Translate

Wednesday, February 8, 2017

കള്ളനെപോലെ പമ്മിയെത്തി വിദ്യാർത്ഥികളുടെ കഴുത്തിനു പിടിച്ച് വാർഡൻ പുരോഹിതൻ

മക്കളെക്കുറിച്ച് ഭീകര കഥകൾ പറഞ്ഞ് കേൾപ്പിച്ച് മാതാപിതാക്കൾ കരയുമ്പോൾ കൊടുക്കാൻ ടിഷ്യു പേപ്പറും കുടിവെള്ളവും റെഡി; കള്ളനെപോലെ പമ്മി എത്തി വിദ്യാർത്ഥികളുടെ കഴുത്തിന് പിടിച്ച് ഭിത്തിയിൽ ചേർത്തുള്ള ആക്രോശത്തിൽ നടുങ്ങി ഹോസ്റ്റൽ; ഇഷ്ടമല്ലാത്തവരെല്ലാം കഞ്ചാവുകാരെന്ന് പ്രഖ്യാപിച്ച് പീഡനം: അമൽ ജ്യോതി കോളേജിലെ ഈ വൈദികൻ മരിക്കുമ്പോൾ സ്വർഗത്തിൽ പോയാൽ ആ സ്വർഗ്ഗം ഞങ്ങൾക്ക് വേണ്ടെന്ന് വിദ്യാർത്ഥികൾ



മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ക്രൈസ്തവ വിശ്വാസം അനുസരിച്ചും സത്യവിശ്വാസം അനുസരിച്ചും ജീവിക്കുന്ന ഒരാൾ മരിച്ചാൽ സ്വർഗ്ഗത്തിലേക്കാണ് പോവുക. അല്ലറ ചില്ലറ തെറ്റുകൾ ഒക്കെ ചെയ്താൽ ശുദ്ധീകരണസ്ഥലത്ത് പോയിട്ട് ക്ലീൻ ചെയ്തു സ്വർഗ്ഗത്തിൽ എത്തിക്കും. സഭയും വൈദികരും ഒക്കെ നിലനിൽക്കുന്നത് തന്നെ വിശ്വാസികൾ മരിക്കുമ്പോൾ സ്വർഗ്ഗത്തിൽ എത്തിക്കാൻ വേണ്ടി മാത്രമാണ്. അതുകൊണ്ടാണ് സൺഡേ സ്‌കൂൾ വിദ്യാഭ്യാസം മുതൽ നന്മ തിന്മകൾ പറഞ്ഞു കൊടുത്ത് വളർത്തുന്നത്. സ്‌നേഹം, കാരുണ്യം, ദയ, ക്ഷമാശീലം തുടങ്ങിയ എല്ലാ നന്മകളോടും ജീവിക്കുകയും പത്തു പ്രമാണങ്ങൾ ലംഘിക്കാതിരിക്കുകയും ചെയ്താൽ ഒരുവന് സ്വർഗ്ഗത്തിൽ പോവാം.

ഇതെല്ലാം പറഞ്ഞു കൊടുത്ത് വിശ്വാസികളെ കാലിടാറാതെ കാത്തു സൂക്ഷിക്കേണ്ട ചുമതലയാണ് വൈദികർക്കും മെത്രാന്മാർക്കും ഒക്കെ. അതുകൊണ്ട് തന്നെ ദൈവത്തിന്റെ ഈ നല്ല ഇടയന്മാർക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി എപ്പോഴും തുറന്നിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും സത്യ വേദപുസ്തകത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന കത്തോലിക്ക സഭ നേരിട്ടു നടത്തുന്ന കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ ഹോസ്റ്റലിലെ വാർഡനും കമ്പ്യൂട്ടർ സയൻസ് വിഭാഗം മേതാവിയുമായ ഫാ: റൂബിൻ തോട്ടപ്പുറത്തുനു കിട്ടുന്നതാണ് സ്വർഗ്ഗം എങ്കിൽ അതു തങ്ങൾക്ക് വേണ്ട എന്നാണ് അവിടുത്തെ വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നത്.

പിണറായിയുടെ വിശ്വസ്തനായ മെത്രാൻ വിരട്ടിയപ്പോൾ എസ്എഫ്‌ഐ വാലും ചുരുട്ടി പിൻവാങ്ങി; കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ സമരക്കാരുടെ ആവശ്യങ്ങളെല്ലാം ജലരേഖയായി; അകാരണമായി പുറത്താക്കിയ വിദ്യാർത്ഥി കാമ്പസിന് പുറത്തുതന്നെ; കുഴപ്പക്കാരനായ വൈദികൻ ഇപ്പോഴും വിദ്യാർത്ഥികളെ മാനസികമായി തകർത്ത് കാമ്പസിൽ വിലസുന്നു

ജീവിതത്തിന്റെ ഏറ്റവും നല്ല പ്രായത്തെ ഭയപ്പെടുത്തിയും ഭീകര അന്തരീക്ഷം സൃഷ്ടിച്ചും ജീവിക്കുന്ന അച്ചൻ വിദ്യാർത്ഥികൾക്ക് ഒരു പേടി സ്വപ്നമാണ്. ഒരു സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജ് നടത്തിപ്പുകാർ കുട്ടികളെ കൈവിട്ടു പോവാതിരിക്കാൻ ചില പേടിപ്പിക്കലുകൾ ഒക്കെ നടത്തുന്നത് മനസ്സിലാക്കാം. എന്നാൽ എല്ലാവരും ഒരേ പോലെ ഒരാളെ കുറിച്ചു ഒരേ രീതിയിൽ മാത്രം പറഞ്ഞാൽ എന്താണ് സ്ഥിതി. അമൽ ജ്യോതി ഹോസ്റ്റലിലെ അനേകം വിദ്യാർത്ഥികളുമായി ഈ ലേഖകൻ സംസാരിച്ചു. അവരുടെ മാതാപിതാക്കളുമായും സംസാരിച്ചു. എല്ലാവർക്കും പറയാനുള്ളത് അലറി വിളിച്ചു കുട്ടികളെ പേടിപ്പിക്കുന്ന ഒരു വൈദികനെ കുറിച്ചാണ്. ഈ റൂബനച്ചൻ മൂലം വൈദികരോടും സഭയോടും തന്നെ വെറുപ്പായി തുടങ്ങിയെന്നാണ് ഒരു വിദ്യാർത്ഥിയുടെ അമ്മ മറുനാടൻ മലയാളിയോടു പറഞ്ഞത്.

ജയിൽ ഇതിനേക്കാൾ നല്ലതായിരിക്കും എന്നു വിശ്വസിക്കുന്നവരാണ് പല വിദ്യാർത്ഥികളും. മിണ്ടാനോ ഒറ്റയ്ക്ക് നടക്കാനോ ആവില്ല. ഇംഗ്ലീഷ് ഹൊറർ സിനിമയിലേതു പോലെ നിശബ്ദനായി ഏതു നിമിഷവും അലർച്ചയോടെ ഫാ: റൂബിൻ എത്തിച്ചേരും. മൊബൈൽ ഫോൺ ഉപയോഗിച്ചതിനോ, അൽപ്പം ഇറക്കം കുറഞ്ഞ പാന്റ്‌സ് ഇട്ടോ എന്നു വേണ്ട രണ്ടു പേർ ചിരിച്ചു കൊണ്ടു കൈകോർത്തു നടക്കുകയോ ഒക്കെ ചെയ്യുന്ന വിധത്തിൽ അച്ചന്റെ മുൻപിൽ ചെന്നു പെട്ടാൽ തീർന്നു. ഹോസ്റ്റലും കോളേജും മുഴുവൻ വിറക്കുന്ന ഒരു അലർച്ചയാണ് പിന്നെ അവിടെ. ചിലരെയെങ്കിലും ശാരീരികമായി പോലും അച്ചൻ ഉപദ്രവിക്കും. മുഖത്തടിച്ചും കഴുത്തിനു കുത്തി പിടിച്ചു പേടിപ്പിച്ചതുമായ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടെന്ന് പല വിദ്യാർത്ഥികളും മറുനാടനോട് പറഞ്ഞു.

കുട്ടികളെ മാനസികമായും ശാരീരകമായും പീഡിപ്പിക്കുന്നതിന് പുറമെ അവരുടെ മാതാപിതാക്കളെ നിരന്തരം വിളിച്ചു മക്കളോടു പോലും വെറുപ്പു തോന്നുന്ന തരത്തിൽ പെരുമാറുന്നതിൽ ഫാ: റൂബിൻ ജാഗരൂകനെന്ന് മാതാപിതാക്കൾ പറയുന്നു. പത്തോളം മാതാപിതാക്കളുമായി സംസാരിച്ച ഈ ലേഖകന് ബോധ്യമായത് എല്ലാവരും പറയുന്നത് സമാനമായ കാര്യങ്ങളാണ് എന്നാണ്. നിരന്തരം മാതാപിതാക്കളെ കോളേജിലേക്ക് വിളിപ്പിക്കുകയും നിങ്ങളുടെ മക്കൾ കൈവിട്ടു പോയി. അവർ ഡ്രഗ് അടിമകളാണ് തുടങ്ങിയ രീതിയിൽ പെരിപ്പിക്കുകയുമാണ് പ്രധാന പരിപാടിയെന്നാണ് പലരും പറയുന്നത്. കണ്ണിൽ ഇരുട്ടു കയറുന്ന മാതാപിതാക്കൾക്ക് കൊടുക്കാൻ വെള്ളകുപ്പിയും കരയുന്നവരുടെ കണ്ണീരൊപ്പാൻ ടിഷ്യു പേപ്പറും റെഡിയാക്കി വച്ചാണ് മാതാപിതാക്കളെ ഭയപ്പെടുത്തുന്നത്. തന്റെ മുൻപിൽ ഇരുന്നു മാതാപിതാക്കൾ പൊട്ടിക്കരയുന്നത് കണ്ടു ആനന്ദം അടയുകയാണ് ആ അച്ചനെന്ന് ഒരു പിതാവ് വേദനയോടെ മറുനാടനോട് പറഞ്ഞു.

ഫാദർ റൂബന്റെ കീഴിൽ പഠിക്കുന്ന കുട്ടികൾക്ക് ശരിക്കും പറഞ്ഞാൽ അവാർഡ് നൽകണമെന്നാണ് രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നത്. അമൽജ്യോതി കോളേജിൽ കുട്ടികൾക്ക് അഡ്‌മിഷൻ ലഭിച്ചത് വലിയ ലോട്ടറി അടിച്ചത് പോലെയാണ് ആദ്യമൊക്കെ പലരും കണക്കാക്കിയിരുന്നത്. പുറമേ നിന്നു നോക്കിയാലുള്ള ശാന്തതയല്ല കോളേജിലെന്ന് പിന്നീട് മനസിലായി. സ്ഥിതിഗതികളെക്കുറിച്ച് വളരെ പെട്ടന്ന് തന്നെ മനസ്സിലാക്കി വരികയായിരുന്നു. ഹോസ്റ്റലിന്റെയും എംസിഎ വിഭാഗത്തിന്റേയും ചുമതലയാണ് ഫാദർ റൂബൻ വഹിച്ചിരുന്നത്. വലിയ മാനസികമായ വെറുപ്പാണ് അച്ഛന്റെ പ്രവർത്തികൾ കുട്ടികളിലുണ്ടാക്കിയിരിക്കുന്നത്. ഇത് തന്നെയാണ് റൂബൻ പോകുന്ന സ്വർഗത്തിൽ തങ്ങൾക്ക് സ്ഥാനം വേണ്ടെന്ന രീതിയിലുള്ള അഭിപ്രായപ്രകടനം പോലും കുട്ടികളെ കൊണ്ടുനടത്തിപ്പിച്ചത്.

കുട്ടികൾ വീട്ടിലെത്തി ഹോസ്റ്റലിലിലെ അവസ്ഥകളെ കുറിച്ചും വിശദീകരിക്കുന്നത് ജയിലിൽ നിന്നും തിരിച്ചെത്തിയ അവസ്ഥയിലാണ്. പലപ്പോഴും കുട്ടികളുടെ ഭാവിയോർത്ത് മക്കളെ എല്ലാം ക്ഷമിക്കെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ മാത്രമാണ് മാതാപിതാക്കൾക്ക് സാധിക്കുന്നത്. നിസ്സാര കാര്യങ്ങൾ പോലും ഊതിവീർപ്പിച്ച് നിരന്തരം രക്ഷിതാക്കളോട് സംസാരിക്കുകയും ഫോൺ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നതാണ് അച്ചന്റെ ശൈലിയെന്ന് രക്ഷിതാക്കൾ പറയുന്നു. ഇത് ഒരാൾക്കാണെന്ന അനുഭവം ചില രക്ഷിതാക്കൾ പങ്കുവച്ചു. എന്നാൽ, പലരുമായി സംസാരിച്ചപ്പോൾ അതല്ല കാര്യമെന്ന് വ്യക്തമാകുകയായിരുന്നു. റൂബന്റെ ഹോസ്റ്റലിലെ നിയമങ്ങൾ പെൺകുട്ടികൾക്ക് പോലും അംഗീകരിക്കാൻ കഴിയാത്തതാണ്. കോളേജിൽ നിന്നോ ഹോസ്റ്റലിൽ നിന്നോ പുറത്ത് പോകണമെങ്കിൽ വാർഡനും എച്ച്ഒഡിയും ഉൾപ്പടെ മൂന്നോളം പേരുടെ ഒപ്പ് ലഭിക്കണം.

കോളേജ് ഹോസ്റ്റലിൽ റൂബൻ ചാടി വീഴുക എപ്പോഴാണെന്ന് പറയാൻ കഴിയില്ല. പാതിരാത്രിയിലും റൂബൻ എത്തിയേക്കാം അതിന് പ്രത്യേക സമയമൊന്നും ഇല്ല. ഹോസ്റ്റലിൽ മുറികളുടെ വാതിൽ അടയ്ക്കാൻ അനുമതിയില്ല. ചില മുറികൾക്ക് ഗ്ലാസ് കൊണ്ടുള്ള ഡോറാണ്. മുറിക്കകത്ത് എന്ത് നടക്കുന്നുവെന്ന് പുറത്ത് നിന്ന് വീക്ഷിക്കാനാകണം അതിനാണ് ഇത്തരം സംവിധാനം. ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് ചൂടായി പൊട്ടിത്തെറിക്കുന്ന റൂബനോട് എന്തെങ്കിലും തിരിച്ച് പറഞ്ഞാൽ കഴുത്തിന് പിടിച്ച് ചുവരിൽ ചേർത്ത് നിർത്തി അലറും. പിന്നെ വീട്ടുകാരെ ഒരു കാരണവുമില്ലാത്ത കാര്യങ്ങൾക്ക് പോലും വിളിച്ച് വരുത്തുകയും ചെയ്യും. സ്വന്തം ഭാഗം ന്യായീകരിക്കാൻ വേണ്ടി ആൺകുട്ടികളാണെങ്കിൽ 90 ശതമാനവും ഡ്രഗ് അഡിക്ടാണെന്നാണ് രക്ഷിതാക്കളോട് പറയുക. ഇവനെ ഇനി രക്ഷിക്കാൻ പറ്റില്ലെന്നും മക്കളുടെ കാര്യം പോക്കാണെന്നും പറഞ്ഞ് രക്ഷിതാക്കളേയും മാനസികമായ തകർക്കും.

ഇതൊക്കെ കേട്ട് തൊണ്ട ഇടറുന്ന രക്ഷിതാക്കൾക്ക് കുടിക്കാൻ വെള്ളം റെഡി. ഇനി മക്കളുടെ കാര്യമോർത്ത് കരഞ്ഞാൽ ഉടനെ റൂബൻ ഫാദർ വക സൗജന്യ ടിഷ്യു പേപ്പർ മേശപ്പുറത്ത് ഹാജർ. പിന്നെ ചില ഫോട്ടോകൾ കാണിച്ച ശേഷം ഇവിടെയൊക്കെയാണ് മക്കളുടെ കറക്കം എന്ന് പറയുംയ തങ്ങളുടെ മക്കൾ ആ ഫോട്ടോയിൽ ഇല്ലെന്ന് പറഞ്ഞാൽ ഉടനെയെത്തും മറുപടി ഇതല്ലെങ്കിൽ വേറെ സ്ഥലങ്ങളിൽ പോകുന്നുണ്ടാകും. പിന്നെ ഫോണിൽ നിന്നും പല ദൃശ്യങ്ങളും ലഭിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ഇതിനൊന്നും തെളിവില്ലെന്ന് പറയുകയും ചെയ്യുന്നതാണ് റൂബന്റെ ശൈലി.

വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ വേണ്ടി മുക്കിലും മൂലയിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചാണ് പലപ്പോഴും പ്രതികാര നടപടികൾ തുടരുന്നത്. ഇപ്പോൾ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ തിരിച്ചറിയാനും ഈ ക്യാമറയാണ് മാനേജ്‌മെന്റ് ഉപയോഗിച്ചത്. ഇപ്പോഴത്തെ സംഭവങ്ങളോട് കൂടുതൽ ക്യാമറകളും സ്ഥാപിച്ചു. സമരങ്ങൾ നടന്ന പശ്ചാത്തലത്തിൽ റൂബനെ എച്ച്ഒഡിയായി നിലനിർത്തണം എന്ന് കുട്ടികൾ ആവശ്യപ്പെടുന്നവെന്ന തരത്തിൽ ഒരു നിവേദനമുണ്ടാക്കി കുട്ടികളെകൊണ്ട് ഒപ്പിടീപ്പിച്ച് വാങ്ങുകയും ചെയ്തിരുന്നു. സിഇ മാർക്ക് കുറയുമെന്ന ഭയത്തിലാണ് കുട്ടികൾ ഒപ്പിട്ട് നൽകിയത്. ഇത് സമരം തകർക്കാൻ വേണ്ടി ആസൂത്രിതമായ നീക്കമായിരുന്നു.

റൂബനെ പേടിച്ച് മാന്യമായി വസ്ത്രം ധരിക്കാൻ പോലും തങ്ങൾക്ക് പേടിയാണെന്നാണ് ചില വിദ്യാർത്ഥികൾ പറഞ്ഞത്. ഹോസ്റ്റലിലൂടെ കുട്ടികൾ നടന്നു പോകുമ്പോൾ ടീ ഷർട്ട് പൊക്കിയ ശേഷം നിക്കറിടുന്നത് ഇങ്ങനെയാണോടാ എന്നുവരെ ചോദിച്ചിട്ടുണ്ട് ഈ വൈദികനെന്നാണ വിദ്യാർത്ഥികൾ വെളിപ്പെടുത്തിയത്. ഈ ചിത്രം കാണിച്ച് വരെ ഭീഷണിപ്പെടുത്തുന്ന ഭീതിതമായ അവസ്ഥയെക്കുറിച്ചും ഇവർ പങ്കുവച്ചു. ഹോസ്റ്റൽ മെസ്സിലെ ഭക്ഷണത്തിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദമെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും പറയുന്നുണ്ട്. രണ്ട് ഇഡ്ഡലിയാണ് നൽകുക. അത് പോരാത്തവർക്ക് ബ്രഡിൽ സാമ്പാർ ഒഴിച്ച് നൽകും. എതിർക്കുന്ന വിദ്യാർത്ഥികളെ കഞ്ചാവ് വിൽപ്പനക്കാരായി ചിത്രീകരിക്കുകയാണ് പതിവ്. ഇത്രയും ക്രൂര നടപടികൾ സ്വീകരിക്കുന്ന റൂബനെ ഹോസ്റ്റൽ ചുമതലയിൽ നിന്നും മാറ്റണമെന്നതായിരുന്നു പ്രധാന കാര്യം. ഹോസ്റ്റൽ ചുമതലയിൽ നിന്നും മാറ്റിയെങ്കിലും ഇപ്പോഴും വിദ്യാർത്ഥികളെ ഭയപ്പെടുത്തി കസേരയിൽ കഴിയുന്നത്.

കോളേജിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും ഫാദർ റൂബിനെതിരെ പരാതി പറഞ്ഞിരുന്നു. എന്നാൽ, ഈ റൂബിനെ കൈവിടാൻ കത്തോലിക്കാ സഭയും മാനേജ്‌മെന്റും തയ്യാറായില്ല. കോളേജിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും പിന്നിൽ ചുക്കാൻ പിടിക്കുകയും കോളേജിനെ ഉന്നതിയിലെത്തിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഫാദർ റൂബിനെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഈ ആവശ്യം കോളേജിന്റെ വളർച്ചയെ തടയാൻ വേണ്ടിയാണെന്നും മാനേജ്‌മെന്റ് വാദിക്കുന്നു. അതേസമയം വൈദികനെതിരെ പരാതി ഉന്നയിച്ച് സമരത്തിനിറങ്ങിയ വിദ്യാർത്ഥികളും കടുത്ത ആശങ്കയിലാണ്. പെൺകുട്ടികൾ അടക്കം എസ്എഫ്‌ഐ സമരം നടത്തിയപ്പോൾ കാമ്പസിന് അകത്ത് സമര രംഗത്തുണ്ടായിരുന്നു. എന്നാൽ ഇവരെല്ലാം മാനേജ്‌മെന്റിന്റെ പ്രതികാരം ഭയന്നിരിക്കയാണ്.

2 comments:

  1. കാഞ്ഞിരപ്പള്ളി നാട്ടുകാരനെന്നു പറയുന്നത് പണ്ടൊക്കെ എനിക്കഭിമാനമായിരുന്നു. ഇത്തരം ചെറ്റ പുരോഹിതരും ബിഷപ്പും കൂടി ആ നാടിനു തന്നെ അപമാനം വരുത്തിക്കൊണ്ടിരിക്കുന്നത് ലജ്‌ജാകരമാണ്. കോടിക്കണക്കിനു പണവും മുടക്കി പഠിക്കാൻ വിടുന്ന മാതാപിതാക്കൾ എന്തു വിശ്വാസത്തോടെയാണ് ഇത്തരം അധാർമ്മികരായ പുരോഹിതരുടെ സങ്കേതത്തിലേയ്ക്ക് പിള്ളേരെ അയക്കുന്നതെന്നു ഓർക്കുമ്പോൾ നാടിനെയോർത്ത് സഹതാപം തോന്നുന്നു. ഭരിക്കുന്ന പാർട്ടി ആരു വന്നാലും അവർക്കെല്ലാം അരമനയിലെ കോഴിക്കാലു തിന്നു കഴിയുമ്പോൾ മെത്രാൻ ദൈവമാകും. ആരാന്റെ പണവും കൊട്ടാരവും കൈവശം വെച്ച് രാജകീയ നിലകളിൽ ജീവിക്കുന്ന ഈ പരിശുദ്ധ റുഹാകൾക്ക് എന്തുമാകാമെന്ന സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്. കുട്ടികളോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന ഈ പുരോഹിതനെ തളച്ചിടേണ്ടത് ആവശ്യമാണ്. ഇയാൾ ചെയ്യുന്നത് മനുഷ്യാവകാശലംഘനവുമാണ്‌.

    ReplyDelete
  2. "ഈ വൈദികൻ മരിക്കുമ്പോൾ സ്വർഗത്തിൽ പോയാൽ ആ സ്വർഗ്ഗം ഞങ്ങൾക്ക് വേണ്ടെന്ന് വിദ്യാർത്ഥികൾ"
    'നിന്ദ്യനും' 'നീചനുമായ' പുരോഹിതനെ നമ്മുടെ പിതാക്കന്മാർ 'വന്ദ്യനും'
    'പുണ്ണിയ്‌വാനും' ആയി കണ്ടെന്നാലും, വരും തലമുറ ഇവന്റെ അധമ നാവിനാൽ ജല്പനം ചെയ്യുന്ന കൂദാശയും കുർബാനയും നിന്ദ്യവും നീചവുമായേ കാണുകയുള്ളൂ എന്ന് കാലത്തെ കാത് തുറപ്പിക്കുവാൻ കാലേകൂട്ടി പറഞ്ഞ നിയതിയുടെ പ്രവചനമായേ എനിക്ക് കരുത്താനാകാവൂ ! പുരോഹിതൻ കയറാൻ മോഹിക്കുന്ന , നമ്മെ [നാം ചിക്കിലി കൊടുത്താൽ] കൂദാശ ചെയ്തു കയറ്റാമെന്നു പറയുന്ന സ്വർഗം വേണ്ടായെന്നു മുന്കൂര് നിഷേധിക്കുന്ന തലമുറ നിശ്ചയമായ്‌ "ക്രിസ്തുവിനെ അറിയുന്ന ക്രിസ്ത്യാനികൾ " എന്ന് വിളിക്കപ്പെടും ! കഴിയുമെങ്കിൽ ഈ കുഞ്ഞുങ്ങളെ കണ്ടു പഠിക്കൂ മാതാപിതാക്കളെ ..ഇതാണെന്റെ പ്രാർത്ഥന !

    ജനത്തെകൊണ്ട് പള്ളിപണിയിച്ചിട്ടു ആ പള്ളി വിറ്റു കാശു കീശയിലാക്കുന്ന ''പുരോഹിത മാഫിയാ'' യൂറോപിയിലെപ്പോലെ കേരളത്തിലും തങ്ങളുടെ ദുഷ്കർമ്മം തുടങ്ങിയതിനാൽ, ഇവന്മാർ കള്ളമാരാണെന്നും , ഇവർക്കായി ഉപജീവനാർത്ഥം നമ്മെക്കൊണ്ട് പണിയിപ്പിച്ച പള്ളി ''കള്ളന്മാരുടെ ഗുഹയാണെന്നും'' നമ്മെ 2000 കൊല്ലം മുൻപേ പ്രബോധിപ്പിച്ച ക്രിസ്തു മനുഷ്യപുത്രനല്ല സത്യത്തിന്റെ പ്രവാചകനും കാലത്തെ അറിയുന്ന ദൈവവുമാകുന്നു !
    samuelkoodal

    ReplyDelete