Translate

Monday, October 8, 2012

അദ്വൈതം


സാമുവല്‍ കൂടല്‍
1. അപ്പനല്ലാത്തോരെയെല്ലാം 'അച്ച'നെന്നു വിളിപ്പൂ നാം,
കത്തനാര്‍ ഈ മെത്രാന്‍ ആത്മതാതരല്ലപോല്‍!
മത്തായിതന്‍ ഇരുപത്തിമൂന്നിന്റൊമ്പതു പഠിക്കൂ
മിശിഹയെ അറിയൂ നാം അറിവറിയാന്‍.


2. വിശുദ്ധിയിലിവര്‍ സീറോ; വിവരമോ അതു സീറോ
സ്വയമറിയാത്തതിനാല്‍ അറിവും സീറോ;
വിളിക്കണമെന്നാലുമീ വികൃതിയെ അച്ചനെന്ന്,
ഇണക്കിളി ബസ്‌ക്കിയാമ്മെ കൊച്ചമ്മയെന്നും.


3. രാജാവില്ലാരാജ്യങ്ങളില്‍ രാജകീയ പൗരോഹിത്യം
പകര്‍ച്ചപ്പനിപോല്‍ ദൈ്വതം പടര്‍ത്തിയെങ്ങും;
മനനമില്ലാത്ത ജനം അടിമയായ്, പുരോഹിതന്‍
പറഞ്ഞ നുണക്കഥയില്‍ മനം നിറച്ചു.


4. സ്വയമറിഞ്ഞാത്മാവിനെ അകക്കാമ്പിലാസ്വദിക്കാന്‍
ഉപനിഷത്തില്ലാതായി, ഗുരുക്കളില്ല;
നസറായന്‍ മൊഴിഞ്ഞ പൊന്മുത്തുകളാ കര്‍ദ്ദിനാളും

ഉപദേശീം മതച്ചന്തേല്‍ മറിച്ചു വിറ്റു! 


5. യരുശലേം പള്ളിച്ചന്തേല്‍ ചമ്മട്ടിയാഞ്ഞടിച്ചവന്‍
അഹംബ്രഹ്മമെന്നു ചൊന്നാക്കുരിശുപേറി;
സ്വാശ്രയത്തിലാശ്രയിക്കും കലികാല സഭകളോ
മിശിഹതന്‍ വചനങ്ങള്‍ ക്രൂശിലേറ്റി; ഹാ!!!


6. ധരണിയിലൊരുവനേം പിതാവെന്നു വിളിക്കല്ലാ
പരമപിതാവുയാഹന്‍, സുതരേവരും;
'ഈശാവാസ്യമിദം സര്‍വ്വം'”, ഏകനവനാഴി, അതില്‍
ജലസസ്യമീനുകളീ ജനിച്ചതെല്ലാം.


7. കടലിലെ സലിലത്തില്‍ എവിടെയുമുപ്പുരസം
അതുപോലെ സര്‍വ്വേശ്വന്‍ സകലവ്യാപി;
ആഴിയതുമാഴങ്ങളും ആയതിലെ വാസികളും
ജനനമരണലയ തിരകള്‍ പോലെ.


8. കപടമാം ഭക്തികാട്ടി മനുജരെ മയക്കുമീ
സഭയൊന്നും ദൈവഹിതമറിഞ്ഞതില്ല
അവനാണു ‘സ്‌നേഹം’ സര്‍വ്വം ലയിപ്പിക്കും അദൈ്വതമായ്!
കാലങ്ങളെ ഉണര്‍ത്തിയ ബോധമാണവന്‍!


9. അവനില്‍ നിന്നുരുവായി, അവനിലായ് വിലസി, പി-
ന്നവനിലായ് അലിയും നീര്‍ക്കുമിള നമ്മള്‍;
ഇതിനായി ‘പ്രേമമെന്ന’ലയമതരായിടുവിന്‍
അവിടില്ലീ കത്തനാരും മെത്രാന്‍ പാസ്റ്ററും.


10. 'പിതാവേ, നീയെന്നിലും ഞാന്‍ നിന്നിലുമാണിതുപോലെ
ദ്വൈതബോധം വെടിഞ്ഞിവര്‍ നമ്മിലാകുവാന്‍,
കനിയൂ നീ', ഭിന്നതയും അഹംഭാവവും കളഞ്ഞു
അഹംബോധമായിവരും അമൃതരാവാന്‍.

കലഞ്ഞൂര്‍, 24-09-2011 

No comments:

Post a Comment