Translate

Tuesday, March 22, 2016

ഡല്‍ഹിയിലെ അല്മായവിജയം



ജോര്‍ജ് മൂലേച്ചാലില്‍ 

2916 മാര്‍ച്ച് ലക്കം സത്യജ്വാല മാസികയുടെ എഡിറ്റോറിയല്‍

ഡല്‍ഹിയിലെ പ്രബുദ്ധരായ സീറോ-മലബാര്‍ കത്തോലിക്കര്‍ ഒരു വിജയഗാഥ വിരചിച്ചിരിക്കുന്നു! ജീവിതം കരുപ്പിടിപ്പിക്കുന്നതിന് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമെത്തി വിവിധ ജോലികളിലേര്‍പ്പെട്ടും ഉദ്യോഗങ്ങള്‍ വഹിച്ചും ബിസ്സിനസ് ചെയ്തും, ഡല്‍ഹി ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള ഇടവകകളില്‍ അംഗങ്ങളായി സഭാജീവിതം നയിച്ചും സമാധാനത്തോടെ ജീവിച്ചുപോന്ന അവര്‍ക്കുമേല്‍, ഫരീദാബാദില്‍ ഒരു സീറോ-മലബാര്‍ രൂപത സ്ഥാപിച്ച് ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചതിനെയാണ് അവര്‍ ചെറുത്തുതോല്പിച്ചിരിക്കുന്നത്.
പുതുതായി സ്ഥാപിക്കപ്പെട്ട ഫരീദാബാദ് രൂപതയുടെ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അനില്‍ കൂട്ടോയും ചേര്‍ന്ന്, ഫരീദാബാദ് രൂപതാതിര്‍ത്തിയില്‍ ജീവിക്കുന്ന സീറോ-മലബാര്‍ കത്തോലിക്കര്‍ക്കായി 2013 നവംബര്‍ 1-ന് ഒരു സംയുക്ത ഇടയലേഖനമിറക്കിയതായിരുന്നു പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. സീറോ-മലബാര്‍ പൈതൃകമുള്ള എല്ലാ കത്തോലിക്കരുടെയും സഭാംഗത്വം ഡല്‍ഹി ലത്തീന്‍ രൂപതയില്‍നിന്നു ഫരീദാബാദ് രൂപതയിലേക്കു മാറ്റിയിരിക്കുന്നു എന്ന പ്രഖ്യാപനമായിരുന്നു, അതിന്റെ ഉള്ളടക്കം. കഴിഞ്ഞ 50-60 വര്‍ഷത്തിലേറെക്കാലം മുതല്‍, ഡല്‍ഹി അതിരൂപതയുടെ ഭാഗമായും അതിന്റെ വിവിധ ഇടവകകളിലെ സജീവ അംഗങ്ങളായും സ്വസ്ഥമായി കഴിഞ്ഞുപോന്ന ഒരു ലക്ഷത്തോളം മലയാളിക്കത്തോലിക്കരെ സംബന്ധിച്ച് അതൊരു ഇരുട്ടടിയായാണ് അനുഭവപ്പെട്ടത്. പക്ഷേ ആ അടിയേറ്റ് അവര്‍ അടിപതറി വീഴുകയല്ല ചെയ്തത്; മറിച്ച്, ഉണര്‍ന്നെണീക്കുകയായിരുന്നു. അവര്‍ 'റീത്ത് ഏകോപനസമിതി' (Team Rite Co-ordinating Group) എന്നൊരു സംഘടനയ്ക്കു രൂപംകൊടുത്തു. അറിവും കഴിവും പക്വതയും ഒന്നുചേര്‍ന്ന പ്രഗത്ഭമതികള്‍ നേതൃത്വത്തില്‍വന്നു. അവര്‍ ബൈബിള്‍ കൂടുതലായി പഠിച്ചു; റീത്തു സംബന്ധമായി നിലവിലുള്ള കാനോന്‍ നിയമവകുപ്പുകള്‍ പഠിച്ചു; കൂടാതെ, മുമ്പു ബോംബെയില്‍ കല്യാണ്‍ സീറോ-മലബാര്‍ രൂപത സ്ഥാപിച്ചതിനേത്തുടര്‍ന്ന് അവിടുത്തെ മലയാളി കത്തോലിക്കര്‍ക്കുണ്ടായ സമാനമായ പ്രശ്‌നങ്ങളെക്കുറിച്ചും അവരതിനെ വിജയകരമായി നേരിട്ടതെങ്ങനെ എന്നതിനേക്കുറിച്ചും പഠിച്ചു. ഇതിനെല്ലാം പുറമേ, ലത്തീന്‍ റീത്തിനുമേല്‍ സീറോ-മലബാര്‍ റീത്ത് പ്രകടിപ്പിച്ചുപോരുന്ന സാമ്രാജ്യത്വസമാനമായ അധിനിവേശത്വരയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും അവര്‍ പഠിച്ചു. അങ്ങനെ വേണ്ടത്ര 'ഹോംവര്‍ക്ക്' ചെയ്തതിനുശേഷം, Laity 4 Unity എന്ന ശീര്‍ഷകത്തില്‍, സീറോ-മലബാര്‍ സഭാധികാരം അധിനിവേശലക്ഷ്യത്തോടെ കഴിഞ്ഞ 4 പതിറ്റാണ്ടുകാലം നടത്തിയിട്ടുള്ള ഗൂഢതന്ത്രങ്ങള്‍ വെളിച്ചത്താക്കുന്ന 109 ആധികാരിക രേഖകളുള്‍പ്പെടുത്തിയും തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചും 155 പേജു വരുന്ന ഒരു നിവേദനം 2014 മെയ് 24-ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പായ്ക്കും ബന്ധപ്പെട്ട മറ്റധികാരസ്ഥാനികള്‍ക്കും അയച്ചുകൊണ്ടാണ് അവര്‍ സമരത്തിനു തുടക്കംകുറിച്ചത്.
ഈ നിവേദനത്തില്‍, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ താല്പര്യപ്രകാരം പ്രഖ്യാപിക്കപ്പെട്ട സംയുക്ത കല്പനമൂലം തങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന വിപത്തുകള്‍ അവര്‍ അക്കമിട്ടു നിരത്തിയിരുന്നു: ഫരീദാബാദ് രൂപതാതിര്‍ത്തിക്കുള്ളില്‍ പണിയാന്‍ പ്ലാനിട്ടിരിക്കുന്ന, ഉദ്ദേശം 11 കോടി രൂപവീതം ചെലവുവരുന്ന 40 സീറോ-മലബാര്‍ പള്ളികളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭീമമായ സാമ്പത്തികഭാരമത്രയും ഒരു ലക്ഷത്തില്‍ത്താഴെമാത്രം വരുന്ന തങ്ങളുടെ ചുമലില്‍ വന്നുപതിക്കും; തങ്ങളുടെകൂടി സംഭാവനകള്‍കൊണ്ടും അദ്ധ്വാനംകൊണ്ടും കെട്ടിപ്പടുത്ത ലത്തീന്‍ ഇടവകകളിലും അതിന്റെ സ്ഥാപനങ്ങളിലും തങ്ങളനുഭവിച്ചുപോരുന്ന എല്ലാ അവകാശങ്ങളില്‍നിന്നും അജപാലനശുശ്രൂഷകളില്‍നിന്നും തങ്ങള്‍ പുറത്താക്കപ്പെടും; ഔപചാരിക അംഗത്വം നഷ്ടപ്പെടുന്നതോടെ, കുട്ടികളുടെ മാമോദീസായും സ്ഥൈര്യലേപനവും വിവാഹവും കേരളത്തിലെ തങ്ങളുടെ ഇടവകകളില്‍ നടത്താനാവശ്യമായ കുറികള്‍ ഡല്‍ഹി രൂപതയിലെ ഇടവകകളില്‍നിന്നു ലഭിക്കാത്ത സാഹചര്യമുണ്ടാകും; അല്ലെങ്കില്‍ത്തന്നെ, ഡല്‍ഹിയില്‍ ഒരു സീറോ-മലബാര്‍ രൂപത ഉണ്ടായിരിക്കേ, ലത്തീന്‍ ഇടവകകളില്‍നിന്നുള്ള കുറികള്‍ കേരളത്തിലെ സീറോ-മലബാര്‍ പള്ളികള്‍ സ്വീകരിക്കാത്ത സാഹചര്യവും ഉണ്ടാകും; ഫരീദാബാദ് രൂപതയില്‍ ഇപ്പോള്‍ ഇടവകപ്പള്ളികള്‍ ഇല്ലാത്തതിനാലും, രൂപതയിലുള്ള വൈദികര്‍ക്ക് രൂപതാതിര്‍ത്തിക്കുള്ളിലുള്ള വിശ്വാസികളെ അറിഞ്ഞുകൂടാത്തതിനാലും അവിടെനിന്നു കുറികള്‍ കിട്ടുകയെന്നതും ദുഷ്‌ക്കരമാകും. കൂടാതെ, മലയാളഭാഷപോലും നല്ല വശമില്ലാത്തവരും സീറോ-മലബാര്‍ രീതികളുമായി പരിചയമില്ലാത്തവരുമായ തങ്ങളുടെ കുട്ടികളുടെമേല്‍ സീറോ-മലബാര്‍ ആചാരാനുഷ്ഠാനങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്നപക്ഷം അവരിലത് അരോചകത്വവും വെറുപ്പും ഉളവാക്കാനും ഇടയുണ്ട്... ഇക്കാര്യങ്ങളെല്ലാം മുന്നില്‍ക്കണ്ടുകൊണ്ട്, 2002-ല്‍ത്തന്നെ ഇത്തരമൊരു രൂപത ഡല്‍ഹിയില്‍ വരുന്നതിനോട് മഹാഭൂരിപക്ഷം സീറോ-മലബാര്‍കാരും വിയോജിപ്പു പ്രകടിപ്പിച്ചിരുന്നതായും അവരതില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാരണങ്ങളാലൊക്കെ, കേരളീയരായ തങ്ങളുടെ സീറോ-മലബാര്‍ പൈതൃകം നിലനിര്‍ത്തിക്കൊണ്ടുതന്നെ, തങ്ങള്‍ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന ഡല്‍ഹിയിലെ ലത്തീന്‍ രൂപതയിലും ഇടവകകളിലും തുടരാനുള്ള നിയമപരമായ അവകാശം വ്യവസ്ഥാപിച്ചു തരണമെന്നാണ് അവരതില്‍ ആവശ്യപ്പെട്ടിരുന്നത്.
 ഇതിന്മേലുള്ള വത്തിക്കാന്റെ തീരുമാനം, ഇക്കഴിഞ്ഞ ജനുവരി 28-ന് ഡല്‍ഹി അതിരൂപതാ ആര്‍ച്ചുബിഷപ്പ് വഴി 'റീത്ത് ഏകോപനസമിതി' (Laity4Unity എന്നാണ് ഈ സംഘടന ഇപ്പോള്‍ അറിയപ്പെടുന്നത്) ഭാരവാഹികള്‍ കൈപ്പറ്റുകയായിരുന്നു. തങ്ങളുടെ നിലപാടുകളെ പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ടുള്ളതാണ് വത്തിക്കാനിലെ പൗരസ്ത്യസംഘത്തിന്റെ തീരുമാനവും നിര്‍ദ്ദേശങ്ങളുമെന്ന്  Laity4Unity നേതാക്കള്‍ പ്രസ്താവിച്ചുകഴിഞ്ഞു (കാണുക പേജ് -5). സീറോ-മലബാര്‍ സഭാപൈതൃകത്തില്‍ നിലനിന്നുകൊണ്ടുതന്നെ, ഡല്‍ഹി ലത്തീന്‍ രൂപതയിലും ഇടവകകളിലും അംഗങ്ങളായിരിക്കാന്‍ സഭാനിയമപ്രകാരംതന്നെ തങ്ങള്‍ക്കവകാശമുണ്ടെന്ന ഡല്‍ഹി മലയാളിക്കത്തോലിക്കരുടെ വാദത്തെ പൗരസ്ത്യസംഘം അംഗീകരിച്ചുവെന്നു മാത്രമല്ല, 'ഈ നിലപാട് തികച്ചും മനസ്സിലാക്കാവുന്നതും ഏറെ ശ്ലാഘനീയവും (most understandable and even praise worthy) ആണെ'ന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
പൗരസ്ത്യസംഘത്തിന്റെ ഈ പ്രബോധനമനുസരിച്ച്, ഏതു റീത്തിലെ പള്ളിയിലാണോ ഒരാള്‍ക്കു മാമോദീസാ നല്‍കിയത്, ആ പള്ളിയിലെ വൈദികന്‍ അയാള്‍ക്കുവേണ്ടി നല്‍കുന്ന വിവാഹക്കുറിയുംമറ്റും ഏതു റീത്തിലെ പള്ളികളിലും സ്വീകാര്യമായിരിക്കും. ഇക്കാര്യത്തില്‍ പരസ്പരസഹകരണത്തിന്റേതായ അരൂപിയോടെ സസന്തോഷം കാര്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ തങ്ങളുടെ വൈദികരെ ഉപദേശിക്കണമെന്ന് സീറോ-മലബാര്‍ സിനഡിനോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്, പൗരസ്ത്യസംഘം. വിശ്വാസികള്‍ക്കു ബുദ്ധിമുട്ടു വരാത്ത വിധത്തില്‍ അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ ഇരു റീത്തുകളും സഹകരിച്ചുള്ള ആഭ്യന്തരസംവിധാനമുണ്ടാക്കണമെന്ന നിര്‍ദ്ദേശവും പൗരസ്ത്യസംഘം മുന്നോട്ടുവച്ചിട്ടുണ്ട്.
ഇത്തരം പ്രശ്‌നങ്ങള്‍ സമാധാനപരമായി കൈകാര്യംചെയ്യാനുള്ള വകുപ്പുകള്‍ നിലവിലുള്ള സഭാനിയമത്തില്‍ത്തന്നെ ഉള്ളതിനാല്‍, ഡല്‍ഹി വിഷയത്തില്‍ പ്രത്യേക കല്പന (indult) പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് പൗരസ്ത്യസംഘം സ്വീകരിച്ചത്. അതില്‍നിന്നും, കാനോന്‍ നിയമവകുപ്പുകളെ വളച്ചൊടിച്ചും തെറ്റായി വ്യാഖ്യാനിച്ചുമാണ് ഫരീദാബാദ് രൂപതാധികാരം ഡല്‍ഹിയിലെ മലയാളിക്കത്തോലിക്കരെ ബുദ്ധിമുട്ടിച്ചത് എന്നു വ്യക്തമായിരിക്കുകയാണ്. 'നിയമാനുസൃതം ഒരാള്‍ക്ക് ഒരു റീത്തേ പാടുള്ളൂ' എന്നും, 'കേരളത്തില്‍ ഒരു റീത്തും ഡല്‍ഹിയില്‍ മറ്റൊരു റീത്തും അനുവദനീയമല്ല' എന്നും മറ്റുമാണ് ഫരീദാബാദ് ആര്‍ച്ചുബിഷപ്പ് ഇക്കാലമത്രയും വാദിച്ചുപോന്നിരുന്നത്!
പൗരസ്ത്യകാനോന്‍ 38-ാം വകുപ്പ് വ്യക്തമായി പറയുന്നത്, 'പൗരസ്ത്യസഭാംഗങ്ങള്‍ മറ്റൊരു റീത്തിനുകീഴില്‍ അജപാലനശുശ്രൂഷകള്‍ സ്വീകരിക്കുമ്പോഴും സ്വന്തം റീത്തിലെ അംഗങ്ങളായിരിക്കും' എന്നാണ്. ഫരീദാബാദ് ബിഷപ്പ് പറയുന്നതാകട്ടെ, ഡല്‍ഹി രൂപതയില്‍ തുടരുന്നവരുടെ സീറോ-മലബാര്‍ സഭാ അംഗത്വംതന്നെ നഷ്ടപ്പെടുമെന്നും! കാനോന്‍ 31 പറയുന്നത്, 'ഒരു ക്രിസ്ത്യന്‍ വിശ്വാസിയെ സ്വാധീനംചെലുത്തി മറ്റൊരു റീത്തിലേക്കു മാറ്റാന്‍ ആരും ഒരുമ്പെടരുത്' എന്നാണ്. അതിലുമൊക്കെ എത്രയോ ഗൗരവതരമായ കുറ്റമാണ്, ഒരാള്‍ മറ്റൊരു റീത്തുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും അവിടുത്തെ അജപാലനശുശ്രൂഷകള്‍ സ്വീകരിക്കുകയും ചെയ്യുന്നതിന്റെപേരില്‍ സ്വന്തം റീത്തില്‍നിന്നു പുറത്താകുമെന്നു താക്കീതുചെയ്യുന്നതും, മക്കളുടെ മാമോദീസായും വിവാഹവുമൊന്നും കേരളത്തിലുള്ള തങ്ങളുടെ ഇടവകകളില്‍ നടത്താമെന്നു വിചാരിക്കേണ്ട എന്നു പരോക്ഷമായി ഭീഷണിപ്പെടുത്തുന്നതും.
മാര്‍ ഭരണികുളങ്ങര ഈ വിഷയത്തില്‍ മുന്നോട്ടുവച്ച ഓരോ ന്യായവാദത്തിനും പിറകിലുള്ള വക്രബുദ്ധിയെയും നിക്ഷിപ്തതാല്പര്യത്തെയും നിയമവിരുദ്ധതയെയുമെല്ലാം, സാമാന്യബുദ്ധിയില്‍നിന്നുകൊണ്ടും കാനോന്‍ നിയമവകുപ്പുകളുദ്ധരിച്ചും തുറന്നുകാട്ടി അപ്പപ്പോള്‍ മറുപടി നല്‍കിയിരുന്നു, Laity4 Unity നേതാക്കള്‍ (കാണുക, 'സത്യജ്വാല' 2014 ആഗസ്റ്റ്, ഒക്‌ടോബര്‍ ലക്കങ്ങള്‍). എന്നാല്‍, അധികാരത്തിന്റെ 'സ്വയംശരി'കളില്‍ അഹങ്കാരത്തോടെ അഭിരമിക്കാനാണ് ആര്‍ച്ചുബിഷപ്പ് തയ്യാറായത് എന്നു തോന്നുന്നു.
അദ്ദേഹം മാത്രമല്ല, മലയാളിക്കത്തോലിക്കര്‍ ലോകത്തെവിടെയെല്ലാമെത്തി വേരുപിടിക്കുന്നോ അവിടെയെല്ലാം, സഭാപാരമ്പര്യങ്ങള്‍ക്കും സാംസ്‌കാരികാനുരൂപണത്തിനുമായി അവരെല്ലാം ദാഹിക്കുകയാണെന്നു പറഞ്ഞുകൊണ്ട് രൂപതകള്‍ സ്ഥാപിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന സീറോ-മലബാര്‍ മെത്രാന്‍ സംഘമാകെത്തന്നെ, ഡല്‍ഹിയിലെ റീത്തു വിഷയത്തില്‍ വത്തിക്കാന്‍ സ്വീകരിച്ച നിലപാടില്‍നിന്നും വിശദീകരണങ്ങളില്‍നിന്നും പാഠം പഠിക്കേണ്ടതുണ്ട്. പുറത്തുപോയി രൂപതകള്‍ സ്ഥാപിച്ച അമേരിക്കയിലും ആസ്‌ട്രേലിയയിലും കാനഡയിലുമെല്ലാം മലയാളിക്കത്തോലിക്കര്‍ അതുവരെ അവര്‍ക്കില്ലാതിരുന്ന പ്രശ്‌നങ്ങളില്‍ ഉഴലുകയാണിന്ന്. വഴക്കുകളും കേസുകളും പള്ളിക്കകത്തും പുറത്തും മുദ്രാവാക്യം മുഴക്കലുകളുമാണ് അവിടെയെല്ലാം നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി ഇപ്പോഴിതാ, വന്‍സംഘര്‍ഷത്തിനു വിത്തുവിതച്ചുകൊണ്ട്, ചെന്നൈയിലേക്കും പുതിയൊരു രൂപതയുമായി സീറോ-മലബാര്‍ സഭാധികാരം കടന്നുകയറാനൊരുങ്ങുന്നു! (കാണുക, പേജ് -7 സത്യജ്വാല മാസിക) സീറോ-മലബാര്‍ റീത്തുസാമ്രാജ്യം ലോകമെമ്പാടും വ്യാപിപ്പിക്കുകയെന്ന ഈ സഭയുടെ അധിനിവേശനയം അക്രൈസ്തവമാണെന്നും അതു തിരുത്തേണ്ടതാവശ്യമാണെന്നുമുള്ള ചിന്ത നമ്മുടെ സഭാധികൃതരില്‍ ഉദിക്കാന്‍ ഡല്‍ഹിയില്‍ നടന്ന റീത്തുയുദ്ധവും അതിന്റെ ഫലങ്ങളും ഉതകിയേക്കാം. അതിന്റെ വെളിച്ചത്തില്‍ ചെന്നൈയിലേക്കു വെച്ചകാല്‍ പിന്നോട്ടെടുക്കാനുള്ള വിവേകം അവര്‍ക്കുണ്ടാകുമെന്നും കരുതാം...
അധികാരപ്രമത്തതയ്ക്കുമുമ്പില്‍ തലകുനിക്കാതെയും നട്ടെല്ലുവളയ്ക്കാതെയും യേശുവില്‍ ധീരരായി നിന്ന്, സഭാപൗരന്മാരുടെ നീതിപൂര്‍വ്വകമായ അവകാശങ്ങള്‍ വിജയകരമായി സ്ഥാപിച്ചെടുത്ത ഡല്‍ഹിയിലെ 'റീത്ത് ഏകോപനസമിതി'യോടും അതിനു ചുക്കാന്‍പിടിച്ച പ്രഗത്ഭമതികളോടും കേരളസഭ എക്കാലവും കടപ്പെട്ടിരിക്കുന്നു.
- എഡിറ്റര്‍
NB
സത്യജ്വാല മാസിക മുഴുവന്‍ മു ന്‍ ലക്കങ്ങളും ഡൗണ്‍ലോഡ് ചെയ്ത് ലേഖനങ്ങ ള്‍ വായിക്കാ ന്‍ സന്ദര്‍ശിക്കുക: almayasabdam.com)

No comments:

Post a Comment