Translate

Monday, October 15, 2012

മായയില്‍ മായം!


സാമുവല്‍ കൂടല്‍
1. ഉലകേ മായം മായ, വാഴ്‌വിതോ മായ മായം!
മായയില്‍ മായം ചേര്‍ക്കും 
വ്യാജനേ, നീയും മായ!
2. വൈദ്യനായ് വ്യാജന്‍ വന്നാല്‍, രോഗിയോ കാലം ചെയ്യും;
കേസില്ല വഴക്കില്ല സ്‌കാനിംഗില്‍ കീശേം കാലി,
3. മരുന്നില്‍ ആഹാരത്തില്‍ തൂണിലും തുരുമ്പിലും
ഏതിലും വ്യാജം മായം; വേദവും വ്യാജം, ഖേദം!
4. അദൈ്വതം കര്‍ത്താവോതി, കത്തനാര്‍ ദൈ്വതം കാറി;
ദൈ്വതത്താല്‍ കലഹമായ്, കദനക്കടലുമായ്.
5. ദാവീദിന്‍ സങ്കീര്‍ത്തനം കാണാതെ പഠിച്ചോനു
വേദത്തില്‍ ഡോക്ട്‌റേറ്റേകി, ക്രിസ്തുവിന്‍ മുഖം വാടി!
6. വേദത്തില്‍ മായം ചേര്‍ക്കാന്‍ യൂണിവേഴ്‌സിറ്റി നീളെ,
നാടാകെ ബൈബിള്‍ കോളേജ് തോന്നുംപോല്‍ ബൈബിള്‍ കീറി!
7. വാളെടുത്തവന്‍ വാളാല്‍” ബൈബിളേന്തിയോനതാല്‍!
പാസ്റ്ററും പാതിരിയും നാളാകെ കലഹമായ്.
8. സഭകള്‍ തമ്മില്‍ തല്ലി, കോടികള്‍ സെമിത്തേരീല്‍;
കയ്യൂക്കു കാണിച്ചോരോ പിന്നീടു കാര്യസ്ഥരായ്.
9. കൊലപാതകക്കുറ്റം പേറിയ കയ്യഫാകള്‍
കോടതി കയറുന്നു, സിബിഐ ഓഫീസിലും!
10 കുരിശും കയ്യിലേന്തി ഗോദായില്‍ പോരാടിയാല്‍,
നാണവും മാനക്കേടും ളോഹയാല്‍ കാലം മൂടും.
11. ളോഹതന്‍ ഫാഷന്‍ മാറ്റി, തൊപ്പികള്‍ രൂപം മാറി;
തോപ്പിയേ വേണ്ടാതായി, താടിയും മീശേം പോയി!
12. മറുഭാഷകള്‍ പേശും പാസ്റ്റര്‍ക്കും പിഎച്ച്ഡി!;
ജാടകള്‍ വിലപേശി, കാറിനും വില കൂടി.
13. ഒന്നില്‍ ഞാനന്നേ തോറ്റു, ആറീന്നു കേറീമില്ല;
ആരോഗ്യമുണ്ടേലെന്താ? വേലയോ ചെയ്യാന്‍ മടി.
14. അപ്പച്ചന്‍ കാക്കാപിടിച്ചെന്നെയൊരച്ചനാക്കി,
അങ്ങേലെ മണ്ടൂസിനെ 
കൊച്ചപ്പന്‍ പാസ്റ്ററാക്കി!
15. എല്ലാവരും ദൈവദാസര്‍, നാവിനോ കസര്‍ത്തായി,
“കുര്‍ബാനത്തൊഴിലാളി”! “പ്രസംഗത്തൊഴിലാളി”!
16. തൊഴിലില്ലെന്നു കൂറും രാഷ്ട്രീയക്കാരേ ചേലില്‍
ആ തൊഴില്‍ വെടിയൂ ഹാ! സഭകള്‍ വിളിക്കുന്നു.
17. മാധ്യമമേലാളരേ, മിഴികള്‍ തുറുക്കുവിന്‍
നാറുമീ ക്രിസ്തീയത കാണുവിന്‍ കരയുവാന്‍.
18. ജനമേ ചൂഷിതരേ, അറിയൂ ഉളളിനുളളം;
അറിയാന്‍ ജനിച്ചോരേ, അറിവാണമൃതത്വം!


ഉത്തിഷ്ഠത  ജാഗ്രത പ്രാപ്യവരാന്നിബോധ
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
ദുര്‍ഗ്ഗം പഥസ്തത് കവയോ വദന്തി.
(കഠോപനിഷത്ത്)

കലഞ്ഞൂര്‍
23-10-2011 

No comments:

Post a Comment