Translate

Monday, February 4, 2019

കാനോന്‍ നിയമത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍


പ്രൊ. സെബാസ്റ്റ്യന്‍ വട്ടമറ്റം ഫോണ്‍: 9495897122

            കുഞ്ഞാടുകള്‍ എന്നു വിളിക്കപ്പെടുന്ന സാധാരണ വിശ്വാസികള്‍ സീറോ-മലബാര്‍സഭയ്ക്കു ബാധകമായ പൗരസ്ത്യകാനോന്‍നിയമത്തെക്കുറിച്ച് ഉന്നയിക്കേണ്ട ചില ചോദ്യങ്ങളാണ് ഈ കുറിപ്പിലുള്ളത്. വടവാതൂരിലെ ഓറിയന്റല്‍ ഇന്‍സ്റ്റിട്യൂട്ട് 1998-ല്‍ പ്രസിദ്ധീകരിച്ച 'പൗരസ്ത്യസഭകളുടെ കാനോനകള്‍ സഭാജീവിതത്തില്‍' എന്ന പുസ്തകത്തെ ആധാരമാക്കി തയ്യാറാക്കിയതാണിത്. വായനക്കാരുടെ കണ്ണുതള്ളിക്കുന്ന, അപ്രസക്തമായ വിശേഷണങ്ങളും വിവരണങ്ങളും ഒഴിവാക്കിയാണ് ഇവിടെ കാനോനകള്‍ ഉദ്ധരിച്ചിട്ടുള്ളത്: 
(1) കാനോന 43: 'പോപ്പിന് സഭയുടെമേല്‍ പരമോന്നതവും പൂര്‍ണവും നേരിട്ടുള്ളതും സാര്‍വത്രികവുമായ ഉദ്യോഗസ്ഥസഹജ(ഓര്‍ഡിനറി) അധികാരമുണ്ട്. ഈ അധികാരം അദ്ദേഹത്തിന് എല്ലായ്പ്പോഴും സ്വതന്ത്രമായി വിനിയോഗിക്കാവുന്നതാണ്.'
        കാനോന 45.3: 'പോപ്പിന്റെ വിധിക്കോ കല്‍പനയ്ക്കോ എതിരായി അപ്പീലോ അപേക്ഷയോ നിലനില്‍ക്കില്ല.'
           - ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഈ പരമാധികാരംമൂലമുണ്ടായ സഭയുടെ ജീര്‍ണതയുടെ പാരമ്യത്തിലാണ് സഭാനവീകരണത്തിനായി മാര്‍ട്ടിന്‍ ലൂഥര്‍ രംഗത്തു വന്നത്. കാലോചിതമായ മാറ്റത്തിന് സഭ തയ്യാറായിരുന്നെങ്കില്‍ വലിയൊരു പിളര്‍പ്പ് ഒഴിവാക്കാമായിരുന്നു.
            സഭാചരിത്രത്തില്‍ വഴിപിഴച്ച പോപ്പുമാരുടെ ഒരു പരമ്പരതന്നെ ഉണ്ടാകാന്‍ ഇത്തരം കാനോനകളല്ലേ വഴിയൊരുക്കിയത്? ഇനിയെങ്കിലും ഇതൊക്കെ വെട്ടിത്തിരുത്തപ്പെടേണ്ടതില്ലേ?
(2)        കാനോന 7.2 : 'ഈ സഭ പത്രോസിന്റെ പിന്‍ഗാമിയാലും അദ്ദേഹവുമായി കൂട്ടായ്മയിലുള്ള മെത്രാന്‍മാരാലും ഭരിക്കപ്പെടുന്നു'
            - സഭയില്‍ ഭരണപരമായ അധികാരം പോപ്പിനും മെത്രാന്മാര്‍ക്കും മാത്രമാണെന്ന്! ഇതും തികച്ചും ക്രിസ്തുവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഒരു നിലപാടല്ലേ?
(3) കാനോന 191.1: 'തനിക്കു ഭരമേല്‍പിക്കപ്പെട്ടിരിക്കുന്ന രൂപതയെ  നിയമനിര്‍മ്മാണ, ഭരണനിര്‍വ്വഹണ, നീതിന്യായ അധികാരങ്ങളോടുകൂടി രൂപതാമെത്രാന്‍ ഭരിക്കുന്നു.'
            - ഈ മുക്കൂട്ടധികാരം തലയ്ക്കു പിടിക്കുന്നതുകൊണ്ടല്ലേ, നമ്മുടെ മെത്രാന്മാരില്‍ പലരും രാജകീയശൈലിയില്‍ ജീവിക്കുന്നതും തന്നിഷ്ടപ്രകാരം സഭയെ ഭരിക്കുന്നതും; ജലന്ധര്‍ രൂപതയിലേതുപോലെ, തന്റെ താളത്തിനൊത്തു തുള്ളുന്ന സന്ന്യാസിനികളുടെ കോണ്‍ഗ്രിഗേഷന്‍ ഉണ്ടാക്കുന്നതും?
(4) കാനോന 15.1 : 'സഭയിലെ ഇടയന്മാര്‍ വിശ്വാസപ്രബോധകര്‍ എന്ന നിലയില്‍ പ്രഖ്യാപിക്കുന്നതോ സഭയുടെ ഭരണാധികാരികള്‍ എന്ന നിലയില്‍ തീരുമാനിക്കുന്നതോ ആയ കാര്യങ്ങളോട് ...ക്രിസ്തീയമായ അനുസരണം കാണിക്കുവാന്‍ ക്രൈസ്തവവിശ്വാസികള്‍ക്കു കടമയുണ്ട്.'
            - കുഞ്ഞാടുകളില്‍ അടിച്ചേല്‍പിക്കപ്പെടുന്ന ഈ അനുസരണത്തിന്റെ മറവിലല്ലേ, പരോഹിതരില്‍ കുറച്ചുപേരെങ്കിലും കുറ്റവാളികളായി മാറുന്നത്?
(5) കാനോന 15.2: 'തങ്ങളുടെ ആവശ്യങ്ങളും - പ്രത്യേകിച്ച് ആത്മീയമായവ - ആഗ്രഹങ്ങളും സഭയിലെ ഇടയന്മാരെ അറിയിക്കുവാന്‍ ക്രൈസ്തവവിശ്വാസികള്‍ക്കു സ്വാതന്ത്ര്യമുണ്ട്.'
            - കുഞ്ഞാടുകള്‍ക്ക് ഇതിലും കാതലായ വല്ല സ്വാതന്ത്ര്യവും ഏതെങ്കിലും കാനോനയില്‍ ഉറപ്പു നല്‍കുന്നുണ്ടോ?
(6) കാനോന 15.3: 'സഭയുടെ നന്മയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ തങ്ങളുടെ അഭിപ്രായം സഭയിലെ ഇടയന്മാരെയും ... ക്രൈസ്തവവിശ്വാസികളില്‍ മറ്റുള്ളവരെയും  അറിയിക്കുവാന്‍ ... ക്രൈസ്തവവിശ്വാസികള്‍ ക്ക് അവകാശവും, ചിലപ്പോള്‍ കടമയും ഉണ്ട്.
            - ഇങ്ങനെ കുഞ്ഞാടുകള്‍ അറിയിക്കുന്ന കാര്യങ്ങള്‍ ഗൗരവമായി പരിഗണിച്ച് നീതിപൂര്‍വം നടപടി സ്വീകരിക്കുവാന്‍ ഇടയന്മാരെ നിര്‍ബന്ധിക്കുന്ന വല്ല കാനോനയും ഉണ്ടോ?
(7)  കാനോന 19: 'തങ്ങളുടെ പദവിക്കും അവസ്ഥയ്ക്കും അനുസൃതമായി തങ്ങളുടേതായ സംരംഭങ്ങളിലൂടെ അപ്പസ്തോലികപ്രവര്‍ത്തനത്തെ  പ്രോത്സാഹിപ്പിക്കുവാനും സഹായിക്കുവാനും ക്രൈസ്തവവിശ്വാസികള്‍ക്ക് അവകാശമുണ്ട്. എന്നിരുന്നാലും സഭാധികാരികളുടെ സമ്മതം ലഭിക്കാത്തപക്ഷം ഒരു സംരംഭത്തിനും 'കത്തോലിക്ക' എന്ന പേരിന് അര്‍ഹത ഉണ്ടാവില്ല.'
            - 1918-ല്‍ 'കത്തോലിക്കാ മഹാജനസഭ' എന്ന പേരില്‍ ഒരു അത്മായസംഘടന രൂപംകൊണ്ടു. അതിന് അംഗീകാരം കിട്ടുന്നതിനായ് നേതാക്കള്‍ ബിഷപ്പിനെ സമീപിച്ചു. കുറേനേരം അവരെ മുട്ടിന്മേല്‍ നിര്‍ത്തിയിട്ടാണ് രണ്ടു വ്യവസ്ഥകള്‍ക്കു വിധേയമായി ബിഷപ്പ് അനുവാദം കൊടുത്തത്. ഒന്ന്: സഭയുടെയോ വൈദികരുടെയോ കാര്യങ്ങളില്‍ സംഘടന ഇടപെടരുത്. രണ്ട്:  സംഘടനയുടെ അധ്യക്ഷന്‍ ബിഷപ്പ്തന്നെ ആയിരിക്കും(അല്‍മായ ദൈവശാസ്ത്രത്തിനൊരു ആമുഖം', പ്രൊഫ. കെ. റ്റി. സെബാസ്റ്റ്യന്‍). പ്രസ്തുത സംഘടനയുടെ വര്‍ത്തമാനരൂപമാണ് കത്തോലിക്കാ കോണ്‍ഗ്രസ്. ഇന്നും ഈ ജന്മശാപത്തില്‍നിന്ന് ആ സംഘടന വിടുതല്‍ നേടിയിട്ടില്ല.
            ഇനിയെങ്കിലും ഇത്തരം വ്യവസ്ഥകള്‍ മാറ്റേണ്ടതല്ലേ?
(8) കാനോന 1016.1: 'ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി നല്‍കപ്പെട്ട സംഭാവനകള്‍ അതേ ഉദ്ദേശ്യത്തിനു വേണ്ടിമാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു.'
           - നമ്മുടെ പള്ളിവക ഭൂസ്വത്തുക്കളില്‍ വലിയൊരു പങ്ക് വിശ്വാസികള്‍ അവരുടെ പൂര്‍വികരുടെപേരില്‍ ആണ്ടുതോറും കുര്‍ബ്ബാന(ആത്മക്കുര്‍ബാന) ചൊല്ലുന്നതിനായി കൊടുത്തതാണ്. അതല്ലേ ഇന്നു യാതൊരു കൂസലുമില്ലാതെ അച്ചന്മാരും മെത്രാന്മാരും വിറ്റുതുലയ്ക്കുന്നത്?
(9) കാനോന 1060.1. 'താഴെ പറയുന്നവരുമായി ബന്ധപ്പെട്ട കേസുകളില്‍ വിധി കല്‍പിക്കുവാന്‍ റോമാ മാര്‍പ്പായ്ക്കു മാത്രമാണ് അധികാരമിള്ളത്.
1. പാത്രിയാര്‍ക്കീസുമാര്‍.
2. ക്രിമിനല്‍ കേസുകളില്‍ മെത്രാന്‍മാര്‍.
3. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവില്‍ അധികാരികള്‍.
4. തന്റെ വിധിതീര്‍പ്പിനായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന മറ്റു കേസുകള്‍.'
            - പോപ്പിനുമാത്രം വിധി പറയാനവകാശമുള്ളവരുടെ പട്ടികയാണല്ലോ ഇത്. ഇതിലെ (2) പ്രകാരമാണോ കാര്‍ദിനാള്‍ ആലഞ്ചേരി ഹൈക്കോടതിക്കു തന്റെ പേരിലുള്ള കേസില്‍ ഇടപെടാനാവില്ല എന്നു വാദിച്ചത്?
            ഈ ലിസ്റ്റിലുള്ള എല്ലാവര്‍ക്കും നമ്മുടെ സിവില്‍ കോടതികളില്‍നിന്ന് ഈ പരിരക്ഷ കിട്ടുമോ ? എങ്കില്‍ പട്ടികയില്‍ (3) പ്രകാരം തനിക്കെതിരെ വല്ല കേസുമുണ്ടായാല്‍ പ്രധാനമന്ത്രി മോഡിക്കും പോപ്പിന്റെ മുന്നില്‍ ഹാജരാകേണ്ടിവരുമോ ?
            അടുത്ത കാലത്ത് നമ്മുടെ രണ്ടു മെത്രാന്മാര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്തിറക്കിയ കാനോന്‍ നിയമത്തില്‍ നിന്നാണ് ഞാനീ കാനോനകളെല്ലാം ഉദ്ധരിക്കുന്നത്.  പോപ്പിനു സിവില്‍ ഭരണത്തിലും പരമാധികാരമുണ്ടായിരുന്ന മദ്ധ്യയുഗത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ട, ഇന്നു തികച്ചും പരിഹാസ്യമായിത്തീര്‍ന്നിട്ടുള്ള,  ഈ (കാനോന 1060.1) എന്തുകൊണ്ട് ഇന്നോളം തിരുത്തി എഴുതപ്പെട്ടില്ല?
(10) കാനോന 1113.1: 'ക്രിമിനല്‍ കേസുകളില്‍ എല്ലായ്പ്പോഴും, സിവില്‍ കേസിന്റെ നടപടിക്രമങ്ങളുടെ വെളിപ്പെടുത്തല്‍ കക്ഷികള്‍ക്കു ദോഷകരമാകുമ്പോഴും ന്യായാധിപന്മാരും കോടതിയിലെ മറ്റംഗങ്ങളും രഹസ്യം പാലിക്കുവാന്‍ കടപ്പെട്ടവരാണ്.'
           - അരമനക്കോടതികളേക്കുറിച്ചാണ് ഈ കാനോന. ഇതിന്റെ മറവില്‍ അവിടെ നടക്കുന്ന കോടതിനടപടികളുടെ വിവരങ്ങള്‍ പുറത്തു വരാറില്ല. എന്നാല്‍   1999-ല്‍ ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പിന്റെ അരമനയില്‍നിന്ന് അത്തരമൊരു രേഖ പുറത്തുവന്നു. പ്രായപൂര്‍ത്തിയാകാത്ത  ഒരു പെണ്‍കുട്ടിയെ ഒരു വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നായിരുന്നു പരാതി. അവളുടെ പിതാവായിരുന്നു രേഖാമൂലം പരാതി നല്‍കിയത്.
            എന്നാല്‍, കേസില്‍ വാദിയായി രംഗത്തു വന്നത് മറ്റൊരു വൈദികനാണ്. ഇരയായ പെണ്‍കുട്ടി വെറും മൂന്നാം കക്ഷി മാത്രമാക്കപ്പെട്ടു. അവളുടെ ജീവിതവും ചാരിത്ര്യവും പുരോഹിതന്‍ നശിപ്പിച്ചു എന്ന ആരോപണം, പുരോഹിതന്‍ തന്റെ കന്യാത്തവും സല്‍പ്പേരും നശിപ്പിച്ചു എന്നു മാറ്റിമറിക്കപ്പെട്ടു. ഒടുവില്‍, കുറ്റം തെളിയുകയും പ്രതി ഇടയശുശ്രൂഷകളില്‍നിന്ന് നീക്കപ്പെടണമെന്നും അയാളുടെ താമസസ്ഥലം നിയന്ത്രിക്കപ്പെടണമെന്നും അയാളെ സ്വകാര്യമായി വിശുദ്ധകുര്‍ബാന ചൊല്ലാന്‍ അനുവദിക്കണമെന്നും അയാള്‍ക്കു ജീവനാംശം കൊടുക്കണമെന്നുംമറ്റും വിധിക്കപ്പെട്ടു.
            പ്രതിയുടെ പീഡനത്തിനിരയായി അമ്മയായ, മൂന്നാം കക്ഷിയായ പെണ്‍കുട്ടിക്ക് 'പ്രതി അനുയോജ്യവും  നീതിയുക്തവുമായ പ്രതിഫലം(റെമ്യൂണറേഷന്‍) നല്‍കണം' എന്നുമായിരുന്നു വിധിയിലുണ്ടായിരുന്നത്.
            ഈ കോടതിനടപടികളുടെ രേഖകളില്‍ 15 വകുപ്പുകളാണ് കാനോന്‍ നിയമത്തില്‍ നിന്നുദ്ധരിക്കുന്നത്. അതിലൊന്നിലും പുരോഹിതപീഡനത്തിന് ഇരയാകുന്നവര്‍ക്ക് അനുകൂലമായ യാതൊരു പരാമര്‍ശവുമില്ല.
            നമ്മുടെയൊക്കെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന ഇത്തരം കോടതി നാടകങ്ങള്‍ മാലോകരറിയാതിരിക്കുന്നതിനല്ലേ മേല്‍പ്പറഞ്ഞ കാനോന?
(11) കാനോന 1453.1: 'വെപ്പാട്ടിയോടുകൂടി ജീവിക്കുകയോ, അല്ലെങ്കില്‍ ഉതപ്പിനു കാരണമാക്കിക്കൊണ്ട് ശുദ്ധതയ്‌ക്കെതിരായ ഒരു പരസ്യപാപത്തില്‍ ജീവിക്കുകയോ ചെയ്യുന്ന വൈദികശുശ്രൂഷിയെ സസ്പെന്റ് ചെയ്യേണ്ടതാണ്.'
            - ബാലികാ-ബാലന്മാരെ പുരോഹിതന്‍ ലൈംഗികമായി പീഡിപ്പിച്ചാല്‍ ആ കുറ്റകൃത്യംപോലും പുരോഹിതന്‍ തന്റെ കന്യാത്വത്തിനെതിരെ ചെയ്യുന്ന പാപമായിമാത്രം കാണുന്ന അരമനക്കോടതികളെ ന്യായീകരിക്കുന്നതാണ് ഈ കാനോന. ഇത് പുരോഹിതരാല്‍ ഇരയാക്കപ്പെടുന്നവരോടു ചെയ്യുന്ന കടുത്ത അനീതിയല്ലേ?
(12) കാനോന 1453.2: 'വിലക്കപ്പെട്ട ഒരു വിവാഹത്തിനു ശ്രമിക്കുന്ന ഒരു വൈദികശുശ്രൂഷി സ്ഥാനഭ്രഷ്ടനാക്കപ്പെടണം.'
            - ഇതും നല്ലകാര്യം!
            മുകളില്‍ (10)ല്‍ പരാമര്‍ശിക്കുന്ന കേസിന് മറ്റൊരു വശംകൂടിയുണ്ട്. പുരോഹിത പീഡനപരമ്പരയുടെ ഒരു ഘട്ടത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛന് പ്രതിയച്ചന്‍ രേഖാമൂലം ഒരു ഉറപ്പു നല്‍കുന്നുണ്ട്, പ്രായപൂര്‍ത്തിയാകുമ്പോള്‍ അവളെ വിവാഹം ചെയ്തുകൊള്ളാമെന്ന്. അരമനക്കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ അവള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നു. താന്‍ കൊടുത്ത ഉറപ്പിനെക്കുറിച്ച് പ്രതി കോടതിയില്‍ പരാമര്‍ശിക്കുന്നുമുണ്ട്. അയാളുടെ ഉറപ്പു പാലിക്കാന്‍ ഉപദേശിക്കുകയായിരുന്നു മാന്യവും മനുഷ്യത്വപൂര്‍ണവുമായ ഒരു പരിഹാരം. എന്നാല്‍, വിധിയാളന്മാര്‍ ഈ കാനോന മുറുക്കിക്കെട്ടി നാണം മറയ്ക്കുകയാണു ചെയ്തത്. പുരോഹിതപീഡനസീരിയലുകളുടെ ഈ കാലത്തെങ്കിലും ഇത്തരം ഹീനമായ കാനോനകള്‍ അഴിച്ചുമാറ്റേണ്ടതല്ലേ?
കര്‍ദ്ദിനാള്‍ റാറ്റ്സിംഗര്‍(പോപ്പ് ബെനഡിക്ട് 16-ാമന്‍) 2001 മെയ് 18-ന് ലോകത്തുള്ള ബിഷപ്പുമാര്‍ക്കെല്ലാം ഒരു  രഹസ്യ കത്തയച്ചു. പുരോഹിതന്മാര്‍ക്കെതിരെയുള്ള ലൈംഗിക കുറ്റാരോപണങ്ങള്‍ പരമാവധി രഹസ്യമായി (പൊന്തിഫിക്കല്‍ സീക്രട്ട്) വയ്ക്കണമെന്നും അല്ലാത്തപക്ഷം കര്‍ശനമായ സഭാനടപടികള്‍, കുറ്റവാളികളല്ല, മെത്രാന്മാര്‍  നേരിടേണ്ടിവരും എന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. പ്രസിദ്ധ ദൈവശാസ്ത്രപണ്ഡിതനായ ഹാന്‍സ് ക്യുങ് 'ക്യാന്‍ വി സേവ് ദി ക്യാത്തലിക് ചര്‍ച്ച്' എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുള്ളതാണ് ഇക്കാര്യം.  ഇന്നോളം ആ കത്ത് പിന്‍വലിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു (ഹാന്‍സ്, പുറം 20).
ലോകമൊട്ടുക്കുള്ള പുരോഹിതകുറ്റവാളികളെ സംരക്ഷിക്കാനുതകുന്ന ഈ കത്ത് ഏതു കാനോനപ്രകാരമാണാവോ, ആ കര്‍ദിനാള്‍ അയച്ചത്?

പ്രതികരണം- - എഡിറ്റര്‍

അധികാരത്തെ സംബന്ധിച്ചുള്ള യേശുവിന്റെ പ്രബോധനങ്ങള്‍ക്കു വിരുദ്ധവും, പൗരോഹിത്യത്തിനെതിരെ അവിടുന്നുന്നയിച്ച ആരോപണക്രമങ്ങളെല്ലാം ശരിവയ്ക്കുന്നതുമാണ് എന്നതില്‍നിന്നുതന്നെ, ഈ കാനോന്‍ നിയമങ്ങള്‍ തികച്ചും അക്രൈസ്തവമാണെന്നു കാണാം. മെത്രാന്റെ സമഗ്രാധികാരം രൂപതാംഗങ്ങളിലും രൂപതാസ്വത്തുക്കളിലും അടിച്ചേല്‍പ്പിക്കുന്ന 191-ാം വകുപ്പും, പോപ്പിന് ലോകമാസകലം നീതിന്യായാധികാരം വ്യവസ്ഥചെയ്യുന്ന 1060-ാം വകുപ്പും ഇന്ത്യയുടെയെന്നല്ല, എല്ലാരാഷ്ട്രങ്ങളുടെയും ഭരണഘടനയ്ക്കു വിരുദ്ധമാണ്. ലേഖകന്‍ ഇവിടെ ഉദ്ധിരിച്ചിട്ടുള്ള കാനോനകളെല്ലാംതന്നെ മനുഷ്യന്റെ സാമൂഹികനീതിക്കും ധാര്‍മ്മികബോധത്തിനും, അവന്റെ ജന്മാവകാശമായ സ്വാതന്ത്ര്യത്തിനും, ജനാധിപത്യമൂല്യങ്ങള്‍ക്കും എതിരായുള്ളതാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ ആര്‍ക്കും കാണാനാകും.....
ഇതു കൊണ്ടൊക്കെ, ഇത്തരം വകുപ്പുകളുള്‍ക്കൊള്ളുന്ന കാനോന്‍ നിയമം ഓരോ രാഷ്ട്രവും നിരോധിക്കുകയാണു വേണ്ടത്. എന്തായാലും, ഇന്ത്യയില്‍ കാനോന്‍ നിയമം നിരോധിക്കപ്പെടണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭണങ്ങള്‍ക്കും നിയമനീക്കങ്ങള്‍ക്കും തുടക്കമിടാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്.

No comments:

Post a Comment