Translate

Friday, June 5, 2015

സ്വര്‍ഗ്ഗവാതില്‍ തുറന്നു!

സത്യജ്വാല 2015 മെയ് ലക്കത്തില്‍നിന്ന്

ജോസഫ് പുലിക്കുന്നേല്‍

(1990 ഏപ്രില്‍, ലക്കം 'ഓശാന'യില്‍, ക്‌നാനായ ശുദ്ധരക്തവാദത്തെക്കുറിച്ചുവന്ന  ആക്ഷേപഹാസ്യം)


പീലിച്ചേട്ടന്‍ കാവല്‍മാലാഖയാല്‍ അനു ഗമിക്കപ്പെട്ട് സ്വര്‍ഗ്ഗകവാടത്തിലെത്തി. മരണം കഴിഞ്ഞപ്പോള്‍ത്തന്നെ തനതുവിധി നടത്തി സ്വര്‍ഗ്ഗത്തിലേക്കുള്ള വിസായും സംഘടിപ്പിച്ചുകൊണ്ടായിരുന്നു പീലിച്ചേട്ടന്റെ ആഗമനം. സ്വര്‍ഗ്ഗത്തിന്റെ വലിയ വാതില്‍ക്കല്‍ പത്രോസ് ശ്ലീഹാ ഗൗരവത്തോടുകൂടി ഇരിക്കുന്നു. മാലാഖ വിസാകള്‍ പരിശോധിച്ച് ഓരോരുത്തരെ സ്വര്‍ഗ്ഗത്തിലേയ്ക്ക് കടത്തിവിടുന്നു. പീലിച്ചേട്ടന്റെ ഊഴമായി. മാലാഖ പീലിച്ചേട്ടന്റെ പാസ്‌പോര്‍ട്ടും വിസായും സമഗ്രമായി പരിശോധിച്ചു. അവ തിരിച്ചുകൊടുത്തതിനുശേഷം പീലിച്ചേട്ടനോട് ഉപദേശിച്ചു:
''നിങ്ങള്‍ക്ക് ഇവിടെയല്ല പ്രവേശനം. വടക്കോട്ടുപോയാല്‍ അവിടെ 'സീറോ-മലബാര്‍' എന്നെഴുതിയ ഒരു ഗെയിറ്റ് കാണാം. അതിലേയാണ് നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിക്കേണ്ടത്.''
പീലിച്ചേട്ടന്‍ പാസ്‌പോര്‍ട്ടും വിസായും കക്ഷത്തില്‍ വച്ചുകൊണ്ട് വടക്കോട്ടു നടന്നു. അവിടെ 'ക്‌നാനായ' എന്നെഴുതിയ പുതിയതായി പണിത ഒരു ചെറിയ ഗേറ്റ് കണ്ടു. ആ ഗെയിറ്റിന്റെ വാതില്ക്കല്‍ തന്റെ പഴയ സുഹൃത്ത് എസ്തപ്പാന്‍ കുത്തിയിരിക്കുന്നു.
പീലിച്ചേട്ടന്റെ പൂര്‍വ്വതറവാട് കേരളത്തില്‍ മാഞ്ഞൂര്‍ എന്ന പ്രദേശത്തായിരുന്നു. തെക്കുംഭാഗക്കാരായ എസ്തപ്പാനും പീലിയും ഒരുമിച്ചാണ് പള്ളിക്കൂടത്തില്‍ പഠിച്ചത്. അല്ലറ ചില്ലറ കൃഷിയുമൊക്കെയായി കഴിയുമ്പോഴാണ് മൂത്തമകന് ബോംബേയില്‍ ഒരെണ്ണക്കമ്പനിയില്‍ തരക്കേടില്ലാത്ത ഒരു ജോലി കിട്ടിയത്. അങ്ങനെ പീലിച്ചേട്ടന്‍ തന്റെ വസ്തുവകകളെല്ലാം വിറ്റ് ബോംബേയിലേക്കു കുടിയേറിപ്പാര്‍ത്തു. അവിടെ അടുത്തുള്ള ലത്തീന്‍ പള്ളിയില്‍ എല്ലാ ദിവസവും കുര്‍ബാന കാണുകയും എല്ലാ ശനിയാഴ്ചകളിലും നോവേന കൂടുകയും എല്ലാ വെള്ളിയാഴ്ചകളിലും കുര്‍ബാന കൈക്കൊള്ളുകയും മാതാവിന്റെയും വി. യൗസേപ്പു പിതാവിന്റെയും വണക്കമാസങ്ങള്‍ ഭക്തിപൂര്‍വ്വം ആചരിക്കുകയും ചെയ്തുപോന്നു. തന്റെ പൂര്‍വ്വകാലസുഹൃത്തായ എസ്തപ്പാനെ കണ്ടപ്പോള്‍ പീലിച്ചേട്ടന് എന്തെന്നില്ലാത്ത ആഹ്ലാദം. പീലിച്ചേട്ടന്‍ ചോദിച്ചു.
''എന്താ എസ്തപ്പാനേ നീ ഇവിടെയിരിക്കുന്നത്?'' എസ്തപ്പാന്‍ പറഞ്ഞു: ''കാര്യം കുഴങ്ങിയെന്നാ തോന്നുന്നെ.''
''ഉം എന്തു പറ്റി?'' - പീലിച്ചേട്ടന്‍ തിരിച്ചു ചോദിച്ചു.
''മരണശേഷം തനതുവിധി കഴിഞ്ഞ് മാലാഖ സ്വര്‍ഗ്ഗത്തിലേക്കുള്ള പാസ്‌പോര്‍ട്ടും വിസായും തന്നു. ഇതാ അവിടെ ചെന്നപ്പോള്‍ ക്‌നാനായക്കാരായ ഞങ്ങള്‍ക്ക് ക്‌നാനായ ഗെയിറ്റിലൂടെയേ സ്വര്‍ഗ്ഗപ്രവേശനം ഉള്ളൂ എന്ന് പറഞ്ഞതനുസരിച്ച് ഇവിടെ വന്നതാണ്. അപ്പോഴും ഒരു കുഴപ്പം.''
''എന്തു കുഴപ്പം?''
'' ഈ ഗെയിറ്റില്‍ക്കൂടി കടക്കണമെങ്കില്‍ എന്റെ രക്തം പരിശോധിച്ച് ക്‌നാനായരക്തം തന്നെയാണോ എന്നു തീര്‍ച്ചപ്പെടുത്തണം. അതിന് ഭൂമിയില്‍ ചെന്ന് എന്റെ രക്തം എടുത്ത് ശരിക്കു പരിശോധിച്ചതിനുശേഷമേ ഈ ഗെയിറ്റില്‍ക്കൂടി കടത്തിവിടൂ എന്നാണു കേട്ടത്.''
''എസ്തപ്പാന്റെ അപ്പനപ്പൂപ്പന്മാരായി ക്‌നാനായക്കാരാണല്ലോ. ഇപ്പോഴെന്താ സംശയം?''
''എന്തു പറയാനാ എന്റെ പീലീ. ഇപ്പോ നിയമം അങ്ങനാപോലും. എന്റെ അപ്പനപ്പൂപ്പന്മാര്‍ 1500 കൊല്ലമായി കേരളത്തില്‍ ജീവിക്കയായിരുന്ന
ല്ലോ. അപ്പോള്‍ വല്ല കലര്‍പ്പും ചെന്നിട്ടുണ്ടോ എന്നാണ് സംശയം. ഏതായാലും ടെസ്റ്റ് കഴിയുന്നതുവരെ ഇവിടെയിരിക്കാനാണ് മാലാഖ പറഞ്ഞത്.''
സ്വര്‍ഗ്ഗത്തില്‍ കയറാനുള്ള ധൃതിയില്‍ എസ്തപ്പാനെ വിട്ട് പീലി മുന്നോട്ടു നീങ്ങി. അവിടെ ഒരു പുത്തന്‍ ഗെയിറ്റ് പണി തീര്‍ത്തിട്ടുണ്ട്. ഗെയിറ്റിന്റെ മുകളില്‍ 'സീറോ-മലബാര്‍്' എന്ന് മലയാളത്തിലും സുറിയാനിയിലും എഴുതിവച്ചിരിക്കുന്നു. മുകളില്‍ ഒരു മാര്‍ത്തോമ്മാ കുരിശും. ഭാഗ്യം. അവിടെ ക്യൂ ഒന്നുമില്ല. വിജനം. ചെന്നപാടെ പാസ്‌പോര്‍ട്ടും വിസായും മാലാഖയെ ഏല്‍പിച്ചു. മാലാഖ അവ സമഗ്രമായി പരിശോധിച്ചു. എന്നിട്ട് ഗൗരവത്തില്‍ പറഞ്ഞു.
''എന്തൂട്ടാ അപ്പാപ്പാ, ഇതിലേ കയറാന്‍ പറ്റൂല്ല.''
പീലി ചോദിച്ചു, 'അതെന്താ?''
മാലാഖ തുടര്‍ന്നു: ''എന്തനുഭവമാണ് അപ്പാപ്പനുള്ളത്?''
മാലാഖ ചോദിച്ചതു പീലിച്ചേട്ടനു മനസ്സിലായില്ല. പീലിച്ചേട്ടന്റെ കണ്ണു നിറഞ്ഞു.
മാലാഖ വീണ്ടും ചോദിച്ചു. ''നിങ്ങള്‍ക്ക് പത്രോസിന്റെ അനുഭവമാണോ, മാര്‍ത്തോമ്മായുടെ അനുഭവമാണോ ഉള്ളത്?''
പീലിച്ചേട്ടനു ഭാഷ മനസ്സിലായില്ല. എങ്കിലും പറഞ്ഞു.
''എനിക്കു ക്രിസ്തുവിന്റെ അനുഭവമാണുള്ളത്.''
മാലാഖ തുടര്‍ന്നു: ''അതു പറ്റൂല. മാര്‍ത്തോമ്മയുടെ അനുഭവമുള്ളവരെമാത്രമേ ഈ വഴിയില്‍ പ്രവേശിപ്പിക്കുകയുള്ളൂ. നിങ്ങളുടെ റിക്കാര്‍ഡില്‍ നിങ്ങള്‍ ലത്തീന്‍ പള്ളിയില്‍ കുര്‍ബാന കണ്ടെന്നും ബോംബേയിലെ ലത്തീന്‍ പള്ളിയില്‍ അടക്കിയെന്നുമാണ്. ഇവിടെ പ്രവേശിക്കണമെങ്കില്‍ മാര്‍ത്തോമ്മായുടെ അനുഭവവും സഭാത്മകതയും ആവശ്യമാണ്. നിങ്ങള്‍ക്കതില്ല.''
പീലിച്ചേട്ടന്‍ നിലവിളിച്ചു. ''എന്റെ കര്‍ത്താവേ''
മാലാഖ പറഞ്ഞു: ''കര്‍ത്താവും കിര്‍ത്താവുമൊന്നും രക്ഷിക്കാന്‍ ഇവിടെയില്ല. ഇവിടെയിരിക്കുന്നത് മാര്‍ത്തോമ്മായുടെ അനുഭവമാണ്.'' മാലാഖ ഗെയിറ്റ് വലിച്ചുപൂട്ടി.
പീലിച്ചേട്ടന്‍ തിരിച്ചുനടന്നു. ക്‌നാനായ ഗെയിറ്റിന്റെ മുമ്പില്‍ എസ്തപ്പാന്‍ കരഞ്ഞു കൊണ്ട് നില്‍ക്കുന്നു. ''എന്തുപറ്റി എസ്തപ്പാ നെ?'' - പീലിച്ചേട്ടന്‍ ചോദിച്ചു.
''എന്തോന്നു പറയാനാ എന്റെ പീലീ എന്റെ രക്തത്തില്‍ തൊണ്ണൂറു ശതമാനമേ ക്‌നാനായ രക്തമുള്ളൂ എന്നു കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. എട്ടു തലമുറയ്ക്കുമുമ്പ് ഏതോ ഒരു വല്യപ്പൂപ്പന്‍ ക്‌നാനായക്കാരിയല്ലാത്ത ഒരു സ്ത്രീയെ കല്യാണം കഴിച്ചുപോലും. അതുകൊണ്ട് എന്റെ രക്തത്തിനു ശുദ്ധിയില്ല!! ഈ ഗെയിറ്റില്‍ക്കൂടി അവര്‍ കടത്തുകയില്ല.''
പീലിച്ചേട്ടന് അരിശം വന്നു. രണ്ടുപേരും ശോകമൂകരായി കെട്ടിപ്പിടിച്ചിരുന്നു കരഞ്ഞു.
ഫോണ്‍: 9447196214

No comments:

Post a Comment