പള്ളി സ്വത്ത് ഭരണത്തില്‍ നിയന്ത്രണം വരുന്നു; ബില്ലിന് കരട് രൂപമായി; സഭാസ്വത്ത് ഭരിക്കാന്‍ നിയമം അനിവാര്യമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയത് ശ്ലാഘനീയം
ബീനാ സെബാസ്റ്റിയന്‍
Friday 15 Feb 2019 02.58 PM
കരട് ബില്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ മാര്‍ച്ച് ആറിനുള്ളില്‍ keralalawreforms@gmail.com എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lawreformscommission.kerala.gov.in എന്നതില്‍ ബില്‍ കരട് രൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണവും വിവിധ പള്ളികളിലെ സ്വത്ത് കൈകാര്യം ചെയ്തതിനെ ചൊല്ലി വിശ്വാസികളും അധികാരികളും തമ്മിലുണ്ടായ പ്രശ്‌നങ്ങളുമാണ് ഇത്തരമൊരു ബില്ലിന്റെ ആവശ്യത്തെ കുറിച്ച് ചര്‍ച്ച സജീവമാക്കിയത്. സി.എസ്.ഐ സഭയിലെ വിവിധ പള്ളികളിലും സ്വത്ത് കൈകാര്യം ചെയ്യുന്നതിനെ ചൊല്ലി വഴക്കുകള്‍ നടന്നിരുന്നു.
പള്ളിയുടെ സ്വത്ത് ഭരണത്തില്‍ തര്‍ക്കമുണ്ടാകുകയോ സഭയുടെ സ്വത്ത് ആരെങ്കിലും ദുപയോഗപ്പെടുത്തുകയോ ചെയ്താല്‍ ട്രൈബ്യൂണല്‍ മുമ്പാകെ പരാതിപ്പെടാമെന്ന് കരട് ബില് പറയുന്നു. ഇതിനായി ഏകാംഗ/മൂന്നംഗ ട്രൈബ്യൂണല്‍ രൂപീകരിക്കണം. റിട്ട. ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലാണ് ട്രൈബ്യൂണല്‍. ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള ഒരാള്‍, വിരമിച്ച ഗവ.സെക്രട്ടറി എന്നിവരായിരിക്കും മൂന്നംഗ ട്രൈബ്യൂണലിലെ മറ്റ് അംഗങ്ങള്‍. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും.
കരട് ബില്ലിനെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കുമുള്ള സംശയങ്ങളും ആശങ്കകളും രേഖാമൂലം കമ്മീഷനെ അറിയിക്കാം. ഇതിനായി മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ നിയമപരിഷ്‌കരണ കമ്മീഷന്‍ കോട്ടയത്ത് യോഗം ചേരുന്നുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അഭിപ്രായം കൂടി പരിഗണിച്ച ശേഷം ബില്ലിന് കമ്മീഷന്‍ അന്തിമ രുപം നല്‍കും. തുടര്‍ന്ന് ബില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
ഈ ബില്‍ നിയമമാകുന്ന ദിവസം മുതല്‍ നടപ്പില്‍ വരും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സഭാ വിഭാഗങ്ങളും ഈ നിയമത്തിനു പരിധിയില്‍ വരും. സഭയുടെ വസ്തുവകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം ചുമതലപ്പെടുത്തുന്ന ഡിനോമിനേഷന് ആയിരിക്കും. വരിസംഖ്യ, സംഭാവന, നേര്‍ച്ചകാഴ്ചകള്‍, തുടങ്ങി ഏതു വിധത്തിലും വിശ്വാസികളില്‍ നിന്നും അല്ലാത്തവരില്‍ നിന്നും ലഭിക്കുന്ന എല്ലാ സംഭാവനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഭാവനകളും കൈാര്യം ചെയ്യുന്നതിന് ഈ ഡിനോമിഷേന് അവകാശമുണ്ടായിരിക്കും.
ഓരോ ഡിനോമിനേഷനുകളുമായിരിക്കും തങ്ങളുടെ അധികാരപരിധിയില്‍ പെടുന്ന അതത് ഇടവകകള്‍ ഭരിക്കുന്നുതിനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടത്. കാലാകാലങ്ങളില്‍ വസ്തുവഹകളുമായി ബന്ധപ്പെട്ടതും പണവുമായി ബന്ധപ്പെട്ടതുമായ വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കണം. ഡിനോമിനേഷന്‍ തെരഞ്ഞെടുക്കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വാര്‍ഷിക ഓഡിറ്റ് നടത്തണം. ഓഡിറ്റ് വാര്‍ഷിക പരിധി യോഗത്തില്‍ സമര്‍പ്പിക്കണം.
ഓരോ ഇടവകയ്ക്കും സ്വന്തമായി വസ്തുവകകള്‍ വാങ്ങുന്നതും വാടക, ലൈസന്‍സ് തുടങ്ങിയ രീതികളിലുടെ ഉപയോഗിക്കുന്നതിനും അവകാശമുണ്ടെന്ന് കരട് ബില്ലില്‍ പറയുന്നു. ഓരോ ഇടവകയും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കേണ്ടതും അവ ഓഡിറ്റിന് വിധേയമാക്കേണ്ടതും ഓഡിറ്റ് റിപ്പോര്‍ട്ട് ഇടവക പൊതുയോഗം മുമ്പാകെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതുമാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ 26(ഡി) അനുഛേദ പ്രകാരം എല്ലാ മതവിഭാഗങ്ങള്‍ക്കും നിയമാനുസൃതം വസ്തുവകകള്‍ കൈകാര്യം ചെയ്യാന്‍ അവകാശമുണ്ട്. നിലവില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ വിവിധ വിഭാഗങ്ങളുടെ വസ്തുവകകള്‍ കൈാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമമില്ല. കേരളത്തിലെ ക്രൈസ്തവ സഭകള്‍ കാലകാലങ്ങളായി ആര്‍ജിച്ചിരിക്കുന്ന സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നത് ബിഷപ്പുമാരോ അതത് വിഭാഗങ്ങളുടെ ഇടവകകളുടെ അധികാരികളോ ആണ്. മതിയായ കൂടിയാലോചനകളും മറ്റുമില്ലാതെ വസ്തുവകകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതും പണയപ്പെടുത്തിയും ദേവാലയങ്ങള്‍ക്ക് കനത്ത സാമ്പത്തിക നദഷ്ടം ഉണ്ടാക്കിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് വിശ്വാസികകളുടെ മനോവീരത്തെ തകര്‍ക്കുന്നു. നിലവില്‍ ഇത്തരം വിഷയങ്ങളില്‍ പരാതി നല്‍കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അത്തരത്തില്‍ ഒരു നിയമം ഉണ്ടാകേണ്ടത് ഉചിതമാണെന്ന് സര്‍ക്കാര്‍ കരുതുന്നതുകൊണ്ടാണ് ഈ കരട് നിയമം അവതരിപ്പിക്കുന്നത് എന്ന സൂചനയും നല്‍കിയിരിക്കും.
കരട് ബില്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ മാര്‍ച്ച് ആറിനുള്ളില്‍ keralalawreforms@gmail.com എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lawreformscommission.kerala.gov.in എന്നതില്‍ ബില്‍ കരട് രൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇത്തരമൊരു നിയമം ആവശ്യമുണ്ടെന്ന് സര്‍ക്കാരിനും കമ്മീഷനും ബോധ്യപ്പെട്ടു എന്നത് വ്യക്തമായെന്ന് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് 'മംഗളം ഓണ്‍ലൈനോട്' പ്രതികരിച്ചു. പക്ഷേ ഭരണത്തിനുള്ള രൂപത തലത്തില്‍ വരെ എത്തി നില്‍ക്കുകയാണ് . സംസ്ഥാന തലത്തില്‍ ഒരു സമിതി ആവശ്യമായിരുന്നു. അതാത് ഡിനോമിനേഷനുകള്‍ക്ക് അവരുടെ ഭരണവും മറ്റും നിശ്ചയിക്കാമെന്ന്. എന്നാല്‍ ആ ഡിനോമിഷേന്‍ എങ്ങനെ രൂപീകരിക്കണമെന്ന് വ്യക്തമാക്കുന്നില്ല. സഭാധികാരം തീരുമാനിക്കുന്നിടത്താണ് കാര്യങ്ങള്‍ നടക്കുന്നത്. ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവയ്ക്കുന്നത് ഇതല്ല. സാമ്പത്തിക കാര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതി തന്നെ കാര്യങ്ങള്‍ തീരുമാനിച്ച് നടപ്പാക്കുന്ന സ്ഥിതി വരണം. ആരാധനയുടെയും കൂദാശയുടെ കാര്യത്തില്‍ ആക്ഷന്‍ കൗണ്‍സിലിന് യാതൊരു അഭിപ്രായ വ്യത്യാസമില്ല. അത് അവര്‍ തീരുമാനിക്കട്ടെ.
ഡിനോമിനേഷന്റെ റെഗുലേഷന്‍സില്‍ ചില വ്യക്തത വരാനുണ്ട്. അതാത് സഭാ വിഭാഗങ്ങള്‍ക്ക് തന്നെ ഇടവക ഭരിക്കാനുള്ള നിയമങങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കാമെന്ന് പറയുന്നത് ശരിയല്ല. അക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം നിയമത്തില്‍ തന്നെ ഉണ്ടാവണം.
രൂപതാതലത്തില്‍ ഭരണം തെരഞ്ഞെടുക്കപ്പെട്ട സമിതി ആയിരിക്കണമെന്ന് പറയുന്നുണ്ട്. എന്നാല്‍ സമിതിയെ എങ്ങനെ തെരഞ്ഞെടുക്കണമെന്ന് പറയുന്നില്ല. ഇത് നിലവിലുള്ള സാഹചര്യം തന്നെ സൃഷ്ടിക്കും. ബിഷപ്പുമാര്‍ക്കും മറ്റും വേണ്ടപ്പെട്ടവര്‍ സമിതിയില്‍ വരികയും പിന്‍വാതില്‍ ഭരണം നടക്കുകയും ചെയ്യും. എന്നാല്‍ സംസ്ഥാന തലത്തില്‍ ഒരു സമിതിയെ കുറിച്ച് സൂചനപോലുമില്ല. അക്കൗണ്ട് ഓഡിറ്റിനും പരാതികള്‍ പരിശോധിക്കുന്നതിനും സംബന്ധിച്ച് ഒരു സമിതിയെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ഒരു അപ്പെക്‌സ് ബോഡിയെ കുറിച്ച് പറയുന്നില്ല. നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം വളരെ അഭിനന്ദനീയമാണ്. -ജോര്‍ജ് ജോസഫ് പറഞ്ഞു.
അതേസമയം, 2009ല്‍ തുടക്കം കുറിച്ച കരട് ബില്‍ വീണ്ടും കൊണ്ടുവന്നത് ചര്‍ച്ച ചെയ്യാതെ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണോ എന്ന് സംശയമുണ്ട്. ഇത് പണ്ടേ നടപ്പാക്കേണ്ട സമയം കഴിഞ്ഞു. നടപ്പാക്കിയിരുന്നുവെങ്കില്‍ ഭൂമി കുംഭകോണം പോലെയുള്ളത് നടക്കില്ലായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്ക്കു പോലും ഇത് എടുക്കുമോ എന്ന് സംശയമുണ്ട്. അകത്തളങ്ങളിലെ ആഭ്യന്തരചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിപ്പോയേക്കാം. ഒരു പക്ഷേ സഭാധികാരികളെ വിരട്ടാനോ ശബരിമല വിഷയത്തിലൂടെ ഇടഞ്ഞുനില്‍ക്കുന്ന ഹിന്ദുസമൂഹത്തെ അനുനയിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണോ എന്നും സംശയിക്കണമെന്നും ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടി
No comments:
Post a Comment