Translate

Sunday, February 12, 2017

ബിഷപ്പ് ഹൗസിനു മുന്നിൽ ജനരോഷമിരമ്പി. ജനകീയ മാർച്ച് പോലീസ് തടഞ്ഞു.


വിശ്വാസികളുടെ ശാപമേറ്റ കോട്ടപ്പുറം ബിഷപ്പ് ഹൗസിന്റെ കറുത്തദിനം.

      2017-ഫെബ്രുവരി 11 ശനി

കൊടുങ്ങല്ലൂർ സെന്റ് തോമസ് പള്ളിയും കോടികൾ വിലമതിക്കുന്ന നാലേക്കർ ഇരുപത്തിനാലു സെൻ്‌റു സ്ഥലവും O.S.J. യ്ക്ക് വിറ്റ് കാശാക്കിയ മെത്രാന്മാരുടെ ഹീനമായ നടപടികൾക്കെതിരെ  ജനരോഷം ആളിക്കത്തി. കോട്ടപ്പുറം രൂപതാ ബിഷപ്പ് ഹൗസിലേയ്ക്ക് ഇടവക സംരക്ഷണ സമിതിയുടെയും ജെ.സി.സി. ,  ഓപ്പൺ ചർച്ച് മൂവ്‌മെന്റ് എന്നീ സംഘടനകളുടേയും സംയുക്ത ആഭിമുഖ്യത്തിൽ  ബിഷപ്പ്  ഹൗസിലേയ്ക്ക് നടന്ന പടുകൂറ്റൻ റാലി കോട്ടപ്പുറം ബിഷപ്പ് ഹൗസ് കവാടത്തിൽ ആയുധധാരികളായ വൻ പോലീസ് സംഘം തടയുകയായിരുന്നു.   ആറുവയസ്സുള്ള കുട്ടികൾ മുതൽ എൺപതു വയസ്സുവരെയുള്ള മുതിർന്നവരും സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ വൻ ജനാവലിയാണ് മാർച്ചിൽ അണിനിരന്നത്. മാർച്ച് ബിഷപ്പ് ഹൗസ് കവാടത്തിൽ പോലീസ് തടഞ്ഞതിനെത്തുടർന്ന് സമരക്കാർ മണിക്കൂറുകളോളം  കവാടത്തിൽ കുത്തിയിരുന്നു പ്രതിക്ഷേധിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ ശ്രീ കെ. വേണു മാർച്ച്  ഉദ്ഘാടനം ചെയ്തു .വിശ്വാസസമൂഹത്തോട് കാട്ടിയിരിക്കുന്ന ഈ കടുത്ത അനീതി വെച്ചുപൊറുപ്പിക്കരുതെന്നും നീതിലഭിക്കുന്നതുവരെ പോരാട്ടം തുടരണമെന്നും ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ പുർണ്ണ പിൻതുണ നേടണമെന്നും അദ്ദഹം പറഞ്ഞു. 

ഒരു കത്തോലിക്കാ പള്ളി പണിയണമെന്ന  കൊടുങ്ങല്ലൂർ നിവാസികളുടെ  തീരുമാനമറിഞ്ഞ് 1938-ൽ അവിടെയെത്തിയ വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി ജനങ്ങളുമായി സംസാരിക്കുകയും ക്രിസ്ത്യാനികളുടെയും ആദരണിയരായ മറ്റുമതവിഭാഗങ്ങളുടെയും സഹായത്തോടെ ആവശ്യമായ സ്ഥലം കണ്ടെത്തി 1942-ൽ ഇടവകസ്ഥാപിക്കുകയും 1962 -ൽ ആരംഭിച്ച O.S.J ക്ക് തൽക്കാലം തലചായ്ക്കാൻ ഇടവകക്കാർ ഇവിടെ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. എന്നാൽ തലചായ്ക്കാൻ ഇടംനൽകിയ ആളുകളെ ചവിട്ടിപ്പുറത്താക്കി 2016 ജൂലൈ 7o.s.j കോടികൾ വിലവരുന്ന ഭൂമി തീറാധാരമായി മെത്രാനിൽ നിന്നും എഴുതിവാങ്ങുകയും ഇടവക ജനങ്ങളെ പുറത്താക്കുകയും ചെയ്തിരിക്കുന്നു.ഈ അനീതി പൊറുക്കുവാൻ കഴിയില്ലെന്നും ഞങ്ങളുടെ പള്ളിയും സ്ഥലവും തിരികെ കിട്ടുന്നതുവരെ സമരം മുന്നോട്ടുപോകുമെന്നും പാരീഷ് കൗൺസിൽ സെക്രട്ടറി പി. ആർ . ബാബു പറഞ്ഞു . 

ആർച്ചു ബിഷപ്പ് ഫ്രാൻസീസ് കല്ലറക്കനും ,കോട്ടപ്പുറം രൂപതാമെത്രാൻ തോമസ് കാരിക്കശ്ശേരിക്കും ഇടവക വികാരിക്കും ഇതിൽ പങ്കുണ്ട് . കോടികളുടെ സാമ്പത്തിക ഇടപാട് ഇതിൽ നടന്നിട്ടുണ്ട് .ഇതും അന്വേഷണവിധേയമാക്കണം . സമരസമിതി ചെയർമാൻ മനോജ് ചെറുവേലിക്കൽ ആവശ്യപ്പെട്ടു.

  കത്തോലിക്കാ സഭയിലെ കോടികളുടെ അഴിമതികളും കൊള്ളരുതായ്മകളും ചൂണ്ടിക്കാട്ടിയ  J.C.C. പ്രസിഡന്റ് ജോസഫ് വെളുവിൽ മുഖ്യ പ്രഭാക്ഷണം നടത്തി.

നീതിക്കുവേണ്ടിയുള്ള ഈ സമരം ബഹുജന പങ്കാളിത്തത്തോടെ പുറത്തേയ്ക്ക് വ്യാപിപ്പിക്കുന്നതിനും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമായി ഇടവക സംരക്ഷണ സമിതിയോടു ചേർന്ന് മുൻനിരയിൽ പ്രവർത്തിക്കുമെന്നും സമരസമിതിക്ക് എല്ലാവിധ പിൻതുണയും വാഗ്ദാനം ചെയ്യുന്നതായും ഓപ്പൺ ചർച്ച് സംസ്ഥാന പ്രസിഡന്റ് ശ്രീ . റെജി ഞള്ളാനി പ്രഖ്യാപിച്ചു

സമരസമിതി നേതാക്കളായ സ്റ്റീഫൻ മാളിയേക്കൽ , റാക്‌സൻ മുട്ടത്ത് സോജൻ ഇലഞ്ഞിക്കൽ എന്നിവർ വികാരനിർഭരമായാണ്  സംസാരിച്ചത്.
 തങ്ങൾക്കർഹതപ്പെട്ട പള്ളിയും സ്വത്തുക്കളും വെറും സാങ്കേതികതയുടേയും പുരോഹിതരിലുള്ള അമിതവിശ്വാസത്തിന്റേയും പേരിൽ നഷ്ടപ്പെട്ടതിലുള്ള ദുഖം അവർ മറച്ചുവച്ചില്ല. 

പള്ളിക്കുമുൻപിലുള്ള ഉപവാസ സമരം 2-മാസം കഴിഞ്ഞിട്ടും സഭാ നേതൃത്വം തിരിഞ്ഞു നോക്കിയിട്ടില്ല .പണപ്പിരിവുനടത്തുമ്പോൾ മണിക്കൂറുകൾ ഇടവിട്ടുവേണമെങ്കിലും വിശ്വാസികളുടെ വിടുകൾ കയറിയിറങ്ങുന്ന പുരോഹിതരേയും സമരപ്പന്തലിൽ കണ്ടിട്ടില്ലെന്നു പറഞ്ഞുതുടങ്ങിയ  അറുപതുകൾ പിന്നിട്ട അമ്മമാരുടെ കണ്ണുകൾ നിറയുന്നതും, ഒപ്പം നിരാശയും കാണാമായിരുന്നു. 

ജെ. സി. സി.  വൈസ്പ്രസിഡന്റ് ആന്റോ കോക്കാട്ട് , സെക്രട്ടറി വി. കെ ജോയി ഇടവക സംരക്ഷണ സമിതി നേതാക്കളായ ബിബിൻ കെ. സെബാസ്റ്റ്യൻ ,ടൈസൻ പുളിക്കത്തറ , ശ്രീമതി പാത്ക്ലീനാ തോമസ്, ബൈജു കണിച്ചുകുന്നത്ത്, പീയൂസ്,പി.പി. സ്റ്റാൻലി, ആൽബർട്ട് ആന്റണി തുടങ്ങിയവർ 3 കിലോമീറ്റർ ടൗൺ ചുറ്റിയുള്ള മാർച്ചിന ് നേതൃത്വം നൽകി. 









  


1 comment:

  1. ''വിശ്വാസികളുടെ ശാപമേറ്റ കോട്ടപ്പുറം ബിഷപ്പ് ഹൗസിന്റെ കറുത്തദിനം.'' ഈ വചനത്തിലെ ഒന്നാം പദം "വിശ്വാസികൾ ' ആണല്ലോ! ആരിൽ വിശ്വസിക്കുന്നവർ / എന്തിൽ വിശ്വസിക്കുന്നവർ എന്നൊക്കെ ചോദ്യമുയരും. ക്രിസ്തുവിലോ അവന്റെ വചനങ്ങളിലോ വിശ്വാസമില്ലാതെ / അവന്റെ പ്രതിപുരുഷൻ എന്ന് സ്വയം നടിച്ചു കപടവേഷം ധരിച്ചുവന്ന പുരോഹിതന്റെ കുതന്ത്രങ്ങളിലും കൂദാശത്തട്ടിപ്പിലും വിശ്വസിച്ചവർ എങ്ങിനെ ദൈവത്തെ അറിയും ,ദൈവവിശ്വാസികളാകും ? ഉദാഹരണമായി 'പ്രാർത്ഥന' എന്ന വിഷയത്തെക്കുറിച്ചു ക്രിസ്തു മൊഴിഞ്ഞതു വി,മത്തായി ആറിന്റെ അഞ്ചുമുതൽ ബൈബിളിൽ അച്ചടിച്ചിരിക്കുന്നതു ഒരുകുറിപോലും വായിച്ചറിയാതെ, പാതിരി കുത്തിക്കുറിച്ച ജല്പനങ്ങൾ ഉരുവിട്ട് ജന്മം പള്ളിയിൽ പാഴാക്കുന്ന ഇരുകാലി ആടുകൾ ഒടുവിൽ ഇതാ മെത്രാനെന്ന പെരുംകള്ളനെതിരെ സമരത്തിന് ഇറങ്ങിയിരിക്കുന്നു ! പ്രാർത്ഥന തൊഴിലാക്കിയ പരിശുദ്ധനായ മെത്രാനെ / വന്ദ്യനായ പുണ്യപിതാവിനെ വെറും പാപികൾ എന്ന് സ്വയം പട്ടം സ്വീകരിച്ച അടിമകൾ , കാലത്തിന്റെ ശാപമായ അന്ധവിശ്വാസികൾ പള്ളിപരിശകൾ ശപിക്കുന്നു! കലികാലവൈഭവംതന്നെ ! ''സ്വർഗം തുറക്കുന്ന നിമിഷങ്ങളെ ,,,അവൻ വീണ്ടും വരാറായ ദിവസങ്ങളെ....'' പണമാണ് പാതിരിക്കീശ്വരൻ! samuelkoodal

    ReplyDelete