Translate

Wednesday, June 17, 2015

ഒന്നിനുപകരം മറ്റൊന്ന്

ഒന്നിന്റെയഭാവത്തിൽ തത്സ്ഥാനത്ത് മറ്റൊന്ന് ഭവിക്കുന്നു. ഒന്ന് ക്ഷയിക്കുന്നിടത്ത് മറ്റൊന്ന് ശക്തിയാർജ്ജിക്കുന്നു. കണ്ണില്ലാത്തവന് മറ്റൊരിന്ദ്രിയം കൂടുതൽ പ്രവര്ത്തനക്ഷമമാകുന്നു. യുക്തിയെ വരുതിക്കു നിറുത്തുമ്പോഴാണ് അനുഭൂതി ശക്തമാകുന്നത്.
അകലെയുള്ളവയെ ലഭ്യമാക്കാൻ അടുത്തുള്ളവയെ ത്യജിക്കേണ്ടിവരാം. അഹമുയർന്നാൽ അപരൻ താഴ്ത്തപ്പെടും. വാച്യാർഥങ്ങളിൽ കടിച്ചുതൂങ്ങിയാൽ അന്തരാർഥങ്ങൾ മങ്ങും. വാക്കുകളുടെയാധിക്യം കാര്യഗ്രഹണത്തെ ഹനിക്കും.

സുന്ദരേശ്വരൻ (ശിവൻ), മീനാക്ഷി (പാർവതി) എന്നീ ദേവതകൾക്കായി നിർമിച്ച മധുര മീനാക്ഷിയമ്പലത്തിന്റെ രൂപഭംഗിയും അതിനകവും പുറവും പൊതിഞ്ഞുള്ള പതിനായിരക്കണക്കിന് അതിപുരാതന കൊത്തുപണികളും ശ്രദ്ധിച്ചാൽ അന്തംവിട്ടു നിന്നുപോകും. എത്ര കൃതകൃത്യത! അതിപുരാതനമായ ഈ ക്ഷേത്രം പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഡൽഹിയിലെ കിൽജി രാജവംശം മൊത്തത്തിൽ തകർത്തുകളഞ്ഞെങ്കിലും പതിനാറാം നൂറ്റാണ്ടിൽ തുടങ്ങി നൂറു വർഷംകൊണ്ട് പൂർവസ്ഥിതിയിൽതന്നെ അമ്പലത്തിന്റെ പുനർസൃഷ്ടി നടത്തിയത് വിജയനഗർ രാജവംശത്തിന്റെ പിൻഗാമികളാണ്. ഇന്ന് ലഭ്യമായ എല്ലാ യന്ത്രവൈദദ്ധ്യവും ഉപയോഗിച്ചാലും ഇനി അങ്ങനെയൊന്ന് സൃഷ്ടിക്കാനാവില്ല. ശാസ്ത്രസങ്കീർണ്ണത കൂടുന്തോറും പണിയിലെ മേന്മ കൂടണമെന്നില്ല, പ്രത്യേകിച്ച് സൗന്ദര്യത്തിന്റെ അളവിൽ. ഇന്ന് മനുഷ്യന്റെ കണ്ണുകളുടെ ശക്തിയും കഴിവുമെന്നതുപൊലെ കരവിരുതും വളരെ കുറഞ്ഞുപോയിട്ടുണ്ട്. എന്റെ വല്യപ്പനും അപ്പനും തോക്കുണ്ടായിരുന്നു. പൊട്ടാസും വെടിമരുന്നും തനിയെ ഉരുട്ടിയെടുക്കുന്ന ഈയത്തിന്റെ ഉണ്ടകളുമൊക്കെ സൂക്ഷിക്കാൻ ചിരട്ടകൊണ്ടും തടികൊണ്ടും അവർ കടഞ്ഞെടുക്കുന്ന കുഞ്ഞു കുടുക്കകളും കലയോടെ ചെത്തിമിനുക്കിയ അവയുടെ അടപ്പുകളും എന്നെ വളരെയാകർഷിച്ചിരുന്നു. തടികൊണ്ട് അതുമിതുമൊക്കെ കടഞ്ഞെടുക്കുക എനിക്കും ഒരു ഹരമായിത്തീർന്നു. ഒരു കമ്പും കത്തിയും എപ്പോഴും ഞാൻ കൊണ്ടുനടന്നിരുന്നു.

ഐ.ക്യു.കൊണ്ട് മാത്രമളക്കാവുന്നവയല്ല മനുഷ്യന്റെ കഴിവുകൾ. eq (emotional quotient), sq (spiritual quotient), dq (digital quotient) തുടങ്ങി മറ്റു പല ബുദ്ധിമാപിനികളും ഉപയോഗിച്ചാലേ മനുഷ്യബുദ്ധിയുടെ വർണ്ണരാജികളെല്ലാം ഉൾപ്പെടുകയുള്ളൂ. Howard Gardner 1983ൽ എഴുതിയ The Frames of Mind (The theory of multiple intelligence) എന്ന കൃതിയിൽ മനുഷ്യബുദ്ധിയുടെ വ്യത്യസ്തമായ ചായ്വുകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മുകളിൽ പറഞ്ഞവ കൂടാതെ ഗണിതയുക്തിപരം, സംഗീതപരം, സ്ഥലപരം, വ്യക്തിബന്ധപരം, അസ്തിത്വപരം, പ്രകൃതിപരം തുടങ്ങിയ കഴിവുകളിൽ മുന്തിയവർ സാധാരണ ഐ.ക്യു.ടെസ്റ്റിൽ വളരെ പിന്നാക്കമായിരിക്കും. അതിൽ യാതൊരു കഥയുമില്ലെന്നാണ് ഗാർഡ്നർ സമർഥിക്കുന്നത്. പരമ്പരാഗതമായ അളവുകോലുകൾ വച്ച് മനുഷ്യനെ വിലയിരുത്തുമ്പോൾ പ്രകൃത്യാലുള്ള കഴിവുകൾ തഴയപ്പെടുകയും ഇന്ത്യയിലെ ജാതിവ്യവസ്ഥയിൽ കീഴാളജനതയുടെ ബുദ്ധിശേഷികൾ നിഷേധിക്കപ്പെട്ടതുപോലുള്ള നീതിരാഹിത്യങ്ങൾ നടക്കുകയും ചെയ്യും. അങ്ങനെ വളരെയധികം പ്രതിഭകൾ ശൈശവത്തിൽ തന്നെ കൊല്ലപ്പെടുന്നു.

ഉപയോഗം കുറയുന്തോറും ഇന്ദ്രിയങ്ങളുടെ ശക്തി കുറഞ്ഞുപോകും. ഏതു കഴിവിന്റെ കാര്യത്തിലും ഇതാണ് ഗതി. സൗന്ദര്യത്തെ അന്വേഷിക്കുന്നവർ അത് കൂടുതൽ കണ്ടെത്തുന്നു. വിരക്തി ശീലിക്കുന്തോറും അതിനോടുള്ള പ്രതിപത്തി എറിവരും. ആഗ്രഹങ്ങൾ സാധിച്ചെടുക്കുന്തോറും ആക്രാന്തം വര്ദ്ധിക്കുകയേ ഉള്ളൂ. വൃത്തിയായിട്ടെഴുതുന്തോറും അക്ഷരഭംഗി കൂടിക്കൊണ്ടിരിക്കും. ശ്രദ്ധ ചെലുത്തണം, പറയുമ്പോഴും എഴുതുമ്പോഴും രണ്ടുതവണ ആലോചിക്കണം എന്നുള്ള സദുപദേശം തന്നുകൊണ്ടിരിക്കാൻ ഒരാളുണ്ടായത് എത്രയോ വലിയ ഒരു ഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു. ഇഷ്ടം വിലയ്ക്കുന്ന ഒരു കാരുണ്യമായിരുന്നു അത്. ഈ കുറിപ്പ് ആ ഓർമക്കുവേണ്ടിയാണ്.

2 comments:

  1. ശ്രി സാക്കിന്റെ സൂഷ്മമായ നിരീക്ഷണം അഭിനന്ദനം അർഹിക്കുന്നു. ഇന്ദ്രിയങ്ങളുടെ ശേഷിയേപ്പറ്റി സാക്കിന്റെ നിഗമനത്തിൽ തന്നെയാണൂ ഞാനും എത്തിയിട്ടുള്ളതെന്നു പറയാം. ഓരോ വ്യ്ക്തിയും ഇവിടെ ജനിക്കുന്നത് ഒരു നിശ്ചിത യൂണിറ്റ് താലന്തുകളുമായാണെന്നാണ് എന്റെ വിലയിരുത്തൽ. അത് എന്റെ ഒരു നിഗമനമായി മാത്രം കണ്ടാൽ മതി. പക്ഷെ, ഇതിനേ പിന്തുണക്കുന്നതാണ് മന:ശാസ്ത്രജ്നന്മാരുടെ ഗവേഷണ ഫലങ്ങളം എന്നതു ശ്രദ്ധിക്കാതിരിക്കുന്നത് ശരിയാവില്ല. അവർ പറയുന്നത് അൻപത്തിരണ്ടോളം സിദ്ധികളിൽ അതുല്യ വിജയസാധ്യതകളൂള്ള രണ്ടു മൂന്നു കഴിവുകളെങ്കിലും മുമ്പിലില്ലാതെ ആരും ഇവിടെ ജനിക്കുന്നേയില്ലായെന്നു തന്നെ.

    ഒരാൾക്ക് 20 യൂണിറ്റ് കഴിവു വീതം പ്രകൃതി കൊടുക്കുന്നുവെന്നു കരുതുക. അത്, ഈ അൻപത്തിനാലു സിദ്ധികളിൽ ഏതെങ്കിലും ഒന്നിലോ മൂന്നിലോ അൽപ്പം കൂടുതലായി ആവാം, എല്ലാത്തിനും ഏകദേശം അര യൂണിറ്റ് വെച്ചും ആവാം. ഇങ്ങിനെ കഴിവു വിഭജിക്കപ്പെടുമ്പോൾ ചിലപ്പോൾ ചില ഇന്ദ്രിയങ്ങളൂടേ പ്രവർത്തനത്തിനു വേണ്ടത്ര കിട്ടിയില്ലെന്നിരിക്കും ചിലതിനു കൂടുതൽ കിട്ടിയെന്നിരിക്കും. ഇത്, ഒരാൾ എന്തൊരു കർമ്മം നിശ്ചയിച്ചാണോ ഭൂമിയിൽ ജാതനാവുന്നതെന്നതിനേയും ആശ്രയിച്ചിരിക്കും. ഇവിടെ ജനിക്കുന്ന ഏതൊരാളും ഇല്ലാത്തതിനേ ഓർത്തു വിഷമിക്കാതെ ഉള്ളതു കണ്ടെത്തുക എന്നു പറയുന്നത് അർത്ഥവത്തുള്ള ഉപദേശം തന്നെ.

    പ്രകൃതി ഒരുക്കിയിരിക്കുന്ന സന്തുലിതാവത്ക്രണം, ഭൗമിക/പ്രാപഞ്ചിക, മാനസിക, ഭൗതിക മേഖലകളിൽ എല്ലാം ഉണ്ട്. ഭൂമിയിൽ മനുഷ്യനായി നടത്തുന്ന ഏതെങ്കിലും നശീകരണ പ്രവർത്തനങ്ങൾ ഭൂമിയെ ബാധിക്കാതെ പ്രകൃതി പ്രതിപ്രവർത്തനം നടത്തുന്നുവെന്നു നമുക്കറിയാം. അതുപോലെ തന്നെയാണൂ മനസ്സിനുള്ളിലും പ്രകൃതി പ്രവർത്തിക്കുന്നത്. ഒബാമാക്കൊ, റ്റാറ്റാക്കോ, ഒക്കെ ലഭിക്കുന്ന മാനസിക സംത്രുപ്തി തന്നെ ഒന്നുമില്ലാത്തവനും ലഭിക്കും. ആദ്യത്തെ കൂട്ടർ ഒന്നു ചിരിക്കണമെങ്കിൽ ഒരു ലക്ഷം കോടി മൂല്യമുള്ള എന്തെങ്കിലും വേണമെങ്കിൽ, ഒന്നുമില്ലാത്തവനു വീശന്നുവലയുമ്പോൾ കിട്ടുന്ന ഒരു തട്ടു ദോശ മതിയായിരിക്കാം. രണ്ടു പേർക്കും കിട്ടുന്ന സംതൃപ്തിയുടെ തോത് ഒന്നു തന്നെയാവുന്ന ഒരു അവസ്ഥ ഉണ്ടെന്നു സ്പഷ്ടം. ശാരീരിക തലത്തിൽ പ്രക്രുതി ഒരുക്കിയിരിക്കുന്ന ക്രമീകരണം ആരുടെയും കണ്ണു തള്ളിക്കും. ഒന്നു പ്രസവിക്കാൻ ആശൂപത്രി നിർബന്ധം എന്നു കരുതുന്ന ഇന്നത്തെ തലമുറ അറിയുന്നുണ്ടോ ആശൂപത്രികൾ ഇല്ലാതെ ഇവിടെ ജനിച്ച ദശലക്ഷക്കണക്കിനു ജനങ്ങളുടെ കണക്ക്?
    ക്യാൻസർ വരുത്തുന്ന കാര്യങ്ങളെപ്പറ്റി പറയുന്നു, ഇതു വകവെയ്ക്കാതെ ജീവിക്കുന്ന എത്രയോ പേർക്ക് ക്യാൻസർ ഉണ്ടാകുന്നില്ല. തമിൾനാട്ടിൽ നിന്നു മാരക വിഷം അടിച്ചാണ് ഇവിടെ പച്ചക്കറിവരുന്നതെന്നു പറയുന്നു; പക്ഷേ, ഇതു കഴിക്കുന്ന എല്ലാവരും മരിക്കുന്നില്ലല്ലോ? അറിഞ്ഞൊ അറിയാതെയോ നാം ഭൗതിക ലോകത്തു വിധേയപ്പെടുന്ന മാരകമായ സ്ഥിതികളിൽ നിന്നു പോലും നമ്മെ പരിപാലിക്കുന്ന ഒരു പ്രപഞ്ചം നമുക്കു ചുറ്റുമുണ്ട്. ആ ശക്തിയിലുള്ള വിശ്വസം ഇല്ലാതെ ഭയത്തിന്റെ താഴ്ന്ന തലങ്ങളിലേക്കു മനസ്സിനെ ചവുട്ടി താഴ്ത്തി നാം സ്വയം ഏറ്റു വാങ്ങുന്ന ശിക്ഷക്കു നാം തന്നെയാണ് ഉത്തരവാദി.
    ഏതൊരു സിദ്ധിയേയാണൊ നാം ആഗ്രഹിക്കുന്നത് അതു വേണ്ടത്ര ലഭ്യമാക്കാൻ എന്തു ചെയ്യണമെന്നു സാക്ക് യുക്തി സഹമായി ചൂണ്ടിക്കാണീച്ചിരിക്കുന്നു. നാം അവ ആഗ്രഹിച്ചാൽ മാത്രം മതി. "മുട്ടുവിൻ തുറക്കപ്പെടും." ഒന്നു ശ്രദ്ധിച്ചാൽ ബൈബിൾ ഒരു സമ്പൂർണ്ണ ശാസ്ത്ര ഗ്രന്ധമാണെന്നു മനസ്സിലാകും. ഇതിഹാസങ്ങളേപ്പോലെ ഗഹനമൊ അപ്രാപ്യമൊ അല്ലാത്ത ഒരു ജീവിത സഹായി. നമുക്കളക്കാൻ അളവുകോലുകൾ ധാരാളം ഉണ്ട്; പക്ഷെ, പ്രക്രുതിയുടെ സിദ്ധി വൈഭവത്തെ മനസ്സിലാക്കാൻ ഒരു മീറ്ററും നമ്മുടെ കൈയ്യിലില്ല!

    ReplyDelete
  2. dear zac and joseph mattappally,നിങ്ങളുടെ നാലിലൊന്ന് വിവരം ഈ വിവരംകെട്ട പാതിരിപ്പടയില്‍ ഒരാള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഈശോയ്ക്ക് എത്ര ആശ്വാസമായിരുന്നു ?! എന്ന് ഞാന്‍ പറഞ്ഞെങ്കിലും വാശിക്കൊന്നും കേറി ളോഹക്കൂട്ടില്‍ കയറിക്കളയല്ലേ,കത്തനാരായാല്‍ സുഖിച്ചു വാഴാമെന്നോര്‍ത്തു...beautiful thoughts! thanks for sharing...

    ReplyDelete