ റിപ്പോർട്ട് റോമായിൽ എത്തിച്ചുകഴിഞ്ഞു. ഇതുവരെ അങ്ങനെയൊരു വിഷയം ഒരിടത്തും പരാമര്ശിക്കുകപോലും ചെയ്യാത്ത ഇവിടുത്തെ ചെമ്പട വരുന്ന ഒക്ടോബറിലും റോമായ്ക്ക് പോകുന്നുണ്ടോ, അതോ പോപ്പിന്റെ വായിൽ നിന്ന് വരാൻ സാദ്ധ്യതയുള്ള നല്ല വർത്തമാനം ഭയന്ന് ഇത്തവണ പോക്ക് വേണ്ടെന്നു വയ്ക്കുമോ എന്നതിനെപ്പറ്റി ഇതുവരെ ഒന്നും പറയാറായിട്ടില്ല. അവർ അടുത്തകാലത്ത് ഒരു തീരുമാനം എടുക്കുമെന്ന് തോന്നുന്നുമില്ല. കാരണം, റോഷൻ എഴുതിയതുപോലെ ഇവ്ടിടെത്തന്നെ ഒരു കാര്യത്തിലും അവര്ക്ക് തമ്മിൽ ഒരു യോജിപ്പും ഇല്ലെന്നായിട്ടുണ്ട്. അവരുടെ കൃത്യവിലോപത്തെയും വിശ്വാസികളോട് ചെയ്യുന്ന അക്ഷന്തവ്യമായ ഉത്തരവാദിത്വക്കുറവിനെയും സൂചിപ്പിച്ച് പല നവീകരണ സംഘടനകളും തുടരെ താക്കീതു നല്കുന്നുണ്ട്. അല്മായശബ്ദത്തിന്റെയും CCV (Church Citizens' Voice) ന്റെയും ധീര വക്താവ് എന്ന നിലയിൽ ഇക്കാര്യത്തിൽ കേരളത്തിലെ മെത്രാന്മാരെ ഗുണദോഷിച്ച് ശ്രീ ജെയിംസ് കോട്ടൂർ ഇതിനകം പല കത്തുകളും അയച്ചുകഴിഞ്ഞു. തിരിച്ച് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല! എനിക്കിപ്പോൾ തോന്നുന്നത്, നാട്ടിൽനിന്ന് ഇടയ്ക്കിടെ കിട്ടുന്ന വാർത്തകളെ മാത്രം ആശ്രയിച്ച് ഗൾഫിൽ എവിടെയോ ഇരുന്നുകൊണ്ട് ഒരു മലയാളി (റോഷൻ ഫ്രാൻസിസ്) എഴുതുന്ന ഈ കുറിപ്പുകൾ നമ്മുടെ മെത്രാന്മാർ അവശ്യം വായിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിലും അവരെ പശ്ചാത്താപത്തിനും ആത്മശോധനക്കും നിര്ബന്ധിക്കാനാവും എന്നാണ്. ഒരല്മായന് അറിയാനും പറയാനുമാവുന്നതെല്ലാം ഈ റോഷൻ പറഞ്ഞുകൊണ്ടിരിക്കുന്നു. തങ്ങളെപ്പറ്റി മനുഷ്യർ എന്ത് വിചാരിക്കുന്നു എന്നതിന് അവര്ക്ക് ഇതിൽക്കവിഞ്ഞ ഒരു പാഠം കിട്ടാൻ പോകുന്നില്ല എന്നതുകൊണ്ട് ശ്രീ കോട്ടൂർ ഇക്കാര്യം ഗൌരവമായി എടുക്കണം. അല്ലെങ്കിൽ, ചുരുങ്ങിയത് ഇന്ത്യയിലെ മെത്രാന്മാരുടെ ഇമെയിൽ ഐഡികൾ റോഷന് കൊടുക്കുകയെങ്കിലും ചെയ്യുക. എന്താന്നു വച്ചാൽ അങ്ങേരു ചെയ്യട്ടെ. അതല്ലെങ്കിൽ ഒറ്റയടിക്ക് എല്ലാ ഇന്ത്യൻ മെത്രാന്മാരുടെയും തൊപ്പി തെറിപ്പിക്കുന്ന ഒരൈറ്റം അടുത്ത സിനഡിൽ പോപ്പിന് നടത്തേണ്ടിവരും. അതുണ്ടായാൽ, ഇവിടുത്തെ അല്മായരെ സംബന്ധിച്ച്, 2015 ദൈവാനുഗ്രഹവർഷമായിരിക്കും!
ReplyDeleteLet Roshan's friend Kuriachen and his fellow Knanites rejoice and say hallelujah. True as he said that Mr. Angadiath is afraid of the Knanaya Community. Him and Mar Alencherry are more than willing to accommodate all their racist demands. The latest was to accomodate exclusive retreats for Knanaya youths to prevent them from mingling with other Catholic youths in USA. Next step a fathwa from the fundamentalists to home school our children.
ReplyDeleteഏതു രാഷ്ട്രീയ നേതാവിനും അവന്റെ അധികാരത്തിനൊരു 'ടൈം ലിമിറ്റ്' ഉണ്ടെന്നാല്‍, ളോഹയില്‍ കയറിപറ്റിയവനോ മൂക്കില്‍ പഞ്ഞി വയ്ക്കുംവരെയാണ്! ആയിരം രോഷന്മാര്‍ രോഷം കൊണ്ടാലും "ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കാണ്ട " മോനെ , എന്നമട്ടില്‍ ഈ ഭൂമിയിലെ 'വാഴ്ത്തപ്പെട്ട പിതാക്കന്മാര്‍' അവരുടെ ദൈവനിഷേധം തുടരുകതന്നെ ചെയ്യും, "ക്രിസ്തുവിനെ എനിക്കറിയുകയെ വേണ്ടാ,അവനെ ശാപ്പിട്ടാല്‍ മതി "എന്ന് ചിന്തിക്കുന്ന പ്രാകൃത അജഗണങ്ങള്‍ പള്ളികളില്‍ പര്യടനം നടത്തുവോളം ! എങ്കിലും അണ്ണാന്‍കുഞ്ഞും തന്നാലായതുപോലെ നമുക്കുമിത് തുടരാം ..റോഷനെ,ബ്യൂട്ടിഫുല്‍ !!
ReplyDelete