('Church Act Council' വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റ്)
ആടുകള്‍ നിസ്സംഗരും
അലസരും സര്‍വ്വോപരി മന്ദബുദ്ധികളും തന്‍കാര്യംമാത്രം നോക്കി പുല്ലും തിന്ന്
നടക്കുന്ന ജീവികളാണ് എന്ന് പൊതുവില്‍ പറയാറുണ്ട്. ആപത്ത് തിരിച്ചറിയാനുള്ള
വിവേചനശേഷിയോ അതില്‍നിന്ന് ഒഴിഞ്ഞുമാറാനോ ചെറുക്കാനോ ഉള്ള പ്രതികരണസ്വഭാവമോ
അവയ്ക്കില്ലാത്തതാണ് അത്തരമൊരു കുപ്രസിദ്ധി അവയ്ക്കു കിട്ടാന്‍ കാരണം.
ഇടയനുമാത്രമാണ് അവരുടെമേല്‍
നിയന്ത്രണാധികാരങ്ങള്‍ ഉള്ളത്. വളരെ സവിശേഷമായ അടിമമനഃസ്ഥിതിയും ആള്‍ക്കൂട്ടസ്വഭാവവും
ആടുകള്‍ കാണിക്കുന്നതുകൊണ്ട് അവയെ കീഴ്പ്പെടുത്തി നിര്‍ത്താനും നിയന്ത്രിക്കാനും
എളുപ്പമാണ്. കൂട്ടത്തില്‍ രണ്ടെണ്ണം വഴികാണിച്ചു കൊടുത്താല്‍ ആ വഴിയേ പോകും ബാക്കി
ആടുകളെല്ലാം.
സഭാഭേദമെന്യേ
ക്രിസ്തുമതവിശ്വാസികള്‍ വിശേഷിപ്പിക്കപ്പെടുന്നത് 'കുഞ്ഞാടുകള്‍' എന്ന പേരിലാണ്.
സഹജമായ അല്പബുദ്ധിയുടെകൂടെ കുഞ്ഞുങ്ങളുടെ നിഷ്‌ക്കളങ്കതകൂടി ചേര്‍ന്ന ഒരു അത്യപൂര്‍വ്വ
രസക്കൂട്ട്. സഭയും അച്ചന്മാരും അങ്ങനെതന്നെയാണ് വിശ്വാസികളെ അഭിസംബോധന
ചെയ്യുന്നതും ഇടപഴകുന്നതും. അജഗണം, അജപാലകന്‍; കുഞ്ഞാടുകള്‍, ആട്ടിടയന്‍;
പുല്‍മേട്, കാണാതെപോയ ആട് എന്നിവയൊക്കെ പള്ളികളില്‍
സ്ഥിരമായി കേള്‍ക്കുന്ന പദാവലികളാണ്.
ഫ്രാങ്കോ
മുളയ്ക്കല്‍ എന്ന കത്തോലിക്കാ ബിഷപ്പ് ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ച വിഷയത്തില്‍
വിശ്വാസികളുടെ നിസ്സംഗത ആടുവിഷയത്തിലെപ്പോലെതന്നെ കൗതുകമുളവാക്കുന്നതാണ്. സംഭവിച്ച
അക്രമത്തിന്റെ വ്യാപ്തിയോ അതിലെ കുറ്റകൃത്യത്തിന്റെ ഹീനതയോ മനസ്സിലാക്കാനുള്ള
കേവലയുക്തിപോലും ഈ വിശ്വാസികള്‍ക്ക് ഇല്ല എന്നതിനുള്ള കൃത്യമായ തെളിവാണ് ഈ
വിഷയത്തില്‍ അവര്‍ പ്രകടിപ്പിച്ച നിസ്സംഗത. ഇത്തരം നിസ്സംഗത അഥവാ ധാര്‍മ്മികമരവിപ്പ്
ഉണ്ടാക്കിയെടുക്കുന്നത് മതബോധനം എന്ന പ്രക്രിയയിലൂടെയാണ്. ജീവിതകാലം മുഴുവന്‍
യജമാനവിധേയത്വംമാത്രമുള്ള ഒരു വളര്‍ത്തുമൃഗമായി
വിശ്വാസി മാറുന്നത് മതബോധനത്തില്‍ക്കൂടിയാണ്. ആടുകളും ഇടയനും എന്നത് എത്ര അര്‍ത്ഥവത്തായ
പ്രയോഗമാണ്! ഇടയന്‍ തെളിക്കുന്നിടത്തേക്കേ ആടുകള്‍ പോകൂ, വേണമെങ്കിലും വേണ്ടെങ്കിലും. അവന്‍
കാണിക്കുന്നിടത്തേ ഇരിക്കൂ, കിടക്കൂ; അവര്‍
കാണിക്കുന്നിടത്തേക്കേ നടക്കൂ; അതിപ്പോള്‍
അറവുശാലയിലേക്കാണെങ്കിലും. എല്ലാം ദൈവനിശ്ചയവും എഴുതപ്പെട്ടിരിക്കുന്നതുമാകുന്നു.
ആത്മസത്ത നഷ്ടമായി സ്വജീവിതംതന്നെ വൈദികരുടെ കൈകളില്‍ ഏല്പിച്ചുകൊടുക്കുന്ന
നിസ്സഹായതയിലേക്കാണ് വിശ്വാസിയുടെ 'വളര്‍ച്ച'. തീരെ ചെറുപ്പം മുതലുള്ള ഇത്തരം പരിശീലനത്തിന്റെ ഫലമായി, മെല്ലെമെല്ലെ ഒരു അധാര്‍മ്മിക പ്രവൃത്തിയോടും പ്രതികരിക്കാനാവാത്ത
സുഖകരമായ ഒരുതരം മരവിപ്പിലേക്കാണ് ഓരോ വിശ്വാസിയും പരുവപ്പെടുന്നത്.
ധാര്‍മ്മികമൂല്യങ്ങള്‍
പഠിപ്പിക്കുന്നു എന്നതാണ് എല്ലാ മതങ്ങളുടെയും അവകാശവാദം.
നന്മ-തിന്മകളെപ്പറ്റിയുള്ള മതവീക്ഷണം പഠിപ്പിക്കുമെങ്കിലും, തിന്മയോട് എങ്ങനെ പ്രതികരിക്കണം
എന്ന് ക്രൈസ്തവ വേദപഠനത്തില്‍ പഠിപ്പിക്കാറില്ല എന്നത് ശ്രദ്ധാര്‍ഹമാണ്.
നന്മ-തിന്മകളുടെ സാമൂഹികവശങ്ങളും പ്രത്യാഘാതങ്ങളും പന്ത്രണ്ടു കൊല്ലം നീളുന്ന ഈ
മതപഠനത്തില്‍ പേരിനുപോലും ഉണ്ടാവാറില്ല. ദേവാലയങ്ങളില്‍ പോവുകയും നേര്‍ച്ചയിടുകയുംചെയ്താല്‍
ധാര്‍മ്മികതയും നന്മയും ഉള്ളവരായി എന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും
ചെയ്യുന്നിടത്ത് മതബോധനം പൂര്‍ണ്ണമാകുന്നു.
ഇത്തരം വികലമായ ധര്‍മ്മബോധത്തില്‍നിന്നുതന്നെയാണ്
പാപപ്പരിഹാരത്തിനായി (പുരോഹിതര്‍വഴി ദൈവത്തിന്) നേര്‍ച്ചകാഴ്ചകള്‍ കൊടുത്താല്‍മതി
എന്ന ധാരണ വിശ്വാസിയില്‍ വേരൂന്നുന്നത്.
വൈദികനോട് പാപങ്ങള്‍ ഏറ്റുപറഞ്ഞു
കുമ്പസരിച്ചാല്‍ എല്ലാത്തരം പാപങ്ങളും പൊറുത്തുകിട്ടും എന്നത് ക്രിസ്ത്യാനികളില്‍
വളരെ ചെറുപ്പംമുതലേ ശീലിപ്പിച്ചെടുക്കുന്ന ഒന്നാണ്. ചെറുതും വലുതുമായ ഏതുതരം
പാപങ്ങള്‍ക്കും വൈദികരുടെ കൈയില്‍ പരിഹാരമുണ്ട്. പ്രാര്‍ത്ഥനകളും ജപങ്ങളും
ചൊല്ലിയാല്‍ തീരാത്ത പാപങ്ങളില്ല, ക്രിസ്തുമതത്തില്‍. കൊടിയപാപങ്ങള്‍ നൊവേന നടത്തിയോ പെരുന്നാള്‍ ഏറ്റോ
കൊടിമരം സ്വര്‍ണ്ണം പൂശിയോ സ്വര്‍ണ്ണക്കിരീടം കൊടുത്തോ തീര്‍ക്കാവുന്നതേ ഉള്ളൂ!
പള്ളിപ്പരിപാടികളുടെ ചെലവ് ഏറ്റെടുക്കുന്ന സ്‌പോണ്‍സറിങ് എന്ന ഒരുതരം പാപപരിഹാരവും
നിലവിലുണ്ട്. ഇത് തന്റെ പ്രവൃത്തികളും അതിലൂടെ സ്വരൂപിച്ച സമ്പത്തും അന്യായമാണ്
എന്ന് ഉത്തമബോധ്യമുള്ള വിശ്വാസികള്‍ സ്വയം ഏറ്റെടുക്കുന്ന പിഴയാണ് മിക്കപ്പോഴും.
ഏതുതരം
ഹീനപ്രവൃത്തിയും ഒന്നു കുമ്പസരിച്ചാല്‍ തീരുമെന്നും വൈദികനും വൈദികനിലൂടെ
ദൈവവുമാണ് ന്യായാന്യായങ്ങള്‍ തീരുമാനിക്കുന്നതെന്നും അവര്‍ ക്ഷമിച്ചാല്‍ പാപങ്ങള്‍തന്നെ
ഇല്ലാതാകുമെന്നും ഉള്ള വികലബോധം ഉണ്ടാക്കിയെടുക്കുന്നതിനെയാണ് മതബോധനം എന്നു
വിളിക്കുന്നത്. ഇത്തരം രീതികളൊക്കെ ചെറുപ്പംമുതല്‍ പഠിപ്പിക്കുകയും
ശീലിപ്പിക്കുകയും ചെയ്യുന്നു. തിന്മകള്‍
ആഴ്ചയിലൊരിക്കലോ ഇനി സൗകര്യപ്പെടില്ലെങ്കില്‍ ആണ്ടിലൊരിക്കലോ
വെളുപ്പിച്ചെടുക്കാനുള്ള സൗകര്യവും പള്ളി കൊടുക്കുന്നുണ്ട്.
കുമ്പസാരിച്ചുകഴിഞ്ഞാല്‍പ്പിന്നെ പാപങ്ങളൊക്കെ 'ശ്ശൂ'ന്ന് പോയി നിങ്ങള്‍
നന്മനിറഞ്ഞവനാകും! അടുത്തതവണ കുമ്പസാരിക്കുംവരേ ധൈര്യമായി പാപങ്ങള്‍ ചെയ്യാനുള്ള
അവകാശം (ധൈര്യം) കൂടിയാണ് ഓരോ കുമ്പസാരവും നല്‍കുന്നത്. ആ ധൈര്യത്തിലാണ് ഓരോ
വിശ്വാസിയും പള്ളിവിട്ടിറങ്ങുന്നത്.
ഫ്രാങ്കോ
വിഷയത്തിലേക്ക് തിരിച്ചുവരാം. പാവപ്പെട്ട കന്യാസ്ത്രീകളെ മതസ്ഥാപനങ്ങളില്‍വച്ചുതന്നെ
ബലാത്സംഗം ചെയ്യുകയും, അതിലൊരാള്‍
ഗതികെട്ട് വിവരം സഭാവേദികളിലെല്ലാം പറഞ്ഞിട്ടും ഫലമില്ലാതെ, പുറത്തുപറഞ്ഞപ്പോള്‍
വിശ്വാസികളുടെ പ്രതികരണം എന്തായിരുന്നു എന്ന് നോക്കൂ. എല്ലാവരും ഒന്നുംസംഭവിക്കാത്തപോലെ പള്ളികളില്‍
പോവുകയും നേര്‍ച്ചയിടുകയും ചെയ്യുന്നു. പീഡകനായ ഇടയനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ഇരയായ കന്യാസ്ത്രീയെ വേശ്യയെന്ന് അധിക്ഷേപിക്കുന്നു. തങ്ങളുടെ ഇടയനെ വഴിതെറ്റിച്ച്
പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തിയെന്നു പറയുന്നു. ആടുകളുടെ നിസ്സംഗതയല്ലാതെ
മറ്റെന്താണ് അത്?! ഒരു ബലാത്സംഗിയെ ന്യായീകരിക്കാന്‍ കുറച്ചു
വൈദികര്‍ വൃക്ക കൊടുത്ത കഥകള്‍ പ്രചരിപ്പിക്കുന്നു. വെള്ളപ്പൊക്കത്തില്‍ അവര്‍
അരികൊടുക്കാന്‍ പോകുന്ന പടവും വാര്‍ത്തകളും വരുന്നു. എല്ലാം സാത്താന്റെ
പ്രലോഭനങ്ങള്‍ ആണെന്ന് പറയുന്നു. സഭയ്ക്കും സഭാപിതാക്കന്മാര്‍ക്കും എതിരെയുള്ള
ഗൂഢലയോചനയാണ് ഇതെല്ലാം എന്ന വാദവും പുറത്തെടുക്കുന്നു.
ഒരു മൂന്നാലു
കൊല്ലം മുന്‍പ് കത്തോലിക്കാസഭയില്‍മുഴുവന്‍ ഒരു വര്‍ഷം നീണ്ടുനിന്ന പ്രാര്‍ത്ഥനയുണ്ടായിരുന്നു, വൈദികര്‍ക്കുവേണ്ടി. സാര്‍വ്വദേശീയമായിത്തന്നെ
ലൈംഗിക അതിക്രമങ്ങള്‍ സഭയ്ക്കുള്ളില്‍ നിയന്ത്രണാതീമായ സാഹചര്യത്തിലായിരുന്നു,
അത്. അജഗണങ്ങളെല്ലാം ഇടയന്മാര്‍ക്കു വഴിപിഴയ്ക്കാതിരിക്കാനായി ഒരു
ദിവസംപോലും വിടാതെ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ ഫലം വന്നതോ,
കൂടുതല്‍ കൂടുതല്‍ ലൈംഗികപീഡനങ്ങളുടെയും സാമ്പത്തിക തിരിമറികളുടെയും
രൂപത്തില്‍. മുട്ടിലെ തൊലി പോയതു മിച്ചം. എങ്കിലും വിശ്വാസിയായ ആട് പിന്നെയും
പോകും, പുല്ലു തിന്നാനും തല്ലു മേടിക്കാനും. അതാണല്ലോ
വിശ്വാസം.
ഇനിയുമിനിയും
ഇത്തരം പീഡനങ്ങളും നീതിനിഷേധവും തട്ടിപ്പും സാമ്പത്തികതിരിമറികളും ചൂഷണങ്ങളും
പുറത്തുവരും. കൂടുതല്‍ കൂടുതല്‍ ഇരകള്‍ പീഡനത്തിന്റെ ദുര്‍വ്വിശേഷങ്ങള്‍
വിളിച്ചുപറയും. എന്നാലും ആടുകള്‍ പിന്നെയും പള്ളിയെന്ന പുല്‍മേട്ടിലേക്കു പോകും, പുല്ല് തിന്നാന്‍. അവര്‍ ഫ്രാങ്കോ
കീജെയ് കീജെയ് കാഞ്ഞിരപ്പിള്ളി മെത്രാന്‍ കീജെയ്, ആലഞ്ചേരി
കീജെയ് എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും.
യേശുവിന്റെ മനോഭാവം
ആര്‍ജിക്കുക
യേശുവിന്റെ കാലത്തെ
സാമ്പത്തികവ്യവസ്ഥിതിയോടുള്ള അവിടുത്തെ പ്രതികരണം എന്തായിരുന്നു? ഒന്നു വ്യക്തം. യേശു ധനവാന്‍മാരെ
വെറുത്തില്ല. അവര്‍ ക്ഷണിച്ചപ്പോഴെല്ലാം അവരുടെ വീടുകളില്‍ പോയി. ക്ഷണിക്കാതെതന്നെ
കയറിച്ചെന്നിട്ടുമുണ്ട്. എന്നാല്‍ ധനവാന്‍മാരുടെ മുഖത്തുനോക്കി വിമര്‍ശിക്കാനുള്ള
ധാര്‍മികശക്തി യേശുവിനുണ്ടായിരുന്നു. 'ധനവാന്മാരെ നിങ്ങള്‍ക്ക്
ഹാ, കഷ്ടം.' 'ഒട്ടകം സൂചിക്കുഴയിലൂടെ
കടക്കുന്നതാണ് നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം'
എന്നൊക്കെ പറയുവാനുള്ള ധൈര്യം യേശുവിനുണ്ടായിരുന്നു. 'ഭയപ്പെടരുത'് എന്ന് 365
പ്രാവശ്യം ബൈബിളിലുണ്ട്. ആ ബൈബിള്‍ 365 ദിവസം വായിക്കുന്ന
നമ്മള്‍, ക്രിസ്ത്യാനികള്‍, ഇന്ന് ശാപഭയത്തിലും പാപഭയത്തിലും ജീവിക്കുന്നു.
പ്രമാണിയായ
ഫരിസേയന്റെ വിരുന്നുശാലയിലിരുന്ന്, 'നീ ക്ഷണിക്കേണ്ടത് വികലാംഗരെയും മുടന്തരെയും കുരുടരെയും
പട്ടിണിപ്പാവങ്ങളെയുമാണ്' എന്ന് പറഞ്ഞവനാണ് യേശു. മാന്യനായ
ശിമയോന്റെ മുഖത്തുനോക്കി, കുലടയെന്നു വിശേഷിക്കപ്പെട്ട ഒരുവളുടെ സ്‌നേഹത്തെ പുകഴ്ത്തി പറഞ്ഞത് നാം
മറക്കരുത്. 'നീ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവിന്
രക്ഷ കിട്ടുകയില്ലെങ്കില്‍ എന്തു ഫലം?' എന്നു ചോദിച്ച്
അനേകരുടെ മനസ്സാക്ഷിയെ ഇളക്കിമറിച്ച ആ യേശുവിന്റെ ചോദ്യം ഇന്ന് ക്രിസ്ത്യാനിക്ക്
പ്രസക്തമായിത്തോന്നാത്തത് എന്തുകൊണ്ടാണ്?
വിമര്‍ശനങ്ങള്‍
ഉന്നയിക്കാനും ഏറ്റുവാങ്ങാനും കഴിയാത്ത തരത്തില്‍ നാമെല്ലാം അത്രയേറെ
നിസ്സംഗരായിക്കഴിഞ്ഞു. ദേവാലയം
കച്ചവടസ്ഥലമാക്കിയതു കണ്ടപ്പോള്‍ ചാട്ടവാറെടുത്ത യേശു നമ്മുടെ ഉള്ളില്‍ നിന്ന്
പിണങ്ങി ഇറങ്ങിപ്പോയത് നാം അറിയുന്നില്ലേ?
തിരുസഭയെ കച്ചവടസ്ഥലമാക്കുന്നത് കണ്ടിട്ടും, റിയല്‍
എസ്റ്റേറ്റ് മാഫിയകള്‍ അരമനയുടെ അന്തപ്പുരങ്ങള്‍ കീഴടക്കുന്നതറിഞ്ഞിട്ടും
നിശ്ശബ്ദനായി ഒതുങ്ങുകയാണ് ഓരോ ക്രിസ്ത്യാനിയും. അന്തപ്പുരങ്ങളില്‍ വ്യഭിചാരം
നടക്കുന്നതറിഞ്ഞിട്ടും, ഭയംമൂലം കണ്ണുപൂട്ടി നട്ടെല്ലു
വളച്ചിരിക്കുന്നവന്‍ ക്രിസ്ത്യാനിയാകുന്നതെങ്ങനെ?
കുതന്ത്രങ്ങളും
കള്ളക്കഥകളും മെനഞ്ഞ് കള്ളക്കച്ചവടങ്ങള്‍ക്കുമേല്‍ ധൂപക്കുറ്റി വീശുന്ന
മഹാപുരോഹിതരുടെ പിന്നില്‍ അണിനിരക്കുകയാണു നാം. ചാനലുകള്‍ ബഹിഷ്‌കരിക്കുന്നതും
പത്രങ്ങള്‍ വായിക്കാതിരിക്കുന്നതുമാണ് പരിഹാരമെന്ന് അവര്‍ പറയുമ്പോള്‍ ഉയരുന്ന
വിമര്‍ശനങ്ങള്‍ ഒതുക്കി മറുപടി പറയാതെ നാം തല കുനിക്കുകയാണ്!
ഇന്ന്
ക്രിസ്ത്യാനിയുടെ ശത്രു ആര്‍. എസ്. എസ്സ്-ഓ ബി.ജെ.പി-യോ മുസ്‌ളീം സംഘടനകളോ മറ്റു
മതങ്ങളോ അല്ല. മറിച്ച,്
നമ്മില്‍നിന്ന് നഷ്ടപ്പെട്ടുപോയ ക്രിസ്ത്യാനിറ്റി ആണ്. ധാര്‍മികത തൊട്ടു തീണ്ടിയിട്ടില്ലാത്ത
സഭാധികാരികളുടെ കീഴില്‍ ചെകിടരും മൂകരും അന്ധരുമായ ഒരു ക്രിസ്ത്യാനിവര്‍ഗ്ഗം
പടുത്തുയര്‍ത്തപ്പെടുകയാണ്. 'വിശുദ്ധ ജനം' എന്ന് ഒരു കാലത്ത് ക്രിസ്ത്യാനിയെ നോക്കി മറ്റുള്ളവര്‍
വിളിച്ചിരിന്നുപോലും! ഇന്ന് ഒന്നു പരിഹസിക്കാന്‍പോലും നമ്മെ നോക്കി ആ പേര് ആരും
പറയില്ല.
ഫാരീസും റോബിനച്ചനും ഷംസുദ്ദീനും സാജു കുന്നേലും
പീലിയാനിക്കലും ഫ്രാങ്കോയും വല്യദ്ദേഹവും
തുടങ്ങി എല്ലാവരും ഒന്നിച്ച് സഭയെ പടുത്തുയര്‍ത്തുകയാണ്. ഇവരുടെ പ്രവൃത്തികളെ
വിമര്‍ശിക്കുന്ന വിഢികളും സഭാ
വിരുദ്ധരുമത്രെ! അവര്‍ചുമ്മാ കുരക്കുകയാണ്.
പ്രിയ
ക്രിസ്ത്യാനീ....,
ക്രിസ്തുവിനുണ്ടായിരുന്ന
ആര്‍ജവം, തെറ്റുകളോടു
പ്രതികരിക്കുവാനുള്ള മനോഭാവം നാം വളര്‍ത്തിയെ ടുക്കേണ്ടത് കാലഘട്ടത്തിന്റെ
ആവശ്യമാണ്. ഇനിയും ഉറങ്ങരുത്. ഒരിക്കല്‍ കരിശില്‍ മരിച്ച ക്രിസ്തുവിനെ വീണ്ടും
കുരിശില്‍ തറയ്ക്കരുത്. റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കും വ്യഭിചാരങ്ങള്‍ക്കുംവേണ്ടി
സഭയുടെ വാതിലുകള്‍ തുറക്കാന്‍ ഇനിയു നാം അനുവദിക്കരുത്. നന്‍മയുള്ള അഭിഷിക്തരായ
വിശുദ്ധ ജനമേ, നിങ്ങള്‍ നീതിക്കുവേണ്ടി നിലകൊള്ളുക, സ്വരമുയര്‍ത്തുക.
വിശുദ്ധിയുള്ള, നന്‍മയുള്ള വൈദികരേ...., നിങ്ങള്‍ സ്വരമുയര്‍ത്തി സംസാരിക്കുവിന്‍!
വിശുദ്ധരായ
വചനപ്രഘോഷകരേ, നിങ്ങളുടെ
വേദികള്‍ നഷ്ടമാകുമെന്നോര്‍ത്ത് നിങ്ങള്‍
നിശ്ശബ്ദരാകരുത്. സത്യത്തിനുവേണ്ടി ശബ്ദിക്കണം.
ശക്തരായ
ധ്യാനഗുരുക്കന്‍മാരേ, നിങ്ങള്‍
തെറ്റുകള്‍ മൂടിവക്കാന്‍ കൂട്ടുനില്‍ക്കരുത്. കുരിശില്‍ മരിച്ച ക്രിസ്തുവിനെ ഓര്‍ത്ത്
നിങ്ങള്‍ സത്യത്തെ കുരിശില്‍ തറയ്ക്കരുത്. മറ്റു രൂപതകളിലെയും രാജ്യങ്ങളിലെയും ധ്യാനങ്ങള്‍
നഷ്ടപ്പെടുമെന്നോര്‍ത്ത് നിങ്ങള്‍ അടിമകളാകരുത്. തിരുത്തപ്പെടേണ്ടവ
തിരുത്തപ്പെടണമെന്ന് പറയാനുള്ള ആര്‍ജവം നിങ്ങള്‍ കാണിക്കണം. കാരണം, ഇതു നിങ്ങളെ ദൈവം ഏല്പിക്കുന്ന പ്രവാചകദൗത്യമാണ്. അതാണ് യഥാര്‍ത്ഥ
സുവിശേഷം പ്രഘോഷണം. അധികാരിവര്‍ഗ്ഗത്തിന്റെ തിന്‍മകളെ നിശിതമായി വിമര്‍ശിച്ച
ക്രിസ്തുവിന്റെ സുവിശേഷമാണ് പ്രഘോഷിക്കപ്പെടേണ്ടത്.
No comments:
Post a Comment