Translate

Sunday, March 27, 2016

ഈസ്റ്റർ മൂട്ടകൾ

കത്തോലിക്കാ സഭക്കു പ്രത്യേകിച്ച് രാഷ്ട്രീയ താൽപ്പര്യക്കാരില്ലെന്നും, വിശ്വാസിക്കിഷ്ടമുള്ളവർക്ക് വോട്ടു ചെയ്യാമെന്നും സഭയുടെ മേജർ ആർച്ച് ബിഷപ്പ് പറഞ്ഞതായി പല മാധ്യമങ്ങളിലും വന്നു. സർവ്വ ബഹുമാനത്തോടും കൂടി ഞാനൊന്നു ചോദിച്ചോട്ടെ മേജർ തിരുമേനി, ഈ ഇടുക്കി, തൃശ്ശൂർ, താമരശ്ശേരി, കാഞ്ഞിരപ്പള്ളി ........ തുടങ്ങിയ രൂപതകളൊന്നും സീറോ മലബാറല്ലേ? കഴിഞ്ഞ തിരഞ്ഞെടുപ്പിനും ഇതു തന്നെയായിരുന്നോ താങ്കൾ പറഞ്ഞത്? കുറെപ്പേർക്ക് അനുഭവത്തിൽ നിന്നു ബോധം വീണുവെന്നു കരുതാം. പക്ഷെ, കാഞ്ഞിരപ്പള്ളിയിൽ ഇതു യാതൊരു ചലനവും സൃഷ്ടിച്ചില്ലെന്നാണ് പ്രഥമദൃഷ്ട്യാ എനിക്കു തോന്നുന്നത്. ഓശാന ഞായറാഴ്ച അവിടെ ഫ്രാൻസിസ് ജോർജ്ജോ കൂട്ടുകാരോ ഒക്കെ വന്നിരുന്നെന്നു പല പത്രങ്ങളിലും കണ്ടു. ഇതിനെപ്പറ്റി ആരെങ്കിലും അന്വേഷിക്കണം, സംഭവം സത്യമാണെങ്കിൽ അന്യ രൂപതകളിൽ നിന്നും അവിടെ വന്ന അത്മായരുടെ പേരിൽ നടപടിയും എടുക്കണം. നാട്ടുകാരു പിരിവെടുത്തു പണിത അരമനകൾ കെ എം മാണിക്കിട്ടോ പി സി ജോർജ്ജിനിട്ടോ പാര പണിയാനോ, ബി ജെ പി യുടെ അക്കൗണ്ട് തുറക്കാനോ, പിണറായിയെ മുഖ്യമന്ത്രി ആക്കാനോ വേണ്ടിയുള്ള ചർച്ചകൾക്കുള്ളതല്ലെന്നു സർവ്വ മെത്രാന്മാരും അറിയാൻ വേണ്ടി ഞാൻ പറയുന്നു. അങ്ങിനെയുള്ള പണി തൊട്ടടുത്ത ഹോട്ടലിലോ പാർട്ടി ഓഫീസുകളിലോ പോയിരുന്നു ചെയ്യുക. ഇതെന്താ നാഥനില്ലാത്ത കളരിയോ? 

മിശ്രവിവാഹങ്ങളിൽ ക്രിസ്ത്യാനിയുടെ ഇണയെ അവരവരുടെ മതങ്ങൾ മാറാതെ പള്ളിയിൽ കെട്ടിക്കാൻ സഹായിക്കുന്ന ചില വകുപ്പുകൾ കാനോനിലുണ്ട്, ഇരിഞ്ഞാലക്കുട പിതാവ് സദയം അത് ഊരകംകാരാൻ ബെന്നിക്കു പറഞ്ഞു കൊടുത്ത് അവരുടെ പ്രശ്നം തീർക്കുക. വെറുതെ എന്തിനാ ഈ സോഷ്യൽ മീഡീയായിൽ വേണ്ടാത്ത പ്രശ്നങ്ങൾ കൊണ്ടുവന്നലക്കുന്നത്. ഇങ്ങിനെയുള്ള ഇവിടെ നടന്ന മുഴുവൻ കല്യാണങ്ങളുടേയും കണക്കെടുക്കാൻ സോഷ്യൽ മീഡിയാക്ക് ഒരൊറ്റ ദിവസം മതി. പിണറായി വിജയൻ മുഖ്യ മന്ത്രിയായാൽ ഈ ബ്ലോഗ്ഗുകാരെ മുഴുവൻ വറക്കാം എന്നായിരിക്കാം ചില മെത്രാന്മാർ കരുതിയിരിക്കുന്നത് (ആഞ്ഞുള്ള പിടുത്തം കണ്ടാൽ അതാർക്കും തോന്നും). ഈ പെസഹാക്ക് ഒരു സ്ത്രീയുടെ കാലു കഴുകിയ വികാരിയച്ചനോടു സഭ വിശദീകരണം ചോദിച്ചെന്നും പത്രങ്ങളിൽ ഞാൻ കണ്ടു. അച്ചൻ പറഞ്ഞ മറുപടി കേട്ടല്ലോ! ഞാൻ തിരുസഭയുടെ തലവൻ പറഞ്ഞതാ ചെയ്തതെന്നു തന്നെയാ ആ അച്ചൻ പറഞ്ഞത്. ദിവസവും തിരുസ്സഭയോട് ഐക്യധാർഢ്യം പ്രഖ്യാപിക്കുകയും ...... (ഞാൻ പറഞ്ഞാലതധികമായിപ്പ്പോകും). ഉണ്ണുന്നവൻ അറിഞ്ഞില്ലേൽ വിളമ്പുന്നവൻ അറിഞ്ഞിരിക്കണം. മാർപ്പാപ്പാ പോട്ടെ; സാക്ഷാൽ കർത്താവീശോമിശിഹാ പറഞ്ഞത്, തന്റെ പിന്നാലെ വരുന്നവർ ബിയാറ്റിറ്റ്യുഡുകളെന്നും, എക്സളൻസികളെന്നും വിളിക്കപ്പെടണമെന്നും, നാടു നീളെ കൂറ്റൻ പള്ളികൾ പണിയണമെന്നും, മുഴത്തിനു നാൽപ്പതു വട്ടം വിശ്വാസികളെ പിരിച്ചു കൊണ്ടിരിക്കണമെന്നുമല്ലല്ലൊ? 

യൂദാസ് പള്ളിയിൽ വലിച്ചെറിഞ്ഞ ശപിക്കപ്പെട്ട പണം കൊണ്ട് അവർ പരദേശികളെ സംസ്കരിക്കാൻ കുശവന്റെ പറമ്പ് വാങ്ങിക്കുകയാണ് ചെയ്തത്. ഇവിടെ പള്ളിക്ക് കിട്ടുന്ന പണം എങ്ങിനെ വരുന്നുവെന്നും ആരും ചിന്തിക്കുന്നില്ല, ഒരു പരദേശിയെ സംസ്കരിക്കുകയെന്നത് ഒരു ദൌത്യമായി ആരും കരുതുന്നുമില്ല. കർത്താവിനെ കുരിശിൽത്തറച്ച യൂദന്മാരെക്കാളും താഴേക്കു നാം പോയിരിക്കുന്നു. നമ്മുടെ ജനങ്ങൾ പിരിച്ചെടുത്തു വാങ്ങിയ പള്ളിപ്പറമ്പിലെ സിമിത്തേരിയിൽ അടക്കാൻ സ്വന്തം ജനമാണെങ്കിലും വികാരിയച്ചൻ തീരുമാനിക്കണം - ചോദിക്കുന്ന കാശും കൊടുക്കണം. നമുക്കീ സഭയങ്ങു പിരിച്ചു വിട്ടാലെന്നാ നേതാക്കന്മാരെ? കുറെപ്പേരെങ്കിലും രക്ഷപ്പെടുകില്ലേ? മലയാളിയായ നാഗപ്പൂർ  ബിഷപ്പിനു പോലും വേണ്ട സ്ത്രീകളോടുള്ള നമ്മുടെ സഭയുടെ വിവേചനം. അങ്ങേര് ആറു സ്ത്രീകളുടെ കാലുകൾ കഴുകി, ഈ വ്യാഴാഴ്ച. ഈ സ്ത്രീകൾ കരിസ്മാറ്റിക് തലയ്കു പിടിച്ച് ഓരോ കുടുംബങ്ങളിൽ വിലങ്ങുതടി പോലെ നിന്നിരുന്നില്ലെങ്കിൽ പല സിംഹാസനങ്ങളും ഇപ്പോൾ ചാവുകടലിൽ കണ്ടേനെ. അവരുണ്ടാക്കിത്തരുന്ന ഇറച്ചി ഉലത്തിയതും കപ്പ പുഴുങ്ങിയതുമൊക്കെ മതി പലർക്കും. 

ജീൻസും ബനിയനുമൊക്കെയിടാൻ സ്ത്രീകൾക്ക് ബൈബിൾ അനുവാദം കൊടുത്തിട്ടില്ലെന്നാണ് ഒരു വൈദികൻ ഇയ്യിടെ ശാലോം ടിവി യിലൂടെ പ്രഖ്യാപിച്ചത്. (ശരിയാ, ഞാനും ബൈബിൾ വ്വയിച്ചു നോക്കി; ജീൻസ്, ബനിയൻ, ബ്ലൌസ്, ........ തുടങ്ങിയ പദങ്ങളൊന്നും ബൈബിളിൽ കണ്ടില്ല. അയ്യേ! അത്യാവശ്യമുള്ള ചില സാധനങ്ങളുടെ പേരും അവിടില്ല. ഇംഗ്ലിഷ് ബൈബിളിൽ Care, free, top, less, bottom, up, see, through, look, sin, repent എന്നൊക്കെയുള്ള പദങ്ങൾ ഞാൻ ധാരാളം കണ്ടു. പക്ഷേ, അതൊന്നും നാം ധരിക്കുന്നതല്ലല്ലോ! അച്ചോ, കേരള സർക്കാർ വനിതാ പോലീസിനെ സാരി ഉടുപ്പിച്ചതാ; അത് വലിച്ചു പറിക്കാൻ എളുപ്പമാണെന്നു കണ്ടപ്പോഴാ പാന്റ്സ് ആക്കിയത്. ഏതെങ്കിലും സ്ത്രീകൾ പാന്റ്സ് ഇട്ടു നടക്കുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ ഇങ്ങിനെയൊരു ലക്ഷ്യവും കണ്ടേക്കാം. പെൺകുട്ടികൾ എല്ലാവരും നന്നായിട്ടാണ് ഡ്രസ്സ് ചെയ്യുന്നതെന്ന അഭിപ്രായം എനിക്കില്ല. ധൃതിക്ക് പോവുമ്പോൾ എല്ലാം ഇടാൻ ഒർക്കണമെന്നില്ലല്ലൊ! ഓരോരുത്തരുടെയും വേഷത്തിലൂടെ അവർ സമൂഹത്തിനു കൊടുക്കുന്ന സന്ദേശത്തിന്റെ ഉത്തരവാദിത്വം അവർക്കായിരിക്കുകയും ചെയ്യും. കത്തോലിക്കാ പെൺകുട്ടികളെയല്ലേ അച്ചന്മാർക്കു നന്നാക്കാൻ സാധിക്കൂ. കാലിൽ ചെളി പറ്റുന്നതു തടയാൻ വഴി മുഴുവൻ കാർപ്പെറ്റ് ഇടുകയല്ല, കാലിൽ ഒരു ചെരിപ്പിടുകയാണ് സാധാരണ വിവരമുള്ളവർ ചെയ്യുക. ഇപ്പോഴുമുണ്ട് ഒട്ടുമേ വസ്ത്രം ധരിക്കാത്ത മനുഷ്യ സമൂഹങ്ങൾ. അവിടെയെല്ലാം അനാശാശ്യങ്ങളായിരിക്കുമെന്നാണോ ആവോ അച്ചൻ കരുതുന്നത്? 

പറയുമ്പം എല്ലാ പറയണമല്ലോ, കാഞ്ഞിരപ്പള്ളിയിലെ ഒരച്ചൻ പണ്ടൊരിക്കൽ ചുരിദാറിട്ടുകൊണ്ടു വന്നവരേയും തെറി പറഞ്ഞിട്ടുണ്ട്. അന്നതിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഇതേ അനുഭവം ചട്ട മാറ്റി സാരിയുടുത്ത പെണ്ണുങ്ങൾക്കും ഉണ്ടായിക്കാണണം. ചിലർക്കു മാറ് മറക്കാനനുവാദമില്ലതിരുന്ന കാലഘട്ടത്തിൽ ഇവിടെ അച്ചന്മാരാരും ഇല്ലായിരുന്നോ? ഇത്തരം പ്രസംഗകരുടെ വിചാരം തുണിയും ദൈവം സ്രുഷ്ടിച്ചതാണെന്നാ. സർവ്വ പുണ്യവാന്മാരെയും ഉടുപ്പിച്ചതു പോലെ സർവ്വ വിശ്വാസികളെയും ഉടുപ്പിക്കാതിരുന്നാൽ മതിയായിരുന്നു. ഈ പ്രസംഗിച്ച അച്ചന്റെ മനസ്സിൽ വേണ്ടാത്ത ഓർമ്മകളൊന്നുമില്ലെന്ന് എല്ലാവരും കരുതണമെന്ന് ഞാനഭ്യർഥിക്കുന്നു. കേരളത്തിലെ സഭക്കു തിളപ്പിന്റെ സൂക്കേടാ. എന്ത് പറഞ്ഞാലും ആരും ഒന്നും ചോദിക്കാനില്ലല്ലോ! അമേരിക്കയിലും ആസ്ട്രേലിയായിലുമൊക്കെ അവിടുത്തെ രാജ്യങ്ങളൂടെ നിയമങ്ങൾ അനുസരിച്ചു സഭ കംപനിയായും, LLC ആയും രജിസ്ടർ ചെയ്തു പ്രവർത്തിപ്പിക്കാൻ ആർക്കും മടിയില്ല; ഒരു ന്യൂനപക്ഷാവകാശങ്ങളൂം വേണ്ട, വഴി മുടക്കി പെരുന്നാളും നടത്തണമെന്നില്ല. അവിടെ ആരോടും എന്താ ഇടേണ്ടതെന്നു പ്രസംഗിക്കാൻ ആർക്കും ധൈര്യവുമില്ല. പക്ഷേ, കേരളത്തിൽ വന്നാൽ സ്വഭാവം മാറും! മെയിൻ റോഡിൽ വണ്ടി പാർക്ക് ചെയ്യരുതെന്ന് പള്ളിപ്പറമ്പിൽ ബോർഡ് വെയ്കാനും, പെരുന്നാളിനു പോസ്റ്റ് നാട്ടാൻ വഴി കുത്തിപ്പൊളിക്കാനും കേരളത്തിലുള്ളവർ മടിക്കാറില്ല. എല്ലാം അവരുടെ സ്വന്തമാണല്ലോ!

നല്ല കള്ളന്റെ കാര്യം എല്ലാ ഈസ്ടറിനും അച്ചന്മാർ ഓർപ്പിക്കാറുണ്ട്. അവരോർപ്പ്പിക്കാത്ത ഒരു കാര്യം, ഈ ഒരു മനുഷ്യനോടു മാത്രമേ യേശു നാളെ നീ എന്നോടൊപ്പം പറുദീസായിൽ ഉണ്ടായിരിക്കുമെന്നു പറഞ്ഞിട്ടുള്ളൂവെന്ന സത്യമാണ്. ഇത്ര ഉറപ്പായും വിശുദ്ധനായിരിക്കുന്ന ഈ വിശുദ്ധനെ കേരളത്തിൽ കാണാറില്ല; അതെന്താ തിരുമേനീ? പ്രവ്വസികളുടേ മദ്ധ്യസ്ഥനായ തട്ടിൽ മെത്രാനോടു ചോദിച്ചാലോ! വേണ്ടാ, ഒല്ലൂരുകാരൻ റാഫേലിനൊടു പറഞ്ഞത് പോലെ വല്ലതുമാ പറയുന്നതെങ്കിൽ ആകെ ചൊറയാകും.

No comments:

Post a Comment