Translate

Saturday, February 9, 2019

അനുസരണം എന്ന വ്രതം (ഒരു അവലോകനം: ചാക്കോ കളരിക്കല്‍)



ചാക്കോ കളരിക്കല്‍
ഫ്രാങ്കോ മെത്രാന്‍റെ ലൈംഗിക കുറ്റകൃത്യത്തോട് ബന്ധപ്പെട്ട് കുറവിലങ്ങാട് എം ജെ മഠത്തിലെ അന്തേവാസികളായ കന്ന്യാസ്ത്രികള്‍ വഞ്ചി സ്ക്വയറില്‍ സമരം ചെയ്തതിന്‍റെ പേരിലും ആ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ലൂസി കളപ്പുര എന്ന കന്ന്യാസ്ത്രി വഞ്ചി സ്ക്വയറില്‍പോയതിന്‍റെ പേരിലും അവര്‍ക്കെതിരായി സഭാധികാരം ശിക്ഷാ നടപടികള്‍ സ്വീകരിച്ച വിവരം നമുക്ക് അറിവുള്ളതാണല്ലോ. ശിക്ഷാ നടപടികളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍സന്ന്യാസാനുസരണവ്രതവുമായി ബന്ധപ്പെടുത്തണ്ട കാര്യമല്ലെന്നും അതനുസരിക്കാന്‍അവര്‍ ബാധകരല്ലെന്നുമുള്ള നിലപാടില്‍ ആ സന്ന്യസിനികള്‍ ഉറച്ചുനില്‍ക്കുന്നു. ഈ അവസരത്തില്‍, സന്ന്യസിക്കുന്നവര്‍ സ്വമനസാ സ്വീകരിക്കുന്ന മൂന്ന് വ്രതങ്ങളില്‍ (ദാരിദ്യം, കന്ന്യാവ്രതം, അനുസരണം) സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ പ്രയാസമുള്ളതും എന്നാല്‍ എളുപ്പത്തില്‍ തെറ്റിദ്ധരിക്കാന്‍ സാധ്യത ഏറെ ഉള്ളതുമായ അനുസരണം എന്ന വ്രതത്തിന്‍റെ അന്തസത്ത എന്തെന്ന് ഈ ലേഖനത്തില്‍ ചുരുക്കമായി പ്രതിപാദിക്കാന്‍ ആഗ്രഹിക്കുന്നു.

യേശുവിനെ അനുഗമിക്കുന്ന എല്ലാ ക്രിസ്ത്യാനികള്‍ക്കും ദാരിദ്യം, കന്ന്യാവ്രതം, അനുസരണം എന്നീ വ്രതങ്ങള്‍ അടിസ്ഥാനപരമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും സന്ന്യാസ ജീവിതത്തിന്‍റെ സൃഷ്ടിപരമായ ഘടകങ്ങളാണ് ദൈവമുമ്പാകെ എടുക്കുന്ന പരസ്യ വ്രതങ്ങള്‍. യേശു ദരിദ്രനായി ജീവിച്ചു; അവിവാഹിതനായി ജീവിച്ചു; സ്വര്‍ഗസ്ഥനായ പിതാവിന് വിധേയനായി ജീവിച്ചു. പിതാവായ ദൈവത്തിന്‍റെ സ്‌നേഹത്തെയും സ്വര്‍ഗരാജ്യത്തെയുംപ്പറ്റി പ്രസംഗിക്കാന്‍വേണ്ടി സ്വതന്ത്രനാകാനായിരുന്നു യേശു ആ ജീവിതരീതി തെരെഞ്ഞെടുത്തത്.അതുപോലെ,വ്രതവാഗ്ദാനം വഴി സന്ന്യാസികള്‍ദൈവസേവനത്തിന് പരിപൂര്‍ണമായി സമര്‍പ്പിക്കുന്നു. കൂടാതെ,സന്ന്യാസ ജീവിത അന്തസ്സ് ദൈവത്തോട് അടുക്കുന്നതിനുള്ള തടസ്സങ്ങളെ ഇല്ലാതാക്കി അവരെ സ്വതന്ത്രരാക്കുന്നു.ചുരുക്കത്തില്‍ ക്രിസ്താനുകരണമാണ് സന്ന്യാസ ജീവിതം.

നാലാം നൂറ്റാണ്ടിലാണ് സമര്‍പിത ജീവിതരീതി രൂപം കൊള്ളുന്നത്. ആദ്യമൊക്കെ അത് വ്യക്തിപരമായഒരു നിലപാടായിരുന്നെങ്കിലും ഏഴാം നൂറ്റാണ്ടോടെ അത് ഒരു വാഗ്ദാനമായി മാറി. അന്നൊക്കെ അനുസരണം ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. സമൂഹത്തിന്‍റെ തീരുമാനങ്ങളെ തലവന്‍ നടപ്പിലാക്കിയിരുന്നു. തലവന് സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ അധികാരം ഉണ്ടായിരുന്നില്ല. സഭ കര്‍ക്കശമായ സ്ഥാപനമായപ്പോള്‍ സുവിശേഷ മൂല്യങ്ങളെക്കാള്‍ പ്രധാനം സഭാധികാരികളോടുള്ള അനുസരണമായി. അപ്പോഴും മനഃസാക്ഷിയോടുള്ള വിധേയത്വത്തിനും സ്വന്തം ദൗത്യത്തിനുമായിരുന്നു പ്രാധാന്യം. മദര്‍ തെരേസ അവരുടെ മഠത്തിന്‍റെ നിയമങ്ങളെ അല്ല അവരുടെ മനഃസാക്ഷി അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. ഈശോസഭാംഗങ്ങള്‍ മാര്‍പാപ്പയോട് അനുസരണം വ്രതം ചെയ്യുന്നത് അദ്ദേഹം പറയുന്നതെല്ലാം അനുസരിച്ചുകൊള്ളാമെന്നല്ല; മറിച്ച്, അവരുടെ ദൗത്യനിര്‍വഹണത്തിനുള്ള മനസ്സൊരുക്കത്തെയാണ് പ്രകടമാക്കുന്നത്.അനുസരണയെ യേശുവിന്‍റെ കല്പനയായി സുവിശേഷത്തില്‍ കാണാന്‍ സാധിക്കുകയില്ല. യേശുവിന്‍റെ അനുയായികള്‍ ആകണമെങ്കില്‍ മറ്റൊരു മനുഷ്യന് സമര്‍പണം ചെയ്യണമെന്നും സുവിശേഷത്തില്‍ ഇല്ല. എങ്കിലും ദൈവത്തോടുള്ള യേശുവിന്‍റെ പൂര്‍ണ സമര്‍പണത്തെ ആധാരമാക്കി സന്ന്യാസ അനുസരണവ്രതം പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി സ്ഥാപിതമായി.

അനുസരണം എന്ന പദം ലത്തീന്‍ ഭാഷയിലെ 'ob-odiere' ശ്രദ്ധയോടെ കേള്‍ക്കുക എന്ന പദത്തില്‍നിന്നാണ് ഉത്ഭവിച്ചത്. പലവിധ ദൈവസാന്നിധ്യങ്ങളെ തിരിച്ചറിഞ്ഞ് മനഃസാക്ഷിയുടെ പ്രചോദനത്തോടെ സ്വന്തം ദൗത്യം നിര്‍വഹിക്കലാണ് അനുസരണത്തിന്‍റെ അടിത്തറ. തുല്യമായി ശിഷ്യത്വമെന്ന നിലയിലാണ് അനുസരണത്തെ കാണേണ്ടത്. ഇന്നത്തെ ചുറ്റുപാടില്‍ വളരെ പ്രയാസമുള്ള വ്രതമാണ് അനുസരണം. മേലധികാരികളുടെ കല്പനകള്‍ ദൈവതിരുമനസ്സാണെന്നുള്ള വ്യാഖ്യാനം അതിരു കടന്നതുതന്നെ. കാരണം മേലധികാരികളുടെ ബന്ധം പ്രായപൂര്‍ത്തിയായ വ്യക്തികളുമായാണ്. അത് മാതാപിതാക്കളും കുട്ടികളുംപോലെയുള്ള ബന്ധമല്ല. അനുസരണം ആശ്രയത്വമല്ല. അത് മുതിര്‍ന്നവരുടെ ഗുരുതരമായ ഉത്തരവാദിത്വ നിര്‍വഹണമാണ്. ദൈവം ദാനമായി തന്ന സ്വാതന്ത്ര്യത്തെ ആര്‍ക്കും അടിയറവ് വയ്‌ക്കേണ്ട കാര്യമില്ല. അധികാരം ഉപയോഗിച്ച് കുട്ടികളെയും സ്ത്രീകളെയും ബലാല്‍സംഗം ചെയ്യുന്നത് അധികാര ദുര്‍വിനയോഗമാണ്.പ്രായമായവര്‍ക്കും അധികാരികള്‍ക്കും എല്ലാം അറിയാം എന്ന സംസ്കാരം സന്ന്യാസാശ്രമങ്ങളിലും കടന്നുകൂടും. എന്നാല്‍ ഇന്നത്തെ ദൗത്യത്തെ ആധാരമാക്കി വേണം അനുസരണവ്രതത്തെ നോക്കിക്കാണാന്‍. അതുകൊണ്ടാണല്ലോ റോമില്‍നിന്നുള്ള ചില നിര്‍ദേശങ്ങളെ "രൃൗരശള്യശിഴ ീയലറശലിരല"എന്ന് കര്‍ദിനാള്‍ വിതയത്തില്‍ വിശേഷിപ്പിക്കുവാന്‍ ഇടയായത്. ഞാറക്കല്‍ കന്ന്യാസ്ത്രികളുടെ സ്കൂള്‍ അനധികൃതമായി പള്ളിമേലധികാരികള്‍ പിടിച്ചെടുത്തപ്പോള്‍ അതിന് എതിരായി കന്ന്യാസ്ത്രികള്‍ കോടതിയില്‍ കേസിനുപോയി. സഭയിലെ പരമോന്നത അധികാരിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഫ്രാങ്കോയുടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് കന്ന്യാസ്ത്രികള്‍സഭയില്‍ത്തന്നെ നീതിയ്ക്കായി അലഞ്ഞുനടന്നു. അത് കിട്ടാതെ വന്നപ്പോള്‍ അവര്‍ പോലീസില്‍ കേസുകൊടുക്കുകയും സമരം ചെയ്യുകയും ഉണ്ടായി. ഞാറയ്ക്കല്‍ കേസിലും വഞ്ചി സ്ക്വയര്‍ സമരത്തിലും ലൂസി കളപ്പുരസിസ്റ്റര്‍ വിഷയത്തിലും അനുസരണവൃത്തത്തിന്‍റെ അര്‍ത്ഥമെന്ത് എന്ന ചോദ്യത്തിന് വളരെ പ്രാധാന്യമുണ്ട്.നിര്‍ഭാഗ്യവശാല്‍ സഭയിലെ ഭരണമെല്ലാം അധികാരശ്രേണിയില്‍ അധിഷ്ടിതമാണ്. അത് സൈനിക മാതൃകയിലോ സ്വേച്ഛാധിപതി മാതൃകയിലോ രാജകീയ മാതൃകയിലോ ആയിരിക്കാന്‍ പാടില്ല.എങ്കിലും, തലപ്പത്തിരിക്കുന്നവര്‍ തങ്ങളെ ഏല്‍പിച്ചിരിക്കുന്നവരെ നിയമനിര്‍മാണ, നിയമനിര്‍വാഹക, ന്യായതീര്‍പ്പ് അധികാരങ്ങളോടെ ഭരിക്കുന്നത് തികച്ചും അെ്രെകസ്തവമാണ്. യേശുവിന്‍റെ മാതൃക ശിഷ്യരെ സ്‌നേഹിതര്‍ എന്നു വിളിച്ച മാതൃക (യോഹ.15: 15) അധികാരികളില്‍ കാണാറില്ല.

കുട്ടികള്‍ മാതാപിതാക്കളെയോ അധ്യാപകരെയോ അനുസരിച്ചില്ലെങ്കില്‍ ശിക്ഷയായി അവരുടെ നിതംബങ്ങളില്‍ തല്ലുകൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് അത്തരം പ്രവര്‍ത്തികള്‍ കുട്ടികളുടെ അവകാശലംഘനങ്ങളില്‍ പെടുന്നവയാണ്. പോലീസില്‍ കേസുകൊടുക്കാം; ജയില്‍ ശിക്ഷ വിധിച്ചെന്നിരിക്കാം; വമ്പിച്ച നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നെന്നിരിക്കാം. അനുസരണം എന്ന വിഷയം സിവില്‍ സൊസൈറ്റിയില്‍ ഗണ്യമായ പരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ട്എന്ന് മനസ്സിലാക്കാന്‍ ഈ ഒരു ഉദാഹരണം മാത്രം മതി.നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, നാസി ജര്‍മനിയില്‍ യഹൂദരെ കൊന്നൊടുക്കിയതിന്‍റെ കാരണം സൈനിക മേധാവികളുടെ ഉത്തരവുകളാണെന്ന് വിശദീകരണം നല്‍കി. സൈനിക മേധാവികളുടെമനഃസാക്ഷി വിരുദ്ധമായ ഉത്തരവുകളെ കീഴുദ്യോഗസ്ഥര്‍അനുസരിക്കണോ?ചോദ്യം ഉന്നയിക്കാതെ അനുസരിക്കുക എന്ന അന്ധമായ അനുസരണം (blind obedience)പട്ടാളച്ചിട്ടയാണ്.സന്ന്യാസ പരിശീലനകാലത്ത് അര്‍ത്ഥികളെഅന്ധമായ അനുസരണംഅഭ്യസിപ്പിക്കുന്നത് അവരുടെ ധാര്‍മിക ഉത്തരവാദിത്തത്തെ അട്ടിമറിക്കലാണ്. അത് അതില്‍ത്തന്നെ അധാര്‍മികവുമാണ്. സന്ന്യാസ അനുസരണം ഇന്ന് പ്രാവചനികമായിരിക്കണം. കലം പൊട്ടിച്ചതിന്‍റെ പേരിലുള്ള ശിക്ഷ പഴയ കഥയാണ്. സന്ന്യാസാശ്രമങ്ങളിലെ അനുസരണം സൈനിക അച്ചടക്കം പോലെയല്ല. മേലധികാരി ഒരു ചെടി തലകീഴായി നടാന്‍ പറഞ്ഞാല്‍ അത് അനുസരിക്കേണ്ട ആവശ്യമുണ്ടോ? ‘ഞാന്‍ഭാവത്തിന് തടയിടാന്‍എന്തും അനുസരിക്കണമെന്ന് ചിന്തിക്കുന്നവരും ഉണ്ട്.മുന്‍കാലങ്ങളില്‍ യൂറോപ്പില്‍ സൈനിക ശൈലിയില്‍, മെത്രാന്മാരും സന്ന്യാസാശ്രമ അധിപരുമാണ് സാമ്പത്തിക കാര്യങ്ങളിലെ തീരുമാനങ്ങള്‍ എടുത്തിരുന്നത്. രാജകീയ ഭരണകാലത്തെ അനുസരണവ്രത കാഴ്ച്ചപ്പാടിന് വലിയ മാറ്റങ്ങള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം സംഭവിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ പല മഠങ്ങളിലെയും സിസ്റ്റര്‍മാര്‍ സഭാവസ്ത്രത്തിനു പകരം സാധാരണ വസ്ത്രം ധരിക്കാന്‍ ആരംഭിച്ചു. മേലധികാരികളുമായി ആലോചിച്ച് സ്വന്തം സേവന വഴികള്‍ കണ്ടുപിടിച്ചു. കമ്മ്യൂണിറ്റി ജീവിതത്തിനു പകരം ഒറ്റയ്ക്കും പെട്ടെയ്ക്കുമായി ജീവിക്കാന്‍ ആരംഭിച്ചു. നേതൃത്വം കല്പനനല്‍കല്‍ അവസാനിപ്പിച്ചു. പകരം സിസ്റ്റര്‍മാരെ നേതൃത്വത്തിന്‍റെ ഉപദേശം തേടാന്‍ പ്രോത്സാഹിപ്പിച്ചു. ഞാറക്കല്‍, ഫ്രാങ്കോ, ലൂസി വിഷയങ്ങളില്‍ സഭാനേതൃത്വം പാടേ പരാജയപ്പെട്ടു. കാരണം പരാതിക്കാരുടെ പരാതികള്‍ കേള്‍ക്കാന്‍ ചെവികൊടുക്കാതെ അധികാര ധാര്‍ഷ്ട്യംകൊണ്ട് സൈനിക ശൈലിയിലുള്ള ഭരണം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നടപ്പിലാക്കാമെന്ന് അവര്‍ വ്യാമോഹിച്ചു. വിവരദോഷമെന്നല്ലാതെ അതേപ്പറ്റി എന്തുപറയാന്‍.സമത്വത്തിന്‍റെ ഒരു കൂട്ടായ്മയാണ് കന്ന്യാസ്ത്രി ജീവിതം. അവിടെ പട്ടംകിട്ടിയവരുടെ മേല്‍ക്കോയ്മ ഉണ്ടാകാന്‍ പാടില്ല. അധികാരം സേവനമാണ്. പഴയകാലത്തെ അനുസരണവ്രത ആശയമല്ലാ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അനുസരണവ്രതം.

അപ്പോള്‍ അനുസരണവ്രതത്തിന്‍റെ കാതല്‍ എന്താണ്? അത് മറ്റൊന്നുമല്ല. ഒരു പ്രത്യേക സാഹചര്യത്തെ പഠിച്ചശേഷം സ്വന്തം മനഃസാക്ഷിയോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് എടുക്കുന്ന തീരുമാനമാണ് അനുസരണവ്രതത്തിന്‍റെ കാതല്‍. ഇവിടെ നമുക്ക് ലൂസി കളപ്പുര സിസ്റ്ററിന്‍റെ പുസ്തകം അച്ചടിച്ച് പബ്ലിഷ് ചെയ്ത സംഭവം ഒന്ന് വിശകലനം ചെയ്യാം. സിസ്റ്റര്‍ ആ പുസ്തകം അച്ചടിക്കാന്‍ പലപ്രാവശ്യം അനുവാദം ചോദിച്ചു. ആ മഠത്തിലെ പല സിസ്റ്റര്‍മാരുടെയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, ആ സന്ന്യാസ സമൂഹത്തിനുതന്നെ അച്ചടിശാല സ്വന്തമായിട്ടുണ്ട്. എന്നിരിക്കെ,വിശദീകരണം ഒന്നുമില്ലാതെലൂസിസിസ്റ്ററിന്‍റെ അഭ്യര്‍ത്ഥനയെ സഭാധികാരം നിരസിച്ചു. അത് പഴയ പട്ടാള ശൈലിയാണ്. എന്നാല്‍ ലൂസി സിസ്റ്ററിന് ആ പുസ്തകം അവരുടെ സുവിശേഷ ജീവിതത്തിന്‍റെ ഭാഗമാണ്. ആ സിസ്റ്ററിന്‍റെ മനഃസാക്ഷിയുടെ വിളിയെ അവര്‍ പിന്തുടരുമ്പോള്‍, സിസ്റ്റര്‍ ചോദിക്കുന്നതുപോലെ, പുസ്തകം അച്ചടിപ്പിക്കുന്നത് എങ്ങനെ അനുസരണവ്രതത്തിന് എതിരാകും? ഉത്തരവാദിത്വത്തോടെയുള്ള ചര്‍ച്ചകള്‍ വഴി പ്രശ്‌നതത്തെ സഭാധികാരം പരിഹരിക്കേണ്ടതായിരുന്നു. പകരം ഏകപക്ഷീയമായി ലൂസി സിസ്റ്ററിന്‍റെ അഭ്യര്‍ത്ഥന വിലക്കിയതാണ് പ്രശ്‌നരത്തെ വഷളാക്കിയത്. അധികാരികളുടെ ഹൃദയ കാഠിന്യംകൊണ്ടാണ് സഹപ്രവര്‍ത്തകരെ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത്.ലൂസി സിസ്റ്ററിന് സംഭവിച്ച ക്ഷതം ആരറിയാനാണ്? പട്ടാള ഭരണ ശൈലി ഇന്നും മുറുകെ പിടിക്കുന്നതുകൊണ്ടാണ് ലൂസി സിസ്റ്ററിന്‍റെ മേലധികാരി അവരോട് വിശദീകരണം ചോദിച്ചുകൊണ്ട്കത്ത് അയച്ചത്. ലൂസി സിസ്റ്ററിന്‍റെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ആ സന്ന്യാസിനീസഭ ചെയ്യേണ്ടിയിരുന്നത്.അനുസരണവ്രതത്തെ വിശദീകരിക്കാന്‍ ഫ്രാന്‍സിസ് പാപ്പ അവതരിപ്പിച്ച ഉദാഹരണം, പത്രോസ് പ്രധാനപുരോഹിതനോടു പറഞ്ഞ മറുപടിയാണ്. "മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത് (അപ്പൊ. പ്രവ. 5: 2733). അനുസരണവ്രതത്തെ സംബന്ധിച്ചിടത്തോളം വളരെ അര്‍ത്ഥവത്തായ ഒരു ഉദാഹരണമാണത്.പണ്ടത്തെ കീഴ്വണക്കം, കീഴ്‌പെടല്‍ എല്ലാം ഇന്ന് സ്വയംഭരണം, സ്വാതന്ത്ര്യം തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങളെ സന്ന്യാസാശ്രമങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്നു. കുട്ടികളെപ്പോലെ അന്ധമായി ഉത്തരവാദിത്വമില്ലാതെ ആരും അനുസരിക്കുകയില്ല. അനുസരണം ഉത്തരവാദിത്വമുള്ളതും ആരോഗ്യപരവും ആദ്ധ്യാത്മികമായ പ്രതിഫലം ലഭിക്കുന്നതുമാണ്.ഒരു സന്ന്യാസിയുടെ അകത്തും പുറത്തുമുള്ള ചിന്തയിലും വചനത്തിലും പ്രവര്‍ത്തിയിലും പൂര്‍ണവും അന്ധവുമായ വിധേയത്വം എന്നാണ് അനുസരണവ്രതത്തെ അധികാരശ്രേണി നിര്‍വചിക്കുന്നത്. അതില്‍നിന്നുള്ള നിസാര വ്യതിയാനംപോലും വിയോജിപ്പും പാപവും നടപടി സ്വീകരിക്കേണ്ട കാര്യവുമാണ്. എന്നാല്‍ കാലത്തിന്‍റെ അടയാളങ്ങളെ മനസ്സിലാക്കി സുവിശേഷവെളിച്ചത്തില്‍ ദൈവജനത്തിനുവേണ്ടി സ്വന്ത മനഃസാക്ഷിയുടെ വിവേചനാധികാരത്തില്‍ ചിലപ്പോള്‍ സഭാധികാരത്തോട് വിയോജിക്കേണ്ടിവരും. അത് അനുസരണവ്രത ലംഘനമല്ലെന്ന് നാം മനസിലാക്കണം.കന്ന്യാസ്ത്രികളുടെ അനുസരണജീവിതം ബുദ്ധിഹീനമായ സമര്‍പ്പണമല്ല. അത് സ്പഷ്ടമായ വിവേചനാധികാരത്തോടുകൂടിയ പ്രതിജ്ഞാബദ്ധതയാണ്.
ഞാറക്കല്‍, വഞ്ചി സ്ക്വയര്‍, ലൂസി വിഷയങ്ങളില്‍ പുരുഷാധിപത്യത്തിന്‍റെ കടന്നുകയറ്റം വളരെ വ്യക്തമാണ്.യേശു ഒരിക്കലും പത്രോസിനോടോ യോഹന്നാനോടോ മഗ്ദല മാറിയമിനോടോ തന്‍റെ മുമ്പില്‍ കമഴ്ന്നു കിടന്ന് ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അതിനര്‍ത്ഥം യേശുവിന്‍റെ പഠനങ്ങളിലെ കാതലായ ഒരു ഇനമല്ല ഇന്നീ കൊട്ടിഘോഷിക്കുന്ന സന്ന്യാസ ജീവിതം. "വന്ന് എന്നെ അനുഗമിക്കക" (മര്‍ക്കോ. 1: 17) എന്ന യേശുവിന്‍റെ ക്ഷണം എല്ലാ ക്രിസ്ത്യാനികള്‍ക്കുമുള്ള ക്ഷണമാണ്. ശിക്ഷ്യരുടെ കാലുകഴുകിയ യേശുവിന് (യോഹ. 13: ) റോമന്‍ ശതാധിപനെപ്പോലെ (മത്താ. 8: 9) എങ്ങനെ കല്‍പ്പിക്കാന്‍ കഴിയും? ‘കാരണം കാണിക്കല്‍ നോട്ടീസൊക്കെ പുരുഷാധിപത്യം കൊടികുത്തിവാഴുന്ന അരമനകളില്‍ നിന്നേ വരൂ.നഷ്ടപ്പെട്ട ആടിനെ അന്വഷിക്കുന്നതും (ലൂക്കാ. 15: 47)നാണയം നഷ്ടപ്പെട്ട സ്ത്രീയുടെ ഉപമയും (ലൂക്കാ. 15: 810) തിരിച്ചുവന്ന ദൂര്‍ത്തപുത്രനെ ആശ്ലേഷിച്ച് സ്വീകരിക്കുന്നതും (ലൂക്കാ. 15: 1132) സഭാധികാരികളുടെ ബൈബിളില്‍ കാണില്ല. വിശുദ്ധഗ്രന്ഥത്തെ പരമാവധി ഉപയോഗിച്ച് അനുസരണവ്രതത്തെ വ്യാഖ്യാനിക്കുന്നത് അവരുടെ അധികാരത്തെ നിലനിര്‍ത്താന്‍വേണ്ടി മാത്രമാണ്.സ്വന്തം കാര്യലാഭത്തിനുവേണ്ടി അധികാരം ഉപയോഗിക്കുന്നത് അധികാര വഞ്ചനയാണ്.ഒരു കന്ന്യാസ്ത്രിയെ സ്ഥലംമാറ്റുമ്പോള്‍ അവരോടാലോചിക്കാതെ ചെയ്യുന്നത് തെറ്റാണ്. അധികാരികള്‍ ഇടയന്മാരാണ്. അവര്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കാന്‍വരെ കടപ്പെട്ടവരാണ് (യോഹ. 10: 11). മലയാളി കന്ന്യാസ്ത്രികളുടെ സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ നരകം വിതയ്ക്കലാണ് ജനാധിപത്യത്തിന്‍റെ ശത്രുക്കളും രാജാധിപത്യത്തിന്‍റെ വക്താക്കളുമായ സഭാധികാരികള്‍ചെയ്തുകൊണ്ടിരിക്കുന്നത്.സമരംചെയ്ത കന്ന്യാസ്ത്രികള്‍ അനുസരണവ്രതം തെറ്റിച്ച അശ്ലീലക്കാരാണെന്ന് മുദ്രകുത്തുന്നത് മറ്റ് കന്ന്യാസ്ത്രികളെ ഭീഷണിപ്പെടുത്തി വിരട്ടിനിറുത്താന്‍ വേണ്ടിക്കൂടിയാണ്.കേരളത്തിലെ കന്ന്യാസ്ത്രികള്‍ അഭിമുഖീകരിക്കുന്ന സമകാലിക ദുരന്തമാണത്.സഭാധികാരികളുടെ യേശുവിരുദ്ധ നിലപാടാണത്.കന്ന്യാസ്ത്രികള്‍ അനുസരണവ്രതം തെറ്റിക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ എന്തുകൊണ്ട് അധികാരികള്‍ നീതിരഹിതമായി അവരോട് പെരുമാറിയെന്നുകൂടി ചിന്തിക്കുന്നില്ല.

സഭാമേലധികാരികളുടെ നോട്ടത്തില്‍ ആരാണീനല്ല കന്ന്യാസ്ത്രികള്‍? അച്ചന്മാരുടെ സഹായികള്‍, അച്ചന്മാര്‍ക്ക് ഭക്ഷണം പാകംചെയ്യുന്നവര്‍, അവരുടെ വസ്ത്രം അലക്കിത്തേച്ച് നല്‍കുന്നവര്‍, പള്ളിയള്‍ത്താരയില്‍ പൂക്കള്‍ വെച്ച് അലങ്കരിക്കുന്നവര്‍, മനഃസാക്ഷി വിരുദ്ധമായ കാര്യമായാല്‍പോലും സുപ്പീരിയറോട് അഭിപ്രായവ്യത്യാസമോ വിയോജിപ്പോ പ്രകടിപ്പിക്കാത്തവര്‍, സഭയിലെ ഏത് അനീതിക്കും കൂട്ടുനില്‍ക്കുന്നവര്‍, വൈദികര്‍ക്കുവേണ്ടി ലൈംഗിക സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍, വൈദികര്‍ക്കു ജനിക്കുന്ന കുട്ടികളെ യാതൊരു ശങ്കയുമില്ലാതെ അനാഥാലയങ്ങളില്‍ സ്വീകരിക്കുന്നവര്‍, രാപകലില്ലാതെ അദ്ധ്വാനിച്ച് ആശ്രമത്തിനുവേണ്ടി സ്വത്ത് സമ്പാദിക്കുന്നവര്‍, സഭാധികാരികളോട് ഒട്ടിനില്‍ക്കുന്നവര്‍. ഇങ്ങനെ പോകുന്നു അവരുടെ ലിസ്റ്റ്.ആ കന്യാസ്ത്രികളെല്ലാം അനുസരണവ്രതം കൃത്യമായി പാലിക്കുന്നവരത്രെ!

"അവന്‍.............ജനങ്ങളെ ഇളക്കിവിടുന്നു" ലൂക്കാ. 23:5) എന്ന കുറ്റമാണ് യഹൂദ പുരോഹിതര്‍ യേശുവില്‍ ആരോപിച്ചത്. അത് (യഹൂദ) ദേവാലയത്തിന്‍റെയും (റോമാ) സാമ്രാജ്യത്തിന്‍റെയും നിലനില്പ്പിനെ അട്ടിമറിക്കുമെന്ന് അവര്‍ കരുതി. അപ്പോള്‍ അവനെ ക്രൂശിക്കുക.വഞ്ചി സ്ക്വയര്‍ സമരം പൂര്‍ണമായ പുരുഷ മേധാവിത്വത്തിനും ദൈവസ്ഥാപിത രാജവാഴ്ചക്കും ഭീഷണിയാണെന്ന് സഭാധികാരത്തിന് നല്ലതുപോലെ അറിയാം. അപ്പോള്‍ കന്ന്യാസ്ത്രികളെ ക്രൂശിക്കുക. കേരളത്തില്‍ ആയിരക്കണക്കിന് കന്ന്യാസ്ത്രികള്‍ ഉണ്ട്. എന്‍റെ ഏക സഹോദരിയും ഒരു കന്ന്യാസ്ത്രിയാണ്. പ്രപഞ്ചസ്രഷ്ടാവിന്‍റെ മണവാട്ടികളെ നമുക്കെങ്ങനെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയും? ഞാനും അവരെ സ്‌നേഹിക്കുന്നു.പക്ഷെ,കന്ന്യാസ്ത്രികളെ, നിങ്ങള്‍ ഉണരുവിന്‍. നിങ്ങള്‍ നിങ്ങളുടെ കൂട്ടുസഹോദരികളോട് കരുണ കാണിക്കുവില്‍. നീതിയുടെ പക്ഷത്തു നില്കുവില്‍. തുല്ല്യതയുടെ ശിഷ്യത്വമാണ് നിങ്ങള്‍ക്കുവേണ്ടത്. അനുസരണയുടെ പേരില്‍ അടിമത്വമല്ല.

1 comment:

  1. http://india.ucanews.com/news/syromalabar-land-deal-comes-under-ed-scanner/39266/daily

    ReplyDelete